Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഞ്ചു പൈസ തിരിച്ചുകിട്ടാതെ 60 ലക്ഷം വരെ നിക്ഷേപിച്ചവർ പെരുവഴിയിൽ; അറ്റന്റർ കം ക്യാഷ്യറായ ജീവനക്കാരി തട്ടിയത് ഒന്നേകാൽ കോടി; എല്ലാം നഷ്ടമായത് 180ഓളം പേർക്ക്; പലതവണ നടന്നാൽ ലഭിക്കുന്നത് അഞ്ഞൂറും ആയിരവും രൂപ; കുന്ദമംഗലം അർബൺ കോ ഓപറേറ്റീവ് സൊസൈറ്റി സഹകരണകൊള്ളയിലെ കോഴിക്കോടൻ വെർഷൻ

അഞ്ചു പൈസ തിരിച്ചുകിട്ടാതെ 60 ലക്ഷം വരെ നിക്ഷേപിച്ചവർ പെരുവഴിയിൽ; അറ്റന്റർ കം ക്യാഷ്യറായ ജീവനക്കാരി തട്ടിയത് ഒന്നേകാൽ കോടി; എല്ലാം നഷ്ടമായത് 180ഓളം പേർക്ക്; പലതവണ നടന്നാൽ ലഭിക്കുന്നത് അഞ്ഞൂറും ആയിരവും രൂപ; കുന്ദമംഗലം അർബൺ കോ ഓപറേറ്റീവ് സൊസൈറ്റി സഹകരണകൊള്ളയിലെ കോഴിക്കോടൻ വെർഷൻ

എം എ എ റഹ് മാൻ

കോഴിക്കോട്: സംസ്ഥാനത്തൊട്ടാകെ സഹകരണ മേഖലയിൽനിന്നു നിക്ഷേപ തട്ടിപ്പിന്റെ കഥകൾ ഒന്നൊന്നായി പുറത്തുവരുമ്പോൾ കോഴിക്കോട് ജില്ലയിൽ ഈ പട്ടികയിൽ പ്രാഥമികാന്വേഷണത്തിൽ ഉൾപ്പെട്ടിരിക്കുന്നത് ഏഴു സഹകരണ സ്ഥാപനങ്ങൾ. ഇവയിൽ ഒന്നായ കുന്ദമംഗലം അർബൺ കോഓപറേറ്റീവ് സൊസൈറ്റിയിൽ മാത്രം നടന്നത് ഏട്ടു കോടിയുടെ തട്ടിപ്പ്. കഴിഞ്ഞ ഭരണ സമിതിയുടെ കാലത്താണ് തട്ടിപ്പുകളെല്ലാം സംഭവിച്ചത്. കഴിഞ്ഞ മെയ് നാലിന് തെരഞ്ഞെടുപ്പ് നടക്കുകയും പുതിയ ഭരണസമിതി ചുമതലയേൽക്കുകയും ചെയ്തിട്ടുണ്ട്. നിക്ഷേപകരെ പെരുവഴിയിലാക്കില്ലെന്നാണ് പുതിയ ഭരണ സമിതിയുടെ പ്രഖ്യാപനം. യു ഡി എഫിന് കീഴിൽ കോൺഗ്രസും ലീഗും പങ്കിട്ട് ഭരണം നടത്തുന്ന സഹകരണ സ്ഥാപനമാണ് കോഴിക്കോട് നഗരത്തിൽനിന്നു 15 കിലോമീറ്റർ മാറി കോഴിക്കോട് വയനാട് റോഡിൽ കുന്ദമംഗലം ബസ് സ്റ്റാന്റ് കെട്ടിടത്തിലുള്ള ഈ സ്ഥാപനം.

മുൻ ഭരണ സമിതിയിലെ ഡരക്ടർ ബോർഡും പ്രസിഡന്റും സൊസൈറ്റി സെക്രട്ടറിയുമെല്ലാമാണ് ഇല്ലാത്ത അപേക്ഷകളുടെ പേരിലും സ്വീകരിക്കാത്ത ആഭരണങ്ങളുടെയും പ്രമാണങ്ങളുടെയുമെല്ലാം പേരിൽ വൻതുക സ്വന്തക്കാർക്ക് വായ്പ നൽകി ബാങ്കിനെ പാപ്പരാക്കിയത്. 2013 മുതൽ ഇവിടെ തിരിമറികൾ ആരംഭിച്ചിരുന്നെങ്കിലും 2017ലാണ് ഇത് മൂർധന്യത്തിലെത്തിയത്. ഭരണ സമിയിൽ ഉൾപ്പെട്ടവർ കലക്ഷൻ ഏജന്റിന്റെ പേരിൽപോലും വ്യാജരേഖയുണ്ടാക്കി വായ്പയെടുത്തതായാണ് അന്വേഷണത്തിൽ ബോധ്യപ്പെട്ടിരിക്കുന്നത്. കടകളും സ്ഥാപനങ്ങളും കയറിയിറങ്ങി വെയിലും മഴയുമേറ്റ് സ്ഥാപനത്തിന്റെ ഉന്നതിക്കായി അഹോരാത്രം പ്രയത്നിച്ച കലക്ഷൻ ഏജന്റുമാരിൽ ചിലർ തങ്ങളുടെ പേരിൽ വായ്പ തിരിച്ചടക്കാൻ നോട്ടീസ് എത്തിയതോടെയാണ് കബളിപ്പിക്കപ്പെട്ടതായി അറിയുന്നത്്. തട്ടിപ്പിന്റെ പരകോടിയിൽ പേരും മേൽവിലാസവും മാത്രം കിട്ടിയാൽപോലും അത് ഉപയോഗപ്പെടുത്തി കൃത്രിമരേഖകളുടെ പേരിൽ വായ്പാതട്ടിപ്പ് സൊസൈറ്റിയിൽ നടന്നതായാണ് നിക്ഷേപകർ ആരോപിക്കുന്നത്.

അതുകൊണ്ടുതന്നെ ബാങ്കിന്റെ ഓഡിറ്റർമാരെയും അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്നാണ് പരാതിക്കാരുടെ ആവശ്യം. സാമ്പത്തിക കുറ്റകൃത്യം ആയതിനാൽ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്നും സഹകരണ വകുപ്പിന്റെ കീഴിൽ നടക്കുന്ന അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണെന്നും തങ്ങൾ ഇതിൽ തൃപ്തരല്ലെന്നും നിക്ഷേപകർ പരാതിപ്പെടുന്നു. 2008 മുതലുള്ള ക്രമക്കേടാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പക്ഷേ ഒരുഭാഗത്ത് തട്ടിപ്പ് നടക്കുമ്പോഴും സൊസൈറ്റി ലാഭത്തിലായിരുന്നു എന്നാണ് ഓഡിറ്റ് റിപ്പോർട്ടുകൾ. ഇതാണ് ഓഡിറ്റർമാരെയും സംശയത്തിന്റെ നിഴലിലാക്കുന്നത്. ചട്ടങ്ങൾ മറികടന്ന് ഉയർന്ന പലിശ വാഗ്ദാനം ചെയ്താണ് സൊസൈറ്റി നിക്ഷേപകരെ ആകർഷിച്ചത്.

സ്വാധീനക്കുറവുള്ള ശരീരവുമായി സുബ്രഹ്‌മണ്യം സൊസൈറ്റി അധികൃതരോട് അപേക്ഷിക്കാത്ത ദിവസങ്ങളില്ല. സുബ്രഹ്‌മണ്യത്തെ പോലെ നിരവധിപ്പേർ തട്ടിപ്പിനിരയായി ദുരിതത്തിലായിരിക്കുകയാണ്. കുന്ദമംഗലം അർബൻ കോഓപറേറ്റീവ് സൊസൈറ്റിയിൽ 2001 മുതൽ ജോലി ചെയ്യുന്ന നിലവിലെ സെക്രട്ടറി ജിഷ ഒന്നേകാൽ കോടിയോളം രൂപ തട്ടിയെടുത്തെന്നും ഇതിന്റെ ഉദാഹരണമാണ് അവരുടെ വീടുൾപ്പെടെയുള്ള വസ്തുവകകളുമെന്ന് നിക്ഷേപകർ ആരോപിച്ചു. പഴയ ഭരണ സമിതിയുമായി ചേർന്നാണ് ഇവർ തട്ടിപ്പു നടത്തിയത്. അതേ സമയം സെക്രട്ടറിയായതിന്റെ പേരിൽ മൊത്തം തട്ടിപ്പിന്റെ ഒരുഭാഗം തന്റെ പേരിൽ ചേർക്കപ്പെട്ടതാണെന്നാണ് ഇവരുടെ വാദം. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ സെക്രട്ടറി തട്ടിപ്പ് നടത്തുകയോ, അല്ലെങ്കിൽ തട്ടിപ്പ് കണ്ടെത്തുന്നതിൽ പരാജയപ്പെടുകയോ ചെയ്തെന്ന് ബോധ്യപ്പെട്ടിരുന്നു. എന്നാൽ കാഷ്യർ കം അറ്റന്റർ സെറീന പണം തട്ടിയതോടെയാണ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് പോയതെന്നാണ് സെക്രട്ടറി ജിഷയുടെ വിശദീകരണം.

ഒന്നേകാൽ കോടി രൂപ തട്ടിയെടുത്ത ക്യാഷ്യർ കം അറ്റൻഡറായ സെറീന രണ്ടുകൊല്ലം മുമ്പ് അറസ്റ്റിലായിരുന്നു. ഇവരുടെ പേരിലുള്ള സ്വത്തുക്കളെല്ലാം അന്വേഷണത്തിന്റെ ഭാഗമായി കണ്ടുകെട്ടിയിരിക്കയാണ്. ബാങ്ക് പ്രതിസന്ധിയിലേക്കു നീങ്ങിക്കൊണ്ടിരുന്ന കാലത്തുതന്നെ തന്റെ ബന്ധുക്കളിൽനിന്നും പരിചയക്കാരിൽനിന്നുമെല്ലാം ഇവർ ഫിക്സഡ് ഡെപോസിറ്റായി ശേഖരിച്ച വൻതുകകൾ പിൻവലിപ്പിച്ചിരുന്നു. ങ്കേ് പൊളിയാൻ പോകുകയാണെന്നു അറിയിച്ചായിരുന്നു നിക്ഷേപം പിൻവലിപ്പിച്ചത്. സെറീനയെ സൊസൈറ്റി പുറത്താക്കിയെങ്കിലും തട്ടിപ്പ് സെറീനയിൽ അവസാനിക്കുന്നില്ലെന്നാണ് നിക്ഷേപകർ പറയുന്നത്. യുഡിഎഫ് ഭരണസമിതി അംഗങ്ങളും സെക്രട്ടറിയും മറ്റ് ജീവനക്കാരും പണം തട്ടിയെന്നാണ് പരാതി. അതേസമയം തന്നെ ബലിയാടാക്കി എന്നാണ് പുറത്തായ സെറീനയുടെ പ്രതികരണം.

അഴിമതി രൂക്ഷമായ 2017 കാലത്ത് ഇവരുടെ നേതൃത്വത്തിൽ ഭർത്താവിന്റെയും അമ്മയുടെയും മറ്റുബന്ധുക്കളുടെയുമെല്ലാം പേരിൽ വ്യാജമായി വായ്പയെടുത്തെന്നാണ് ആരോപണം ഉയരുന്നത്. പക്ഷേ നിക്ഷേപകരായ സാധാരണക്കാർ ഇക്കാര്യമെല്ലാം അറിയാൻ വീണ്ടും ഒന്നുരണ്ടു വർഷം വേണ്ടിവന്നു. ബാങ്കിൽ നടന്ന വമ്പൻ അഴിമതിയിൽ നിക്ഷേപം തിരിച്ചു നൽകാൻ സാധിക്കാത്ത അവസ്ഥയിൽ എത്തുമ്പോഴാണ് മിക്ക നിക്ഷേപകരും പണം ആവശ്യപ്പെട്ട് ബാങ്കിന സമീപിച്ചത് അപ്പോഴേക്കും ആർക്കും ഒന്നും ലഭിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല.

മുൻ പ്രവാസിയായ കാരന്തൂർ സ്വദേശിക്കു നഷ്ടമായത് എട്ടുലക്ഷം

കുന്ദമംഗലത്തിന്റെ സമീപ പ്രദേശമായ കാരന്തൂരിലെ മുൻ പ്രവാസിക്ക് ബാങ്കിൽ നിക്ഷേപിച്ചതിലൂടെ നഷ്ടമായത് എട്ടുലക്ഷം. ബാങ്ക് പ്രസിഡന്റും അയൽവാസിയുമായ ശ്രീലതയുടെ നിരന്തരമായ അഭ്യർത്ഥന പ്രകാരമായിരുന്നു മുൻ പ്രവാസിയായ ശ്രീമാൻ ഉണ്ണി മൂന്നു തവണയായി എട്ടുലക്ഷം സ്ഥിരനിക്ഷേപമായി ബാങ്കിൽ നൽകിയത്. ഒൻപതര ശതമാനം പലിശയായിരുന്നു വാഗ്ദാനം. ബാങ്ക് ഏറെക്കുറെ പൊളിഞ്ഞ ശേഷമാണ് ഞങ്ങളെല്ലാം അവിടെ നടക്കുന്ന അഴിമതിയെക്കുറിച്ചും വ്യാജരേഖ ചമച്ചുള്ള വായ്പ നൽകലിനെക്കുറിച്ചുമെല്ലാം എന്നെപോലുള്ള നിക്ഷേപകർ അറിയുന്നതെന്നു ഇദ്ദേഹം. ചെന്നു ചോദിച്ചപ്പോൾ പണമില്ല, പിന്നെ പല അവധികൾ പറഞ്ഞു. പക്ഷേ ഇന്നുവരെ നിക്ഷേപത്തിൽനിന്നു അഞ്ചു പൈസ് തിരിച്ചുകിട്ടിയിട്ടില്ല. സേവിങ്സ് എക്കൗണ്ടിൽ ഉണ്ടായിരുന്ന അൻപതിനായിരത്തിൽ അധികം രൂപയിൽ പല തവണ നടന്നാൽ അഞ്ഞൂറോ, ആയിരമോ ലഭിച്ചാലായെന്നും ഇദ്ദേഹം.

ബാങ്കിനെതിരേ നിക്ഷേപ കൂട്ടായ്മയുണ്ടാക്കിയിരുന്നെങ്കിലും ഭരണ സമിതിയുടെ നേതൃത്വത്തിൽ നിക്ഷേപകരെ ഭിന്നിപ്പിച്ച് അതും തകർത്തു. കൂട്ടായ്മയിൽനിന്നു വിട്ടുനിന്നാൽ പണം തിരിച്ചുനൽകാമെന്നു മോഹിപ്പിച്ചായിരുന്നു നടപടി. പലരും ബാങ്കിനെതിരേ കേസ് നടത്തുകയാണിപ്പോഴെന്നും താൻ ആക്കൂട്ടത്തിലില്ലെന്നും ഇദ്ദേഹം വെളിപ്പെടുത്തി.
എഴരക്കോടിയിലേറെ രൂപയുടെ തട്ടിപ്പാണ് കുന്നമംഗലം അർബൻ സൊസൈറ്റിയിൽ നടന്നതെന്നാണ് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞത്. ആരാണ് ഇതിനെല്ലാം ഉത്തരവാദിയെന്നു ചോദിച്ചാൽ ഡയരക്ടർ ബോർഡിലുള്ളവർ സെക്രട്ടറിയാണ് കുറ്റക്കാരിയെന്നു പറയും. സെക്രട്ടറി പറയുക ഷെറീനയെപ്പോലുള്ള ജീവനക്കാരാണ് ബാങ്ക് പൊളിച്ചതെന്നാണ്. സംഗതി എന്തായാലും ഞങ്ങളുടെയെല്ലാം ചോരനീരാക്കി സ്വരൂപിച്ച പണം എന്നെങ്കിലും ഇനി കിട്ടുമോയെന്നു കണ്ടറിയണം. സാധാരണക്കാരുടെ പൈസ പോയാൽ പോയി. അവിടെ രാഷ്ട്രീയക്കാരും ആരും അവരെ സഹായിക്കാനായി എത്തില്ല. ഇതിലൂടെ സംഭവിക്കുന്നത് സഹകരണ പ്രസ്ഥാനത്തിലുള്ള ജനങ്ങളുടെ വിശ്വാസ്യതയാണ്. അത് തകർന്നാൽ നാടിന്റെ സമ്പദ് വ്യവസ്ഥയെ മൊത്തം താറുമാറാക്കുമെന്നത് ഒരു രാഷ്ട്രീയ പാർട്ടിക്കാരനും ഗൗനിക്കുന്നില്ലെന്നു ഇദ്ദേഹം പറയുന്നു.

ഓട്ടോ ഡ്രൈവർക്ക് നഷ്ടമായത് മകളുടെ കല്ല്യാണത്തിനായി മാറ്റവെച്ച തുക

കുന്ദമംഗലം സ്റ്റാന്റിൽ ഓട്ടോയോടിച്ച് ജീവിത്തിന് നിറംപകരാൻ ശ്രമിക്കുന്ന മുൻ ലോറി ഡ്രൈവറായ അൻപത്തിയഞ്ചുകാരന് നഷ്ടമായത് മകളുടെ കല്ല്യാണത്തിനായി മൂന്നു വർഷം മുൻപ് മാറ്റിവെച്ച പണം. കുടുംബശ്രീയിൽനിന്ന് വായ്പയെടുത്ത തുക കൈയിൽ വച്ചാൽ ചെലവായി പോകുമെന്ന് ഭയന്നായിരുന്നു ഓടിക്കൊണ്ടുപോയി സൊസൈറ്റിയിൽ നിക്ഷേപിച്ചത്. ലോറി അപകടത്തിൽ തകർന്ന കാൽ വർഷങ്ങൾ ഒരുപാടായിട്ടും നേരെയായിട്ടില്ല.

ഈ കാലും വലിച്ച് വളരെ പ്രയാസപ്പെട്ടാണ് ഒന്നാം നിലയിലുള്ള ബാങ്കിൽ ഇദ്ദേഹം തന്റെ തുകക്കായി കയറിയിറങ്ങുന്നത്. അഞ്ചും എട്ടും തവണ ചെന്നാൽ കൂടിയാൽ 500 രൂപ ഒരു തവണ തന്നാലായെന്ന് അബ്ദുറസാഖ്. 30ലക്ഷം നിക്ഷേപിച്ച മുണ്ടിക്കൽതാഴം സ്വദേശിയായ വക്കീലിനും 21 ലക്ഷം നിക്ഷേപിച്ച ഹയർ സെക്കൻഡറി പ്രിൻസിപലിനുമൊന്നും സൊസൈറ്റിയിൽനിന്നും അഞ്ചു പൈസ തിരിച്ചുകിട്ടിയിട്ടില്ലെന്നും തന്റെ ഭാഗ്യമാണ് ചെറിയൊരു തുകയൊഴികേ ബാക്കി കിട്ടാൻ കിടയാക്കിയതെന്നും ഈ ഡ്രൈവർ പറയുന്നു.

കുറിയിൽ ചേർന്ന ബാബുവിനും പോയി തുക

കുന്ദമംഗലം ടൗണിൽ അക്ഷയ ടൂൾസ് നടത്തുന്ന ബാബുവിനും പോയിക്കിട്ടി വലിയ തുക. ബാലുശ്ശേരിയിൽ പ്രവർത്തിച്ചിരുന്ന ശ്രീലകം ചിട്ടിയിൽ ചേർന്ന വകയിൽ നാലു ലക്ഷം നഷ്ടമായ പൊള്ളുന്ന അനുഭവം കാരണം ഇനിയൊരു ചിട്ടിയിലും ചേരില്ലെന്നു ശപഥംചെയ്തു കഴിയവേയായിരുന്നു കുന്ദമംഗലം അർബൻ കോഓപറേറ്റീവ് സൊസൈറ്റി ഡയരക്ടറും പൊതുകാര്യ പ്രസക്തനുമായ പത്മാക്ഷൻ ബാബുവിനെ കുറിയിൽ ചേരാൻ നിർബന്ധിക്കുന്നത്.

ഒഴിഞ്ഞുമാറാൻ പരമാവധി ശ്രമിച്ചെങ്കിലും ഒരാൾക്കു ജോലി കിട്ടുന്ന കാര്യമാണെന്നും ഒരു കുടുംബം രക്ഷപ്പെടട്ടെയെന്നുമെല്ലാം പത്മാക്ഷൻ പറയുകയും തന്റെ കാലുപിടിക്കുകയും ചെയ്തതോടെയാണ് താൻ ചെന്നുപെട്ടതെന്ന് ബാബു. കുറിയുടെ കലക്ഷൻ വാങ്ങാൻ എത്തിയിരുന്ന ആൾ വരാതായതോടെ അന്വേഷിച്ചപ്പോഴാണ് കുറിപൊട്ടിയതായി അറിയുന്നത്. 2018 ഒക്ടോബർ മുതൽ കുറിയിൽ ദിനേന 300 രൂപവച്ച് അടച്ച 1,20,000 രൂപയിൽ അഞ്ചുപൈസപോലും ഇതുവരെയും കിട്ടിയിട്ടില്ലെന്ന് ഇദ്ദേഹം പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP