Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തയ് വാനുമായുള്ളത് ദൃഢമായ അനൗദ്യോഗിക ബന്ധം ഊട്ടിയുറപ്പിക്കാൻ നാൻസി പെലോസി വിമാനം ഇറങ്ങി; തയ് വാൻ കടലിടുക്കിനെ വിഭജിക്കുന്ന അതിർത്തിക്ക് വളരെയടുത്തു വരെ ചൈനയുടെ യുദ്ധവിമാനങ്ങൾ എത്തി പ്രകോപനം; യുഎസ് ജനപ്രതിനിധി സഭാ സ്പീക്കറുടെ വിമാനത്തെ വെടിവച്ചിടുമെന്ന മുന്നറിയിപ്പ് ഭീഷണി മാത്രമായി മാറി; ചൈനയെ വെല്ലുവളിച്ച് അമേരിക്ക

തയ് വാനുമായുള്ളത് ദൃഢമായ അനൗദ്യോഗിക ബന്ധം ഊട്ടിയുറപ്പിക്കാൻ നാൻസി പെലോസി വിമാനം ഇറങ്ങി; തയ് വാൻ കടലിടുക്കിനെ വിഭജിക്കുന്ന അതിർത്തിക്ക് വളരെയടുത്തു വരെ ചൈനയുടെ യുദ്ധവിമാനങ്ങൾ എത്തി പ്രകോപനം; യുഎസ് ജനപ്രതിനിധി സഭാ സ്പീക്കറുടെ വിമാനത്തെ വെടിവച്ചിടുമെന്ന മുന്നറിയിപ്പ് ഭീഷണി മാത്രമായി മാറി; ചൈനയെ വെല്ലുവളിച്ച് അമേരിക്ക

മറുനാടൻ മലയാളി ബ്യൂറോ

തായ്‌പെയ്: ചൈനയെ വെല്ലുവളിച്ച് അമേരിക്ക. ചൈന ഉയർത്തുന്ന കടുത്ത പ്രതിഷേധത്തിനിടെ യുഎസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസി തയ്വാനിൽ എത്തിയത് ചൈനയുടെ ഭീഷണി തള്ളിയാണ്. തയ്വാനിലെ ജനാധിപത്യത്തിന് അചഞ്ചലമായ പിന്തുണ നൽകുന്നതിനാണ് ഈ സന്ദർശനമെന്ന് തയ്വാനിലെത്തിയ നാൻസി പെലോസി ട്വീറ്റ് ചെയ്തു. യുഎസും ചൈനയും 1979ൽ ഉണ്ടാക്കിയ ഉടമ്പടിയുടെ യാതൊരു ലംഘനവും അമേരിക്ക നടത്തുന്നില്ലെന്നും പെലോസി ട്വിറ്ററിൽ കുറിച്ചു. പെലോസി എത്തിയാൽ വിമാനം വെടിവച്ചിടുമെന്ന് പോലും ചൈന പറഞ്ഞിരു്ന്നു. എന്നാൽ അതൊന്നും അമേരിക്ക വകവച്ചില്ല.

തായ്വാന്റെ ജനാധിപത്യത്തെ പിന്തുണയ്ക്കാനുള്ള അമേരിക്കയുടെ അചഞ്ചലമായ പ്രതിബദ്ധതയാണ് തായ്വാൻ സന്ദർശനമെന്ന് പെലോസി പറഞ്ഞു. തായ്വാൻ നേതൃത്വവുമായുള്ള ഞങ്ങളുടെ ചർച്ചകൾ, അവർക്കുള്ള പിന്തുണ ഉറപ്പാക്കുന്നതും സ്വതന്ത്ര ഇന്തോ-പസഫിക് മേഖലയുടെയടക്കം താൽപര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതുമാണ്. സ്വേച്ഛാധിപത്യമോ ജനാധിപത്യമോ എന്ന തിരഞ്ഞെടുപ്പിനെ ലോകം അഭിമുഖീകരിക്കുന്ന ഘട്ടത്തിൽ തായ്വാനിലെ 23 ദശലക്ഷം ജനങ്ങളോടുള്ള അമേരിക്കയുടെ ഐക്യദാർഢ്യം എന്നത്തേക്കാളും പ്രധാനമാണെന്നും അവർ പറഞ്ഞു. സിങ്കപുർ, മലേഷ്യ എന്നീ രാജ്യങ്ങളിലെ സന്ദർശനത്തിന് ശേഷമാണ് നാൻസി പെലോസി തായ്വാനിലെത്തിയത്. 25 വർഷത്തിനിടെ തായ്വാൻ സന്ദശിക്കുന്ന ആദ്യ ഉന്നത യു.എസ്. പ്രതിനിധിയാണ് പെലോസി.

ചൈന തങ്ങളുടെ ഭൂപ്രദേശമായി കണക്കാക്കുന്ന തായ്വാനിൽ യു.എസ്. ജനപ്രതിനിധിസഭാ സ്പീക്കർ സന്ദർശനം നടത്തുന്നതാണ് ചൈനയുടെ പ്രകോപനത്തിന് കാരണം. പെലോസിയുടെ തായ്വാൻ സന്ദർശനം വളരെയേറെ അപകടകരവും പ്രകോപനപരവുമാണെന്ന് യുഎന്നിലെ ചൈനീസ് അംബാസിഡർ ഷാങ് ഹുൻ പറഞ്ഞിരുന്നു. തായ്വാനിൽ അമേരിക്ക തീക്കൊള്ളികൊണ്ടാണ് കളിക്കുന്നതെന്ന് അടുത്തിടെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, പെലോസിക്ക് ഇഷ്ടമുള്ള രാജ്യം സന്ദർശിക്കാൻ അവകാശമുണ്ടെന്നായിരുന്നു അമേരിക്കയുടെ പ്രതികരണം. യുഎസിന്റെ ദീർഘകാല നയങ്ങൾ പ്രകാരമുള്ള ഇത്തരമൊരു സന്ദർശനത്തെ ഒരു സംഘർഷാവസ്ഥയിലേക്ക് കൊണ്ടുപോകേണ്ട കാര്യം ചൈനക്കില്ലെന്നാണ് വൈറ്റ് ഹൗസ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ വക്താവ് ജോൺ കിർബി പ്രതികരിച്ചത്.

ഏതു വിദേശ അതിഥികൾ വന്നാലും ഹാർദ്ദമായ സ്വാഗതമെന്ന് തയ്വാൻ പ്രധാനമന്ത്രി സു സെങ് ചാങ് മാധ്യമപ്രവർത്തകരോടു പറഞ്ഞു. ഔദ്യോഗിക നയതന്ത്ര ബന്ധം ചൈനയുമായി മാത്രമാണെന്നും തയ്വാനുമായുള്ളത് ദൃഢമായ അനൗദ്യോഗിക ബന്ധമാണെന്നുമാണ് യുഎസിന്റെ നിലപാട്. അതേസമയം, പെലോസിയുടെ സന്ദർശനത്തെ 'തീക്കളി' എന്നു വിശേഷിപ്പിച്ച ചൈന,പ്രതിഷേധം കടുപ്പിച്ചു. 1.4 ബില്യൻ ചൈനീസ് പൗരന്മാരെ ശത്രുക്കളാക്കിയ യുഎസ്, ലോക സമാധാനത്തിനുള്ള ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ചുനിയിങ് ട്വീറ്റ് ചെയ്തു. ചൈനയെ വെല്ലുവിളിച്ച് യുഎസ് നടത്തുന്ന ഈ നീക്കം നല്ലരീതിയിൽ അവസാനിക്കില്ലെന്നും ചൈനീസ് വക്താവ് മുന്നറിയിപ്പു നൽകി. യുഎസിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി തയ്വാൻ കടലിടുക്കിനെ വിഭജിക്കുന്ന അതിർത്തിക്ക് വളരെയടുത്തുവരെ ചൈനയുടെ യുദ്ധവിമാനങ്ങൾ എത്തി പ്രകോപനം സൃഷ്ടിച്ചു.

പെലോസി തയ്വാനിലേക്കു പോകുന്നതിനെതിരെ പലതവണ ചൈന മുന്നറിയിപ്പു നൽകിയിരുന്നു. പെലൊസി സന്ദർശത്തിനെത്തിയ ദിവസം മാത്രം 21 ചൈനീസ് സൈനിക വിമാനങ്ങൾ തയ്വാന്റെ ആകാശാതിർത്തി ഭേദിച്ചതായി തയ്വാൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇതെല്ലാം ഭീഷണി തന്ത്രമായിരുന്നു. ഇതൊന്നും അമേരിക്ക വകവച്ചില്ല. തയ്വാൻ തങ്ങളുടേതാണെന്ന വാദത്തിലാണ് ചൈന. തയ്വാനെ ഉപയോഗിച്ച് ചൈനയെ നിയന്ത്രിക്കാനാണ് യുഎസിന്റെ നീക്കമെന്നാണ് ചൈനയുടെ നിലപാട്. 'ഏക ചൈന' എന്ന ആശയത്തെ വളച്ചൊടിക്കുകയും ഇരുട്ടിലാക്കുകയുമാണ് തയ്വാനുമായി നടത്തുന്ന ഇടപെടലുകളിലൂടെ യുഎസ് ചെയ്യുന്നത്. തീകൊണ്ടുള്ള ഏറ്റവും അപകടകരമായ കളിയാണിത്. തീകൊണ്ടു കളിക്കുന്നവർ തീകൊണ്ടു നശിക്കുമെന്നും ചൈന മുന്നറിയിപ്പു നൽകിയിരുന്നു.

യുഎസ് പ്രതിനിധിയുടെ സന്ദർശനത്തോടുള്ള എതിർപ്പ് പരസ്യമാക്കാൻ മിസൈൽ വിക്ഷേപണം നടത്തുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് ചൈന കടന്നേക്കാമെന്ന് ജോൺ കിർബി അഭിപ്രായപ്പെട്ടു. ഔദ്യോഗികമായി തയ്വാനുമായി നയതന്ത്രബന്ധമില്ലെങ്കിലും, തയ്വാൻ ദ്വീപിന്റെ അതിർത്തി സംരക്ഷിക്കാൻ യുഎസ് നിയമപരമായി ബാധ്യസ്ഥരാണെന്ന് കിർബി ചൂണ്ടിക്കാട്ടി. അതിനിടെ, വിമാനവാഹിനിക്കപ്പൽ ഉൾപ്പെടെ നാലു യുദ്ധക്കപ്പലുകൾ യുഎസ് തയ്വാന്റെ കിഴക്കായി കടലിൽ വിന്യസിച്ചിട്ടുണ്ട്. പതിവു നടപടികളുടെ ഭാഗമാണ് ഇതെന്നാണ് വിശദീകരണം.

ദക്ഷിണ ചൈന കടലിലൂടെ പോയ യുഎസ്എസ് റൊണാൾഡ് റീഗൻ ഇപ്പോൾ തയ്വാനു കിഴക്ക് ഫിലിപ്പീൻസ് കടലിലുണ്ട്. യുഎസ്എസ് ആന്റിയെറ്റാം, യുഎസ്എസ് ഹിഗ്ഗിൻസ് എന്നിവയും റൊണാൾഡ് റീഗന് ഒപ്പമുണ്ട്. യുഎസ്എസ് ട്രിപ്പൊളിയും മേഖലയിലുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP