Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കരുവന്നൂരിൽ ബുദ്ധിമുട്ടുന്നത് 11,000 കൂടുംബങ്ങൾ; സിപിഎം ഭരിച്ച ബാങ്കിൽ പണം ഇട്ടവർ ഏറെയും സഖാക്കൾ; ഭരിച്ചവർ കട്ടുമുടിച്ചപ്പോൾ ദുരിതം കൂടി; ഭാര്യയുടെ മരണം ചർച്ചയാക്കിയ പ്രവാസിയെ മന്ത്രി വിമർശിച്ചത് 'രാഷ്ട്രീയം' ആരോപിച്ച്; കളി കൈവിട്ടപ്പോൾ മന്ത്രിയെ വിളിച്ചു വരുത്തി ശാസിച്ച് മുഖ്യമന്ത്രി; കരുവന്നൂരിലെ 'തിരുത്തൽ' പിണറായിയുടെ കോപത്തിൽ

കരുവന്നൂരിൽ ബുദ്ധിമുട്ടുന്നത് 11,000 കൂടുംബങ്ങൾ; സിപിഎം ഭരിച്ച ബാങ്കിൽ പണം ഇട്ടവർ ഏറെയും സഖാക്കൾ; ഭരിച്ചവർ കട്ടുമുടിച്ചപ്പോൾ ദുരിതം കൂടി; ഭാര്യയുടെ മരണം ചർച്ചയാക്കിയ പ്രവാസിയെ മന്ത്രി വിമർശിച്ചത് 'രാഷ്ട്രീയം' ആരോപിച്ച്; കളി കൈവിട്ടപ്പോൾ മന്ത്രിയെ വിളിച്ചു വരുത്തി ശാസിച്ച് മുഖ്യമന്ത്രി; കരുവന്നൂരിലെ 'തിരുത്തൽ' പിണറായിയുടെ കോപത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ വിവാദ പ്രസ്താവനയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന് മുഖ്യമന്ത്രി പിണറായി വിജയന്റെ ശാസന. കരുവന്നൂർ സഹകരണ ബാങ്കിൽനിന്നു നിക്ഷേപം മടക്കിക്കിട്ടാത്തതിനാൽ ചികിത്സ ലഭിക്കാതെ വയോധിക മരിച്ച സംഭവത്തിൽ വിവാദപ്രസ്താവനയുമായി മന്ത്രി ആർ. ബിന്ദു ഇന്നലെ രംഗത്തു വന്നിരുന്നു. മൃതദേഹം ബാങ്കിനു മുന്നിലെത്തിച്ചുള്ള പ്രതിഷേധം രാഷ്ട്രീയമുതലെടുപ്പാണെന്നു മന്ത്രി ആക്ഷേപിച്ചിരുന്നു. ബാങ്കിനു മുന്നിൽ മൃതദേഹം പൊതുദർശനത്തിനു വയ്ക്കാൻ ചിലർ പ്രേരിപ്പിച്ചതു മോശം പ്രവൃത്തിയാണെന്നും ബിന്ദു വിമർശിച്ചിരുന്നു. ഇതിനൊപ്പം മരിച്ച കുടുംബത്തിന് എല്ലാ സഹായവും ബാങ്ക് ചെയ്തിരുന്നുവെന്നും പറഞ്ഞു വച്ചു. ഇതെല്ലാം വിവാദമായി. ഈ സാഹചര്യത്തിലാണ് മന്ത്രി ബിന്ദുവിനെ മുഖ്യമന്ത്രി വിളിച്ചു വരുത്തി ശാസിച്ചത്.

കരുവന്നൂർ ബാങ്കിലെ പ്രതിസന്ധിയിൽ നട്ടം തിരിയുന്നത് 11000 കുടുംബങ്ങളാണ്. സിപിഎം ഭരണത്തിലായിരുന്നു ബാങ്ക്. അതുകൊണ്ട് തന്നെ ഈ നിക്ഷേപകരിൽ ഭൂരിഭാഗവും ഉറച്ച സിപിഎമ്മുകാരാണ്. അതുകൊണ്ട് തന്നെ ഇവരെ കളിയാക്കുന്നത് സിപിഎമ്മിന്റെ ജയസാധ്യതകളെ ബാധിക്കും. ഇതെല്ലാം അറിയാവുന്ന മന്ത്രി ബിന്ദുവിന്റെ ഭാഗത്ത് നിന്ന് നിക്ഷേപകരെ മോശമായി പറഞ്ഞത് അംഗീകരിക്കാനാകില്ലെന്നാണ് മുഖ്യമന്ത്രി എടുത്ത നിലപാട്. ഈ സാഹചര്യത്തിലാണ് ഇന്നലത്തെ പ്രസ്താവന വളച്ചൊടിച്ചതാണെന്ന് മാധ്യമങ്ങൾക്ക് മുമ്പിൽ ബിന്ദു പറഞ്ഞത്. അതിനിശതമായ രീതിയിൽ ബിന്ദുവിനെ മുഖ്യമന്ത്രി ശാസിച്ചുവെന്നാണ് സൂചന.

ഞാനൊരു കരുവന്നൂർ സ്വദേശിയും പ്രവാസിയും ആണ്. 15 വർഷമായി എന്റെ വിദേശത്തുള്ള അധ്വാനത്തിന്റെ ഫലവും എന്റെ സഹോദരിക്കു വിവാഹ സമ്മാനമായി നൽകിയ തുകയും എന്റെ മതാപിതാക്കളുടെ പെൻഷൻ തുകയും എല്ലാം നിക്ഷേപിച്ചിരിക്കുന്നത് കരുവന്നൂർ കോ-ഓപ്പറേറ്റീവ് ബാങ്കിലാണ്. ഞങ്ങളുടെ ആവശ്യങ്ങൾക്ക് ഞങ്ങളുടെ പൈസ കിട്ടാത്ത പക്ഷം ഞങ്ങളെല്ലാവരും വളരെയധികം ബുദ്ധിമുട്ടിലാണ്. എന്തുചെയ്യണമെന്നും ആരെ സമീപിക്കണമെന്നും അറിയില്ല. ഞങ്ങളെപ്പോലെ 11,000 കുടുംബങ്ങൾ ഇതേ ബുദ്ധിമുട്ട് അനുഭവിക്കുന്നുവെന്നാണ് കരുവന്നൂരിൽ ബുദ്ധിമുട്ടിലായ ഒരു വ്യക്തി മറുനാടനോട് പ്രതികരിച്ചത്. ഇത്തരം പരാതികൾ മുഖ്യമന്ത്രിക്കും കിട്ടുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ വിഷയത്തെ കരുതലോടെ കാണണമെന്ന് മന്ത്രി ബിന്ദുവിനെ മുഖ്യമന്ത്രി ഉപദേശിച്ചു.

അതിനിടെ സാമ്പത്തിക തിരിമറിയെ തുടർന്ന് തകർച്ചയിലായ കരുവന്നൂർ സഹകരണ ബാങ്കിന് 25 കോടി അനുവദിക്കുമെന്ന് മന്ത്രി ആർ. ബിന്ദു അറിയിച്ചു. സഹകരണ മന്ത്രിയാണ് പണം നൽകുന്ന വിവരം അറിയിച്ചത്. ഈ പണം കൊണ്ട് പ്രത്യേക പാക്കേജ് ഉണ്ടാക്കി നിക്ഷേപകരെ സംരക്ഷിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുമായി പ്രശ്‌നം ചർച്ച ചെയ്തു. ബാങ്കിനെ നിലനിർത്തുന്നതിനുള്ള പ്രവർത്തനങ്ങളിൽ സർക്കാർ നടപടികൾ സ്വീകരിച്ചു വരികയാണ്. ഇന്നലെ താൻ നടത്തിയ പ്രതികരണം തെറ്റായി വ്യാഖ്യാനിച്ചു. തന്റെ മണ്ഡലത്തിലെ വിഷയമായതുകൊണ്ടാണ് ചില മാധ്യമങ്ങൾ തെറ്റായ വാർത്തകൾ നൽകുന്നത്. നിക്ഷേപകർക്കൊപ്പമാണ് താനെന്നും ആർ. ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് മന്ത്രി ഇത്തരത്തിൽ പ്രതികരിച്ചതെന്നാണ് സൂചന.

കരുവന്നൂർ ബാങ്ക് ക്രമക്കേടിൽ പ്രശ്ന പരിഹാരത്തിന് വേഗം പോരെന്ന് സിപിഐ വിമർശിച്ചിരുന്നു. ഒരു വർഷം മുൻപ് കൺസോർഷ്യം രൂപീകരിക്കുമെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നുവെന്നും വിഷയം പരിഹരിക്കാൻ ശ്രമം നടന്നില്ലെന്നും സിപിഐ തൃശൂർ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ് കുറ്റപ്പെടുത്തി. കരുവന്നൂർ ബാങ്കിലിട്ട 30 ലക്ഷം രൂപയിൽ ചില്ലിക്കാശുപോലും ചികിത്സയ്ക്കു ലഭിക്കാതെ കാറളം തെയ്ക്കാനത്ത് വീട്ടിൽ ഫിലോമിന മരിച്ചത് വിവാദമായിരുന്നു. മന്ത്രി ബിന്ദുവിന്റെ പ്രസ്താവന സിപിഐയേയും അലോസരപ്പെടുത്തിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് മുഖ്യമന്ത്രി വിഷയത്തിൽ ഇടപെട്ടത്.

കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ച തുക കിട്ടാത്തതിനാൽ മെച്ചപ്പെട്ട ചികിത്സ ലഭിക്കാതെ മരിച്ചെന്ന് ആക്ഷേപമുയർന്ന ഫിലോമിനയുടെ കുടുംബത്തിന് ആവശ്യത്തിന് പണം നൽകിയെന്ന മന്ത്രി ആർ. ബിന്ദുവിന്റെ പ്രസ്താവന വിവാദത്തിനും വിമർശനത്തിനും വഴിവെച്ചിരുന്നു. വ്യാഴാഴ്ച തൃശൂർ പ്രസ് ക്ലബിൽ നടത്തിയ വാർത്തസമ്മേളനത്തിലാണ് രോഗിക്ക് അത്യാവശ്യം പണം നൽകിയിട്ടുണ്ടെന്ന് അറിയാൻ കഴിഞ്ഞതായി മന്ത്രി ആർ. ബിന്ദു പറഞ്ഞത്. 'ദേവസിയുടെയും ഫിലോമിനയുടെയും കുടുംബത്തിന് അടുത്ത കാലത്തായി ആവശ്യത്തിന് പണം നൽകിയിട്ടുണ്ട്. ആധുനിക സൗകര്യങ്ങൾ സർക്കാർ മെഡിക്കൽ കോളജിലുണ്ട്. അടുത്തിടെ ഒരു ലക്ഷത്തിൽപരം രൂപ കൈമാറിയിട്ടുണ്ടെന്നാണ് ബാങ്ക് അധികൃതർ അറിയിച്ചത്. ബാങ്കിന്റെ സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ച തുക നൽകിയിരുന്നു. മരണം ദാരുണമാണ്. എന്നാൽ, അതിനെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള സന്ദർഭമുണ്ടാക്കുന്നത് ശരിയല്ല' -മന്ത്രി പറഞ്ഞത്.

ഇത് അപ്പോൾ തന്നെ വിവാദമായി. എന്നാൽ മന്ത്രി തിരുത്തലിന് തയ്യാറായതുമില്ല. ഇത് വിവാദത്തെ സർക്കാരിന് എതിരാക്കി. ഈ സാഹചര്യത്തിലാണ് വിഷയത്തിൽ മുഖ്യമന്ത്രി ഇടപെട്ടത്. അതേസമയം, അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ഒരു രൂപ പോലും തന്നിട്ടില്ലെന്ന് ഫിലോമിനയുടെ ഭർത്താവ് ദേവസിയും മകൻ ഡിനോയും മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചത്. 'അമ്മയുടെ മരണശേഷം ഉണ്ടായ പ്രതിഷേധത്തെ തുടർന്ന് ബുധനാഴ്ച അച്ഛന്റെ കൈയിൽ രണ്ട് ലക്ഷം രൂപയുടെ ചെക്ക് ബാങ്കുകാർ കൊണ്ടുവന്ന് കൊടുത്തു. ഈ പണം രണ്ടാഴ്ച മുമ്പ് തന്നിരുന്നെങ്കിൽ അമ്മ പോകില്ലായിരുന്നു. സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി കൂടുതൽ വേഗത്തിലും മെച്ചപ്പെട്ടതുമായ ചികിത്സ ലഭ്യമാക്കാമായിരുന്നു. ബാങ്കിൽ നിക്ഷേപിച്ച 30 ലക്ഷം രൂപയാണ് ചോദിക്കുന്നത്. ആവശ്യത്തിന് പണം നൽകിയെന്ന് പറയുന്ന മന്ത്രിക്ക് ഞങ്ങളുടെ ആവശ്യം എത്രയാണെന്ന് എങ്ങനെ അറിയാം' -ഡിനോ ചോദിച്ചു.

'അപ്പച്ചൻ സിപിഎം ജില്ല സെക്രട്ടറിയോട് അടക്കം ആവശ്യം അറിയിച്ചിരുന്നു. 4.60 ലക്ഷം രൂപ ബാങ്ക് തന്നിട്ടുണ്ട് എന്ന് പറയുന്നത് ശരിയാണ്. പക്ഷേ അത് ഇപ്പോഴല്ല. എന്റെ കാലിന്റെ ലിഗ്മെന്റ് തകരാറിലായപ്പോൾ ചികിത്സക്ക് ഒരു ലക്ഷത്തിലധികം രൂപ അക്കൗണ്ടിൽ നിന്ന് തവണകളായി കിട്ടി. അതിന് മുമ്പ് കിട്ടിയതും ചേർത്താണ് 4.6 ലക്ഷം രൂപ തന്നുവെന്ന് പറയുന്നത്. അതൊക്കെ പഴയ കാര്യമാണ്' -ഡിനോ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP