Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തായ്വാൻ പാർലമെന്റിനെ അഭിസംബോധന ചെയ്തു നാൻസി പെലോസി; പ്രസംഗത്തിൽ തായ്വാനെ വിശേഷിപ്പിച്ചത് 'ലോകത്തിലെ ഏറ്റവും സ്വതന്ത്ര സമൂഹങ്ങളിലൊന്ന്' എന്ന്; അമേരിക്ക നിങ്ങൾക്കൊപ്പമുണ്ട് എന്നും പ്രഖ്യാപനം; പെസോലിയുടെ സന്ദർശനത്തിൽ കട്ടക്കലിപ്പിലായ ചൈനീസ് സർക്കാറിന്റെ അടുത്ത നീക്കമെന്ത്? ആകാംക്ഷയോടെ ലോകം

തായ്വാൻ പാർലമെന്റിനെ അഭിസംബോധന ചെയ്തു നാൻസി പെലോസി; പ്രസംഗത്തിൽ തായ്വാനെ വിശേഷിപ്പിച്ചത് 'ലോകത്തിലെ ഏറ്റവും സ്വതന്ത്ര സമൂഹങ്ങളിലൊന്ന്' എന്ന്; അമേരിക്ക നിങ്ങൾക്കൊപ്പമുണ്ട് എന്നും പ്രഖ്യാപനം; പെസോലിയുടെ സന്ദർശനത്തിൽ കട്ടക്കലിപ്പിലായ ചൈനീസ് സർക്കാറിന്റെ അടുത്ത നീക്കമെന്ത്? ആകാംക്ഷയോടെ ലോകം

മറുനാടൻ ഡെസ്‌ക്‌

തായ്‌പേയി: യു.എസ് ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസി തായ്വാൻ പാർലമെന്റിനെ അഭിസംബോധന ചെയ്തു. 'ലോകത്തിലെ ഏറ്റവും സ്വതന്ത്ര സമൂഹങ്ങളിലൊന്ന്' എന്നു തായ് വാനെ വിശേഷിപ്പു കൊണ്ടാണ് നാൻസി പെലോസി രംഗത്തുവന്നത്. തായ്‌വാൻ പ്രസിഡന്റ് സൈ ഇങ് വെന്നുമായും മനുഷ്യാവകാശ പ്രവർത്തകരുമായും നാൻസി പെലോസി കൂടിക്കാഴ്ച നടത്തി.

തായ്‌വാൻ കടലിലെ തൽസ്ഥിതി തുടരുന്നതിനെയാണ് യു.എസ് പിന്തുണക്കുന്നതെന്ന് അഭിപ്രായപ്പെട്ട പെലോസി, താനും യു.എസ് ജനപ്രതിനിധി സഭാംഗങ്ങളും തായ്‌വാൻ സന്ദർശിക്കുന്നത് അമേരിക്ക നിങ്ങൾക്കൊപ്പമുണ്ട് എന്ന സന്ദേശം കൈമാറാനാണെന്നും വ്യക്തമാക്കി. തായ്‌വാൻ കടലിടുക്കിൽ തൽസ്ഥിതി തുടരുന്നതിനെയാണ് ഞങ്ങൾ പിന്തുണക്കുന്നത്. ബലപ്രയോഗത്തിലൂടെ തായ്‌വാന് എന്തെങ്കിലും സംഭവിക്കുന്നത് കാണാൻ ഞങ്ങളാഗ്രഹിക്കുന്നില്ല. തായ്‌വാന് സ്വാതന്ത്ര്യവും സുരക്ഷയും വേണമെന്നാണ് യു.എസ് ആഗ്രഹിക്കുന്നത്. അതിൽ നിന്നും പിന്നോട്ടില്ലെന്നും പെലോസി പറഞ്ഞു.

തായ്വാനൊപ്പം എപ്പോഴും ഉണ്ടാകുമെന്ന് 43 വർഷം മുമ്പ് തന്നെ യു.എസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. തായ്വാൻ അഭിവൃദ്ധി പ്രാപിച്ചുകൊണ്ടിരിക്കുന്ന സ്വതന്ത്ര ജനാധിപത്യ രാജ്യമാണ്. തായ്വാന്റെ നിശ്ചയദാർഢ്യവും ധൈര്യവും നിലവിലെ പ്രതിസന്ധികളെ നേരിടാനും സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കാനും സഹായിക്കും - പെലോസി പറഞ്ഞു.

അതിനിടെ, നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനം ചൈനയെ പ്രകോപിപ്പിച്ച പശ്ചാത്തലത്തിൽ ബൈജിങ്ങിലെ യു.എസ് സ്ഥാനപതിയെ വിളിച്ചുവരുത്തി ചൈനീസ് ഭരണകൂടം പ്രതിഷേധമറിയിച്ചു. ചെയ്യുന്ന അബദ്ധങ്ങൾക്ക് വലിയ വിലനൽകേണ്ടിവരുമെന്നും, തായ്‌വാൻ വിഷയത്തെ തങ്ങൾക്കെതിരായ ആയുധമാക്കി മാറ്റാനുള്ള ഏതൊരു ശ്രമവും അവസാനിപ്പിക്കണമെന്നും ചൈന ആവശ്യപ്പെട്ടു. നാൻസി പെലോസി തായ്‌വാൻ പാർലമെന്റിൽ സംസാരിച്ചതിന് പിന്നാലെയാണ് യു.എസ് സ്ഥാനപതിയെ വിളിച്ചുവരുത്തിയത്.

പ്രകോപനത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ ചൈന സൈനികാഭ്യാസം നടത്തുന്നതിനെ തായ്‌വാൻ വിമർശിച്ചു. ചൈനയുടെ നടപടി അനാവശ്യമാണെന്ന് പ്രസിഡന്റ് സൈ ഇങ് വെൻ ചൂണ്ടിക്കാട്ടി. നാൻസി പെലോസിയുടേത് സൗഹൃദ സന്ദർശനമാണെന്നും നിരവധി പ്രതിനിധികളെ മുമ്പും തായ്‌വാൻ സ്വീകരിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിൽ രാജ്യത്ത് സന്ദർശനം നടത്തിയ യു.എസ് പ്രതിനിധി സഭാംഗങ്ങളോട് സൈ ഇങ് വെൻ നന്ദി പറഞ്ഞു.

അമേരിക്ക ഒരു പ്രതിസന്ധി ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും, ബെയ്ജിങ് എന്ത് തീരുമാനമെടുത്താലും അതിനെ നേരിടാൻ അമേരിക്ക തയ്യാറാണെന്നും വൈറ്റ്ഹൗസ് വക്താവ് ജോൺ കിർബി മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. തായ്വാൻ സ്വാതന്ത്ര്യത്തെ അമേരിക്ക പിന്തുണക്കുന്നു എന്ന കാര്യം ഇതിനു മുൻപും വ്യക്തമാക്കിയിട്ടുള്ളതാണെന്നും കിർബി ചൂണ്ടിക്കാട്ടി.

ഇന്നലെ പ്രാദേശിക സമയം രാത്രി 10. 45 നായിരുന്നു പെലോസിയുടെ വിമാനം തായ്‌പേയ് വിമാനത്താവളത്തിൽ ഇറങ്ങിയത്. കഴിഞ്ഞ 25 വർഷത്തിനിടയിൽ ഈ ദ്വീപു രാജ്യം സന്ദർശിക്കുന്ന ഏറ്റവും ഉന്നതമായ സ്ഥാനത്തുള്ള അമേരിക്കൻ അധികാരിയായി മാറിയിരിക്കുകയാണ് ഈ സന്ദർശനത്തിലൂടെ പെലോസി. കടുത്ത സുരക്ഷാ സംവിധാനമാണ് അവർക്കായി ഒരുക്കിയിരിക്കുന്നത്. അവർ താമസിക്കുന്ന ഹോട്ടലിലും കടുത്ത സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

പെലോസി തായ്വാൻ മണ്ണിൽ കാലു കുത്തിയതോടെ ചൈന അവരുടെ വാക്കുകൾ കടുപ്പിച്ചിട്ടുണ്ട്. തായ്വാൻ കടലിടുക്കിൽ കൂടുതൽ ലൈവ് സൈനിക പ്രകടനങ്ങൾ നടത്തുമെന്നും ചൈന പ്രഖ്യാപിച്ചു. ഈ സന്ദർശനത്തിന് അമേരിക്ക വലിയ വില നൽകേണ്ടതായി വരുമെന്നും ചൈന ഭീഷണി മുഴക്കി. അവർ ഇറങ്ങിയ ഉടൻ തന്നെ പീപ്പിൾസ് ലിബറേഷൻ ആർമി ഈ ദ്വീപ് രാജ്യത്തിനു ചുറ്റും സൈനിക പ്രകടനത്തിനു ശക്തി വർദ്ധിപ്പിച്ചു. ഓഗസ്റ്റ് 4 മുതൽ 7 വരെ കൂടുതൽ സൈനിക പ്രകടനങ്ങൽ ഈ മേഖലയിൽ നടത്താനും ചൈന തീരുമാനിച്ചിട്ടുണ്ട്.

അതോടൊപ്പം 21 സൈനിക വിമാനങ്ങളേയാണ് തായ്വാന്റെ ആകാശത്തേക്ക് ചൈന ഇന്നലെ രാത്രി അയച്ചത്. അതിൽ മാരക ശക്തിയുള്ള ജെ 20 ഫൈറ്റർ ജെറ്റുകളും ഉൾപ്പെടുന്നു. അതോടൊപ്പമ്മ് ചൈനയുടെ രണ്ട് യുദ്ധക്കപ്പലുകലും തായ്വാനെ വട്ടമിട്ട് കറങ്ങുന്നതായി ചൈനീസ് അധികൃതർ സ്ഥിരീകരിച്ചു. 1995- ന് ശേഷം ഇതാദ്യമായിട്ടായിരുന്നു ഒരു സൈനിക പരിശീലനത്തിന്റെ മറവിൽ തായ്വാൻ കടലിടുക്കിലേക്ക് ചൈന ഒരു മിസൈൽ തൊടുത്തു വിട്ടത്.

അതോടൊപ്പം കരസേനയും ഒരു യുദ്ധത്തിനു തയ്യാറെടുക്കുന്നതായി ചില പ്രാദേശിക മാധ്യമങ്ങളെ ഉദ്ദരിച്ചുകൊണ്ട് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തായ്വാനോട് ഏറ്റവും അടുത്തുള്ള ചൈനീസ് വൻകരയിലെ പ്രദേശമായ ഫ്യുജിയാൻ തീരത്താണ് കരസേന തമ്പടിച്ചിരിക്കുന്നത്. ഇതോടെ മേഖലയിൽ വീണ്ടും ഒരു യുദ്ധത്തെ കുറിച്ചുള്ള ആശങ്ക ഉയര്ന്നു വന്നിരിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP