Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജയലളിതയുടെ മരണം കൊലപാതകം? സ്ലോ പോയിസൺ നൽകി പുരട്ചി തലൈവിയെ ഇല്ലാതാക്കിയത് തോഴിയോ? ജയയുടെ ഉറ്റ ചങ്ങാതി ശശികലയെ പ്രതിക്കൂട്ടിൽ നിർത്തിയ അന്വേഷണ റിപ്പോർട്ട് ഉടൻ പുറത്തു വരും; അറുമുഖം സ്വാമി കമ്മീഷൻ കണ്ടെത്തലുകൾ തമിഴ് രാഷ്ട്രീയത്തെ ഇളക്കി മറിക്കും; സത്യമാകുന്നത് ജീമോൻ ജേക്കബിന്റെ ആ പഴയ റിപ്പോർട്ട്?

ജയലളിതയുടെ മരണം കൊലപാതകം? സ്ലോ പോയിസൺ നൽകി പുരട്ചി തലൈവിയെ ഇല്ലാതാക്കിയത് തോഴിയോ? ജയയുടെ ഉറ്റ ചങ്ങാതി ശശികലയെ പ്രതിക്കൂട്ടിൽ നിർത്തിയ അന്വേഷണ റിപ്പോർട്ട് ഉടൻ പുറത്തു വരും; അറുമുഖം സ്വാമി കമ്മീഷൻ കണ്ടെത്തലുകൾ തമിഴ് രാഷ്ട്രീയത്തെ ഇളക്കി മറിക്കും; സത്യമാകുന്നത് ജീമോൻ ജേക്കബിന്റെ ആ പഴയ റിപ്പോർട്ട്?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയെ കൊലപ്പെടുത്തിയത് തന്നെ! ജയലളിതയുടെ മരണത്തിന് ശേഷം മരണത്തിൽ സന്ദേഹം ജനിപ്പിക്കുന്ന പലതും ചർച്ചയായി. തെഹൽക്കയിൽ വന്ന ഒരു ഞെട്ടിക്കുന്ന വാർത്ത ജയയുടെ മരണത്തിന് പിന്നിലെ ചില ദുരൂഹതകളിലേക്കും വിരൽ ചൂണ്ടി. ഇത് സംബന്ധിച്ച് അന്വേഷിക്കാൻ തമിഴ്‌നാട് സർക്കാർ തീരുമാനിച്ചു. കമ്മീഷനേയും വച്ചു. ഈ സമിതിയുടെ കണ്ടെത്തൽ ജയലളിതയെ കൊലപ്പെടുത്തിയെന്ന സംശയം ശക്തമാക്കുന്നതാണെന്ന് സൂചന. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ പരിഗണനയിലാണ് റിപ്പോർട്ട്. ഇഇത് ഡിസംബർ ആറിന്‌ മുഖ്യമന്ത്രി സ്റ്റാലിൻ പുറത്തു വിടുമെന്നാണ് സൂചന.

ജസ്റ്റീസ് അറുമുഖസ്വാമി കമ്മീഷനാണ് ജയലിളതിയുടെ മരണത്തിൽ അന്വേഷണം നടത്തുന്നത്. സുപ്രീംകോടതി അനുമതിയോടെയാണ് ഈ തീരുമാനം അധികാരത്തിൽ എത്തിയ ശേഷം മുഖ്യമന്ത്രി സ്റ്റാലിൻ എടുത്തത്. അണ്ണാഡിഎംകെയെ പ്രതിക്കൂട്ടിലാക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന ആരോപണം ഉയർന്നിരുന്നു. മുൻ മുഖ്യമന്ത്രി ഒ പനീർസെൽവം അടക്കം അറുമുഖസ്വാമി കമ്മീഷന് മുമ്പിൽ മൊഴി നൽകി. അതിന് ശേഷമാണ് നിഗമനത്തിലേക്ക് കമ്മീഷൻ എത്തിയത് എന്നാണ് സൂചന. ഇക്കാര്യത്തിൽ ഡൽഹി എയിംസും പരിശോധനകൾ നടത്തിയിരുന്നു. കമ്മീഷന്റെ കാലാവധി മറ്റെന്നാൾ തീരും. അന്നു തന്നെ റിപ്പോർട്ട് കൈമാറുമെന്നാണ് സൂചന. അങ്ങനെ എങ്കിൽ അതിലെ ഉള്ളടക്കം സ്റ്റാലിന് രണ്ടു ദിവസത്തിനുള്ളിൽ പുറത്തു വിടും.

ആരോഗ്യ നില മോശമായതിനെത്തുടർന്നാണ് 2016 സെപ്റ്റംബർ 22ന് ജയലളിതയെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡിസംബർ അഞ്ചിനു ജയലളിത അന്തരിച്ചു. ഇതിനിടെ, അവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പല അഭ്യൂഹങ്ങളും പരന്നു. ഹൃദയസ്തംഭനമാണു മരണ കാരണമെന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാൽ, അവസാനകാലത്തെ ആശുപത്രിവാസത്തിനിടെ ജയലളിതയെ ആരും കണ്ടിട്ടില്ലെന്നും തോഴി വി.കെ.ശശികലയും കുടുംബവുമാണു ജയലളിതയുടെ മരണത്തിന് ഉത്തരവാദികളെന്നും ആരോപിച്ച് അന്നത്തെ അണ്ണാഡിഎംകെ മന്ത്രി ഡിണ്ടിഗൽ ശ്രീനിവാസൻ തുറന്നടിച്ചു.

ശശികലയെ പേടിച്ചു താനുൾപ്പെടെയുള്ള മന്ത്രിമാർ ജയയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചു കള്ളം പറഞ്ഞതായും ശ്രീനിവാസൻ വെളിപ്പെടുത്തി. ജയലളിതയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് വിവിധ കോണുകളിൽനിന്ന് അഭിപ്രായ പ്രകടനങ്ങളുയർന്നിരുന്നു. എല്ലാ ആരോപണങ്ങളും വിരൽ ചൂണ്ടിയതു ശശികല കുടുംബത്തിനു നേരെയാണ്. എന്നാൽ, അപ്പോളോ ആശുപത്രി അധികൃതർ വാർത്താ സമ്മേളനം വിളിച്ച് ആരോപണങ്ങളെല്ലാം നിഷേധിച്ചു. ശശികലയെ ജനറൽ സെക്രട്ടറിയാക്കിയതിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട ഒ.പനീർസെൽവത്തിന്റെ (ഒപിഎസ്) പ്രധാന ആവശ്യം ജയലളിതയുടെ മരണത്തെക്കുറിച്ച് ജുഡിഷ്യൽ അന്വേഷണമായിരുന്നു.

ഒപിഎസ്-ഇപിഎസ് (എടപ്പാടി പളനിസാമി) ലയനത്തിനു വഴിയൊരുക്കി പിന്നീട് സർക്കാർ മരണത്തെക്കുറിച്ച് ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. അങ്ങനെയാണ് ജസ്റ്റിസ് അറുമുഖസ്വാമി കമ്മിഷൻ ജയയുടെ മരണത്തിനു പിന്നിലെ ചുരുളഴിക്കാനെത്തിയത്. ജയലളിതയെ കൊല്ലാൻ തോഴി ശശികല സ്ലോ പോയിസനിങ് നൽകി എന്നായിരുന്നു 2012 ഫെബ്രുവരി ലക്കത്തിൽ തെഹൽക്ക പുറത്തുവിട്ട വിട്ട വാർത്ത. മലയാളി കൂടിയായ മുതിർന്ന മാധ്യമപ്രവർത്തകൻ ജീമോൻ ജേക്കബായിരുന്നു കോളിളക്കം സൃഷ്ടിച്ച ഈ വാർത്ത പുറത്തു കൊണ്ടുവന്നത്. ജയയുടെ മരണത്തോടെ ഈ പഴയ റിപ്പോർട്ട് വലിയ തോതിൽ ചർച്ചയാകുകയും ചെയ്തു.

അമ്പത് ദിവസത്തോളം ആശുപത്രിയിൽ കഴിഞ്ഞ ജയലളിതയെ പരിചരിക്കാനായി ശശികലയും ചുരുക്കം ചില വിശ്വസ്തരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ സാഹചര്യത്തിൽ കൂടിയായിരുന്നു ജീമോൻ ജേക്കബിന്റെ തെഹൽക്കയിലെ റിപ്പോർട്ട് അന്ന് വീണ്ടും ചർച്ചയായത്. ഈ റിപ്പോർട്ടിൽ വസ്തുതയുണ്ടെന്നാണ് സമിതിയുടെ കണ്ടെത്തൽ എന്നാണ് സൂചന. സ്ലോ പോയിസണിന്റെ സാന്നിധ്യത്തിൽ കമ്മീഷൻ റിപ്പോർട്ട് വ്യക്തത വരുത്തും.

അന്ന് തെഹൽക്കയുടെ ദക്ഷിണേന്ത്യൻ ഇന്ത്യൻ മേധാവിയായിരുന്നു മലയാളി മാധ്യമ പ്രവർത്തകൻ. അന്ന് ദ്രാവിഡ പാർട്ടികളിലെ ഉള്ളുകളികളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി പ്രസിദ്ധീകരിച്ച വ്യക്തിയായിരുന്നു ജീമോൻ ജേക്കബ്. ഇതിൽ ജയലളിതയും തോഴി ശശികലയും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ചും ആ ബന്ധത്തിൽ അപ്രതീക്ഷിതമായ വന്ന ഉലച്ചിലിനെ കുറിച്ചുമായിരുന്നു ജീമോന്റെ സമഗ്രലേഖനം. ജയലളിതയെ ശശികല വിഷം കൊടുത്തു കൊല്ലാൻ ശ്രമിച്ചു എന്ന വാർത്തയിലേക്ക് നയിച്ച അന്വേഷണം ശശികലയെ പോയസ് ഗാർഡനിൽ നിന്നും പുറത്താക്കിയതായിരുന്നു.

2012 ൽ ജയലളിത തന്റെ തോഴിയായ ശശികലയെയും കൂട്ടാളികളെയും പുറത്താക്കിയത്. ഇതിന് പിന്നാലെ കാരണങ്ങൾ എന്തായിരുന്നു എന്നതായിരുന്നു തെഹൽക്ക അന്വേഷിച്ചത്. ഇതിന് വേണ്ടി തമിഴ്‌നാട്ടിൽ പോയി 20 ദിവസത്തോളം ചെന്നൈയിലും ശശികലയുടെ നാടായ മന്നാർ ഗുഡിയിലും താമസിച്ച് വിശദമായ അന്വേഷണമാണ് നടത്തിയത്. അന്ന് ആ നാട്ടിലെ 40തോളം പേരിൽ നിന്നു വിവരങ്ങൾ അന്വേഷിച്ച ശേഷമാണ് ആ റിപ്പോർട്ട് തയ്യാറാക്കിയതെന്നും ജീമോൻ മറുനാടനോട് തന്നെ മുമ്പ് പറഞ്ഞിരുന്നു.

ജയലളിതയെ കൊല്ലാൻ തോഴി ശശികല പതിയെ കൊല്ലുന്ന വിഷം നൽകി എന്ന വിധത്തിലുള്ള സൂചന നൽകിയത് ജയലളിതയോട് അടുപ്പമുള്ള വൃത്തങ്ങൾ തന്നെയായിരുന്നു. ഇക്കൂട്ടത്തിൽ മന്ത്രിമാരും എംഎൽഎമാരും ഒക്കെയുണ്ട്. മുഖ്യമന്ത്രിയായിരുന്ന ജയലളിതയിലും വലിയ അധികാര കേന്ദ്രമായി ശശികല മാറുന്ന വിധത്തിൽ ചില ഇടപെടൽ നടത്തിയപ്പോഴായിരുന്നു പുറത്താക്കലും ആ വിവരം മാധ്യമങ്ങൾക്ക് ലഭിക്കുന്നതും. എന്നാൽ, പുറത്താക്കിയ ശേഷം മുപ്പത് ദിവസങ്ങൾക്ക് ശേഷം ശശികലയെ തിരിച്ചെടുക്കുകയും ചെയ്തു. തുടർന്ന് മരിക്കും വരെ അവർ ജയക്കൊപ്പം ഉണ്ടായിരുന്നു താനും.

അന്ന് തെഹൽക്കയിൽ എഴുതിയ വാർത്തയുടെ ചുവടുപിടിച്ചാണ് മന്നാർ ഗുഡി മാഫിയയുടെ കഥ മറ്റ് മാധ്യമങ്ങളിലെല്ലാം പ്രസിദ്ധീകരിക്കുന്നതും. പതിയെ കൊല്ലുന്ന വിഷം ഭക്ഷണത്തിൽ കലർത്തി നൽകി ശശികല ജയലളിതയെ അപായപ്പെടുത്താൻ ശ്രമിച്ചുവെന്നായിരുന്നു തെഹൽക്ക പ്രസിദ്ധീകരിച്ച റിപ്പോർട്ട്. ലെഡ് ചേർത്ത പഴങ്ങളിലൂടെയാണ് വിഷം ജയലളിതയ്ക്ക് ശശികല നൽകിയതെന്നുമാണ് തനിക്ക് ജയയുടെ അടുത്ത കേന്ദ്രങ്ങളിൽ നിന്നും ലഭിച്ച വിവരമെന്നും ജീമോൻ വിശദീകരിച്ചിരുന്നു.

നേരത്തെ ജീമോൻ മറുനാടനോട് സംഭവത്തെ കുറിച്ച് വിശദീകരിച്ചത് ഇങ്ങനെ

ജയ ഭരണത്തിൽ ശശികലയുടെ കൈകടത്തൽ എത്രത്തോളമുണ്ട് എന്ന് വ്യക്തമാക്കുന്നതായിരുന്നു താൻ നടത്തിയ അന്വേഷണത്തിലെ കണ്ടെത്തൽ. ജയയുടെ ചുറ്റും ശശികല തന്റെ അടുപ്പക്കാരെ വിന്യസിച്ചിരുന്നു. ജയയുടെ കോപത്തിന് ഇരയായി ശശികല പുറത്താകുമ്പോൾ ഇവരും പടിക്കു പുറത്തായി. മോണോറെയിൽ പദ്ധതിയുടെ കരാർ ഒരു സിംഗപ്പൂർ ആസ്ഥാനമായ കമ്പനിക്ക് നൽകണമെന്നതായിരുന്നു ജയലളിതയുടെ താൽപര്യം. എന്നാൽ, ശശികല ഇടപെട്ട് മറ്റൊരു കമ്പനിയുമായി ചർച്ചകൾ നടത്തിയതാണ് ജയയെ ചൊടിപ്പിച്ചത്. തർക്കങ്ങളെ തുടർന്ന് അവരെ പുറത്താക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള ഉരസലിന് പിന്നാലെ ജയലളിതക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ മൊഴി മാറ്റുന്നതിനെ പറ്റിയും ശശികല ആലോചിച്ചിരുന്നു.

ഇത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് പിണക്കം മാറ്റിവച്ച് ശശികലയെ ജയലളിത തിരിച്ച് വിളിച്ചതെന്നാണ് കരുതുന്നത്. ജയലളിതയുടെ ശരീരത്തിൽ ലെഡിന്റെ അളവ് കൂടുതലായിരുന്നു. ആശുപത്രിയിൽ നടത്തിയ പതിവ് രക്തപരിശോധനയിൽ ആണ് ഇക്കാര്യം കണ്ടെത്തിയതും. ഈ വാർത്തയിൽ താൻ പൂർണമായും വിശ്വസിക്കാൻ കാരണം തനിക്കെതിരായി വരുന്ന ചെറിയ വാർത്തകളെ പോലവും അസഹിഷ്ണുതയോടെ കണ്ട് പ്രതികരിക്കുന്ന ജയയുടെ ഭാഗത്തു നിന്നും ഇതിൽ യാതൊരു പ്രതികരണവും ഉണ്ടായില്ല എന്നതു തന്നെയാണ്.

കോടനാട് എസ്റ്റേറ്റിൽ കാവൽ നിന്ന പൊലീസുകാരന് പാമ്പുകടിയേറ്റ വാർത്ത പ്രസിദ്ധീകരിച്ച പത്രത്തിനെതിരെ ജയ പ്രതികരിച്ചത് എങ്ങനെയാണെന്ന് എല്ലാവർക്കും അറിയവുന്നതാണ്. പൊലീസിനെ ഉപയോഗിച്ച് പത്രഓഫീസ് റെയ്ഡ് ചെയ്യിക്കുക വരെയുണ്ടായി. അങ്ങനെയുള്ളപ്പോൾ ഗുരുതരമായ ആരോപണങ്ങളുള്ള വാർത്ത പുറത്തുവിട്ടപ്പോൾ ജയ രൂക്ഷമായി പ്രതികരിക്കേണ്ടതല്ലേ. അങ്ങനെ ഉണ്ടായില്ലെന്നത് തന്നെയാണ് ഈ വാർത്ത കൊള്ളേണ്ടിടത്തുകൊണ്ടുവെന്നതിന്റെ സൂചന. എന്നാൽ, ജയയുടെ മരണവുമായി അതിന് ഇപ്പോൾ ബന്ധമുണ്ടെന്ന് തീർത്തുപറയാൻ ഒരു മാധ്യമപ്രവർത്തകൻ എന്ന വിധത്തിൽ തന്റെ കൈയിൽ തെളിവുകൾ ഇപ്പോഴില്ല.- ജീമോൻ പറഞ്ഞിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP