Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബലികാക്കൾക്ക് ചോറ് കൊടുക്കാതെ മുദ്രാവാക്യം വിളിച്ചോടിക്കുന്ന സഖാക്കൾ! ഗോപീകൃഷ്ണന്റെ കാർട്ടൂണിൽ സൈബർ സഖാക്കൾ അരിശം തീർത്തത് വീരേന്ദ്രകുമാറിന്റെ തലകൊത്തി കാക്ക പോകുമ്പോൾ നോക്കിയിരിക്കുന്ന ശ്രേയാംസിലൂടെ; ഇല്ലാ ഇല്ലാ മരിക്കില്ല ജീവിക്കുന്നു ഞങ്ങളിലൂടെ...! വീണ്ടും ജയരാജന്റെ വിശദീകരണം; ഇനി ഒരിടവും മാർക്സിസ്റ്റുകാർക്ക് അന്യമല്ല

ബലികാക്കൾക്ക് ചോറ് കൊടുക്കാതെ മുദ്രാവാക്യം വിളിച്ചോടിക്കുന്ന സഖാക്കൾ! ഗോപീകൃഷ്ണന്റെ കാർട്ടൂണിൽ സൈബർ സഖാക്കൾ അരിശം തീർത്തത് വീരേന്ദ്രകുമാറിന്റെ തലകൊത്തി കാക്ക പോകുമ്പോൾ നോക്കിയിരിക്കുന്ന ശ്രേയാംസിലൂടെ; ഇല്ലാ ഇല്ലാ മരിക്കില്ല ജീവിക്കുന്നു ഞങ്ങളിലൂടെ...! വീണ്ടും ജയരാജന്റെ വിശദീകരണം; ഇനി ഒരിടവും മാർക്സിസ്റ്റുകാർക്ക് അന്യമല്ല

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: മാതൃഭൂമിയിലെ കാർട്ടൂണിൽ ചർച്ച തുടരുകയാണ്. പിതൃബലി ദിനത്തിൽ ബലിച്ചോറ് എടുക്കാനെത്തുന്ന കാക്കളെ ഇവർ 'ഞങ്ങളിലൂടെ ജീവിക്കുമെന്ന' മുദ്രാവാക്യം വിളിച്ച് ഓടിച്ചു വിടുന്ന സഖാക്കൾ. മാതൃഭൂമിയിൽ ഗോപീകൃഷ്ണൻ വരച്ച കാർട്ടൂൺ വലിയ രാഷ്ട്രീയ ചർച്ചയായി. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരെ വിമർശിച്ചതോടെ സൈബർ സഖാക്കൾ മറു കാർട്ടൂണും ഇറക്കി. മാതൃഭൂമി മാനേജ്‌മെന്റിലെ ആളുകൾ ചിരിച്ചു കൊണ്ടിരിക്കുമ്പോൾ വീരേന്ദ്രകുമാറിനെ കാക്ക കൊത്തിക്കൊണ്ടു പോകുന്ന പ്രതീകാത്മക കാർട്ടൂൺ. ഇതിനൊപ്പം ചുവന്ന കാക്കകളെ സ്വാഗതം ചെയ്യുന്ന സിപിഎം നേതാക്കളെ ചിത്രീകരിച്ച് പരിവാർ കാർട്ടൂണും എത്തി. ഗോപീകൃഷ്ണനെതിരെ വലിയ സൈബർ ആക്രമണവും നടക്കുന്നുണ്ട്.

ഇതിനിടെയാണ് വാവു ബലിതർപ്പണ സേവനത്തിന് ആഹ്വാനം ചെയ്ത നടപടിയിൽ വിശദീകരണവുമായി സിപിഎം നേതാവ് പി.ജയരാജൻ വീണ്ടും എത്തുന്നത്. മതവിശ്വസത്തിൽ യുക്തിവാദികളിൽനിന്നും ഭിന്നമായ നിലപാടാണ് കമ്മ്യൂണിസ്റ്റുകാർക്ക്. മനുഷ്യരുടെ ഒരിടവും മാർക്സിസ്റ്റുകാർക്ക് അന്യമല്ലെന്നും ജയരാജൻ തന്റെ ഫേസ്‌ബുക്ക് പേജിലൂടെ വ്യക്തമാക്കി. മാതൃഭൂമിയിലെ കളിയാക്കൽ കാർട്ടൂണിനുള്ള മറുപടിയായാണ് ഇതിനെ വ്യാഖ്യാനിക്കുന്നത്. എന്തുകൊണ്ട് ബലിയിൽ സിപിഎം സജീവമായി എന്നതിനുള്ള വിശദീകരണം.

'വിശ്വാസികളെ മത ഭ്രാന്തിലേക്ക് വഴിതെറ്റിക്കുന്ന ശക്തികളെ ഒറ്റപ്പെടുത്തണം. അവരാകട്ടെ തങ്ങളുടെ കാര്യപരിപാടി നടത്തുന്നതിന് ഒളിച്ചുവെച്ച അജണ്ടകളിലൂടെ ഇടപെടുകയാണ്. അതിനാൽ ഒളിച്ചുവച്ച ഇത്തരം അജണ്ടകൾ തുറന്നു കാണിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. മതവിശ്വാസികളോട് യുക്തിവാദികളിൽ നിന്നും ഭിന്നമായ നിലപാടാണ് കമ്മ്യൂണിസ്റ്റുകാർക്കുള്ളത്. പൗരോഹിത്യത്തിന്റെ തെറ്റായ നിലപാടുകളെയും മതത്തിന്റെ രാഷ്ട്രീയപ്രയോഗത്തിനും നേർക്ക് ഒത്തുതീർപ്പില്ലാത്ത നിലപാടെടുത്തു തന്നെയാണ് കമ്യൂണിസ്റ്റുകാർ പ്രവർത്തിച്ചിട്ടുള്ളത്. എന്നാൽ യുക്തിവാദികളെപ്പോലെ എല്ലാ പ്രശ്നങ്ങളുടെയും അടിസ്ഥാനമായി മനുഷ്യരുടെ വിശ്വാസങ്ങളെ കാണാനും അതിനെതിരെ യുദ്ധം പ്രഖ്യാപിക്കലും കമ്യൂണിസ്റ്റുകാരുടെ വഴിയല്ല' ജയരാജൻ പറഞ്ഞു.

പി.ജയരാജന്റെ പോസ്റ്റിന്റെ പൂർണരൂപം

വിശ്വാസികൾ ഒത്തുചേരുന്ന പൊതു ഇടങ്ങൾ മതതീവ്രവാദികൾക്ക് വിട്ടു നൽകരുതെന്ന് അഭ്യർത്ഥിച്ചു കൊണ്ടുള്ള പോസ്റ്റ് വിപുലമായ തോതിൽ ചർച്ചക്കിടയായതിൽ സന്തോഷം. സമൂഹം സംവാദക്ഷമമാകുന്നത് ഏതു വിഷയത്തിലും നല്ലതാണ്. സംവാദം ആരോഗ്യകരമാകണം എന്നു മാത്രം. ഞാനൊരു കമ്മ്യൂണിസ്റ്റ്കാരനാണ്. അതിൽ അഭിമാനിക്കുന്നു. കാരണം ഈ ലോകത്തെമ്പാടുമുള്ള മനുഷ്യരെയാണ് അത് അഭിസംബോധന ചെയ്യുന്നത്. അതോടൊപ്പം പ്രപഞ്ചത്തെക്കുറിച്ചുള്ള ശാസ്ത്രത്തിന്റെ എല്ലാ അറിവുകളെയും ഉൾക്കൊള്ളുന്നതാണ് മാർക്‌സിസ്റ്റ് പ്രത്യയശാസ്ത്രം. ചുരുക്കത്തിൽ ഭൗതിക പ്രപഞ്ചത്തെക്കുറിച്ചും അതിന്റെ ഭാഗമായ മനുഷ്യ സമൂഹത്തെക്കുറിച്ചും മാർക്‌സിസത്തിന് കൃത്യമായ കാഴ്ചപ്പാടുണ്ട്.

മനുഷ്യർ ലോകത്തെമ്പാടും വിവിധ രാഷ്ട്രങ്ങളുടെ അതിർത്തിക്കുള്ളിലാണ്. വേഷങ്ങൾ, ഭാഷകൾ, വിശ്വാസം, എന്നിവയിലെല്ലാം വിവിധ തട്ടുകളിലാണ്. മതങ്ങളെ സംബന്ധിച്ചാണെങ്കിൽ ഒറ്റക്കല്ലിൽ തീർത്ത ഒരു മതവും ഇന്ന് ലോകത്ത് നിലനിൽക്കുന്നില്ല. ഒട്ടേറെ അവാന്തര വിഭാഗങ്ങളും ആചാര വൈവിധ്യങ്ങളും അവയിലെല്ലാമുണ്ട്. ഇതിൽ ഹിന്ദു എന്ന് വിളിക്കപ്പെടുന്ന ജന വിഭാഗങ്ങളിൽ നിലനിൽക്കുന്ന ജാതി വിത്യാസം, ആചാരാനുഷ്ഠാന വൈവിധ്യങ്ങൾ എന്നിവ വളരെ വിപുലമാണ്. അങ്ങിനെയിരിക്കെയാണ് അവരെയാകെ ഏകോപിപ്പിക്കും എന്ന് പ്രഖ്യാപിച്ചുകൊണ്ട് ആർഎസ്എസ് രംഗത്ത് വരുന്നത്. അതിന്റെയടിസ്ഥാനത്തിൽ ഹിന്ദുരാഷ്ട്രം എന്ന ലക്ഷ്യം അവർ പ്രഖ്യാപിക്കുന്നു. ഇതേ പോലെ ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാൻ ജമാഅത്തെ ഇസ്ലാമിയും മറ്റും പ്രവർത്തിച്ച് വരുന്നുണ്ട്. കമ്യൂണിസ്റ്റുകാർ മനുഷ്യന്റെ സാമൂഹ്യപുരോഗതി ലക്ഷ്യമിട്ടു പ്രവർത്തിക്കുന്നു. എന്നാൽ ഓരോ രാജ്യത്തിലും വിവിധ ബോധനിലവാരത്തിലും വർഗ്ഗ നിലകളിലും വിശ്വാസങ്ങളിലുമാണ് മനുഷ്യർ നിലനിൽക്കുന്നത്. അവയാകെ നന്നായി പരിഗണിച്ചാണ് നിലപാടുകൾ സ്വീകരിക്കുന്നത്.

ഇത്രയും പൊതുവായി പറഞ്ഞതിനു ശേഷം ചില വിമർശനങ്ങളോട് മാത്രം പ്രതികരിക്കട്ടെ. ഓരോരുത്തരുടെയും വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തി അവർ നടത്തുന്ന ആചാരാനുഷ്ഠാനങ്ങളിൽ എത്ര മാത്രം അന്ധവിശ്വാസമുണ്ടെന്ന് പരിശോധിക്കുകയല്ല ഞാൻ ചെയ്തത്. ഇന്ന് രാജ്യം അഭിമുഖീകരിക്കുന്ന വർഗ്ഗീയ വിപത്തിൽ നിന്നും രാജ്യത്തെ രക്ഷിക്കുക എന്ന ദൗത്യമാണ് പുരോഗതിയാഗ്രഹിക്കുന്ന എല്ലാവരും ഏറ്റെടുക്കേണ്ടത്. അതിന് കഴിയണമെങ്കിൽ വിശ്വാസികളെ മത ഭ്രാന്തിലേക്ക് വഴിതെറ്റിക്കുന്ന ശക്തികളെ ഒറ്റപ്പെടുത്തണം. അവരാകട്ടെ തങ്ങളുടെ കാര്യപരിപാടി നടത്തുന്നതിന് ഒളിച്ചുവെച്ച അജണ്ടകളിലൂടെ ഇടപെടുകയാണ്. അതിനാൽ ഒളിച്ചുവച്ച ഇത്തരം അജണ്ടകൾ തുറന്നു കാണിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ഓരോ വർഗ്ഗീയ ശക്തിയും അവരുടെ തെറ്റായ നടപടികളെ എതിർക്കുമ്പോൾ തങ്ങളെ എതിർക്കുന്നതുപോലെ മറ്റുള്ള വർഗ്ഗീയ ശക്തികളെയും എതിർക്കുമോ എന്ന ചോദ്യം ഇവിടെയും കാണാനായി. അത്തരം വർഗ്ഗീയ ശക്തികളെല്ലാം പുരോഗമന വാദികൾക്കെതിരെ ഒരേ ചോദ്യമുയർത്തുന്നു എന്നതാണ് ഞങ്ങളുടെ നിലപാടിലെ ശരിമ ബോദ്ധ്യപ്പെടുത്തുന്നത്.

മതവിശ്വാസികളോട് യുക്തിവാദികളിൽ നിന്നും ഭിന്നമായ നിലപാടാണ് കമ്മ്യൂണിസ്റ്റുകാർക്കുള്ളത്. പൗരോഹിത്യത്തിന്റെ തെറ്റായ നിലപാടുകളെയും മതത്തിന്റെ രാഷ്ട്രീയപ്രയോഗത്തിനും നേർക്ക് ഒത്തുതീർപ്പില്ലാത്ത നിലപാടെടുത്തു തന്നെയാണ് കമ്യൂണിസ്റ്റുകാർ പ്രവർത്തിച്ചിട്ടുള്ളത്. എന്നാൽ യുക്തിവാദികളെപ്പോലെ എല്ലാ പ്രശ്നങ്ങളുടെയും അടിസ്ഥാനമായി മനുഷ്യരുടെ വിശ്വാസങ്ങളെ കാണാനും അതിനെതിരെ യുദ്ധം പ്രഖ്യാപിക്കലും കമ്യൂണിസ്റ്റുകാരുടെ വഴിയല്ല. മുതലാളിത്തം എന്ന മനുഷ്യനെ ചൂഷണം ചെയ്യുന്ന വ്യവസ്ഥക്കു നേരെയാണ് പോരാട്ടം. അതേ സമയം ശാസ്ത്ര ചിന്തകൾ പ്രചരിപ്പിക്കലും ഞങ്ങളുടെ ദൗത്യമാണ്. ജയിംസ് വെബ്ബിന്റെ ടെലസ്‌കോപ്പിലൂടെ പ്രപഞ്ചത്തിന്റെ ആദ്യകാല ചിത്രം അനാവരണം ചെയ്തപ്പോൾ അതേക്കുറിച്ച് ജൂലൈ 13നും മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ വാർഷികത്തോടനുബന്ധിച്ച് ജൂലൈ 20നും ഇതേ പേജിൽ ഇട്ട പോസ്റ്റു കൂടി വായിക്കുക. എങ്കിൽ കാര്യങ്ങൾ കുറേക്കൂടി ബോധ്യമാകും.

ഇന്ന് കർക്കിടക വാവു ബലി കഴിഞ്ഞു. കണ്ണൂർ പയ്യാമ്പലം കടപ്പുറത്ത് നൂറുകണക്കിനാളുകളാണ് പിതൃതർപ്പണത്തിനെത്തിയത്. കണ്ണൂരിലെ ജീവകാരുണ്യ സംഘടനയായ കഞജഇ 4 വർഷങ്ങൾക്കു മുമ്പ് ആരംഭിച്ച ഇവിടുത്തെ സേവന പ്രവർത്തനം ഇത്തവണയും ഭംഗിയായി നടത്തി. ടെമ്പിൾ കോർഡിനേഷൻ കമ്മിറ്റിയുമായി സഹകരിച്ചാണ് ഹെൽപ്പ് ഡെസ്‌ക് ഇത്തവണ പ്രവർത്തിച്ചത്. എ.കെ.ജി. ഹോസ്പിറ്റൽ ഡയറക്ടർ ശ്രീ. ഡോ. ബാലകൃഷ്ണ പൊതുവാൾ ആരോഗ്യ സേവനവുമായി അവിടെ എത്തി. അതോടൊപ്പം പിതൃതർപ്പണത്തിനായി അവിടെയെത്തുന്നവർ കടലിലിറങ്ങുമ്പോഴുള്ള കരുതൽ നടപടിയുടെ ഭാഗമായി ലൈഫ്ഗാർഡുമാരുടെ സേവനവും കഞജഇ വളണ്ടിയർമാർ ഉറപ്പുവരുത്തി. ഇത്തരം ക്രിയാത്മക ഇടപെടൽ കൂടി വേണമെന്നാണ് ഈ പേജിലൂടെ അഭ്യർത്ഥിച്ചത്. ഈ പ്രതികരണം രേഖപ്പെടുത്തുന്നതിനിടയിൽ തന്നെ സ്ത്രീകളടക്കം നിരവധി പേരാണ് അഭിനന്ദനങ്ങൾ അർപ്പിച്ചത്. അനുഭവമാണല്ലോ ഏറ്റവും വലിയ അദ്ധ്യാപകൻ. അതിൽ നിന്ന് പാഠമുൾക്കൊള്ളുകയാണ് വേണ്ടത്.

ഇന്നാട്ടിൽ പലതരം മത വിശ്വാസികളുണ്ട്. ഒരു മതത്തിലും വിശ്വസിക്കാത്തവരുമുണ്ട്. അവരെല്ലാം തന്നെ മതനിരപേക്ഷമായ ഒരു സമൂഹത്തെ പ്രധാനമായിക്കാണുന്നതുകൊണ്ടാണ് ഇന്നും ഇടതുപക്ഷം കേരളം ഭരിക്കുന്നത്. വ്യക്തിപരമായി ആചാരങ്ങളിലൊ അനുഷ്ടാനങ്ങളിലോ പങ്കെടുക്കാറില്ല. എന്നാൽ വിശ്വാസത്തിന്റെ പേരിൽ മനുഷ്യൻ മറ്റൊരു മനുഷ്യനെ ശത്രു പക്ഷത്തു നിർത്തി ആക്രമിക്കുമ്പോൾ അവിടെ കമ്മുണിസ്റ്റുകാരുണ്ടാവും

നമ്മുടെ നാടിനെ വർഗീയവാദികൾക്ക് വിട്ടുകൊടുത്തു കൂടാ. മനുഷ്യരുടെ ഒരിടവും മാർക്സിസ്റ്റുകാർക്ക് അന്യമല്ല. ഞടട 1971 ഡിസംബറിൽ തലശ്ശേരിയിൽ വർഗീയ കലാപം ആസൂത്രണം ചെയ്തപ്പോൾ ഞാനടക്കമുള്ള കമ്മ്യൂണിസ്റ്റ് പ്രവർത്തകർ അതിനു തടയിടാനായി ദൃഢ നിശ്ചയത്തോടെ പ്രവർത്തിച്ചത് ഇത്തരുണത്തിൽ ഓർക്കുന്നു. അന്യന്റെ വിശ്വാസം സംരക്ഷിക്കാൻ സിപിഎം.ന്റെ നേതാവ് സ: യു.കെ. കുഞ്ഞിരാമൻ തന്റെ ജീവൻ ബലിയർപ്പിച്ചത് ഇക്കാലത്താണ്. വർഗീയത നമ്മുടെ രാജ്യത്തെ വിഴുങ്ങുന്ന ഈ കാലത്ത് നമ്മുടെ പ്രതിരോധം കൂടുതൽ ജനാധിപത്യപരവും ആധുനികവും പക്വതയുള്ളതുമാവണം. അഭിവാദ്യങ്ങൾ !

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP