Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മത്സ്യത്തൊഴിലാളികൾ യാതൊരു കാരണവശാലും കടലിൽ പോകരുത്; ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു; കോട്ടയത്തും പത്തനംതിട്ടയിലും ഇടുക്കിയിലും കൊല്ലത്തും തിരുവനന്തപുരത്തും കനത്ത മഴ; എറണാകുളത്തും തൃശൂരിലും കാലവർഷം ശക്തിയാകും; എരുമേലിയിൽ ബൈക്ക് യാത്രികൻ മലവെള്ളപ്പാച്ചിലിൽ മരിച്ചു; പ്രളയ സാധ്യത മുന്നിൽ കണ്ട് സർക്കാർ

മത്സ്യത്തൊഴിലാളികൾ യാതൊരു കാരണവശാലും കടലിൽ പോകരുത്; ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു; കോട്ടയത്തും പത്തനംതിട്ടയിലും ഇടുക്കിയിലും കൊല്ലത്തും തിരുവനന്തപുരത്തും കനത്ത മഴ; എറണാകുളത്തും തൃശൂരിലും കാലവർഷം ശക്തിയാകും; എരുമേലിയിൽ ബൈക്ക് യാത്രികൻ മലവെള്ളപ്പാച്ചിലിൽ മരിച്ചു; പ്രളയ സാധ്യത മുന്നിൽ കണ്ട് സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം; കേരളത്തിൽ വീണ്ടും മഴ ഭീതി. തെക്കൻ കേരളത്തിലെ മലയോരങ്ങളിലാണ് കനത്ത മഴ. തിരുവനന്തപുരം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ പോലും അടച്ചിട്ടു. അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്കുള്ള സാധ്യത കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നതിനാൽ ജനങ്ങൾ കനത്ത ജാഗ്രത പുലർത്തണമെന്നാണ് നിർദ്ദേശം. മഴ തുടർന്നാൽ പ്രളയം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. അണക്കെട്ടുകൾ എല്ലാം അതിവേഗം നിറയുകയാണ്.

സംസ്ഥാനത്ത് ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. 20 സെന്റീ മീറ്ററിൽ കൂടുതൽ മഴയുണ്ടാകും. ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി പടിഞ്ഞാറേക്ക് സഞ്ചരിക്കുന്നതിന്റെ സ്വാധീനത്തിലാണിത്. തിങ്കൾ തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴു ജില്ലകളിൽ ഓറഞ്ച് അലെർട്ടാണ്. വയനാട്, കാസർകോട് ഒഴികെ മഞ്ഞ അലെർട്ടും. ചൊവ്വ തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള എട്ടു ജില്ലകളിൽ ഓറഞ്ച് അലെർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലയിൽ റെഡ് അലെർട്ടിനു സമാന ജാഗ്രത വേണം.

 കോട്ടയം, പത്തനംതിട്ട, ഇടുക്കി, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. പലയിടത്തും നദികളിൽ ജലനിരപ്പ് ഉയരുന്നുണ്ട്. തോടുകൾ പലതും കരകവിഞ്ഞു. കൊല്ലം ജില്ലയിലെ പുനലൂർ താലൂക്കിൽ ആര്യങ്കാവ് വില്ലേജിൽ അച്ചൻകോവിൽ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിൽ കനത്ത മഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ വീണു തമിഴ്‌നാട് സ്വദേശികളായ നാല് സഞ്ചാരികൾ അപകടത്തിൽപെട്ടു. മൂന്ന് പേർ രക്ഷപ്പെടുകയും ഒരാൾ മരണപെടുകയും ചെയ്തു.

കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ മൂന്നിലവ് വില്ലേജിൽ ഉരുൾപൊട്ടൽ ഉണ്ടായതിനെ തുടർന്ന് മൂന്നിലവ് ടൗണിൽ വെള്ളം കയറുകയും ഉരുൾപൊട്ടിലിൽ ഒരാളെ കാണാതാവുകയും പിന്നീട് രക്ഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരം വിതുര പൊലീസ് സ്റ്റേഷൻ പരിധിയിൽ കല്ലാർ ഭാഗത്തുനിന്നും മീന്മുട്ടി വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന വഴിയിൽ ഉള്ള ചപ്പാത്തിൽ വെള്ളം കയറിയതിനെ തുടർന്ന് വാഹനങ്ങൾ മറുകരയിൽ അകപ്പെട്ടു. വിതുര വില്ലേജിൽ കല്ലാർ സമീപം വിനോദത്തിനായി എത്തിയ രണ്ട് യുവാക്കൾ പാറക്കൂട്ടങ്ങൾക്ക് മുകളിൽ അകപ്പെട്ടു പോകുകയും, അവരെ വിതുര പൊലീസ് സ്റ്റേഷനിൽ നിന്നും പൊലീസുകാരുടെ സഹായത്തോടെ രക്ഷപ്പെടുത്തുകയും ചെയ്തു.

മഴ കനക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണം. പൊലീസ്, അഗ്‌നിരക്ഷാസേന, മറ്റ് സർക്കാർ സംവിധാനങ്ങൾ എന്നിവരോട് ജാഗരൂഗരായിരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അപകടങ്ങൾ സംഭവിച്ച സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ ഊർജിതമായി നടക്കുനുണ്ട്. നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകൾ ഉയർത്തി. പൊന്മുടി, കല്ലാർ, മങ്കയം വിനോദസഞ്ചാരകേന്ദ്രങ്ങൾ അടച്ചു. മത്സ്യത്തൊഴിലാളികൾ യാതൊരു കാരണവശാലും കടലിൽ പോകരുത്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ ക്യാമ്പുകളിലേക്ക് മാറ്റണം. ക്യാമ്പുകളിൽ സൗകര്യങ്ങൾ ഉറപ്പാക്കണം.

നദികൾ, ജലാശയങ്ങൾ, തോടുകൾ തുടങ്ങിയ സ്ഥലങ്ങളിൽ കുളിക്കാനോ അലക്കാനോ മൃഗങ്ങളെ കുളിപ്പിക്കാനോ ഇറങ്ങരുത്. രാത്രി യാത്രകൾ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. ദുരന്ത നിവാരണ അഥോറിറ്റി അതത് സമയങ്ങളിൽ നൽകുന്ന മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് മുഖമന്ത്രി അഭ്യർത്ഥിച്ചു. കനത്ത മഴയെത്തുടർന്ന് മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. സർവകലാശാലയടക്കം മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. തിരുവനന്തപുരത്തെ നെടുമങ്ങാട് താലൂക്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്.

കോട്ടയത്ത് വൻ നഷ്ടം

കോട്ടയം ജില്ലയിൽ മലയോര മേഖലകളിലേക്ക് രാത്രി യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി. രാത്രി 7 മുതൽ രാവിലെ 7 വരെ കർശന ഗതാഗത നിയന്ത്രണം. വിനോദസഞ്ചാര കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചു. മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്ക് പരിധിയിൽ വരുന്ന ഗ്രാമപ്പഞ്ചായത്തുകളിൽ ജാഗ്രത പുലർത്താൻ നിർദ്ദേശം നൽകി. കഴിഞ്ഞ ദിവസം വെള്ളം കയറിയ എരുമേലി ഇരുമ്പൂന്നിക്കര ഹസ്സൻപടി കോയിക്കക്കാവ് ആശാൻകോളനി റോഡിന്റെ ഇരുവശങ്ങളിലും ഉള്ള വീടുകളിൽ ഞായറാഴ്ച വൈകിട്ടോടെ വീണ്ടും വെള്ളം കയറി. ഈ മേഖലയിൽ കനത്ത മഴ തുടരുകയാണ്.

മുണ്ടക്കയം വണ്ടൻപതാലിൽ തോട് കരകവിഞ്ഞൊഴുകി ഫോറസ്റ്റ് സ്റ്റേഷന് സമീപമുള്ള എട്ട് വീടുകളിൽ വെള്ളം കയറിയതായി റവന്യു സംഘം. കരിനിലം കവലയിലൂടെ കടന്നു പോകുന്ന ചെറിയ തോട് കരകവിഞ്ഞൊഴുകി പൂഞ്ഞാർ എരുമേലി സംസ്ഥാനപാതയുടെ ഭാഗമായ മുണ്ടക്കയം എരുമേലി റൂട്ടിൽ കരിനിലം കവലയിൽ വെള്ളം കയറി. മുണ്ടക്കയം- എരുമേലി, മുണ്ടക്കയം- പുഞ്ചവയൽ റോഡുകളിൽ ഗതാഗതം മുടങ്ങി. ഇടുക്കി ജില്ലയുടെ പല പ്രദേശങ്ങളിലും മഴ പെയ്തതിനാൽ മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്നു. മുണ്ടക്കയം കോസ്വേ, എരുമേലി കൊരട്ടിപ്പാലം എന്നിവിടങ്ങളിൽ അഗ്‌നിരക്ഷാ സേന നിരീക്ഷണം ആരംഭിച്ചു.

പത്തനംതിട്ടയിൽ നദികൾ കരകവിയുന്നു

പത്തനംതിട്ട ജില്ലയുടെ കിഴക്കൻ മേഖലകളിൽ ശക്തമായ മഴയും വെള്ളപ്പാച്ചിലും. നദികളിൽ ജലനിരപ്പുയരുന്നു, തോടുകൾ കരകവിഞ്ഞു. അച്ചൻകോവിലാറിൽ ജലനിരപ്പ് ഉയർന്നു. കൂടൽ, കലഞ്ഞൂർ, കോന്നി മേഖലകളിലും നദിയിൽ വെള്ളം ഉയരുന്നു. സീതത്തോടിനു സമീപം കൊച്ചുകോയിക്കൽ തോട് കരകവിഞ്ഞു. കൊച്ചുകോയിക്കൽ നാലാം ബ്ലോക്കിൽ മണ്ണിടിഞ്ഞ് വീടു തകർന്നു. കൊക്കാത്തോട്ടിൽ കാർ ഒഴുക്കിൽപ്പെട്ടു. ഡ്രൈവർ രക്ഷപ്പെട്ടു. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഗവി വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള യാത്രയ്ക്ക് വിലക്കേർപ്പെടുത്തി.

ഞായറാഴ്ച വൈകിട്ടുണ്ടായ ശക്തമായ മഴയിൽ ഇടുക്കി മൂലമറ്റം കണ്ണിക്കൽ മലയിൽ ഉരുൾപൊട്ടി. മണപ്പാടി, കച്ചിറമറ്റം പാലങ്ങൾ വെള്ളത്തിനടിയിലായി. വൈകിട്ട് 6 മണിയോടെയാണ് ഉരുൾപൊട്ടിയത്. ഉരുൾപൊട്ടിയത് എവിടെയെന്നു കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഉരുളിൽ ഒഴുകിയെത്തിയ വെള്ളം മണപ്പാടി, കച്ചിറമറ്റം തോടിലൂടെ ഒഴുകിപ്പോവുകയായിരുന്നു.

തിരുവനന്തപുരത്തും മലയോരത്ത് ശക്തമായ മഴ

തിരുവനന്തപുരത്തെ മലയോര മേഖലയിലും കനത്ത മഴയാണ്. വിതുര മക്കിയാർ കരകവിഞ്ഞു. വീടുകളിൽ വെള്ളം കയറി. മഴ ശക്തമായതിനെ തുടർന്ന് നെയ്യാർ ഡാമിന്റെ നാലു ഷട്ടറുകൾ രണ്ടര സെന്റിമീറ്റർ ഉയർത്തി. പൊന്മുടി, കല്ലാർ, മങ്കയം വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു. മീന്മുട്ടി വെള്ളച്ചാട്ടത്തിന് സമീപം പാറയിൽ ഇരിക്കുകയായിരുന്ന രണ്ടു വിനോദസഞ്ചാരികൾ ഒഴുക്കിൽപ്പെട്ടു. ഇവരെ ഫയർഫോഴ്‌സ് എത്തി കരയിൽ കയറ്റി.

ജില്ലയിൽ അടുത്ത ദിവസങ്ങളിൽ കനത്ത മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. നദികൾ, ജലാശയങ്ങൾ, തോടുകൾ തുടങ്ങിയ സ്ഥലങ്ങളിൽ കുളിക്കാനോ അലക്കാനോ മൃഗങ്ങളെ കുളിപ്പിക്കാനോ ഇറങ്ങരുതന്നും കടലിനു സമീപം പോവുകയോ കടലിൽ ഇറങ്ങുകയോ ചെയ്യരുതന്നും രാത്രി യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും വാഹനങ്ങൾ വേഗത കുറച്ച് പോകണമെന്നും കലക്ടർ അറിയിച്ചു.

മുക്കൂട്ടുതറയിൽ ദുരന്തം

എരുമേലിയിൽ മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ട യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്നയാളെ നാട്ടുകാർ രക്ഷപ്പെടുത്തി. കൊക്കനാമറ്റത്തിൽ അദ്വൈത് (28) ആണു മരിച്ചത്. ചാത്തൻതറ ചേന്നമറ്റം സാമുവൽ (27) ആണ് രക്ഷപ്പെട്ടത്. ഞായറാഴ്ച രാത്രി 7.15ന് ആയിരുന്നു സംഭവം. ചാത്തൻതറയിൽനിന്ന് മുക്കൂട്ടുതറയ്ക്കു പോകാനെത്തിയതായിരന്നു ഇവർ. കൊല്ലമുള കലുങ്കിൽ വെള്ളംകയറിയതോടെ യാത്ര തടസ്സപ്പെട്ടതിനെ തുടർന്ന് പകലക്കാവ് വഴി മുക്കൂട്ടുതറയ്ക്കു പോകുകയായിരുന്നു. പകലക്കാവ് കലുങ്കിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നിരുന്നു.

ബൈക്കിൽ കലുങ്കിലൂടെയുള്ള യാത്ര നാട്ടുകാർ തടഞ്ഞതിനെ തുടർന്ന് ബൈക്കുവച്ച ശേഷം കൈകൾകൂട്ടിപ്പിടിച്ച് നടന്നു പോകുന്നതിനിടെ ഇരുവരും ഒഴുക്കിൽപ്പെടുകയായിരുന്നു. സാമുവലിനെ കണ്ടുനിന്നവർ രക്ഷപ്പെടുത്തി. അദ്വൈത് ഒഴുക്കിൽപ്പെട്ടു. അഗ്‌നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP