Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗോദയിൽ ഇന്ത്യക്ക് ഇരട്ട സ്വർണം; ബജ്‌റങ് പൂനിയയും സാക്ഷി മാലിക്കും സ്വർണം നേടി; ഇരുവരും മലർത്തിയടിച്ചത് കനേഡിയൻ താരങ്ങളെ; കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ഏട്ടാം സ്വർണം; അൻഷു മാലിക്കിന് വെള്ളി; വെങ്കലത്തിനായി പോരാടാൻ ദിവ്യ കക്രനും മോഹിത് ഗ്രെവാൾ; ഗോദയിൽ രാജ്യത്തിന് ഇനിയും മെഡൽ പ്രതീക്ഷ

ഗോദയിൽ ഇന്ത്യക്ക് ഇരട്ട സ്വർണം; ബജ്‌റങ് പൂനിയയും സാക്ഷി മാലിക്കും സ്വർണം നേടി; ഇരുവരും മലർത്തിയടിച്ചത് കനേഡിയൻ താരങ്ങളെ; കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ഏട്ടാം സ്വർണം; അൻഷു മാലിക്കിന് വെള്ളി; വെങ്കലത്തിനായി പോരാടാൻ ദിവ്യ കക്രനും മോഹിത് ഗ്രെവാൾ; ഗോദയിൽ രാജ്യത്തിന് ഇനിയും മെഡൽ പ്രതീക്ഷ

സ്പോർട്സ് ഡെസ്ക്

ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് കൈനിറയെ മെഡലുകൾ സമ്മാനിച്ച് ഗുസ്തി താരങ്ങൾ.ഇതിനോടകം രണ്ട് സ്വർണ്ണവും ഒരു വെള്ളിയും സ്വന്തമാക്കിയ ഇന്ത്യ ഇനി രണ്ട് വെങ്കലവും ലക്ഷ്യമിടുന്നുണ്ട്.ഇത് യാഥാർത്ഥ്യമായാൽ വെയ്റ്റ്‌ലിഫ്റ്റിങ്ങിന് പിന്നാലെ ഇത്തവണ ഇന്ത്യ ഏറ്റവും കൂടുതൽ മെഡൽ നേടുന്ന ഇനമാവും ഗുസ്തി.

ഗുസ്തിയിൽ ബജ്‌റങ് പൂനിയയാണ് ഗെയിംസിൽ ഇന്ത്യയ്ക്ക് ഏഴാം സ്വർണം സമ്മാനിച്ചത്.65കിലോ വിഭാഗത്തിൽ കാനഡയുടെ ലച്ച്‌ലൻ മക്‌നീലിയൊണ് പൂനിയ തോൽപ്പിച്ചത്. കോമൺവെൽത്തിൽ ബജ്‌റങ്ങിന്റെ മൂന്നാം മെഡൽ നേട്ടമാണിത്. ഇതിനു മുൻപ് മറ്റൊരു സ്വർണവും വെള്ളി മെഡലും താരം നേടിയിട്ടുണ്ട്. 2021 ടോക്കിയോ ഒളിംപിക്‌സിലെ വെങ്കല മെഡൽ ജേതാവുമാണ് ബജ്‌റങ് പൂനിയ. ലോക ചാംപ്യൻഷിപ്പിൽ ഒരു വെള്ളിയും രണ്ടു വെങ്കലവും ബജ്‌റങ്ങിന്റെ പേരിലുണ്ട്.

62കിലോ ഗ്രാം വനിതകളുടെ ഫ്രീ സ്റ്റൈൽ ഗുസ്തിയിലായിരുന്നു സാക്ഷിയുടെ സ്വർണം. റിയോ ഒളിംപിക്സിലെ വെങ്കല മെഡൽ ജേതാവായിരുന്നു സാക്ഷി,രണ്ട് സ്വർണ്ണവും കനേഡിയൻ താരങ്ങളെ തോൽപ്പിച്ചാണ് ഇന്ത്യൻ താരങ്ങൾ സ്വന്തമാക്കിയതെന്ന കൗതുകവും ഉണ്ട്.

വനിതകളുടെ 57 കിലോ വിഭാഗത്തിൽ അൻഷു മാലിക്ക് വെള്ളി മെഡൽ നേടി. നൈജീരിയയുടെ അഡുക്കുറെയെയോടാണ് ഫൈനലിൽ പരാജയപ്പെട്ടത്. സ്‌കോർ 7-3. നൈജീരിയൻ താരത്തിന്റെ തുടർച്ചയായ മൂന്നാം കോമൺവെൽത്ത് സ്വർണമാണിത്. മൂന്ന് തവണയും നൈജീരിയൻ താരം തോൽപ്പിച്ചത് ഇന്ത്യൻ താരത്തെയായിരുന്നു എന്നത് മറ്റൊരു കൗതുകമായി.നേരിയ പരിക്ക് അലട്ടിയിരുന്നെങ്കിലും ബർമിങ്ഹാമിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷകളിലൊരാളായിരുന്നു അൻഷു.

ഓസ്ലോയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി നേടിയാണ് 21കാരിയായി അൻഷു ഇന്ത്യയുടെ പ്രതീക്ഷയായി വളർന്നത്. ഈ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യൻ വനിതാ താരവുമായിരുന്നു അൻഷു. സെമിയിൽ ഓസ്‌ട്രേലിയയുടെ ഐറീൻ സൈമനോയ്ഡിസിനെ 10-ന് മലർത്തിയടിച്ച മികവ് ആവർത്തിക്കാൻ ഫൈനലിൽ അൻഷുവിന് ആയില്ല.നൈജീരിയൻ താരത്തിന്റെ തുടർച്ചയായ മൂന്നാം കോമൺവെൽത്ത് സ്വർണമാണ്

റെപ്പഷേജ് റൗണ്ടിൽ ജയിച്ച ഇന്ത്യയുടെ ദിവ്യ കക്രൻ വെങ്കല മെഡൽ പോരാട്ടത്തിൽ മത്സരിക്കും.125 കിലോ ഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന മോഹിത് ഗ്രെവാൾ സെമിയിൽ തോറ്റു. വെങ്കല മെഡൽ പോരാട്ടത്തിനായി ഗ്രെവാൾ ഇനി മത്സരിക്കും.

അതേസമയം 4*400 മീറ്റർ പുരുഷവിഭാഗം റിലേയിൽ ഇന്ത്യ ഫൈനലിൽ കടന്നു. 3.06 സെക്കൻഡിൽ ഹീറ്റ്‌സിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ്‌ െചയ്തു. മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ, നോഹ നിർമൽ ടോം, അമോജ് ജേക്കബ് എന്നീ മലയാളി താരങ്ങളാണ് ഇന്ത്യയ്ക്കായി മത്സരിച്ചത്. ബാഡ്മിന്റനിൽ സിംഗിൾസിൽ പി.വി സിന്ധുവും ശ്രീകാന്തും വനിത ഡബിൾസിൽ ട്രീസ ജോളി ഗായത്രി ഗോപിചന്ദ് സഖ്യവും ക്വാർട്ടറിലെത്തി.

പാരാ വിഭാഗം ടേബിൾ ടെന്നിസിൽ വനിതകളുടെ സിംഗിൾസിൽ ഇന്ത്യയുടെ ഭാവിന പട്ടേൽ ഫൈനലിൽ കടന്നു. 30നാണ് ഭാവിനയുടെ വിജയം. ഇതോടെ ഇന്ത്യയ്ക്ക് സ്വർണമോ വെള്ളിയോ ഉറപ്പായി. വനിതകളുടെ ടേബിൾ ടെന്നിസ് സിംഗിൾസിൽ ഓസ്‌ട്രേലിയൻ താരത്തെ തോൽപ്പിച്ച ഇന്ത്യയുടെ മണിക ബത്ര ക്വാർട്ടറിലെത്തി. 40നാണ് മണികയുടെ വിജയം. കടുത്ത പോരാട്ടത്തിനൊടുവിൽ ഇന്ത്യയുടെ ശ്രീജ അകുലയും ക്വാർട്ടറിൽ കടന്നു.

അതേസമയം, ഇന്ത്യൻ താരം റീത്ത് ടെന്നിസൻ വനിതാ സിംഗിൾസിൽ തോറ്റു പുറത്തായി. പുരുഷന്മാരുടെ ഡബിൾസിൽ 30 വിജയവുമായി സത്യൻ ജ്ഞാനശേഖരൻ ശരത് കമൽ ടീം ക്വാർട്ടറിലെത്തി. പുരുഷ സിംഗിൾസിൽ ശരത് കമൽ പ്രീക്വാർട്ടറിൽ കടന്നു.
ബാഡ്മിന്റൻ വനിതകളുടെ ഡബിൾസിൽ ട്രീസ ജോളി ഗായത്രി ഗോപീചന്ദ് ടീം രണ്ടാം റൗണ്ടിൽ തകർപ്പൻ വിജയം നേടി ക്വാർട്ടറിലെത്തി. 212, 214 എന്ന സ്‌കോറിലാണ് ഇന്ത്യൻ വനിതകളുടെ ജയം. പുരുഷ സിംഗിൾസിൽ കിഡംബി ശ്രീകാന്ത് 219, 2112 വിജയത്തോടെ ക്വാർട്ടറിലെത്തി.

വനിതകളുടെ ലോങ്ജംപിൽ മലയാളി താരം ആൻസി സോജൻ ഫൈനൽ കാണാതെ പുറത്തായി. യോഗ്യതാ റൗണ്ടിൽ 6.25 മീറ്റർ ദൂരം പിന്നിട്ട ആൻസി 13ാം സ്ഥാനത്താണ് മത്സരം പൂർത്തിയാക്കിയത്. ആദ്യ 12 പേരാണ് യോഗ്യത നേടുക.പാരാ പവർലിഫ്റ്റിങ്ങിൽ സുധീറിലൂടെ ഇന്ത്യ സ്വർണം നേടി. 134.5 പോയിന്റുമായി സ്വർണം നേടിയ സുധീർ, കോമൺവെൽത്ത് ഗെയിംസ് റെക്കോർഡും സ്വന്തം പേരിലാക്കി. ബർമിങ്ങാമിൽ പാരാ വിഭാഗത്തിൽ ഇന്ത്യയുടെ ആദ്യ മെഡൽ നേട്ടവുമാണ് ഈ ഇരുപത്തേഴുകാരന്റേത്. നൈജീരിയൻ താരം ഇകേചുക്വു ക്രിസ്റ്റ്യൻ ഒബിചുക്വു വെള്ളിയും മിക്കി യുലേ വെങ്കലവും നേടി.

നേരത്തെ, നിരാശ നിറഞ്ഞ ആദ്യ 4 അവസരങ്ങൾക്കുശേഷം ഒരൊറ്റച്ചാട്ടത്തിലൂടെ മലയാളി താരം എം. ശ്രീശങ്കറും ഇന്ത്യൻ കായിക പ്രേമികളുടെ പ്രതീക്ഷ കാത്തു. കോമൺവെൽത്ത് ഗെയിംസ് പുരുഷ ലോങ്ജംപ് ഫൈനലിലെ അഞ്ചാം ഊഴത്തിൽ 8.08 മീറ്റർ പിന്നിട്ട ശ്രീശങ്കർ വെള്ളി നേടി. കോമൺവെൽത്ത് ഗെയിംസിന്റെ ചരിത്രത്തിൽ പുരുഷ ലോങ്ജംപിൽ വെള്ളി മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന നേട്ടവും ശ്രീശങ്കറിനു സ്വന്തം.

സ്വർണം നേടിയ ബഹാമാസിന്റെ ലാക്വാൻ നയിനും 8.08 മീറ്റർ ദൂരം മാത്രമാണ് ചാടിയത്. പക്ഷേ ശ്രീശങ്കറിനെക്കാൾ കുറഞ്ഞ അവസരത്തിൽ ഈ ദൂരം മറികടന്നതിനാൽ സ്വർണം നേടി. ദക്ഷിണാഫ്രിക്കയുടെ ജൊവാൻ വാൻ വൂറെൻ വെങ്കലം (8.06 മീറ്റർ) നേടി. ഫൈനലിൽ മത്സരിച്ച മറ്റൊരു മലയാളി അത്ലീറ്റ് വൈ. മുഹമ്മദ് അനീസ് 7.97 മീറ്റർ ചാടി 5ാം സ്ഥാനത്തെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP