Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ആര്യനാട്ടേയും നഗരൂരിലേയും ക്വാറികളിൽ നിന്ന് ഒരു ടൺ പാറ 50 രൂപയ്ക്ക് സ്വന്തമാക്കും; വിഴിഞ്ഞത് ആ പാറ എത്തുമ്പോൾ അതിന്റെ മൂല്യം 1400 രൂപയും! റവന്യൂ ഭൂമി പതിച്ചു നൽകുമ്പോൾ ബ്രേക്ക് വാട്ടർ നിർമ്മാണം അദാനിക്ക് നൽകുന്നത് ലാഭം മാത്രം; കൊള്ളയടിക്കുന്നത് കേരളത്തിന്റെ പ്രകൃതിയെ; കടൽഭിത്തി നിർമ്മാണം അട്ടിമറിച്ച് ശതകോടീശ്വരൻ നേട്ടമുണ്ടാക്കുമ്പോൾ

ആര്യനാട്ടേയും നഗരൂരിലേയും ക്വാറികളിൽ നിന്ന് ഒരു ടൺ പാറ 50 രൂപയ്ക്ക് സ്വന്തമാക്കും; വിഴിഞ്ഞത് ആ പാറ എത്തുമ്പോൾ അതിന്റെ മൂല്യം 1400 രൂപയും! റവന്യൂ ഭൂമി പതിച്ചു നൽകുമ്പോൾ ബ്രേക്ക് വാട്ടർ നിർമ്മാണം അദാനിക്ക് നൽകുന്നത് ലാഭം മാത്രം; കൊള്ളയടിക്കുന്നത് കേരളത്തിന്റെ പ്രകൃതിയെ; കടൽഭിത്തി നിർമ്മാണം അട്ടിമറിച്ച് ശതകോടീശ്വരൻ നേട്ടമുണ്ടാക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന്റെ പേരിൽ പാറമടകൾ സർക്കാരിൽ നിന്ന് കിട്ടുമ്പോൾ അദാനി പോർട്ടിന് കിട്ടുന്നത് കോടികളുടെ ലാഭം. വിഴിഞ്ഞം തുറമുഖത്തിന്റെ ഭാഗമായുള്ള ബ്രേക്ക് വാട്ടർ നിർമ്മാണം അദാനി ഗ്രൂപ്പിന്റെ ഉത്തരവാദിത്തമാണ്. ഇതിന് കല്ലു കൊണ്ടു വരേണ്ടത് ആ സ്ഥാപനവും. എന്നാൽ ക്വാറികൾ കുറഞ്ഞു തുകയ്ക്ക് എഴുതി നൽകി അദാനിക്ക് ലാഭം നൽകുകയാണ് സംസ്ഥാന സർക്കാർ. ആയിരം ദിവസം കൊണ്ട് പണി പൂർത്തിയാക്കുമെന്ന് വീമ്പു പറഞ്ഞാണ് അദാനി പണി തുടങ്ങിയത്. അതെല്ലാം കഴിഞ്ഞ് വർഷങ്ങളായി. പണി നീളുമ്പോൾ നഷ്ടപരിഹാരം കേരളത്തിന് നൽകണമെന്ന വ്യവസ്ഥ കരാറിലുണ്ട്. ഇത് വേണ്ടെന്ന് വച്ചാണ് ഉള്ള പാറ കൂടി സംസ്ഥാന സർക്കാർ അദാനിക്ക് നൽകുന്നത്.

അഞ്ചു ക്വാറികളാണ് അദാനി പോർട്ടിന് ഈയിടെ സർക്കാർ കൈമാറിയത്. ഇതിന് പിന്നിൽ വൻ അഴിമതിയുണ്ടെന്നാണ് ഉയരുന്ന ആരോപണം. വിഴിഞ്ഞം തുറമുഖത്തിന്റെ അടിസ്ഥാന വികസനം അദാനി പോർട്ടിന്റെ ഉത്തരവാദിത്തമാണ്. ഇതിനൊപ്പമാണ് ബ്രേക്ക് വാട്ടർ നിർമ്മാണവും. ഏതാണ്ട് മൂന്നര കിലോമീറ്ററോളം കടലിൽ കല്ലിടണം. ഈ പദ്ധതിക്കുള്ള പണം നൽകുന്നത് സംസ്ഥാന സർക്കാരാണ്. സർക്കാരുമായി കരാറുണ്ടാക്കിയാണ് ബ്രേക്ക് വാട്ടർ നിർമ്മാണം. അടിസ്ഥാന സൗകര്യ വികസനം അദാനി നടത്തുന്നതു കൊണ്ട് തന്നെ പണി പൂർത്തിയായാൽ തുറമുഖം അദാനിയുടെ ചുമതലയിലാകും. എല്ലാം കൊണ്ടും നേട്ടം പ്രധാനമന്ത്രി മോദിയുടെ അടുത്ത സുഹൃത്തായ അദാനിക്കും. ഇതിന് എല്ലാ സഹായവും പിണറായി സർക്കാർ ചെയ്യുന്നുവെന്നതാണ് വസ്തുത.

ആയിരം ദിവസം കൊണ്ട് പദ്ധതി പൂർത്തിയാവും എന്നാണ് 2015 ൽ കരാർ ഒപ്പിടുമ്പോൾ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി അവകാശപ്പെട്ടിരുന്നത്. അതുപ്രകാരം 2019 ഡിസംബർ മൂന്നിനകം പദ്ധതി യഥാർത്ഥ്യമാക്കേണ്ടതായിരുന്നു. അദാനി പോർട്ട്‌സും സംസ്ഥാന സർക്കാരും ഒപ്പിട്ട കരാർ പ്രകാരം 2019 ഡിസംബറിൽ നിർമ്മാണം തീർന്നില്ലെങ്കിൽ മൂന്ന് മാസം കൂടി നഷ്ടപരിഹാരം നൽകാതെ അദാനി ഗ്രൂപ്പിന് കരാറുമായി മുന്നോട്ട് പോകാം. അതിനു ശേഷം പ്രതിദിനം 12 ലക്ഷം വച്ച് അദാനി ഗ്രൂപ്പ് പിഴയൊടുക്കണം എന്നാണ് കരാറിലെ വ്യവസ്ഥ. ഇതൊന്നും സർക്കാർ ചെയ്യുന്നില്ല ഇതിനൊപ്പമാണ് പാറ കൂടി സൗജന്യ നിരക്കിൽ കൊടുക്കുന്നത്. ഇതിലൂടെ കോടികളുടെ ലാഭമാണ് അദാനിക്ക് കിട്ടുന്നത്. ബ്രേക്ക് വാട്ടർ നിർമ്മാണത്തിന് വലിയ കാശൊന്നും അതുകൊണ്ട് തന്നെ അദാനിക്ക് ചെലവാകുന്നില്ല. സർക്കാർ ക്വാറികലിൽ നിന്ന് പാറ വിഴിഞ്ഞത്ത് ലോറിയിൽ എത്തിക്കുന്നത് പ്രമുഖ രാഷ്ട്രീയക്കാരന്റെ മകനാണെന്നും സൂചനകളുണ്ട്. പാറ ഖനനത്തിന് സർക്കാരിന്റെ നിയന്ത്രണത്തിലൂള്ള റവന്യൂ ഭൂമിയാണ് അദാനിക്ക് കൈമാറുന്നത്. ഇതാണ് കോടികളുടെ നേട്ടം അദാനിക്ക് നൽകുന്നത്.

7,525 കോടി രൂപ ചെലവു വരുന്ന പദ്ധതിയിൽ 2,454 കോടി രൂപ അദാനിഗ്രൂപ്പിന്റെ സ്വന്തം ഫണ്ടാണ്. 1,635 കോടി രൂപ കേന്ദ്രസർക്കാർ വയബിലിറ്റി ഗ്യാപ് ഫണ്ടായി നൽകാനാണ് തീരുമാനം. സംസ്ഥാന സർക്കാരിൽനിന്നുള്ള വിഹിതം 3,436 കോടി രൂപയാണ്. സംസ്ഥാന സർക്കാർ വിഹിതം ബ്രേക്ക് വാട്ടർ നിർമ്മാണത്തിന് വേണ്ടിയാണ് പ്രധാനമായുമുള്ളത്. ഉദ്ദേശം പാറ ടണിന് 1400 രൂപ വിലയിട്ടാണ് ഇത്തരമൊരു തുകയിലേക്ക് കാര്യങ്ങളെത്തുന്നത്. എന്നാൽ സർക്കാർ സ്ഥലങ്ങളിലെ ക്വാറികൾ സ്വന്തമാക്കുന്നതോടെ പാറ ടണിന് നൂറു രൂപയിൽ താഴെ നിരക്കിൽ അദാനിക്ക് കിട്ടും. ഈ പാറ വിഴിഞ്ഞത്ത് ഏത്തിക്കുമ്പോൾ ശതകോടികളുടെ ലാഭമാകും അദാനി ഗ്രൂപ്പിനുണ്ടാകുക.

അതായത് സർക്കാർ വസ്തുവിൽ നിന്ന് ടണ്ണിന് നൂറു രൂപയിൽ കുറവിൽ പാറ സ്വന്തമാക്കി അതേ വസ്തു സർക്കാരിന് തന്നെ 1400 രൂപയ്ക്ക് കൊടുക്കുന്ന തന്ത്രം. പണി എത്രയും വേഗം തീർക്കുക എന്ന നല്ല ഉദേശമാണ് ക്വാറികൾ അദാനിക്ക് കൊടുക്കാനുള്ള കാരണമായി സർക്കാർ ചൂണ്ടിക്കാട്ടുന്നത്. ആഴ്ചകൾക്ക് മുമ്പ് ഇത്തരത്തിൽ അഞ്ച് ക്വാറികളാണ് നൽകിയത്. ഇവിടെ നിന്ന് പാറ കൊണ്ടു പോകുമ്പോൾ ഒരു ടണിന് അമ്പത് രൂപ സർക്കാരിന് കിട്ടും. പാറ പൊട്ടിക്കൽ എല്ലാം കൂടി കുറച്ചു കൂടി തുക അദാനിക്കാകും. ഇത് വിഴിഞ്ഞത്ത് എത്തിക്കാൻ ഉള്ള ചെലവെല്ലാം കൂട്ടിയാലും ഒരു ടൺ പാറയ്ക്ക് മുടക്കേണ്ടി വരിക 200 രൂപയിൽ താഴെയാണെന്നാണ് വിലയിരുത്തൽ. ഇങ്ങനെ സർക്കാരിൽ നിന്ന് കിട്ടുന്ന പാറ വിഴിഞ്ഞത്ത് 1400 രൂപയ്ക്ക് തിരിച്ചു കൊടുക്കുന്ന സാമ്പത്തിക ശാസ്ത്രമാണ് അദാനിയുടേത്.

തുടക്കത്തിൽ സ്വകാര്യ വ്യക്തികളിൽ നിന്നാണ് അദാനി പാറ വാങ്ങിയിരുന്നത്. അന്ന് ടണ്ണിന് ആയിരം രൂപയോളം സ്വകാര്യ വ്യക്തികൾക്ക് അദാനി നൽകുമായിരുന്നു. എന്നാൽ സർക്കാർ ക്വാറികൾ ആവശ്യത്തിന് കിട്ടുമ്പോൾ ഇങ്ങനെ പാറ വാങ്ങേണ്ട അവസ്ഥ ഇല്ലാതാകുന്നു. ബ്രേക്ക് വാട്ടർ നിർമ്മാണത്തിന് പാറ എത്തിക്കേണ്ട ബാധ്യതയും ഉത്തരവാദിത്തവും അദാനിയുടേത് മാത്രമാണ്. അങ്ങനെ ഇരിക്കെയാണ് ഉള്ള പാറ എല്ലാം അദാനിക്ക് തീറെഴുതുന്നത്. കേരളത്തിലെ കടൽ തീരത്ത് കടൽഭിത്തി നിർമ്മാണത്തിന് ആവശ്യത്തിന് പാറയില്ല. കടൽതീരത്തെ വീടുകളെല്ലാം തകരുകയാണ്. മത്സ്യത്തൊഴിലാളികൾ ആശങ്കയിലും. ഇതൊന്നും ആദാനിക്ക് പാറകൊടുക്കുന്നതിന് ആർക്കും തടസ്സമാകുന്നില്ല.

നെയ്യാർ, പേപ്പാറ വന്യ ജീവി സങ്കേതങ്ങൾക്ക് സമീപം അദാനി ഗ്രൂപ്പിന്റെ ക്വാറിക്ക് അനുമതി കിട്ടിയത് ദിവസങ്ങൾക്ക് മുമ്പാണ്. കേന്ദ്ര വന്യ ജീവി ബോർഡാണ് അനുവാദം നൽകിയത്. സംസ്ഥാന വൈൽഡ് ലൈഫ് വാർഡന്റെ ശുപാർശ ബോർഡ് അംഗീകരിക്കുകയായിരുന്നു. തിരുവനന്തപുരം ജില്ലയിലെ പേപ്പാറ വന്യ ജീവി സങ്കേതത്തിൽ നിന്ന് 5 കിലോമീറ്ററും നെയ്യാറിൽ നിന്ന് 6.76 കിലോമീറ്ററും മാത്രം ആകാശദൂരമുള്ളയാടത്താണ് ഖനന പ്രവർത്തനങ്ങൾക്ക് കേന്ദ്ര വന്യ ജീവി ബോർഡ് അനുമതി നൽകിയത്. നിർദിഷ്ട പരിസ്ഥിതി ലോല മേഖലക്ക് പുറത്താണ് ക്വാറിയെന്ന് സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡൻ നൽകിയ അനുകൂല ശുപാർശ പറയുന്നു.

ഖനനത്തിന്റെ ആഘാതം കുറക്കാൻ പ്രത്യേക ലഘൂകരണ നടപടികൾ ആവശ്യമില്ലെന്നും ശുപാർശ കത്ത് വ്യക്തമാക്കുന്നു. പേപ്പാറ നെയ്യാർ വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റും 70.9 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതി ലോലമാക്കിക്കൊണ്ടുള്ള കരട് വിജ്ഞാപനം വൻ എതിർപ്പിത് ഇടയാക്കിയതിന് പിറകെയാണ് അതിന് തൊട്ടുപുറത്ത് അദാനിക്ക് ഖനനാനുമതി നൽകിയിരിക്കുന്നത്. ഇതെല്ലാം സംശയങ്ങൾ കൂട്ടുന്നുണ്ട്. മൂന്ന് നിബന്ധനകളോടെയാണ് ഖനന അനുമതി നൽകിയിരിക്കുന്നത്. സൂര്യോദയത്തിന് മുൻപും അസ്തമയത്തിന് പിൻപും ഖനനം പാടില്ല. 10 ലക്ഷം രൂപ അദാനി ഗ്രൂപ്പ് കെട്ടിവെക്കണം വർധിക പ്രവർത്തന സർട്ടിഫിക്കറ്റ് വൈൽഡ്ലൈഫ് ബോർഡിന് നൽകണം. ഈ നിബന്ധനകൾ പാലിക്കുന്നുവെന്ന് ഉറപ്പ് നൽകണമെന്നും അനുമതിപത്രം വ്യക്തമാക്കുന്നു. നഗരൂരിലും ഇവർക്ക് ക്വാറി നൽകിയിട്ടുണ്ട്.

പദ്ധതി രേഖകൾ പറയുന്നത് പ്രകാരം, രാജ്യത്തിന്റെ 80 ശതമാനം ചരക്ക് കൈമാറ്റവും കൈകാര്യം ചെയ്യാൻ കഴിയുന്ന ഇന്ത്യയുടെ ഏറ്റവും ആഴമേറിയ തുറമുഖമാണിത്. കരാർ പ്രകാരം 40 വർഷത്തേക്ക് അദാനി ഗ്രൂപ്പിന് തുറമുഖം പ്രവർത്തിപ്പിക്കാം; ഇത് 20 വർഷം കൂടി നീട്ടുകയും ചെയ്യാം; 15 വർഷത്തിനു ശേഷം സംസ്ഥാന സർക്കാരിന് തുറമുഖത്തുനിന്നുള്ള വരുമാനത്തിന്റെ ഒരു ഭാഗം ലഭിക്കും. ഇത് സാധാരണ പദ്ധതി പ്രവർത്തനങ്ങളിൽനിന്നു വ്യത്യസ്തമായ രീതിയാണെന്ന് അന്നുതന്നെ വിമർശനം ഉയർന്നിരുന്നു. സാധാരണ സർക്കാർ നൽകുന്ന വി.ജി.എഫ്. എന്ന ധനസഹായം പദ്ധതിയുടെ ഒരു ഘട്ടം പൂർത്തിയായിക്കഴിയുമ്പോൾ അതിന്റെ വിടവു നികത്താൻ കരാറുകാർക്കു നൽകുകയാണ് ചെയ്യുന്നത്. പദ്ധതി പാതിവഴിയിൽ അവർ ഉപേക്ഷിക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഇവിടെ സർക്കാർ മുതൽമുടക്കെല്ലാം ആദ്യംതന്നെ വേണ്ടിവരുന്നു എന്ന പോരായ്മ മിക്കവരും ചൂണ്ടിക്കാട്ടുകയും ചെയ്തു. എന്നാൽ, ഇതൊക്കെ അവഗണിച്ച് അന്നത്തെ സംസ്ഥാന സർക്കാർ മുന്നോട്ടു പോകുകയാണ് ചെയ്തത്.

സമുദ്രത്തിൽനിന്ന് 130 ഏക്കർ നികത്തിയെടുക്കാൻ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന് അനുമതി നൽകിയതിനു പുറമേ 360 ഏക്കർ ഭൂമി സംസ്ഥാന സർക്കാർ നിലവിൽ സംഭാവന ചെയ്തു. സർക്കാർ മുതൽമുടക്കിനുശേഷം മാത്രമേ അദാനിഗ്രൂപ്പിന്റെ നിക്ഷേപം ആരംഭിക്കൂവെന്നതാണ് വസ്തുത. അതായത്, സ്ഥലം ഏറ്റെടുക്കലും കപ്പൽച്ചാലിന് ആഴംകൂട്ടലും യാർഡ് നിർമ്മാണവും പൂർത്തിയാക്കിയാൽ മാത്രമാണ് അദാനിക്ക് പാർപ്പിട സമുച്ചയവും വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും നിർമ്മിക്കുക. ഇത്തരം യുക്തിരഹിതമായ പല കാര്യങ്ങളും പദ്ധതി കരാറിലുണ്ടെന്ന് 2017-ലെ സി.എ.ജി റിപ്പോർട്ടിൽ പറയുന്നുണ്ട്. 40 വർഷത്തെ ഇളവ് കാലാവധി അവസാനിക്കുമ്പോൾ പദ്ധതിക്ക് 5,608 കോടി രൂപയുടെ നഷ്ടമാകും സംഭവിക്കുക. മറ്റ് സംസ്ഥാനങ്ങളിലെ സമാന തുറമുഖങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ മൊത്തം പദ്ധതിച്ചെലവിൽ വരെ കാര്യമായ പിഴവുകളും സി.എ.ജി കണ്ടെത്തിയിരുന്നു.

ആകെ നിർമ്മിക്കേണ്ട 4.5 കിലോമീറ്റർ ബ്രേക്ക് വാട്ടർ നിർമ്മിതിയുടെ വെറും 800 മീറ്റർ മാത്രമാണ് ആദ്യ അഞ്ചുവർഷംകൊണ്ട് പൂർത്തിയാക്കിയത്. ഇതിൽ ഒരു കിലോമീറ്റർ കടലിലേക്ക് ഇറക്കിയാണ് പുലിമുട്ട് ഇടേണ്ടിയിരുന്നത്. ഓഖി വന്നപ്പോഴും 2019-ലെ കടൽ ക്ഷോഭത്തിലുമായി നിർമ്മിച്ചതിൽ ഏകദേശം 700 മീറ്റർ നിർമ്മിതി കടൽ കൊണ്ടുപോയി. പശ്ചിമഘട്ട മലനിരകൾ പൊട്ടിച്ചെടുത്തുകൊണ്ടുവന്ന ലക്ഷകണക്കിന് ടൺ കരിങ്കല്ല് അക്ഷരാർത്ഥത്തിൽ കടലിൽ കളയുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP