Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ഞാൻ റോക്കി ഭായി...വിശ്വസിച്ചവരെ വഞ്ചിക്കില്ല; എല്ലാവരുടെയും പണവുമായി തിരിച്ചുവരും': ഇൻസ്റ്റ വീഡിയോ ഇട്ടതിന് പിന്നാലെ കേസ് കൊടുത്താൽ പണം തിരിച്ചുകിട്ടില്ലെന്ന് അനുയായികളുടെ ക്യാപ്‌സൂളും; തളിപ്പറമ്പിലെ ക്രിപ്റ്റോകറൻസി തട്ടിപ്പിൽ അബിനാസിന് എതിരെ മത്സ്യവ്യാപാരിയുടെ പരാതിയിൽ കേസ്

'ഞാൻ റോക്കി ഭായി...വിശ്വസിച്ചവരെ വഞ്ചിക്കില്ല; എല്ലാവരുടെയും പണവുമായി തിരിച്ചുവരും': ഇൻസ്റ്റ വീഡിയോ ഇട്ടതിന് പിന്നാലെ കേസ് കൊടുത്താൽ പണം തിരിച്ചുകിട്ടില്ലെന്ന് അനുയായികളുടെ ക്യാപ്‌സൂളും; തളിപ്പറമ്പിലെ ക്രിപ്റ്റോകറൻസി തട്ടിപ്പിൽ അബിനാസിന് എതിരെ മത്സ്യവ്യാപാരിയുടെ പരാതിയിൽ കേസ്

അനീഷ് കുമാർ

കണ്ണൂർ: ക്രിപ്റ്റോ കറൻസിയുടെ മറവിൽ നടന്ന നിക്ഷേപതട്ടിപ്പിലൂടെ നിക്ഷേപകരുടെ കോടികളുമായി മുങ്ങിയ തളിപ്പറമ്പിലെ മുൻ സൂപ്പർമാർക്കറ്റുജീവനക്കാരനായ 22 വയസുകാരനെ തേടി പൊലീസ് അന്വേഷണമാരംഭിച്ചു. യുവാവിനെതിരെ പരാതി വ്യാപകമാവുകയും അതിൽ ഒരു പരാതി രേഖാമൂലം ലഭിക്കുകയും ചെയ്തതിനെ തുടർന്നാണ് തളിപ്പറമ്പ് പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. നേരത്തെ രഹസ്യാന്വേഷണവിഭാഗം കോടികൾ തിരിമറി നടന്ന തട്ടിപ്പിനെ കുറിച്ചു അന്വേഷണം നടത്തിയിരുന്നു. പ്രഥമദൃഷ്ട്യാപരാതിയിൽ കഴമ്പുണ്ടെന്നു തെളിഞ്ഞതിനെ തുടർന്നാണ് തളിപ്പറമ്പ് മാർക്കറ്റിലെ മത്സ്യവ്യാപാരിയുടെ പരാതിയിൽ കേസെടുത്തിരിക്കുന്നത്. ഇനിയും കൂടുതൽ പേർ പരാതിയുമായി രംഗത്തുവന്നേക്കാമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഇതിനിടെ തട്ടിപ്പുവിവരം പുറത്തായതിനെ തുടർന്ന് നാട്ടിൽ നിന്നും മുങ്ങിയ യുവാവിനെ തേടി സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഇയാൾ കൊച്ചിയിലെ ഒരു ഹോട്ടലിൽ കഴിഞ്ഞ ദിവസങ്ങളിൽ താമസിച്ചിട്ടുണ്ടെന്നാണ് പൊലിസിന് ലഭിച്ച വിവരം. സോഷ്യൽ മീഡിയിയൽ സജീവമായിരുന്ന യുവാവ് കുറച്ചുദിവസങ്ങളായി അതും ഉപയോഗിക്കുന്നില്ല.

മത്സ്യവ്യാപാരിയുടെ പരാതിയിൽ കേസ്

തളിപ്പറമ്പിൽ കോടികളുടെ ക്രിപ്റ്റോകറൻസിതട്ടിപ്പു നടത്തി നിക്ഷേപകരെ വഞ്ചിച്ചു പണവുമായി മുങ്ങിയ 22 വയസുകാരനെതിരെ പൊലിസ് ഒടുവിൽ മത്സ്യവ്യാപാരിയുടെ പരാതിയിലാണ് കേസെടുത്തത്. തളിപറമ്പ് കാക്കത്തോട്ടിൽ ക്രിപ്റ്റോകറൻസിയുടെ മറവിൽ ഡിജിറ്റൽ പണമിടപാട് സ്ഥാപനം നടത്തിവരുകയും ഒരു ദിവസം മുങ്ങുകയും ചെയ്ത അള്ളാകുളം സ്വദേശി അബിനാസിനെതിരെയും ഇയാളുടെ പാർട്ണറെന്നും
ചങ്ക് ബ്രോയെന്നും വിശേഷിപ്പിക്കുന്ന കെ.പി സുഹൈറിനെതിരെയുമാണ് പൊലിസ് കേസെടുത്തത്.

മഴൂർ കുന്നുംപുറത്ത് പുതിയ പുരയിൽ കെ.പി സുഹൈർ, അള്ളാകുളം സ്വദേശി മുഹമ്മദ് അബിനാസ് എന്നിവർക്കെതിരെ വഞ്ചനാകുറ്റത്തിന് അന്വേഷണം തുടങ്ങിയതായി പൊലിസ് അറിയിച്ചു. ഇപ്പോൾ ഒളിവിലുള്ള അബിനാസ് രാജ്യത്തിന് പുറത്ത് കടക്കാതിരിക്കാൻ വേണ്ടി വന്നാൽ ഇയാൾക്കായി വിമാനത്താവളം കേന്ദ്രീകരിച്ചുലുക്കൗട്ട് നോട്ടീസിറക്കുമെന്ന് പൊലിസ് വൃത്തങ്ങൾ സൂചന നൽകിയിട്ടുണ്ട്. അബിനാസ് എവിടെയുണ്ടെന്ന് കൂട്ടാളിയായ സുഹൈറിന് അറിയാമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ. ഇയാളെ ഉടൻ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യും. ഗുരുതരമായ സാമ്പത്തിക വഞ്ചനാകുറ്റമാണ് ഇരുവർക്കുമെതിരെ ചുമത്തിയിട്ടുള്ളത്. മത്സ്യവ്യാപാരിയായ പുളിപറമ്പ് സ്വദേശി സുമയ്യ മൻസിലിൽ എം. മദനിയുടെ പരാതിയിലാണ് പൊലിസ് ഇപ്പോൾ കേസെടുത്തത്. കഴിഞ്ഞ ജൂലായ് 17ന് പ്രതികൾ നടത്തിവന്ന ക്രിപ്റ്റോകറൻസി സ്ഥാപനത്തിൽ വൻലാഭവിഹിതം ഓഫർ ചെയ്തു നാലുലക്ഷം രൂപ നിക്ഷേപിച്ചുവെങ്കിലും പണമോ ലാഭവിഹിതമോ നൽകിയില്ലെന്നാണ് കേസ്. തളിപറമ്പ് മാർക്കറ്റിലെ മത്സ്യവ്യാപാരിയാണ് മദനി.

തളിപ്പറമ്പിലെ നിക്ഷേപകരുടെ നെഞ്ചത്തടിച്ച തട്ടിപ്പ്

കഴിഞ്ഞ മാസം ജൂലായ് 27-നാണ് ക്രിപ്റ്റോ കറൻസി ഇടപാടിലൂടെ നിരവധി ഇടപാടുകാരെ വഞ്ചിച്ചുവെന്ന പരാതി ഉയർന്നത്. പണം നഷ്ടപ്പെട്ടവരിൽ സാധാരണക്കാർ മുതൽ വീട്ടമ്മമാർ, പ്രവാസികൾ, വൻകിട ബിസിനസുകാർ, ചില രാഷ്്ട്രീയ നേതാക്കൾ, റിയൽ എസ്റ്റേറ്റുകാർ എന്നിങ്ങനെ വൻനിരതന്നെയുണ്ടെന്നാണ് വിവരം. പ്രവാസികളുടെ ഭാര്യമാരായ ചിലവീട്ടമ്മമാർ വീട്ടിലുള്ള സ്വർണാഭരണങ്ങളാണ് അബിനാസിന് നിക്ഷേപമായി നൽകിയത്. തട്ടിപ്പുനടത്തി അബിനാസ് മുങ്ങിയ വാർത്തപരന്നതിനെ തുടർന്ന് വിവിധകോണുകളിൽ നിന്നും സോഷ്യൽമീഡിയയിലൂടെ കൂട്ടക്കരച്ചിലാണ് ഉയർന്നത്. ഇതിനു ശേഷം പണം നൽകിയ നിക്ഷേപകരെയും വാർത്ത നൽകിയ മാധ്യമ പ്രവർത്തകനെയും കുറ്റപ്പെടുത്തി അബിനാസിനെ പിൻതുണയ്ക്കുന്ന ഒരുവിഭാഗവും രംഗത്തിറങ്ങിയിരുന്നു. പൊലിസ് അന്വേഷണത്തിന്റെ ഭാഗമായി അബിനാസിനായി ന്യായീകരണ ക്യാപ്സൂൾ ഇറക്കിയവരെയും ചോദ്യം ചെയ്തേക്കും.

പുകമറയ്ക്കുള്ളിലെ നൂറ് കോടി

തന്റെ ഇൻസ്റ്റന്റ് ഗ്രാം പോസ്റ്റിലൂടെ നൂറുകോടി നിക്ഷേപമായി സ്വീകരിച്ചുവെന്ന മാധ്യമ വാർത്തകൾ അബിനാസ് തള്ളിക്കളഞ്ഞിരുന്നു. ഇരുപതു കോടിയോളം രൂപ താൻ നിക്ഷേപമായി സ്വീകരിച്ചിട്ടുണ്ടെന്നും നാട്ടിലെത്തിയാൽ ഈ പണം തിരിച്ചു നൽകുമെന്നായിരുന്നു ഇയാളുടെ വാഗ്ദാനം. ഇതുവിശ്വസിച്ച ചിലരാണ് പരാതി നൽകാതെ അഥവാ പണം കിട്ടിയാലോയെന്നു വിചാരിച്ചു തലവലിച്ചത്.നൂറുകോടിരൂപയുടെ തട്ടിപ്പു നടന്നുവെന്ന പരാതിയുയർന്നുവെങ്കിലും പൊലിസ് അന്വേഷണത്തിൽ ഇപ്പോൾ 20 കോടിയുടെ തട്ടിപ്പു നടന്നുവെന്നാണ് തെളിഞ്ഞിട്ടുള്ളത്.

ബാങ്ക് രേഖയോ കൃത്യമായ സോഴ്സോയില്ലാത്ത പണമായതിനാൽ കൂടുതലാളുകൾ പരാതിയുമായി വരാൻ മടിക്കുന്നുവെന്നാണ് പൊലിസ് പറയുന്നത്. പണത്തിന്റെ ഉറവിടം പൊലിസ് അന്വേഷിക്കുന്നതിനാലാണ് കൂടുതൽ പരാതി അബിനാസിനെ ഉയരാൻ മടിക്കുന്നത്. ഇന്ത്യൻ ശിക്ഷാനിയമം 420,406 വകുപ്പുകളാണ് ഇയാൾക്കെതിരെ ഇപ്പോൾ ചുമത്തിയിട്ടുള്ളത്. വരും ദിവസങ്ങളിൽ കൂടുതൽ നിക്ഷേപർ പരാതിയുമായി എത്താൻ സാധ്യതയുണ്ടെന്ന് പൊലിസ് അറിയിച്ചു. 30ശതമാനം ലാഭവിഹിതം നൽകാമെന്ന് വാഗ്ദാനം ചെയ്താണ് തളിപറമ്പ് നഗരത്തിൽ ഒരു തട്ടിക്കൂട്ടുസ്ഥാപനം തുടങ്ങി 22 വയസുകാരൻ നിരവധിയാളുകളിൽ ഒരുലക്ഷം മുതൽ ഒരുകോടിവരെ നിക്ഷേപമായി വാങ്ങിയത്. ആദ്യമൊക്കെ ചിലർക്ക് ലാഭവിഹിതം കിട്ടിയിരുന്നുവെങ്കിലും പിന്നീട് ലഭിക്കാതെയായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. നാട്ടിൽ നിന്നും മുങ്ങുന്ന ദിവസം വരെ 40ലക്ഷം രൂപ ഇയാൾ ഒരാളിൽ നിന്നും നിക്ഷേപമായി സ്വീകരിച്ചതായി പരാതിയുണ്ട്. കെ.പി സുഹൈർ മുഖെനയാണ് തളിപറമ്പിന്റെ പുറത്തു നിന്നും പണം സമാഹരിച്ചത്. അബിനാസ് മുങ്ങിയതിനെ തുടർന്ന് സുഹൈറിനെ നിക്ഷേപകരിൽ ചിലർ തട്ടിക്കൊണ്ടുപോവുകയും മർദ്ദിച്ചതിനു ശേഷം വിട്ടയക്കുകയും ചെയ്തിരുന്നു. സുഹൈറിനെ മർദ്ദിച്ച സംഭവത്തിൽ അഞ്ചുപേർ റിമാൻഡിലാണ്.

ഓഫീസ് അടച്ചു ജീവനക്കാരും മുങ്ങി

തളിപറമ്പിൽ നടന്ന ക്രിപ്റ്റോകറൻസിതട്ടിപ്പിൽ അള്ളാംകുളം സ്വദേശിയായ യുവാവ് 15-മുതൽ 20 കോടിരൂപ വരെ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പൊലിസ് പറയുന്നത്. ഇയാൾ മുങ്ങിയതിനു ശേഷം കാക്കത്തോടിലെ ഓഫീസ് അടഞ്ഞുകിടക്കുകയാണ് ജീവനക്കാരെയും കാണാനില്ലെന്ന് നിക്ഷേപകർ പറയുന്നു. ഇവരിൽ പലരും നിക്ഷേപകരുടെ രോഷം ഭയന്ന് മുങ്ങിയതെന്നാണ് പറയുന്നത്. അബിനാസിനു വേണ്ടി കലക്ഷൻ ഏജന്റുമാരായി പ്രവർത്തിച്ചവരും ഇപ്പോൾ നാട്ടിലില്ല. പ്രഥമദൃഷ്ട്യാ ഇവർ കുറ്റക്കാരല്ലെങ്കിൽ പലരും പണം കൈമാറിയത് ഏജന്റുമാർ മുഖേനെയാണ്. നൂറുരൂപയുടെ മുദ്രകടലാസിൽ നിശ്ചിത ദിവസത്തിനുള്ളിൽ നിക്ഷേപവും മുപ്പതുശതമാനം പലിശയും തിരിച്ചു നൽകുമെന്നായിരുന്നു വാഗ്ദാനം. ആദ്യകാലങ്ങളിൽ ചെറിയ തുക നിക്ഷേപിച്ചവർക്ക് നിക്ഷേപവും അതിന്റെ കൂടെ ലാഭവിഹിതവും കൃത്യമായി നൽകിയാണ് അബിനാസ് അവരുടെ വിശ്വാസം നേടിയെടുത്തിരുന്നത്. ഇതോടെയാണ് കൂടുതൽ പണം നിക്ഷേപിക്കാൻ പലർക്കും പ്രചോദനമായത്.

കൊച്ചിയിൽ നിന്നും റോക്കിഭായ് കളി

താൻ റോക്കി ഭായിയാണെന്നും വിശ്വസിച്ചവരെ വഞ്ചിക്കില്ലെന്നും എല്ലാവരുടെയും പണവുമായി തിരിച്ചുവരുമെന്നും അബിനാസ് രണ്ടാഴ്‌ച്ച മുൻപ് ഒരു ഇൻസ്റ്റന്റ് ഗ്രാം വീഡിയോ ചെയ്തിരുന്നു. ഇതു കൊച്ചിയിലെ ഒരു ആഡംബര ഹോട്ടലിൽ നിന്നാണ് പോസറ്റു ചെയ്തതെന്നാണ് പൊലിസിന്റെ സംശയം. സൈബർ പൊലിസിന്റെ അന്വേഷണണത്തിലും ഈക്കാര്യം വ്യക്തമായിട്ടുണ്ട്. ഇയാൾ അവിടെ നിന്നും നിക്ഷേപകർക്ക് പണം തിരിച്ചുനൽകുമെന്നും കേസ് നൽകിയാൽ പണം തിരിച്ചുകിട്ടില്ലെന്നു നിക്ഷേപകർ ഓർക്കണമെന്ന് മുന്നറിയിപ്പു നൽകികൊണ്ടു ഇൻസ്റ്റന്റ് ഗ്രാം വീഡിയോ തളിപറമ്പിലെ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചിരുന്നു.

ഇതിനെ തുടർന്നാണ് പലരും പരാതി നൽകാൻ മടികാണിച്ചത്. നോട്ടുനിരോധനത്തിനു ശേഷ്ം കേന്ദ്രസർക്കാർ കള്ളപണത്തിനെതിരെ കർശനനിരീക്ഷണം ഏർപ്പെടുത്തിയതോടെയാണ് ഇത്തരം ഉഡായിപ്പു ബിസിനസുകളിൽ ആളുകൾ അമിത ലാഭം കൊയ്യാനെന്ന വ്യാമോഹത്തിൽ പണമിറക്കാൻ തുടങ്ങിയത്. ഇതേ തുടർന്നാണ് പലരും ഇത്തരം തീവെട്ടികൊള്ളയും വഞ്ചനയും നടത്തുന്ന നിക്ഷേപകെണികളിൽ വീണുപോകുന്നത്. കണ്ണൂർ ജില്ലകേന്ദ്രീകരിച്ചു നേരത്തെ മോറിസ് കോയിൻ ഇടപാടിലൂടെ നൂറുകോടിയിലേറെ തട്ടിയ മലപ്പുറം സ്വദേശിയുൾപ്പെടെ പന്ത്രണ്ടുപേരെ പൊലിസ് അറസ്റ്റു ചെയ്തിരുന്നു.

നയിച്ചത് ആഡംബര ജീവിതം

നിക്ഷേപകരുടെ പണം കൊണ്ടു ബോളിവുഡ് നടന്മാരെപ്പോലെയുള്ള ആഡംബര ജീവിതമാണ് അബിനാസ് നയിച്ചത്. റോക്കിഭായിയെപോലെ ആഡംബര കാറും വിലകൂടിയ ബൈക്കുകളും ഇയാൾ ഉപയോഗിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും പ്രചരിക്കുന്നുണ്ട്. നിക്ഷേപകരുടെ പണം കൊണ്ട് തളിപറമ്പിൽ ഒരു വൻകിട മാൾ പണിയാനും പദ്ധതിയിട്ടിരുന്നു. അമേരിക്കൻ എൻജിനിയറാണ് ഇതിന്റെ രൂപ കൽപ്പന ചെയ്തത്. ഇതിന്റെ പ്ലാൻ കാണിച്ചു തളിപറമ്പിലെ സമ്പന്ന വ്യവസായികളിൽ നിന്നും നിക്ഷേപങ്ങൾ സ്വീകരിച്ചതായും പറയുന്നുണ്ട്. തളിപറമ്പിലെ റിയൽ എസ്റ്റേറ്റ് മേഖലയിലും ഇയാൾ പണമിറക്കിയതായും അത്യാധൂനിക സൗകര്യങ്ങളുള്ള ബ്യൂട്ടി പാർലർ, റൈസ് മിൽ തുടങ്ങിയ സംരഭങ്ങളും തുടങ്ങിയിരുന്നു.

വളരെ ചുരുങ്ങിയ കാലം കൊണ്ടു അതിസമ്പന്നനായി മാറിയ അബിനാസ് തനിക്ക് ചുറ്റും എന്തിനും പോന്ന ഒരുസംഘമാളുകളുടെ വലയം തന്നെ സൃഷ്ടിച്ചിരുന്നു.സർക്കാരിനെ ഒളിപ്പിക്കാൻ കള്ളപണം കൈയിൽ വെച്ചുകൊണ്ടിരുന്നവരെയാണ് ഇയാൾ കൂടുതലായി ലക്ഷ്യമിട്ടിരുന്നത്. ഇവരിൽ പലരുമാണ് വൻലാഭവിഹിതം മോഹിച്ചു അബിനാസിന്റെ വലയിൽ വീണത്. കൃത്യമായ രേഖകളില്ലാത്ത പണമായതിനാൽ പലരും തൊണ്ടയിൽ മീന്മുള്ള് കുടുങ്ങിയ അവസ്ഥയാണ്. പരാതി പറയാൻ കഴിയാതെ വെപ്രാളപ്പെടുകയാണ് ഇവരിൽ പലരും. അബിനാസിന്റെ വീട്ടുകാരുമായി ഈക്കാര്യം ചിലർ സംസാരിച്ചപ്പോൾ തങ്ങൾക്ക് ഈക്കാര്യത്തെ കുറിച്ചു അറിയില്ലെന്നും 22 വയസുകാരൻ ചെക്കന്റെ കൈയിൽ എന്തുവിശ്വസിച്ചാണ് നിങ്ങൾ ഇത്രയധികം പണം നൽകിയതെന്നായിരുന്നു അവരുടെ മറുപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP