Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാലങ്ങളും ആയുധപുരയും തകർത്തു; നൂറിലേറെ രഹസ്യ പട്ടാളക്കാർ കൊല്ലപ്പെട്ടു; അപ്രതീക്ഷിതമായ യുക്രൈൻ ചെറുത്തു നിൽപ്പിൽ പതറി റഷ്യൻ സേന; ആറുമാസമായി നീളുന്ന യുദ്ധത്തിൽ യുക്രൈന് വമ്പൻ മുന്നേറ്റം

പാലങ്ങളും ആയുധപുരയും തകർത്തു; നൂറിലേറെ രഹസ്യ പട്ടാളക്കാർ കൊല്ലപ്പെട്ടു; അപ്രതീക്ഷിതമായ യുക്രൈൻ ചെറുത്തു നിൽപ്പിൽ പതറി റഷ്യൻ സേന; ആറുമാസമായി നീളുന്ന യുദ്ധത്തിൽ യുക്രൈന് വമ്പൻ മുന്നേറ്റം

മറുനാടൻ മലയാളി ബ്യൂറോ

കീവ്: ദിവസങ്ങൾ കൊണ്ട് യുദ്ധം അവസാനിപ്പിച്ച് യുക്രൈനെ കീഴടക്കാമെന്ന വ്യാമോഹവുമായാണ് റഷ്യൻ സൈന്യം യുക്രൈനെ ആക്രമിച്ചത്. എന്നാൽ യുദ്ധം തുടങ്ങി ആറുമാസം പിന്നിട്ടിട്ടും ലോകത്തെ രണ്ടാമത്തെ വലിയ ശക്തിയായ റഷ്യയ്ക്ക് മുന്നിൽ പിടിച്ചു നിൽക്കുകയാണ് യുക്രൈൻ. ഇനിയും കാര്യമായ തട്ടുകേടുകൾ യുക്രൈന് ഉണ്ടാക്കാൻ റഷ്യയ്ക്ക് കഴിഞ്ഞിട്ടില്ല. എന്നാൽ ഇപ്പോൾ റഷ്യയ്‌ക്കെതിരെ വമ്പൻ മുന്നേറ്റം നടത്തിയിരിക്കുകയാണ് യുക്രൈൻ. റഷ്യയുടെ ആയുധ പുരകൾ തകർത്തും നൂറിലേറെ പട്ടാളക്കാരെ ചുട്ടെരിച്ചും ഒറ്റപ്പെടുത്തിയും എല്ലാം റഷ്യയ്ക്ക് വമ്പൻ തിരിച്ചടി നൽകിയിരിക്കുകയാണ് യുക്രൈൻ.

പതിയിരുന്നു തക്ക സമയത്ത് ആക്രമിക്കുന്ന രീതിയാണ് യുക്രൈനിന്റേത്. തെക്കൻ യുക്രെയ്‌നിലെ ഹഴ്‌സൻ മേഖലയിൽ ഉണ്ടായിരുന്ന റഷ്യൻ സേനയുടെ രണ്ട് ആയുധപ്പുരകൾ യുക്രൈൻ തകർത്തു. മിസൈൽ ആക്രമണത്തിൽ ആുധപ്പുര തകർത്തതിനൊപ്പം അവിടെയുണ്ടായിരുന്ന നൂറിലറെ പേരെ വധിച്ചതായും യുക്രെയ്ൻ സേന അറിയിച്ചു. ഏഴ് ടാങ്കുകളും തകർത്തു. ആറാം മാസത്തിലെത്തിയ യുക്രെയ്ൻ റഷ്യ സംഘർഷത്തിൽ റഷ്യ നേരിടുന്ന ഏറ്റവും വലിയ ആൾനാശമാണിതെന്നു പറയുന്നു.

അധിനിവേശ ക്രൈമിയയിൽ നിന്ന് ഹഴ്‌സനിലെ റഷ്യൻ സേനയ്ക്കു സാധനസാമഗ്രികൾ എത്തിച്ചിരുന്ന റെയിൽ പാതയിലെ ഡിനിപ്രോ നദിക്കു കുറുകെയുള്ള പാലം തകർത്തതോടെ റഷ്യൻ സേനയെ ഒറ്റപ്പെടുത്തുകയും ചെയ്തു.പാശ്ചാത്യ രാജ്യങ്ങൾ നൽകിയ ദീർഘദൂര മിസൈലുകൾ ഉപയോഗിച്ചാണ് റഷ്യൻ സേനയ്ക്കു നാശമുണ്ടാക്കിയത്. ഇന്നലെയും നൂറോളം പട്ടാളക്കാർ കൊല്ലപ്പെട്ടതോടെ പതിനായിരക്കണക്കിനു സൈനികർ നഷ്ടമായ റഷ്യ പ്രതിരോധത്തിലായതായി ബ്രിട്ടനിലെ മിലിറ്ററി ഇന്റലിജൻസ് ഏജൻസിയിലെ റിച്ചഡ് മൂർ പറഞ്ഞു. അധിനിവേശത്തിന്റെ ആദ്യഘട്ടത്തിലെ കുതിപ്പു തുടരാനാകാതെ റഷ്യൻ സേന നശീകരണ പാതയിലാണെന്നും അദ്ദേഹം പറഞ്ഞു. സേനാനീക്കം നടന്ന ചില ഗ്രാമങ്ങളിലെ എല്ലാ വീടുകളും തകർത്ത നിലയിലാണ്. ഒട്ടേറെ യുക്രെയ്ൻ നഗരങ്ങളിൽ റഷ്യ രാത്രി ആക്രമണം ശക്തമാക്കിയിട്ടുണ്ട്.

അതേസമയം ഫെബ്രുവരി മുതൽ ഇതുവരെ 2, 45, 237 സാധാരണക്കാർ .യുക്രൈനിൽ കൊല്ലപ്പെട്ടു എന്നാണ് കണക്ക്. പരിക്കേറ്റവർ 7,035 പേർ. പക്ഷേ യഥാർത്ഥ സംഖ്യ ഇതിലും കൂടുതലാണ്. യുഎൻ ഹൈക്കമ്മീൻ ഫോർ ഹ്യുമൻ റൈറ്റ്‌സ് ജൂലൈ 25ന് പുറത്തുവിട്ട കണക്കാണിത്. സൈന്യം വർഷിക്കുന്ന മിസൈലുകൾ ഏറ്റും വ്യോമാക്രണത്തിലൂടെയും സ്‌ഫോടനങ്ങളിലൂടെയും ആണ് സാധാരണക്കാരും മരിച്ചുവീഴുന്നത്. പരസ്പരം പോരാടി മരിക്കുന്ന സൈനികരുടെ കണക്കുകളും വ്യക്തമല്ല.

അമേരിക്കയുടെ ഇന്റലിജൻസ് കണക്ക് പ്രകാരം 15,000 റഷ്യൻ സൈനികർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിന്റെ മൂന്ന് മടങ്ങ് സൈനികർക്ക് പരിക്കേറ്റിട്ടുമുണ്ട്. 1979-1989 കാലഘട്ടത്തിൽ അഫ്ഗാനിൽ ഉണ്ടായിതിനെക്കാളും ഉയർന്ന കണക്കാണിത്. കൊല്ലപ്പെട്ട യുക്രൈൻ സൈനികരുടെ എണ്ണം റഷ്യൻ സൈനികരേക്കാൾ കുറവാണെന്നാണ് അമേരിക്കൻ ഇന്റലിജൻസിന്റെ റിപ്പോർട്ട്. സിഐഎ ഡയറക്ടർ വില്യൺ ബേൺസ് ഈ മാസം തുടക്കത്തിൽ വ്യക്തമാക്കിയതാണ് ഇക്കാര്യം.

റഷ്യൻ അനുകൂല പ്രസിഡന്റിന്റെ പതനത്തിന്‌ശേഷം 2014 മുതൽ കിഴക്കൻ യുക്രൈനുമായി റഷ്യയ്ക്ക് പ്രശ്‌നങ്ങൾ തുടങ്ങിയിരുന്നു. 2014 നും 2022നും ഇടയിൽ 14,000 ആളുകൾ കൊല്ലപ്പെട്ടു. ഇതിൽ 3,106 പേർ സാധാരണക്കാരാണ്. 41 മില്യണിലധികം ജനസംഖ്യയുള്ള യുക്രൈനിൽ മൂന്ന് ഒന്നിലാളുകൾക്ക് സ്വന്തം വീടുകൾ നഷ്ടപ്പെട്ടുകഴിഞ്ഞു. യുഎൻ അഭയാർഥി ഏജൻസി കണക്ക് പ്രകാരം ലോകത്തിലെ ഏറ്റവും വലിയ സംഖ്യയാണിത്. യുക്രൈനിൽ നിന്നും നിലവിൽ 6.16 മില്യൺ പേർ യൂറോപ്പിൽ അഭയാർഥികളായുണ്ട്.

അമേരിക്ക 7.6 ബില്യൺ ഡോളർ സഹായമാണ് യുക്രൈന് ഇതുവരെ നൽകിയത്. അത്യാധുനിക യുദ്ധസംവിധാനങ്ങളും എത്തിച്ചുനൽകി. ബ്രിട്ടനാണ് യുക്രൈനെ കൈഅയഞ്ഞ് സഹായിച്ച മറ്റൊരു രാജ്യം.

ജയിൽ ആക്രമണം: പഴിചാരൽ തുടരുന്നു
പൂർവ ഡോണെറ്റ്‌സ്‌കിലെ ജയിലിൽ മിസൈൽ ആക്രമണത്തിൽ 50 യുദ്ധത്തടവുകാർ കൊല്ലപ്പെട്ട സംഭവത്തിൽ ഇരുകൂട്ടരും പരസ്പരം പഴിചാരൽ തുടരുന്നു. കൊല്ലപ്പെട്ടവരുടെ പട്ടിക റഷ്യൻ സേന പുറത്തുവിട്ടു. യുഎസ് നിർമ്മിത ഹിമാർസ് റോക്കറ്റ് ആക്രമണത്തിൽ റഷ്യ അനുകൂല യുക്രെയ്ൻ വിമതരാണ് കൊല്ലപ്പെട്ടതെന്നും 73 പേർക്കു പരുക്കേറ്റിട്ടുണ്ടെന്നും അവർ അറിയിച്ചു. സംഭവത്തിൽ റഷ്യ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ഇതു നിഷേധിച്ച യുക്രെയ്ൻ റഷ്യ യുദ്ധത്തടവുകാരെ വധിക്കുകയായിരുന്നുവെന്ന് ആരോപിക്കുന്നു. യുക്രെയ്‌നിലെ ജയിലുകളിലെ യുദ്ധത്തടവുകാരെ കാണാൻ അനുവദിക്കണമെന്ന് റെഡ് ക്രോസ് ആവശ്യപ്പെട്ടിട്ടുണ്ട്. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP