Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തായ് വാനെ പിടിച്ചടക്കി പകവീട്ടാൻ ഒരുങ്ങി ഷീ; കലിപൂണ്ട ചൈന തായ് വാനെ ആക്രമിച്ചാൽ ലോകം നേരിടാൻ പോകുന്നത് കരകയറാനാകാത്ത പ്രതിസന്ധിയെ; പട്ടിണികൊണ്ട് പതിനായിരങ്ങൾ മരിക്കുന്നത് ചൈനയിൽ തന്നെ; ക്ഷാമം കൊണ്ട് വലയുക പാശ്ചാത്യ ലോകവും; ഐഫോണും കമ്പ്യുട്ടർ ചിപ്പുകളും കിട്ടാക്കനിയായേക്കും; യുക്രെയിൻ യുദ്ധത്തേക്കാൾ എന്തുകൊണ്ട് തായ് വാൻ യുദ്ധം മാരകമാവും ?

തായ് വാനെ പിടിച്ചടക്കി പകവീട്ടാൻ ഒരുങ്ങി ഷീ; കലിപൂണ്ട ചൈന തായ് വാനെ ആക്രമിച്ചാൽ ലോകം നേരിടാൻ പോകുന്നത് കരകയറാനാകാത്ത പ്രതിസന്ധിയെ; പട്ടിണികൊണ്ട് പതിനായിരങ്ങൾ മരിക്കുന്നത് ചൈനയിൽ തന്നെ; ക്ഷാമം കൊണ്ട് വലയുക പാശ്ചാത്യ ലോകവും; ഐഫോണും കമ്പ്യുട്ടർ ചിപ്പുകളും കിട്ടാക്കനിയായേക്കും; യുക്രെയിൻ യുദ്ധത്തേക്കാൾ എന്തുകൊണ്ട് തായ് വാൻ യുദ്ധം മാരകമാവും ?

മറുനാടൻ മലയാളി ബ്യൂറോ

മോങ്ങാനിരുന്ന നായയുടെ തലയിൽ തേങ്ങവീണ അവസ്ഥയായി അമേരിക്കൻ ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസിയുടെ തായ് വാൻ സന്ദർശനം നാൻസി പെലൊസി രാജ്യം വിട്ട ഉടൻ തന്നെ ഡസൻ കണക്കിന് ചൈനീസ് യുദ്ധ വിമാനങ്ങളാണ് തായ് വാന്റെ വ്യോമാതിരിത്തി ലംഘിച്ച് കടന്നു കയറിയത്. ശക്തമായ തിരിച്ചടി ലഭിക്കുമെന്നും ചൈന തായ് വാന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 16 റഷ്യനി നിർമ്മിത സു -30 ജെറ്റുകൾ ഉൾപ്പടെ 27 യുദ്ധവിമാനങ്ങളായിരുന്നു തായ് വാൻ അതിർത്തിയിലേക്ക് കടന്നു കയറിയത്.

അതേസമയം ചൈനയുമായി ഒരു യുദ്ധത്തിന് ആഗ്രഹിക്കുന്നില്ല എന്നും, എന്നാൽ അതിന് നിർബന്ധിക്കപ്പെട്ടാൽ ഭയന്ന് പിന്മാറില്ലെന്നും തായ് വാൻ സൈനിക നേതൃത്വം വ്യക്തമാക്കി. തായ് വാന്റെ സ്വാതന്ത്ര്യം, പരമാധികാരം, ജനാധിപത്യം എന്നിവയൊന്നും തകർക്കാൻ ആരെയും അനുവദിക്കില്ല എന്നും അവർ വ്യക്തമാക്കി. അതേസമയം, തായ് വാനു ചുറ്റും നടക്കുന്ന ചൈനയുടെ സൈനിക പരിശീലനങ്ങളെ ജി 7രാജ്യങ്ങളുടെ സഖ്യം അപലപിച്ചു. തായ് വാൻ കടലിടുക്കിൽ സൈനിക പ്രകടനം നടത്താൻ ഒരു സന്ദർശനം ഒരിക്കലും ഒരു കാരണമല്ലെന്ന് അവർ പറഞ്ഞു.

ഉടൻ നടക്കാനിരിക്കുന്ന പാർട്ടി കോൺഗ്രസ്സിൽ മൂന്നാം തവണയും നേതൃസ്ഥാനം ഏറ്റെടുക്കാൻ ഇരിക്കുന്ന ഷീ ജിൻപിംഗിന് പക്ഷെ പെലോസിയുടെ സന്ദർശനം ഒരു തിരിച്ചടി തന്നെയായിരുന്നു. അതു തന്നെയാണ് അദ്ദേഹത്തെ കോപിഷ്ഠനാക്കിയിരിക്കുന്നതും. മാവോയ്ക്ക് ശേഷം ചൈന കണ്ട മഹാനായ നേതാവ് എന്ന്‌പേര് ലഭിക്കാൻ തായ് വാനെ കൂടി ചൈനയോട് കൂട്ടിച്ചേർക്കാനാണ് ഷീ ആഗ്രഹിക്കുന്നത്.

ചൈന - തായ് വാൻ സംഘർഷങ്ങളുടെ ചരിത്രം

തെക്കൻ ചൈനയുടെ തീരത്തു നിന്നും 80 മൈലോളം അകലെയായി തെക്കൻ ചൈന കടലിൽ സ്ഥിതിചെയ്യുന്ന ഒരു കൂട്ടം ദ്വീപുകൾ അടങ്ങിയതാണ് തെയ്വാൻ എന്ന രാജ്യം. വിവിധ കാലഘട്ടങ്ങളിലായി ഡച്ചുകാർ, ചൈനയിലെ ക്വിങ് രാജാക്കന്മാർ, ജപ്പാൻ സാമ്രാജ്യം എന്നിവരുടെ കീഴിൽ ആയിരുന്ന ഇവിടത്തെ ജനസംഖ്യ 23 ദശലക്ഷം ആണ്. ചൈനായും തായ് വാനുമായുള്ള തർക്കത്തിന് ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്.

ചൈനയിലെ അവസാന രാജവംശമായ ക്വിങ് വശത്തെ അധികാര ഭ്രഷ്ടരാക്കി റിപ്പബ്ലിക് ഓഫ് ചൈന സ്ഥാപിതമായ 1911 ൽ ആണ് ഈ ശത്രുത ആരംഭിക്കുന്നത്. പുതിയ രാജ്യം സ്ഥാപിതമായെങ്കിലും അഭ്യന്തര കലാപങ്ങളാൽ കലുഷിതമായിരുന്നു ചൈനയിലെ അന്തരീക്ഷം. രാജഭക്തന്മാരും, ഭൂവുടമകളും പോലുള്ളവർ പുതിയ സർക്കാരിനെതിരെ പോരാട്ടം തുടങ്ങിയപ്പോൾ ചൈനീസ് നാഷണലിസ്റ്റ് പാർട്ടി ചൈനീസ് കമ്മ്യുണിസ്റ്റ് പാർട്ടിയുമായി സഖ്യമുണ്ടാക്കി. 1927- ഈ സഖ്യം ഭൂവുടമകൾക്കെതിരെ സമരം പ്രഖ്യാപിച്ചതോടെ ആഭ്യന്തര യുദ്ധം കനത്തു.

ഭൂവുടമകളുടെയും രാജഭക്തരുടെയും വിഭാഗങ്ങൾക്കെതിരെ വിജയം കൈവരിക്കാൻ ആയെങ്കിലും ആ സഖ്യം അധികനാൾ നീണ്ടു നിന്നില്ല. ഏറെ താമസിയാതെ തന്നെ നാഷണലിസ്റ്റ് പാർട്ടിയും കമ്മ്യുണിസ്റ്റ് പാർട്ടിയും വേർപിരിയുകയും തമ്മിൽ പോരാടാൻ ആരംഭിക്കുകയും ചെയ്തു. 1931 ആയപ്പോഴേക്കും ചൈനയുടെ ഭൂരിഭാഗം പ്രദേശങ്ങളും നാഷണലിസ്റ്റ് പാർട്ടിയുടെ നിയന്ത്രണത്തിലായി. എന്നാൽ രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാൻ, ചൈന ആക്രമിച്ചതോടെ കമ്മ്യുണിസ്റ്റുകൾക്ക് എതിരെയുൾല പോരാട്ടം നാഷണലിസ്റ്റ് പാർട്ടിക്ക് തത്ക്കാലത്തേക്ക് നിർത്തേണ്ടി വന്നു.

1945-ൽ ജപ്പാൻ കീഴടങ്ങിയതോടെ രണ്ടാം ലോക മഹായുദ്ധത്തിന് അറുതിയായി. ഇതോടെ ചൈനയിലെ ആഭ്യന്തരയുദ്ധം പുനരാരംഭിക്കുകയും ചെയ്തു. എന്നാൽ, അപ്പോഴേക്കും സോവിയറ്റ് യൂണിയന്റെ പിന്തുണ നേടാനായ ചൈനീസ് കമ്മ്യുണിസ്റ്റ് പാർട്ടി കൂടുതൽ കരുത്തരായി കഴിഞ്ഞിരുന്നു. 1949 ആയപ്പോഴേക്കും ചൈനയിൽ ആകെ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ അധിപത്യമായി. മാവോയുടെ നേതൃതവത്തിൽ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന രൂപീകരിച്ചതോടെ നാഷണലിസ്റ്റ് പാർട്ടിക്കാർ തെയ്വാൻ ദ്വീപുകളിലേക്ക് വലിഞ്ഞ് അവിടെ തങ്ങളുടെ രാഷ്ട്രം സ്ഥാപിച്ചു.

തായ് വാൻ ഒരു സ്വതന്ത്ര രാഷ്ട്രമാണെന്നാണ് അവകാശപ്പെടുന്നതെങ്കിലും, ചൈന ഒരിക്കലും അത് അംഗീകരിച്ചിരുന്നില്ല. രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ് വർഷങ്ങളോളം അമേരിക്ക പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയെ അംഗീകരിച്ചിരുന്നില്ല. അതിനാൽ ചൈനയുമായുള്ള ബന്ധമെല്ലാം തായ് വാനുമായായിരുന്നു പുലർത്തിയിരുന്നത്. 1950-ൽ ചൈനയിലെ കമ്മ്യുണിസ്റ്റ് ഭരണകൂടം തായ് വാനിലെ ചില ദ്വീപുകളിൽ പടനീക്കം നടത്തിയപ്പോൾ തായ് വാനെ സഹായിക്കുവാൻ അമേരിക്ക നാവിക പട എത്തിയിരുന്നു.

അമേരിക്കയുടെ മനമാറ്റവും ആധുനിക ചൈനയും

പീപ്പിൾസ് റിപ്പ്ബ്ലിക്ക് ഓഫ് ചൈനയെ അമേരിക്ക അംഗീകരിച്ചിരുന്നില്ല. എന്നാൽ മാവോയുടെ മരണത്തിനു ശേഷം കാര്യങ്ങൾ വളരെ വേഗത്തിലായിരുന്നു മാറിമറിഞ്ഞത്. 1976-ൽ അധികാരത്തിലെത്തിയ ഡെംഗ് സിയാവോപിങ് മാവോയുടെ തത്വശാസ്ത്രങ്ങളെ നിരാകരിച്ച് ചൈനയെ ലോകത്തിന്റെ മുൻനിരയിലെത്തിക്കാൻ മുതലാളിത്തവുമായി ഒത്തുചേരുന്ന സാഹചര്യം ഉണ്ടായി. ചൈനയുടെ ഈ മനം മാറ്റത്തിനെ തുടർന്ന് 1979-ൽ അമേരിക്ക ചൈനയെ അംഗീകരിക്കുകയും അന്നത്തെ പ്രസിഡണ്ട് ജിമ്മി കാർട്ടറുമായി കരാറിൽ ഒപ്പു വയ്ക്കുകയും ചെയ്തു.

ഈ കരാറിന്റെ ഭാഗമായി ഒരേയൊരു ചൈന മാത്രമേയുള്ളു എന്ന് അമേരിക്ക അംഗീകരിച്ചു. അത് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയാണ്. തായ് വാൻ ചൈനയുടെ ഭാഗമാണെന്നും അമേരിക്ക ഈ കരാർ വഴി അംഗീകരിച്ചു. എന്നാൽ, അമേരിക്കൻ കോൺഗ്രസ്സിൽ ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു. തുടർന്ന് സ്വയം പ്രതിരോധ ആവശ്യങ്ങൾക്കായി തായ് വാന് ആയുധങ്ങൾ നൽകുന്നതിനുള്ള ഒരു നിയമം കോൺഗ്രസ്സ് പാസ്സാക്കുകയും ചെയ്തു.

നിലവിലെ പ്രതിസന്ധിയുടെ ആരംഭം

നിലവിലെ പ്രതിസന്ധിയുടെ ഏറ്റവും അടിസ്ഥാനമായ ഘടകം ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിംഗിന്റെ തൻ പോരിമയാണെന്ന് നിസ്സംശയം പറയാം. ലോകാധിപധി ആകണമെന്ന അതിമോഹവുമായി നടക്കുന്ന ഷീ, കടക്കെണിയിലൂടെയും മറ്റും ലോകത്തിന്റെ പല ഭാഗങ്ങളിലും ചൈനീസ് കോളനികൾ സ്ഥാപിക്കുന്ന ഒരു സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്. അതിന്റെ ഭാഗമായിട്ടായിരുന്നു, ചൈന തങ്ങളുടേതെന്നും തായ് വാൻ അവരുടേതെന്നും വിശ്വസിക്കുന്ന തായ് വാൻ ചൈനയോട് കൂട്ടിച്ചേർക്കാൻ അദ്ദേഹം ആഗ്രഹിച്ചത്.

ആദ്യം ചൈനയിൽ ചേരാൻ തായ് വാനോട് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുകയായിരുന്നു ഷീ. എന്നാൽ അത് നിരാകരിക്കപ്പെട്ടപ്പോൾ ഭീഷണിയുടെ സ്വരങ്ങൾ ഉയർത്താൻ തുടങ്ങി. അതിനു പുറമെ ഇടക്കിടെ തായ് വാൻ കടലിടുക്കിൽ ആയുധ പ്രകടനങ്ങൾ നടത്തിയും ഭീഷണി പെടുത്തുക ചൈനയുടെ പതിവായി മാറി. ഇതേ തുടർന്ന് അമേരിക്ക ഈ മേഖലയിൽ ശക്തമായ സാന്നിദ്ധ്യം ഉറപ്പാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അമേരിക്കയും ജപ്പാനും ആസ്ട്രേലിയയും ഇന്ത്യയും ചേർന്ന ക്വാഡ് സഖ്യം ഇപ്പോൾ ഈ മേഖലയിൽ കരുത്താർജ്ജിച്ചിരിക്കുകയാണ്.

പെലോസിയുടെ സന്ദർശനം

തയ്വാൻ വിഷയത്തിൽഅമേരിക്കയും ചൈനയും തമ്മിലുള്ള ഭിന്നത രൂക്ഷമാവുകയും, കോവിഡിനു ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം അത്ര ഊഷ്മളമല്ലാതെയിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അമേരിക്കൻ ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസി തായ് വാൻ സന്ദർശിക്കുന്നത്. 1997-ൽ ന്യുറ്റ് ഗിംഗിറിച്ച് സന്ദർശിച്ചതിനു ശേഷം തായ് വാൻ സന്ദർശിക്കുന്ന ഒരു അമേരിക്കൻ ഭരണപദവിയിലിരിക്കുന്ന വ്യക്തി നാൻസി പെലോസിയാണ്.
തായ് വാനുള്ള അമേരിക്കൻ പിന്തുണയുടെ ഒരു പ്രകടനമായിട്ടായിരുന്നു അമേരിക്ക ഈ സന്ദർശനത്തെ കണ്ടത്. അതേസമയം, മനുഷ്യാവകാശ ധ്വംസനങ്ങളുടെയും മറ്റും പേരിൽ എന്നും ചൈനയുടെകടുത്ത വിമർശ്കയായിരുന്ന പെലോസിയുടെ സന്ദർശനം ചൈനക്ക് അത്ര ഇഷ്ടപ്പെട്ടില്ല. മാത്രമല്ല, ജനപ്രതിനിധി സഭ സ്പീക്കർ എന്നു പറഞ്ഞാൽ അമേരിക്കൻ ഭരണഘടന അനുസരിച്ച് രാജ്യത്തെ മൂന്നാമത്തെ ഏറ്റവും ഉയർന്ന പദവിയാണ്. ആ പദവിയിൽ ഉള്ള ഒരു വ്യക്തി തായ് വാൻ സന്ദർശിക്കുന്നത്, അത് ഏറെക്കുറെ ആ രാജ്യത്തിന്റെ പരമാധികാരത്തെ അംഗീകരിക്കുന്നതിനു തുല്യമാകും.

ഇതും ചൈനയെ പ്രകോപിപ്പിക്കുവാൻ കാരണമായി. അതുകൊണ്ടു തന്നെയാണ് പെലോസിയുടെ വിമാനം വെടിവെച്ചിടും എന്നതടക്കമുള്ള ഭീഷണികളുമായി ചൈനീസ് മാധ്യമങ്ങളടക്കം രംഗത്തു വന്നത്. ചൈനീസ് സർക്കാരും കടുത്ത മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ അതെല്ലാം അവഗണിച്ച് പെലോസി തായ് വാനിൽ വന്നിറങ്ങി. ഇതോടെ അസ്വസ്ഥമായ ചൈനീസ് ഭരണകൂടം പ്രകോപനപരമായി പെരുമറാൻ തുടങ്ങി. അർദ്ധരാത്രി അമേരിക്കൻ അംബാസിഡറെ വിളിച്ചു വരുത്തി ചൈനീസ് ഉപ വിദേശകാര്യമന്ത്രി പ്രതിഷേധം അറിയിച്ചപ്പോൾ, തായ് വാൻ കടലിടുക്കിൽ സൈനിക പ്രകടനം നടത്തുകയായിരുന്നു ചൈനീസ് സൈന്യം.

ചൈന തായ് വാനെ ആക്രമിച്ചാൽ...

ഭീഷണി മുഴക്കുകയല്ലാതെചൈന ഉടനെയൊന്നും തായ് വാനെ ആക്രമിക്കാൻ സാധ്യതയില്ല എന്നാണ് ആഗോള നിരീക്ഷകർ പൊതുവെ വിലയിരുത്തുന്നത്. ഒരു യുദ്ധമുണ്ടായാൽ അത് റഷ്യൻ- യുക്രെയിൻ യുദ്ധത്തിന്റെ തനിയാവർത്തനമായിരിക്കും. ചൈനീസ് സൈന്യവുമായി താരതമ്യം ചെയ്യുമ്പോൾ തായ് വാന്റെ സൈനിക ശക്തി ഏറെ പുറകിലാണെങ്കിലും അമേരിക്ക നൽകിയ ഏറെ അധുനിക ആയുധങ്ങൾ അവരുടെ കൈവശമുണ്ട്. മാത്രമല്ല, സാങ്കേതികമായും ഏറെ പുരോഗതി പ്രാപിച്ച ഒരു രാജ്യമാണ് തായ് വാൻ.

അതുകൊണ്ടു തന്നെ യുദ്ധം ആരംഭിച്ചാൽ അത് അത്ര പെട്ടെന്നൊന്നും നിർത്താൻ കഴിയില്ലെന്ന് ചൈനക്ക് അറിയാം. മാത്രമല്ല, യുക്രെയിനിൽ റഷ്യ വെള്ളം കുടിക്കുന്നത് നേരിട്ടു കാണുന്നുമുണ്ട്. അതിനുപുറമെ ചൈനക്കെതിരെ പാശ്ചാത്യ ശക്തികൾ ഉപരോധം ഏർപ്പെടുത്താനുള്ള ഒരു സാധ്യതയും നിലനിൽക്കുന്നു. അത്തരമൊരു സാമ്പത്തിക ഉപരോധം ഉണ്ടായാൽ ഒരുപക്ഷെ റഷ്യയെ പോലെ പിടിച്ചു നിൽക്കാൻ ചൈനയ്ക്ക്ആയെന്നു വരില്ല. ലോകം വെട്ടിപ്പിടിക്കണമെന്ന ആഗ്രഹത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കോടിക്കണക്കിന്റെ നിക്ഷേപങ്ങളാണ് ചൈന നടത്തിയിരിക്കുന്നത്.

മാത്രമല്ല, ഒരു മാനുഫാക്ച്ചറിങ് ഹബ്ബ് എന്ന നിലയിൽ ആഗോളവിപണി ചൈനയെ സംബന്ധിച്ചിടത്തോളംജീവനാഢി തന്നെയാണ്. അതുകൊണ്ടു തന്നെ ഒരു സാമ്പത്തിക ഉപരോധം ഉണ്ടായാൽ ചൈനയുടെ സമ്പദ് ഘടന കുത്തനെ താഴേക്ക് വീഴും. മാത്രമല്ല, കുറഞ്ഞ നിർമ്മാണ ചെലവ് എന്ന ആകർഷണീയതയിൽ ചൈനയിലേക്ക് വ്യവസായ സംരംഭങ്ങൾകൊണ്ടുവന്ന പാശ്ചാത്യ കമ്പനികൾ ഇപ്പോൾ റഷ്യയിൽ ചെയ്തതുപോലെ രാജ്യം വിട്ടു പോയാൽ, തൊഴിലില്ലായ്മ അതിരൂക്ഷമാകും. ഒരുപക്ഷെ ചൈനയെ പട്ടിണിയിലേക്ക് പോലും അത്തരമൊരു സാഹചര്യം നയിച്ചേക്കാം.

മാത്രമല്ല, എടുക്കുന്ന നടപടികളിൽ എവിടെയെങ്കിലുമൊരു പിഴവ് സംഭവിച്ചാൽ അത് തന്റെ അവസാനമായിരിക്കും എന്ന് ഷീ ക്കും അറിയാം. അതുകൊണ്ടു തന്നെ വിജയിക്കുമെന്ന് ഉറപ്പില്ലാത്ത ഒരു യുദ്ധത്തിന് ഷീ ഇറങ്ങിപ്പുറപ്പെടാൻ ഇടയില്ല. അതുകൊണ്ടു തന്നെയാണ് കടുത്ത മുന്നറിയിപ്പുകൾ അവഗണിച്ചും നടന്ന പെലോസിയുടെ സന്ദർശനത്തിൽ കടുത്ത ഭാഷയിൽ പ്രതിഷേധം രേഖപ്പെടുത്തി എല്ലാം അവസാനിപ്പിക്കാൻ ശ്രമിക്കുന്നത്.

ലോക വിപണിയെ ബാധിക്കുന്ന യുദ്ധം

റഷ്യ, യുക്രെയിനെ ആക്രമിച്ചപ്പോൾ ലോകം ഒരു ഭക്ഷ്യക്ഷാമത്തിന്റെ വക്കിൽ എത്തിയെങ്കിൽ, ചൈന തെയ്വാനെ ആക്രമിച്ചാൽൻ ലോകം അഭിമുഖീകരിക്കുക അതിലും വലിയ പ്രതിസന്ധിയായിരിക്കും. ലോകത്തിൽ തന്നെ കമ്പ്യുട്ടർ ചിപ്പുകളുടെ ഏറ്റവും വലിയ നിർമ്മാതാവാണ് തെയ്വാൻ. ഐ ഫോൺ ഉൾപ്പടെയുള്ള പല തരം ഫോണുകളും ഗെയിമിങ് കൺസോളുകളും, പ്ലെ സ്റ്റേഷനുകളുമൊക്കെ പ്രവർത്തിക്കുന്നത്ഈ ചിപ്പുകളുടെ ശക്തിയിലാണ്.

മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഇത്തരമൊരു യുദ്ധമുണ്ടായാൽ ലോകത്തിന്റെ വികസന കുതിപ്പ് തത്ക്കാലത്തേക്കെങ്കിലും പിടിച്ചു നിർത്തപ്പെടും. മാത്രമല്ല, ഇപ്പോൾ വികാസ ഘട്ടത്തിലിരിക്കുന്ന പല ശാസ്ത്രീയ പരീക്ഷണങ്ങളും പദ്ധതികളുംനിർത്തിവയ്ക്കേണ്ടതായും വരും. ഇത് ആഗോളതലത്തിൽ തന്നെ വികസനത്തിന്റെ വേഗതയെ വലിയൊരു അളവുവരെ പ്രതികൂലമായി ബാധിക്കും. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP