Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എട്ടു ലക്ഷം വായ്പ എടുത്തു; പിന്നീട് രേഖ പരിശോധിച്ചപ്പോൾ കണക്കിലുള്ളത് 22 ലക്ഷത്തിന്റെ ബാധ്യത; ലോണെടുത്തവരുടെ രേഖകൾ ഉപയോഗിച്ച് അധിക വായ്പ വീട്ടിൽ കൊണ്ടു പോയ തട്ടിപ്പുകാർ; ബിജെപി നിയന്ത്രണത്തിലുള്ള ബാങ്കും ആളുകളെ പറ്റിച്ചു; പുത്തിഗെ മുഗു സർവീസ് സഹകരണ ബാങ്കിലും നിക്ഷേപക ആശങ്ക

എട്ടു ലക്ഷം വായ്പ എടുത്തു; പിന്നീട് രേഖ പരിശോധിച്ചപ്പോൾ കണക്കിലുള്ളത് 22 ലക്ഷത്തിന്റെ ബാധ്യത; ലോണെടുത്തവരുടെ രേഖകൾ ഉപയോഗിച്ച് അധിക വായ്പ വീട്ടിൽ കൊണ്ടു പോയ തട്ടിപ്പുകാർ; ബിജെപി നിയന്ത്രണത്തിലുള്ള ബാങ്കും ആളുകളെ പറ്റിച്ചു; പുത്തിഗെ മുഗു സർവീസ് സഹകരണ ബാങ്കിലും നിക്ഷേപക ആശങ്ക

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: മുഗു സ്വദേശിയായ അഷ്‌റഫിന്റെ പിതാവ് 2006ൽ 1.5 ലക്ഷം രൂപ വീടിന്റെ ആധാരം പണയം വച്ച് വായ്പ എടുത്തിരുന്നു. 2014 ൽ പിതാവ് മരിച്ച ശേഷം വായ്പ തിരിച്ചടയ്ക്കാൻ ബാങ്കിലെത്തിയ അഷ്‌റഫിനോട് ബാങ്ക് അധികൃതർ 24 ലക്ഷം രൂപ തിരികെ അടയ്ക്കാൻ നിർദ്ദേശിച്ചു. അവസാനം, 13 ലക്ഷം രൂപ തിരിച്ചടച്ചാൽ ആധാരം തിരികെ തരാമെന്നു പറഞ്ഞതോടെ അഷറഫ് വഴങ്ങി. എന്നാൽ 6 ലക്ഷം കൂടി അടച്ചെങ്കിൽ മാത്രമേ ആധാരം തിരികെ നൽകൂ എന്ന നിലപാടിലാണ് ഇപ്പോൾ അധികൃതർ. പുത്തിഗെ മുഗു സർവീസ് സഹകരണ ബാങ്ക് ഇങ്ങനെയാണ്

ഇത് മറ്റൊരു കഥ. ഭാര്യയുടെ പേരിൽ 8,90,000 രൂപയാണു മുഗു സ്വദേശി സന്തോഷ് കുമാർ വായ്പ എടുത്തതെങ്കിലും രേഖകൾ പരിശോധിച്ചപ്പോൾ 22 ലക്ഷം രൂപ വായ്പ എടുത്തിട്ടുള്ളതായി വ്യക്തമായി. 2018ൽ തന്നെ പരാതിക്കാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് അഴിമതി ചൂണ്ടിക്കാട്ടി സഹകരണ മന്ത്രിക്കു പരാതി നൽകി. പക്ഷേ ഒന്നും നടന്നില്ല. അങ്ങനെ 5.60 കോടിയുടെ ക്രമക്കേട് നടന്ന പുത്തിഗെ മുഗു സർവീസ് സഹകരണ ബാങ്കും തകർച്ചയിലേക്ക് പോകുകയാണ്. നിക്ഷേപകരുടെ ആക്ഷൻ കമ്മിറ്റി പ്രതിഷേധം തുടങ്ങുന്നത് തങ്ങളുടെ പണം തിരിച്ചു കിട്ടാൻ വേണ്ടികൂടിയാണ്.

വായ്പ എടുത്തവരുടെയും അപേക്ഷിച്ചവരുടെയും രേഖകളുപയോഗിച്ച് അവരറിയാതെ കൂടുതൽ തുക വായ്പയെടുത്തു എന്നാണ് ബാങ്കിനെതിരെയുള്ള പരാതി. 35 വർഷമായി ബിജെപി നേതൃത്വത്തിലുള്ള ഭരണ സമിതി നിയന്ത്രിക്കുന്ന ബാങ്കിൽ നടന്നത് 30 കോടിയോളം രൂപയുടെ ക്രമക്കേട് ആണെന്ന ആരോപണവും ഉയരുന്നു. നിക്ഷേപകരിൽ ഏറെയും കർണാടകയിൽ നിന്നുള്ളവരാണ്. 2017ൽ നടന്ന ഭരണ സമിതി തിരഞ്ഞെടുപ്പിൽ വോട്ടർപട്ടിക വെട്ടിനിരത്തിയെന്ന പേരിൽ പരാതി ഉയർന്നിരുന്നു. 2800 അംഗങ്ങളുള്ള ബാങ്കിൽ 142 പേർക്കു മാത്രം വോട്ടവകാശം നൽകിയതാണു പരാതിയായത്. തുടർന്ന് കുറച്ചുനാൾ ഭരണം അഡ്‌മിനിസ്‌ട്രേറ്ററെ ഏൽപ്പിച്ച് ഉത്തരവായി. ഈ കാലയളവിലാണ് തട്ടിപ്പ് പുറത്തുവന്നു തുടങ്ങിയത്.

ക്രമക്കേട് മറച്ചു വയ്ക്കാൻ മുൻ ബാങ്ക് മാനേജരെ ഭരണ സമിതിയിലേക്കു കൊണ്ടു വന്നെന്നും ഭരണസമിതി അംഗങ്ങളുടെ ബന്ധുക്കൾക്കു പരിധി വിട്ടു കൃത്യമായ രേഖകളില്ലാതെ വായ്പ അനുവദിച്ചെന്നും ആരോപണമുണ്ട്. 2018 മുതൽ ബാങ്കിന്റെ പ്രവർത്തനം നിലച്ച മട്ടാണ്. വിജിലൻസിന്റെ റിപ്പോർട്ടിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണുണ്ടായിരുന്നത്. കുടിശിക വായ്പകൾക്കു നോട്ടിസ് അയയ്ക്കാത്ത സെക്രട്ടറിയിൽ നിന്ന് 73 ലക്ഷം തിരിച്ചു പിടിക്കണമെന്നു വിജിലൻസ് റിപ്പോർട്ട് നിർദ്ദേശിക്കുന്നു. 4.60 ലക്ഷം മാത്രം മൂല്യമുള്ള സ്ഥലത്തിന് അധികമായി നൽകിയ 33.40 ലക്ഷം 2 സെക്രട്ടറിമാരിൽ നിന്നും മുൻ ബാങ്ക് പ്രസിഡന്റിൽ നിന്നും ഈടാക്കണമെന്നും നിർദ്ദേശമുണ്ട്. ഞെട്ടിപ്പിക്കുന്ന രീതിയിലാണ് തട്ടിപ്പുകൾ നടക്കുന്നത്.

വായ്പ തിരിച്ചടയ്ക്കുന്നവർക്കു രസീത് നൽകാറില്ല. പൂരിപ്പിക്കാത്ത അപേക്ഷകളിൽ സഹകാരികളിൽ നിന്ന് ഒപ്പിട്ടു വാങ്ങിയും ഇഷ്ടക്കാർക്ക് ലോൺ നൽകുന്നു. ബാങ്ക് മുൻ സെക്രട്ടറി സ്വന്തം അക്കൗണ്ടിലെ പണം എടുത്ത് വായ്പക്കാരന്റെ പലിശ അടച്ച ശേഷം ആ കണക്ക് അവസാനിപ്പിച്ച്, മുതലും പലിശയും കൂടിയ തുകയെക്കാൾ അതേ വ്യക്തിക്ക് മറ്റൊരു വായ്പയായി അനുവദിച്ചു. തുടർന്ന് സെക്രട്ടറി ആ തുക സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി. ഒരേ വസ്തുവിന്മേൽ 3 വായ്പ അനുവദിച്ചു. മൂല്യം കുറഞ്ഞ ഈടിൽനിന്ന് പണം തിരികെ പിടിക്കാൻ കഴിയാതെ വന്നു. ഇങ്ങനെ പോകുന്നു തട്ടിപ്പുകളുടെ അവസ്ഥ.

പുത്തിഗെ മുഗു സർവീസ് സഹകരണ ബാങ്കിൽനിന്ന് 5.6 കോടി രൂപയോളം ക്രമരഹിതമായി വായ്പ നൽകി തട്ടിപ്പു നടത്തിയെന്നാണ് ആരോപണം. വായ്പയായി ലഭിച്ച തുകയേക്കാൾ ഇരുപതിരട്ടിയോളം തിരിച്ചടയ്‌ക്കേണ്ട ഗതികേടിലാണു പലരും. എന്നാൽ ചട്ടങ്ങൾ പാലിച്ചാണ് വായ്പകൾ നൽകുന്നതെന്നും തട്ടിപ്പു നടന്നിട്ടില്ലെന്നുമാണ് ബാങ്ക് അധികൃതരുടെ വാദം. പക്ഷേ വിജിലൻസ് റിപ്പോർട്ടും മറ്റും പരിശോധിച്ചാൽ ഇതല്ല സത്യമെന്ന് വ്യക്തമാകുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് നിക്ഷേപകരുടെ ആക്ഷൻ കമ്മറ്റി പ്രതിഷേധവുമായി വരുന്നത്. ബിജെപി നേതാവായിരുന്ന മുൻ പ്രസിഡന്റ്, മുൻ ബാങ്ക് സെക്രട്ടറിമാർ, ബന്ധുക്കൾ എന്നിവരിൽ നിന്ന് വായ്പ തിരിച്ചു പിടിക്കാൻ ബാങ്ക് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

ബാങ്കിൽ കേരള ബാങ്ക് നിയോഗിച്ച സിഇഒ ബി വിജയന്റെ പരാതിയിലാണ് നടപടി. ബാങ്കിന്റെ മുൻ പ്രസിഡന്റ് എസ് നാരായണ, ദീർഘകാലം സെക്രട്ടറിയായിരുന്ന മുഗു നാരായണൻ നമ്പ്യാർ, സഹോദരി പി സീത, മറ്റൊരു സെക്രട്ടറി ശങ്കരഭട്ട് എന്നിവരെയാണ് പൊലീസ് വിളിച്ചുവരുത്തിയത്. 36 കോടി വരെ നിക്ഷേപവും രണ്ട് ശാഖയുമുണ്ടായിരുന്ന ബാങ്കിൽ, ബിജെപി മുൻ ഭരണസമിതിയുടെയും ബാങ്ക് സെക്രട്ടറിമാരുടെയും ഒത്താശയോടെ കോടികളുടെ വായ്പാ തട്ടിപ്പാണ് അരങ്ങേറിയത്. മുൻ സെക്രട്ടറി മാത്രം കുടുംബാംഗങ്ങളുടെ പേരിൽ നാലരകോടി രൂപ ബാങ്കിൽ നിന്നും തട്ടി. മറ്റൊരു സെക്രട്ടറി ഒന്നര കോടിയും. മുൻ പ്രസിഡന്റ് ഒരുകോടിയും വായ്പ സംഘടിപ്പിച്ചു.

ഇതെല്ലാം കുടിശികയാണ്. കേരള ബാങ്കിൽ മാത്രം 28 കോടിയോളം രൂപ തിരിച്ചടക്കാനുണ്ട്. ഇതേ തുടർന്നാണ് പണം തിരിച്ചുപിടിക്കൽ സജീവമാക്കിയത്. തട്ടിപ്പ് നടത്തിയവർക്കെതിരെ ക്രിമിനൽ കേസും ആലോചിക്കുന്നുണ്ട്. ഇല്ലാത്ത വീടിന്റെ പേരിൽ ഭവനവായ്പ, ബിനാമി വായ്പ, ബാങ്കിന്റെ പരിധിക്ക് പുറത്തുള്ള വായ്പ എന്നിങ്ങനെ നിരവധി ക്രമക്കേടുകളാണ് കണ്ടെത്തിയത്. വകുപ്പുതല അന്വേഷണ റിപ്പോർട്ട് കഴിഞ്ഞ വർഷം മെയിൽ സഹകരണവകുപ്പിന് സമർപ്പിച്ചിരുന്നു. ഉദ്യോഗസ്ഥരിൽ നിന്നും നഷ്ടം തിരിച്ചു പിടിക്കാൻ ഉത്തരവായതുമാണ്.

ബാങ്ക് പ്രതിസന്ധിയിലായതോടെ, കർഷക പരിശരഹിത വായ്പ, ചുരുങ്ങിയ പലിശ വായ്പ, വിദ്യാർത്ഥികൾക്കുള്ള വിദ്യാതരംഗിണി വായ്പ അടക്കം മുഗു വില്ലേജിൽ മുടങ്ങി. കർഷകർക്കുള്ള ബാങ്ക് സഹായം മുടങ്ങാതിരിക്കാൻ, ബിജെപിയുടെ രാഷ്ട്രീയ ഇടപെടൽ ഉടനുണ്ടാവണമെന്നും നിക്ഷേപകർ ആവശ്യപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP