Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാണം കുണുങ്ങിയായ ഡോക്ടർ ഇസ്ലാം തലയിൽ കയറിയതോടെ മരണ വ്യാപാരിയായി! കള്ളനോട്ടും ആയുധക്കടത്തുമായി കോടികൾ നേടിയ സെക്സ് മാനിയാക്ക്; ഇന്ത്യയിലെ ജിഹാദിനായി പ്രത്യേക സംഘടന; കർണാടകയിലെ ഹിജാബ് വിഷയത്തിൽപോലും പ്രതികരിച്ചു; ഭീകരതയുടെ ത്വാതികാചാര്യൻ; ഡോ സവാഹിരി മരിക്കുമ്പോൾ ഇന്ത്യക്കും ആശ്വാസം

നാണം കുണുങ്ങിയായ ഡോക്ടർ ഇസ്ലാം തലയിൽ കയറിയതോടെ മരണ വ്യാപാരിയായി! കള്ളനോട്ടും ആയുധക്കടത്തുമായി കോടികൾ നേടിയ സെക്സ് മാനിയാക്ക്; ഇന്ത്യയിലെ ജിഹാദിനായി പ്രത്യേക സംഘടന; കർണാടകയിലെ ഹിജാബ് വിഷയത്തിൽപോലും പ്രതികരിച്ചു; ഭീകരതയുടെ ത്വാതികാചാര്യൻ; ഡോ സവാഹിരി മരിക്കുമ്പോൾ ഇന്ത്യക്കും ആശ്വാസം

എം റിജു

ഒരു മനുഷ്യൻ മരിച്ചുവെന്ന വാർത്ത കേൾക്കുമ്പോൾ, ലോകത്ത് സന്തോഷവും ആശ്വാസവും ഉണ്ടാവുന്നത്, എത്ര ദൗർഭാഗ്യകരമാണ്. എന്നാൽ അതുപോലെ ഒരു വാർത്തയാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇന്ന് പുറത്തുവിട്ടത്. ഡോ അയ്മൻ മുഹമ്മദ് റാബി അൽ സവാഹിരി എന്ന 71കാരന്റെ മരണവാർത്ത സ്ഥിരീകരിക്കപ്പെടുമ്പോൾ, ഇന്ത്യയിലടക്കം ആശ്വാസമാണ്. മുമ്പ് കേട്ടപോലെ വ്യാജ വാർത്ത ആവരുതേ എന്നുമാത്രമേയുള്ളൂ സമാധാനകാംക്ഷികളുടെ പ്രാർത്ഥന.

ഡോ സവാഹിരി, അൽഖായിദ എന്ന ലോകത്തെ നടുക്കുന്ന, ഇസ്ലാമിക തീവ്രവാദ സംഘടനയുടെ തലവനാണ്. 2001ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണം അടക്കം, മുന്നൂറിലേറെ കുറ്റ കൃത്യങ്ങൾ ചുമത്തപ്പെട്ട, മൂന്ന് തവണ മരിച്ചുവെന്ന് വാർത്ത വന്നിട്ടും തിരിച്ചുവന്ന, 25 ദശലക്ഷം ഡോളർ തലക്ക് വില പറഞ്ഞിട്ടും പിടികിട്ടാത്ത, ലോകമെമ്പാടുമുള്ള പതിനായിരക്കണക്കിന് മനുഷ്യരുടെ മരണത്തിന് ഉത്തരവാദിയായ കൊടും ക്രൂരൻ. അയാളെയാണ് അമേരിക്കൽ ഡ്രോണുകൾ അഫ്ഗാനിസ്ഥാനിൽവെച്ച് ചുട്ടുവെന്ന് സ്ഥിരീകരണം വരുന്നത്.

71 വയസുള്ള ഭീകരവാദി നേതാവിനെ വധിക്കാനുള്ള നീക്കത്തിന് അന്തിമാനുമതി നൽകിയത് താനാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി. 2011 ൽ ഒസാമ ബിൻ ലാദൻ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സവാഹിരി അൽ ഖായിദയുടെ തലവനാകുന്നത്. 9/11 ഭീകരാക്രമണം ആസൂത്രണം ചെയ്തത് ലാദനും സവാഹിരിയും ചേർന്നായിരുന്നു. സവാഹിരി കൊല്ലപ്പെട്ടതോടെ ഭീകരാക്രമണത്തിന് ഇരയായവരുടെ കുടുംബങ്ങൾക്ക് നീതി ലഭിച്ചുവെന്നാണ് ജോ ബൈഡന്റെ വാദം.

താലിബാൻ വക്താവും ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്. കാബൂളിലെ ഷെർപൂർ മേഖലയിലുള്ള വീടിന് നേരെ ജൂലൈ 31നായായിരുന്നു ആക്രമണം. പാക്കിസ്ഥാനിൽ കഴിയുകയായിരുന്ന, സാവാഹിരി, അഫ്ാഗാൻ താലിബാൻ ഭരണത്തിൽ എത്തിയതോടെയാണ്, കൂടുതൽ സുരക്ഷിതം എന്ന് കരുതി ഇങ്ങോട്ട് എത്തുന്നത്. എന്നാൽ അമേരിക്ക വിട്ടില്ല. കാബൂളിലെ അതിസുരക്ഷയുള്ള വീട്ടിലെ ബാൽക്കണിയിൽ ഉലാത്തുമ്പോഴാണ്, ഈ കൊടും ഭീകരനെത്തേടി യുഎസ് ഡ്രോണിൽനിന്നുള്ള മിസൈൽ എത്തുന്നത്. പാക്കിസ്ഥാനിലെ അബാട്ടാബാദിൽ ചെന്ന് ബിൻലാദനെ തേടിപ്പിടിച്ച് കൊന്ന് ചിതാഭസ്മം പോലും കൊടുക്കാതെ കടലിൽ താഴ്‌ത്തിയതിനുശേഷം അമേരിക്ക നടത്തുന്ന ഏറ്റവും വലിയ തീവ്രവാദ വേട്ടയുമാണിത്.

ഡോക്ടറിൽനിന്ന് മരണ വ്യാപാരിയിലേക്ക്

1951 ജൂൺ 19നു ഈജിപ്തിന്റെ തലസ്ഥാനമായ കയ്റോ നഗരത്തിലാണു സവാഹിരി ജനിച്ചത്. രാഷ്ട്രീയക്കാരും ഉന്നത ഉദ്യോഗസ്ഥരുമെല്ലാം ഉൾപ്പെടുന്ന ഒരു പ്രബല കുടുംബത്തിലെ അംഗമായിരുന്ന ഇദ്ദേഹം. ഏറ്റവും വിചിത്രം ഈ കുടുംബത്തിൽ ആർക്കും തീവ്രവാദ ബന്ധം ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല, അവർ പലപ്പോഴും ഇസ്ലാമിലെ നവീകരണ നിലപാടുകൾ എടുക്കുന്നവരും ആയിരുന്നു. പഠനത്തിൽ സ്‌കൂൾതലം മുതൽ തന്നെ മികവ് പുലർത്തിയിരുന്നു സവാഹരി. 1974ൽ കയ്റോ യൂണിവേഴ്സിറ്റിയിൽ നിന്നു മെഡിക്കൽ ഡിഗ്രി നേടി, ഡോക്ടറായ സവാഹിരി താമസിയാതെ എംഎസ് ബിരുദവും നേടി. ഈജിപ്ഷ്യൻ ആർമിയിൽ ഇയാൾ മൂന്നുവർഷം സർജനായിരുന്നു. ആ കാലഘട്ടത്തിൽ വീടിന് അടുത്ത് ഒരു ക്ലിനിക്ക് ഇട്ടും ചികിത്സ നടത്തിയിരുന്നു. ഇംഗ്ലീഷും അറബിയും ഫ്രഞ്ചും നന്നായി കൈകാര്യം ചെയ്യാനും അദ്ദേഹത്തിന് അറിയാമായിരുന്നു.

ഹിസ്റ്ററി ചാനൽ സംപ്രേഷണം ചെയ്ത റോഡ് 9/11 എന്ന 6 മണികൂറോളം വരുന്ന ഒരു ഡോക്യമെന്റിയിൽ സവാഹിരിയുടെ ഭൂതകാലം അന്വേഷിക്കുന്നുണ്ട്. സഹപാഠികൾ പറയുന്നത്, അക്കാലത്ത് ഇയാൾ ഒരു നാണം കുണുങ്ങിയായ, ആരോടും ഒന്നിനും പോവാത്ത വിദ്യാർത്ഥി ആയിരുന്നു വെന്നാണ്. പഠനത്തിലും അക്കാദമിക വിഷയങ്ങളിലുമായിരുന്നു, സവാഹിരി എന്ന യുവാവിന് നാൽപ്പര്യം. ഒരു പേരെടുത്ത സർജനാവണം എന്നായിരുന്നു, അക്കാലത്തെ അദ്ദേഹത്തിന്റെ ലക്ഷ്യം. എന്നാൽ എം എസ് ബിരുദത്തിന് പഠിക്കുന്ന സമയത്ത്, മുസ്ലിം ബ്രദർഹുഡിന്റെ ചില ഗ്രൂപ്പുകൾ ഖുർആൻ ക്ലാസിന്റെ പേരിൽ നടത്തുന്ന, ചില പ്രവർത്തനങ്ങളിൽ സവാഹരി ആകൃഷ്ടനായി. അങ്ങനെ ഇസ്ലാം തലക്ക് പിടിച്ചതോടെ പതിയെപ്പതിയെ ഇയാൾ ലക്ഷണമൊത്ത ഒരു ഭീകരൻ ആയി. ബ്രദർഹുഡിന്റെ നേതൃത്വം സവാഹരിയെ ബ്രയിൻ വാഷ് ചെയ്തുവെന്നാണ് കെയ്റോയിലെ സുഹൃത്തുക്കൾ പറയുന്നത്. ( നോക്കുക, കേരളത്തിൽനിന്ന് ഐഎസിൽ എത്തിയവരുടെ അനുഭവവും ഇതുതന്നെയല്ലേ. നന്നായി പഠിച്ചിരുന്ന പലരും മെഡിക്കൽ- എഞ്ചിനീയറിങ്ങ് പ്രൊഫഷണൽ കോഴ്സുകൾ, പഠിക്കുന്നതിനിടെയാണ് ഖുർആൻ ക്ലാസിന്റെ മറവിൽ തീവ്രവാദത്തിൽ എത്തുന്നത്.)

ലോകത്തിലെ എല്ലാ ഇസ്ലാമിക ഭീകരവാദ പ്രസ്ഥാനങ്ങളുടെയും അമ്മ എന്ന് അറിയപ്പെടുന്ന ഈജിപ്ഷ്യൻ ബ്രദർഹുഡിലാണ് ഇയാൾ ആദ്യം പ്രവർത്തിച്ചത്. പിന്നെ ഈജിപ്ഷ്യ ഇസ്ലാമിക്ക് ജിഹാദ് അഥാവാ ഇഐജെ എന്ന തീവ്രവാദ സംഘടനയ്ക്ക് രൂപം നൽകി. മതം തലക്ക് കയറിയതോടെ അയാൾക്ക് ഈജിപ്ഷ്യൻ ഭരണംപോലും അനിസ്ലാമികമായി തോന്നി. അങ്ങനെ പ്രസിഡന്റ് അൻവർ സാദത്തിനെ അടക്കം വധിക്കാൻ ശ്രമിച്ചുവെന്ന കുറ്റത്തിൽ രണ്ടു തവണ ജയിലായി. ശിക്ഷകഴിഞ്ഞ് ഇറങ്ങിയ ഇയാൾ പിന്നീട് സോവിയറ്റ് പടക്കെതിരെ പോരാടുന്ന മുജാഹിദിനുകൾക്ക് പിന്തുണയുമായാണ് അഫ്ഗാനിസ്ഥാനിലെത്തി. അവിടെ വച്ചാണ് ഇയാൾ ബിൻ ലാദനെ കണ്ടുമുട്ടുന്നതും പിന്നീട് ഒരുമിച്ച് ജിഹാദിന്റെ വഴിയിൽ നീങ്ങുന്നതും. 1998 ൽ സവാഹിരിയുടെ സംഘടന ഔദ്യോഗികമായി അൽഖായിദയിൽ ലയിച്ചു. ബിൻ ലാദന്റെ പേഴ്സണൽ ഡോക്ടർ കൂടിയായി അപ്പോഴേക്കും സവാഹിരി മാറിയിരുന്നു.

1997അഫ്ഗാനിസ്ഥാനിൽ ജീവിക്കുമ്പോഴായിരുന്നു ഇയാൾ ഒരു കൂട്ടം ഈജിപ്ഷ്യൻ വിനോദ സഞ്ചാരികൾക്ക് നേരെ ആക്രമണം നടത്തുവാനുള്ള പദ്ധതിയിൽ പങ്കാളിയായത്. അരമണിക്കൂറോളം നീണ്ട ആക്രമണമായിരുന്നു വിനോദ സഞ്ചാരികൾക്ക് നേരെ ഉണ്ടായത്. അഞ്ചു വയസ്സുള്ള ഒരു ബ്രിട്ടീഷ് പെൺകുട്ടി ഉൾപ്പടെ 62 പേരായിരുന്നു അന്ന് മരണമടഞ്ഞിരുന്നത് എന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. പിന്നീട് ലാദന്റെ മരണ ശേഷം അൽഖായിദയുടെ നേതൃത്വം മറ്റാർക്ക് എന്ന ചോദ്യംപോലും ഉണ്ടായിരുന്നില്ല.

ഭീകരതയുടെ ത്വാതികാചാര്യൻ

യുഎസ് സർക്കാർ 2.5 കോടി യുഎസ് ഡോളർ തലയ്ക്കു വിലയിട്ട ഭീകരനായിരുന്നു സവാഹിരി. 1998ൽ ടാൻസാനിയിലെ ദാറുസ്സലാമിലും കെനിയയിലെ നെയ്റോബിയിലും സ്ഥിതി ചെയ്യുന്ന യുഎസ് എംബസികളിൽ ബോംബിട്ടതിനു പിന്നിൽ സവാഹിരിക്ക് നേരിട്ടു പങ്കുണ്ടായിരുന്നു. സെപ്റ്റംബർ 11 വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിലും ഇയാൾ ഇടപെട്ടെന്നാണു കരുതപ്പെടുന്നത്. അതീവ അപകടകാരികളായ ജൈവായുധങ്ങൾ വരെ നിർമ്മിക്കാൻ സവാഹിരി ശ്രമിച്ചിരുന്നു. ഇതിനായി അഫ്ഗാനിസ്ഥാനിൽ ഒരു ലബോറട്ടറി വരെ ഇയാൾ തുറന്നിരുന്നു. പിന്നീട് അമേരിക്കൻ സഖ്യകക്ഷികൾ താലിബാനെ പുറത്താക്കിയപ്പോൾ ഇയാൾ ഈ ലാബ് അടച്ചുപൂട്ടി.

ഭീകരതയുടെ ത്വാതികാചാര്യൻ എന്നാണ് ന്യൂയോർക്ക് ടൈംസ് ഒരിക്കൽ എഴുതിയത്. കാരണം ലാദൻ അടക്കമള്ളവരുടെ ഇസ്ലാമിക വിഷയത്തിലുള്ള സംശയങ്ങളും, ഹലാലും ഹറാമുമൊക്കെ വേർ തിരിച്ച് പറഞ്ഞ് കൊടുക്കുകയും ചെയ്യുന്നത് സവാഹിരി ആയിരുന്നു. ഫ്രഞ്ചിലും അറബിയിലുമുള്ള അറിവും ഇയാൾക്ക് തുണയായി. ലാദൻ അൽഖായിദയുടെ സൈനിക മുഖം ആവുമ്പോൾ, പ്രത്യയശാസ്ത്ര മുഖം സവാഹരി ആയിരുന്നു.

സവാഹരി നിരവധി ഗ്രന്ഥങ്ങളുടെ കർത്താവാണ്. ചാവേർ ആക്രമണത്തെ ന്യായീകരിച്ച് അറബിയിൽ എഴുതപ്പെട്ട ഗ്രന്ഥങ്ങളിൽ ആദ്യത്തേത് ഇദ്ദേഹത്തിന്റെതാണ്. ശിഫ സുദൂർ അൽ മു അമിനീൻ, അൽ വലാ വൽ ബറാ, മിസ് റുൽ മുസ്ലിമ ബൈന സിയത്വിൽ ജലാദൈൻ, മ ഊഖാതുൽ ജിഹാദ് തുടങ്ങിയ നിരവധി പുസ്തകങ്ങൾ. 2001-ലെ അഫ്ഗാൻ യുദ്ധത്തിനു ശേഷം രചിച്ച നൈറ്റ്സ് അണ്ടർ ദ പ്രോഫറ്റ്സ് ബാനർ, ദേശങ്ങളുടേയും മനുഷ്യന്റേയും വിമോചനം ഖുർആന്റെ ദൃഷ്ടിയിൽ), തോറാബോറയിൽ നിന്ന് ഇറാഖിലേക്ക് തുടങ്ങിയ ഗ്രന്ഥങ്ങളും ഭീകരവാദത്തിന്റെ ബൈബിളുകളായാണ് അറിയപ്പെടുന്നത്. ശൈഖുൽ മുജാഹിദ്, ശൈഖ് ഥാനി, ദക്തൂർ, ഇമാം എന്നൊക്കെയാണ് ഇയാൾ ആരാധകർക്കിടയിൽ അറിയപ്പെട്ടത്.

ഭീകരതയിൽ അണുവിട വിട്ടുവീഴ്ച സവാഹിരിക്കില്ല. ജയിൽ വാസത്തിലും മറ്റും മാനസാന്തരം വന്ന് സെപ്റ്റംബർ 11 ഭീകരാക്രമണത്തെ തള്ളിപ്പറഞ്ഞ ഭീകരരെ ചതിയന്മാർ എന്നാണു വിശേഷിപ്പിച്ചിട്ടുള്ളത്. അവരെകൊല്ലാനുള്ള ആഹ്വാനം അപ്പോഴേ നൽകുകയും ചെയതു.

കള്ളനോട്ട്, മയക്കുമരുന്ന്

ഇസ്ലാമിക വിഷയങ്ങളിൽ ഹറാമും ഹലാലും തീരുമാനിക്കുന്ന താത്വിക ആചാര്യൻ ആണെങ്കിലും, ഒരു ശരാശരി വിശ്വാസി ചെയ്യാൻ മടിക്കുന്ന മനുഷ്യത്വവിരുദ്ധമായ കാര്യങ്ങളാണ്, സവാഹിരി ചെയ്തു കൊണ്ടിരുന്നത്. അൽഖായിദയുടെ വരുമാനം വർധിപ്പിക്കാനായി അയാൾ കണ്ട പണി കള്ളനോട്ടും ആയുധക്കടത്തുമായിരുന്നു. അപ്പോഴേക്കും അൽഖായിദ്ക്ക് കിട്ടുന്ന ഫണ്ടിങ്ങിലും വൻ തോതിൽ ഇടിവ് വന്നിരുന്നു.

സംഘടനയുടെ ഫണ്ട് മൂന്ന് രീതിയിലാണ് വരുന്നത് എന്നാണ് ഇതുസംബന്ധിച്ച് വിശദമായി പഠിച്ച ന്യയോർക്ക് ടൈസ് ലേഖകൻ ഇയാൻ മക്കി ചൂണ്ടിക്കാട്ടുന്നത്. കള്ളനോട്ടടി, മയക്കുമരുന്ന,് ആയുധക്കടത്ത്. ഇസ്ലാമിസ്റ്റുകൾ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ അപചയം നോക്കണം. പക്ഷേ നക്സലുകളെപ്പോലെ ഇസ്ലാമിസ്റ്റുകൾക്കും ലക്ഷ്യമാണ് പ്രധാനം. അതിനായി എന്ത് മാർഗവും സ്വീകരിക്കാം.

കറൻസി സബോട്ടാഷ് എന്ന് പറയുന്ന പരിപാടി ലാദന്റെ കാലത്തുതന്നെ തുടങ്ങിയതാണ്. ഇന്ത്യയെ തകർക്കാൻ പാക്കിസ്ഥാനിൽ അച്ചടിക്കുന്ന കള്ളനോട്ടുകൾ അതിർത്തി ജില്ലകളിൽ വ്യാപകമായി വിന്യസിക്കുക എന്നത് അൽഖായിദയുടെ പദ്ധതി ആയിരുന്നെന്ന് എൻഐഎ തന്നെ സമ്മതിക്കുന്നുണ്ട്. ഇങ്ങനെ സമാന്തര കറൻസിയുണ്ടാക്കി രാജ്യങ്ങളെ തകർക്കാനായിരുന്നു പ്ലാൻ. അമേരിക്കയോടും, ബ്രിട്ടനോടും, അവർ ഇതേ രീതി പയറ്റി നോക്കിയിരുന്നു. രണ്ടാമത്തേതാണ് അൽഖായിദക്ക് ഏറ്റവും ലാഭമുണ്ടായിരുന്നു പരിപാടി. മയക്കുമരുന്ന് കള്ളക്കടത്ത്.

അഫ്ഗാനിലും പാക്കിസ്ഥാനിലുമായി താലിബാൻ ഉണ്ടാക്കുന്ന ഓപ്പിയം സംസ്‌ക്കരിച്ച് അമേരിക്കയിലെ വിപണയിൽ എത്തിക്കുന്നതിലൂടെയാണ് ഡ്രഗ് മണിയെന്ന് ഇവർ വിളിക്കുന്ന ശതകോടികൾ ഒഴുകിയിരുന്നത്. അടുത്തത് ആയുധക്കടത്താണ്. ഇതിനായി പ്രധാനമായും ആശ്രയിച്ചിരുന്നത് മുൻ സോവിയറ്റ് റിപ്പബ്ലിക്കുകളെ ആയിരുന്നു. എൽടിടിഇക്ക് അടക്കം ഒരു കാലത്ത ആയുധങ്ങൾ നൽകിയിരുന്നത് അൽഖായിദ ആയിരുന്നു. ഇറാൻ അടക്കമുള്ള ഇസ്ലാമിക രാജ്യങ്ങൾ ഇക്കാര്യത്തിൽ അൽഖായിദയെ കൈയയച്ച് സഹായിക്കുകയും ചെയ്തിരുന്നു. ഇതിനെല്ലാം പുറമെ പരമ്പരാഗതമായ റാൻസം മണിയെന്ന തട്ടിക്കൊണ്ടുപോയുള്ള മോചന ദ്രവം വാങ്ങലും ഉണ്ടായിരുന്നു.എവിടെ അൽഖായിദയുടെ സാന്നിധ്യം ഉണ്ടോ അവിടെ കള്ളനോട്ടും, കള്ളക്കടത്തും , മയക്കുമരുന്ന് ബിസിനസും ഉണ്ടാകും. അതാണ് ഇന്ത്യയടക്കം ഭയക്കേണ്ട എറ്റവും പ്രധാനപ്പെട്ട കാര്യം.

ലാദന്റെ മകനെ രംഗത്തിറക്കുന്നു

ലാദൻ മരിച്ചതോടെ സംഘടനമുന്നോട്ടുകൊണ്ടുപോവകു അത്ര എളുപ്പം ആയിരുന്നില്ല. പ്രത്യേകിച്ച് അൽഖായിദക്ക് ലോക വ്യാപകമായി പൂട്ടു വീഴുമ്പോൾ. സൗദിയും ഖത്തറും അടക്കമുള്ള രാജ്യങ്ങൾപോലും ഭീകരതക്ക് പിന്തുണ പിൻവലിച്ചു. അപ്പോഴാണ് ബിൻ ലാദന്റെ മകനെ കൊണ്ടുവന്ന് സവാഹിരി ഒരു കളി കളിച്ചത്. പിന്നീടുള്ള സംഘടനയുടെ നിയന്ത്രണം ലാദന്റെ മകൻ ഹംസബിൻ ലാദനിലുടെയായിരുന്നു. ലോകമെമ്പാടും പടർന്ന് കിടുക്കുന്ന വലിയൊരു ബിസിനിസ് ഗ്രൂപ്പ് കൂടിയാണ് ലാദൻ കടുംബം. അതോടെ സംഘടനയുടെ ഫണ്ട് റെയിസിങ്ങുമാണ് സവാഹിരി ലക്ഷ്യമിട്ടത്.

ആഗോള ഇസ്ലാമിക ഭീകര സംഘടനകളെ ഒരുമിപ്പിക്കാനും സവാഹിരി നീക്കം നടത്തി. ഇതിന് ചുക്കാൻ പിടിച്ചതും ഹംസ ബിൻലാദൻ ആയിരുന്നു. ഐക്യത്തിന്റെ ആവശ്യകത മരണത്തിനും ജീവിത്തതിനും ഇടയിലുള്ളതാണെന്നാണ് സവാഹിരി സന്ദേശം ഇറക്കി. ഇതോടെയാണ് ഐഎസ്- അൽഖായിദ സംഖ്യം യാഥാർഥ്യമായത് എന്നാണ് ബിബിസിയടക്കമുള്ള ലോക മാധ്യമങ്ങൾ പറയുന്നത്. അതോടെ എക്യൂഐഎസ് എന്ന അപകടമായ സംഘമായി അത് മാറി. ബംഗ്ലാദേശിലെ മതേതര ബ്ലോഗർമാരുടെ ദാരുണമായ കൊലപാതകങ്ങൾ ഉൾപ്പെടെ ഉപഭൂഖണ്ഡത്തിലെ നിരവധി ഭീകരാക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തു.

പാക്കിസ്ഥാനിൽ വച്ച് അമേരിക്കൻ സേന ബിൻലാദനെ വളഞ്ഞ് പിടിച്ച് വധിക്കുമ്പോൾ ഹംസയ്ക്ക് വെറും 17 വയസായിരുന്നു. ലാദനെയും മറ്റ് ചില കുടുംബാംഗങ്ങളെയും സേന വധിച്ചെങ്കിലും ഹംസ രക്ഷപ്പെടുകയായിരുന്നു. ലാദന്റെ യഥാർത്ഥ പാരമ്പര്യവും യുവത്വവും കാരണം ഹംസയ്ക്ക് ആഗോളതലത്തിൽ നിന്നും നിരവധി പേരെ ജിഹാദി പോരാളികളായി റിക്രൂട്ട് ചെയ്യാൻ സാധിച്ചു. ജഹാദിന്റെ കിരീടാവകാശി എന്നായിരുന്നു ഇയാൾ വിശേഷിപ്പക്കപ്പെട്ടത്.

എന്നാൽ 2019 ജനുവരിൽ ഹംസയെ വധിച്ചുകൊണ്ട് അമേരിക്ക വീണ്ടും കരുത്തുകാട്ടി.
പാക്ക് അഫ്ഗാൻ മേഖലയിൽ ഭീകരവിരുദ്ധ പോരാട്ടത്തിനിടെയാണ് കൊല്ലപ്പെട്ടതെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്ഥിരീകരിച്ചു. ഹംസയെക്കുറിച്ചു വിവരം നൽകുന്നവർക്ക് യുഎസ് 10 ലക്ഷം ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പ്രഖ്യാപനം. ബിൻ ലാദന്റെ 20 മക്കളിൽ 15ാമത്തെയാളാണ് 30 വയസ്സുണ്ടെന്നു കരുതുന്ന ഹംസ. ലാദന്റെ മൂന്നാം ഭാര്യയിലെ മകനാണ്. ബിൻ ലാദന്റെ മറ്റൊരു മകനായ ഖാലിദും ലാദനൊപ്പം 2011 ൽ കൊല്ലപ്പെട്ടിരുന്നു. മൂന്നാമത്തെ മകനായ സാദ് 2009ൽ കൊല്ലപ്പെട്ടു. 2001 സെപ്റ്റംബറിൽ നടന്ന യുഎസ് ആക്രമണത്തിന്റെ സൂത്രധാരൻ മുഹമ്മദ് അത്തയുടെ മകളെയാണ് ഹംസ വിവാഹം ചെയ്തതായാണ് വിവരം. ഹംസ വീണതോടെ സവാഹിരി നേരിട്ടാണ് സംഘടനയെ നയിച്ചത്.

സെക്സ് മാനിയാക്ക്

സവാഹിരിയുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് വളരെ കുറച്ച് കാര്യങ്ങൾ മാത്രമേ പാശ്ചാത്യ മാധ്യമങ്ങൾക്ക് അറിയൂ. നാലുതവണ വിവാഹതിനായ ഇയാൾക്ക് പത്തിലേറെ മക്കൾ ഉണ്ട്. ഇതിൽ രണ്ടുമക്കളും ഒരു ഭാര്യയും വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തെ തുടർന്നുണ്ടായ, അമേരിക്കയുടെ അഫ്ഗാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. പാട്ടും നൃത്തവും, ഫോട്ടോഗ്രാഫിയുമൊക്കെ ആയാണ് ആദ്യ വിവാഹം നടന്നത്. അന്ന് ഇയാൾ ജിഹാദി ആയിരുന്നില്ല.

ഒരു ഭാര്യയിൽനിന്ന് സവാഹിരി വിവാഹമോചിതനാണ്. അവർ ഇയാളെ ഒരു സെക്സ് മാനിയാക്ക് എന്നാണ് വിശേഷിപ്പിച്ചത്. സുരക്ഷകാരണങ്ങളാൽ ആ പെൺകുട്ടിയുടെ പേര് പുറത്തുവിട്ടിട്ടില്ല. അതുപോലെ അൽഖായിദയുടെ തടവിൽ നിന്ന് രക്ഷപ്പെട്ട ഒരു ഫിലിപ്പൈൻ പെൺകുട്ടിയും പറയുന്നത്, ഐഎസ് തലവൻ അബൂബക്കർ അൽ ബാഗ്ദാദിയെപ്പോലെ യുവതികളെ പീഡിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തിയിരുന്ന, ഒരു സൈക്കോയാണ് സവാഹിരി എന്നാണ്. യുവതികളുടെ നഖങ്ങൾ ചവണകൊണ്ട് വലിച്ച് പറച്ചെടുത്ത് 'ആനന്ദിക്കയായിരുന്നു' ബാഗ്ദാദിയുടെ രീതി. അത്രക്ക് വരില്ലെങ്കിലും, യുവതികളെ തല്ലികരിയിപ്പിക്കുക, സവാഹിരിയുടെയും, ഹോബി ആയിരുന്നത്രേ.

കടുത്ത ഇന്ത്യാവിരുദ്ധൻ

മറ്റ് ഇസ്ലാമിക ഭീകര സംഘടനാ നേതാക്കളിൽ നിന്ന് വ്യത്യസ്തമായി കടുത്ത ഇന്ത്യ വിരുദ്ധനായിരുന്നു സവാഹിരി. മറ്റ് ഭീകര നേതാക്കളുടെയും ലിസ്റ്റിൽ ഇന്ത്യ ഉണ്ടായിരുന്നെങ്കിലും അവർ തങ്ങളുടെ മുഖ്യ ശത്രുക്കളിൽ ഒന്നായി ഇന്ത്യയെ കണ്ടിരുന്നില്ല. എന്നാൽ സവാഹിരിക്ക് ഇന്ത്യ മുഖ്യ ശത്രുതന്നെ ആയിരുന്നു. പലതവണ ഇയാൾ ഇന്ത്യയെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. അഫ്ഗാൻ എമിറേറ്റ് വികസിപ്പിച്ച് ഇന്ത്യ കീഴകക്കുന്ന ജിഹാദ് ആയിരുന്നു അദ്ദേഹത്തിന്റെ ഒരു നടക്കാതെപോയ സ്വപ്നം.

കാലാകാലങ്ങളിൽ പുറത്തിറങ്ങിയ വീഡിയോകളിൽ, സവാഹിരി പാശ്ചാത്യ ശക്തികൾക്കെതിരായ ഇസ്ലാമിന്റെ യുദ്ധങ്ങൾക്ക് ഊന്നൽ നൽകു
മ്പോഴും ഇന്ത്യ ഒരു മുഖ്യവിഷയമായി കടുന്നുവന്നിരുന്നു. സവാഹിരി കശ്മീരിനെക്കുറിച്ച് നിരന്തരം സംസാരിച്ചു. അവിടുത്തെ മുസ്ലീങ്ങളോട് ഇന്ത്യക്കെതിരെ യുദ്ധം ചെയ്യാൻ ആവശ്യപ്പെട്ടു, 2003 സെപ്റ്റംബറിൽ ആയിരുന്നു ഇത്. പാക്കിസ്ഥാൻ പ്രസിഡന്റായിരുന്ന ജനറൽ പർവേസ് മുഷറഫ് ഹിന്ദുക്കളെ തങ്ങൾക്ക് കൈമാറിയിട്ട് രാജ്യം വിട്ട് ഓടിപ്പോകുമെന്ന് സവാഹിരി പാക്കിസ്ഥാനിലെ മുസ്ലീങ്ങളോട് പറഞ്ഞു. 2014 ലും 2022 ലും പൂർണ്ണമായും ഇന്ത്യയെ ലക്ഷ്യമിട്ടുകൊണ്ടുള്ള വീഡിയോകൾ സവാഹിരി പുറത്തിറക്കിയിരുന്നു. ഇന്ത്യൻ കേന്ദ്രീകൃതമായ ഈ വീഡിയോ വഴി സവാഹിരി തന്റെ അനുയായികൾക്ക് നൽകിയ പ്രധാനപ്പെട്ട സന്ദേശം ഉപഭൂഖണ്ഡത്തിലെ ജിഹാദിനെക്കുറിച്ചുള്ള വീക്ഷണം ആയിരുന്നു.

2014ൽ പുറത്തിറക്കിയ ഒരു വീഡിയോയിൽ, 'ജമാഅത്ത് ഖാഇദത്ത് അൽജിഹാദ് ഫിഷിബി അൽ ഖറത്ത് അൽ ഹിന്ദിയ' അല്ലെങ്കിൽ 'ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ജിഹാദിന്റെ ബേസ് ഓർഗനൈസേഷൻ' എന്ന സംഘടനയുടെ രൂപീകരണം സവാഹിരി പ്രഖ്യാപിച്ചു. ഇന്ത്യയിലെ മുസ്ലിം സഹോദരങ്ങളെ അൽഖായിദ റന്നിട്ടില്ലെന്ന സന്ദേശമായിരുന്നു ഈ സംഘടനാ പ്രഖ്യാപിച്ചതിലൂടെ സവാഹിരി നൽകിയത്. ജിഹാദികൾ ഇന്ത്യയുടെ അതിർത്തികൾ തകർക്കുമെന്നും ഉപഭൂഖണ്ഡത്തിലെ മുസ്ലീങ്ങൾ ഒന്നിക്കണമെന്നും സവാഹിരി വീഡിയോയിലൂടെ പറഞ്ഞു.അൽഖായിദ അതിന്റെ പ്രവർത്തനങ്ങൾ മേഖലയിലുടനീളം വ്യാപിപ്പിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്യുന്നുമുണ്ട്. 'ബർമ്മ, കാശ്മീർ, ഇസ്ലാമാബാദ്, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ഞങ്ങളുടെ സഹോദരങ്ങളെ, ഞങ്ങൾ നിങ്ങളെ മറന്നിട്ടില്ല. നിങ്ങളെ അനീതിയിൽ നിന്നും അടിച്ചമർത്തലിൽ നിന്നും മോചിപ്പിക്കും. പുതിയ ബ്രാഞ്ച് പ്രത്യേകിച്ചും ഇന്ത്യയിലെ ഞങ്ങളുടെ മുസ്ലിം സഹോദരങ്ങൾക്ക് വേണ്ടിയുള്ളതാണ്', സവാഹിരി തന്റെ വീഡിയോയിൽ പറഞ്ഞു.

അഖായിദയുടെ ഇന്തൽൻ പുതിയ ഉപഭൂഖണ്ഡത്തിന്റെ തലവനായി സവാഹിരി മൗലാന അസിം ഒമറിനെ തിരഞ്ഞെടുത്തു. ഇയാൾ 2019ൽ അഫ്ഗാനിസ്ഥാനിൽ വെച്ച് കൊല്ലപ്പെട്ടു. അതിനുശേഷം മറ്റൊരാൾ നേതൃത്വത്തിലേക്ക് വന്നു. രഹസ്യവിങ്ങുകളുമായി ഈ സംഘം ഇന്ത്യയിൽ അടക്കം ഇപ്പോഴും ഒളി പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.

ഹിജാബിൽ പ്രതികരിച്ചത് ജീവനെടുത്തു

സത്യത്തിൽ സവാഹിരിയുടെ ജീവൻ നഷ്ടമാവാൻ ഇടയാക്കിയ, ഇപ്പോഴത്തെ ഓപ്പറഷേൻ ഉണ്ടായതും ഒരു ഇന്ത്യൻ വിഷയത്തിന്റെ പേരിലാണ്. കർണ്ണാടകയിലെ ഹിജാബ് വിഷയത്തിൽ പ്രതികരിച്ചതോടെയാണ് ഇയാൾ ജീവിച്ചിരിപ്പുണ്ടെന്ന് അറിഞ്ഞത്. അതോടെയാണ് യുഎസ് രഹസ്യന്വേഷണ ഏജൻസികൾ വീണ്ടും സജീവമായതും സവാഹിരി തീർന്നതും. അങ്ങനെ വാളെടുത്തവൻ വാളാൽ എന്ന് പറയുന്നതുപോലെ, ഇന്ത്യയെ തകർക്കാൻ ഇറങ്ങിയ സവാഹിരി ഒരു ഇന്ത്യൻ വിഷയത്തിന്റെ പേരിൽ ഒടുങ്ങുകയും ചെയ്തു.

ഈ വർഷം ഏപ്രിലിൽ, സവാഹിരി ഒരു വീഡിയോ പുറത്തിറക്കിയിരുന്നു. അതിൽ കർണാടകയിലെ ഹിജാബ് വിവാദത്തെക്കുറിച്ച് ആയിരുന്നു ഇയാൾ സംസാരിച്ചത്. 2020ൽ സവാഹിരി അസുഖബാധിതനായി മരണമടഞ്ഞു എന്ന് വിശ്വസിച്ചിരുന്ന ലോകത്തിന് മുന്നിലേക്കാണ് തന്റെ 'ഹിജാബ് അനുകൂല' വീഡിയോയുമായി സവാഹിരി പ്രത്യക്ഷപ്പെട്ടത്. സമകാലിക വിഷയത്തെക്കുറിച്ചുള്ള സവാഹിരിയുടെ പരാമർശം അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്ന് സ്ഥിരീകരിപ്പെട്ടു. അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾക്ക് ചുരുങ്ങിയത് മൂന്ന് തവണയെങ്കിലും ഉണ്ടായിട്ടുണ്ട്. അതിനുശേഷവും അൽഖായിദയുടെ വീഡിയോകൾ പുറത്തിറക്കിയിരുന്നു. എന്നാൽ, എല്ലാത്തിലും സവാഹിരിയുടെ ശബ്ദം മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതിലാവട്ടെ ജിഹാദിനെക്കുറിച്ചും, ഇസ്ലാമിക ചരിത്രത്തെക്കുറിച്ചും പറയുന്നതിനാൽ കാലഘട്ടം മനസ്സിലാവില്ല. അതുകൊണ്ടുതന്നെ സവാഹിരി മരിച്ചിട്ടില്ലെന്ന് തോന്നിപ്പിക്കാനുള്ള അൽഖായിദയുടെ തന്ത്രങ്ങൾ മാത്രമാണ് ഇതെന്നായിരുന്നു, കരുതിയത്.

എന്നാൽ കർണ്ണാടകയിലെ ഹിജാബ് വിഷയത്തിൽ പ്രതികരിച്ചതോടെ സവാഹിരി ജീവിച്ചിരിപ്പുണ്ടെന്ന് ഉറപ്പായി. ഹിജാബ് വിഷയത്തിലെ വൈറൽ പെൺകുട്ടയെ സവാഹിരി പ്രശംസിച്ചു. 2022 ഫെബ്രുവരിയിൽ 'അല്ലാഹു അക്‌ബർ' എന്ന മുദ്രാവാക്യം മുഴക്കി, ഹിന്ദു ബഹുദൈവാരാധകരുടെ ഒരു കൂട്ടത്തെ വെല്ലുവിളിച്ച പെൺകുട്ടി 'ജിഹാദിന്റെ ചൈതന്യത്തെ ഉണർത്തുകയും' മുസ്ലിം സമൂഹത്തെ ഉണർത്തുകയും ചെയ്തുവെന്ന് സവാഹിരി ആവേശ ഭരിതനായി പറഞ്ഞു. ഈ ആവേശം പക്ഷേ വിനയായി. സവാഹിരി ജീവിച്ചിരിപ്പുണ്ടെന്ന് ഉറപ്പായതോടെ ണ്ടും കൽപ്പിച്ച് അമേരിക്കൻ സേനയിറങ്ങി. താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാനിലെ രഹസ്യ ഓപറേഷനിലൂടെ സവാഹിരിയെ കൊന്ന് തള്ളി അമേരിക്ക തങ്ങളുടെ പക വീട്ടി.

ക്ഷീണിക്കുന്നു, പക്ഷേ അവസാനിക്കുന്നില്ല

പക്ഷേ ഇതുകൊണ്ടെന്നും തീവ്രവാദം അവസാനിക്കുന്നില്ല എന്ന് ഉറപ്പാണ്. പക്ഷേ അൽഖായിദ ക്ഷീണിക്കും എന്നും ഉറപ്പാണ്. പക്ഷേ അവർ അടുത്ത തലവനെ കണ്ടെത്തും. ഇപ്പോൾ ആ സ്ഥാനത്തേക്ക് എത്താൻ സാധ്യതയുള്ളത് മുൻ ഈജിപ്ഷ്യൻ സൈനിക ഉദ്യോഗസ്ഥനായ സയ്ഫ് അൽ അഡേൽ ആയിരിക്കും എന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. ഔപചാരികമായ സൈനിക പരിശീലനം ലഭിച്ചിട്ടുള്ള ഇയാൾ നിരവധി അമേരിക്കൻ- ബ്രിട്ടീഷ് സൈനികരെ കൊന്നൊടുക്കി പരിചയമുള്ള വ്യക്തികൂടിയാണെന്ന് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

തുടക്കം മുതൽ തന്നെ ഇയാൾ ഈ സംഘടനയിൽ പ്രവർത്തിക്കുന്നുണ്ട്. ഈ ഏകദേശം 60 വയസ്സിനടുത്ത് പ്രായമുള്ള ഇയാൾ നിലവിൽ സംഘടനയുടെ മുൻനിരയിലുള്ള നേതാക്കളിൽ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്. സൊമാലിയയിലെ മൊഗാദിഷുവിൽ 19 അമേരിക്കൻ സൈനികരെ വധിക്കുകയും അവരുടെ മൃതദേഹങ്ങൾ നിരത്തിലൂടെ വലിച്ചിഴക്കുകയും ചെയ്തതിന് നേതൃത്വം കൊടുത്ത ഈ ഭീകരന് അന്ന് 30 വയസായിരുന്നു പ്രായം.

പിന്നീട് കിഴക്കൻ ആഫ്രിക്കയിൽ വെച്ച് ഹെലികോപ്റ്റർ വെടിവെച്ചിട്ട് ഇയാൽ രണ്ട് ബ്രിട്ടീഷ് സൈനികർ ഉൾപ്പടെ ഏഴുപേരെ കൂടി കൊന്നിരുന്നു. ബിൻ ലാദന്റെ മരണ ശേഷം സംഘടനയുടെ ആക്രമണ പദ്ധതികൾ തയ്യാറാക്കുന്നതിൽ ഇയാൾ സുപ്രധാന പങ്ക് വഹിച്ചിരുന്നു. ഇസ്ലാമിക ആശയങ്ങളിൽ ആകൃഷ്ടരായി എത്തിയവരായിരുന്നു അൽഖായിദയിലെ നേതാക്കൾ എങ്കിൽ, തന്റെ സൈനിക രംഗത്തെ നൈപുണ്യം കൊണ്ട് സംഘടനയിൽ ഉയർന്നു വന്ന വ്യക്തിയാണ് അഡേൽ. 10 ദശലക്ഷംഡോളറാണ് ഇയാളുടെ തലക്ക് അമേരിക്ക പ്രഖ്യാപിച്ചിരിക്കുന്നത്.

ഒരു തലവനും പകരം മറ്റൊരു തലവൻ വരും. പക്ഷേ മതതീവ്രാവാദം തടയാനുള്ള യാഥാർഥ പണി മസ്തിഷ്‌ക്കപരമായ മാറ്റം വരുത്തുക എന്നാണ്. സിറിയയിലും അഫ്ഗാനിലും തോറാബോറ മലനിരകളിലും ഒന്നുമല്ല അൽഖായിദയും ഐസിസും ള്ളത്. അത് ഉറങ്ങിക്കിടക്കുന്നത് മനുഷ്യന്റെ മസ്തിഷ്‌ക്കങ്ങളിലാണ്. അതുകൊണ്ടുതന്നെ ഒരു സവാഹിരിയിൽ ഒന്നും അവസാനിക്കുന്നില്ല. അതിന്റെ ചാരം മൂടിയ കനൽപോലെ എത് നിമിഷവും ആളിക്കത്താം. ഈ മതജന്യമായ മസ്തിഷ്‌ക്ക രോഗം ഇല്ലാതാക്കാനുള്ള, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തുക എന്നത് മാത്രമാണ് ഈ പ്രശ്നത്തിനുള്ള യഥാർഥ മറുമരുന്ന്.

വാൽക്കഷ്ണം: സദ്ദാം ഹുസൈന് വേണ്ടി ഹർത്താൽ നടത്തിയത് വെച്ചുനോക്കുമ്പോൾ, സവാഹിരിയുടെ മരണത്തിൽ സിപിഎം നേതൃത്വത്തിൽ കേരളത്തിൽ ഇന്നും ഒരു ഹർത്താൽ ആവാമായിരുന്നു. ബിൻ ലാദനെക്കുറിച്ച് എഴുതിയപോലെ ജി സുധാകരന്റെ കവിതയും കണ്ടില്ല!

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP