Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അറബിക്കടലിൽ നിന്നുള്ള പടിഞ്ഞാറൻ കാറ്റിന്റെ ഗതിയും വേഗതയും കൂടുതൽ അനുകൂലമായതിനാൽ മഴ ശക്തമാകാൻ സാധ്യത ഏറെ; ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറിയേക്കും; ആശങ്ക ഒഴിയുന്നില്ല; ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ദുരന്ത നിവാരണ സേനയും സജ്ജം; ചാലക്കുടിയിൽ ഭീതി തുടരുന്നു

അറബിക്കടലിൽ നിന്നുള്ള പടിഞ്ഞാറൻ കാറ്റിന്റെ ഗതിയും വേഗതയും കൂടുതൽ അനുകൂലമായതിനാൽ മഴ ശക്തമാകാൻ സാധ്യത ഏറെ; ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറിയേക്കും; ആശങ്ക ഒഴിയുന്നില്ല; ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ദുരന്ത നിവാരണ സേനയും സജ്ജം; ചാലക്കുടിയിൽ ഭീതി തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും തുടരുന്ന അതിതീവ്ര മഴയിൽ സംസ്ഥാനം കനത്ത ജാഗ്രതയിൽ. മഴ ചെറുതായി കുറയുന്നത് ആശ്വാസമാണ്. എന്നാൽ എപ്പോൾ വേണമെങ്കിലും വീണ്ടും ശക്തിയാകാൻ ഇടയുണ്ട്. അതുകൊണ്ട് തന്നെ ജാഗ്രത തുടരും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിലാണ് അതിതീവ്ര മഴ തുടരുന്നത്.

അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, ജില്ലകളിൽ യെല്ലോ അലേർട്ടാണ്. അറബിക്കടലിൽ നിന്നുള്ള പടിഞ്ഞാറൻ കാറ്റിന്റെ ഗതിയും വേഗതയും കൂടുതൽ അനുകൂലമായതിനാൽ മഴ ശക്തമായേക്കുമെന്നാണ് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയും മഴയ്ക്ക് കാരണമാണ്. ഇത് ഞായറാഴ്ചയോടെ ന്യൂനമർദ്ദമായി മാറിയേക്കും. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കർശനനിർദേശമുണ്ട്.

വനമേഖലയിലും മലയോരങ്ങളിലെയും ശക്തമായ മഴയിൽ എത്തുന്ന പെയ്ത്തുവെള്ളം കൂടി ആവുമ്പോൾ നദി ഒഴുക്ക് ശക്തിപ്പെടാനും ജലനിരപ്പ് ഉയരാനും സാധ്യതയുണ്ട്. അതുകൊണ്ട് നദിക്കരയിൽ ഉള്ളവർ ജാഗ്രത പാലിക്കണം. ദേശിയ ദുരന്ത നിവാരണ സേനയുടെ 9 സംഘങ്ങളെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, മലപ്പുറം, വയനാട്, പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, തൃശൂർ എറണാകുളം ജില്ലകളിലാണ് സേനയെ വിന്യസിച്ചിരിക്കുന്നത്. കൂടുതൽ ടീമുകളെ ആവശ്യപ്പെട്ടിട്ടുമുണ്ട്. ദേശീയ ദുരന്ത നിവാരണ അഥോറിറ്റി , ഡിഫെൻസ് സർവീസ സ് കോപ്സ് എന്നിവയുടെ രണ്ടു ടീമുകളെ വീതവും ആർമി, നേവി, കോസ്റ്റ് ഗാർഡ് എന്നിവയുടെ ഓരോ ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്.

ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ചാലക്കുടി പുഴയുടെ തീരത്തുള്ളവരെയും എറണാകുളം ജില്ലയിൽ ചാലക്കുടിപ്പുഴയുടെ തീരം ഉൾക്കൊള്ളുന്ന പുത്തൻവേലിക്കര, കുന്നുകര, ചേന്ദമംഗലം, പാറക്കടവ് പഞ്ചായത്തുകളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെയും ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ചേറ്റുവ അഴിമുഖത്ത് വള്ളംമറിഞ്ഞ് കാണാതായ രണ്ടു മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം വലപ്പാട് കരയ്ക്കടിഞ്ഞു. തിരുവനന്തപുരം പുല്ലൂർവിള സ്വദേശി വർഗീസ് എന്ന മണിയന്റെ മൃതദേഹമാണ് കരയ്ക്കടിഞ്ഞത്. തിരുവനന്തപുരം പുല്ലൂർവിള സ്വദേശി ഗിൽബർട്ടിനായി തിരച്ചിൽ തുടരുകയാണ്. കാസർകോട് വെള്ളരിക്കുണ്ട് കൂരാംകുണ്ടിൽ ബുധനാഴ്ച ഒഴുക്കിൽപ്പെട്ട റിട്ട. അദ്ധ്യാപിക കളത്തിൽ രവീന്ദ്രന്റെ ഭാര്യ ലത(55) യുടെ മൃതദേഹം കണ്ടെത്തി. ഇതോടെ കാലവർഷക്കെടുതിയിൽ സംസ്ഥാനത്ത് ആകെ മരണം 20 ആയി.

കാഞ്ഞിരപ്പള്ളിയിൽ രണ്ടിടത്ത് ഉരുൾപൊട്ടി. പാലായിലെ പ്രധാന റോഡിൽ കുഴി രൂപപ്പെട്ടു. ലോവർ പെരിയാർ, കല്ലാർകുട്ടി, പൊന്മുടി, ഇരട്ടയാർ, കുണ്ടള, മൂഴിയാർ അണക്കെട്ടുകളിൽ നിലവിൽ റെഡ് അലർട്ടാണ്. കെഎസ്ഇബി, ജലസേചന വകുപ്പിന് കീഴിലായി തുറന്നിരിക്കുന്നത് 20 അണക്കെട്ടാണ്. ദേശീയ ദുരന്തനിവാരണ സേനയുടെ ഒമ്പതു സംഘത്തെയാണ് സംസ്ഥാനത്ത് വിന്യസിച്ചിട്ടുള്ളത്. ഡിഫൻസ് സർവീസ് കോപ്സിന്റെ രണ്ടു ടീമും കരസേനയുടെ ഒരു കോളവും സജ്ജമാണ്. കരിപ്പൂരിൽ ഇറങ്ങേണ്ട ആറ് വിമാനങ്ങൾ പ്രതികൂല കാലാവസ്ഥയെത്തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലിറക്കി.

ദുരിതം അതിശക്തം

സംസ്ഥാനത്താകെ 212 ക്യാമ്പിലായി 6285 പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. തൃശൂർ, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് കൂടുതൽ ക്യാമ്പുകൾ. ഇതുവരെ 32 വീട് പൂർണമായും 237 വീട് ഭാഗികമായും തകർന്നു.

ഷോളയാർ, പെരിങ്ങൽകുത്ത് അണക്കെട്ടുകൾ തുറന്നതോടെ ചാലക്കുടി പുഴയുടെ തീരത്താണ് കൂടുതൽ ഭീഷണി. തീരപ്രദേശങ്ങളിലും വീടുകളിലും വെള്ളം കയറി. തീരത്തുള്ളവരെ മാറ്റിപ്പാർപ്പിക്കാൻ തുടങ്ങി. 426 കുടുംബത്തിലായി 1429 പേരെ ക്യാമ്പുകളിലേക്ക് മാറ്റി. ഒഴിപ്പിക്കലിന് മത്സ്യത്തൊഴിലാളികളുടെ ബോട്ടുകളും തയ്യാറാക്കി. മന്ത്രി കെ രാധാകൃഷ്ണൻ ചാലക്കുടിയിൽ എത്തി സ്ഥിതി അവലോകനം ചെയ്തു. എറണാകുളം ജില്ലയിൽ ചാലക്കുടിപ്പുഴയുടെ തീരം ഉൾക്കൊള്ളുന്ന പുത്തൻവേലിക്കര, കുന്നുകര, ചേന്ദമംഗലം പഞ്ചായത്തുകളിൽ ജാഗ്രതാ നിർദ്ദേശം നൽകി. ആലുവ മണപ്പുറവും പരിസരവും വീണ്ടും വെള്ളത്തിനടിയിലായി.

മുല്ലപ്പെരിയാർ തുറക്കാൻ സാധ്യത

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിനാൽ വെള്ളി രാവിലെ 10 മുതൽ ജലം സ്പിൽവേയിലൂടെ ഒഴുക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമാണ്. ജലനിരപ്പ് 136 പിന്നിട്ടതോടെ ആദ്യ ജാഗ്രത മുന്നറിയിപ്പ് നൽകി. 137.5 അടി പിന്നിട്ടാൽ വെള്ളം പെരിയാറിലേക്ക് ഒഴുക്കും.

കഴിഞ്ഞദിവസങ്ങളിൽ അണക്കെട്ടിന്റെ ഭാഗങ്ങളിൽ മഴ ദുർബലമായിരുന്നതിനാൽ ജലനിരപ്പ് ഉയരുന്നത് മന്ദഗതിയിലായിരുന്നു. എന്നാൽ വ്യാഴാഴ്ച രാവിലെമുതൽ ശക്തമായമഴയാണ് അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് പെയ്തത്. വ്യാഴാഴ്ചരാവിലെ എട്ടിന് അണക്കെട്ടിൽ 135.15 അടിയായിരുന്നു. വൈകീട്ട് ഏഴരയോടെ 136 അടി പിന്നിട്ടു. ഇതേസ്ഥിതി തുടർന്നാൽ വെള്ളിയാഴ്ച അണക്കെട്ടിന്റെ റൂൾകർവ് പ്രകാരം നിശ്ചയിച്ചിട്ടുള്ള 137.5 അടിയിലേക്കെത്തുമെന്നുറപ്പാണ്.

വൈഗ അണക്കെട്ടിൽ പരമാവധി സംഭരണശേഷിയിൽ വെള്ളമെത്തിയതോടെ തമിഴ്‌നാടിന് കൂടുതൽ വെള്ളം കൊണ്ടുപോകാൻ കഴിയാത്തൊരു സാഹചര്യവുമുണ്ട്. അടിയന്തര സാഹചര്യം മുന്നിൽക്കണ്ട് ജില്ലാ ഭരണകൂടം ക്യാമ്പുകൾ ഉൾപ്പെടെയുള്ളവ സജ്ജമാക്കിയിട്ടുണ്ട്.

ഇടുക്കിയിലും ജാഗ്രത

ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് കഴിഞ്ഞ ദിവസത്തേതിനേക്കാൾ 2.56 അടി വർധിച്ച് 2378.3അടിയായി. നീല ജാഗ്രതയാണ് ഇപ്പോൾ. ജലനിരപ്പ് 3.23 അടി കൂടി ഉയർന്ന് 2381.53 അടിയിലെത്തുമ്പോൾ ഓറഞ്ച് ജാഗ്രതയും ഒരടികൂടി ഉയർന്ന് 2382.53 അടിയിലെത്തുമ്പോൾ ചുവപ്പ് ജാഗ്രതയും പ്രഖ്യാപിക്കും.

പദ്ധതിയുടെ വൃഷ്ടിപ്രദേശത്ത് അതിശക്തമായ മഴ തുടരുന്നതിനാൽ അണക്കെട്ടിലേക്കുള്ള നീരൊഴുക്കും വർധിച്ചു. 2375.84 അടിയായിരുന്നു വ്യാഴാഴ്ച വൈകീട്ട് അണക്കെട്ടിലെ ജലനിരപ്പ്. 1031.012 ദശലക്ഷം ഘനമീറ്റർ ജലമാണ് അണക്കെട്ടിലുള്ളത്. ഇത് അണക്കെട്ടിന്റെ സംഭരണശേഷിയുടെ 70.65ശതമാനമാണ്. 64.72 ശതമാനം വെള്ളമാണ് മുൻവർഷം ഇതേദിവസം അണക്കെട്ടിലുണ്ടായിരുന്നത്. 2403 അടിയാണ് ഇടുക്കി അണക്കെട്ടിന്റെ സംഭരണശേഷി. മഴ തുടരുന്ന സാഹചര്യത്തിൽ 24 മണിക്കൂറിനുള്ളിൽ ഓറഞ്ച് ജാഗ്രതാനിർദ്ദേശം ഉണ്ടാകാമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.

വ്യാപക കൃഷിനാശം

കനത്ത മഴയിലും കാറ്റിലും സംസ്ഥാനത്ത് നാലുദിവസത്തിനിടെയുണ്ടായത് 53.48 കോടിയുടെ കൃഷിനാശം. റബർ, തെങ്ങ്, കമുക്, നെല്ല്, കുരുമുളക്, കാപ്പി, കശുമാവ്, കിഴങ്ങുവർഗങ്ങൾ, ഇഞ്ചി, മഞ്ഞൾ, കൊക്കോ, ഏലം, ശീതകാല പച്ചക്കറികൾ, വാഴ തുടങ്ങിയവയാണ് കൂടുതലായി നശിച്ചത്. 17,079 കർഷകരാണ് കൃഷിനാശംമൂലം ദുരിതത്തിലായത്. എറണാകുളം ജില്ലയിൽമാത്രം 3,511 കർഷകരുടെ വിളകൾ നശിച്ചു. തൃശ്ശൂർ-2,659, കണ്ണൂർ-1,999, ആലപ്പുഴ-1,930, പത്തനംതിട്ട-1,618, തിരുവനന്തപുരം-1,348 എന്നിങ്ങനെയാണ് കൃഷി നശിച്ചവരുടെ എണ്ണം. ഓണവിപണി മുന്നിൽക്കണ്ട് നട്ട വാഴയാണ് വ്യാപകമായി നശിച്ചത്. 2,15,392 കുലയ്ക്കാത്ത വാഴകളും 4,23,704 കുലച്ച വാഴകളും നിലംപൊത്തി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP