Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സ്‌കൂളിന് തൊട്ടു ചേർന്ന് ഗ്യാസ് ഏജൻസിക്ക് പ്രവർത്തിക്കാം.... അമ്പലത്തിന് അടുത്ത് ഗോഡൗൺ വന്നാൽ പ്രശ്നം! സ്ഥലം വാങ്ങി നൽകിയവർ തന്നെ ഒടുവിൽ ഉടക്കുമായെത്തി; ഒരു കോടിയോളം മുടക്കി പണിത ഗോഡൗണിലേക്ക് ലോഡ് കൊണ്ടു വരുന്നത് തടഞ്ഞ് പ്രതിഷേധം; കടബാധ്യതയിൽ യുവ വ്യവസായി ആത്മഹത്യയുടെ വക്കിൽ

സ്‌കൂളിന് തൊട്ടു ചേർന്ന് ഗ്യാസ് ഏജൻസിക്ക് പ്രവർത്തിക്കാം.... അമ്പലത്തിന് അടുത്ത് ഗോഡൗൺ വന്നാൽ പ്രശ്നം! സ്ഥലം വാങ്ങി നൽകിയവർ തന്നെ ഒടുവിൽ ഉടക്കുമായെത്തി; ഒരു കോടിയോളം മുടക്കി പണിത ഗോഡൗണിലേക്ക് ലോഡ് കൊണ്ടു വരുന്നത് തടഞ്ഞ് പ്രതിഷേധം; കടബാധ്യതയിൽ യുവ വ്യവസായി ആത്മഹത്യയുടെ വക്കിൽ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: സാധാരണ നമ്മുടെ നാട്ടിലെ വ്യവസായങ്ങൾക്കും പുതിയ സംരംഭങ്ങൾക്കുമൊക്കെ തടസം നിൽക്കുന്നത് ഇടതു സംഘടനകളാണ്. അതിൽ നിന്ന് വ്യത്യസ്തമായി ബിജെപി അനുഭാവികളായ ചിലർ ചേർന്ന് ഒരു യുവവ്യവസായിയെ ആത്മഹത്യയിലേക്ക് തള്ളി വിടുകയാണ് ഇരവിപേരൂർ പഞ്ചായത്തിലെ ഒരു വിഭാഗം. അതിന് കൂട്ടു പിടിച്ചിരിക്കുന്ന ക്ഷേത്രഭരണ സമിതിയിലെ ചിലരെയാണ്. ഗ്യാസ് ഗോഡൗണിന് പറ്റിയ സ്ഥലമെന്ന് പറഞ്ഞ് വാങ്ങിപ്പിക്കുകയും ഒടുക്കം നിർമ്മാണം പൂർത്തിയായപ്പോൾ പ്രവർത്തനം തടയുകയുമെന്ന കൊടിയ വഞ്ചനയാണ് കാട്ടിയിരിക്കുന്നത്.

നിയമപരമായ എല്ലാ അനുമതിയും കിട്ടിയിട്ടും ചിലരുടെ എതിർപ്പ് കാരണം ഗ്യാസ് ഗോഡൗൺ തുടങ്ങാൻ കഴിയാതെ ആത്മഹത്യയുടെ വക്കിലാണെന്ന് യുവവ്യവസായി പറയുന്നു. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലായി പതിനായിരത്തോളം ഗാർഹിക ഉപയോക്താക്കൾക്കും രണ്ടായിരത്തോളം വ്യാവസായിക ഉപയോക്താക്കൾക്കും തീർത്ഥാടന കാലത്ത് ശബരിമലയിലും പാചകവാതകം എത്തിച്ചു നൽകുന്ന ചെങ്ങന്നൂർ ബ്ലേസ് ഭാരത് ഗ്യാസ് ഉടമ മിട്ടു മാത്യു(36)വാണ് ഒരു കോടിയോളം രൂപ ബാങ്ക് വായ്പയെടുത്ത് ആരംഭിച്ച ഗോഡൗൺ പ്രവർത്തിപ്പിക്കാൻ കഴിയാതെ ജീവിതം വഴിമുട്ടി നിൽക്കുന്നത്.

ഗോഡൗണിന് സ്ഥലം കൊടുത്തവർ തന്നെയാണ് ചതിച്ചതെന്ന് മിട്ടു പത്രസമ്മേളനത്തിൽ പറഞ്ഞു. ഇരവിപേരൂർ പഞ്ചായത്ത് 15-ാം വാർഡിൽ നന്നൂർ ദേവീക്ഷേത്രത്തിന് സമീപമാണ് മിട്ടു ഗോഡൗൺ നിർമ്മിച്ചത്. ഗോഡൗണിന് പറ്റിയതാണെന്ന് പറഞ്ഞ് തന്നെക്കൊണ്ട് സ്ഥലം വാങ്ങിപ്പിച്ചവർ തന്നെയാണ് പണി പൂർത്തിയായപ്പോൾ എതിർപ്പുമായി രംഗത്തു വന്നിരിക്കുന്നതെന്ന് മിട്ടു പറഞ്ഞു. ഇവർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നിലവിലുള്ള നിയമം എന്താണോ അതനുസരിച്ച് മുന്നോട്ടു പോകാനായിരുന്നു കോടതിയുടെ നിർദ്ദേശം.

മലിനീകരണ നിയന്ത്രണ ബോർഡ്, ഫയർ ഫോഴ്സ് എന്നിവയുടെ എൻ.ഓ.സിയും എക്സ്പ്ലോസീവ് ലൈസൻസും ഗോഡൗണിന് ലഭിച്ചു. ഈ സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിൽ പഞ്ചായത്തും ലൈസൻസ് നൽകി. നേരത്തേ കറ്റോട് വാടക കെട്ടിടത്തിലായിരുന്നു ഗോഡൗൺ പ്രവർത്തിച്ചിരുന്നത്. ഇവിടെ നിരന്തരം വെള്ളം കയറുന്നതിനാൽ മറ്റൊരു സ്ഥലം നോക്കുകയായിരുന്നു. അങ്ങനെ 2020 ജൂൺ 29 നാണ് നന്നൂർ ദേവീക്ഷേത്രത്തിന് സമീപമുള്ള 68 സെന്റ് സ്ഥലം ഗ്യാസ് ഗോഡൗണിനായി തറവാടകയ്ക്ക് എടുക്കുന്നത്. അതേ വർഷം ഡിസംബർ മൂന്നിന് സ്ഥലം വില കൊടുത്തു വാങ്ങി.

ഗോഡൗൺ നിർമ്മിക്കുന്നതിന് വേണ്ടിയാണ് സ്ഥലം വാങ്ങുന്നതെന്ന് പ്രദേശവാസികളെയും അറിയിച്ചിരുന്നു. ഇവിടേക്ക് ഏഴു മീറ്റർ വീതിയിൽ വഴിയൊരുക്കാൻ സമീപവാസിയിൽ നിന്ന് 3.5 സെന്റ് സ്ഥലം വാങ്ങി. ഇതിനെല്ലാം സഹായിച്ചതും ഇടനില നിന്നതും ഗോഡൗണിനായി സ്ഥലം നൽകിയ പി.ജി. അനിലിന്റെ സഹോദരനും നന്നൂർ ദേവീക്ഷേത്രം ഭരണ സമിതിയുടെ സെക്രട്ടറിയുമായ സനലായിരുന്നു. ഫെഡറൽ ബാങ്കിൽ നിന്ന് 80 ലക്ഷത്തോളം രൂപ വായ്പയെടുത്ത് ഗോഡൗൺ നിർമ്മാണം പൂർത്തീകരിച്ചു കഴിഞ്ഞതോടെ സനലിന്റെ നേതൃത്വത്തിൽ എതിർപ്പു തുടങ്ങി. ക്ഷേത്ര ഭരണ സമിതി സെക്രട്ടറി സനലും പ്രസിഡന്റ് വിജയരാജനും അടക്കം ഒരു വിഭാഗം ഗ്യാസ് ഗോഡൗൺ ക്ഷേത്രത്തിന് ഭീഷണിയാണെന്ന മട്ടിൽ പ്രചാരണം തുടങ്ങി. ഗോഡൗണിനെ എതിർക്കുന്ന കാര്യത്തിൽ ക്ഷേത്രഭരണ സമിതി രണ്ടു തട്ടിലാണെന്ന് പറയപ്പെടുന്നു. ഒരു വിഭാഗത്തിന് ഗോഡൗൺ വരുന്നതിനോട് എതിർപ്പില്ല.

പ്രദേശവാസിയായ പ്രമോദ് കുമാറാണ് വിവിധ അധികാര കേന്ദ്രങ്ങളിൽ പരാതി നൽകിയത്. ക്ഷേത്രഭരണ സമിതി പ്രസിഡന്റും സെക്രട്ടറിയുമാണ് ഇതിന് പിന്നിൽ എന്നാണ് ആരോപണം. ക്ഷേത്രത്തിലെ ആചാരങ്ങൾക്ക് ഗോഡൗൺ തടസമാകുമെന്നായിരുന്നു ഇവരുടെ വാദം. ക്ഷേത്രത്തിന്റെ പടക്കത്തറ ഗോഡൗണിനോട് ചേർന്നാണെന്നും ഉത്സവ സംബന്ധമായ ആചാരങ്ങൾക്ക് ഗോഡൗൺ വന്നാൽ നിലയ്ക്കുമെന്നുമായിരുന്നു ഇവരുടെ പരാതി. ഗോഡൗൺ കാരണം ക്ഷേത്രത്തിലെ പൂജാദി കർമങ്ങളും ആചാരങ്ങളുമെല്ലാം അവസാനിക്കുമെന്നുമുള്ള ഇവരുടെ പരാതി വിവിധ അധികാര കേന്ദ്രങ്ങളിൽ എത്തി. എന്നാൽ, ഗ്യാസ് ഗോഡൗണിന്റെ പ്രവർത്തനം ക്ഷേത്രത്തിലെ ആചാരങ്ങളെ ഒരു തരത്തിലും ബാധിക്കില്ലെന്ന് മിട്ടു പറയുന്നു. കലക്ടർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആർ.ഡി.ഓയും ഫയർഫോഴ്സും പരിശോധന നടത്തി ഗോഡൗണിന് അനുകൂലമായി റിപ്പോർട്ട് നൽകി. നേരത്തേ തന്നെ അനുമതി നൽകിയ വകുപ്പുകൾ വീണ്ടും അന്വേഷണം വന്നപ്പോഴും ഗോഡൗൺ പ്രവർത്തനം സമീപവാസികളെയും ക്ഷേത്രത്തെയും ബാധിക്കില്ലെന്നാണ് റിപ്പോർട്ട് കൊടുത്തത്.

ആദ്യം ഇരവിപേരൂർ പഞ്ചായത്ത് കമ്മറ്റിയിൽ ഇതു സംബന്ധിച്ച് എതിർപ്പ് ഉയർന്നിരുന്നു. അനുബന്ധ ലൈസൻസുകളും എൻ.ഓ.സിയും കിട്ടിയതോടെ പഞ്ചായത്തും ലൈസൻസ് നൽകി. തുടർന്ന് പരാതിക്കാർ ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ, ഇതു സംബന്ധിച്ച് അനുവാദം നൽകേണ്ട നിയമപരമായ ചുമതലയുള്ള അധികാരികൾക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ 23 ന് ഗോഡൗണിലേക്ക് ആദ്യ ലോഡ് വന്നു. പരാതിക്കാരുടെ നേതൃത്വത്തിൽ ലോഡ് തടഞ്ഞു. സ്ഥലത്ത് വന്ന തിരുവല്ല ഡിവൈ.എസ്‌പിയെ പരാതിക്കാർ ഇല്ലാത്ത മറ്റൊരു കേസിന്റെ പേര് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു. ഇവർ നൽകിയ ഹർജിയിൽ കോടതി ഉത്തരവ് പുറപ്പെടുവിച്ച കാര്യം മറച്ചു വച്ചാണ് വേറൊരു കേസ് ഹൈക്കോടതിയിൽ നിലവിലുണ്ടെന്ന് ഡിവൈ.എസ്‌പിയോട് പറഞ്ഞത്. ഇതു കേട്ട് ഡിവൈ.എസ്‌പി തിരികെ പോയി.

ഗോഡൗണിലേക്ക് ലോഡ് ഇറക്കാൻ പൊലീസ് സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണെന്നും മിട്ടു പറഞ്ഞു. ഇതേ പഞ്ചായത്തിൽ തന്നെ മറ്റൊരു ഗ്യാസ് ഗോഡൗണും പ്രവർത്തിക്കുന്നുണ്ട്. അതാകട്ടെ തൊട്ടടുത്തുള്ള സ്‌കൂളിൽ നിന്ന് വിളിപ്പാടകലെയാണ്. അതിന് തടസവുമായി ആരും മുന്നോട്ടു വരുന്നുമില്ല. സർക്കാരിന്റെ വിവിധ ഏജൻസികൾ പരിശോധിച്ച് യാതൊരു അപകടവും ഉണ്ടാകില്ലെന്ന് കണ്ടെത്തിയാണ് ഗ്യാസ് ഗോഡൗണിന് എൻഒസി നൽകിയത്. ഇനി അത്തരമൊരു ഭീതി വിശ്വാസികൾക്കും ക്ഷേത്രകമ്മറ്റിക്കും ഉണ്ടെങ്കിൽ ക്ഷേത്രത്തിൽ വെടിക്കെട്ട് അടക്കമുള്ള ആചാരപരമായ ചടങ്ങുകൾ നടക്കുന്ന ദിവസം ഗോഡൗണിൽ സിലിണ്ടറുകൾ സൂക്ഷിക്കാതിരിക്കാൻ വേണ്ടത് ചെയ്യാമെന്നും അതൊരു കരാറായി എഴുതി നൽകാമെന്നും താൻ അറിയിച്ചിരുന്നുവെന്ന് മിട്ടു പറഞ്ഞു. ഇങ്ങനൊരു ഒത്തു തീർപ്പിനും ആരും തയാറാകുന്നില്ല.

പ്രധാനമന്ത്രിയുടെ ഉജ്വൽ പദ്ധതി പ്രകാരം ഏറ്റവും കൂടുതൽ കണക്ഷൻ ആലപ്പുഴ ജില്ലയിൽ നൽകിയത് തന്റെ ഏജൻസിയാണ്. ഈ പ്രതിസന്ധി ഘട്ടത്തിൽ ബിജെപി പ്രവർത്തകരുടെ ഭാഗത്ത് നിന്ന് പോലും സഹായം ലഭിച്ചില്ല. വ്യവസായങ്ങൾ തുടങ്ങുന്നവരെ പ്രോത്സാഹിപ്പിക്കണമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ആരെങ്കിലും തന്റെ വ്യവസായം തകർക്കാൻ ലക്ഷ്യമിട്ടിട്ടുണ്ടെങ്കിൽ അങ്ങനെ ചെയ്യരുതെന്ന് മിട്ടു പറഞ്ഞു. ഫെഡറൽ ബാങ്കിൽ നിന്ന് ഒരു കോടിയോളം രൂപ കടമെടുത്താണ് ബിസിനസ് നടത്തുന്നത്. ഇവിടെ ഗോഡൗൺ തുടങ്ങാൻ കഴിഞ്ഞില്ലെങ്കിൽ തന്റെ ബിസിനസ് അവസാനിപ്പിക്കേണ്ടി വരും. കടം തിരിച്ചടയ്ക്കാൻ മറ്റൊരു മാർഗമില്ല. രണ്ടു പിഞ്ചു കുഞ്ഞുങ്ങളെയും ഭാര്യയെയും കുട്ടി ജീവനൊടുക്കുക അല്ലാതെ തന്റെ മുന്നിൽ മറ്റ് മാർഗമില്ലെന്നും മിട്ടു പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP