Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിഴിഞ്ഞത്ത് മത്സ്യബന്ധന ബോട്ടുകളിൽ ജോലി വാദ്ഗാനം ചെയ്ത് റോഹിൻഗ്യൻ അഭയാർത്ഥികളെ ഏജന്റുമാർ സജീവം; രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അഭയാർത്ഥികൾ കൂട്ടത്തോടെ കേരളത്തിലേക്ക് എത്തുമെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്; കടലിൽ നിരീക്ഷണം ശക്തമാക്കാൻ കേന്ദ്ര ഏജൻസികൾ

വിഴിഞ്ഞത്ത് മത്സ്യബന്ധന ബോട്ടുകളിൽ ജോലി വാദ്ഗാനം ചെയ്ത് റോഹിൻഗ്യൻ അഭയാർത്ഥികളെ ഏജന്റുമാർ സജീവം; രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അഭയാർത്ഥികൾ കൂട്ടത്തോടെ കേരളത്തിലേക്ക് എത്തുമെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്; കടലിൽ നിരീക്ഷണം ശക്തമാക്കാൻ കേന്ദ്ര ഏജൻസികൾ

സായ് കിരൺ

തിരുവനന്തപുരം: വിഴിഞ്ഞത്ത് മത്സ്യബന്ധന ബോട്ടുകളിൽ ജോലി വാദ്ഗാനം ചെയ്ത് റോഹിൻഗ്യൻ അഭയാർത്ഥികളെ വലവീശി കേരളത്തിലെത്തിക്കുന്ന ഏജന്റുമാർ സജീവം. ഹൈദരാബാദിലെയും മറ്റും അഭയാർത്ഥി ക്യാമ്പിൽ നിന്നാണ് പ്രധാനമായും ഇവരെ എത്തിക്കുന്നത്. നേരത്തേ ഹൈദരാബാദിലെ അഭയാർത്ഥി ക്യാമ്പിൽ നിന്ന് തലസ്ഥാനത്തെത്തിയ അഞ്ചംഗ റോഹിൻഗ്യൻ കുടുംബത്തെ പൊലീസ് മടക്കി അയച്ചിരുന്നു. ഐക്യരാഷ്ട്ര സഭയുടെ അഭയാർത്ഥി തിരിച്ചറിയൽ കാർഡ് ഇവരുടെ കൈവശമുണ്ടായിരുന്നു. ഇവർക്ക് ഹൈദരാബാദ് നഗരപരിധിക്ക് പുറത്തുപോകാൻ അനുവാദമില്ല. കേരളത്തിലേക്ക് റോഹിൻഗ്യൻ അഭയാർത്ഥികൾ ട്രെയിനിൽ കൂട്ടത്തോടെ എത്തുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് റോഹിങ്യൻ അഭയാർത്ഥികൾ കൂട്ടത്തോടെ കേരളത്തിലേക്ക് എത്തുമെന്നാണ് മുന്നറിയിപ്പ്. ഹൈദരാബാദിൽ 1755 റോഹിങ്യൻ അഭയാർത്ഥികൾ താമസിക്കുന്നുണ്ട്. ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന മ്യാന്മാർ പ്രവിശ്യയായ രാഖൈനിലെ മുസ്ലിം ജനവിഭാഗം. 10ലക്ഷമാണ് ജനസംഖ്യ. മ്യാന്മറിലെ അരക്കൻ പ്രവിശ്യയിലെ ന്യൂനപക്ഷ വിഭാഗമായ റോഹിൻഗ്യകൾ പട്ടാളഭരണകൂടത്തിന്റെ വേട്ടയാടലിനെത്തുടർന്നാണ് ഇന്ത്യയിൽ അഭയാർത്ഥികളായെത്തിയത്. വംശീയകലാപത്തെതുടർന്ന് 30,000 അഭയാർത്ഥികൾക്ക് ഇന്ത്യ ഔദ്യോഗികമായി അഭയം നൽകിയിട്ടുണ്ട്.

ഒളിച്ച് അതിർത്തി കടക്കുന്നവർ പലമടങ്ങ് വരും. ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, പശ്ചിമബംഗാൾ, കേരളം, അസാം, ജമ്മുകാശ്മീർ, ന്യൂഡൽഹി എന്നിവിടങ്ങളിൽ അഭയാർത്ഥി ക്യാമ്പുകളുണ്ട്. കേരളത്തിൽ വയനാട്ടിലാണ് ക്യാമ്പ്. സുരക്ഷാഭീഷണിയെത്തുടർന്ന് അനധികൃത കുടിയേറ്റക്കാർക്കെതിരേ ഇന്ത്യ കർശന നടപടിയെടുക്കുന്നുണ്ട്. ബർദ്വാൻ സ്ഫോടനക്കേസിൽ ഖാലിദ് മുഹമ്മദ് എന്ന റോഹിൻഗ്യ അഭയാർത്ഥിയെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) പിടികൂടിയിട്ടുണ്ട്.

2013ജൂൺ 17ന് രാത്രി സ്ത്രീകളും കുട്ടികളുമടക്കം അഞ്ച് കുടുംബങ്ങളിലെ 26 അഭയാർത്ഥികൾ തിരുവനന്തപുരത്ത് എത്തിയിരുന്നു. വയനാട്ടിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസിലെത്തിയ സംഘത്തെ തിരുവനന്തപുരത്ത് ഇറങ്ങാൻ അനുവദിക്കാതെ മടക്കിഅയയ്ക്കുകയായിരുന്നു. വയനാട്ടിൽ നിന്ന് ജോലിതേടിയെത്തിയതാണെന്നാണ് അഭയാർത്ഥികളുടെ മൊഴി. അഭയാർത്ഥി സംഘത്തെ പൊലീസ് കാവലിൽ മറ്റൊരു കെ.എസ്.ആർ.ടി.സി ബസിൽ വയനാട്ടിലേക്ക് മടക്കി അയയ്ക്കുകയായിരുന്നു.

അഭയാർത്ഥികളെ ജോലി വാഗ്ദാനം ചെയ്ത് തിരുവനന്തപുരത്ത് എത്തിച്ചവരെക്കുറിച്ച് ഐ.ബി അന്വേഷണം നടത്തിയിരുന്നു. പിന്നീട് 2018ലും അഭയാർത്ഥികളെത്തി. ഇടയ്ക്കിടെ അഭയാർത്ഥികളെ പിടികൂടി പൊലീസ് തിരിച്ച് അയയ്ക്കുന്നുണ്ട്. മ്യാന്മറിൽ നിന്ന് വനാതിർത്തിയിലൂടെ ഇന്ത്യയിലേക്ക് കടന്ന റോഹിങ്യകൾ ജമ്മുകാശ്മീരിലും ഡൽഹിയിലും കഴിഞ്ഞശേഷമാണ് 2016ൽ ഹൈദരാബാദിലെ ക്യാമ്പിലെത്തിയത്. അവിടെ ജോലി ചെയ്തിട്ടും ശമ്പളമൊന്നും കിട്ടാത്തതിനാലാണ് ഇങ്ങോട്ട് വന്നത്. ഐക്യരാഷ്ട്ര സഭയുടെ അഭയാർത്ഥി കാർഡ് കൈയിലുണ്ട്. ഇവരുടെ കൈവശം ഇന്ത്യൻ വിസ ഇല്ല.

കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ അനധികൃതമായി സംസ്ഥാനത്ത് താമസിച്ചിരുന്ന ബംഗ്ലാദേശികളിൽ 70 പേരെ അറസ്റ്റ് ചെയ്തെന്ന് കേരളം അടുത്തിടെ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. ഇതിൽ 57 പേരെ ബംഗ്ലാദേശിലേക്ക് തന്നെ നാടുകടത്തി. 13 പേരെ നാടുകടത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായും കേരളം അറിയിച്ചു. 12 റോഹിൻഗ്യൻ അഭയാർത്ഥികളും 214 പാക്കിസ്ഥാൻ പൗരന്മാരും കേരളത്തിൽ താമസിക്കുന്നുണ്ടെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

റോഹിൻഗ്യൻ അഭയാർഥികളുമായി ബന്ധപ്പെട്ട കേസിൽ ഫയൽ ചെയ്ത റിപ്പോർട്ടിലാണ് സംസ്ഥാനത്തുനിന്ന് നാടുകടത്തിയ ബംഗ്ലാദേശി പൗരന്മാരുടെ വിശദാംശങ്ങളുള്ളത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്ന് നിരവധിപേർ തൊഴിൽ തേടി കേരളത്തിലേക്ക് എത്തുന്നുണ്ട്. ഇതിൽ ബംഗ്ലാദേശ്, മ്യാന്മാർ എന്നിവിടങ്ങളിൽ നിന്ന് അനധികൃതമായി രാജ്യത്തേക്ക് കടന്നവർ ഉണ്ടോ എന്ന് കണ്ടെത്താനുള്ള കർശന പരിശോധനകൾ നടത്തുന്നുണ്ട്. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി, അവരെ നാടുകടത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായും കേരളം കോടതിയെ അറിയിച്ചു.

മ്യാന്മറിൽ നിന്നുള്ള 12 റോഹിൻഗ്യൻ അഭയാർത്ഥികൾ നിലവിൽ കേരളത്തിൽ ഉണ്ട്. വയനാട് ജില്ലയിലെ മുട്ടിലിൽ ആണ് ഇവർ രണ്ട് കുടുംബങ്ങളിലായി താമസിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ അഭയാർത്ഥികൾക്കായുള്ള രജിസ്ട്രേഷൻ ഇവർക്കുണ്ട്. നാല് പേരുടെ രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടും കോവിഡും കാരണം ഇവർക്ക് രജിസ്ട്രേഷൻ പുതുക്കാൻ ചെന്നൈയിലേക്ക് പോകാൻ കഴിയുന്നില്ല. ഇവരുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ ജില്ലാ പൊലീസ് മേധാവിയോട് നിർദേശിച്ചിട്ടുണ്ടെന്നും സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.

ഇതുവരെ ദേശവിരുദ്ധ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. മുട്ടിലിന് സമീപം തന്ത്‌റപ്രധാനമായ സ്ഥാപനങ്ങൾ ഇല്ലെന്നും കേരളം വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ കേരളത്തിൽ 214 പാക്കിസ്ഥാൻ പൗരന്മാരാണുള്ളത്. ഇതിൽ 94 പേർ ഔട്ട് ഓഫ് വ്യൂ വിഭാഗത്തിൽ പെട്ടവരാണ്. 107 പാക്കിസ്ഥാൻ പൗരന്മാരുടെ ദീർഘകാല വിസയ്ക്കായുള്ള അപേക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്നും സംസ്ഥാനം സർക്കാർ കോടതിയെ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP