Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാലാക്കാരുടെ സ്വന്തം മാണി സാറിനെ മറികടന്ന് പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ്; ഏറ്റവും കൂടുതൽ ദിവസം എംഎൽഎ; കെ എം മാണിയുടെ റെക്കോഡ് ഇനി ഉമ്മൻ ചാണ്ടിക്ക്; എംഎൽഎ പദത്തിൽ 18,728 ദിവസം എന്ന ബഹുമതി സ്വന്തമാക്കുമ്പോൾ നന്ദി പുതുപ്പള്ളിക്കാർക്ക് തന്നെ

പാലാക്കാരുടെ സ്വന്തം മാണി സാറിനെ മറികടന്ന് പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ്;  ഏറ്റവും കൂടുതൽ ദിവസം എംഎൽഎ; കെ എം മാണിയുടെ റെക്കോഡ് ഇനി ഉമ്മൻ ചാണ്ടിക്ക്;  എംഎൽഎ പദത്തിൽ 18,728 ദിവസം എന്ന ബഹുമതി സ്വന്തമാക്കുമ്പോൾ നന്ദി പുതുപ്പള്ളിക്കാർക്ക് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കരിങ്ങോഴക്കൽ മാണി മാണി എന്ന പാലാക്കാരുടെ സ്വന്തം മാണി സാറിന്റെ രാഷ്ട്രീയ കഥ പല റെക്കോഡുകളുടെയും കഥ കൂടിയാണ്. ഏഴ് മന്ത്രിസഭകളിലായി 6061 ദിവസമാണ് കെ എം മാണി മന്ത്രി സ്ഥാനത്തിരുന്നത്. ഏറ്റവും കൂടുതൽ കാലം മന്ത്രിയായിരുന്ന റെക്കോഡും കെ എം മാണിക്ക് സ്വന്തം. എന്നാൽ, നിയമസഭയിൽ, ഏറ്റവും കൂടുതൽ കാലം അംഗമായിരുന്നതിന്റെ റെക്കോഡ് ഇനി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കൊണ്ടുപോവുകയാണ്. പുതുപ്പള്ളിക്കാരൻ കുഞ്ഞൂഞ്ഞ് ഇന്ന്, ഓഗസ്റ്റ് രണ്ടിന്, 18728 ദിവസം (51 വർഷം മൂന്നേകാൽ മാസം) പിന്നിടുകയാണ്. ഇതുവരെ കെ.എം. മാണിക്കായിരുന്നു ഈ ബഹുമതി ' പുതുപ്പള്ളി തന്ന അവസരമാണ് ഓരോ വിജയവും. ആത്മാർത്ഥമായി പ്രവർത്തിച്ചു. അതിന്റെ സ്‌നേഹമാണ് മണ്ഡലത്തിലുള്ളവർ തരുന്നത്, അദ്ദേഹം പ്രതികരിച്ചു.

ഓരോ നിയമസഭയും രൂപീകരിച്ച തീയതിയെ അടിസ്ഥാനമാക്കിയുള്ള കണക്കാണിത്. അതേസമയം ഓരോ നിയമസഭയുടെയും ആദ്യ സമ്മേളനമോ സത്യപ്രതിജ്ഞയോ നടന്ന തീയതിയെ അടിസ്ഥാനമാക്കിയാൽ റെക്കോർഡ് ഭേദിക്കുന്നതിന് ഓഗസ്റ്റ് 11 വരെ കാത്തിരിക്കേണ്ടി വരും.

അതേസമയം മന്ത്രിമാരിൽ 10-ാം സ്ഥാനവും മുഖ്യമന്ത്രിമാരിൽ നാലാം സ്ഥാനത്തുമാണ് ഉമ്മൻ ചാണ്ടി. 1970 മുതൽ 2021 വരെ തുടർച്ചയായി 12 തവണ അദ്ദേഹം നിയമസഭയിലേക്ക് വിജയിച്ചിട്ടുണ്ട്. രണ്ട് തവണ മുഖ്യമന്ത്രിയായും ഒരു തവണ പ്രതിപക്ഷ നേതാവായും നാല് തവണ മന്ത്രിയായും ഉമ്മൻ ചാണ്ടി ചുമതലയേറ്റു. വിവിധ മന്ത്രിസഭകളിലായി തൊഴിൽ, ആഭ്യന്തരം, ധനകാര്യം എന്നീ വകുപ്പുകളാണ് അദ്ദേഹം കൈകാര്യം ചെയ്തത്. ഒന്നാം കരുണാകരൻ മന്ത്രിസഭയിലും (1977) ഒന്നാം ആന്റണി മന്ത്രിസഭയിലും (1977-1978) തൊഴിൽ മന്ത്രിയായിരുന്നു. രണ്ടാം കരുണാകരൻ മന്ത്രിസഭയിൽ (1981-1982) ആഭ്യന്തര മന്ത്രിയായും നാലാം കരുണാകരൻ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായും (1991-1994) പ്രവർത്തിച്ചു.

ആകെയുള്ള 12 മുഖ്യമന്ത്രിമാരിൽ ഉമ്മൻ ചാണ്ടിക്ക് (2459 ദിവസം) 4ാം സ്ഥാനമാണ്. ഇ.കെ. നായനാർ (4009), കെ. കരുണാകരൻ (3246), സി. അച്യുതമേനോൻ (2640) എന്നിവരാണ് മുൻനിരയിൽ.

സംസ്ഥാനത്തെ ഏറ്റവും കൂടുതൽ ദിവസം മന്ത്രിയായത് കെ എം മാണി (8759) ആണ്. പിജെ ജോസഫ് (6105), ബേബി ജോൺ (6061), കെ ആർ ഗൗരിയമ്മ (5824), കെ കരുണാകരൻ (5254), കെ അവുക്കാദർകുട്ടി നഹ (5108), ടിഎം ജേക്കബ് (5086), പി കെ കുഞ്ഞാലിക്കുട്ടി (4954), ആർ ബാലകൃഷ്ണപിള്ള (4265) എന്നിങ്ങനെയാണ് പിന്നീടുള്ള ക്രമം. ആകെയുള്ള 12 മുഖ്യമന്ത്രിമാരിൽ ഉമ്മൻ ചാണ്ടിക്ക് 2459 ദിവസമാണ് ചുമതല നിർവഹിച്ചത്. ഇ കെ നായനാർ (4009), കെ കരുണാകരൻ (3246), സി അച്യുതമേനോൻ (2640) എന്നിവരാണ് മുൻനിരയിൽ.

ഇതുവരെയുള്ള 970 എംഎൽഎമാരിൽ ഉമ്മൻ ചാണ്ടിയും കെ.എം.മാണിയും മാത്രമാണ്.

ഇതുവരെ നിയമസഭയിൽ 50 വർഷം പൂർത്തിയാക്കിയത്.കെ.ആർ. ഗൗരിയമ്മ (15544 ദിവസം),ബേബി ജോൺ (15184), പി.ജെ. ജോസഫ് (15072), സി.എഫ്. തോമസ് (14710) എന്നിവർ 40 വർഷത്തിലധികം വർഷം എംഎൽഎ ആയവരാണ്. ഗൗരിയമ്മയും ബേബി ജോണും 1330 ദിവസം തിരുകൊച്ചി നിയമസഭയിലുമുണ്ടായിരുന്നു.

മാണി സാറിന്റെ റെക്കോഡുകൾ

ആദ്യമായി മന്ത്രിയാകുന്നത് 1975 ഡിസംബർ 26നാണ്. 2003 ജൂൺ 22 ന് ബേബി ജോണിന്റെ റെക്കോഡ് മറികടന്നാണ് കെ എം മാണി ഈ നേട്ടം സ്വന്തമാക്കിയത്. പത്തു മന്ത്രിസഭകളിൽ അംഗമായിരുന്ന അദ്ദേഹം പതിനൊന്നു തവണ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു എന്ന സവിശേഷതയും സ്വന്തമാക്കിയിട്ടുണ്ട്. 1978-ൽ മന്ത്രിയായിരിക്കേ രാജി വയ്ക്കുകയും പിന്നീട് അതേ മന്ത്രിസഭയിൽ തന്നെ അംഗമാവുകയും ചെയ്തതിനാലാണ് ഇത്. നിയമവകുപ്പും ധനവകുപ്പും ഏറ്റവും കൂടുതൽ കാലം കൈകാര്യം ചെയ്തതിനുള്ള റെക്കോഡും കെ എം മാണിക്കു തന്നെ സ്വന്തം. ആഭ്യന്തരം, റവന്യൂ, ധനകാര്യം, നിയമം, ജലവിഭവം, വൈദ്യുതി, തുറമുഖം, നഗരവികസനം, ഭവനനിർമ്മാണം, ഇൻഫർമേഷൻ എന്നീ വകുപ്പുകൾ പല തവണ കൈകാര്യം ചെയ്തിട്ടുണ്ട് കെ എം മാണി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP