Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നഴ്‌സുമാരെ കിട്ടാതെ വലഞ്ഞപ്പോൾ ബ്രിട്ടന് മനം മടുത്തു; നഴ്‌സിംഗിനെയും ദുർലഭ തൊഴിൽ ലിസ്റ്റിൽ പെടുത്തി; ഐഇഎൽടിഎസ്-7 പാസാകുന്ന നഴ്‌സുമാർക്ക് ഇനി വേഗം യുകെയിൽ എത്താം; വരുമാന പരിധിയുടെ പേരിൽ ആരെയും പുറത്താക്കുകയുമില്ല

നഴ്‌സുമാരെ കിട്ടാതെ വലഞ്ഞപ്പോൾ ബ്രിട്ടന് മനം മടുത്തു; നഴ്‌സിംഗിനെയും ദുർലഭ തൊഴിൽ ലിസ്റ്റിൽ പെടുത്തി; ഐഇഎൽടിഎസ്-7 പാസാകുന്ന നഴ്‌സുമാർക്ക് ഇനി വേഗം യുകെയിൽ എത്താം; വരുമാന പരിധിയുടെ പേരിൽ ആരെയും പുറത്താക്കുകയുമില്ല

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ഇന്ത്യയിൽ ഏറ്റവും കുടൂതൽ നഴ്‌സിങ് പഠിക്കുന്ന വിദ്യാർത്ഥികൾ കേരളത്തിൽ നിന്നാണെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. രാജ്യത്തിന്റെ വിവിധ നഗരങ്ങളിലും ഗൾഫിലും യൂറോപ്യൻ - അമേരിക്കൻ രാജ്യങ്ങളിലെയും നഴ്‌സിങ് ജോലി പ്രതീക്ഷിച്ചാണ് മലയാളികൾ കൂട്ടത്തോടെ ഈ മേഖലയിലേക്ക് തിരിയുന്നത്. ഇതിൽ പഠനത്തിൽ മിടുക്കികളായ നഴ്‌സുമാരുടെ സ്വപ്‌നമാണ് യൂറോപ്പിലെയോ ഓസ്ട്രലിയയിലെയും രാജ്യങ്ങളിൽ ജോലി നേടുക എന്നത്. ബ്രിട്ടൻ തന്നെയായിരുന്നു ഇവരുടെ പ്രധാന സ്വപ്‌ന കേന്ദ്രം. എന്നാൽ നഴ്‌സിങ് നിയമനത്തിൽ കർശന നിബന്ധനകൾ ഏർപ്പെടുത്തിയ ബ്രിട്ടൻ മലയാളി നഴ്‌സുമാരുടെ വൻതോതിലുള്ള ഒഴുക്കിന് താൽക്കാലികമായി തടയിട്ടിരുന്നു. എന്നാൽ, കഴിവും കാര്യക്ഷമതയുമുള്ള നഴ്‌സുമാരെ കിട്ടാതായതോടെ ബ്രിട്ടൻ ഇപ്പോൾ മനം മാറ്റിയിരിക്കയാണ്. നഴ്‌സിംഗിനെ ദുർലഭ തൊഴിൽ ലിസ്റ്റിൽ പെടുത്തിയതോടെ മലയാളി നഴ്‌സുമാർക്ക് വീണ്ടും മികച്ച അവസരമാണ് വന്നിരിക്കുന്നത്. എളുപ്പത്തിൽ യുകെയിൽ ജോലി തേടി എത്താനുള്ള അവസരമാണ് ഒരുങ്ങുന്നത്.

നഴ്‌സുമാരുടെ ക്ഷാമം രൂക്ഷമായതോടെ എൻഎച്ച്എസ് ട്രസ്റ്റുകളുടെയും നഴ്‌സിങ് യൂണിറ്റിന്റെയും കർക്കശമായ ഇടപെടലിനെ തുടർന്ന് അപ്രതീക്ഷിതമായ നീക്കത്തിലൂടെയാണ് നഴ്‌സിംഗിനെ വീണ്ടും ദുർലഭ ജോലികളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തി യുകെ ഹോം സെക്രട്ടറി തെരേസ മേ ഉത്തരവിറക്കിയത്. യുകെയുടെ ചരിത്രത്തിൽ ആദ്യമായാണ് ഹോം സെക്രട്ടറി തന്നെ ദുർലഭ ജോലി ലിസ്റ്റ് പുതുക്കുന്നത്. ഇത് സ്ഥിരപ്പെടുത്തണോ എന്ന് തീരുമാനിക്കാൻ മൈഗ്രേഷൻ അഡ്‌വൈസറി കമ്മറ്റിയോട് ഉപദേശവും തേടിയിട്ടുണ്ട്. അടുത്ത ഏപ്രിലിൽ ആണ് ഇനി മാകിന്റെ പുതിയ റിപ്പോർട്ട് വരിക. അതുവരെ ദുർലഭ ലിസ്റ്റിൽ ഉൾപ്പെടുത്തിയുള്ള നിയമനം ഉണ്ടാകും.

പുതിയ ഉത്തരവ് മലയാളി നഴ്‌സുമാർ അടക്കമുള്ളവർക്ക് ഏറെ ഗുണകരമാകുമെന്ന കാര്യം ഉറപ്പാണ്. ബ്രിട്ടനിലെ ആശുപത്രികളിൽ നഴ്‌സുമാരുടെ കുറവ് ഉണ്ടെന്ന കാര്യം ബോധ്യമായതോടെ മറ്റ് രാജ്യക്കാരും മലയാളികൾക്കൊപ്പം പ്രതീക്ഷയിലാണ്. നേരത്തെ ഐഇഎൽറ്റിഎസ് 7 ഉണ്ടായാലും യുകെയിൽ വരാൻ സാധിക്കാത്ത സാഹചര്യം ആയിരുന്നു ഉണ്ടായിരുന്നത്. അനേകം നഴ്‌സുമാർ ഇങ്ങനെ റിക്രൂട്ട്‌മെന്റ് നടത്തിയിട്ടു പോലും യുകെയിലേക്ക് വരാൻ കഴിയാതെ കുടുങ്ങി കിടക്കുകയായിരുന്നു. അവർക്കെല്ലാം ഉടൻ യുകെയിൽ എത്തി ജോലി ചെയ്യാം. അതുപോലെ ഇപ്പോൾ ഇവിടെ ജോലി ചെയ്യുന്ന നഴ്‌സുമാർക്ക് 35, 000 പൗണ്ട് ശമ്പളം ഇല്ലാത്തതുകൊണ്ട് അടുത്ത വർഷം മുതൽ നാട്ടിലേക്ക് മടങ്ങണം എന്ന നിബന്ധനയും ഇതോടെ അപ്രസക്തതമാവും. അടിയന്തര പ്രാധാന്യമുള്ള തൊഴിൽ എന്ന ലിസ്റ്റിൽ പേരുള്ളതുകൊണ്ട് ഈ ശമ്പള നിബന്ധനകളും ബാധകമാകില്ലെന്നാണ് സൂചന

അടുത്തിടെയുണ്ടാക്കിയ ഇമിഗ്രേഷൻ നിയന്ത്രണങ്ങൾ മൂലം യൂറോപ്യൻ യൂണിയന് പുറത്ത് നിന്നുള്ള നഴ്‌സുമാരുടെ വിസ നിരസിക്കപ്പെടുന്നതിൽ ബ്രിട്ടീഷ് ആശുപത്രി ട്രസ്റ്റുകളുടെ അധികൃതർ ഉത്കണ്ഠ രേഖപ്പെടുത്തിയിരുന്നു. ആശുപത്രികളിൽ വേണ്ടത്ര നഴ്‌സുമാർ ഇല്ലാത്ത അവസ്ഥയെ മറികടക്കാൻ ഹോം സെക്രട്ടറി ഇതു സംബന്ധിച്ച നിയമത്തിൽ മാറ്റങ്ങൾ വരുത്താൻ നിർബന്ധിതയായിത്തീർന്നത്. എല്ലാ ഹോസ്പിറ്റലുകളിലും കെയർഹോമുകളിലും സുരക്ഷിതമായ രീതിയിൽ ജീവനക്കാരെ ലഭ്യമാക്കുന്നതിനാണ് കർക്കശമായ മുൻഗണന നൽകുന്നതെന്നാണ് നഴ്‌സിങ് ടൈംസിനോട് പ്രതികരിക്കവെ ഹോം സെക്രട്ടറി വെളിപ്പെടുത്തിയിരിക്കുന്നത്.

നോൺ യൂറോപ്യൻ യൂണിയൻ നഴ്‌സുമാർക്ക് നോൺ യൂറോപ്യൻ യൂണിയൻ വിസ അപേക്ഷകരുടെ ജനറൽ പൂൾ ജോയിന്റ് ചെയ്യുന്നത് തുടരാൻ സാധിക്കും. ഇതു പ്രകാരം ഓരോ വർഷവും 20,700 വിസകളെങ്കിലും ലഭിക്കുകയും ചെയ്യും. ഇത് മലയാളി നഴ്‌സുമാർക്ക് നൽകുന്ന പ്രതീക്ഷ ഏറെയാണ്. കർക്കശമാക്കിയ ഇമിഗ്രേഷൻ ചട്ടങ്ങൾ മൂലം എൻഎച്ച്എസിന് വേണ്ടത്ര സ്റ്റാഫുകളെ ലഭിക്കാത്തതിലുള്ള ഉത്കണ്ഠ എൻഎച്ച്എസ് എംപ്ലോയർമാരും 10 പ്രമുഖ ട്രസ്റ്റുകളും ഒന്നു ചേർന്ന് കഴിഞ്ഞ മാസം ഹോം ഓഫീസിനെ ഒരു കത്തിലൂടെ അറിയിച്ചിരുന്നു. ഇമിഗ്രേഷൻ നിയന്ത്രണങ്ങൾ കാരണം ശരിയായ അളവിലുള്ള സ്റ്റാഫുകളെ വാർഡുകളിൽ ലഭ്യമാക്കാനും നല്ല നിലവാരത്തിലുള്ള പരിചരണം രോഗികൾക്ക് ഉറപ്പുവരുത്താനും സാധിക്കുന്നില്ലെന്ന് പ്രസ്തുത കത്തിൽ എൻഎച്ച്എസ് എംപ്ലോയേർസ് ചീഫ് എക്‌സിക്യൂട്ടീവ് ഡാനി മോർട്ടിമർ ചൂണ്ടിക്കാട്ടിയിരുന്നു. വിദേശത്ത് നിന്നുള്ള റിക്രൂട്ട് മെന്റിലൂടെ തങ്ങളുടെ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാൻ എൻഎച്ച്എസ് കിണഞ്ഞ് പരിശ്രമിക്കുമ്പോൾ കർക്കശമായ ഇമിഗ്രേഷൻ ചട്ടങ്ങൾ കാരണം പ്രതിമാസം നോൺ യൂറോപ്യൻ യൂണിയൻ നഴ്‌സുമാരുടെ 750 വിസ അപേക്ഷകളാണ് ഈയടുത്ത മാസങ്ങളിൽ നിരസിക്കപ്പെട്ട് കൊണ്ടിരുന്നത്.

നഴ്‌സുമാർക്ക് ബ്രിട്ടനിൽ ഉടനീളം ഡിമാൻഡ് വർധിച്ച് വരുകയാണെന്ന് 2013ലെ ഫ്രാൻസിസ് എൻക്വയറിയിലൂടെ വെളിപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം മാത്രം ക്വാളിഫൈഡ് നഴ്‌സുമാരുടെ ഡിമാൻഡ് 21,000 ആയി വർധിച്ചിരുന്നു. 35,000 പൗണ്ടെങ്കിലും ചുരുങ്ങിയ ശമ്പളമില്ലാത്തവർ അടുത്ത വർഷം മുതൽ ഇവിടം വിട്ട് പോകണമെന്നുള്ള നിബന്ധന മൂലം നിരവധി നഴ്‌സുമാർ എൻഎച്ച്എസിൽ നിന്നും രാജി വയ്ക്കുകയും സ്വകാര്യമേഖലയിലേക്ക് പോവുന്നുവെന്നുമുള്ള സമീപകാലത്തെ റിപ്പോർട്ടുകൾ ഉത്കണ്ഠകളുയർത്തിയിരുന്നു. ചില നഴ്‌സുമാർ നാട്ടിലേക്ക് മടങ്ങാനുമാരംഭിച്ചിരുന്നു. കർക്കശമായ ഇമിഗ്രേഷൻ നിയമങ്ങൾ സമീപകാലത്ത് നടത്താനൊരുങ്ങിയ ചില നഴ്‌സിങ് റിക്രൂട്ട്‌മെന്റുകളെ തടസപ്പെടുത്തിയ റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. അതായത് ഈ മാസം ആദ്യം സെൻട്രൽ മാഞ്ചസ്റ്റർ ഹോസ്പിറ്റൽസ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ് 275 നഴ്‌സുമാരെ ഇന്ത്യയിൽ നിന്നും റിക്രൂട്ട് ചെയ്യാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ ഇമിഗ്രേഷൻ പ്രക്രിയകളിലെ കടുംപിടുത്തവും കാലതാമസവും കാരണം ഇതിന് തടസം നേരിടുകയായിരുന്നു.

പുതിയ ഇമിഗ്രേഷൻ നിയമങ്ങൾക്കെതിരെ ബ്രിട്ടനിൽ നിന്നുതന്നെ വിമർശനം ഉയർന്നിരുന്നു. ഇക്കാര്യത്തിൽ ഒരു പുൻവിചിന്തനം നടത്തണമെന്നും ഇമിഗ്രേഷൻ പോളിസിയും യുകെയിലെ ആരോഗ്യമേഖലയിലെ ജീവനക്കാരുടെ ക്ഷാമവും തമ്മിലുള്ള വിടവ് അടയ്ക്കണമെന്നുമായിരുന്നു ആവശ്യം ശക്തമായത്. ഈ ആവശ്യങ്ങളുടെ വിജയമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. വിദേശത്ത് നിന്നുള്ള നഴ്‌സുമാർ ബ്രിട്ടീഷ് ആരോഗ്യമേഖലയ്ക്ക് അനിവാര്യമാണെന്ന് വ്യക്തമാക്കുന്നതാണ് പുതിയ തീരുമാനം. നഴ്‌സുമാരെ ദുർലഭ ജോലികളുടെ ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള പുതിയ തീരുമാനത്തെ ബ്രിട്ടീഷ് ആരോഗ്യ മേഖലയിലുള്ള പലരും സ്വാഗതം ചെയ്തിട്ടുണ്ട്.

പുതിയ തീരുമാനത്തിലൂടെ പരിചയസമ്പന്നരായ വിദേശ നഴ്‌സുമാർ എൻഎച്ച്എസിൽ നിന്ന് കൊഴിഞ്ഞ് പോകുന്നത് ഒഴിവാക്കാൻ സാധിക്കും. നഴ്‌സുമാരുടെ ക്ഷാമം കാരണം എൻഎച്ച്എസിൽ അടിയന്തിര ശസ്ത്രക്രിയകൾ പോലും മുടങ്ങുന്ന അവസ്ഥയാണ് സംജാതമാകാൻ പോകുന്നതെന്ന് എൻഎച്ച്എസ് എംപ്ലോയർമാരുടം 10 പ്രമുഖ ട്രസ്റ്റുകളുടെ തലവന്മാരും ഗവൺമെന്റിനെ ബോധിപ്പിച്ചിരുന്നു. അങ്ങിനെയൊരു സാഹചര്യം സംജാതമായിരുന്നുവെങ്കിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുന്ന അവസ്ഥ വരെ ഉണ്ടാകുമായിരുന്നു. ഏതായാലും സർക്കാരിന്റെ പുതിയ തീരുമാനം നിർണായകമായ സമയത്താണ് ഉണ്ടായിരിക്കുന്നതെന്ന കാര്യത്തിൽ സംശയമില്ല.

അതേസമയം മലയാളി നഴ്‌സുമാർക്ക് ഏറെ സഹായകരമായ ബ്രിട്ടൻ വരുത്തിയ ഇളവിന്റെ പേരിൽ ഏജന്റുമാർ ചതിക്കാനുമായി രംഗത്ത് വരാനുള്ള സാധ്യത ഉണ്ട്. ഒരു കാര്യം എല്ലാവരും ഓർക്കുന്നത് നല്ലതാണ്. നാലു വിഷയങ്ങളിലും 7 ബാൻഡോടെ ഐഇഎൽറ്റിഎസ് പാസാകാത്തവർക്ക് എന്തെല്ലാം യോഗ്യത ഉണ്ടെങ്കിലും ബ്രിട്ടനിൽ ജോലി ചെയ്യാൻ സാധ്യമല്ല. അതുള്ളവർക്ക് മാത്രമേ മേൽപറഞ്ഞ ഇളവുകളും ആനുകൂല്യവും ബാധകമാകൂ. ആരെങ്കിലും ഐഇഎൽറ്റിഎസ് വേണ്ട, തൊഴിൽ ശരിയാക്കി തരാം എന്നു പറഞ്ഞാൽ അവരുടെ ലക്ഷ്യം തട്ടിപ്പ് തന്നെയാണ് എന്നു മനസിലാക്കണം. ഇത്തരം തട്ടിപ്പുകാരെയാണ് മലയാളികൾ നഴ്‌സുമാർ അതിജീവിക്കേണ്ടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP