Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇർഷാദ് പുഴയിൽ ചാടിയെന്ന് അറസ്റ്റിലായവർ; പുറക്കാട്ടിരി പാലത്തിൽ നിന്നൊരാൾ പുഴയിൽ ചാടിയെന്നും കാർ വേഗത്തിൽ വിട്ടു പോയെന്നും നാട്ടുകാർ; കൊയിലാണ്ടി കടപ്പുറത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തിയതിൽ സംശയം; മാതാപിതാക്കളുടെ ഡിഎൻഎ പരിശോധിക്കും

സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇർഷാദ് പുഴയിൽ ചാടിയെന്ന് അറസ്റ്റിലായവർ; പുറക്കാട്ടിരി പാലത്തിൽ നിന്നൊരാൾ പുഴയിൽ ചാടിയെന്നും കാർ വേഗത്തിൽ വിട്ടു പോയെന്നും നാട്ടുകാർ; കൊയിലാണ്ടി കടപ്പുറത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തിയതിൽ സംശയം; മാതാപിതാക്കളുടെ ഡിഎൻഎ പരിശോധിക്കും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പന്തിരിക്കരയിൽ നിന്ന് സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇർഷാദിനെ കണ്ടെത്താൻ അന്വേഷണം തുടരുന്നതിനിടെ മാതാപിതാക്കളെ ഡിഎൻഎ പരിശോധനയ്ക്ക് വിധേയരാക്കാൻ അന്വേഷണ സംഘം. ഇതിനായി ഇരുവരുടെയും രക്ത സാംപിൾ ശേഖരിച്ചു. കൊയിലാണ്ടി കടൽത്തീരത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ച സാഹചര്യത്തിലാണ് പരിശോധന. പേരാമ്പ്ര കോടതിയുടെ അനുമതിയോടെയാണ് നടപടി.

കോഴിക്കോട് പന്തിരിക്കര സ്വദേശി ഇർഷാദിനെ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയതായി ബന്ധുക്കൾക്ക് വിവരം ലഭിച്ച് ഒരു മാസം കഴിഞ്ഞിട്ടും ഇതുവരെ കണ്ടെത്താനായില്ല. തട്ടിക്കൊണ്ടുപോയ സംഘത്തിലെ രണ്ട് പേർ കൂടി ഇന്ന് അറസ്റ്റിലായെങ്കിലും ഇർഷാദ് എവിടെയെന്ന കാര്യത്തിൽ വ്യക്തതയില്ല. തങ്ങളുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട ഇർഷാദ് പുഴയിൽ ചാടിയെന്നാണ് അറസ്റ്റിലായവരുടെ മൊഴി.

വിദേശത്ത് നിന്ന് കൊടുത്തുവിട്ട സ്വർണം കൈമാറാതെ കബളിപ്പിച്ച ഇർഷാദിനെ തട്ടിക്കൊണ്ട് പോയെന്നും തടവിൽ പാർപ്പിച്ച കേന്ദ്രത്തിൽ നിന്ന് മറ്റൊരിടത്തേക്ക് മാറ്റുന്നതിനിടെ, പുഴയിൽ ചാടി രക്ഷപ്പെട്ടെന്നുമാണ് ഇവരുടെ മൊഴി. ഈ സാഹചര്യത്തിൽ പൊലീസ് അന്വേഷണം കൂടുതൽ ഊർജിതമാക്കിയിരുന്നു.

കഴിഞ്ഞ മാസം 15ന് പുറക്കാട്ടിരി പാലത്തിന് മുകളിൽ നിന്ന് ഇർഷാദ് പുഴയിൽ ചാടിയെന്നാണ് വിവരം. ഇത് ശരിവയ്ക്കുന്ന ചില വിവരങ്ങൾ നാട്ടുകാരിൽ നിന്ന് പൊലീസിന് കിട്ടിയിട്ടുണ്ട്. കാറിലെത്തിയ സംഘത്തിലൊരാൾ പുഴയിലേക്ക് ചാടിയെന്നും കാർ വേഗത്തിൽ വിട്ടു പോയെന്നുമാണ് നാട്ടുകാർ നൽകിയ വിവരം. ഈ സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷം കൊയിലാണ്ടി കടപ്പുറത്ത് ഒരു യുവാവിന്റെ ജീർണിച്ച നിലയിലുള്ള മൃതദേഹം കണ്ടെത്തിയിരുന്നു.

മേപ്പയൂർ സ്വദേശിയായ മറ്റൊരു യുവാവിന്റെ മൃതദേഹമെന്ന നിഗമനത്തിൽ അന്നുതന്നെ സംസ്‌കാരവും നടത്തി. എന്നാൽ ഇക്കാര്യത്തിൽ ബന്ധുക്കളിൽ ചിലർ സംശയം പ്രകടിപ്പിച്ച സാഹചര്യത്തിൽ ഡിഎൻഎ സാംപിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന്റെ ഫലം വരുന്ന ദിവസങ്ങളിൽ കിട്ടും. സംസ്‌കരിച്ചത് മേപ്പയൂർ സ്വദേശിയായ യുവാവിന്റെ മൃതദേഹമല്ലെന്നാണ് ഡിഎൻഎ ഫലമെങ്കിൽ ഇർഷാദിന്റെ മാതാപിതാക്കളിൽ നിന്ന് സാംപിൾ സ്വീകരിച്ച് ഈ ഫലവുമായി ഒത്തു നോക്കാനാണ് നീക്കമെന്ന് അന്വേഷണ സംഘം അറിയിച്ചിരുന്നു.

ആദ്യം അറസ്റ്റിലായ പിണറായി സ്വദേശി മുർഷിദിന്റെ മൊഴി പ്രകാരമാണ് ഇന്ന് വയനാട്ടിൽ നിന്ന് രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തത്. ഇന്ന് അറസ്റ്റിലായ വൈത്തിരി സ്വദേശി ഷെഹീലും കൽപ്പറ്റ സ്വദേശി ജിനാഫും ഇർഷാദിനെ തട്ടിക്കൊണ്ടുപോയ സംഘത്തിൽ ഉൾപ്പെട്ടവരെന്നാണ് പൊലീസ് പറയുന്നത്. അറസ്റ്റിലായ മൂന്ന് പേരും നൽകിയ നിർണായക വിവരത്തെ കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ അന്വേഷണം.

ദുബായിൽ നിന്ന് ഇക്കഴിഞ്ഞ മെയ്‌ മാസത്തിലാണ് ഇർഷാദ് നാട്ടിലെത്തുന്നത്. അതിന് ശേഷം കോഴിക്കോട് നഗരത്തിൽ ജോലി ചെയ്യുകയായിരുന്നു. ഈ മാസം ആറിനാണ് അവസാനമായി ഇയാൾ വീട്ടിലേക്ക് വിളിച്ചത്. പിന്നീട് ഒരു വിവരവുമില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇതിനിടെ, വിദേശത്തുള്ള സഹോദരന്റെ ഫോണിലേക്ക് വാട്‌സാപ് വഴി ഭീഷണി സന്ദേശം എത്തി. ഇർഷാദിനെ കെട്ടിയിട്ട ഫോട്ടോയും സംഘം സഹോദരന്റെ ഫോണിലേക്ക് അയച്ചു കൊടുത്തു. ദുബായിൽ നിന്ന് വന്ന ഇർഷാദിന്റെ കയ്യിൽ കൊടുത്തു വിട്ട സ്വർണം തിരികെ വേണമെന്നും ഇല്ലെങ്കിൽ കൊന്നുകളയുമെന്നുമാണ് ഇവരുടെ ഭീഷണി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP