Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തൃശൂരിൽ യുവാവിന്റെ മരണം കുരങ്ങ് പനി മൂലമെന്ന് സംശയം; രാവിലെ മരണമടഞ്ഞത് ചാവക്കാട് സ്വദേശിയായ 22 കാരൻ; യുഎഇയിൽ നിന്ന് എത്തിയത് 21 ന്; സ്രവം പരിശോധനയ്ക്കായി അയച്ചു

തൃശൂരിൽ യുവാവിന്റെ മരണം കുരങ്ങ് പനി മൂലമെന്ന് സംശയം; രാവിലെ മരണമടഞ്ഞത് ചാവക്കാട് സ്വദേശിയായ 22 കാരൻ; യുഎഇയിൽ നിന്ന് എത്തിയത് 21 ന്; സ്രവം പരിശോധനയ്ക്കായി അയച്ചു

മറുനാടൻ മലയാളി ബ്യൂറോ

 തൃശൂർ: തൃശൂരിൽ യുവാവിന്റെ മരണം കുരങ്ങ് പനി മൂലമെന്ന് സംശയം. ചാവക്കാട് കുരിഞ്ഞിയൂർ സ്വദേശിയായ 22 കാരനാണ് ഇന്ന് രാവിലെ മരിച്ചത്. വിദേശത്ത് നിന്ന് എത്തിയ ഇയാൾ മൂന്ന് ദിവസം മുൻപാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചത്. യുഎഇയിൽ നിന്ന് 21 നാണ് ഇയാൾ കേരളത്തിലെത്തിയത്. രോഗലക്ഷണം കണ്ടതോടെയാണ് ആശുപത്രിയിൽ പ്രവേശിച്ചത്. ഇയാളുടെ സ്രവം പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചു. പൊലീസിന്റെയും ആരോഗ്യവകുപ്പിന്റെയും മേൽനോട്ടത്തിൽ കർശന നിബന്ധനകളോടെ മൃതദേഹം സംസ്‌കരിക്കാൻ നിർദ്ദേശം നൽകി.

അതേസമയം, കേരളത്തിൽ റിപ്പോർട്ട് ചെയ്ത കുരങ്ങ് പനി വൈറസിന് തീവ്രവ്യാപന ശേഷിയില്ലെന്ന് ജനിതക ശ്രേണീകരണ ഫലം പുറത്ത് വന്നു. എ.2 വിഭാഗത്തിൽ പെടുന്ന വകഭേദത്തെയാണ് കണ്ടെത്തിയിരിക്കുന്നതെന്ന് കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജി വ്യക്തമാക്കി. യൂറോപ്പിൽ ആശങ്കയുയർത്തുന്ന ബി.വൺ വകഭേദത്തേക്കാൾ വ്യാപന ശേഷി എ. 2 വിന് കുറവാണ്. കേരളത്തിൽ രോഗം സ്ഥിരീകരിച്ച രണ്ട് പേരുടെയും സാമ്പിളുകൾ ജനിത ശ്രേണീകരണ പരിശോധനക്ക് വിധേയമാക്കി. ഇന്ത്യയിൽ ഇതുവരെ നാല് പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

രാജ്യത്ത് ആദ്യമായി കുരങ്ങ് പനി സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ കൊല്ലം സ്വദേശി (35) രോഗമുക്തി നേടിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ആദ്യ കേസായതിനാൽ എൻഐവിയുടെ നിർദ്ദേശ പ്രകാരം 72 മണിക്കൂർ ഇടവിട്ട് രണ്ട് പ്രാവശ്യം പരിശോധനകൾ നടത്തി. എല്ലാ സാമ്പിളുകളും രണ്ട് പ്രാവശ്യം നെഗറ്റീവായി. രോഗി മാനസികമായും ശാരീരികമായും പൂർണ ആരോഗ്യവാനാണ്. ത്വക്കിലെ തടിപ്പുകൾ പൂർണമായി ഭേദമായിട്ടുണ്ട്. അദ്ദേഹത്തെ ഇന്ന് ഡിസ്ചാർജ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ പന്ത്രണ്ടാം തീയതി യുഎഇയിൽ നിന്നും വന്ന യുവാവിന് പതിനാലിനാണ് കുരങ്ങ് പനി സ്ഥിരീകരിച്ചത്. രോഗം സംശയിച്ചപ്പോൾ തന്നെ മന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗങ്ങൾ ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിരുന്നു. എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദ്ദേശം നൽകി. ഇദ്ദേഹവുമായി പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ള കുടുംബാംഗങ്ങളുടെ ഫലവും നെഗറ്റീവ് ആണ്. നിലവിൽ കുരങ്ങ് പനി സ്ഥിരീകരിച്ച മറ്റ് രണ്ട് പേരുടെ ആരോഗ്യ നില തൃപ്തികരമായി തുടരുന്നു. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരുമെന്നും മന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP