Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

1994ന് ശേഷം ജനിച്ചയാളിനെ കെ എസ് യു അധ്യക്ഷനാക്കാൻ തീരുമാനിച്ചത് സുധാകരനും സതീശനും ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ചേർന്ന്; ജനന സർട്ടിഫിക്കറ്റ് കണ്ടെത്തി ദുഷ്ട ശക്തികൾ എത്തിയപ്പോൾ എല്ലാം പിഴച്ചു; 1993 ഒക്ടോബറിൽ പിറന്ന നേതാവിനെ പ്രസിഡന്റാക്കാൻ അട്ടിമറി സജീവം

1994ന് ശേഷം ജനിച്ചയാളിനെ കെ എസ് യു അധ്യക്ഷനാക്കാൻ തീരുമാനിച്ചത് സുധാകരനും സതീശനും ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ചേർന്ന്; ജനന സർട്ടിഫിക്കറ്റ് കണ്ടെത്തി ദുഷ്ട ശക്തികൾ എത്തിയപ്പോൾ എല്ലാം പിഴച്ചു; 1993 ഒക്ടോബറിൽ പിറന്ന നേതാവിനെ പ്രസിഡന്റാക്കാൻ അട്ടിമറി സജീവം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ചിന്തൻ ശിബിരത്തിലെ ചിന്തകളെല്ലാം ഇനി മറക്കാം. ഇഷ്ടക്കാർക്കാണ് കോൺഗ്രസിൽ സ്ഥാനം കിട്ടാൻ സാധ്യത. കെ എസ് യു പുനഃസംഘടനാ ചർച്ചകൾ അട്ടിമറിക്കാൻ കാരണവും ഇത്തരത്തിലൊരു ഇഷ്ടക്കാരന് വേണ്ടിയുള്ള ചിന്തയാണ്. കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ചേർന്നെടുത്ത തീരുമാനത്തെ അട്ടിമറിക്കാനാണ് ശ്രമം. മുതിർന്ന നേതാക്കളുടെ തീരുമാനം കെ എസ് യു സംസ്ഥാന നേതൃത്വവും അംഗീകരിച്ചു. 1994ന് ശേഷം ജനിച്ചയാളിനെ കെ എസ് യു അധ്യക്ഷനാക്കാനുള്ള തീരുമാനം നടപ്പാക്കാതിരിക്കാനാണ് ചില കേന്ദ്രങ്ങൾ പുനഃസംഘടനയിൽ അട്ടിമറിക്ക് ശ്രമിക്കുന്നത്.

ചിന്തൻശിബരത്തിനും ദിവസങ്ങൾക്ക് മുമ്പേ കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഒരുമിച്ചിരുന്ന് കെ എസ് യു പുനഃസംഘടനയിൽ ധാരണയായി. 1994ന് ശേഷം ജനിച്ചയാളിനെ കെ എസ് യു അധ്യക്ഷനാക്കാനായിരുന്നു തീരുമാനം. ഇക്കാര്യം സുധാകരന്റെ നേതൃത്വത്തിൽ കെ എസ് യു യോഗം ചേർന്നും അംഗീകരിച്ചു. പ്രസിഡന്റിനെ കണ്ടെത്താനുള്ള സാധ്യതാ പട്ടികയും തയ്യാറാക്കി. ഇതിന് ശേഷമാണ് പ്രായപരിധി മാനദണ്ഡം അട്ടിമറിക്കാനുള്ള നീക്കം സജീവമായത്. ഇതാണ് കെ എസ് യു പുനഃസംഘടനയെ അട്ടിമറിക്കുന്നത്.

എറണാകുളം ജില്ലാ പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ അധ്യക്ഷനാക്കാനായിരുന്നു തത്വത്തിലെ തീരുമാനം. അലോഷ്യസിന് പ്രായപരിധി മാനദണ്ഡം പാലിക്കുന്ന വ്യക്തിയാണെന്നായിരുന്നു ഏല്ലാവരും കരുതിയത്. വിടി ബൽറാമാണ് സാധ്യതാ പട്ടിക തയ്യാറാക്കിയത്. പട്ടികയിൽ ആലോഷ്യസിന് പുറമേ കണ്ണൂർ പ്രസിഡന്റ് മുഹമ്മദ് ഷമ്മാസും വയനാട്ടിൽ നിന്നുള്ള അമൽ ജോയിയും സംസ്ഥാന സെക്രട്ടറിയായ യദു കൃഷ്ണയും ഇടം പിടിച്ചു. ഇതിൽ ക്രൈസ്തവ വിഭാഗത്തിന് കെ എസ് യു നൽകണമെന്ന പൊതു ധാരണയാണ് അലോഷ്യസിന് അനുകൂലമായത്. എന്നാൽ പെട്ടെന്ന് കഥയിൽ ട്വിസ്റ്റു വന്നു. 1993ലാണ് അലോഷ്യസ് ജനിച്ചതെന്ന വാദവുമായി ചില വിരുതർ എത്തി. ജനന സർട്ടിഫിക്കറ്റും അവർ സംഘടിപ്പിച്ചു. ഇതോടെ ചർച്ചകൾ പാളി. ഇതാണ് പ്രസിഡന്റ് തീരുമാനം വൈകിപ്പിക്കുന്നത്.

വിഡി സതീശന്റെ വിശ്വസ്തനാണ് അലോഷ്യസ്. ഇടുക്കിക്കാരനായ അലോഷ്യസ് എറണാകുളത്ത് പഠിക്കാനെത്തിയതാണ്. പിടി തോമസിന്റെ അതിവിശ്വസ്‌നുമായിരുന്നു. പിടിയുടെ മരണത്തോടെ ആ ഗ്രൂപ്പിൽപ്പെട്ടവർ വിഡിയുമായി അടുത്തു. ഈ ബന്ധമാണ് അലോഷ്യസിനെ കെ എസ് യു പ്രസിഡന്റിനുള്ള സാധ്യതാ പട്ടികയിൽ ഒന്നാമനാക്കിയത്. എന്നാൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ചേർന്നെടുത്ത തീരുമാനം അനുസരിച്ചാൽ അലോഷ്യസിന് അധ്യക്ഷനാകാനും സാധിക്കില്ല. ഇതിനിടെ അലോഷ്യസിന്റെ ജനനം 1994ന് ശേഷമെന്ന വാദവും കോൺഗ്രസിൽ ഉയരുന്നുണ്ട്.

ഏന്തു വന്നാലും അലോഷ്യസിനെ അധ്യക്ഷനാക്കിയേ മതിയാകൂവെന്ന പിടിവാശി ചില കേന്ദ്രങ്ങൾക്കുണ്ട്. ഇതിന് വേണ്ടി പ്രായപരിധി 1993 ജൂൺ എന്നാക്കാനാണ് നീക്കം. വിദ്യാഭ്യാസ വർഷം കണക്കിലെടുത്ത് അങ്ങനെ വയ്ക്കുന്നതിൽ തെറ്റില്ലെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. ഇത് അംഗീകരിക്കണമെങ്കിൽ വീണ്ടും മുതിർന്ന നേതാക്കളുടെ യോഗം ചേരണം. അതിന് ശേഷം കെ എസ് യു നേതൃത്വത്തിലും ചർച്ച ചെയ്യണം. എന്നാൽ ഒരിക്കൽ തീരുമാനിച്ച മാനദണ്ഡം മാറ്റുന്നതിനോട് പലർക്കും താൽപ്പര്യക്കുറവുണ്ട്. ഈ സാഹചര്യത്തിലാണ് കെ എസ് യു പുനഃസംഘടന നീളുന്നത്. മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് കോൺഗ്രസിൽ ഐക്യം കൊണ്ടു വരാനായിരുന്നു കോഴിക്കോട്ടെ ചിന്തൻ ശിബിരത്തിലെ ആഹ്വാനം. അത് കെ എസ് യു പുനഃസംഘടന അട്ടിമറിക്കുമോ എന്ന സംശയം സജീവമായി ഉയരുന്നുണ്ട്.

2022 ജൂലൈ 5 .ന് തിരുവനന്തപുരം കെപിസിസി ഓഫീസിൽ ചേർന്ന കെ.എസ്.യു സംസ്ഥാന കമ്മിറ്റി യോഗത്തിൽ കെപിസിസി പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ കെ.എസ്.യു പു:നസംഘടന സംബന്ധിച്ചുള്ള ചർച്ചകളുടെ അടിസ്ഥാനത്തിൽ കൈക്കൊണ്ട തീരുമാനങ്ങളും, നിർദ്ദേശങ്ങളും അംഗീകരിക്കണമെന്ന നിലപാട് കെ എസ് യുവിലെ ഭൂരിഭാഗത്തിനുമുണ്ട്. പ്രവർത്തന മികവ് അടിസ്ഥാന മാനദണ്ഡമാക്കി മാത്രമാകണം പുതിയ ഭാരവാഹികളെ നിശ്ചയിക്കേണ്ടതെന്നും 1994 ജനുവരി 1ന് ശേഷം ജനിച്ചവരെ പു:നസംഘടനയിൽ പരിഗണിക്കണംമെന്നതുമാണ് അതിലും പ്രധാനം. വിവാഹം പു:നസംഘടനാ മാനദണ്ഡമാക്കരുത് എന്നും തീരുമാനിച്ചു. ഇക്കാര്യത്തിൽ മൂന്ന് ഭാരവാഹികൾ തീരുമാനത്തോട് വിയോജിപ്പ് രേഖപ്പെടുത്തുകയും, രണ്ട് പേർ അഭിപ്രായം രേഖപ്പെടുത്താതിരിക്കുകയും ചെയ്തുവെന്നും പറയുന്നു.

അടിയന്തിരമായി പുനഃസംഘടനാ നടപടികൾ പൂർത്തീകരിച്ച് മുഴുവൻ ഭാരവാഹികളെയും ഒരുമിച്ച് പ്രഖ്യാപിക്കണമെന്നതാണ് മറ്റൊരു ആവശ്യം. പ്രവർത്തന ഫണ്ട് ശേഖരണവും,പ്രാദേശിക യൂണിറ്റ് കമ്മിറ്റി രൂപീകരണവും നിർബന്ധമായും പു:നസംഘടനയിൽ ബാധകമാകുമെന്നും കെ എസ് യു സംസ്ഥാന കമ്മറ്റി തീരുമാനിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP