Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പ്ലാമരം സ്വദേശിനി കൊല്ലപ്പെട്ട സംഭവം; കടുത്ത പ്രതിഷേധവുമായി നാട്ടുകാർ; റോഡ് ഉപരോധിച്ചു; നഷ്ടപരിഹാരവും ആശ്രിതർക്ക് സർക്കാർ ജോലിയും നൽകണം; കാട്ടാന ശല്യത്തിന് ശ്വാശ്വതമായ പരിഹാരം വേണമെന്നും ആവശ്യം; ചർച്ച നടത്തി അധികൃതർ

അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പ്ലാമരം സ്വദേശിനി കൊല്ലപ്പെട്ട സംഭവം; കടുത്ത പ്രതിഷേധവുമായി നാട്ടുകാർ; റോഡ് ഉപരോധിച്ചു; നഷ്ടപരിഹാരവും ആശ്രിതർക്ക് സർക്കാർ ജോലിയും നൽകണം; കാട്ടാന ശല്യത്തിന് ശ്വാശ്വതമായ പരിഹാരം വേണമെന്നും ആവശ്യം; ചർച്ച നടത്തി അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പ്ലാമരം സ്വദേശിനിയായ നാൽപ്പത്തിയഞ്ചുകാരി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ. അട്ടപ്പാടി അഗളി കാവുണ്ടിക്കൽ പ്ലാമരത്ത് മല്ലീശ്വരിയാണ് (45) കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്. പുലർച്ചെ രണ്ടു മണിയോടെ പ്രാഥമികാവശ്യത്തിന് വീടിനു പുറത്തിറങ്ങിയപ്പോഴായിരുന്നു ആനയുടെ ആക്രമണം.

അട്ടപ്പാടി മേഖലയിൽ തുടർച്ചയായി ഉണ്ടാകുന്ന കാട്ടാന ആക്രമണത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്ലാമരത്ത് നാട്ടുകാർ റോഡ് ഉപരോധിച്ചു. മണ്ണാർക്കാട് - ചിന്നത്തടാകം റോഡാണ് നാട്ടുകാർ ഉപരോധിച്ചത്. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മല്ലീശ്വരിയുടെ കുടുംബത്തിന് ധനസഹായം നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

വനത്തിനോട് ചേർന്നാണ് മല്ലേശ്വരിയുടെ വീട്. പുലർച്ചെ വീടിനു പുറത്ത് നിന്ന് ശബ്ദം കേട്ടു പുറത്ത് ഇറങ്ങി നോക്കിയപ്പോഴാണ് കാട്ടാന ആക്രമിച്ചത്. ആനയെ കണ്ട് പേടിച്ച് വീട്ടിനകത്തേക്ക് ഓടിക്കയറാൻ ശ്രമിച്ചപ്പോഴേക്കും കാട്ടാന മല്ലീശ്വരിയെ ആക്രമിക്കുകയായിരുന്നു.

ഭർത്താവ് ശിവരാമന്റെ മുന്നിൽ വച്ചാണ് കാട്ടാന മല്ലീശ്വരിയെ തുമ്പിക്കൈ കൊണ്ട് വലിച്ച് നിലത്തിട്ട് ചവിട്ടിക്കൊന്നത്. ഇതു കണ്ട് ഭയന്ന് ശിവരാമൻ നിലവിളിച്ച് അടുത്ത വീട്ടിലേക്ക് ഓടിപ്പോയി. മല്ലീശ്വരിയെ കൊലപ്പെടുത്തിയ ശേഷം ഏറെ നേരം ആന മൃതദേഹത്തിനരികെ നിന്നും മാറാതെ നിന്നു. നാട്ടുകാർ ഏറെ പണിപെട്ടാണ് ആനയെ അവിടെ നിന്നും അകറ്റിയത്.

പശുക്കൾ കരയുന്നത് കേട്ടാണ് ശിവരാമനും മല്ലീശ്വരിയും പുറത്തിറങ്ങിയത്. ശിവരാമൻ പശുക്കളുടെ അടുത്തേക്ക് പോയതും മുറ്റത്ത് നിന്നിരുന്ന മല്ലീശ്വരിയുടെ അടുത്തേക്ക് ഒറ്റയാൻ പാഞ്ഞെത്തി ആക്രമിക്കുകയായിരുന്നു. ആന ഓടിയടുക്കുന്നത് കണ്ട് വീടിനുള്ളിലേക്ക് രക്ഷപ്പെടാൻ ഭാര്യയോട് ശിവരാമൻ പറഞ്ഞെങ്കിലും കഴിഞ്ഞില്ല. ശിവരാമനെയും ആക്രമിക്കാൻ കാട്ടാന ഓടിയെത്തിയെങ്കിലും സമീപത്തുള്ള സഹോദരന്റെ വീട്ടിലേക്ക് ഓടി കയറി രക്ഷപെട്ടു.

ആനയെ തുരത്തിയ ശേഷം മറ്റുള്ളവർ എത്തിയപ്പോഴേക്കും മല്ലീശ്വരി മരണമടഞ്ഞിരുന്നു. മൃതദേഹം അഗളി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പുലർച്ചെ രണ്ടരയോടെ കാട്ടാന ഇവരുടെ കൃഷിയിടത്തിൽ എത്തി കൃഷി നശിപ്പിച്ചിരുന്നു. 

കൃഷിസ്ഥലത്തിന് ചുറ്റും വൈദ്യുതി വേലി സ്ഥാപിച്ചിരുന്നെങ്കിലും അയൽവാസിയുടെ പരാതിയിൽ അഗളി പൊലീസിന്റെ നിർദ്ദേശമനുസരിച്ച് വൈദ്യതി വേലി പ്രവർത്തിച്ചിരുന്നില്ല. ഇതാണ് കാട്ടാന കൃഷി സ്ഥലത്ത് എത്തുന്നതിന് ഇടയാക്കിയതെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു. 

കഴിഞ്ഞ ദിവസങ്ങളിൽ ജനവാസ മേഖലയിൽ ഇറങ്ങിയ ആനയെ വാച്ചർമാർ കാട്ടിലേക്ക് തിരികെ കയറിയിരുന്നു. ഉൾക്കാട്ടിലേക്ക് മടങ്ങാതിരുന്ന ആന, ഇന്ന് പുലർച്ചെയാണ് വീണ്ടും ഇറങ്ങിയത്.

കാട്ടാനയുടെ ആക്രമണത്തിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ റോഡ് ഉപരോധിച്ചത്. വനാതിർത്തിയിൽ വൈദ്യുതി വേലി പോലും സ്ഥാപിക്കാൻ വനംവകുപ്പ് തയ്യാറാകുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു. മല്ലീശ്വരിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം. കാട്ടാന ശല്യത്തിന് ശ്വാശ്വതമായ പരിഹാരം വേണം എന്നിവയാണ് ഇവരുടെ ആവശ്യം. വനംവകുപ്പ് റേഞ്ച് ഓഫീസർ അടക്കം സ്ഥലത്തെത്തി ചർച്ച നടത്തി.

പ്രദേശത്ത് കാട്ടാന കടന്നുവരുന്ന വിവരം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കുന്നതിൽ ഉണ്ടാകുന്ന കാലതാമസം അടക്കം പ്രദേശവാസികൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി. പ്രദേശത്ത് ഫോണുകൾക്ക് സിഗ്നൽ ലഭിക്കാത്തത് മൂലമാണ് വിവരം യഥാസമയത്ത് അറിയിക്കാൻ സാധിക്കാതെ വരുന്നതെന്ന് നാട്ടുകാർ പറയുന്നു.

പ്രദേശത്ത് വർധിച്ചു വരുന്ന ആനയുടെ ആക്രമണം തടയുന്നതിന് വനംവകുപ്പുമായി ബന്ധപ്പെട്ടിട്ട് ശാശ്വത പരിഹാരണം കാണണമെന്ന് ചർച്ചയിൽ പ്രദേശവാസികൾ ആവശ്യപ്പെട്ടു. ആക്രമണ സ്വഭാവമുള്ള അഞ്ചോളം ആനകളെ പ്രദേശത്ത് നിന്നും ഓടിക്കണം. മരണപ്പെട്ട വ്യക്തിയുടെ കുടുംബത്തിന് നഷ്ടപരിഹാരവും ആശ്രിതർക്ക് സർക്കാർ ജോലിയും നൽകണമെന്നും പ്രതിഷേധക്കാർ അധികൃതരോട് ആവശ്യപ്പെട്ടു.

ഈ വർഷം ആനയുടെ ആക്രമണത്തിൽ പതിനൊന്നു ജീവനുകളാണ് പൊലിഞ്ഞത്. ദ്രുതകർമ്മസേനയിൽ അംഗങ്ങളുടെ എണ്ണം കുറവാണ്. പ്രശ്‌ന പരിഹാരത്തിന് വനംവകുപ്പ് ജാഗ്രത സ്വീകരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

പ്രദേശത്തെ സുരക്ഷയ്ക്കായി കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്ന് അധികൃതർ അറിയിച്ചു. ആറാട്ടികളുടേയും വാച്ചർമാരുടേയും എണ്ണം കൂട്ടും. ദ്രുതകർമ്മ സേനയുടെ സജീവ ഇടപെടൽ ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP