Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊല്ലപ്പെട്ട തൊമസ് മാത്യുവിന്റെ കുടുംബം മാപ്പു നൽകി; സൗദിയിൽ വധശിക്ഷയ്ക്ക് വിധിച്ച സക്കീർ ഹുസൈൻ നാടണഞ്ഞു

കൊല്ലപ്പെട്ട തൊമസ് മാത്യുവിന്റെ കുടുംബം മാപ്പു നൽകി; സൗദിയിൽ വധശിക്ഷയ്ക്ക് വിധിച്ച സക്കീർ ഹുസൈൻ നാടണഞ്ഞു

സ്വന്തം ലേഖകൻ

ദമ്മാം: ഒമ്പത് വർഷത്തെ കാത്തിരിപ്പിനൊടുവിൽ സക്കീർ ഹുസൈൻ (32) നാടണഞ്ഞു. കൊല്ലം, പള്ളിത്തോട്ടം, ഗാന്ധിനഗർ, എച്ച്.ആൻ.സി കോമ്പൗണ്ടിൽ താമസിക്കുന്ന യുവാവാണ് കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന്റെ ദയയിൽ ജീവിതത്തിലേക്ക് തിരികെയെത്തിയത്. അപ്രതീക്ഷിത വാക്കുതർക്കത്തെത്തുടർന്ന് സ്വന്തം സുഹൃത്തായ തോമസ് മാത്യൂ(27)വിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയുടേയും സൗദിയിലെ സാമൂഹികപ്രവർത്തകരുടേയും ഇടപെടലാണ് ഈ ചെറുപ്പക്കാരന് ജീവിതം തിരികെ നൽകിയത്.

മരണം കാത്തുകിടന്ന ഒമ്പത് വർഷത്തെ തടവിന് ഒടുവിൽ വ്യാഴാഴ്‌ച്ച ദമ്മാമിൽനിന്ന് ശ്രീലങ്കൻ എയർലൈൻസിൽ സക്കീർ നാട്ടിലെത്തി. 2009 ലെ ഒരു ഓണനാളിലാണ് ദമ്മാമിലെ മലയാളി സമൂഹത്തെ നടുക്കിയ കൊലപാതകം നടന്നത്. ഒരു ലാൻട്രിയിലെ ജീനക്കാരായിരുന്നു സക്കീർ ഹുസൈനും കോട്ടയം കോട്ടമുറിക്കൽ ചാലയിൽ വീട്ടിൽ തോമസ് മാത്യൂ(27)വും. ഓണദിവസം കൂട്ടുകാരെല്ലാം കൂടി സദ്യയുണ്ടാക്കി ഒപ്പമിരുന്ന് കഴിച്ചിരുന്നു. ശേഷം വൈകുന്നേരം ഒന്നിച്ച് കൂടിയിരുന്ന് സംസാരിക്കുന്നതിനിടയിൽ നടന്ന തർക്കങ്ങൾക്കൊടുവിൽ സക്കീർ ഹുസൈൻ തോമസ് മാത്യുവിനെ അടുക്കളിയിൽ നിന്ന് കത്തിയെടുത്ത് കുത്തുകയായിരുന്നു. തോമസ് മാത്യു സംഭവസ്ഥലത്ത് തന്നെ മരിച്ചു.

സക്കീർ ഹുസൈനെ പൊലീസ് അറസ്റ്റ് ചെയ്തു. വിചാരണക്കോടതി എട്ടു വർഷത്തെ തടവും, ശേഷം തലവെട്ടാനുമാണ് വിധിച്ചത്. സംഭവം നടക്കുമ്പോൾ സക്കീർ ഹുസൈന് 23 വയസ്സായിരുന്നു പ്രായം. ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന വൃദ്ധരായ മാതാപിതാക്കളെ സഹായിക്കാൻ ഗൾഫിലെത്തിയ സക്കീർ ജയിലിലാവുകയായിരുന്നു. ഈ കുടുംബത്തിന്റെ അവസഥയറിഞ്ഞ സുമനസ്സുകൾ മുന്നോട്ട് വന്നതോടെയാണ് സക്കീർ ഹുസൈന് ജയിൽ മോചനം സാധ്യമായത്.

സക്കീർ ഹുസൈന്റെ അയൽവാസികളായ ജസ്റ്റിൻ ഈ വിഷയം പ്രവാസി സമ്മാൻ ജേതാവ് കൂടിയായ സൗദിയിലെ സാമൂഹികപ്രവർത്തകൻ ശിഹാബ് കൊട്ടുകാടിന്റെ ശ്രദ്ധയിൽപെടുത്തി. ജസ്റ്റിന്റെ ഭാര്യ അനിത, സക്കീർ ഹുസൈന്റെ നിരാലംബമായ കുടുംബത്തിന് ആവശ്യമായ സഹായവുമായി ഒപ്പം നിന്നു. ജസ്റ്റിൻ ഉമ്മൻ ചാണ്ടിയുടെ മുന്നിലും ഈ വിഷയം എത്തിച്ചു. ഉമ്മൻ ചാണ്ടി തോമസ് മാത്യുവിന്റെ ഇടവകപള്ളി വികാരിയുമായി ബന്ധപ്പെടുകയും അഡ്വ. സജി സ്റ്റീഫന്റെ സഹായത്തോടെ കുടുംബത്തിന്റെ മാപ്പ് ലഭ്യമാക്കുകയുമായിരുന്നു. ഇതോടെ 2020ൽ തന്നെ തോമസ് മാത്യുവിന്റെ കുടുംബം നൽകിയ മാപ്പുസാക്ഷ്യം സൗദി കോടതിയിൽ ഹാജരാക്കിയിരുന്നു. അങ്ങനെ വധശിക്ഷ ഒഴിവായെങ്കിലും തടവുശിക്ഷ പൂർത്തിയാകാനാണ് കാത്തിരുന്നത്.

ശേഷം നടപടിക്രമങ്ങൾ പൂർത്തിയാക്കി വ്യാഴാഴ്ച സക്കീർ നാട്ടിലേക്ക് മടങ്ങി. പാസ്‌പോർട്ട് കാലാവധി കഴിഞ്ഞതിനാൽ ഇന്ത്യൻ എംബസ്സി ഔട്ട് പാസ് നൽകിയിരുന്നു. സക്കീർഹുസൈനെ നാട്ടിലെത്തിക്കുന്നതു വരെ ശിഹാബ് കൊട്ടുകാട് നിരവധി തവണയാണ് ദമ്മാമിലെ പൊലീസ് സ്‌റ്റേഷനുകളിലും കോടതികളിലും ജയിലിലുമായി കയറിയിറങ്ങിയത്. ഒരുകൂട്ടം മനുഷ്യസ്‌നേഹികളുടെ കൂട്ടായ പരിശ്രമമാണ് സക്കീറിന്റെ ജീവൻ തിരികെ നൽകിയത്. തോമസ് മാത്യുവിന്റെ മാതാവും പിതാവും സഹോദരിയും സഹോദരനുമൊക്കെ ഒരേമനസ്സോടെ മാപ്പു നൽകുകയായിരുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP