Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മൊയ്തീൻ - കാഞ്ചനമാല: ഒരു പ്രണയത്തിന്റെ മരണാനന്തരജീവിതം

മൊയ്തീൻ - കാഞ്ചനമാല: ഒരു പ്രണയത്തിന്റെ മരണാനന്തരജീവിതം

ഷാജി ജേക്കബ്

റബിക്കടലിലേക്കൊഴുകുന്ന ഇരുവഞ്ഞിപ്പുഴയിൽ വള്ളം മുങ്ങി മുക്കത്തെ ബി.പി. മൊയ്തീൻ മരിച്ചത് 1982ലാണ്. അയാളെ പ്രണയിച്ച കുറ്റത്തിന് കാഞ്ചനമാല വീട്ടുതടങ്കലിലായിട്ട് അപ്പോഴേക്കും കാൽനൂറ്റാണ്ടായിരുന്നു. കരീബിയൻ കടലിലേക്കൊഴുകുന്ന മഗ്ദലേന നദിയിൽ കാർത്തനീനയിലെ രണ്ടു പ്രണയികൾ അൻപത്തൊന്നുവർഷവും ഒൻപതുമാസവും നാലുദിവസവും വേർപിരിഞ്ഞിരുന്നശേഷം ഒരു കപ്പലിൽ തങ്ങളുടെ യാത്ര തുടങ്ങിയിരിക്കണം, അപ്പോൾ. ഫ്‌ളോറന്റിനോ അരിസയും ഫെർമിനാ ഡാസയും. ഗബ്രിയേൽ ഗാർസിയാ മാർക്കേസിന്റെ പോസ്റ്റ്‌മോഡേൺ പ്രണയേതിഹാസമായ Love in the Time of Cholera യിലെ (1985) കഥാപാത്രങ്ങൾ. 'Without river navigation, theres no love' എന്ന് അരിസയുടെ അമ്മാവനും കപ്പലിന്റെ ഉടമയുമായ ലിയോ പന്ത്രണ്ടാമൻ പറയുന്നുമുണ്ട്. മുക്കത്തുതന്നെ താമസിക്കുമ്പോഴും മൊയ്തീൻ മുങ്ങിമരിച്ച നദിയിൽ പിന്നീടൊരിക്കലും താൻ പോയിട്ടില്ല എന്ന് 2009ൽ Open Magazine 'The Widow of a bachelor' എന്ന ഫീച്ചറെഴുതിയ കെ.എ. ഷാജിയോട് കാഞ്ചനമാല പറയുകയുണ്ടായി.

വേറൊരു ഭൂഖണ്ഡത്തിൽ, 'കോളറ'യെപ്പോലെതന്നെ പ്രണയത്തിന്റെ തീവ്രവും വിചിത്രവുമായ മറ്റൊരു ക്ലാസിക്‌നോവലായി മാറിയ 'Museum of Innocence' രചിച്ചു കഴിഞ്ഞിരുന്നു, അപ്പോഴേക്കും (2008) ഓർഹൻപാമുക്. കെമാലിന്റെയും ഫുസുന്റെയും അത്യസാധാരണമായ പ്രണയാഭിനിവേശത്തിന്റെ കഥ. കാർത്തനീനയിലെയും മുക്കത്തെയും പ്രണയസ്മരണകളുടെ അതേകാലത്തുതന്നെയുള്ള ഈസ്താംബൂളിന്റെ ചരിത്രപശ്ചാത്തലത്തിലാണ് കെമാൽ മറ്റൊരു പ്രണയിയും നിർമ്മിക്കാത്ത സ്മാരകം തന്റെ പ്രണയത്തിനും പ്രണയിനിക്കുമായി നിർമ്മിക്കുന്നത്.

മാർക്കേസിന്റെയും പാമുക്കിന്റെയും ഭാവനാത്മക രചനകൾക്കൊപ്പം വിസ്മയകരവും വികാരസന്നിഭവും ജീവിതനിർഭരവും പ്രണയഭരിതവുമാണ് മൊയ്തീന്റെയും കാഞ്ചനമാലയുടെയും ജീവിതകഥ. 'Nothing resembles a person as much as the way he dies' എന്നൊരു വാക്യം കോളറയിലുണ്ട്. മൊയ്തീന്റെ മരണത്തെക്കുറിച്ചെഴുതപ്പെട്ടതു പോലെ തോന്നാം, ഇന്നതു വായിക്കുമ്പോൾ. കെമാൽ നിർമ്മിച്ച പ്രണയത്തിന്റെ നിഷ്‌ക്കളങ്ക മ്യൂസിയം ഓർഹൻപാമുക് യഥാർഥമായും നിർമ്മിച്ചു നിലനിർത്തുന്നുണ്ട് എന്നതാണ് അതുപോലെതന്നെ കൗതുകകരമായ സംഗതി.

ബി.പി. മൊയ്തീൻ സേവാമന്ദിറിലൂടെ കാഞ്ചനമാല കഴിഞ്ഞ മുപ്പത്തിമൂന്നു വർഷമായി തുടരുന്ന തന്റെ പ്രണയത്തിന്റെ മരണാനന്തരജീവിതം ഒരുപക്ഷെ ഇവയെക്കാളൊക്കെ വിസ്മയകരമാണ്. മൊയ്തീന്റെ മരണവും കാഞ്ചനയുടെ അതിജീവനവുമാണ് അവരുടെ കഥയെ ഭാവനയെക്കാൾ വിചിത്രമായ യാഥാർഥ്യമാക്കി നിലനിർത്തുന്നത്. അരിസയുടെ ആത്മനീതിതന്നെയാണ് (......'my vow of eternal fideltiy and everlasting love') മൊയ്തീനും കാഞ്ചനമാലയ്ക്കും പരസ്പരമുണ്ടായിരുന്നത് എന്നു തെളിയിക്കുന്നതും ഈയൊരു വഴിത്തിരിവാണ്.

ബി.പി. മൊയ്തീൻ സേവാമന്ദറിന്റെ ഭാഗമായി മാത്രമല്ല, കോഴിക്കോട്ടെ നിരവധിയായ സ്ത്രീസംഘടനകളുടെ ഭാഗമായി രൂപംകൊണ്ട എത്രയെങ്കിലും സമരപ്രക്ഷോഭങ്ങളിലും സ്ത്രീ പുനരധിവാസപ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായി മാറിയതോടെയാണ് കാഞ്ചനമാലയുടെ അസാധാരണമായ വ്യക്തിജീവിതവും അതിനെക്കാൾ വിസ്മയകരമായ പ്രണയകഥയും ഇക്കഴിഞ്ഞ ഒരുപതിറ്റാണ്ടിൽ മാദ്ധ്യമങ്ങളുടെ ശ്രദ്ധയാകർഷിക്കുന്നത്. 2007ൽ വി.ആർ. ജ്യോതിഷ് 'വനിത'യിലെഴുതിയ ഫീച്ചറാണ് മൊയ്തീൻ-കാഞ്ചനമാല കഥയെ മുക്കത്തിനു പുറത്ത് പൊതുസമൂഹത്തിലെത്തിക്കുന്നത്, പിന്നെ ആർ.എസ്. വിമലിന്റെ ഡോക്യുഫിക്ഷൻ, 'ജലംകൊണ്ടു മുറിവേറ്റവൾ'. ഹിന്ദു-മുസ്ലിം പ്രണയം ഒരു പുരാവൃത്തംപോലെ നിലനിന്ന 1950 കളുടെ പശ്ചാത്തലത്തിൽ, ഇരുവഞ്ഞിപ്പുഴയുടെ ഇരുകരകളിലുമായി തിടംവച്ചുവന്ന ഒരു നാടൻ പ്രേമത്തിൽനിന്ന് തുടങ്ങി അവിശ്വസനീയമായ വഴിമാറ്റങ്ങളിലൂടെ മുക്കത്തിന്റെ മിത്തായി വളർന്നുമുറ്റിയതാണ് മൊയ്തീൻ-കാഞ്ചനമാലാബന്ധം.


സമ്പന്നമായ ഒരു ഈഴവകുടുംബത്തിലെ അംഗമായിരുന്നു കാഞ്ചനമാല.  കോഴിക്കോട് പ്രോവിഡൻസ് കോളേജ്‌ വിദ്യാർത്ഥി. ഭൂപ്രഭുവും നാട്ടുപ്രമാണിയും ദേശീയപ്രസ്ഥാനനായകനുമായിരുന്ന ബി.പി. ഉണ്ണിമോയിയുടെ മകനായിരുന്നു മൊയ്തീൻ. അവർ തമ്മിലുടലെടുത്ത പ്രണയത്തിന്റെ ജീവചരിത്രം ഏതു ലാറ്റിനമേരിക്കൻ, പശ്ചിമേഷ്യൻ സാഹിത്യഭാവനയെക്കാളും വിചിത്രവും വിപ്ലവകരവുമാണ്. ആ പ്രണയത്തിനു കൈവന്ന മരണത്തെക്കാൾ വലിയ ദുരന്തത്തിന്റെ കഥയാണ് പി.ടി. മുഹമ്മദ് സാദിഖ് എഴുതിയ മൊയ്തീൻ-കാഞ്ചനമാലയെന്ന ഈ പുസ്തകം. വൈലോപ്പിള്ളി, 'ഹാ വിജിഗീഷു! മൃത്യുവിന്നാമോ, ജീവിതത്തിൻ കൊടിപ്പടം താഴ്‌ത്താൻ' എന്നെഴുതിയത് കാഞ്ചനമാലയെ ഉദ്ദേശിച്ചാണ്. മുഹമ്മദ് സാദിഖിന്റെ പുസ്തകം അതിന്റെ അടിക്കുറിപ്പാണ്. കാഞ്ചനമാല വീട്ടുതടങ്കലിൽ കഴിഞ്ഞ കാൽനൂറ്റാണ്ടുകാലം, തന്റെ ഏകാന്തത മറികടക്കാൻ മൊയ്തീനും, 'വാക്കാണ് സത്യം' എന്ന വിശ്വാസം സംരക്ഷിക്കാൻ അന്നും പിന്നീടും കാഞ്ചനമാലയും നടത്തിയ ജീവിതസമരങ്ങളുടെ കഥ.

നവോത്ഥാനത്തിന്റെ മനുഷ്യസങ്കല്പത്തിൽ ഉരുവംകൊണ്ട ആധുനിക പ്രണയത്തിന്റെ പാഠരൂപങ്ങളിലൊന്നാണ് മൊയ്തീൻ-കാഞ്ചനമാല കഥ. കുമാരനാശാൻ പറഞ്ഞതുപോലെ, വ്യക്തികൾ അകതാരിലാർന്ന ഉൽക്കണ്ഠകൾകൊണ്ടു നിറച്ച ബന്ധവൈഭവത്തിന്റെ ആത്മകഥ. രണ്ടു മനുഷ്യർ അന്തരാത്മാവുകൊണ്ടു തീവ്രമായാഗ്രഹിച്ചും അറിഞ്ഞും നെയ്‌തെടുത്ത അനുഭൂതി. ഒരാൾക്കൊരാളിൽ മാത്രമുണ്ടാകുന്ന അനുരാഗവായ്പ്. തന്നെ മാത്രം പ്രണയിച്ച് മരിച്ചുപോകുന്ന ഇണയെ സ്വപ്നം കാണാത്തവരാരുണ്ട്, ആശാന്റെ നായകന്മാരെപ്പോലെ. വീണപൂവും നളിനിയും. ലീലയും....തെളിയിച്ച ഇത്തരം പ്രണയകഥകൾ എക്കാലത്തും, ശരീരമല്ല ആത്മാവാണ് പ്രണയത്തിന്റെ കേന്ദ്രസ്ഥാനമായി സങ്കല്പിച്ചത്. ശരീരമോഹങ്ങളോ ചോദനകളോ ഇല്ലാത്തവരല്ല അവർ. ആത്മാവുകൊണ്ട് ശരീരത്തെ കീഴ്‌പ്പെടുത്തി മുന്നേറുന്ന ഒരു ഘട്ടത്തിൽ വച്ചുതന്നെ അവരുടെ പ്രണയകഥ അവസാനിപ്പിച്ചുകളഞ്ഞു, ആശാനും വിധിയും. മാർക്കേസിലോ പാമുക്കിലോ ഇത്തരം പ്രണയങ്ങളല്ല നാം കാണുക. ഒരളവോളം, ചരിത്രത്തിലും പ്രണയം അങ്ങനെയായിരുന്നില്ല. പക്ഷെ മൊയ്തീൻ-കാഞ്ചനമാല കഥ, നവോത്ഥാനത്തിന്റെ ഒരാഗ്രഹലോകത്തെ ആദർശാത്മകവും ഭാവനാത്മകവുമായി പുനഃസൃഷ്ടിച്ചതാണ്. അതാകട്ടെ, തങ്ങളുടെ പ്രണയത്തെക്കുറിച്ചുള്ള കാഞ്ചനമാലയുടെ വ്യാഖ്യാനവുമാണ്.

കാഞ്ചനമാല പറഞ്ഞുമാത്രം നമുക്കറിയാവുന്ന മുഴുവൻ ആഖ്യാനങ്ങളിലും ആ കഥ അങ്ങനെയാണ്. ജ്യോതിഷ് മുതൽ ഷാജിവരെ; ഡോക്യുഫിക്ഷൻ മുതൽ സിനിമ വരെ. ബ്ലോഗിൽ മുഹമ്മദ് സാദിഖ് എഴുതിയ രചനപോലും വ്യത്യസ്തമല്ല. പക്ഷെ മുഹമ്മദ് സാദിഖിന്റെ ഈ പുസ്തകം ഭിന്നമാണ്. അതിൽ ഒരു ഭാഗമോ ധാരയോ മാത്രമാണ് മൊയ്തീൻ കാഞ്ചനമാലാപ്രണയം. മറുഭാഗവും ധാരയും മൊയ്തീനുശേഷമുള്ള കാഞ്ചനമാലയുടെ ജീവിതമാണ്. അത് മൊയ്തീനു കാഞ്ചന കൊടുത്ത വാക്കിന്റെ തുടർജീവിതമാണ്. അതുവഴി മൊയ്തീൻ കാഞ്ചനമാല പ്രണയത്തെ രാഷ്ട്രീയവൽക്കരിക്കുകയും അവരുടെ ജീവിതത്തെ ചരിത്രവൽക്കരിക്കുകയും ചെയ്യുന്നു, മുഹമ്മദ് സാദിഖ്.

മൊയ്തീന്റെയും കാഞ്ചനമാലയുടെയും പ്രണയത്തോട് ഇരു കുടുംബങ്ങളിലും കൊടിയ എതിർപ്പായിരുന്നു. കാഞ്ചന വീട്ടുതടങ്കലിലായി. മൊയ്തീനെ ബാപ്പ വീട്ടിൽ നിന്നിറക്കി വിട്ടു. പിന്നാലെ മൊയ്തീന്റെ ഉമ്മയെയും. രണ്ടുതവണ മൊയ്തീനെ കൊല്ലാൻ ബാപ്പ ശ്രമിച്ചു. ഒരിക്കൽ വെടിവച്ചും മറ്റൊരിക്കൽ കുത്തിയും. ജോലിക്കാർ വഴിയും സുഹൃത്തുക്കൾവഴിയും പരസ്പരം കത്തുകൾ കൈമാറി അവർ പിടിച്ചുനിന്നു. കത്തെഴുതാൻവേണ്ടി സ്വന്തമായൊരു ലിപിതന്നെ കാഞ്ചന സൃഷ്ടിച്ചു. കഥാകൃത്തും കാൽപ്പന്തുകളിക്കാരനും നീന്തൽതാരവും ചിത്രകാരനും നാടകപ്രവർത്തകനും ചലച്ചിത്രനിർമ്മാതാവും പത്രപ്രവർത്തകനും രാഷ്ട്രീയപ്രവർത്തകനുമൊ ക്കെയായിരുന്നു മൊയ്തീൻ. ഇന്ദിരാഗാന്ധിയോടും വി.വി. ഗിരിയോടും വരെ ബന്ധമുണ്ടാക്കിയ സമർഥൻ. മൂന്നോ നാലോ പ്രശസ്തമായ സിനിമകളിൽ അഭിനയിക്കാൻ ക്ഷണം ലഭിച്ചിട്ടും കാഞ്ചനയുടെ എതിർപ്പുമൂലം അതുപേക്ഷിച്ചു. പലതവണ ഒളിച്ചോടാൻ പദ്ധതിയിട്ടെങ്കിലും ഒന്നും നടപ്പായില്ല. ആറുതവണ കാഞ്ചന ആത്മഹത്യക്കു ശ്രമിച്ചു. വന്ന വിവാഹാലോചനകൾ അവൾ വിചിത്രമാംവിധം മുടക്കി. അനിയത്തിമാരെല്ലാം വിവാഹിതരായി വീടുവിട്ടു. 1982ൽ ഇരുവഞ്ഞിപ്പുഴയിൽ വള്ളം മുങ്ങിയപ്പോൾ അതിലുണ്ടായിരുന്ന മൊയ്തീൻ രണ്ടുപേരെ രക്ഷിച്ച് മരണത്തിനു കീഴടങ്ങി. പുഴകൊണ്ടുപോയ മൊയ്തീനെ പിന്തുടരാൻ കാഞ്ചന ശ്രമിച്ചെങ്കിലും നടപ്പായില്ല. മൊയ്തീന്റെ ഉമ്മ അവളെ, തന്റെ മരുമകളായി സ്വീകരിച്ചു. മൊയ്തീന്റെ വീടും സ്വത്തും തന്റെ മരണശേഷം കാഞ്ചനമാലയ്ക്കാണ് എന്നവർ തീരുമാനിച്ചിരുന്നു.

അലഞ്ഞുതിരിയുന്ന, അഗതികളായ സ്ത്രീകളെ പുനരധിവസിപ്പിക്കാൻ മൊയ്തീൻ തുടങ്ങിയ പ്രവർത്തനങ്ങൾ  'ബി.പി. മൊയ്തീൻ സേവാമന്ദിർ' എന്ന പേരിൽ കാഞ്ചന ഏറ്റെടുത്തു. പല മേഖലകളിലായി മൊയ്തീൻ കണ്ട സ്വപ്നങ്ങൾ സാക്ഷാത്കരിക്കുകയായി പിന്നീട് കാഞ്ചനയുടെ ലക്ഷ്യം. 'ഒരവിവാഹിതന്റെ വിധവ'യായി ആമരണം ജീവിക്കാൻ പ്രതിജ്ഞയെടുത്ത കാഞ്ചന മുക്കത്തും കോഴിക്കോട്ടും എത്രയെങ്കിലും സ്ത്രീപ്രശ്‌നങ്ങളിൽ ഇടപെട്ടും സാമൂഹ്യവിഷയങ്ങളിൽ സജീവമായും മൂന്നുപതിറ്റാണ്ടു പിന്നിട്ടുകഴിഞ്ഞിരിക്കുന്നു. മൊയ്തീൻ സ്വന്തം ജീവിതംകൊണ്ട് തന്നെ പഠിപ്പിച്ച കൂസലില്ലായ്മയുടെയും സ്ഥിതപ്രജ്ഞയുടെയും സാമൂഹ്യബോധത്തിന്റെയും മൗലികതയുടെയും പാഠങ്ങൾ കാഞ്ചന മറന്നില്ല. തങ്ങളുടെ പ്രണയത്തിന് ഒരു മരണാനന്തരജീവിതം സൃഷ്ടിച്ചുനൽകി അവർ ഇന്നും മൊയ്തീന്റെ സ്മരണകൾക്കൊപ്പം ജീവിക്കുന്നു.

പ്രണയധീരതയുടെ മിത്തായി മാറിയ മൊയ്തീന്റെയും കാഞ്ചനമാലയുടെയും കഥ അനിതരസാധാരണമായ ആത്മസമർപ്പണത്തിന്റെകൂടി കഥയാണ്. ബാപ്പ മൊയ്തീനെ കുത്തിക്കൊല്ലാൻ ശ്രമിച്ച 1964 ജൂലൈ പതിനൊന്നിന് കാഞ്ചന തന്റെ കൈഞരമ്പു മുറിച്ചു. ആ ചോരകൊണ്ട് അവർ മൊയ്തീന് ഇങ്ങനെ എഴുതി: 'നമ്മൾ ഒരിക്കലും വേർപിരിയില്ല; വേറൊരാളുടെ കൂടെ ഞാൻ ഒരിക്കലും ജീവിക്കില്ല'. ആ രക്തപ്രതിജ്ഞ അവൾ മൊയ്തീൻ മരിക്കുന്നതുവരെ, പതിനേഴുവർഷവും ആവർത്തിച്ചു.

മതാതീതമായിരുന്നു, മൊയ്തീന്റെ പ്രണയം.

'മൊയ്തീന്റെ സ്‌നേഹങ്ങളിൽ മതമില്ലായിരുന്നു. മൊയ്തീൻ സ്‌നേഹിച്ച പെണ്ണ് വേറെ മതക്കാരിയായിരുന്നു. ആ പെണ്ണിന്റെ പേരിലാണ് പണവും പ്രതാപവുമുള്ള വീടുവിട്ട് മൊയ്തീൻ ഇറങ്ങിപ്പോന്നത്. എന്നിട്ടും അവളെ മൊയ്തീൻ മനസ്സിൽനിന്ന് ഇറക്കിവിട്ടില്ല. ഇരുപതു വർഷത്തിലേറെ പെണ്ണ് വീട്ടുതടങ്കലിലായി. മനസ്സിന്റെ തടങ്കലിലിൽനിന്ന് അവൾ മൊയ്തീനെയും മോചിപ്പിച്ചില്ല. ഒരിക്കലും ഒന്നിക്കാൻ കഴിയില്ലെന്ന് അറിഞ്ഞിട്ടും മൊയ്തീനും അവളും സ്‌നേഹിച്ചു. നാടുമുഴുവൻ കോലാഹലം നടക്കുമ്പോൾ ആരോ മൊയ്തീനോട് പറഞ്ഞു:

'ഓള് മതം മാറ്യാൽ ചെലപ്പോ ബാപ്പ കല്യാണത്തിന് സമ്മതിക്കും'.'

മൊയ്തീന്റെ മറുപടി ഉറച്ചതായിരുന്നു.

'അവൾ മതം മാറ്യാൽ അന്നേരം ഞാൻ അവളെ ഉപേക്ഷിക്കും'.

കാഞ്ചനമാലയുടെ പ്രണയദാർഢ്യം പോലെതന്നെ അചഞ്ചമായിരുന്നു മൊയ്തീന്റെ ധീരതയും സാഹസവും.

'ആദി ആന്ധ്രക്കാരാണ് അവർ. കളിമൺപാത്രങ്ങൾ നിർമ്മിച്ചുവിൽക്കുന്നവർ. വന്നുചേരുന്ന നാടുകളിൽ കിട്ടുന്ന സ്ഥലങ്ങളിൽ കുടിൽകെട്ടി പാർക്കുകയായിരുന്നു അവർ. മുക്കത്തും അങ്ങനെ കുറേപേർ വന്നെത്തി. അതിലൊരു കുടുംബം മുക്കത്തെ പ്രമാണിമാരിൽ ഒരാളുടെ പറമ്പിൽ കുടിൽകെട്ടി പാർക്കുന്നുണ്ടായിരുന്നു. അക്കൂട്ടത്തിൽ സുന്ദരിയായ ഒരമ്മയുണ്ടായിരുന്നു. വെളുത്ത ചെട്ടിച്ചാർമ എന്നാണ് അവരെ വിളിച്ചിരുന്നത്. ആരും നോക്കിപ്പോകും. വാർധക്യം അവരെ അവശയാക്കി. നാട്ടുകാരുമായൊന്നും ഇവർക്ക് വലിയ ബന്ധമില്ല.

രോഗം വന്ന് കിടപ്പിലായപ്പോൾ നോക്കാൻ ആരുമില്ല.

ആരോ പറഞ്ഞ് മൊയ്തീൻ വിവരമറിഞ്ഞു. കൊശോത്തി വെളുത്ത ചെട്ടിച്ചാർമക്ക് തീരേ വയ്യ. മൊയ്തീൻ ഒരു സ്‌ട്രെച്ചറുമായി വന്ന് ആ വയോധികയെ ആശുപത്രിയിലെത്തിച്ചു. പക്ഷേ, അധികം ആയുസ്സുണ്ടായിരുന്നില്ല അവർക്ക്.

മരണവിവരമറിഞ്ഞപ്പോൾ ഭൂവുടമയ്ക്ക് ഒരേ വാശി. ജഡം തന്റെ പറമ്പിൽ അടക്കാൻ പാടില്ല. വേണമെങ്കിൽ പുഴവക്കത്ത് അടക്കിക്കോട്ടെ.

ജഡവുമായി വരുന്നത് മൊയ്തീനാണ്. അന്ന് പൊതുശ്മശാനങ്ങളൊന്നുമില്ല. അവനവന്റെ പറമ്പിൽത്തന്നെയാണ് മരിച്ചവരെ അടക്കം ചെയ്യുക. ഈ കുംഭാരന്മാർക്ക് സ്വന്തമായി മണ്ണില്ല. പുഴവക്കത്ത് മൃതദേഹം അടക്കം ചെയ്യാൻ പറ്റുമോ? ഭൂവുടമ ശൂരനായ തന്റെ മകനോട് പറഞ്ഞു:

'ഞമ്മളെ പറമ്പില് അടക്കാൻ പറ്റൂലാന്ന് ഓലോട് ചെന്നു പറയി'.

മകൻ ചെന്നുനോക്കുമ്പോൾ മൊയ്തീനാണ് സ്ഥലത്തുള്ളത്. മകൻ ഒന്നും പറയാൻ പോയില്ല. തിരിച്ചു ചെന്ന് അയാൾ ബാപ്പയോട് പറഞ്ഞു:

'ബാപ്പ അത് മൊയ്തീനാണ്. അവിടെ അടക്കണ്ടാന്ന് പറഞ്ഞാൽ ഓൻ അത് ഞമ്മളെ മുറ്റത്ത് അടക്കും'.

മൊയ്തീനും സംഘവും ആ വയോധികയുടെ ശരീരം അവരുടെ കുടിലിനോട് ചേർന്ന മണ്ണിൽത്തന്നെ അടക്കി.

മൊയ്തീന് പ്രിയപ്പെട്ട ഒരാളും നാട്ടിലെ പ്രമാണിമാരിൽ ഒരാളും തമ്മിൽ ഒരിക്കൽ അതിർത്തി തർക്കം. മൊയ്തീൻ തന്റെ ചങ്ങാതിക്കു വേണ്ടി കോടതിയിൽനിന്ന് ഇഞ്ചക്ഷൻ വാങ്ങി. ചങ്ങാതിയുടെ അതിരിൽ വേലി കെട്ടുകയും ചെയ്തു. അപ്പോൾ പ്രാമണിയുടെ ശിങ്കിടികൾ ചെന്ന് അദ്ദേഹത്തോടു പറഞ്ഞു.

'മൊയ്തീനെ അങ്ങനെ വിട്ടാൽ പറ്റൂല. ഓൻ കെട്ടിയ വേലി ഞമ്മക്ക് പൊളിക്കണം'.

പ്രമാണിക്ക് മൊയ്തീനെ നന്നായി അറിയാം. അദ്ദേഹം ശിങ്കിടികളെ വിലക്കി.

'ഓനെ ങ്ങക്ക് അറിഞ്ഞൂട. ഇനി ആ വേലി പൊളിക്കാണ്ടെ നോക്കേണ്ടത് ഞമ്മളാ. ങ്ങള് അയിന് കാവലു നിന്നോളി. ഇല്ലേൽ അന്തിക്ക് മൊയ്തീൻ വന്ന് വേലി പൊളിച്ച് ഞമ്മളെ അകത്താക്കും. അത് മൊയ്തീനാ...' '.

മൊയ്തീന്റെയും കാഞ്ചനമാലയുടെയും ജീവിതം മലയാളിക്കു നൽകുന്നത് കേവലപ്രണയത്തിന്റെ കാല്പനികപാഠമല്ല, അസാധാരണമായ ഒരു പ്രണയധീരതയുടെയും അതിന്റെ മരണാനന്തരജീവിതത്തിന്റെയും സാമൂഹ്യപാഠങ്ങൾ തന്നെയാണ്. കാലം, പക്ഷെ കാഞ്ചനയോട് അത്രമേൽ കരുണയൊന്നും കാണിച്ചില്ല. വേണ്ടവിധത്തിൽ രജിസ്റ്റർ ചെയ്യാതിരുന്നതുമൂലം, മൊയ്തീന്റെ ഉമ്മ അവൾക്കു വിട്ടുനൽകിയ സ്വത്തുകളിൽ ഒരു ബന്ധു അവകാശമുന്നയിച്ചു കോടതി കയറി. വിധി കാഞ്ചനക്കെതിരായി. അങ്ങനെ കാഞ്ചനയുടെ നഷ്ടം മൊയ്തീന്റെയും നഷ്ടമായി. യഥാർഥത്തിൽ അത് അവരുടെയും നഷ്ടമല്ല, ഒരു സമൂഹത്തിന്റെതന്നെ നഷ്ടമാണ്. കാരണം, തങ്ങളുടെ പ്രണയത്തെ അതിന്റെ മുഴുവൻ നഷ്ടസ്വപ്നങ്ങളിലും നിന്ന് വളർത്തി സാമൂഹ്യബോധത്തിലേക്കു വിവർത്തനം ചെയ്ത് മൊയ്തീനും കാഞ്ചനമാലയും സൃഷ്ടിച്ചു കർമമണ്ഡലത്തിന്റെ കടയ്ക്കലാണ് കോടതിവിധി കത്തിവച്ചത്.

പുസ്തകത്തിൽനിന്ന്

'തോണി പുറപ്പെടാൻ നേരത്താണ് മാളികത്തറയ്ക്കൽ അബ്ദുല്ല ഓടിവരുന്നത്. അയാൾ കെ.എസ്.ആർ.ടി.സി.ക്ക് പോകേണ്ട ആൾ. ഈ തോണിയിൽ കയറിയില്ലെങ്കിൽ അയാൾക്ക് ബസ് കിട്ടില്ല. ആളുകൾ അയാളോട് പറയുന്നുണ്ട്.
'ഈല് കേറല്ലീ......'
'കേറാഞ്ഞാൽ പറ്റൂല. ബസ് കിട്ടൂല'.
'ഇപ്പം തന്നെ ആളു കൂടുതലാ. ആളുകൂടി തോണി മറിഞ്ഞാലോ'.
'മറിഞ്ഞാലും ഞമ്മക്ക് നീന്താലോ'. അബ്ദുല്ലക്ക് തമാശ.
അപ്പോൾ മൊയ്തീൻ ഇടപെട്ടു.
'നീന്താൻ അറിയാത്തോല് ഉണ്ടെങ്കിലോ'.
മൊയ്തീന്റെ കൂടെയുള്ള മച്ചുനൻ ഉസ്സൻ കുട്ടിക്ക് നീന്താനറിയില്ല. ചേന്ദമംഗല്ലൂരിലെ കോയസ്സൻ മാസ്റ്ററുടെ ഭാര്യ ആയിശയുടെ കൂടെ മൂന്നു മക്കളുണ്ട്. ഒരു കുട്ടി അവരുടെ ഒക്കത്തും, രണ്ടു കുട്ടികൾ അവരുടെ ആങ്ങളെ കെ.എം. വഹാബിന്റെ കൈയിലുമാണ്.
തോണി കരയോട് അടുത്തുകൊണ്ടിരിക്കുന്നു. അന്നേരം പഴയൊരു തോണിയാത്രയുടെ ഓർമകൾ മൊയ്തീന്റെ മനസ്സിൽ വന്നിട്ടുണ്ടാകുമോ?
മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബുമൊത്തുള്ള ആ തോണിയാത്ര.
അന്ന് തന്നെ ഈ പുഴയിലേക്ക് എടുത്തിടട്ടെ എന്ന് സാഹിബ് ചോദിച്ചപ്പോൾ എത്ര ആത്മവിശ്വാസത്തോടെയാണ് കുട്ടിയായിരുന്ന മൊയ്തീൻ മറുപടി പറഞ്ഞത്.
'ട്ടോളീ.... യ്ക്ക് നീന്താനറിയാലോ. ഞാൻ നീന്തി അക്കരെ പറ്റും'.
അബ്ദുല്ല തോണിയിൽ കയറി. അക്കൊല്ലം പുതിയ കരാറുകാരാണ് കടത്ത് ഏറ്റെടുത്തത്. സാധാരണ കടത്തുകാരനായ അബ്ദുറഹ്മാൻ അല്ല. വെള്ളരിമലയിൽ ഉരുൾപൊട്ടിയതിനാൽ പുഴയിൽ നല്ല വെള്ളവും ശക്തമായ ഒഴുക്കുമുണ്ട്. മാടത്തിൽ അബൂബക്കറാണ് അമരത്തിരിക്കുന്നത്. കഴുക്കോൽ അവന്റെ ജ്യേഷ്ഠൻ റസാഖിന്റെ കൈയിലാണ്. സർവശക്തിയുമെടുത്ത് അവർ തോണി മേലോട്ട് തുഴയുകയാണ്.
വെള്ളവും തോണിയും ഒരു വിരൽപാടിന്റെ അകലമേയുള്ളൂ. എന്നാലും ആർക്കും ഒരു ഭയവുമില്ല. എല്ലാവരും എന്നും യാത്ര ചെയ്യുന്നവരാണ്. തോണി ഒരുപാടു മുകളിലെത്തിയശേഷം മറുകര ലക്ഷ്യമാക്കി നീങ്ങുകയാണ്. പെട്ടെന്ന് വലതു വശത്തേക്ക് ഒന്നു ചരിഞ്ഞു. നല്ല തിരയും ചുഴികളുമുണ്ട്. കുറച്ചു വെള്ളം അകത്തുകയറി. ആളുകൾ ഭയന്നു ബഹളംവച്ചു. ആരും അനങ്ങരുതെന്ന് മൊയ്തീൻ വിളിച്ചുപറഞ്ഞു. തോണി നേരെയായപ്പോൾ എല്ലാവർക്കും ആശ്വാസം. കുറച്ചുകൂടി മുന്നോട്ടു പോയപ്പോൾ തോണി ഇടതുവശത്തേക്കു ചരിഞ്ഞു. അതോടെ യാത്രക്കാരും ചരിഞ്ഞു. തോണിയിൽ വെള്ളം കയറി. ഉസ്സൻകുട്ടിയാണ് ആദ്യം വീണത്. അദ്ദേഹം വെള്ളത്തിൽ മുങ്ങിപ്പോയി. തോണി മറിഞ്ഞു.
മൊയ്തീൻ പെട്ടെന്ന് തന്റെ അടുത്തുനില്ക്കുകയായിരുന്ന ആയിശയെ പിടിച്ച് മറിഞ്ഞ തോണിയുടെ പുറത്ത് പിടിപ്പിച്ചു. അവർ ഒക്കത്തുള്ള കുട്ടിയെ മുറുകെ പിടിച്ചിരുന്നു. മൊയ്തീൻ ആ തോണി തള്ളി കരയിലേക്കു നീങ്ങി. രണ്ടു ജീവനാണ് കൈയിൽ. ആ വരവുകണ്ട് അക്കരെ കുളിക്കുകയായിരുന്ന അമ്പലക്കണ്ടി അബ്ദുൽ ഗഫൂറും തളത്തിൽ അയമും തോണി വലിച്ചു കരയടുപ്പിച്ചു. ആ അമ്മയും കുഞ്ഞും രക്ഷപ്പെട്ടു. പക്ഷേ, അവരുടെ രണ്ടു മക്കളും ആങ്ങളയും വെള്ളത്തിലുണ്ട്. മൊയ്തീന്റെ മച്ചുനൻ ഉസ്സൻ കുട്ടിയും വെള്ളത്തിലുണ്ട്. മൊയ്തീൻ കരയിൽ കയറാതെ തിരിച്ചു നീന്തി. ഗഫൂർ കരയിലേക്ക് കയറാൻ കൈകൊടുത്തപ്പോൾ മൊയ്തീൻ പറഞ്ഞു. എന്നെ നോക്കേണ്ട, ബാക്കിയുളേളാരെ നോക്ക്.
ഈ സമയം നൗഷാദ് പുസ്തകവും കുടയും ഉപേക്ഷിച്ച് താഴെ എവിടെയോ കരപറ്റിയിരുന്നു. അപ്പോൾ അവന്റെ മുന്നിലൂടെ അവന്റെ എളാമ ശരീഫ ഒഴുകിപ്പോകുകയാണ്. പാവാട കാലിൽ ചുറ്റിയ കാരണം അവൾക്ക് നീന്താൻ പറ്റുന്നില്ല. അവൻ കരയിൽനിന്ന് ആർത്തുവിളിച്ചു.
ശരീഫ അത്രയും നേരം സഹോദരൻ മജീദിന്റെ കൈയിലായിരുന്നു. നീന്തിത്തളർന്നപ്പോൾ രണ്ടിൽ ഒരാൾക്ക് രക്ഷപ്പെടാമെന്നു പറഞ്ഞ് മജീദ് അവളെ കടുത്ത ഹൃദയവേദനയോടെ കൈവിടുകയായിരുന്നു. താഴെ പുഴ വളയുന്നിടത്ത് വെള്ളത്തിന്റെ ഒഴുക്ക് കരയോടു ചേർന്നാണ്. ആ ഭാഗത്തേക്കുള്ള തള്ളലിൽ താഴേക്ക് തൂങ്ങിനിന്ന കായൽക്കൂട്ടത്തിൽ ശരീഫയ്ക്ക് പിടിത്തം കിട്ടി. കരയിലൂടെ ഓടിവരുന്ന നൗഷാദിനെ അവൾ വിളിച്ചു കരയുന്നുണ്ടായിരുന്നു. രക്ഷാപ്രവർത്തകർ തോണി കൊണ്ടുവന്ന് അവളെ കരക്കെത്തിച്ചു.
നൗഷാദ് കരപറ്റിയതിനു തൊട്ടുപിന്നാലെ അപ്പോഴേക്കും മജീദും വന്നുപറ്റിയിരുന്നു. അപ്പോഴേക്കും ആയിശയുടെ ഒരു കുട്ടിയുമായി വഹാബും വന്നുപറ്റി. അവന്റെ കൈയിൽ ഒരു കുട്ടിയേ ഉണ്ടായിരുന്നുള്ളു. അംജ്തമോൻ പോയെന്ന് പറഞ്ഞ് അവൻ അലറിക്കരഞ്ഞു.
വയോധികനായ ആശാരി ചെക്കുട്ടി നീന്തി കരപറ്റി. നീന്തുമ്പോൾ വെള്ളത്തിനടിയിൽനിന്ന് അയാളുടെ കാലിൽ ആരോ മുറുക്കി പിടിച്ചിരുന്നു. മറ്റേ കാലുകൊണ്ട് അയാൾ ചവിട്ടി ഒഴിവാക്കുകയായിരുന്നു. അല്ലെങ്കിൽ ചെക്കുട്ടിക്കും രക്ഷപ്പെടാൻ പറ്റില്ല. ഒരു താടിക്കാരനാണെന്നേ അയാൾക്കറിയൂ. അത് ഉസ്സൻ കുട്ടിയായിരിക്കണം. മുക്കത്ത് വിദ്യാർത്ഥിയായിരുന്ന പി.വി. മുഹമ്മദലി പുസ്തകക്കെട്ടുകൾ പോലും നനയാതെ നീന്തി കരപറ്റി. തോണി മറിഞ്ഞാൽ നീന്താമെന്ന് പറഞ്ഞ അബ്ദുല്ലയും നീന്തി കരകയറി. കുന്ദമംഗലത്തുകാരൻ അമ്മദും രക്ഷപ്പെട്ടു. കടത്തുകാരായ അബൂബക്കറും റസാഖും പങ്കായവും കഴുക്കോലുമൊന്നും നഷ്ടപ്പെടാതെ നേരെ കരയിലേക്കു രക്ഷപ്പെട്ടു.
അപ്പോഴേക്കും മൊയ്തീൻ ഒഴുക്കിൽ കുറെ താഴേക്ക് എത്തിയിരുന്നു. മച്ചുനൻ ഉസ്സൻ കുട്ടിക്ക് നീന്താനറിയില്ലെന്ന് മൊയ്തീനറിയാം. അവന് എന്ത് സംഭവിച്ചിരിക്കുമെന്ന ഭയം മൊയ്തീനെ തളർത്തിയിട്ടുണ്ടാകുമോ? താഴെ പുഴയുടെ വളവിൽ കരയിലേക്ക് അടുക്കാൻ മൊയ്തീന്ന് പറ്റുന്നില്ല. ഗഫൂർ എറിഞ്ഞുകൊടുത്ത കയർ എത്തുന്നില്ല. അതിൽ പിടിച്ച് എങ്ങനെയെങ്കിലും രക്ഷപ്പെടാൻ ഗഫൂർ അലറുന്നുണ്ടായിരുന്നു. നൗഷാദ് വീർപ്പടക്കി ആ രംഗം നോക്കിനിന്നു. പക്ഷേ, ആ കയറിൽ പിടിക്കാൻ കഴിയുന്നതിന് മുൻപേ മൊയ്തീൻ തളർന്നു പോയിരുന്നു. ഗഫൂർ കരയിലുണ്ടായിരുന്ന മരത്തടി വെള്ളത്തിലേക്ക് ഇട്ടുകൊടുത്തെങ്കിലും അതിലും പിടിക്കാൻ പറ്റിയില്ല. പെട്ടെന്ന് മൊയ്തീൻ മുങ്ങിപ്പോയി. ഒന്നു പൊങ്ങി, കൈ മേലോട്ട് ഉയർത്തി 'ഉമ്മാ' എന്നൊരു വിളി... പിന്നെ കണ്ടിട്ടില്ല.
എന്തായിരിക്കും മൊയ്തീന് സംഭവിച്ചത്? മുൻപ് കുത്തേറ്റ വയറിന്റെ ഭാഗത്ത് ചിലപ്പോൾ ഒരു കോച്ചിപ്പിടുത്തം അനുഭവപ്പെടാറുണ്ട്. അങ്ങനെയെന്തെങ്കിലും സംഭവിച്ചു കാണുമോ? കുത്തിന് ശേഷം എഴുതുമ്പോൾ പോലും കൈ വിറയ്ക്കുമായിരുന്നു. തിരുവനന്തപുരത്തുവച്ച് അവസാനമായി രാഗിണിയെ കണ്ടപ്പോഴും തനിക്ക് പഴയ ആരോഗ്യമില്ലെന്ന് മൊയ്തീൻ പറഞ്ഞിരുന്നു. പ്രിയപ്പെട്ട ആ മകനെ പുഴ കൊണ്ടുപോയി. മൂന്നാം ദിവസമാണ് മൊയ്തീന്റെ ജഡം കിട്ടിയത്. ആ ജഡത്തിൽ ഒരു പരിക്കുമുണ്ടായിരുന്നില്ല. കണ്ണിനു താഴെ മീൻ കൊട്ടിയപോലെ ഒരു പാട്. മൂന്നു ദിവസം വെള്ളത്തിൽ കിടന്ന ജഡമാണെന്ന് തോന്നുകയേ ഇല്ല. ആ മുഖത്തെ തേജസ്സ് അപ്പോഴും മാഞ്ഞുപോയിരുന്നില്ല.
ഉസ്സൻ കുട്ടിയുടെ ജഡം നാലാം ദിവസമാണ് കിട്ടിയത്. അംജത് മോനെ ഒരിക്കലും കിട്ടിയില്ല.
അമ്പലക്കണ്ടി ഗഫൂറിനൊപ്പം മൊയ്തീനേയും രാഷ്ട്രം ജീവൻ രക്ഷാപതക്കം നല്കി ആദരിച്ചു. മൊയ്തീന് മരണാനന്തര ബഹുമതിയായിരുന്നു അത്'.

മൊയ്തീൻ കാഞ്ചനമാല
പി.ടി. മുഹമ്മദ് സാദിഖ്
മാതൃഭൂമിബുക്‌സ്
2015, 120 രൂപ

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP