Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിവാഹവാർഷികം ആഘോഷിക്കാൻ ഭർത്താവിനൊപ്പം ബീച്ചിലെത്തി; യുവതിയെ പെട്ടെന്ന് കാണാതായി; തിരയിൽപ്പെട്ടെന്ന് ആശങ്ക; കടലിൽ 72 മണിക്കൂർ നീണ്ട തിരച്ചിൽ; ഒടുവിൽ ആ ഫോൺ സന്ദേശം; തിരിച്ചെത്തിയത് കാമുകനൊപ്പം

വിവാഹവാർഷികം ആഘോഷിക്കാൻ ഭർത്താവിനൊപ്പം ബീച്ചിലെത്തി; യുവതിയെ പെട്ടെന്ന് കാണാതായി; തിരയിൽപ്പെട്ടെന്ന് ആശങ്ക; കടലിൽ 72 മണിക്കൂർ നീണ്ട തിരച്ചിൽ;  ഒടുവിൽ ആ  ഫോൺ സന്ദേശം; തിരിച്ചെത്തിയത് കാമുകനൊപ്പം

ന്യൂസ് ഡെസ്‌ക്‌

ഹൈദരാബാദ്: വിശാഖപട്ടണത്തെ മൂന്നു ദിവസത്തോളം മുൾമുനയിൽ നിർത്തിയ യുവതിയുടെ തിരോധാനത്തിന് നാടകീയമായ പര്യവസാനം. കടൽ തീരത്തുവച്ച് തിരയിൽപ്പെട്ടെന്ന് കരുതി മണിക്കൂറുകൾ നീണ്ട തിരച്ചിലിനിടെ കാണാതായ യുവതി കാമുകനൊപ്പം നഗരത്തിൽ തിരിച്ചെത്തി.

വിശാഖപട്ടണം സ്വദേശി ശ്രീനിവാസ റാവുവിന്റെ ഭാര്യ ആർ.സായ് പ്രിയ(21)യാണ് കഴിഞ്ഞദിവസം കാമുകനൊപ്പം വിശാഖപട്ടണത്ത് തിരിച്ചെത്തിയത്. ബെംഗളൂരുവിലുണ്ടെന്ന വിവരം മാതാപിതാക്കളെ അറിയിച്ചതിന് പിന്നാലെയാണ് യുവതിയും കാമുകനും നാട്ടിലേക്ക് തിരികെവന്നത്.

കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടോടെയാണ് ഭർത്താവിനൊപ്പം രണ്ടാം വിവാഹവാർഷികം ആഘോഷിക്കാൻ ബീച്ചിലെത്തിയ യുവതിയെ കാണാതായത്. വിശാഖപട്ടണത്തെ ആർ.കെ. ബീച്ചിൽനിന്ന് സായ് പ്രിയയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. യുവതി തിരയിൽപ്പെട്ടിട്ടുണ്ടാകുമെന്ന നിഗമനത്തിൽ മൂന്നുദിവസത്തോളമാണ് കോസ്റ്റ്ഗാർഡും നാവികസേനയും ഉൾപ്പെടെയുള്ളവർ കടലിൽ തിരച്ചിൽ നടത്തിയത്.

തിരച്ചിൽ നടക്കുന്നതിനിടെ ഏവരെയും അമ്പരപ്പിച്ചുകൊണ്ട് യുവതി മാതാപിതാക്കൾക്ക് സന്ദേശം അയക്കുകയായിരുന്നു. താൻ സുരക്ഷിതയാണെന്നും കാമുകനൊപ്പം ബെംഗളൂരുവിലുണ്ടെന്നുമായിരുന്നു യുവതിയുടെ സന്ദേശം. ഇതോടെ മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്കും വിരാമമായി.

ഹൈദരാബാദിലെ സ്വകാര്യ ഫാർമസി കമ്പനിയിൽ ജീവനക്കാരനായ ശ്രീനിവാസ റാവുവും സായ് പ്രിയയും 2020 ജൂലായ് 25-നാണ് വിവാഹിതരായത്. കഴിഞ്ഞ തിങ്കളാഴ്ച രണ്ടാം വിവാഹവാർഷികം ആഘോഷിക്കാനായാണ് ഇരുവരും ആർ.കെ. ബീച്ചിൽ എത്തിയത്. എന്നാൽ ബീച്ചിലെത്തി മിനിറ്റുകൾക്കുള്ളിൽ സായ് പ്രിയയെ കാണാതാവുകയായിരുന്നു.

ഭാര്യയ്ക്കൊപ്പം ബീച്ചിൽ സമയം ചിലവഴിക്കുന്നതിനിടെ ശ്രീനിവാസ റാവുവിന് മൊബൈലിൽ ഒരു ഫോൺകോൾ വന്നു. ഈ സമയം സായ് പ്രിയ ബീച്ചിൽ കടലിനോട് ചേർന്ന് നിൽക്കുകയായിരുന്നു. തുടർന്ന് അല്പസമയത്തിനകം ഫോൺവിളി കഴിഞ്ഞ് ശ്രീനിവാസ റാവു നോക്കിയപ്പോൾ ഭാര്യയെ കാണാനില്ലായിരുന്നു. ഇതോടെ യുവാവ് ബീച്ചിലാകെ തിരഞ്ഞു. ബഹളംവെച്ചതോടെ മറ്റുള്ളവരും ഓടിക്കൂടി.

ഫോൺവരുന്നതിന് തൊട്ടുമുമ്പ് വരെ ഭർത്താവിന്റെ കണ്മുന്നിലുണ്ടായിരുന്ന യുവതിയെ എങ്ങനെ കാണാതായെന്നായിരുന്നു ഏവരുടെയും ചോദ്യം. മറ്റൊരു സാധ്യതയുമില്ലാത്തതിനാൽ യുവതി തിരയിൽപ്പെട്ടിരിക്കുമെന്നും എല്ലാവരും കരുതി. പൊലീസും അധികൃതരും സ്ഥലത്തേക്ക് കുതിച്ചെത്തി. വൈകാതെ യുവതിക്കായി കടലിൽ തിരച്ചിലും ആരംഭിച്ചു.

മുങ്ങൽ വിദഗ്ദ്ധർ അടക്കമുള്ളവരാണ് ആദ്യഘട്ട തിരച്ചിലിൽ പങ്കെടുത്തത്. വൈകാതെ അധികൃതർ നേവിയുടെയും കോസ്റ്റ് ഗാർഡിന്റെയും സഹായം തേടി. ഇതിനിടെ, യുവതിയെ കടലിൽ കാണാതായെന്ന വാർത്ത കാട്ടുതീ പോലെ പരന്നു.

രണ്ട് കപ്പലുകളാണ് യുവതിയെ കണ്ടെത്താനുള്ള തിരച്ചലിന് വേണ്ടി രംഗത്തിറങ്ങിയത്. ചേതക് ഹെലികോപ്റ്ററും തിരച്ചിലിൽ പങ്കെടുത്തു. ഏകദേശം 72 മണിക്കൂറോളമാണ് യുവതിക്ക് വേണ്ടി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ കടലിൽ തിരച്ചിൽ നടത്തിയത്. ഈ രക്ഷാദൗത്യത്തിനായി ഏകദേശം ഒരു കോടി രൂപയോളം ചെലവ് വന്നതായാണ് വാർത്താ ഏജൻസിയായ ഐ.എ.എൻ.എസിന്റെ റിപ്പോർട്ട്.

കടലിൽ ഊർജിതമായ തിരച്ചിൽ നടക്കുന്നതിനിടെയാണ് ബുധനാഴ്ച വൈകിട്ടോടെ സായ് പ്രിയയുടെ മാതാപിതാക്കൾക്ക് ആ സന്ദേശം ലഭിച്ചത്. താൻ ബെംഗളൂരുവിൽ കാമുകനെ കൂടെയുണ്ടെന്നായിരുന്നു സായ് പ്രിയയുടെ സന്ദേശം. വിവരം മാതാപിതാക്കൾ പൊലീസിനെ അറിയിച്ചു.

പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇക്കാര്യം സ്ഥിരീകരിച്ചതോടെയാണ് മണിക്കൂറുകൾ നീണ്ട തിരച്ചിൽ നിർത്തിയത്. ഇതിനിടെ, യുവതിയെക്കുറിച്ചുള്ള പല അഭ്യൂഹങ്ങളും സാമൂഹികമാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. യുവതി നെല്ലൂരിലേക്ക് ഒളിച്ചോടിയെന്ന് വരെ പ്രചാരണമുണ്ടായി. എന്നാൽ ഇതൊന്നും നേരത്തെ പൊലീസ് സ്ഥിരീകരിച്ചിരുന്നില്ല. ഒടുവിൽ സ്‌കൂൾകാലം മുതലുള്ള പ്രണയം സഫലമാക്കാൻ പുറപ്പെട്ട യുവതിയും കാമുകനും നാട്ടിൽ തിരിച്ചെത്തിയതോടെയാണ് ദിവസങ്ങൾ നീണ്ട ആശങ്കയ്ക്ക് വിരാമമായത്.

സായ് പ്രിയയും കാമുകനും തമ്മിൽ സ്‌കൂൾ പഠനകാലം മുതൽ പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. യുവതിയുടെ മാതാപിതാക്കളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനിടെയാണ് ശ്രീനിവാസ റാവുവുമായി യുവതിയുടെ വിവാഹം നടത്തിയത്. അതേസമയം, സായ് പ്രിയ എങ്ങനെയാണ് ബെംഗളൂരുവിലേക്ക് പോയത് എന്നതടക്കമുള്ള വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

കാമുകൻ നേരിട്ടെത്തി യുവതിയെ കൂട്ടിക്കൊണ്ടുപോയതാണോ അതോ യുവതി ഒറ്റയ്ക്ക് നാടുവിട്ടതാണോ എന്നതും വ്യക്തമല്ല. നാടിനെ ഒന്നാകെ മുൾമുനയിൽ നിർത്തിയ തിരോധാനത്തിന്റെ യാഥാർത്ഥ്യം കണ്ടെത്താൻ അന്വേഷണം തുടരുകയാണ് പൊലീസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP