Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആവിത്തോടിൽ സിപിഎം-ബിജെപി സൗഹൃദത്തിന്റെ വൈരുദ്ധ്യാത്മക ഭൗതികവാദം! കെട്ടിട നമ്പർ വിവാദത്തിലും എല്ലാവരും പ്രതികളെ രക്ഷിക്കാൻ ഒറ്റക്കെടാകും; ദീപസ്തംഭം മാഹാശ്ചര്യം എനിക്കും കിട്ടണം പണം! കേമൻ സംരംഭകർക്കായി അഴിമതിയുടെ ഏകജാലകങ്ങൾ സുലഭം; കല്ലെറിയാൻ പാപം ചെയ്യാത്തവരില്ലാത്ത ഒരു കോർപറേഷൻ; കോഴിക്കോട് ഒരു ചുക്കും സംഭവിക്കില്ല

ആവിത്തോടിൽ സിപിഎം-ബിജെപി സൗഹൃദത്തിന്റെ വൈരുദ്ധ്യാത്മക ഭൗതികവാദം! കെട്ടിട നമ്പർ വിവാദത്തിലും എല്ലാവരും പ്രതികളെ രക്ഷിക്കാൻ ഒറ്റക്കെടാകും; ദീപസ്തംഭം മാഹാശ്ചര്യം എനിക്കും കിട്ടണം പണം! കേമൻ സംരംഭകർക്കായി അഴിമതിയുടെ ഏകജാലകങ്ങൾ സുലഭം; കല്ലെറിയാൻ പാപം ചെയ്യാത്തവരില്ലാത്ത ഒരു കോർപറേഷൻ; കോഴിക്കോട് ഒരു ചുക്കും സംഭവിക്കില്ല

എം എ എ റഹ്‌മാൻ

കോഴിക്കോട്: നഗരസഭയായിരുന്ന കാലം മുതലേ അഴിമതിക്കു കുപ്രസിദ്ധമാണ് കോഴിക്കോട് കോർപറേഷൻ. കോർപറേഷനായിട്ടും കാലമേറെയായെങ്കിലും ഇന്നും എല്ലാം നിയന്ത്രിക്കുന്നത് അഴിമതിയിൽ മുങ്ങിയ ഒരു വിഭാഗം ഉദ്യോഗസ്ഥരും അതിന് ഒരുമുഴം മുമ്പേയെറിഞ്ഞു കേമന്മാരാവുന്ന ഇവർക്കെല്ലാം ഒത്താശചെയ്യുന്ന ചങ്ങാത്ത കൗൺസിലർ സംരംഭക്കാരുമാണ്. കോർപറേഷന്റെ അഴിമതിയും അവിടെ നടക്കുന്ന തിരുമറികളുമൊന്നും ഇന്നേവരെ വേണ്ട രീതിയിൽ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തിയ വലിയ ചരിത്രമൊന്നും ഈ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനില്ല. ഇടക്ക് ചില നിഴലാട്ടങ്ങളായി ആരെങ്കിലുമെല്ലാം കെണിയിൽ കുടുങ്ങിയാലായി. അഴിമതിയുടെ പേരിൽ അകപ്പെടുന്നവരിൽ വമ്പൻ സ്രാവുകൾ ഒരിക്കലും ഉണ്ടായിട്ടുമില്ല.

കോർപറേഷനിൽ അഴിമതിക്കഥകൾ ഒരിക്കലും പുറത്തേക്കെത്തി ശാശ്വതമായ ഒരു പരിഹാരവുമുണ്ടാവാത്തതിന്റെ രഹസ്യവും ഇതുതന്നെ. പരസ്പരം ചമ്മി, ചമ്മി. എന്തുണ്ടായാലും ആരും ആരെയും വെറുപ്പിക്കില്ല, മുഷിപ്പിക്കില്ല, എതിരായൊന്നും പറയില്ല. ഏത് അന്വേഷണം എത്ര കൊട്ടിഘോഷിക്കപ്പെട്ടു വന്നാലും അവയെയെല്ലാം നിലംപരിശാക്കിയതിന്റെ പതിറ്റാണ്ടിന്റെ അനുഭവ സമ്പത്താണ് കോർപറേഷനിലെ ഉദ്യോഗസ്ഥ, രാഷ്ട്രീയ ലോബികൾക്കുള്ളത്. വെറുതെ കോർപറേഷന്റെ വരാന്തയിലൊന്നു നടന്നാൽ പകൽ മായുവോളം കൗൺസിലർമാർ പലരും ധൃതിപ്പെട്ടു നീങ്ങുന്നതു കാണാം. ഇവർക്കൊപ്പം കുറേ മനുഷ്യരും. ഇതൊരു പൊതുജന സേവനത്തിനായുള്ള ആവേശം മൂത്തുള്ള പോക്കൊന്നുമല്ല. കൈമണി കിട്ടുന്നവർക്കായി തുറക്കാത്ത ഫയലുകൾ തുറപ്പിക്കാനും അംഗീകാരം കിനാവുകാണാൻപോലും സാധിക്കാത്ത പദ്ധതിക്കായി അവ നേടിക്കൊടുക്കാനുമുള്ള നെട്ടോട്ടങ്ങളാണ്. ഇതിലൊരിടത്തും ചെറിയ കൂര തട്ടിക്കൂട്ടി ജീവിതത്തിന് നിറംനൽകാൻ ശ്രമിക്കുന്നവരോ, ഉള്ളതെല്ലാം വിറ്റുപെറുക്കി താങ്ങാവുന്നതിലുമധികം വായ്പയുമെടുത്തു വീടുവെക്കാൻ കോർപറേഷന്റെ പടികൾ ദിനേന കയറിയിറങ്ങുന്ന സാധാരണക്കാരെ സഹായിക്കാനോയുള്ള സംരംഭങ്ങളൊന്നുമല്ല.

കഷ്ടകാലത്തിന് കളംമാറിവന്നു കോർപറേഷനെയൊന്നു ശുദ്ധംചെയ്തു കളയാമെന്നു ഏതെങ്കിലും തൊഴിലിനോടു ആത്മാർഥതയുള്ളവൻ വന്നാൽ ആ നിമിഷം വൈകിയിട്ട് അവന്റെ വീട്ടിൽ പണമെത്തും അത് പലപ്പോഴും അയാളുടെ മാസ ശമ്പളത്തിലും എത്രയോ ഇരട്ടിയാവും. ഇതിലൊന്നും വീണില്ലെങ്കിൽ ഭീഷണി, തേജോവധം, അഴിമതി, കൈക്കൂലി ആയുധങ്ങളെല്ലാം ആവനാഴിയിൽനിന്നു നിർദയം പ്രയോഗിക്കപ്പെടും. ചിലർക്കെതിരേ പെണ്ണുകേസും വന്നേക്കാം. നന്നായി ജോലി ചെയ്യാമെന്നു വച്ചു കോർപറേഷനിലേക്കു വലതുകാൽവച്ചു കയറിയാൽ മനാഹാനിയും ഭീഷണികളുടെയും ചാകരക്കാലമാവും. പിന്നെ ഒന്നുകിൽ വഴിപ്പെട്ട് ജീവിക്കുക. അല്ലെങ്കിൽ കൈക്കൂലിയുടെയും അഴിമതിയുടെ വെള്ളപ്പൊക്കം വന്നു കയറാത്ത ഏതെങ്കിലും ഒരു വകുപ്പിലേക്കു സ്വയം ഒഴിഞ്ഞുപോകുക. ഓവർസിയർ മുതൽ ബിൽഡിങ് ഇൻസ്പെക്ടർ, അസി. ടൗൺ പ്ലാനർ തുടങ്ങി കോർപറേഷനിൽ അഴിമതി വല വിരിക്കാത്ത ഏതെങ്കിലും വിഭാഗമുണ്ടോയെന്നു സംശയമാണ്.

മലയാള സിനിമയിൽ രാത്രി വിളക്കു കത്തിച്ചും പണിയെടുക്കുന്ന ചില ഉദ്യോഗസ്ഥരുടെ ചിത്രം കണ്ടിട്ടില്ലെ, അതിനോട് കിടപിടിക്കുന്നതാണ് ഇവിടുത്തെയും സംവിധാനങ്ങൾ. യാഥാർഥത്തിലുള്ള നയപരമായ തീരുമാനങ്ങളും അനുമതികളുമെല്ലാം നൽകപ്പെടുന്നത് പലപ്പോഴും അഞ്ചുമണിക്കു ശേഷമാണെന്നതു ഏറെ പ്രസിദ്ധം. അനധികൃത നമ്പർ വിവാദത്തിന്റെ തുടക്കത്തിൽ വാർത്തകൾ വന്നിരുന്നല്ലോ, കെട്ടിട നമ്പറുകളിൽ മിക്കവയും നൽകിയത് രാത്രി പത്തിനും പന്ത്രണ്ടിനുമെല്ലാം ഇടയിലാണെന്ന്. ഇത് ഇവിടെ ചേർത്തു വായിക്കാവുന്നതാണ്.

കൗൺസിലർമാർക്ക് കാലാവധി അവസാനിച്ചാലും മറ്റൊരു ജോലിക്കു പോകേണ്ടതില്ല. കോർപറേഷനിൽ ജോലി ചെയ്തു വിരമിച്ചു പിന്നീട് കൗൺസിലറായി ആ പദവിയും അവസാനിച്ച് പിന്നെയും കോർപറേഷന്റെ വാരാന്തയിൽ ആശ്രിതവത്സരർക്കായി അഹോരാത്രം പ്രയത്നിക്കുന്ന പലരെയും ഉദ്യോഗസ്ഥർക്കും മാധ്യമപ്രവർത്തകർക്കുമെല്ലാം സുപരിചിതമാണ്. ദീപസ്തംഭം മാഹാശ്ചര്യം എനിക്കും കിട്ടണം പണം. കഴിഞ്ഞ ദിവസം കോഴിയെ കിട്ടിയ കൂടുതേടി പിറ്റേന്നും കുറുക്കൻ എത്തുമെന്നു പറയാറില്ലെ അതാണ് ഇവിടുത്തെയും കഥ.

ലുലുവിനായി ഭൂമി മാറ്റി നൽകിയിട്ടും ഇവിടെ ഒരു ഒച്ചപ്പാടുമുണ്ടായില്ല. കേരളത്തിലെ മാധ്യമ ലോകവും വർത്തമാനകാല മാധ്യമ സംസ്‌കാരവുമെല്ലാം ലുലു ഉൾപ്പെടെയുള്ള വമ്പൻ കോർപറേറ്റുകൾക്കെതിരേ ചെറുവിരലനക്കാൻപോലും അശക്തമായ സംവിധാനങ്ങളാണ്. ഈ ചരിത്രം അടുത്തൊന്നും തിരുത്തപ്പെടാനും പോകുന്നില്ല. സംസ്ഥാനത്തെ ഇതര കോർപറേഷനുകളിലായാലും നഗരസഭകളിലായാലും പഞ്ചായത്തു സംവിധാനങ്ങളിലായാലും പുണ്യാളന്മാർക്കു കുറവില്ല. അവർ സർവ വ്യാപിയാണ്. മാഫിയാ കൂട്ടുകെട്ടിന്റെ ഇങ്ങേയറ്റത്ത് പ്ലാൻ വരക്കന്നവരും എഞ്ചിനിയർമാരും കൺസൾട്ടന്റുകളുമെല്ലാമാണെങ്കിൽ കണ്ണികളുടെ മുകൾ നിലയിലേക്കു എത്തുന്നതോടെ ഉന്നത ഉദ്യോഗസ്ഥരുടെ പെരുങ്കളിയാട്ടം കാണാനാവും.

പാവപ്പെട്ടവനായി ഭരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നതെന്നു അവകാശപ്പെട്ടുകൊണ്ടിരിക്കുന്ന സി പി എമ്മിനു തന്നെയാണ് കൗൺസിലിൽ അപ്രമാഥിത്യം. ലക്ഷത്തിന് മുകളിൽ ശമ്പളം കൈപറ്റുന്ന കെ എസ് ഇ ബി ഉൾപ്പെടെയുള്ള വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ അഴിമതിയെയും കെടുകാര്യസ്തതയെയുമെല്ലാം തൊഴിലാളി യൂണിയനുകളുടെ സംഘശക്തിയുടെ പേരിൽ ന്യായീകരിക്കാൻ ശ്രമിക്കുന്ന ഇടതു തൊഴിലാളി സംഘടനകളിൽനിന്നും ഇവർക്കെതിരെയൊന്നും ഒരു അനക്കവും ഉണ്ടാവില്ല. അവരെല്ലാം പാർട്ടിക്കായി പണിയെടുക്കുന്ന പോരാളികളാണ്. ഇടതു ഭരണം മാറി വലതു ഭരണം സംഭവിച്ചാലും മുന്നിൽ നിൽക്കുന്നത് അവരുടെ ട്രേഡ് യൂണിയനാവുമെന്നു മാത്രം.

ആവിത്തോടു വിഷയത്തിൽ കൗൺസിൽ യോഗത്തിൽ ഭരണ പക്ഷത്തിന് പൂർണ പിന്തുണയുമായി ബിജെപി

ആവിത്തോട്ടിലെ മാലിന്യ പ്ലാന്റിനെതിരേ ഇന്നലെ കോർപറേഷൻ കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ ഭരണപക്ഷത്തിനൊപ്പം ചുവടോടു ചുവടുറപ്പിച്ച് ബിജെപി. സംഘ് ഭീകരതക്കെതിരേ പാർട്ടി അഖിലേന്ത്യാ നേതാക്കൾ ഡൽഹിയിൽ ഇരുന്നു ഘോരഘോരം ആക്രോഷിക്കുമ്പോഴാണ് കേരളത്തിൽ ഈ വൈരുദ്ധ്യാത്മക ഭൗതികവാദം അരങ്ങേറുന്നത്. ആവിക്കൽ മലിനജല സംസ്‌കരണ പ്ലാന്റ് നിർമ്മാണത്തിൽനിന്ന് കോർപറേഷൻ ഭരണ നേതൃത്വം പിന്മാറണമെന്നും സമരക്കാരെ അതിക്രൂരമായ രീതിയിൽ നേരിട്ട പൊലിസിനെതിരേ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഇന്നലെ കോർപറേഷനിൽ പ്രതിപക്ഷം അടിയന്തര പ്രമേയം അവതരിപ്പിച്ചത്.

എന്നാൽ മേയർ ഡോ. ബീന ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം 11നെതിരേ 56 വോട്ടുകൾക്ക് പ്രമേയം തള്ളി. ബിജെപി അംഗങ്ങളും ഭരണപക്ഷത്തോടൊപ്പം നിന്നതോടെയാണ് പ്രമേയം കുപ്പയിലെത്തിയത്. കെട്ടിട നിർമ്മാണ നമ്പർ തട്ടിപ്പിൽ അന്വേഷണം ആവശ്യപ്പെട്ട് വാമൂടിക്കെട്ടിയായിരുന്നു ബിജെപി അംഗങ്ങൾ കൗൺസിൽ യോഗത്തിന് എത്തിയത്. യു ഡി എഫ് അംഗങ്ങൾ പ്ലാക്കാർഡ് ഏന്തിയുമായി വന്നത്. യു ഡി എഫ് നൽകിയ ആവിത്തോട് പ്ലാന്റിനെതിരായ പ്രമേയം അനുവദിച്ച ഭരണ പക്ഷം നമ്പർ വിവാദം നടക്കുന്നതിനിടെ ചെറുവണ്ണൂർ മേഖലാ ഒഫിസിലുണ്ടായ തീപിടുത്തമടക്കം അന്വേഷിക്കാനാവശ്യപ്പെട്ട് ബിജെപി കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനും ഇന്നലെ കൗൺസിൽ യോഗം സാക്ഷിയായി.

ട്രീറ്റ്മെന്റ് പ്ലാന്റ് പ്രശ്നമുണ്ടായാൽ ഉത്തരവാദിത്തം കോർപറേഷൻ ഏറ്റെടുക്കും

ആവിക്കൽ തോടിന് സമീപം നിർമ്മിക്കാൻ ലക്ഷ്യമിടുന്ന മാലിനജല പ്ലാന്റുമായി ബന്ധപ്പെട്ട് നിർമ്മാണ ശേഷം വല്ല പ്രശ്നവും ഉയർന്നാൽ അതിന്റെ ഉത്തരവാദിത്തം കോർപറേഷൻ ഏറ്റെടുക്കുമെന്ന് ഡെപ്യൂട്ടി മേയർ സി പി മുസഫർ അഹമ്മദ്. പ്ലാന്റ് പൂട്ടുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് മേയറും താനും ഉൾപ്പെടെയുള്ളവർ മുൻനിരയിലുണ്ടാവും. സമരത്തിന്റെ മറവിൽ തീവ്രവാദികളെ വെള്ളപൂശാൻ അനുവദിക്കില്ലെന്നും തീവ്രവാദികളും വിഘടനവാദികളുമാണ് സമരത്തിന് പിന്നിലെന്നു ആരോപിക്കാനും മുസഫർ അഹമ്മദ് മറന്നില്ല. തീവ്രവാദത്തിനും വർഗീയതക്കും ഭരണകൂട ഭീകരതക്കുമെതിരേ നരേന്ദ്ര മോദിയെ കുറ്റപ്പെടുത്തുന്നവരുടെ ശക്തമായ നിലപാട് കുറച്ചു നാളുകളായി നാട്ടുകാരുടെയും മാധ്യമപ്രവർത്തകരുടെയും സാമൂഹിക സാംസ്‌കാരിക പ്രവർത്തകരുടെയുമെല്ലാം കോഴിക്കോട്ടെ സജീവ ചർച്ചാ വിഷയമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP