Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംയുക്തസേനാ മേധാവി ബിപിൻ റാവത്തിന്റെ അപകടത്തോടെ പിണറായിക്ക് ഹെലികോപ്റ്റർ പേടി; പൊലീസിന്റെ പേരിൽ ഹെലികോപ്ടർ വാടകയ്‌ക്കെടുക്കാനുള്ള പദ്ധതി ഉപേക്ഷിച്ച് സർക്കാർ; ആശ്വാസം ഖജനാവിനും; അത്യാവശ്യമുള്ളപ്പോൾ 100 കോടിയുടെ ഹെലികോപ്ടർ നൽകാമെന്ന് രവി പിള്ളയുടെ വാഗ്ദാനം; കരിങ്കൊടി ഒഴിവാക്കാൻ അത് മതിയെന്ന് മുഖ്യനും

സംയുക്തസേനാ മേധാവി ബിപിൻ റാവത്തിന്റെ അപകടത്തോടെ പിണറായിക്ക് ഹെലികോപ്റ്റർ പേടി; പൊലീസിന്റെ പേരിൽ ഹെലികോപ്ടർ വാടകയ്‌ക്കെടുക്കാനുള്ള പദ്ധതി ഉപേക്ഷിച്ച് സർക്കാർ; ആശ്വാസം ഖജനാവിനും; അത്യാവശ്യമുള്ളപ്പോൾ 100 കോടിയുടെ ഹെലികോപ്ടർ നൽകാമെന്ന് രവി പിള്ളയുടെ വാഗ്ദാനം; കരിങ്കൊടി ഒഴിവാക്കാൻ അത് മതിയെന്ന് മുഖ്യനും

സായ് കിരൺ

തിരുവനന്തപുരം : ഡൽഹിയിലെ ഹെലികോപ്ടർ കമ്പനി ചിപ്‌സൺ ഏവിയേഷന്റെ ഇരട്ട എൻജിൻ ഹെലികോപ്ടർ വാടകയ്‌ക്കെടുത്ത് ഔദ്യോഗിക യാത്രകൾ കോപ്ടറിലാക്കാനിരുന്ന പിണറായി വിജയൻ പിന്മാറിയത് സംയുക്ത സേനാ മേധാവിയായിരുന്ന ബിപിൻ റാവത്തിന് കൂനൂരിൽ നേരിട്ട ദുരന്തവും ഹെല്‌കോപ്ടറുകളുടെ സാങ്കേതിക പ്രശ്‌നങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകളും അറിഞ്ഞതോടെ.

മുഖ്യമന്ത്രിക്കും ഗവർണർക്കും പൊലീസ് മേധാവിക്കും ഉദ്യോഗസ്ഥർക്കും പറക്കാൻ സ്വകാര്യ കമ്പനിയുടെ ഹെലികോപ്ടർ മൂന്നുവർഷത്തേക്ക് വാടകയ്‌ക്കെടുത്താൻ കഴിഞ്ഞ ഡിസംബറിൽ പൊലീസ് ധാരണയിലെത്തിയതാണ്. പിന്നാലെയാണ് കൂനൂരിലെ അപകടം.

ലോകത്തെ ഏറ്റവും ആധുനിക മിലിട്ടറി ട്രാൻസ്‌പോർട്ട് കോപ്റ്ററും എം. ഐ 8 കോപ്റ്ററിന്റെ റഷ്യൻ മിലിട്ടറി ട്രാൻസ്‌പോർട്ട് പതിപ്പുമായ എം.ഐ 17 വി 5 ഹെലികോപ്റ്റർ കൂനൂരിലെ മലനിരകളിൽ തകർന്നതോടെ മുഖ്യമന്ത്രി ആശങ്കയിലായി. സേനാ പൈലറ്റുമാരുടെയത്ര വൈദഗ്ദ്ധ്യമുള്ളവരല്ല സ്വകാര്യ ഹെലികോപ്ടർ പറത്തുന്നതെന്നു കൂടി ബോദ്ധ്യമായതോടെ, ഹെലികോപ്ടർ വാടക ഇടപാടിന് അനുമതി നൽകിയില്ല. മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് സമർപ്പിക്കണമെന്ന പൊലീസ് മേധാവി അനിൽകാന്തിന്റെ നിരന്തരമായ ആവശ്യം മുഖ്യമന്ത്രി തള്ളുകയും ചെയ്തു.

ട്രാൻസ്‌പോർട്ട് കോപ്റ്ററും സായുധ ആക്രമണ കോപ്റ്ററുമായി ഉപയോഗിക്കാവുന്ന അത്യാധുനിക കോപ്ടറാണ് സംയുക്ത സേനാ മേധാവിക്കായി സജ്ജമാക്കിയിരുന്നത്. പ്രതികൂല കാലാവസ്ഥയിലും പറക്കും. സേനാ വിന്യാസം, ആയുധങ്ങൾ എത്തിക്കൽ, പട്രോളിങ്, തെരച്ചിൽ, രക്ഷാദൗത്യങ്ങൾ എന്നിവയ്‌ക്കെല്ലാം ഉപയോഗിക്കാം.സ്ലൈഡിങ് ഡോർ, സെർച്ച് ലൈറ്റ്, പാരച്യൂട്ട്, ഗ്ലാസ് കോക്ക് പിറ്റ്, നൈറ്റ് വിഷൻ, കാലാവസ്ഥാ റഡാർ, ഓട്ടോ പൈലറ്റ് സങ്കേതങ്ങൾ എന്നിവയെല്ലാമുള്ള കോപ്ടറിന്റെ വില 11,000 കോടി രൂപയാണ്.

ഒറ്റയടിക്ക് 580 കിലോമീറ്റർ പറക്കാനും 6000 മീറ്റർ ഉയരത്തിൽ പറക്കാനും ടാങ്ക്വേധ സ്റ്റോം ആക്രമണ മിസൈലുകൾ, എസ് 8 റോക്കറ്റുകൾ, മിസൈലുകൾ, അന്തർവാഹിനി വേധ മിസൈലുകൾ, 23എം. എം. യന്ത്രതോക്കുകൾ എന്നിവ വഹിക്കാനും ശത്രുവിന്റെ കവചിത വാഹനങ്ങൾ ഉൾപ്പെടെ കരയിലെ ലക്ഷ്യങ്ങൾ തകർക്കാനും കഴിയുന്ന ഈ കോപ്ടറിന്റെ ഇന്ധന ടാങ്കിന് സ്‌ഫോടനത്തിൽ നിന്ന് സംരക്ഷണം പോലുമുണ്ടായിരുന്നു. എന്നിട്ടും കൂനൂരിലെ മലനിരകളിൽ ഈ കോപ്ടർ കത്തിയമർന്നു.

ഈ ദുരന്തത്തിനു പിന്നാലെയാണ് വാടക ഹെലികോപ്ടറിൽ സഞ്ചരിക്കേണ്ടെന്ന തീരുമാനം മുഖ്യമന്ത്രി എടുത്തത്. സ്വകാര്യ കോപ്ടർ സ്ഥിരമായി വാടകയ്ക്ക് എടുക്കേണ്ടെന്നും അത്യാവശ്യ സാഹചര്യങ്ങളിൽ എടുക്കാമെന്നുമാണ് ധാരണ. കഴിഞ്ഞദിവസം മുഖ്യമന്ത്രി തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പറന്നെത്തിയത് രവി പിള്ളയുടെ അത്യാധുനിക ഹെലികോപ്ടറിലായിരുന്നു. ഏറ്റവും സുരക്ഷിതമായ അത്യാധുനിക കോപ്ടറാണ് രവി പിള്ളയുടെ എയർബസിന്റെ എച്ച് 145 ഹെലികോപ്ടർ. ഴ്‌സിഡീസ് ബെൻസ് സ്‌റ്റൈലിലെ ഇന്റീരിയറാണ് ഈ ഹെലികോപ്ടറിന്റെ പ്രത്യേകത.

ജർമനിയിലെ എംഎംബിയും ജപ്പാനിലെ കാവസാക്കിയും ചേർന്ന് 1979ൽ വികസിപ്പിച്ച ബികെ 117 എന്ന കോപ്ടറിനെ അടിസ്ഥാനപ്പെടുത്തിയാണ് എച്ച് 145 നിർമ്മാണം. എംഎംബി ഡയ്മ്ലർ ബെൻസിന്റെയും തുടർന്ന് യുറോകോ്റ്റപിന്റെയും ഭാഗമായി മാറിയതോടെ ഇതിന്റെ നിർമ്മാണ അവകാശം എയർബസിന് ലഭിച്ചു. ഇസി 145 എന്ന എച്ച് 145 ആദ്യമായി നിർമ്മിക്കുന്നത് 1999 ലാണ്. എയർബസിന്റെ ഹെലികോപ്ടറിന്റെ ഡിവിഷനായ യൂറോകോപ്ടറിന്റെ പേര് എയർബസ് ഹെലികോപ്ടർ എന്നാക്കി മാറ്റിയപ്പോൾ ഇതിന്റെ പേര് എച്ച് 145 എന്നായി. ഏകദേശം 100 കോടി രൂപ വിലയുണ്ട്. അഞ്ച് ബ്ലെയ്ഡുകളുള്ള മെയിൻ റോട്ടറും ഫെൻസ്ട്രോൺ ടെയിൽ റോട്ടറുമാണ് ഇതിലുള്ളത്.

ബികെ 117, ഇസി 145, എച്ച് 145 എന്നീ മോഡലുകളിലായി ഇതുവരെ ഏകദേശം 1500 ഹെലികോ്റ്റപറുകൾ പുറത്തിറങ്ങിയിട്ടുണ്ട്. 785 കിലോവാട്ട് വരെ കരുത്ത് നൽകുന്ന രണ്ട് സഫ്‌റാൻ എച്ച്ഇ എരിയൽ 2സി2 ടർബോ ഷാഫ്റ്റ് എൻജിനുകളാണ് കോ്റ്റപറിൽ. മണിക്കൂറിൽ 132 നോട്ട്‌സ് അതായത് ഏകദേശം 246 കിലോമീറ്റർ വേഗത്തിൽ വരെ എച്ച് 145ന് സഞ്ചരിക്കാനാകും. 440 നോട്ടിക്കൽ മൈലാണ് (814 കിലോമീറ്റർ) റേഞ്ച്. 3 മണിക്കൂർ 35 മിനിറ്റ് സമയം നിർത്താതെ പറക്കാനാകും.

20000 അടി ഉയരത്തിൽ വരെ സഞ്ചരിക്കാൻ ഈ ഹെലികോ്റ്റപറിന് സാധിക്കും. വിവിധ രാജ്യങ്ങളിൽ എയർ ആംബുലൻസായും പൊലീസ് കോപ്ടറായും ഉപയോഗിക്കാം. കോപ്ടർ അപകടത്തിൽപെട്ടാലും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന എനർജി അബ്സോർബിങ് സീറ്റുകളാണു കോപ്ടറിന്റെ മറ്റൊരു പ്രത്യേകത. അപകടങ്ങളിലെ വില്ലനായ ഇന്ധന ചോർച്ചയുടെ സാധ്യതയും കുറവ്. പറക്കുന്നതിനിടെ ഗ്രൗണ്ട് സ്റ്റേഷനുകളുമായി ഏറ്റവും മികച്ച രീതിയിൽ വാർത്താവിനിമയം നടത്താനുള്ള വയർലെസ് കമ്യൂണിക്കേഷൻ സിസ്റ്റവും ഉണ്ട്.

ഇത്തരം സുരക്ഷിതമായ ഹെലികോപ്ടർ ഏത് സമയത്തും മുഖ്യമന്ത്രിയുടെ ആവശ്യത്തിന് വിട്ടുനൽകാമെന്ന് രവി പിള്ള അറിയിച്ചതോടെ, അടിയന്തര സാഹചര്യങ്ങളിൽ മുഖ്യമന്ത്രി ഇനിമുതൽ ഈ കോപ്ടറാവും ഉപയോഗിക്കുക. കഴിഞ്ഞ ഡിസംബറിൽ വാടക ഹെലികോപ്ടറിന് വിളിച്ച ടെൻഡർ ആറുമാസം കഴിഞ്ഞതോടെ അസാധുവായി. ഇനി പുതിയ ടെൻഡർ വിളിക്കേണ്ടെന്നാണ് പൊലീസ് മേധാവിക്ക് മുഖ്യമന്ത്രി നൽകിയിട്ടുള്ള നിർദ്ദേശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP