Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നീതി നടപ്പായി..... ആ ഭീകര നേതാവ് ഇനിയില്ല; ഡ്രോൺ ആക്രമണത്തിൽ സവാഹിരിക്ക് നേരെ പാഞ്ഞത് രണ്ട് മിസൈലുകൾ; അമേരിക്കൻ ചാര സംഘടനയുടെ കാബൂൾ ഓപ്പറേഷൻ വിജയം നാടകീയമായി പ്രഖ്യാപിച്ച് ബൈഡൻ; ആയിരക്കണക്കിന് നിരപരാധികളെ കൊന്ന ഭീകരനാണ് കൊല്ലപ്പെട്ടതെന്ന് സൗദിയും; ഇത് 2001നുള്ള പ്രതികാരം

നീതി നടപ്പായി..... ആ ഭീകര നേതാവ് ഇനിയില്ല; ഡ്രോൺ ആക്രമണത്തിൽ സവാഹിരിക്ക് നേരെ പാഞ്ഞത് രണ്ട് മിസൈലുകൾ; അമേരിക്കൻ ചാര സംഘടനയുടെ കാബൂൾ ഓപ്പറേഷൻ വിജയം നാടകീയമായി പ്രഖ്യാപിച്ച് ബൈഡൻ; ആയിരക്കണക്കിന് നിരപരാധികളെ കൊന്ന ഭീകരനാണ് കൊല്ലപ്പെട്ടതെന്ന് സൗദിയും; ഇത് 2001നുള്ള പ്രതികാരം

മറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ടൺ: അൽ ഖ്വയ്ദ തലവൻ അയ്മൻ അൽ സവാഹിരിയെ വധിച്ചുവെന്നകാര്യം സ്ഥിരീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. അഫ്ഗാനിസ്ഥാനിൽ നടത്തിയ ഡ്രോൺ ആക്രമണത്തിലൂടെയാണ് സവാഹിരിയെ വധിച്ചത്. അഫ്ഗാൻ തലസ്ഥാനമായ കൂബൂളിൽ അമേരിക്കൻ ചാര സംഘടനയായ സിഐഎയാണ് തീവ്രവാദ വിരുദ്ധ ഓപ്പറേഷൻ നടത്തിയതെന്ന് ബൈഡൻ സ്ഥിരീകരിച്ചു. കാബൂളിലെ വസതിയുടെ ബാൽക്കണിയിൽ നിൽക്കവെ രണ്ട് മിസൈലുകൾ അയച്ചാണ് ഭീകരവാദി നേതാവിനെ കൊലപ്പെടുത്തിയത്.

കുടുംബാംഗങ്ങളും ആ വീട്ടിൽ ഉണ്ടായിരുന്നുവെങ്കിലും അവരിൽ ആർക്കും പരിക്കേറ്റിട്ടില്ല. 71 വയസുള്ള ഭീകരവാദി നേതാവിനെ വധിക്കാനുള്ള നീക്കത്തിന് അന്തിമാനുമതി നൽകിയത് താനാണെന്ന് ബൈഡൻ വ്യക്തമാക്കി. 2001 സെപ്റ്റംബർ 11 ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരിൽ ഒരാളുമായ അയ്മൻ അൽ സവാഹിരിയെ(71) ഡ്രോൺ ആക്രമണത്തിൽ വധിച്ചതായി ടെലിവിഷനിലൂടെ നടത്തിയ പ്രത്യേക പ്രസ്താവനയിലൂടെയാണ് യുഎസ് പ്രസിഡന്റ് പ്രഖ്യാപിച്ചത്.

ഞായറാഴ്ച അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് സവാഹിരിയെ വധിച്ചതെന്ന് യുഎസ് സമയം തിങ്കളാഴ്ച വൈകിട്ട് 7.30ന് വൈറ്റ്ഹൗസിൽ നടത്തിയ പ്രസ്താവനയിൽ ബൈഡൻ വിശദീകരിച്ചു. ''നീതി നടപ്പായി. ആ ഭീകര നേതാവ് ഇനിയില്ല.'' ബൈഡൻ പറഞ്ഞു. ഉസാമ ബിൻ ലാദന്റെ വലംകൈയായി പ്രവർത്തിച്ചിരുന്ന സവാഹിരി, 2011 ൽ ലാദനെ യുഎസ് വധിച്ചതിനുശേഷം അൽ ഖായിദയുടെ നേതൃത്വം ഏറ്റെടുത്തിരുന്നു. 2021 ഓഗസ്റ്റിലെ യുഎസ് പിന്മാറ്റത്തിനു ശേഷം അഫ്ഗാൻ താലിബാന്റെ നിയന്ത്രണത്തിലായ ശേഷം അവിടെ യുഎസ് നടത്തുന്ന ആദ്യ യുഎസ് ആക്രമണത്തിലാണ് സവാഹിരി കൊല്ലപ്പെട്ടതെന്ന പ്രത്യേകതയുമുണ്ട്.

സവാഹിരിയെ വധിച്ചെന്ന ബൈഡന്റെ പ്രഖ്യാപനത്തെ സൗദി അറേബ്യ സ്വാഗതം ചെയ്തു. 'യുഎസിലും സൗദിയിലും ആക്രമണങ്ങൾ നടത്തിയ ഭീകര നേതാക്കളിൽ ഒരാളാണു സവാഹിരി. സൗദിക്കാരടക്കം ആയിരക്കണക്കിനു നിരപരാധികളായ മനുഷ്യരെ കൊലപ്പെടുത്തിയ ആക്രമണങ്ങളുടെ ആസൂത്രകൻ സവാഹിരിയായിരുന്നു' സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. 2020 നവംബറിൽ സവാഹിരി കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ വന്നെങ്കിലും 2021ൽ സെപ്റ്റംബർ 11 ഭീകരാക്രമണത്തിന്റെ വാർഷികദിനത്തിൽ സവാഹിരിയുടെ ഒരു മണിക്കൂർ ദൈർഘ്യമുള്ള വിഡിയോ പുറത്തുവന്നിരുന്നു. പാക്കിസ്ഥാനിലെ അബട്ടാബാദിൽ ഒളിച്ചുതാമസിക്കുന്നതിനിടെയാണ് അൽ ഖായിദ തലവൻ ഉസാമ ബിൻ ലാദൻ 2011 മെയ്‌ രണ്ടിന് യുഎസ് കമാൻഡോകളുടെ മിന്നലാക്രമണത്തിൽ കൊല്ലപ്പെട്ടത്.

ഒസാമ ബിൻ ലാദനെ അമേരിക്ക കൊലപ്പെടുത്തി 11 വർഷം പിന്നിടുമ്പോഴും അൽ-ഖ്വയ്ദയുടെ അന്താരാഷ്ട്ര പ്രതീകമായി തുടർന്നിരുന്ന ഭീകരനാണ് 71-കാരനായ അയ്മാൻ അൽ-സവാഹിരി. പാക്കിസ്ഥാനിലെ ജലാലാബാദിൽ വെച്ച് യുഎസ് സേന ലാദനെ വകവരുത്തിയതിന് ശേഷം ലാദന്റെ പിൻഗാമിയായി അദ്ദേഹം വളരുകയും അൽ-ഖ്വയ്ദയുടെ തലവനാകുകയും ചെയ്തു. ഒരു ഘട്ടത്തിൽ ബിൻ ലാദന്റെ പേഴ്‌സണൽ ഡോക്ടറായി സവാഹിരി പ്രവർത്തിച്ചിട്ടുണ്ട്.

ടാൻസാനിയയിലെ ദാർ എസ് സലാം, കെനിയയിലെ നെയ്‌റോബി എന്നിവിടങ്ങളിലുള്ള അമേരിക്കൻ എംബസികൾക്ക് നേരെ 1998 ഓഗസ്റ്റ് 7-ന് ബോംബാക്രമണം നടത്തിയതിന് പിന്നിലുള്ള സൂത്രധാരനാണ് സവാഹിരി. രണ്ടിടത്തും ഒരേസമയമായിരുന്നു ബോംബ് പൊട്ടിത്തെറിച്ചത്. 12 അമേരിക്കക്കാർ ഉൾപ്പെടെ 224 പേർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. 4,500-ലധികം പേർക്ക് പരിക്കേറ്റു. 2001 സെപ്റ്റംബർ 11-ന് വേൾഡ് ട്രേഡ് സെന്ററിന്റെയും പെന്റഗണിന്റെയും കെട്ടിടങ്ങളിൽ നടന്ന ആക്രമണത്തിൽ 3,000 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ ഗൂഢാലോചനയ്ക്ക് പിറകിലും സവാഹിരി ഉൾപ്പെടെയുള്ള അൽ-ഖ്വയ്ദ ഭീകരരാണ്.

വാഷിങ്ടൺ വിമാനത്തെ റാഞ്ചുകയും പിന്നീട് യാത്രക്കാർ പ്രതിരോധിച്ചതിനെ തുടർന്ന് പെൻസിൽവാനിയയിൽ വിമാനം തകർന്നുവീണ സംഭവത്തിന് പിന്നിലും സവാഹിരിയാണ്. 2001 അവസാനത്തോടെ ബിൻ ലാദനോടൊപ്പം അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് സേനയുടെ കണ്ണുവെട്ടിച്ച് സവാഹിരി രക്ഷപ്പെടുകയും ചെയ്തു. പിന്നീട്, 2003 മെയ് മാസത്തിൽ റിയാദിലും സൗദി അറേബ്യയിലും ഒരേസമയം നടന്ന ചാവേർ സ്ഫോടനത്തിലും സവാഹിരിക്ക് പങ്കുണ്ടായിരുന്നു. അന്നത്തെ ആക്രമണത്തിൽ ഒമ്പത് അമേരിക്കക്കാർ ഉൾപ്പെടെ 23 പേർ കൊല്ലപ്പെട്ടിരുന്നു.

എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി സവാഹിരി എവിടെയാണെന്നതിൽ ആർക്കും അറിവുണ്ടായിരുന്നില്ല. സവാഹിരി അസുഖം മൂലം മരിച്ചുവെന്ന കിംവദന്തികളും 2020ൽ ഉണ്ടായി. എന്നാൽ യുഎൻ അനലിറ്റിക്കൽ സപ്പോർട്ട് ആൻഡ് സാങ്ഷൻസ് മോണിറ്ററിങ് ടീമിൽ നിന്നുള്ള റിപ്പോർട്ടിൽ സവാഹിരി അഫ്ഗാനിസ്താനിൽ സ്വതന്ത്രമായി വിഹരിക്കുന്നുണ്ടെന്ന വിവരം പുറത്തുവന്നു.

സവാഹിരിയെ നേരിട്ട് പിടികൂടാൻ പ്രാപ്തമായ വിവരങ്ങൾ നൽകുന്നവർക്ക് 25 മില്യൺ യുഎസ് ഡോളർ പാരിതോഷികം വരെ നൽകുമെന്നായിരുന്നു അമേരിക്കയുടെ പ്രഖ്യാപനം. ഇതിനെല്ലാം ഒടുവിലാണ് ഡ്രോൺ ആക്രമണത്തിൽ അഫ്ഗാനിസ്താനിൽ വെച്ച് സവാഹിരി കൊല്ലപ്പെട്ടിരിക്കുന്നത്. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP