Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

എകെ-47 പോലെ സൈന്യവും പൊലീസും ഉപയോഗിക്കുന്ന ഇൻസാസ് റൈഫിൾ 25എണ്ണം കാണാതായി. മിനിറ്റിൽ 150 റൗണ്ട് വരെ വെടിയുതിർക്കാവുന്ന ഇനം 1578 തിരകളും സെൽഫ് ലോഡിങ് റൈഫിളുകളുടെ 8398 വെടിയുണ്ടകളും അപ്രത്യക്ഷമായെന്നും സിഎജി; ഒന്നും കാണാതായിട്ടില്ലെന്ന് മുൻ ചീഫ് സെക്രട്ടറിയുടെ കണ്ടെത്തലും; ആ മോഷണം സർക്കാർ എഴുതി തള്ളുമ്പോൾ

എകെ-47 പോലെ സൈന്യവും പൊലീസും ഉപയോഗിക്കുന്ന ഇൻസാസ് റൈഫിൾ 25എണ്ണം കാണാതായി. മിനിറ്റിൽ 150 റൗണ്ട് വരെ വെടിയുതിർക്കാവുന്ന ഇനം 1578 തിരകളും സെൽഫ് ലോഡിങ് റൈഫിളുകളുടെ 8398 വെടിയുണ്ടകളും അപ്രത്യക്ഷമായെന്നും സിഎജി; ഒന്നും കാണാതായിട്ടില്ലെന്ന് മുൻ ചീഫ് സെക്രട്ടറിയുടെ കണ്ടെത്തലും; ആ മോഷണം സർക്കാർ എഴുതി തള്ളുമ്പോൾ

സായ് കിരൺ

തിരുവനന്തപുരം: പൊലീസിലെ അതീവ പ്രഹരശേഷിയുള്ള റൈഫിളുകളും പന്ത്രണ്ടായിരത്തിലേറെ വെടിയുണ്ടകളും നഷ്ടമായെന്ന കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സി.എ.ജി) റിപ്പോർട്ടിലെ കണ്ടെത്തലുകൾ അന്വേഷിക്കാതെ പൂഴ്‌ത്തിവച്ചും സർക്കാർ സംരക്ഷണം. അതീവ പ്രഹരശേഷിയുള്ള 25 ഇൻസാസ് റൈഫിളുകളും 12061തിരകളും തിരുവനന്തപുരത്തെ സ്‌പെഷ്യൽ ആംഡ് പൊലീസ് ബറ്റാലിയനിൽ നിന്ന് നഷ്ടമായെന്നും കൃത്രിമവും വ്യാജവുമായ തിരകൾ ബറ്റാലിയന്റെ ആയുധശേഖരത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നുമാണ് സി.എ.ജി കണ്ടെത്തിയത്. ഈ അന്വേഷണം എല്ലാ അർത്ഥത്തിലും അട്ടിമറിക്കപ്പെട്ടുവെന്നതാണ് വസ്തുത.

5.56എം.എം റൈഫിളുകളാണ് നഷ്ടപ്പെട്ടത്. എ.കെ-47 തോക്കിൽ ഉപയോഗിക്കുന്ന 1578 തിരകൾ, സെൽഫ് ലോഡിങ് റൈഫിളുകളുടെ 8398 വെടിയുണ്ടകൾ, പരിശീലനത്തിനുള്ള 9എം.എം തിരകൾ 250എണ്ണം എന്നിവയും നഷ്ടമായി. ആയുധശേഖരത്തിലെ കുറവ് ഉന്നത ഉദ്യോഗസ്ഥർക്ക് അറിയാമായിരുന്നെങ്കിലും മൂടിവയ്ക്കാനും കൃത്രിമം കാട്ടാനും ശ്രമിച്ചു. പരിശീലനത്തിനുപയോഗിക്കുന്ന 9എം.എം തിരകളിലെ കുറവ് നികത്താൻ 250 കൃത്രിമ വെടിക്കോപ്പുകൾ (കാർട്‌റിഡ്ജുകൾ) ബറ്റാലിയനിൽ കൊണ്ടുവച്ചു. ഇവ എങ്ങനെ ബറ്റാലിയനിൽ എത്തിച്ചെന്നും എങ്ങനെ സ്റ്റോക്കിലെത്തിയെന്നും രേഖയില്ല. ഇതെങ്ങനെ സംഭവിച്ചെന്ന് വിശദീകരിക്കാൻ കമൻഡാന്റിന് കഴിഞ്ഞില്ലെന്നും സി.എ.ജി റിപ്പോർട്ടിലുണ്ടായിരുന്നു.

എന്നാൽ മുൻ ചീഫ്‌സെക്രട്ടറി വിശ്വാസ് മേത്ത സ്വന്തമായി അന്വേഷണം നടത്തി സി.എ.ജി റിപ്പോർട്ട് തള്ളുകയായിരുന്നു. പൊലീസിനെതിരായ സി.എ.ജിയുടെ കണ്ടെത്തലുകളൊന്നും ശരിയല്ലെന്നാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്. സി.എ.ജി റിപ്പോർട്ടിലുള്ളതുപോലെ 25 ഇൻസാസ് റൈഫിളുകൾ കാണാതായിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ടെന്നായിരുന്നു ആഭ്യന്തര സെക്രട്ടറിയുടെ ന്യായം. 25 തോക്കുകളും എസ്.എ.പി ക്യാമ്പിൽ നിന്ന് തിരുവനന്തപുരം എ.ആർ ക്യാമ്പിലേക്ക് നൽകിയിട്ടുണ്ട്. രജിസ്റ്ററിൽ സ്റ്റോക്ക് രേഖപ്പെടുത്തുന്നതിലെ പിഴവാണുണ്ടായത്.

1994മുതൽ വെടിക്കോപ്പുകളുടെ സ്‌റ്റോക്ക് രജിസ്റ്ററിൽ കൃത്യമായി രേഖപ്പെടുത്തുന്നില്ല. പൊലീസ് ചീഫ് സ്‌റ്റോറിലെയും വിവിധ യൂണിറ്റുകളിലെയും രജിസ്റ്ററുകളിൽ കടന്നുകൂടിയ തെറ്റുകളാണ് ആയുധങ്ങൾ കാണാനില്ലെന്ന സി.എ.ജിയുടെ പരാമർശത്തിനിടയാക്കിയത്. കണക്കു സൂക്ഷിക്കുന്നതിലെ തെറ്റുകൾ ഉത്തരവാദിത്വരാഹിത്യമാണെങ്കിലും ആയുധങ്ങളും വെടിക്കോപ്പുകളും കാണുന്നില്ലെന്ന പ്രചാരണമുണ്ടാക്കി സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്ന് പറയുന്നത് ശരിയല്ല. പൊലീസിന്റെ ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും കണക്കുകൾ കമ്പ്യൂട്ടറൈസ് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെന്ന തീരുമാനമുണ്ടെന്ന് പറഞ്ഞാണ് സി.എ.ജി റിപ്പോർട്ടിൽ ആഭ്യന്തര സെക്രട്ടറി ന്യായീകരണം കണ്ടെത്തിയത്.

തിരുവനന്തപുരം എ.ആർ ക്യാമ്പിന് 25 റൈഫിളുകൾ നൽകിയെന്ന് പൊലീസ് നേതൃത്വം അറിയിച്ചെങ്കിലും ക്യാമ്പിൽ അങ്ങനെയൊരു രേഖയില്ലെന്ന് കണ്ടെത്തിയെന്നായിരുന്നു സി.എ.ജിയുടെ മറ്റൊരു ഗുരുതര കണ്ടെത്തൽ. ആയുധങ്ങളുടേയും വെടിക്കോപ്പുകളുടേയും ചുമതലയുള്ള ഉദ്യോഗസ്ഥൻ ആഴ്ചയിലൊരിക്കലെങ്കിലും ഇവ പരിശോധിച്ച് രജിസ്റ്ററിൽ രേഖപ്പെടുത്തണമെന്നാണ് ചട്ടം. പൊലീസ് കമൻഡാന്റും ആറു മാസത്തിലൊരിക്കൽ ആയുധങ്ങളുടെ എണ്ണം പരിശോധിക്കണം. ഇതൊന്നും പാലിക്കപ്പെട്ടില്ല.

സായുധ പൊലീസ് ബറ്റാലിയനിൽ ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും സ്റ്റോക്ക് രജിസ്റ്ററും രേഖകളും കൃത്യമല്ല. സ്റ്റോക്ക് രജിസ്റ്ററുകളിൽ നിരവധി തിരുത്തലുകൾ, വെള്ള നിറത്തിലെ തിരുത്തൽ മഷിയുടെ ഉപയോഗം, എൻട്രികളുടെ വെട്ടിക്കളയൽ എന്നിവ സി.എ.ജി കണ്ടെത്തി. ഉയർന്ന ഉദ്യോഗസ്ഥർ കൃത്യമായ പരിശോധന നടത്തിയതിന്റെ തെളിവൊന്നും സിഎജിക്ക് ലഭിച്ചില്ല. കുറ്റക്കാരെ കണ്ടെത്താതെ മൂടിവയ്ക്കാനാണ് പൊലീസ് നേതൃത്വം ശ്രമിച്ചത്. അന്വേഷണത്തിന് സമിതിയെ നിയോഗിച്ചെങ്കിലും അലംഭാവം കാട്ടി. ഓട്ടോമാറ്റിക് തോക്കുകൾക്കുള്ള വെടിയുണ്ടകൾ കാണാതായെന്ന വിവരം മൂടിവയ്ക്കാനും പൊലീസ് നേതൃത്വം ശ്രമിച്ചു- സി.എ.ജി കുറ്റപ്പെടുത്തി.

തൃശൂർ കേരള പൊലീസ് അക്കാഡമിയിൽ ലോംഗ് റേഞ്ച് ഫയറിങ് നടത്തുന്നതിനായി നൽകിയ 200 എണ്ണം 7.62 എംഎം വെടിയുണ്ടകൾ കുറവുള്ളതായി 2015ൽ ആംഡ് പൊലീസ് ബറ്റാലിയനിലെ ബി കമ്പനി ഓഫിസർ കമാൻഡിങ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ആയുധങ്ങൾ തിരുവനന്തപുരത്തെ പൊലീസ് ചീഫ് സ്‌റ്റോറിൽനിന്നു വിതരണം ചെയ്തതിനാൽ സീൽ ചെയ്ത പെട്ടിയിലുണ്ടായിരുന്ന വിവരങ്ങളാണ് സ്‌റ്റോക്കിൽ രേഖപ്പെടുത്തിയതെന്നു പറഞ്ഞ് അധികൃതർ ന്യായീകരിച്ചു. പൊലീസ് ചീഫ് സ്‌റ്റോർ അധികൃതർ 2016ൽ ഇക്കാര്യം നിഷേധിച്ചു. 7.62 എംഎം വെടിയുണ്ടകളുടെ കാര്യം വിശദമായി പരിശോധിക്കാൻ തുടർന്ന് ഡിജിപി ഉത്തരവിട്ടു.

പെട്ടിയിൽ കൃത്രിമം കാണിച്ചതിന്റെ സൂചനകളാണ് ലഭിച്ചത്. 2016 നവംബറിലെ കണക്കനുസരിച്ച് 7433 എണ്ണം 7.62 എംഎം വെടിയുണ്ടകളുടെ കുറവുണ്ട്. കാണാതായ വെടിക്കോപ്പുകൾ കണ്ടെത്താനോ വഞ്ചനാപരമായി വെടിയുണ്ടകൾ മാറ്റി പാക്കു ചെയ്ത ഉദ്യോഗസ്ഥരുടെ മേൽ നടപടി എടുക്കാനോ പൊലീസ് തയാറായില്ലെന്ന് ആഡിറ്റിൽ കണ്ടെത്തി. 7.62 എംഎം വെടിയുണ്ടകളുടെ കുറവ് 2018 ഒക്ടോബർ മാസത്തിൽ 8398 ആയി വർധിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

ഓഡിനൻസ് ഫാക്ടറീസ് ബോർഡ് വികസിപ്പിച്ചെടുത്ത ആയുധമാണ് ഇൻസാസ് റൈഫിൾ. ഇന്ത്യൻ സ്‌മോൾ ആം സിസ്റ്റം എന്നാണ് ഇൻസാസിന്റെ പൂർണരൂപം. 1998മുതൽ സൈന്യവും പൊലീസും ഉപയോഗിക്കുന്നു. നിലവിൽ നാലു ലക്ഷത്തോളം ഇൻസാസ് റൈഫിളുകളുണ്ട്. എ.കെ-47, സെൽഫ് ലോഡിങ് റൈഫിൾ എന്നിവയോട് സാമ്യം. മിനിറ്റിൽ 150 റൗണ്ട് വരെ വെടിയുതിർക്കാമെന്നതിനാൽ പ്രഹരശേഷി കൂടുതൽ. ഭാരക്കുറവ്, ഉപയോഗിക്കാൻ സൗകര്യപ്രദം. വെടിയുതിർക്കുമ്പോൾ പിന്നോട്ടുള്ള തള്ളൽ 70ശതമാനം കുറവ്. ഭാരം- 3.6കിലോഗ്രാം. നേപ്പാൾ, ഭൂട്ടാൻ, ഒമാൻ രാജ്യങ്ങളും ഉപയോഗിക്കുന്നു.

മാവോയിസ്റ്റുകളുടെ പക്കൽ ഇൻസാസ് റൈഫിളുകളുണ്ട്. പാലക്കാട്, മലപ്പുറം ജില്ലകളിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽ നിന്ന് ഇൻസാസ് പിടിച്ചിരുന്നു. തിരകൾ മാവോയിസ്റ്റുകൾക്ക് ലഭിക്കാനുള്ള സാദ്ധ്യതയാണ് ഏറെ ആശങ്കയുണ്ടാക്കുന്നത്. എന്നിട്ടും തട്ടിക്കൂട്ട് റിപ്പോർട്ടുണ്ടാക്കി സി.എ.ജിയുടെ കണ്ടെത്തലുകളെ തള്ളിക്കളഞ്ഞ് പൊലീസിന് ക്ലീൻചിറ്റ് നൽകുകയാണ് സർക്കാർ ചെയ്തത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP