Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രണയഭൂതങ്ങൾ

പ്രണയഭൂതങ്ങൾ

ഷാജി ജേക്കബ്‌

'For you was I born, for you do I have life, for you I will die, for you am I now dying'.         

- Gabriel Garcia Marquez, Of Love and Other Demons

'I live in fear of being alive.'

- Gabriel Garcia Marquez, Of Love and Other Demons

'പേപ്പട്ടി കടിച്ചവന് സ്വപ്നങ്ങൾ പ്രയാസമാണ്',

- ബാലചന്ദ്രൻ ചുള്ളിക്കാട്,  ഏറ്റവും നല്ല കവിത,   1981

'സെർവാന്റിസിനുശേഷം സ്പാനിഷ് ഭാഷയിലുണ്ടായ ഏറ്റവും പ്രതിഭാശാലിയും ജനപ്രിയനുമായ എഴുത്തുകാരൻ' എന്ന് ഗബ്രിയേൽ ഗാർസിയാ മാർക്കേസിനെ വിശേഷിപ്പിച്ചത് കാർലോസ് ഫ്യൂവെന്റസാണ്. 'ആധുനിതകതയുടെ സ്രഷ്ടാവ് ദക്കാർത്തെ മാത്രമല്ല സെർവാന്റിസുമാണ്' എന്ന മിലൻ കുന്ദേരയുടെ വാക്കുകൾ കൂടി ഇതോടു ചേർത്തുവായിക്കുക.

          ഒരു ഭാഷയുടെയോ ദേശീയതയുടെയോ മാത്രം എഴുത്തുകാരനായിരുന്നില്ല മാർക്കേസ് എന്നതാണ് വാസ്തവം. വലിയ കവികളും നോവലിസ്റ്റുകളും ഒരൊറ്റ രാഷ്ട്രത്തെയോ ദേശീയതയെയോ അല്ല ഭൂഖണ്ഡങ്ങളെയാണ് മിക്കവാറും പ്രതിനിധീകരിക്കുക. ഷേക്‌സ്പിയറും മിൽട്ടണും സെർവാന്റിസും ദസ്തയവ്‌സ്‌കിയും കസാൻദ് സാക്കീസും എലിയറ്റും നെരൂദയും കാമുവുമൊക്കെ അങ്ങനെയായിരുന്നു. മാർക്കേസുമതെ. അദ്ദേഹം നൂറുശതമാനവും ലാറ്റിനമേരിക്കൻ/സ്പാനിഷ് അമേരിക്കൻ/തെക്കെ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ എഴുത്തുകാരനായിരുന്നു. നാലുപതിറ്റാണ്ട് നീണ്ടുനിന്ന (1962-2004) തന്റെ സാഹിത്യരചനാകാലത്തും അതിലേറെക്കാലം നീണ്ടുനിന്ന പത്രപ്രവർത്തനകാലത്തും മാർക്കേസ് ലോകത്തിനു നൽകിയ സാഹിത്യ, സാഹിത്യേതര സൃഷ്ടികൾ ലാറ്റിനമേരിക്കൻ ഭാവനയിലെ ബൂം, പോസ്റ്റ് ബൂം (ആധുനിക, ആധുനികാനന്തര) ഘട്ടങ്ങളുടെ ഏറ്റവും വിഖ്യാതങ്ങളായ മാതൃകകളായി മാറി. ലാറ്റിനമേരിക്കയുടെ ചരിത്രവും രാഷ്ട്രീയവും; ആഖ്യാനത്തിലെ മിത്തിക്കൽ/മാജിക്കൽ റിയലിസം; ആധുനിക മനുഷ്യന്റെയും സമൂഹങ്ങളുടെയും ഉദ്വിഗ്നമായ ഏകാന്തത; നാനാതരം അധികാരങ്ങളുടെ അമാനുഷിക സന്ദിഗ്ദ്ധത; നരജീവിതകാമനകളുടെ വിഭ്രമാത്മകമായ അബോധം എന്നിങ്ങനെ അഞ്ച് ഭാവതലങ്ങളാണ് അനുപമവും അസാധ്യമെന്നുപോലും തോന്നിക്കുന്നതുമായ ഒരു ഭാവനാലോകത്തിൽ രക്തമാംസങ്ങൾകൊണ്ടു കൊത്തിയ ഭാഷാശില്പങ്ങളായി മാർക്കേസ് സൃഷ്ടിച്ചത്.

          One hundred years of Solitude (1967), The Autumn of the Patriarch (1975), Chronicle of a death foretold (1981), Love in the time of Cholera (1985), The General in his Labyrinth (1989) എന്നിവയാണ് മാർക്കേസിന്റെ പ്രഖ്യാതരചനകൾ. ഇത്രയും പ്രശസ്തമല്ലെങ്കിലും മേല്പറഞ്ഞ അഞ്ചു ഭാവതലങ്ങളെയും ആഴത്തിൽ സ്പർശിക്കുന്ന നിരവധി കഥകളും  നോവലുകളും ഇനിയുമുണ്ട്. ന്യൂജേണലിസമെന്നും നോൺ ഫിക്ഷൻ-നോവൽ എന്നുമൊക്കെ വിളിക്കപ്പെടുന്ന, കഥയും പത്രപ്രവർത്തനവും തമ്മിലുള്ള അതിർവരമ്പുകൾ മായ്ച്ചുകളയുന്ന പത്തോളം ഗ്രന്ഥങ്ങൾ വേറെയും.

          അലെഹോ കാർപ്പെന്റിയർ, ജോർജ് ലൂയി ബോർഹെസ്, ജൂലിയോ കോർത്തസർ, ഗബ്രിയേൽ ഗാർസിയാ മാർക്കേസ്, പാബ്ലോ നെരൂദ, ഒക്ടാവിയോപാസ്, മരിയോവർഗസ്സ് യോസ തുടങ്ങിയ അതിപ്രശസ്തരായ ചില എഴുത്തുകാരിലൂടെയാണ് ലാറ്റിനമേരിക്കൻ സാഹിത്യം രാഷ്ട്രാന്തര പ്രശസ്തിയും ലോകപുസ്തകവിപണിയിൽ സ്ഥാനവും അക്കാദമിക് അംഗീകാരവും നേടിയെടുത്തത്. അർജന്റീന, ബൊളീവിയ, ചിലി, കോസ്റ്റാറിക്ക, കൊളംബിയ, ക്യൂബ, ഡൊമിനിക്കൻ റിപ്പബ്ലിക്, ഇക്വഡോർ, എൽസാൽവദോർ, ഹോണ്ടുറാസ്, മെക്‌സിക്കോ, നിക്കരാഗ്വ, പനാമ, പരാഗ്വേ, പെറു, ഉറുഗ്വെ, പോർട്ടോറിക്കോ, വെനിസ്വേല എന്നീ സ്പാനിഷ് അമേരിക്കൻ രാജ്യങ്ങളിലും ബ്രസീലിലും നിന്നുള്ള സാഹിത്യത്തെയാണ് ലാറ്റിനമേരിക്കൻ സാഹിത്യം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഏറ്റവും പുതിയ ലാറ്റിനമേരിക്കൻ സാഹിത്യചരിത്രങ്ങൾ ആഫ്രിക്കയിലും വടക്കേ അമേരിക്കയിലും ഉണ്ടാകുന്ന ലാറ്റിനമേരിക്കൻ സാഹിത്യത്തെയും ഗൗരവത്തോടെ പരിഗണിക്കുന്നു. നിശ്ചയമായും മാർക്കേസിന്റെ ഒന്നാംകിട രചനകളിൽ പെടുന്നില്ല, 'Of Love and other Demons'. എങ്കിലും മാർക്കേസിയൻ ഭാവനയുടെ തനതായ ലാവണ്യമുദ്രകൾ നിറയെ പതിഞ്ഞ കൃതിയാണിതും.

     
അനന്യവും അസാധാരണവുമായ കഥാ/പ്രമേയഭൂമിക; അവിചാരിതവും അവിശ്വസനീയവുമായ കഥാപരിണതികൾ, യാഥാർഥ്യത്തെ പലമടങ്ങ് പ്രതീതിവൽക്കരിക്കുന്ന മാന്ത്രികയാഥാർഥ്യത്തിന്റെ ആഖ്യാനകല, മിത്തും ചരിത്രവും കൂടിക്കുഴയുന്ന കാലഭൂപടം, രതിമൃതികളുടെയും സ്മൃതിവിഭ്രമങ്ങളുടെയും പേപിടിച്ച ആന്തരജീവിതങ്ങൾ എന്നിവയിലൂടെ മാർക്കേസിയൻ നോവൽപ്രപഞ്ചത്തിന്റെ മൂർത്തമാതൃകകളിലൊന്നായി മാറുന്നു, 'പ്രണയവും ഭൂതാവേശവും'.

          ഒരേസമയംതന്നെ യൂറോപ്യൻ ഗോഥിക് ഭാവനക്കു സമാന്തരവും സമാനവുമായി രൂപം കൊടുക്കുന്ന ലാറ്റിനമേരിക്കൻ മധ്യകാല-അതീതയാതാർഥ്യഭാവനയുടെ മാതൃകയായും എക്‌സോർസിസ്റ്റ്, ഒമെൻ തുടങ്ങിയ വിഖ്യാതചലച്ചിത്രങ്ങളുടെ ശ്രേണിയിൽ സങ്കല്പിക്കപ്പെട്ട ജനപ്രിയ-സിനിമാറ്റിക് രചനയായും ഈ കൃതിയെ കാണാം. 'കോളറ' തൊട്ട് മാർക്കേസ് ലാറ്റിനമേരിക്കൻ പോസ്റ്റ് ബൂം സാഹിത്യത്തിൽ സൃഷ്ടിച്ച ഏറ്റവും വലിയ വഴിത്തിരിവും ഈ ജനപ്രിയനോവൽസംസ്‌കാരമായിരുന്നല്ലോ.

          ആത്മകഥാപരമായ ഒരിതിവൃത്തമാണ് ഈ നോവലിൽ മാർക്കേസ് രൂപപ്പെടുത്തിയിരിക്കുന്നത്. 1949ൽ, പത്രപ്രവർത്തനപരിശീലനകാലത്തൊരിക്കൽ സാന്റാക്ലാര കോൺവെന്റിനോടനുബന്ധിച്ചുള്ള ശവക്കല്ലറകൾ തുറന്ന് അവശിഷ്ടങ്ങൾ പുറത്തെടുക്കുന്നത് നിരീക്ഷിക്കാൻ പോയ മാർക്കേസ്, വൈസ്രോയിയുടെയും ബിഷപ്പിന്റെയും മദർ സുപ്പീരിയറിന്റെയുമൊക്കെ കല്ലറകൾ കണ്ടുനടക്കവെ, അത്ഭുതകരമായ ഒരു കാഴ്ചക്കു സാക്ഷിയാവുകയായിരുന്നു. ആ അനുഭവം അദ്ദേഹം ഇങ്ങനെ കുറിച്ചിടുന്നു.

'ദേവാലയത്തിനുള്ളിലെ ആൾത്താരയുടെ ഉയർന്നഭാഗത്ത് സുവിശേഷങ്ങൾ സൂക്ഷിക്കുന്നതിനരികിലുള്ള മൂന്നാമത്തെ ചുവർ പൊത്തിനുള്ളിലായിരുന്നു ആ അത്ഭുതം. പിക്കാക്‌സുകൊണ്ട് ഒന്നു തട്ടിയ ഉടനെ ആ കല്ല് അടർന്നുവീഴുകയും അറയ്ക്കുള്ളിൽ നിന്നു തിളങ്ങുന്ന ചെമ്പിന്റെ നിറമുള്ള ജീവൻ തുടിക്കുന്ന മുടിയിഴകൾ ഒഴുകിവീഴുകയും ചെയ്തു. ജോലിക്കാരുടെ സഹായത്തോടെ മേൽനോട്ടക്കാരൻ മുഴുവൻ മുടിയും പുറത്തേക്ക് വലിച്ചിടാൻ ശ്രമിച്ചു. അവർ മുടി വലിച്ചെടുക്കുന്തോറും അതിന്റെ നീളവും സമൃദ്ധിയും കൂടിക്കൂടിവന്നു. അങ്ങനെ അവസാനം മുടിയുടെ അറ്റം അപ്പോഴും ഒരു ചെറിയ പെൺകുട്ടിയുടെ തലയോട്ടിയിൽ പറ്റിച്ചേർന്നിരിക്കുന്നതായി അവർ കണ്ടു. ആ ചെറിയ ഭിത്തി മാടത്തിനുള്ളിൽ മുടി നിറഞ്ഞ തലയോട്ടിയല്ലാതെ അവശേഷിച്ചിരുന്നത് ചിതറിക്കിടക്കുന്ന കുറെ അസ്ഥികൾ മാത്രമായിരുന്നു. മിനുസപ്പെടുത്തിയ കല്ലിൽ ആലേഖനം ചെയ്തിരുന്ന പേര് വെടിയുപ്പു വീണ് മങ്ങിപ്പോയിരുന്നെങ്കിലും കുടുംബപ്പേരൊന്നുമില്ലാത്ത അത് വായിക്കാൻ കഴിയുമായിരുന്നു. സിയെർവാ മരിയാ ദെ തോദോസ് ലോസ് ആൻഹെലസ്. തറയിൽ പടർന്നൊഴുകി കിടന്നിരുന്ന സമൃദ്ധമായ മുടിയിഴകൾക്ക് ഇരുപത്തിരണ്ട് മീറ്റർ പതിനൊന്ന് സെന്റിമീറ്റർ നീളമുണ്ടായിരുന്നു.

          മരണാനന്തരം ഓരോ മാസവും മനുഷ്യന്റെ തലമുടി ഏകദേശം ഒരു സെന്റിമീറ്റർ വളരുമെന്നും അങ്ങനെയാകുമ്പോൾ ആ തലയോട്ടിക്ക് ഏകദേശം ഇരുന്നൂറു വർഷം പഴക്കമുണ്ടായിരിക്കുമെന്നും അതിൽ താല്പര്യമൊട്ടുമില്ലാതെ മേൽനോട്ടക്കാരൻ പറഞ്ഞു. പക്ഷേ ഞാൻ അതൊരു നിസ്സാരകാര്യമായി തള്ളിക്കളഞ്ഞില്ല. ഞാൻ ഒരു ചെറിയ കുട്ടിയായിരുന്നപ്പോൾ എന്റെ മുത്തശ്ശി എന്നോട് ഒരു പന്ത്രണ്ടു വയസ്സുകാരി പ്രഭുകുമാരിയുടെയും അവളുടെ പിന്നാലെ മണവാട്ടിയുടെ ശിരോവസ്ത്രം പോലെ ഇഴഞ്ഞു നീളുന്ന നീണ്ട മുടിയെക്കുറിച്ചുമുള്ള ഒരു കഥ പറഞ്ഞിട്ടുണ്ടായിരുന്നു. ആ പെൺകുട്ടിയെ ഒരു പട്ടി കടിക്കുകയും അങ്ങനെ പേവിഷബാധയേറ്റ് അവൾ മരിക്കുകയും അതിനുശേഷം അവളുടെ മദ്ധ്യസ്ഥതയിലൂടെ സംഭവിച്ച അത്ഭുങ്ങളുടെ പേരിൽ കരീബിയൻ തീരങ്ങളിൽ അവൾ ഒരു വിശുദ്ധയായി വണങ്ങപ്പെടുകയും ഉണ്ടായിട്ടുണ്ടെന്ന് എന്റെ മുത്തശ്ശി അന്നു പറഞ്ഞിരുന്നു. അന്നത്തെ പത്രവാർത്തയിലെ എന്റെ പ്രധാന ലേഖനം, ആ ശവക്കല്ലറ ആ വിശുദ്ധയുടേതായിരിക്കുമെന്നുള്ള ആശയത്തെ അടിസ്ഥാനമാക്കിയായിരുന്നു. ആ വാർത്തയിൽ നിന്നാണ് ഈ പുസ്തകത്തിന്റെ പിറവിയും'.

          മേല്പറഞ്ഞ പത്രവാർത്തയെ ഭാവനയിൽ പുനരാനയിച്ചുകൊണ്ട് 18-ാം നൂറ്റാണ്ടിൽ ഒരു സ്പാനിഷ് കോളനിയിൽ സംഭവിച്ച അതിനാടകീയമായ സംഭവങ്ങളെ മധ്യകാല മതവിചാരണകളുടെ ചരിത്രപശ്ചാത്തലത്തിലും ക്രൈസ്തവ ഭൂതോച്ചാടനത്തിന്റെ അധോതലബോധങ്ങളിലും മാജിക്കൽ റിയലിസത്തിന്റെ ഭാവപരിസരത്തിലും ന്യൂജേണലിസത്തിന്റെ രൂപപദ്ധതിയിലും ജനപ്രിയസാഹിത്യത്തിന്റെ ലാവണ്യഭൂമികയിലും നോവൽവൽക്കരിക്കുകയാണ് മാർക്കേസ്.

          അടിമക്കച്ചവടം നിലനിന്നിരുന്ന ഒരു തുറമുഖനഗരത്തിലെ ചന്തയിൽ, തന്റെ പന്ത്രണ്ടാം പിറന്നാൾ ആഘോഷിക്കാൻ ഒരു മുത്തുമാല തേടി പരിചാരികയായ ദൊമിംഗയോടൊപ്പം നടക്കവെ പേപ്പട്ടി കടിച്ച സിയെർവമരിയ എന്ന പ്രഭുകുമാരിയാണ് നോവലിലെ നായിക. തലമുറകളായി പ്രമാണിമാരും അടിമക്കച്ചവടക്കാരുമായിരുന്ന മാക്വിസ് കുടുംബത്തിലെ കുട്ടിയായിരുന്നു അവൾ. മഹാപ്രതാപിയായിരുന്നു മരിയയുടെ മുത്തച്ഛൻ. മരിയയുടെ പിതാവ് മാക്വിസ് രണ്ടാമൻ പക്ഷെ, മാനസികവും ബൗദ്ധികവുമായി തളർച്ച ബാധിച്ചവനും തന്റെ രണ്ടാം ഭാര്യ ബെർണാർദോയുടെ വഴിവിട്ട ജീവിതത്തിനു മുന്നിൽ നിസ്സഹായനുമായിരുന്നു. മാക്വിസിനോടുള്ള വെറുപ്പുമൂലം അയാളിൽ നിന്നു പിറന്ന മരിയയെ ബെർണാർദോ ഏതാണ്ടുപേക്ഷിച്ച മട്ടായിരുന്നു. മനോരോഗാശുപത്രിയിലെ അന്തേവാസിയായ ദുൾസെ ഒലീവിയയുമായി പ്രണയത്തിലായ മാക്വിസിനെ അയാളുടെ പിതാവ് നാടുകടത്തി. ഒലീവിയയെ മറന്ന മാക്വിസ് ഡോണാമെൻഡോയെ വിവാഹം ചെയ്തുവെങ്കിലും അയാൾ ഒരിക്കലും അവളെ പ്രാപിച്ചില്ല. ഒരു രാത്രിയിൽ അവർ രണ്ടാളും ഓറഞ്ചുതോട്ടത്തിൽ സംസാരിച്ചിരിക്കവെ ഡോണ ഇടിമിന്നലേറ്റു മരിച്ചു. താനായിരുന്നു ആ ഇടിമിന്നലെന്ന് ഒലീവിയ മാക്വിസിനോട് പറയുന്നു. പ്രണയത്തിൽ വഞ്ചിച്ചതിന്റെ ശിക്ഷ. പിന്നീടാണ് മാക്വിസ് ബെർണാർദോയെ വിവാഹം ചെയ്തത്. കഴുത്തിൽ ചുറ്റിപ്പിണഞ്ഞുകിടന്ന പൊക്കിൾക്കൊടിയോടെ അവർക്കു പിറന്ന പെൺകുട്ടി വിശുദ്ധയാകുമെന്ന് ദൊമിംഗയും വേശ്യയാകുമെന്ന് മാക്വിസും പ്രവചിച്ചു. ദൊമിംഗയുടെ പ്രവചനമാണ് ശരിയായത്. കരീബിയൻ കടൽത്തീരഗ്രാമങ്ങളിൽ പിൽക്കാലത്ത് മരിയ ഒരു പുണ്യവാളത്തിയായി മാറിയതിന്റെ കൂടി കഥയാണ് 'പ്രണയവും ഭൂതാവേശവും'.

          'ഒരു കുലീന പ്രഭുവിന്റെയും ഒരു സാധാരണക്കാരിയുടെയും മകളായി ജനിച്ച ആ പെൺകുട്ടിയുടെ ശൈശവവും ബാല്യവും ഒരു അനാഥക്കുട്ടിയുടെ ജീവിതത്തിന് തുല്യമായിരുന്നു. ആദ്യമായും അവസാനമായും കുഞ്ഞിനെ മുലയൂട്ടിയ നിമിഷംതന്നെ അവളുടെ അമ്മ അവളെ വെറുത്തു; കുഞ്ഞിനെ തന്റെ ഒപ്പം കിടത്താനും വിസമ്മതിച്ചു. അറിയാതെ കൊന്നുപോയേക്കാമെന്നുള്ള ഭയം ആണ് പേടിയുടെ പിന്നിലെ കാരണമെന്ന് ഒരു വിശദീകരണവും. ദൊമിംഗ ദെ അദ്വിയെന്തോ അവളെ മുലയൂട്ടി വളർത്തി, ക്രിസ്തുവിന്റെ നാമത്തിൽ അവളുടെ മാമ്മോദീസാ കർമ്മം നടത്തി, ഒരു യോറൂബൻ ദേവനായ ഒലോകൂണിന് ശിശുവിനെ സമർപ്പിച്ചു. യോറൂബൻ ദൈവം സ്ത്രീയാണോ പുരുഷനാണോ എന്ന് നിശ്ചയിക്കാനാകില്ലെന്നും, ദേവന്റെ മുഖം ഭീതിജനകമാണെന്നും, അതുകൊണ്ട് മുഖം കാണാൻ സാധിക്കില്ലെന്നും വിശ്വസിക്കപ്പെട്ടിരുന്നതിനാൽ സ്വപ്നത്തിൽ മാത്രമാണ് ദർശനം ലഭിച്ചിരുന്നത്. അതും മുഖാവരണം ധരിച്ച രൂപത്തിൽ മാത്രം! അടിമകളുടെ കുടിലുകളിലേക്കും ജീവിത സാഹചര്യങ്ങളിലേക്കും പറിച്ചുനടപ്പെട്ട സിയെർവാ മരിയാ സംസാരിക്കാൻ തുടങ്ങുന്നതിനു മുൻപുതന്നെ നൃത്തം ചെയ്യാൻ ആരംഭിച്ചു. ഒരേ സമയം മൂന്ന് ആഫ്രിക്കൻ ഭാഷകൾ പഠിച്ചു. പ്രഭാതഭക്ഷണത്തിന് മുൻപായി പൂവൻകോഴിയുടെ ചോര കുടിക്കാനും ശീലിച്ചു. ഒരു അഭൗമിക ജീവിയെപ്പോലെ ആർക്കും കാണാനും കേൾക്കാനും സാധിക്കാത്തത്ര വേഗത്തിൽ ക്രിസ്ത്യാനികളെ കടന്ന് പാഞ്ഞുപോകാനും പഠിച്ചു. ദൊമിംഗ ദെ അദ്വിയെന്തോ അവൾക്കു ചുറ്റുമായി ഒരുപറ്റം ഉല്ലാസഭരിതരായ കറുത്ത വർഗ്ഗക്കാരികളായ അടിമകളെയും കുറേ സങ്കരവർഗ്ഗക്കാരികളെയും പരിചാരകരെയും സന്ദേശവാഹകരായ ഇന്തീസ് ദാസികളെയും നിയോഗിച്ചു. ശരീരത്തിന് കുളിർമയും ഉന്മേഷവും നല്കുന്ന വെള്ളത്തിൽ അവർ അവളെ കുളിപ്പിച്ചു. യോറൂബാ ദേവതയായ യെമായുടെ ദിവ്യപുഷ്പമായ വെർബീനാ പൂക്കളുടെ പരിമള ജലത്തിൽ അവളെ ശുദ്ധീകരിച്ചു; അവൾക്ക് അഞ്ച് വയസ്സ് ആയപ്പോഴേക്കും, പൂത്തുലഞ്ഞ ഒരു റോസാച്ചെടിപോലെ അവളുടെ അരക്കെട്ടു വരെ അലയടിച്ചു വീണുകിടന്നിരുന്ന മുടിയിഴകളെ അവർ വാത്സല്യപൂർവ്വം പരിചരിച്ചു. പലപ്പോഴായി നിരവധി ദൈവങ്ങളുടെ മുത്തുമാലകളും കല്ലുമാലകളും അടിമസ്ത്രീകൾ അവളുടെ കഴുത്തിൽ അണിയിച്ചു. അങ്ങനെ അവളുടെ കഴുത്തിൽ പതിനാറു ദിവ്യമാലകൾ തൂങ്ങിക്കിടന്നു'.

         

അവൾ അടിമകളുടെ ചേരിയിൽ അടിമസ്ത്രീകൾക്കും അവരുടെ കുട്ടികൾക്കുമൊപ്പം വളർന്നു. കറുത്തവർഗക്കാരിയായ ദൊമിംഗയായിരുന്നു അവളുടെ വളർത്തമ്മയും പരിചാരികയും. ബെർണാർദോയുടെ കുത്തഴിഞ്ഞ ജീവിതം കരുത്തരായ അടിമകൾക്കുമേൽ കാമാസക്തമായി പടർന്നുകയറി.

          'കാളപ്പോര് നടത്താനായി ഉത്സവപ്പറമ്പിൽ കെട്ടിയുണ്ടാക്കിയ താത്കാലിക തൊഴുത്തിനുള്ളിൽ അർദ്ധനഗ്‌നനായി രക്ഷാകവചങ്ങളും ആയുധങ്ങളുമില്ലാതെ കരങ്ങൾ മാത്രം ഉപയോഗിച്ച്, അക്രമാസക്തനായ ഒരു കാളയുമായി മല്ലടിക്കുന്ന ഹൂദാസിനെയാണ് അവൾ ആദ്യമായി കണ്ടത്. അവൻ അതിസുന്ദരനും ധീരനുമായിരുന്നു. അവൾക്ക് അവനെ മറക്കാനായില്ല. അടുത്ത ദിവസം മറ്റൊരു ഉത്സവപ്പറമ്പിൽ അവൾ അവനെ വീണ്ടും കണ്ടു. അവിടെ അവൻ ആഫ്രിക്കൻ വംശജരുടെ കംമ്പെ നൃത്തം ചെയ്യുന്നു. മുഖശീല ധരിച്ചും യാചകിയായി വേഷം മാറിയും ദാസിമാരെ പ്രഭ്വിമാരെപ്പോലെ വേഷം ധരിപ്പിച്ചും രത്‌നം പതിപ്പിച്ച സ്വർണ്ണാഭരണങ്ങൾ കൈയിലും കൈത്തണ്ടയിലും കാതിലും അണിയിച്ച് കൂടെ നടത്തിയുമാണ് അവൾ ആ വേദിയിൽ പ്രത്യക്ഷപ്പെട്ടത്. ഹൂദാസ് അവിടെ ഒരു വലിയ ആൾക്കൂട്ടത്തിന്റെ നടുവിൽ പണം നല്കി അവനെ ആവശ്യപ്പെടുന്ന സ്ത്രീകൾക്കൊപ്പം നൃത്തം ചെയ്യുന്നു. അവസാനം അവനുവേണ്ടി യാചിക്കുന്ന സ്ത്രീകളുടെ ആരവാരവും തിക്കും തിക്കും അവസാനിപ്പിക്കാനായി മേള അധികാരികൾക്കു കർശനനിയന്ത്രണം ഏർപ്പെടുത്തേണ്ടിവന്നു. അവന്റെ നിരക്ക് എത്രയാണെന്ന് അവൾ ചോദിച്ചു. നൃത്തം ചെയ്യുന്നതിനിടയിൽ ഹൂദാസ് പറഞ്ഞു: ''നിയമങ്ങൾക്ക് അനുസരിച്ചുള്ളത്'.

          ബെർണാർദാ അവളുടെ മുഖശീല മാറ്റി. ''നിന്റെ ശേഷിക്കുന്ന ജീവിതത്തിന്റെ മൊത്തവിലയാണ് ഞാൻ അന്വേഷിച്ചത്'.

          മുഖശീല മാറ്റിയപ്പോൾ യാചകിയായി കാണപ്പെട്ടവൾ യാചകി അല്ലെന്ന് അവനു മനസ്സിലായി. അവൻ തന്റെ നൃത്തപങ്കാളിയെ ഒഴിവാക്കിയിട്ട് കപ്പലിലെ ഒരു പരിചാരകബാലന്റെ വിനയത്തോടെ തന്റെ വിലപറയാനായി അവളുടെ അടുത്തേക്കു നടന്നു.

          ''അഞ്ഞൂറ് സ്വർണ്ണ പെസോസ്'.

          ചരക്കിന്റെ മതിപ്പുവില കണക്കാക്കുന്ന കുശാഗ്രബുദ്ധിക്കാരിയുടെ കണ്ണുകളോടെ അവൾ അവനെ വിലയിരുത്തി. നിർനായയുടെ ചർമ്മത്തിന്റെ നിറവും ഓളം തുളുമ്പുന്ന മാംസപേശികളും ഇടുങ്ങിയ അരക്കെട്ടും വടിവൊത്ത കാലുകളും ഭംഗിയുള്ള കൈകളും (അവന്റെ ജീവിതവൃത്തിയുടെ തെറ്റായ ധാരണ നല്കുന്ന കൈകൾ) ഉള്ള ഒരു ആരോഗ്യദൃഢഗാത്രനായിരുന്നു അവൻ. അവൾ കണക്കുകൂട്ടി പറഞ്ഞു: ''നിനക്ക് രണ്ട് മീറ്റർ ഉയരം ഉണ്ട്'.

          ''മൂന്ന് സെന്റിമീറ്ററും കൂടി ഉണ്ട്'' അവൻ തിരുത്തി.

          അവന്റെ പല്ലുകളുടെ ഭംഗിയും ആരോഗ്യവും പരിശോധിച്ച് അറിയാനായി അവനോടു തലകുനിക്കാൻ അവൾ ആവശ്യപ്പെട്ടു. അവന്റെ കക്ഷങ്ങളുടെ വിയർപ്പിന്റെ രൂക്ഷമായ പുരുഷഗന്ധം അവളെ ശ്വാസം മുട്ടിച്ചു. പല്ലുകൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ല. നിരയൊത്ത പല്ലുകൾ നിറം നഷ്ടപ്പെടാത്തവയും കേടില്ലാത്തവയുമായിരുന്നു.

          ''നിനക്ക് ഒരു കുതിരയുടെ വില തന്ന് ആരെങ്കിലും വാങ്ങുമെന്ന് നിന്റെ യജമാനൻ കരുതുന്നുണ്ടെങ്കിൽ അയാൾ ഒരു മരമണ്ടനാണ്'.

          ''ഞാൻ ഒരു സ്വതന്ത്രമനുഷ്യനാണ്. എന്നെ വില്ക്കുന്നതു ഞാൻ തന്നെയാണ്'. അത്രയും പറഞ്ഞിട്ട് ഒരു പ്രത്യേക ഈണത്തിൽ അവൻ 'മാഡം' എന്ന് വിളിച്ചു.

          'അല്ല. പ്രഭ്വി. മാക്വിസിന്റെ ഭാര്യ' അവൾ അറിയിച്ചു.

          അവൻ ഒരു രാജസേവകന്റെ ആചാരമര്യാദയോടെ അവളെ വണങ്ങി. അവൾ വീർപ്പടക്കി നിന്നു. അവൻ പ്രതീക്ഷിച്ചതിന്റെ പകുതിവില നല്കി അവനെ അവൾ വാങ്ങി. ''അവനെ കണ്ടുകൊണ്ടിരിക്കാനുള്ള സന്തോഷത്തിനുവേണ്ടി മാത്രം' അവൾ പറഞ്ഞു. അവന്റെ രണ്ട് നിബന്ധനകൾ അവൾ അംഗീകരിച്ചു. അവനെ സ്വതന്ത്രനായി പരിഗണിക്കും. സർക്കസിലെ അവന്റെ കാളപ്പോരാട്ടം അനുവദിക്കപ്പെടും. അവളുടെ കിടപ്പറയുടെ തൊട്ടടുത്തുള്ള, ഒരിക്കൽ കുതിരകളുടെ മേൽനോട്ടക്കാരൻ ഉപയോഗിച്ചിരുന്ന മുറി അവനായി ഒരുക്കി, അവനെ അവിടെ കുടിയിരുത്തി. ആദ്യരാത്രിയിൽ തന്നെ മുറിയുടെ വാതിലിന്റെ കൊളുത്ത് ഇടാതെ, അവനുവേണ്ടി അവൾ കിടക്കയിൽ നഗ്‌നയായി കാത്തുകിടന്നു. ക്ഷണിക്കാതെ അവൻ വരുമെന്ന് അവൾ വിശ്വസിച്ചു. പക്ഷേ, അവൾക്കു രണ്ടാഴ്ചക്കാലം കാത്തിരിക്കേണ്ടിവന്നു. അവളുടെ ശരീരത്തിലെ അണയാത്ത തീനാളങ്ങൾ അവളെ ഉറങ്ങാൻ അനുവദിച്ചില്ല.

         

അവൾ ആരാണെന്നു മനസ്സിലാക്കുകയും ആ വലിയ ഭവനത്തിന്റെ ഉൾവശം കാണുകയും ചെയ്ത നിമിഷംതന്നെ അവൻ അടിമയുടെ ആത്മരക്ഷയും കരുത്തും നിറഞ്ഞ മാനസികാവസ്ഥ ബുദ്ധിപൂർവ്വം പ്രയോഗിച്ചു എന്നതാണ് സത്യം. ബെർണാർദാ കാത്തിരിപ്പ് അവസാനിപ്പിക്കുകയും വാതിൽ അടച്ചുപൂട്ടുകയും നിശാവസ്ത്രം ധരിച്ച് ഉറങ്ങുകയും ചെയ്തപ്പോൾ അവൻ ജനലിലൂടെ മുറിയിൽ പ്രവേശിച്ചു. അവന്റെ വിയർപ്പിന്റെ അമോണിയാ ഗന്ധം മുറിയിൽ നിറഞ്ഞു. അവൾ ഉണർന്നു; ഗ്രീക്ക് മിത്തുകളിലെ മിനോറ്റഗിന്റെ പരുക്കൻ ശ്വാസോച്ഛ്വാസം അവിടെ മുഴങ്ങി. ആ നിശ്വാസങ്ങളുടെ ചൂട് ഇരുട്ടിൽ അവളെ തേടി, അവന്റെ ശരീരത്തിന്റെ പൊള്ളുന്ന ചൂട് അവളുടെ ശരീരത്തിൽ അവൾ അനുഭവിച്ചു. ഇരയെ തേടുന്ന അവന്റെ കൈകൾ അവളുടെ കഴുത്തിലെ നിശാവസ്ത്രത്തിൽ പിടിമുറുക്കി. നിശാവസ്ത്രത്തെ നടുവിലൂടെ താഴേക്കു വലിച്ചുകീറി. അപ്പോഴെല്ലാം പൗരുഷം തുളുമ്പുന്ന അവന്റെ പരുക്കൻ സ്വരം അവളുടെ കാതുകളിൽ മന്ത്രിച്ചു. ''കൂത്തച്ചി, കൂത്തച്ചി.'' ജീവിതത്തിൽ ഇനി മറ്റൊന്നും ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്ന് അന്നു രാത്രി ബെർണാർദാ മനസ്സിലുറപ്പിച്ചു.

          അവൾക്ക് അവനോട് ഭ്രാന്തൻ ആവേശമായിരുന്നു. രാത്രികളിൽ അവർ ചേരിപ്രദേശങ്ങളിൽ കറങ്ങിനടന്ന് നൃത്തപരിപാടികളിൽ പങ്കെടുത്തു. അവനെ സന്തോഷിപ്പിക്കാനായി അവൾ വാങ്ങിക്കൊടുത്ത മുട്ടറ്റം ഇറക്കമുള്ള കുപ്പായവും വൃത്താകൃതിയിലുള്ള തൊപ്പിയുമായി ഒരു കുലീന യുവാവിനെപ്പോലെ അവൻ അവിടെ നടന്നു. ആദ്യകാലങ്ങളിൽ അവൾ മുഖശീലയും വ്യത്യസ്ത വസ്ത്രങ്ങളുമായി ആൾമാറാട്ടം നടത്തിയും പിന്നീട് മുഖശീല ഇല്ലാതെയും അവനോടൊപ്പം നിശാനൃത്തങ്ങളിൽ പങ്കെടുത്തു. അവൾ സ്വർണ്ണമാലകളും മോതിരങ്ങളും സ്വർണ്ണ ക്കൈച്ചങ്ങലകളും വാരിക്കോരി അവന് സമ്മാനിച്ചു. അവന്റെ പല്ലുകളിൽ രത്‌നം പതിപ്പിച്ചു. അവനെ സമീപിച്ചവരും അവൻ കണ്ടുമുട്ടിയവരുമായ എല്ലാ സ്ത്രീകളെയും അവൻ കിടപ്പറ സഖികളാക്കി എന്നറിഞ്ഞപ്പോൾ അതിന്റെ ഞെട്ടലിൽ ഹൃദയം പൊട്ടി മരിച്ചുപോകുമെന്ന് അവൾ കരുതി. പക്ഷേ, അവസാനം അവൾക്കു ലഭിച്ച തിരുശേഷിപ്പിൽ അവൾ സംതൃപ്തയായി. അങ്ങനെയൊരു ദിവസം, യജമാനത്തി കരിമ്പിൻതോട്ടത്തിലായിരിക്കുമെന്ന് കരുതി ദൊമിംഗ ദെ അദ്വിയന്തോ ഉച്ചയുറക്ക നേരത്ത് യജമാനത്തിയുടെ മുറിയിലേക്കു കയറിച്ചെന്നു. നഗ്‌നരായി തറയിൽ കിടന്ന് ലൈംഗിക വേഴ്ചയിലേർപ്പെടുന്ന യജമാനത്തിയെയും അടിമയെയും കണ്ട് അത്ഭുതത്തെക്കാളേറെ സംഭ്രമവുമായി ദാസി വാതിൽകൊളുത്തിൽ പിടിച്ച് അവിടെ സ്തംഭിച്ച് നിന്നു.

          ''ഒരു ശവം പോലെ അനങ്ങാതെ അവിടെ നില്ക്കരുത്. ഒന്നുകിൽ ഇറങ്ങിപ്പോ. അല്ലെങ്കിൽ ഇവിടെ ഞങ്ങളുടെ കൂടെ കിടക്കൂ' ബെർണാർദാ വിളിച്ചുകൂവി. ദൊമിംഗ ദെ അദ്വിയന്തോ വാതിൽപ്പാളി വലിച്ചടച്ച് അവിടെനിന്ന് രക്ഷപ്പെട്ടു. വാതിൽപ്പാളികൾ കൂട്ടിയിടിച്ചുണ്ടായ വലിയ ശബ്ദം ബെർണാർദായ്ക്ക് തന്റെ മുഖത്തേറ്റ പ്രഹരമായിട്ടാണ് അനുഭവപ്പെട്ടത്. അന്നു രാത്രി ബെർണാർദാ ദാസിയെ വിളിച്ചുവരുത്തി: ആ സംഭവത്തെക്കുറിച്ച് അവൾ എന്തെങ്കിലും പുറത്തു പറഞ്ഞാൽ ഭയങ്കരമായ ശിക്ഷാ വിധികൾ നടപ്പിലാക്കുമെന്ന് ഭീഷണിപ്പെടുത്തി'.

          മരിയയെ കടിച്ച പട്ടിക്ക് പേയുണ്ടായിരുന്നുവെന്ന് ദൊമിംഗയറിഞ്ഞത് കുറേദിവസം കഴിഞ്ഞാണ്. അപ്പോഴേക്കും അവളുടെ മുറിവ് കരിഞ്ഞിരുന്നു, പേവിഷബാധയുടെ ലക്ഷണങ്ങളൊന്നും മരിയ പ്രകടിപ്പിച്ചതുമില്ല. അവർ അക്കാര്യം മറന്നെങ്കിലും കാര്യമറിഞ്ഞപ്പോൾ മാക്വിസ് ആകെ പരിഭ്രമിച്ചു. അയാൾ അപകടം മണത്തു. നാട്ടിലെ പ്രശസ്തനായ ഭിഷഗ്വരൻ അമ്പ്രെനൂർസിയായുടെ പക്കലെത്തി തന്റെ മകളെ ചികിത്സിക്കാൻ അയാൾ അദ്ദേഹത്തോട് ആവശ്യപ്പെട്ടു.

 ദൊമിംഗയുടെ മരണത്തെത്തുടർന്ന് മറ്റൊരു അടിമ മരിയയുടെ പരിചാരികയായി. നഗരത്തിലെ ബിഷപ്പ് മരിയയുടെ അവസ്ഥയറിഞ്ഞപ്പോൾ അവൾക്ക് പ്രേതബാധയാണെന്ന് തീർപ്പുകല്പിക്കുകയും ഭൂതോച്ചാടനം നടത്തി സുഖപ്പെടുത്താനായി അവളെ സാന്റാക്ലാരാ കോൺവെന്റിൽ താമസിപ്പിക്കാൻ മാക്വിസിനോടാവശ്യപ്പെടുകയും ചെയ്യുന്നു. ലൈബ്രേറിയനും സ്വതന്ത്രചിന്താഗതിക്കാരനുമായ ഫാദർ കയെതാനോ ദൗലറയെ ബിഷപ്പ് മരിയയെ സൗഖ്യമാക്കാനുള്ള ചുമതല ഏല്പിച്ചു.

          'അസ്വസ്ഥതയുളവാക്കുന്ന ഭയാശങ്കകൾ ലൈബ്രറിയുടെ ശാന്തമായ കുളിർമ്മവരെ ദൗലറായെ പിന്തുടർന്നു. ബിഷപ്പിന്റെ അരമനയിലെ ഏറ്റവും വലിയ മുറി ആയിരുന്നു ലൈബ്രറിയെങ്കിലും അതിന് ഒറ്റ ജനൽപോലും ഉണ്ടായിരുന്നില്ല. ഭിത്തിയിൽ ചില്ലിട്ട മഹാഗണിയുടെ ചെറിയ അലമാരകൾ നിറയെ പലവിധ പുസ്തകങ്ങൾ ഭംഗിയായി അടുക്കിവെച്ചിട്ടുണ്ട്. മുറിയുടെ മദ്ധ്യത്തിലായി കപ്പലോട്ടം സംബന്ധിച്ച വിവരങ്ങൾ നിറഞ്ഞ പട്ടികയും ചക്രവാളത്തിലെ നക്ഷത്രങ്ങളും സൂര്യൻ എത്ര ഉയരത്തിലാണു നില്ക്കുന്നതെന്ന് നിർണ്ണയിക്കുന്നതിനുള്ള യന്ത്രവും കപ്പൽ ഗതാഗതത്തിനുപയോഗിക്കുന്ന ഉപകരണങ്ങളും മറ്റും വച്ചിരുന്ന ഒരു വലിയ മേശയും ഉണ്ടായിരുന്നു. അക്കാലത്ത് അറിയപ്പെട്ടിരുന്ന ഭൂലോകത്തിന്റെ വിസ്തൃതി പുതിയ രാജ്യങ്ങൾ കണ്ടെത്തുന്നതുവഴി വർദ്ധിക്കുമ്പോൾ അതനുസരിച്ച് ഭൂപടനിർമ്മാണത്തിലേർപ്പെട്ടിരുന്നവർ തിരുത്തലുകളും കൂട്ടിച്ചേർക്കലുകളും വരച്ചുചേർത്ത ഒരു ഭൂഗോളവും അവിടെ ഉണ്ടായിരുന്നു. അതിന്റെ പിന്നിലായി പുറംമോടികളില്ലാത്ത ഗ്രാമീണശൈലിയിലുള്ള ഒരു എഴുത്തുമേശയും മഷിക്കുപ്പിയും ടർക്കി കോഴിയുടെ തൂവലുകൾകൊണ്ടുള്ള ഒരു ചെറിയ തൂലികയും മഷി ഒപ്പിയെടുക്കാനുള്ള മണൽത്തരികൾ പതിപ്പിച്ച കടലാസും ഒരു പൂപ്പാത്രത്തിൽ വാടിത്തുടങ്ങിയ ഒരു കാർണേഷൻ പൂവും ഉണ്ടായിരുന്നു. മുറി ഇരുണ്ട നിഴലുകളിൽ പതുങ്ങിക്കിടന്നു. പഴകിയ കടലാസ്സിന്റെ മണവും കാട്ടുവഴിയുടെ കുളിർമ്മയും ശാന്തതയും ആ മുറിയിൽ പടർന്നൊഴുകി.

          മുറിയുടെ പിൻഭാഗത്ത് അടച്ചുകെട്ടിയുണ്ടാക്കിയ ഒരു ഇടുങ്ങിയ സ്ഥലത്ത് സാധാരണ മരപ്പലക കൂട്ടിച്ചേർത്തുണ്ടാക്കിയ അടപ്പുകളുള്ള ഒരു ചെറിയ അലമാര ഉണ്ടായിരുന്നു. അത് നിരോധിക്കപ്പെട്ട പുസ്തകങ്ങളുടെ തടവറ ആയിരുന്നു. അവയെല്ലാം മനുഷ്യരെ കബളിപ്പിക്കുന്ന വഷളത്തരവും ദൈവദൂഷണവും പ്രതിപാദിക്കുന്നവയായതിനാൽ വിശുദ്ധിയുടെ വിചാരണ കോടതി ശുദ്ധീകരണ കർമ്മം നടത്തിയതിനുശേഷമാണ് അലമാരിയിൽ സൂക്ഷിച്ചിരിക്കുന്നത്. കയെതാനോ ദൗലറായ്ക്കല്ലാതെ മറ്റൊരാൾക്കും ഈ പുസ്തകങ്ങളിൽ തൊടാനുള്ള അനുവാദം ഉണ്ടായിരുന്നില്ല. വഴിതെറ്റിപ്പോയ ദൂഷണ പുസ്തകങ്ങളുടെ അഗാധ തലങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് സമഗ്രപഠനം നടത്താനുള്ള പ്രത്യേക അനുമതി പോപ്പ്, ദൗലറായ്ക്കു നല്കിയിരുന്നു.

          സിയെർവാ മരിയായെ ആദ്യമായി കണ്ടതിനുശേഷം, അന്നുവരെ ഓളങ്ങളില്ലാതെ ശാന്തമായി കിടന്നിരുന്ന ദൗലറായുടെ മനസ്സ് അദ്ദേഹത്തിന്റെ നരകമായി മാറി. അതിനുശേഷം അദ്ദേഹത്തിനു ലൈബ്രറിയിൽ സ്‌നേഹിതന്മാരും പുരോഹിതന്മാരും സഭാംഗങ്ങളുമായി പതിവുസാഹിത്യചർച്ചകളും സംഗീതസന്ധികളും പാണ്ഡിത്യമാറ്റുരയ്ക്കുന്ന സംവാദങ്ങളും നടത്താനായില്ല. അദ്ദേഹത്തിന്റെ ബുദ്ധിയും ഉന്മേഷവും പിശാചിന്റെ തന്ത്രപരമായ വഞ്ചനകൾ കണ്ടെത്താനായി ചെലവഴിച്ചു. കോൺവെന്റിലേക്കു പോകുന്നതിനു മുൻപായി അഞ്ചു പകലും അഞ്ചു രാത്രിയും അദ്ദേഹം പിശാചുബാധയുമായി ബന്ധപ്പെട്ട അന്വേഷണത്തിനും വായനയ്ക്കുമായി വിനിയോഗിച്ചു. ആത്മവിശ്വാസത്തിന്റെ ഉറച്ച കാൽവയ്പുകളുമായി തിങ്കളാഴ്ച ദൗലറാ യാത്രയാകുന്നതു കാണാനിടയായ ബിഷപ്പ് അദ്ദേഹത്തോടു മാനസികാവസ്ഥ എങ്ങനെയുണ്ട് എന്ന് ആരാഞ്ഞു.

          'പരിശുദ്ധാത്മാവിന്റെ ചിറകുകൾ എനിക്കു സ്വന്തമായ പോലെ തോന്നുന്നു', ആവേശഭരിതനായ യുവവൈദികൻ മറുപടി നല്കി'..

          മരിയയെ പിശാച് ബാധിച്ചിട്ടുണ്ട് എന്ന കാര്യത്തിൽ മഠാധിപ മിറാന്ദക്ക് സംശയമൊന്നുമില്ല. അവൾ മഠത്തിൽ കാലുകുത്തിയ നിമിഷം തൊട്ട് അവിടെ അനർഥങ്ങളുടെ പെരുമഴയാണ്. ദൗലറ പക്ഷെ മരിയയെ ഭൂതബാധിതയായി കാണുന്നില്ല. രണ്ടുപേരെ കൊന്ന കുറ്റത്തിന് തടവിലാക്കപ്പെട്ട കന്യാസ്ത്രീ മാർട്ടിനയും മരിയ പിശാചമുക്തയാണെന്നു കരുതുന്നു. ദൗലറക്കു മുൻപിൽ അക്രമാസക്തയായി, മരിയ. അവളുടെ പെരുമാറ്റം ഭ്രാന്തവും ഉന്മത്തവും ഭൂതാവിഷ്ടവുമാണെന്നു തോന്നിപ്പിക്കുംവിധം വന്യമായിരുന്നിട്ടും അയാൾ അവളെ പ്രണയിച്ചുതുടങ്ങുന്നു.

         

'അതിമനോഹരവും മഹനീയവും തിരുത്തിക്കുറിക്കാനാകാത്തതുമായ എന്തോ ഒന്ന് തന്റെ ജീവിതത്തിൽ സംഭവിച്ചുതുടങ്ങി എന്ന തിരിച്ചറിവിൽ അദ്ദേഹം നീറിപുകഞ്ഞു. അദ്ദേഹം പുറത്തേക്കിറങ്ങിയപ്പോൾ തെരുവിൽനിന്ന് ഭക്ഷണസാധനങ്ങൾ വാങ്ങിക്കൊണ്ടു വരുന്നത് അവിടെ അനുവദിക്കപ്പെട്ടിട്ടില്ലെന്ന് മഠാധിപയ്ക്കുവേണ്ടി കന്യാസ്ത്രി അദ്ദേഹത്തെ ഓർമ്മിപ്പിച്ചു. അധിനിവേശകാലത്തെന്നപോലെ അവയെല്ലാം വിഷം കലർന്നതാകാനുള്ള സാധ്യത മുന്നിൽക്കണ്ട് ഏർപ്പെടുത്തിയ നിരോധനമാണെന്ന് അദ്ദേഹത്തിനു മനസ്സിലായി. ബിഷഷിന്റെ അനുമതിയോടെയാണു ഭക്ഷണക്കൂട കൊണ്ടുവരുന്നതെന്നും കൂടാതെ സ്വാദിഷ്ഠമായ ഭക്ഷണത്തിന് പ്രസിദ്ധിയാർജ്ജിച്ച കോൺവെന്റിൽ തടവറയിൽ കിടക്കുന്നവർക്കു വളരെ മോശം ഭക്ഷണമാണു നല്കുന്നതെന്ന് ബിഷപ്പിന് ഒരു ഔപചാരിക പരാതി നല്കിയിട്ടുണ്ടെന്നും അദ്ദേഹം അവരോട് കള്ളം പറഞ്ഞു.

          അന്ന് അത്താഴവേളയിൽ അത്യുത്സാഹത്തോടെ ബിഷപ്പിനു വേണ്ടി ദൗലറാ വായന നടത്തി. പതിവുപോലെ സന്ധ്യാപ്രാർത്ഥനാവേളയിൽ ബിഷപ്പിനൊപ്പം ചേർന്നു. പ്രാർത്ഥനയ്ക്കിടയിൽ സിയെർവാ മരിയായെക്കുറിച്ച് ഓർമ്മിക്കാനുള്ള സൗകര്യത്തിനായി കണ്ണുകൾ ഇറുകെ അടച്ചു. പതിവിലും നേരത്തെ ലൈബ്രറിയിലേക്ക് അവളെക്കുറിച്ചുള്ള ഓർമ്മകളുമായി മടങ്ങിപ്പോയി. അവളെക്കുറിച്ചു ചിന്തിക്കുന്തോറും വീണ്ടും വീണ്ടും ചിന്തിക്കാനുള്ള ആഗ്രഹവും വർദ്ധിച്ചു.

          അദ്ദേഹം ഗാർസിലാസോയുടെ പ്രണയഗീതകങ്ങൾ ഉറക്കെ ചൊല്ലി. ഓരോ ശീലുകളും ചൊല്ലുമ്പോൾ അവയിലെല്ലാം തനിക്കായി എന്തോ ഒരു നിഗൂഢസന്ദേശം ഒളിച്ചിരുപ്പുണ്ടെന്ന് സംശയിച്ചു. ആ രാത്രി അദ്ദേഹത്തിന് ഉറങ്ങാനായില്ല. നേരം പുലരാറായപ്പോൾ അദ്ദേഹം മേശയിൽ തട്ടി താഴെവീണു. അദ്ദേഹം വായിക്കാതെ അവിടെവച്ചിരുന്ന ഒരു പുസ്തകത്തിൽ തല അമർന്ന് ചേർന്നു. നിദ്രയുടെ അഗാധതലങ്ങളിൽ എവിടെയോ പുതിയ ദിവസത്തിലെ പ്രാർത്ഥനയ്ക്കുള്ള അറിയിപ്പു നല്കുന്ന പ്രാർത്ഥനാഗാനം മൂന്നു തവണ അടുത്തുള്ള ദേവാലയത്തിൽ മുഴങ്ങുന്നതും കേട്ടു.

'മരിയാ ദെ തോദോസ് ലോസ് ആൻഹെലെസേ- ദൈവം നിന്നെ രക്ഷിക്കട്ടെ' അദ്ദേഹം പാതി ഉറക്കത്തിൽ പിറുപിറുത്തു. സ്വന്തം ശബ്ദത്തിന്റെ മുഴക്കം അദ്ദേഹത്തെ ഉറക്കത്തിൽനിന്ന് തട്ടിയുണർത്തി. അവളുടെ ജയിലറ കുപ്പായത്തിൽ തീജ്വാലപോലെ തിളങ്ങുന്ന മുടിയിഴകൾ തോളിലൂടെ താഴേക്ക് ഒഴുകി വീഴുന്ന രൂപത്തിൽ സിയെർവാ മരിയാ അവിടെ മുറിയിൽ നില്ക്കുന്നു. തന്റെ എഴുത്തുമേശയിലെ പൂപ്പാത്രത്തിലെ പഴയ കാർണേഷൻ പൂവു വലിച്ചെറിയുന്നതും പകരം വിരിഞ്ഞുതുടങ്ങിയ ഒരുകുല ഗാർഡേനിയാ പൂക്കൾ അലങ്കരിച്ചുവയ്ക്കുന്നതും ദൗലറാ കണ്ടു.

          ദൗലറാ ഗാർസിലാസോവിന്റെ ശീലുകളിൽ അവളോടു പറഞ്ഞു:

          ''നിനക്കു വേണ്ടിയാണു ഞാൻ ജനിച്ചത്, നിനക്കുവേണ്ടി എനിക്കൊരു ജീവിതം ഉണ്ട്, നിനക്കുവേണ്ടി ഞാൻ മരിക്കും, നിനക്കുവേണ്ടി ഞാൻ ഇപ്പോൾ മരിച്ചുകൊണ്ടിരിക്കയാണ്'. അദ്ദേഹത്തിന്റെ മുഖത്തു നോക്കാതെ സിയെർവാ മരിയാ പുഞ്ചിരി തൂകി. നിഴലുകൾ മെനഞ്ഞ ഒരു മായാസൃഷ്ടി അല്ല അവൾ എന്നുറപ്പുവരുത്താനായി അദ്ദേഹം കണ്ണുകൾ ഇറുക്കെ അടച്ചു. കണ്ണുകൾ തുറന്നപ്പോൾ ആ മായക്കാഴ്ച അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു. പക്ഷേ, ലൈബ്രറിയിൽ ഗാർഡേനിയാ പൂക്കളുടെ പുതുമണം നിറഞ്ഞൊഴുകി'.

          നഗരത്തിലെത്തിയ വൈസ്രോയിയും ഭാര്യയും മരിയയുടെ രോഗാവസ്ഥ കണ്ട് മനസ്സലിഞ്ഞ് അവളെ സംരക്ഷിക്കാൻ മഠാധിപയോടാവശ്യപ്പെട്ടു. ബിഷപ്പും മദറും ചേർന്ന് മരിയയെ വൃത്തിഹീനമായ തടവറയിൽനിന്ന് മാറ്റി വൃത്തിയും വെടിപ്പുമുള്ള കിടപ്പുമറിയിലാക്കി. ദൗലറാ പതിവായി രാത്രികളിൽ അവളെ തേടിയെത്തി. അമ്പ്രെനൂർസിയാ മരിയയെ കാണാനെത്തി. മരിയ ഭൂതാവിഷ്ടയല്ലെന്ന് ഏറ്റവും നന്നായി മനസ്സിലാക്കിയ ദൗലറ അവളോടുള്ള പ്രണയം പിശാചുക്കളെക്കാൾ കഠിനമായി തന്നെ ജ്വരംപോലെ ബാധിച്ചുകഴിഞ്ഞതായി തിരിച്ചറിയുന്നു. ഭൂതോച്ചാടനം അവസാനിപ്പിച്ച ദൗലറയെ ശിക്ഷാനടപടിയായി കുഷ്ഠരോഗാശുപത്രിയിലേക്കു സ്ഥലം മാറ്റിയ ബിഷപ്പ് അവളുടെ സംരക്ഷണവും ഭൂതോച്ചാടനവും സ്വയം ഏറ്റെടുത്തു. മരിയയുടെ നീണ്ട സ്വർണ്ണത്തലമുടി മുറിച്ചുമാറ്റിയ ബിഷപ്പും മദറും സഹായികളും അവളെ ക്രൂരമായ പീഡനങ്ങൾക്കിരയാക്കി. പിശാചിനെ ഒഴിപ്പിക്കുന്നതിൽ കുപ്രസിദ്ധനായിരുന്ന പുരോഹിതൻ അക്കിനോ അവളെ സന്ദർശിച്ചുവെങ്കിലും അന്നുതന്നെ അയാൾ കൊല്ലപ്പെടുന്നു. പിറ്റേന്ന്, ഒന്നുകിൽ ദൗലറ തന്റെ കൂടെ മഠത്തിൽ താമസിക്കണം, അല്ലെങ്കിൽ തന്നെ ഒപ്പം കൊണ്ടുപോകണം എന്നാവശ്യപ്പെടുന്നു, മരിയ.അതുരണ്ടും സാധ്യമാവില്ല എന്നറിയാവുന്ന ദൗലറ അവളെ ഉപേക്ഷിച്ചുപോകുന്നു. മരിയയുടെ അവസ്ഥയറിഞ്ഞ് ഭയവും ഭ്രാന്തും കൂടിയ ബെർണാർദോ വീടുവിട്ടുപോയി. അവളെ തേടിയിറങ്ങിയ മാക്വിസ് വഴിയരികിൽ വീണുമരിച്ചു. മതദൂഷണത്തിനു വിചാരണ ചെയ്യപ്പെടുന്ന ദൗലറ എക്കാലത്തേക്കുമായി മരിയയിൽനിന്നകറ്റപ്പെടുന്നു. മരിയയാകട്ടെ അയാളെ മാത്രം കാത്തിരിക്കുന്നു. ഏതാനും നാളുകൾക്കുള്ളിൽ പേവിഷബാധ മൂർച്ഛിച്ച് അവൾ തന്റെ കിടക്കയിൽ മരിച്ചുകിടക്കുന്നതാണ് പരിചാരികമാർ കണ്ടത്. പ്രണയവിവശയായിരുന്നു അവൾ.

         

മധ്യകാല മതദ്രോഹവിചാരണകളുടെ തുടർച്ചയിൽ ഭൂതോച്ചാടനവും പുസ്തകനിരോധനവും അടിമക്കച്ചവടവും അധിനിവേശവും വംശവെറിയും നിഷ്ഠൂരമായ പീഡനങ്ങളും തെഴുത്തും കൊഴുത്തും മെഴുത്തും നിന്ന കത്തോലിക്കാസഭയുടെ ജീർണചരിതങ്ങളിലൊന്നാണ് ഈ നോവൽ. ഭാവാത്മകതയിൽ മിത്തുകളെ തോല്പിക്കുന്ന ചരിത്രഗാഥ. ഫാന്റസികളെ നിഷ്പ്രഭമാക്കുന്ന റിയലിസം. സംഭവങ്ങളിലോ ക്രിയകളിലോ അല്ല അവസ്ഥകളിലും അനുഭൂതികളിലുമാണ് മറ്റേതു രചനയിലുമെന്നപോലെ ഇതിലും മാർക്കേസിന്റെ നോവൽഭാവന തിടം വയ്ക്കുന്നത്. കഥപറച്ചിലിന്റെ കലയിൽ അത്യസാധാരണമായ കയ്യടക്കം മാർക്കേസിനുണ്ട് എന്നത് വിശ്വവിഖ്യാതമാണല്ലോ. 1949ൽ തനിക്കുണ്ടായ ഒരനുഭവത്തിൽ നിന്ന് രൂപപ്പെടുത്തിയ പത്രവാർത്തയുടെ വിപുലീകരണമായി രചിക്കുന്ന നോവലിൽ 1940കളിൽ താൻ കേട്ട ഒരു മുത്തശ്ശിക്കഥയെ 1700കളിൽ നടന്ന സംഭവമാക്കി വികസിപ്പിക്കുന്ന മാർക്കേസിന്റെ മാന്ത്രികകല ഒന്നു വേറെതന്നെയാണ്. പ്രണയവും ഭ്രാന്തും; ആത്മീയതയും ആസക്തിയും; മിത്തും ചരിത്രവും; ശാസ്ത്രവും പിശാചും സമാസമം കൂടിക്കലരുന്ന ഭാവനയുടെ ലാബിറിന്ത്.

          മതദ്രോഹവിചാരണകൾ നിലവിലിരുന്ന കാലത്തെ കത്തോലിക്കാസഭയുടെ മനുഷ്യവിരുദ്ധതയും ലാറ്റിനമേരിക്കൻ കൊളോണിയലിസത്തിന്റെ അതുല്യമായ ചൂഷണവ്യവസ്ഥയും അധിനിവേശത്തിന്റെയും അടിമത്തത്തിന്റെയും കോയ്മകൾ സൃഷ്ടിക്കുന്ന ആഫ്രിക്കൻ-അമേരിക്കൻ വംശവൈരുധ്യങ്ങളും ഒരുവശത്ത്. മനുഷ്യബന്ധങ്ങൾക്കിടയിൽ രൂപം കൊള്ളുന്ന അമ്പരപ്പിക്കുന്ന മനോനിലകളും സ്ത്രീപുരുഷകാമനകളുടെ ആഴം കാണാനാവാത്ത ഉൾക്കയങ്ങളും മറുവശത്ത്.

          ഇരുപതാം നൂറ്റാണ്ടിന്റെ മധ്യദശകങ്ങളിൽ ലാറ്റിനമേരിക്കയുടെ മിത്തുകളും ഭൂതകാലങ്ങളും നാലുനൂറ്റാണ്ടിന്റെ ചരിത്രോച്ചാടനപ്രക്രിയയെ മറികടന്ന് സാഹിത്യഭാവനയിൽ പുനർജന്മം നേടുന്നതിന്റെ മികച്ച മാതൃകയാണ് 'പ്രണയവും ഭൂതാവേശവും'. ഇൻകാ, മായൻ സംസ്‌കൃതികളുടെ അത്ഭുതകരമായ ഈടിരിപ്പുകൾ മുതൽ യൂറോ-അമേരിക്കൻ ആധുനികതക്കു ബദലായി ലാറ്റിനമേരിക്ക സൃഷ്ടിച്ച ഭാവലോകത്തിന്റെ വാങ്മയങ്ങൾ വരെയുള്ളവ സാംസ്‌കാരിക മൂലധനമാക്കി മാർക്കേസും മറ്റു നിരവധിയായ ലാറ്റിനമേരിക്കൻ എഴുത്തുകാരും രൂപം കൊടുത്ത സാഹിത്യഭൂഖണ്ഡത്തിലെ സ്വതന്ത്രറിപ്പബ്ലിക്കുകളിലൊന്നായി മാറുന്നു, ഈ രചനയും.

          ഘടനാപരമായി മലയാളത്തിന് സ്വപ്നം കാണാൻപോലും കഴിയാത്ത ഭാഷാസങ്കീർണത പുലർത്തുന്ന Autumn of the Patriarch ഒഴികെ മാർക്കേസിന്റെ മിക്ക രചനകൾക്കും ഇവിടെ ഭാഷാന്തരമുണ്ടായിട്ടുണ്ട്. ഈ നോവലിന്റെ വിവർത്തനത്തിൽ ഭാഷാപരവും ആഖ്യാനപരവുമായ തലങ്ങളിൽ തന്റെ പല മുൻവിവർത്തനങ്ങളെക്കാളും കൃതഹസ്തതയും സൂക്ഷ്മതയും പുലർത്തുന്നുണ്ട് ജോളിവർഗീസ്. പക്ഷെ എഡിറ്റിംഗിലെ കുറ്റകരമായ അനാസ്ഥയും വീഴ്ചയും തങ്ങളുടെ മറ്റു മിക്ക നോവൽവിവർത്തനങ്ങളിലുമെന്നപോലെ ഇതിലും പ്രസാധകരായ ഡിസി ബുക്‌സ് നിർലജ്ജം പിന്തുടരുന്നു.

നോവലിൽനിന്ന്

'സിയെർവാ മരിയാ അദ്ദേഹത്തിനു വേണ്ടി കാത്തിരുന്നു. മൂന്നു ദിവസങ്ങൾക്കുശേഷം, അധികാരത്തോടുള്ള വെല്ലുവിളിയുടെ പൊട്ടിത്തെറിയായി, അവൾ ഭക്ഷണം കഴിക്കുന്നത് അവസാനിപ്പിച്ചു. ആ പ്രവൃത്തി അവളുടെ പിശാചുബാധയുടെ ലക്ഷണങ്ങൾക്കു കരുത്തേകി. കയെതാനോയുടെ വീഴ്ചയും ഫാദർ അക്കിനോയുടെ ദുരൂഹത നിറഞ്ഞ മരണവും ബിഷപ്പിന്റെ മനസ്സ് തകർത്തു. അവയെല്ലാം അദ്ദേഹത്തിന്റെ ബുദ്ധിശക്തിക്കും അധികാര ശക്തിക്കുമപ്പുറം പ്രകമ്പനം കൊള്ളുന്ന ഒരു പൊതു നിർഭാഗ്യമായിരുന്നു. അവയ്‌ക്കെല്ലാം എതിരായി, അദ്ദേഹത്തിന്റെ ആരോഗ്യവും പ്രായവും കണക്കിലെടുക്കുമ്പോൾ, ആർക്കും മനസ്സിലാക്കാൻ സാധിക്കാത്ത ഒരു ശക്തിയോടെ അദ്ദേഹം പിശാചുബാധ ഒഴിപ്പിക്കൽ കർമ്മം വീണ്ടും ആരംഭിച്ചു.

അപ്പോൾ കൊലയാളിയുടെ ഇറുകിയ കുപ്പായത്തിനുള്ളിൽ ബന്ധിക്കപ്പെട്ട, റേയ്‌സർ ഉപയോഗിച്ച് തല മുണ്ഡനം ചെയ്യപ്പെട്ടവളായി സിയെർവാ മരിയാ, അദ്ദേഹത്തെ പൈശാചിക ക്രൗര്യത്തോടെ അഭിമുഖീകരിച്ചു. അവൾ വ്യത്യസ്ത ഭാഷകളിൽ സംസാരിച്ചു; അല്ലെങ്കിൽ നരകത്തിലെ പക്ഷികളെപ്പോലെ ഉച്ചത്തിൽ ചിലച്ചു. രണ്ടാം ദിവസം ഭ്രാന്തിളകിയ കന്നുകാലിക്കൂട്ടം മുക്രയിടുന്ന ശബ്ദം കേൾക്കാമായിരുന്നു; ഭൂമി വിറച്ചു, സിയർവാ മരിയാ നരകത്തിലെ പിശാചുക്കളുടെ കനിവിലല്ലെന്ന് വിശ്വസിക്കാനാകാത്ത അന്തരീക്ഷം. അവളെ തിരിച്ച് അവളുടെ മുറിയിലാക്കിയപ്പോൾ അവർ വിശുദ്ധജലം ഉപയോഗിച്ച് അവൾക്ക് ഗുദവസ്തി നൽകി. അവളുടെ ഉദരത്തിൽ കുടികൊള്ളുന്ന പിശാചുക്കളെ തുരത്താനുള്ള ഫ്രഞ്ച് കർമ്മം ആയിരുന്നു ആ വസ്തി പ്രയോഗം. ആ തീവ്രയജ്ഞം മൂന്ന് ദിവസം കൂടി തുടർന്നു.

ഒരാഴ്ചക്കാലമായി ഭക്ഷണം ഉപേക്ഷിച്ചിരുന്നെങ്കിലും അവൾ ഒരു കാൽ കുരുക്കഴിച്ച് പുറത്തെടുത്തിരുന്നു. എന്നിട്ട് ബിഷപ്പിന്റെ ഉദരത്തിന്റെ കീഴ്ഭാഗത്ത് അവളുടെ ഉപ്പൂറ്റികൊണ്ട് ശക്തമായി തൊഴിച്ചു. ബിഷപ്പ് തറയിൽ വീണു. അവളുടെ ശരീരം വല്ലാതെ ശോഷിച്ചതിനാൽ അവൾക്ക് സ്വന്തം കാൽ ഊരിയെടുക്കാൻ സാധിച്ചെന്നും, തോൽവള്ളിക്കുള്ളിൽ ഇനി അവൾ കുടുങ്ങിക്കിടക്കില്ലെന്നും അപ്പോഴാണ് അവർ മനസ്സിലാക്കിയത്.

അവരെ പിന്തുടർന്നു കൊണ്ടിരുന്ന കോപാഗ്‌നി മൂലം, ബാധ ഒഴിപ്പിക്കൽ തത്കാലം നിർത്തിവയ്ക്കാമെന്ന് പുരോഹിത സമിതി തീരുമാനിച്ചു. ബിഷപ്പ് തന്റെ വിയോജിപ്പ് അറിയിക്കുകയും ചെയ്തു.

കയെതാനോ ദൗലറാ വഴിയോരക്കടകളിൽനിന്ന് വാങ്ങിയ മധുരപലഹാരക്കുട്ടയും അദ്ദേഹത്തിന്റെ ഒടുങ്ങാത്ത പ്രണയാവേശവുമായി വരാതിരുന്നപ്പോഴും, അദ്ദേഹത്തിനു സംഭവിച്ചതൊന്നും അവൾ അറിഞ്ഞില്ല.

മെയ് ഇരുപത്തിയൊൻപതാം തീയതി യാതനകൾ സഹിക്കാനുള്ള അവളുടെ കരുത്തു കെട്ടടങ്ങിയകൾ അവൾ വീണ്ടും മഞ്ഞുമൂടിയ വയലിലേക്ക് തുറക്കാവുന്ന ജനൽ സ്വപ്നം കണ്ടു. ആ സ്വപ്നത്തിൽ കയെതാനോ ദൗലറാ ഉണ്ടായിരുന്നില്ല. അദ്ദേഹം ഇനി ഒരിക്കലും അവിടേക്ക് മടങ്ങിവരുകയുമില്ല. അവളുടെ മടിയിൽ ഒരു കുല സുവർണ്ണ മുന്തിരിങ്ങ ഉണ്ടായിരുന്നു. അവൾ ഓരോന്നായി തിന്നുമ്പോൾ, അവ വീണ്ടും അവിടെ തളിർത്തു വന്നു. സമയം കടന്നുപോയപ്പോൾ അവൾ ഓരോന്നായിട്ടല്ല, രണ്ടു വീതം പറിച്ചെടുത്തു. അവസാനത്തെ മുന്തിരിയും പറിച്ചെടുത്ത് മുന്തിരിക്കുല ശൂന്യമാക്കാനുള്ള അവളുടെ വെപ്രാളത്തിൽ അവൾ ശ്വാസം വിടാൻപോലും മറന്നുപോയി. ആറാം ദിവസത്തെ പിശാചു ബാധ ഒഴിപ്പിക്കൽ യജ്ഞത്തിനായി അവളെ ഒരുക്കാൻ കടന്നു ചെന്ന ജയിൽ കാവൽക്കാരി, അവൾ കിടക്കയിൽ പ്രണയവിവശതയിൽ മരിച്ചു കിടക്കുന്നതാണ് കണ്ടത്. അവളുടെ കണ്ണുകൾ നക്ഷത്രപ്രഭ ചൊരിഞ്ഞു, അവളുടെ ചർമ്മം ഒരു നവജാത ശിശുവിന്റെ ചർമ്മം പോലെ മൃദുലവും മിനുമിനുപ്പും ഉള്ളതായിരുന്നു. മുണ്ഡനം ചെയ്ത അവളുടെ തലയിൽ മുടിയിഴകൾ കുമിളകൾപോലെ വളർന്നു. നീണ്ട മുടി താഴേയ്ക്കു നീണ്ടൊ ഴുകിവീണു'. 

പ്രണയവും ഭൂതാവേശവും
ഗബ്രിയേൽ ഗാർസിയാ മാർക്കേസ്
വിവ. ജോളി വർഗീസ്
ഡിസി ബുക്‌സ്
2021
വില: 220 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP