Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഉണക്ക പടക്കം' എറിഞ്ഞ ശേഷം ബൈക്കുകാരൻ ജനാധിപത്യ മഹിളാ അസോസിയേഷൻ ഓഫീസിന് പിന്നിലെ ഊടു വഴിയിലൂടെ ജനറൽ ആശുപത്രിയിലേക്ക് എത്തി; അന്വേഷണം വഴി തെറ്റിക്കാൻ 'ഡിയോ ബൈക്കിൽ' മറ്റൊരാൾ ലോ കോളേജിലേക്കും? എകെജി സെന്ററിലെ പ്രതിയെ രക്ഷിച്ചത് 'ഡമ്മി'! ക്രൈംബ്രാഞ്ച് എത്തിയിട്ടും പ്രതിസന്ധി; അന്ന് രാത്രി നടന്നത് 'കലക്കൻ' ഗൂഢാലോചന

'ഉണക്ക പടക്കം' എറിഞ്ഞ ശേഷം ബൈക്കുകാരൻ ജനാധിപത്യ മഹിളാ അസോസിയേഷൻ ഓഫീസിന് പിന്നിലെ ഊടു വഴിയിലൂടെ ജനറൽ ആശുപത്രിയിലേക്ക് എത്തി; അന്വേഷണം വഴി തെറ്റിക്കാൻ 'ഡിയോ ബൈക്കിൽ' മറ്റൊരാൾ ലോ കോളേജിലേക്കും? എകെജി സെന്ററിലെ പ്രതിയെ രക്ഷിച്ചത് 'ഡമ്മി'! ക്രൈംബ്രാഞ്ച് എത്തിയിട്ടും പ്രതിസന്ധി; അന്ന് രാത്രി നടന്നത് 'കലക്കൻ' ഗൂഢാലോചന

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസ് ആയ എകെജി സെന്ററിനു നേർക്ക് ആക്രമണം നടന്നിട്ട് ഇന്നേക്ക് ഒരു മാസം കഴിയുമ്പോൾ അന്വേഷണം അട്ടിമറിക്കാൻ നടന്ന ഇടപെടലുകൾ പുറത്തേക്ക്. പ്രതിയെ കണ്ടെത്താൻ പൊലീസും ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണം എങ്ങമെത്താതെ ഇഴയുമ്പോൾ 'കിട്ടിയോ' എന്ന ഹാഷ് ടാഗിൽ സമൂഹ മാധ്യമങ്ങളിൽ പ്രചാരണവും തുടരുകയാണ്. ഇതിനിടെയാണ് വലിയ ഗൂഢാലോചന ഇതിന് പിന്നിൽ നടന്നുവെന്ന് വ്യക്തമാകുന്നത്.

ജൂൺ 30ന് രാത്രി പതിനൊന്നരയോടെയാണ് എകെജി സെന്ററിനു നേർക്ക് ആക്രമണമുണ്ടായത്. എകെജി സെന്ററിന്റെ പിൻഭാഗത്തുള്ള എകെജി ഹാളിലേക്കുള്ള ഗേറ്റിലേക്കാണ് ഇരുചക്ര വാഹനത്തിലെത്തിയ ആൾ സ്ഫോടക വസ്തു എറിഞ്ഞത്. സംഭവത്തിന്റെ സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ നടത്തില അന്വേഷണത്തിൽ രണ്ടു പേരെ കസ്റ്റഡിയിൽ എടുത്തുവെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. പകരം എകെജി സെന്റർ ആക്രമിക്കുമെന്ന് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട യുവാവിനെ അറസ്റ്റു ചെയ്തു ജാമ്യത്തിൽ വിട്ടയച്ചു. എകെജി സെന്ററിന്റെ മുഖ്യകവാടത്തിൽ പൊലീസ് കാവൽ ഉണ്ടായിരുന്നുവെങ്കിലും പൊലീസ് വാഹനം ലഭ്യമായിരുന്നിട്ടും പ്രതിയെ പിന്തുടരാത്തത് പൊലീസിനെയും വിവാദത്തിലാക്കി. രണ്ടു ബൈക്കുകൾ ആക്രമണത്തിൽ പങ്കെടുത്തു. എന്നാൽ ഒരു ബൈക്കുകാരനെ വെറുതെ വിട്ടു. ഈ ബൈക്കുകാരനെ അക്രമണത്തിന് ശേഷം ഒരു സിപിഎം നേതാവ് വിളിച്ചിരുന്നു. ഈ വിളിയാണ് അന്വേഷണം അട്ടിമറിച്ചത്.

എകെജി സെന്ററിന് പുറകു വശത്ത് കുന്നുകുഴിയാണ്. തിരുവനന്തപുരത്തെ സങ്കീർണ്ണമായ റിങ് റോഡ്. നാലു ഭാഗത്തേക്കും രക്ഷപ്പെടാൻ സാധ്യതയുണ്ട്. ടിവിഎസിന്റെ ഒരു മോഡലിൽ എത്തിയ ആക്രമിയെ പൊലീസ് പോലും തെറ്റിധരിച്ചു. ഡിയോ സ്‌കൂട്ടറിന് പിന്നാലെ അന്വേഷണം വഴി തിരിച്ചു വിട്ടു. നിരവധി സിസിടിവികളുള്ള ഭാഗമാണ് ഇത്. ഇതെല്ലാം മനസ്സിലാക്കിയായിരുന്നു പടക്കമേറ്. കൃത്യമായി പ്രതി രക്ഷപ്പെട്ടു. എന്നാൽ ഡമ്മിയെ ഉപയോഗിച്ച് മറ്റൊരു വഴിയേ പൊലീസിന്റെ അന്വേഷണത്തെ നീക്കി. ഇതെല്ലാം കേസ് അട്ടിമറിക്ക് കാരണമായി എന്നാണ് വിലയിരുത്തുന്നത്. സിപിഎമ്മും പാർട്ടി തലത്തിൽ അന്വേഷണം നടത്തി. എകെജി സെന്ററിലെ സൈബർ വിഭാഗമാണ് പരിശോധനകൾക്ക് നേതൃത്വം നൽകിയത്. അവർക്കും കാര്യങ്ങൾ പിടികിട്ടി. മനസ്സിലാക്കിയ കാര്യങ്ങൾ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അറിയിച്ചു. അദ്ദേഹവം നടപടി എടുക്കാൻ നിസ്സഹായനാണ്.

ബോംബ് എറിയുന്നതിന് മുമ്പ് അതിവേഗതയിൽ പോയത് ചെങ്കൽ ചൂളയിലെ ഡിവൈഎഫ്‌ഐക്കാരനായ വിജയ് ആണ്. ഇയാളെ രാവിലെ ആറരയോടെ വിളിച്ചതാരെന്ന് വ്യക്തമാണ്. ബോംബ് എറിഞ്ഞ വ്യക്തിയെ പൊലീസിന് കണ്ടെത്തനായില്ല. ഇയാളെ അതിവിദഗ്ധമായി രക്ഷിക്കുകയായിരുന്നു അന്ന് രാത്രി. എകെജി സെന്റർ കഴിഞ്ഞ് ജനാധിപത്യ മഹിളാ അസോസിയേഷൻ ഓഫീസുണ്ട്. അതിനിടയിലൂടെ ചെറിയ ഊടുവഴിയുണ്ട്. ഈ വഴിയിലൂടെ ഇയാൾ ജനറൽ ആശുപത്രി വഴി രക്ഷപ്പെടാനാണ് സാധ്യതകൾ എന്ന് അന്വേഷണ സംഘത്തിലെ ചിലർ തിരിച്ചറിഞ്ഞിരുന്നു. എന്നാൽ അന്വേഷണത്തെ വഴി തെറ്റിക്കും വിധം ഇതേ സമയം ഒരു സ്‌കൂട്ടർ കുന്നുകുഴി ജംഗ്ഷനിലൂടെ ലോ കോളേജ് ജംഗ്ഷനിലെത്തി. പൊലീസ് ഈ വാഹനത്തെയാണ് പ്രധാനമായും അന്വേഷിച്ചത്. ഇത് അട്ടിമറിക്ക് കാരണമായി എന്നാണ് കരുതുന്നത്.

ജനാധിപത്യ മഹിളാ അസോസിയേഷന്റെ ഓഫീസിന് പിന്നിലൂടെയുള്ളത് ഊടു വഴിയാണ്. സിപിഎം നിയന്ത്രണത്തിലുള്ള പ്രദേശം. ഇവിടെ നിരവധി സിപിഎം പ്രവർത്തകരുടെ വീടുമുണ്ട്. ബോംബ് എറിഞ്ഞ ആളിന് ഇതൊരു സുരക്ഷിത കേന്ദ്രമാണ്. ഈ വഴിയിലൂടെ ജനറൽ ആശുപത്രിയിലെത്തി വീണ്ടും എകെജി സെന്ററിന് മുമ്പിലെത്താം. ഈ ഭാഗത്തേക്ക് വേണമെങ്കിലും കടക്കുകയും ചെയ്യാം. ഈ വഴിയിലൂടെ അക്രമിയെ രക്ഷപ്പെടാൻ അനുവദിച്ചവർ ലോ കോളേജ് ജംഗ്ഷനിലൂടെ പൊലീസ് അന്വേഷണത്തേയും കൊണ്ടു പോയി. ഭീകര ശബ്ദമുണ്ടാക്കുന്ന ബോംബാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് ഇടതു കൺവീനർ ഇപി ജയരാജനും സിപിഎം കേന്ദ്ര കമ്മറ്റി അംഗം പികെ ശ്രീമതിയും അർദ്ധ രാത്രി തന്നെ പ്രഖ്യാപിച്ചിരുന്നു. ഈ സമയം സ്ഥലത്തെ പ്രധാന പ്രാദേശിക നേതാവിട്ട ഫെയ്‌സ് ബുക്ക് പോസ്റ്റിൽ ഉണക്ക പടക്കമാണ് എകെജി സെന്ററിൽ വീണതെന്നും വിശദീകരിച്ചിരുന്നു. ഇതെല്ലാം ഗൂഢാലോചനയും പ്രതികൾക്ക് രക്ഷപ്പെടാൻ അവസരമൊരുക്കിയതിനും തെളിവാണ്.

ജനാധിപത്യ മഹിളാ അസോസിയഷന്റെ പുറകിലെ ഇടവഴയിൽ ജനറൽ ആശുപത്രിയിലെ ചില ഡോക്ടർമാർ താമസിക്കുന്നുണ്ട്. ഇവിടെ സിസിടിവിയും ഉണ്ട്. ഇത് പരിശോധിച്ചിരുന്നുവെങ്കിൽ കള്ളനെ കണ്ടെത്താമായിരുന്നു. ഇത് അട്ടിമറിക്കാനാണ് ലോ കോളേജിലേക്ക് അന്വേഷണം കൊണ്ടു പോയത്. എകെജി സെന്റർ ആക്രമണത്തിലെ പൊലീസ് അന്വേഷണം ആദ്യ മണിക്കൂറിൽ തന്നെ ചിലർ ബോധപൂർവ്വം അട്ടിമറിച്ചുവെന്നതിന് തെളിവ് പുറത്തു വന്നിരുന്നു. നേരത്തെ തന്നെ മറുനാടൻ ഇത് പുറത്തു വിട്ടിരുന്നു ജൂൺ 30 അർദ്ധരാത്രി 11.25ഓടെയായിരുന്നു അക്രമം. തൊട്ടു പിന്നാലെ പൊലീസ് എത്തി എകെജി സെന്ററിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഈ പരിശോധനയുടെ വിശദാംശങ്ങൾ ആ സമയം തന്നെ പുറത്തു പോയിരുന്നു. പ്രദേശത്തെ പ്രധാന സിപിഎം നേതാവിലൂടെയാണ് വിവരങ്ങൾ ചോർന്നത്.

ഇതാണ് ബോംബ് എറിഞ്ഞവർ സുരക്ഷിത സ്ഥാനത്ത് എത്താൻ കാരണം. ബിജെപി സംസ്ഥാന സമിതി ഓഫീസ് അടിച്ചു തകർത്ത കേസിലെ പ്രധാനിയാണ് സിപിഎം നേതാവെന്ന മറവിൽ പൊലീസുകാരിൽ നിന്ന് വിവരങ്ങൾ ചോർത്തിയത്. ഇതാണ് അന്വേഷണത്തെ അട്ടിമറിച്ചത്. എകെജി സെന്ററിലെ സിസിടി പരിശോധനയുടെ ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തിയിരുന്നു. ഒരു മിനിറ്റും എട്ട് സെക്കന്റുമുള്ള എഡിറ്റ് ചെയ്യാത്ത ഈ ദൃശ്യങ്ങൾ മറുനാടൻ പുറത്തു വിട്ടിരുന്നു. രണ്ടു ബൈക്കുകൾക്ക് ഈ സംഭവത്തിൽ പങ്കുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു ആ തെളിവുകൾ. ഈ വീഡിയോയിൽ ടിവി എസ് എൻഡോറോക്കിൽ എത്തിയ ആളാണ് ബോംബ് എറിയുന്നതെന്ന് അവിടെ ഉള്ളവർ പറയുന്നതും വ്യക്തമായിരുന്നു. ഇത് അതീവ രഹസ്യ സ്വഭാമുള്ള വീഡിയോയായിരുന്നു. അന്വേഷണം അട്ടിമറിച്ച ഘട്ടത്തിലാണ് ഈ വിഡീയോ മറുനാടന് കിട്ടിയതും അത് പ്രക്ഷേപണം ചെയ്തതും.

ഇതോടെ ജനം ടിവിയും മനോരമയും എല്ലാം അന്വേഷണത്തിലെ കള്ളക്കളികൾ വാർത്തയാക്കി. ഇതിനിടെയാണ് അന്വേഷണ സംഘത്തിലേക്ക് ബോംബ് എറിഞ്ഞതിന്റെ ആദ്യ നിമിഷങ്ങളിൽ തന്നെ ചിലർ നുഴഞ്ഞു കയറിയെന്ന് വ്യക്തമാകുന്നത്. ആക്രമണത്തിന് ശേഷം ദിവസങ്ങൾ കഴിഞ്ഞ് മറുനാടന് കിട്ടിയ വീഡിയോയുടെ ഭാഗങ്ങൾ സംഭവം നടന്ന് ഒന്നര മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രാദേശിക നേതാവ് ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു എന്നതാണ് വസ്തുത. മറുനാടന് കിട്ടിയ വീഡിയോയിൽ ഒരു മിനിറ്റും എട്ട് സെക്കന്റും ദൃശ്യമുണ്ട്. ഇതിൽ നിന്ന് അവസാന 26 സെക്കന്റ് മാത്രം കട്ട് ചെയ്താണ് ഈ നേതാവ് പ്രചരിപ്പിച്ചിരിക്കുന്നത്. അതായത് ഈ സംഭവത്തിലെ ചെങ്കൽചൂളക്കാരനായ ബൈക്കുകാരന്റെ ഇടപെടൽ മറയ്ക്കാനുള്ള ബോധപൂർവ്വമായ ശ്രമം ആദ്യ മണിക്കൂറിൽ തന്നെ നടന്നു എന്നു വേണം മനസ്സിലാക്കാൻ.

ബോംബ് എറിഞ്ഞ ബൈക്കുകാരനിലേക്ക് മാത്രം ശ്രദ്ധ എത്തുന്ന തരത്തിലാണ് വീഡിയോ മുറിച്ചു മാറ്റിയത്. പൊലീസിന്റെ സിസിടിവി പരിശോധന നടന്ന് നിമിഷങ്ങൾക്കുള്ളിൽ തന്നെ ആ ദൃശ്യങ്ങൾ നേതാവിന് കിട്ടിയത് എങ്ങനെ എന്നതാണ് ആ രാത്രിയിലെ പോസ്റ്റ് ഉയർത്തുന്ന ചോദ്യം. അങ്ങനെ തന്റെ ഫെയ്സ് ബുക്ക് പേജിൽ നിന്നും കട്ട് ചെയ്തു മാറ്റിയ ബൈക്കുകാരനെയാണ് രാവിലെ 6.45ന് നേതാവ് വിളിച്ചതെന്ന് ജനം ടിവി റിപ്പോർട്ട് ചെയ്തു. മറ്റൊരു താൽപ്പര്യവുമില്ലെങ്കിൽ ഒരു മിനിറ്റും എട്ട് സെക്കന്റും ദൃശ്യം ഫെയ്സ് ബുക്കിൽ ബിനുവിന് ഇടാമായിരുന്നു. അതിന് മുതിരാതെ അർദ്ധരാത്രിയിൽ തന്നെ ഈ വീഡിയോ എഡിറ്റു ചെയ്ത് ആവശ്യത്തിനുള്ളതു മാത്രം ഇട്ടുവെന്നിടത്താണ് സംശയം ശക്തമാകുന്നത്. ഈ പോസ്റ്റിന്റെ സ്‌കീൻ ഷോട്ട് ശ്രദ്ധിച്ചാൽ തന്നെ വീഡിയോയുടെ ദൈർഘ്യവും പോസ്റ്റിട്ട തീയതിയും സമയവുമെല്ലാം അറിയാൻ കഴിയും. ഇതെല്ലാം ഗൂഢാലോചനയ്ക്ക് തെളിവാണെന്ന സംശയമാണ് ഉയരുന്നത്.

മുഖംമൂടിയും ധരിച്ച് ഒരു ഉണക്ക പടക്ക് വലിച്ച് എറിഞ്ഞാൽ തീർന്നുപോകുന്നതല്ല . സിപിഎം എന്ന മഹാ പ്രസ്ഥാനം ഓർത്താൽ നല്ലത്-എന്നാണ് ഈ വിഡിയോയ്ക്ക് നേതാവ് നൽകിയ അടിക്കുറിപ്പ്. അതായത് എകെജി സെന്ററിൽ ബോംബാക്രമണം നടന്നുവെന്ന് ഇപി ജയരാജനും പികെ ശ്രീമതിയും എകെജി സെന്ററിൽ നിന്ന് പ്രഖ്യാപിക്കുമ്പോൾ തന്നെ അതൊരു ഉണക്ക പടക്കാണെന്ന് അദ്ദേഹം ഫെയ്സ് ബുക്കിലൂടെ അണികളെ അറിയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP