Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വർഗ്ഗത്തിലെ വേക്കൻസിക്ക് അഡ്വാൻസ് വാങ്ങിയ ജോസഫ് പൊന്നാറ; കോവിഡ് കാലത്ത് ലോകാവസാനം പ്രവചിച്ച പിൻഗാമിയും; വിശുദ്ധ ശിശുവിലെ കള്ളത്തരം യൂട്യൂബിലൂടെ പൊളിച്ച അജിൽ മാത്യുവിനായി ഒരുക്കിയത് ബസിൽ കഞ്ചാവ് ചതി; ജോസഫ് മാത്യുവിന്റെ യുക്തി പൊളിച്ചത് മുരിയാട്ടെ എംപറർ ഇമ്മാനുവേലിലെ ഗൂഢാലോചന

സ്വർഗ്ഗത്തിലെ വേക്കൻസിക്ക് അഡ്വാൻസ് വാങ്ങിയ ജോസഫ് പൊന്നാറ; കോവിഡ് കാലത്ത് ലോകാവസാനം പ്രവചിച്ച പിൻഗാമിയും; വിശുദ്ധ ശിശുവിലെ കള്ളത്തരം യൂട്യൂബിലൂടെ പൊളിച്ച അജിൽ മാത്യുവിനായി ഒരുക്കിയത് ബസിൽ കഞ്ചാവ് ചതി; ജോസഫ് മാത്യുവിന്റെ യുക്തി പൊളിച്ചത് മുരിയാട്ടെ എംപറർ ഇമ്മാനുവേലിലെ ഗൂഢാലോചന

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: യൂട്യൂബറെ കഞ്ചാവ് കേസിൽ കുടുക്കാൻ ക്വട്ടേഷൻ നൽകിയത് തൃശൂർ മൂരിയാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന എംപറർ ഇമാനുവൽ ഗ്രൂപ്പെന്ന നിഗമനത്തിൽ കർണ്ണാടക പൊലീസ്. കോഴിക്കോട് സ്വദേശിയായ അജിൽ മാത്യുവാണ് ഗൂഢാലോചനയിൽ നിന്ന് രക്ഷപ്പെട്ടത്. ഈ കേസിൽ അറസ്റ്റിലായവരിൽ നിന്ന് മറ്റ് ചില നിർണ്ണായക വിവരങ്ങളും കർണ്ണാടക പൊലീസിന് കിട്ടി. എംപറർ ഇമാനുവൽ ഗ്രൂപ്പിനൊപ്പം മുമ്പ് പ്രവർത്തിച്ച മറ്റൊരാളെ കൊലപ്പെടുത്താനുള്ള ക്വട്ടേഷൻ വിവരങ്ങളാണ് ഇത്. സംഘടനയിൽ നിന്നും പിണങ്ങി പോയ ഇയാളുടെ പക്കൽ നിരവധി തെളിവുകളുണ്ടെന്ന കണക്കൂകൂട്ടലിലാണ് കൊല ക്വട്ടേഷൻ.

തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കടുക്ക് അടുത്ത് മുരിയാട്ടെ എംപറർ ഇമ്മാനുവേൽ എന്ന വിശ്വാസപ്രസ്ഥാനവും ആവരടെ സിയോൻ സഭയും ഏറെ വിവാദങ്ങളിലൂടെയാണ് വാർത്തകളിൽ ഇടം നേടിയിരുന്നത്. ഭൂമിയിൽനിന്നു കൊണ്ട് സ്വർഗത്തിലെ സീറ്റ് കച്ചവടം ചെയ്യുകയാണിവർ എന്ന ആരോപണം ഉയർന്നിരുന്നു. മരിച്ചപോയ തങ്ങളുടെ സഭാധ്യക്ഷ ജോസഫ് പൊന്നാറ ഉയർത്തെഴുനേറ്റുവെന്ന് പറഞ്ഞാണ് മുതലെടുപ്പ് തുടങ്ങിയത്. കോവിഡ് കാലത്ത് പലതും പറഞ്ഞു. ലോകാവസാനം എത്തിയെന്നു പോലും പ്രചരിച്ചു. ഇതിനിടെ അജിൽ മാത്യുവിനെ പോലുള്ളവർ സഭയിലെ അസ്വാഭാവികതകൾ മനസ്സിലാക്കി. സഭയിൽ നിന്ന് അകന്നു. ഇതിന്റെ പ്രതികാരമാണ് കഞ്ചാവ് കേസിൽ കുടുക്കി അകത്തിടാനുള്ള ക്വട്ടേഷൻ. അതിസമർത്ഥമായാണ് ഇതിന് അവർ കരുക്കൾ നീക്കിയത്.

സഭയിൽ നിന്ന് വിട്ടു മാറിയ ശേഷം യൂട്യൂബിലൂടെ ചില സംശയങ്ങൾ ചർച്ചയാക്കി. ഇതിനെതിരെ നിയമ നടപടിയൊന്നും അവർ സ്വീകരിച്ചില്ല. കോടതിയിൽ പോയാൽ തിരിച്ചടിയാകുമെന്ന വിലയിരുത്തലിൽ ആയിരുന്നു അത്. എന്നാൽ സത്യം പറഞ്ഞ പഴയ സഹപ്രവർത്തകനെ ഇല്ലാതാക്കാൻ കരുനീക്കം നടത്തിയ അവിടെയുള്ള ചിലർ. എല്ലാ സംശയവും ഉയരുന്നത് ഈ ഗ്രൂപ്പിലെ പ്രധാനിയായ വനിതയ്ക്ക് നേരെയാണ്. ഏതായാലും കർണ്ണാടക പൊലീസിന്റെ നീതി ബോധമാണ് ഈ കഥയിലെ കള്ളനെ കണ്ടെത്തിയത്. ഇത്തരമൊരു ചതി അജിൽ മാത്യുവും പ്രതീക്ഷിച്ചിരുന്നില്ല. കർണ്ണാടക പൊലീസിലെ മലയാളിയായ ജോസഫ് മാത്യുവാണ് അജിൽ മാത്യുവിന്റെ നിരപാധിത്വം കണ്ടെത്താൻ മുന്നിൽ നിന്നത്.

സ്വർഗ്ഗത്തിൽ ഒരു ലക്ഷത്തിൽ അധികം ഒഴിവുണ്ടെന്നും അതിന് ബുക്കിംഗിനായി ഒരു ലക്ഷം രൂപ വാങ്ങുകയും ചെയ്ത ഗ്രൂപ്പാണ് തട്ടിപ്പിന് പിന്നിൽ. ഇങ്ങനെ സ്വർഗത്തിന്റെ പേരിൽ തട്ടിപ്പു നടത്തിയവരാണ് ഭൂമിയിൽ എതിരാളികളെ ഇല്ലായ്മ ചെയ്യാൻ ക്വട്ടേഷൻ നൽകിയതെന്നതാണ് വസ്തുത.

സിസിടിവിയുണ്ടോ എന്ന് മറ്റൊരാൾ അന്വേഷിച്ചത് നിർണ്ണായകമായി

യുട്യൂബ് വീഡിയോയിലൂടെ മുരിയാട്ടെ എംപറർ ഇമ്മാനുവേൽ എന്ന ഗ്രൂപ്പിലെ കള്ളക്കളികൾ ചർച്ചയാക്കി അജിൽ മാത്യൂവിനെ തന്ത്രപരമായാണ് കുടുക്കാൻ ശ്രമിച്ചത്. അജിൽ മാത്യു ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ വടക്കൻ കേരളത്തിലെ ബിസിനസ് ചെയ്യാൻ താൽപ്പര്യം അറിയിച്ച് കമ്പനിയിലേക്ക് ഒരു വിളി വരുന്നു. ഏതൊരു സ്ഥാപനവും ചെയ്യുന്നതു പോലെ അജിൽ മാത്യുവിനെ ബന്ധപ്പെടാൻ ആയിരുന്നു അവർക്ക് കമ്പനി നൽകിയ നിർദ്ദേശം. കമ്പനിയിൽ നിന്നും കിട്ടിയ ഫോൺ നമ്പറിൽ അജിൽ മാത്യു തന്നെ വിളിച്ചു. നിസാർ എന്ന ആളിന് ബിസിനസ്സ് ചെയ്യാൻ ആഗ്രമുണ്ടെന്നും കാണാമെന്നും അറിയിച്ചു. ഇത് അനുസരിച്ച് അയാൾക്ക് മുമ്പിൽ കമ്പനിയുടെ രീതികൾ വിശദീകരിക്കാൻ അജിൽ മാത്യു എത്തി.

കാസർഗോട്ടേക്കായിരുന്നു ആദ്യ യാത്ര. വിശാലമായി ഓഫീസിലെ മീറ്റിങ് പ്രതീക്ഷിച്ചെത്തിയ അജിൽ മാത്യുവിനെ ഇന്നോവാ കാറിൽ ഇരുത്തിയാണ് ബിസിനസ്സിലെ വിശാദംശങ്ങൾ നിസാർ ചോദിച്ച് മനസ്സിലാക്കിയത്. ഷിമോഗയിലാണ് തന്റെ താവളമെന്നും അവിടെ വിശദ ചർച്ച നടത്താമെന്നും നിസാർ അറിയിച്ചു. ഇക്കാര്യം തന്റെ കമ്പനിയെ അജിൽ മാത്യു അറിയിച്ചു. ഇതോടെ കർണ്ണാടകയിൽ പോകേണ്ടെന്നും ബംഗ്‌ളൂരുവിൽ നിന്നുള്ള ജീവനക്കാരനെ ഷിമോഗയിലേക്ക് വിടാമെന്നും കമ്പനി നിലപാട് എടുത്തു. ഇത് അജിൽ മാത്യു ആശ്വാസമായി കണ്ടു. എന്നാൽ വടക്കൻ കേരളത്തിലാണ് ബിസിനസ് തുടങ്ങാൻ താൽപ്പര്യമെന്നും അജിൽ മാത്യു തന്നെ ഷിമോഗയിൽ എത്തണമെന്നും കമ്പനിയിൽ നിസാർ സമ്മർദ്ദം ചെലുത്തി. ഇതോടെ അജിൽ മാത്യുവിന് ഷിമോഗാ യാത്രയ്ക്ക് കമ്പനി അനുമതിയും നൽകി.

കോഴിക്കോട് നിന്ന് തീവണ്ടിയിൽ മംഗളൂരുവിൽ എത്തി അവിടെ നിന്ന് സ്വകാര്യ ബസിൽ ഷിമോഗയ്ക്കാണ് പദ്ധതി ഇട്ടത്. തന്റെ യാത്രാ വഴിയെ പറ്റി മുൻകൂട്ടി നിസാറിനെ അറിയിക്കുകയും ചെയ്തു. അങ്ങനെ മംഗ്ലൂരുവിൽ രാത്രി എട്ടു മണിയോടെ എത്തിയ അജിൽ ഷിമോഗയ്ക്കുള്ള ബസിൽ കയറി. രാത്രിയായതോടെ ഉറക്കത്തിലായി. അർദ്ധ രാത്രിയായപ്പോൾ ചില പൊലീസുകാർ ഈ ബസിലേക്ക് ഇരച്ചു കയറി. പരിശോധനയിൽ കണ്ടെത്തിയത് രണ്ടര കിലോ കഞ്ചാവായിരുന്നു. അതും അജിലിന്റെ സീറ്റിന് മുകളിൽ നിന്ന്. ഇതോടെ എല്ലാ യാത്രക്കാരുടേയും ഐഡികാർഡുകൾ പൊലീസ് വാങ്ങി. ഇതിൽ അജിലിന്റെ ഐഡികാർഡ് കണ്ടപ്പോൾ താങ്കളാണ് കഞ്ചാവുമായി യാത്ര ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

ഇതോടെ തന്നെ താൻ കഞ്ചാവ് കൊണ്ടു വന്നിട്ടില്ലെന്ന് അജിൽ അവരെ അറിയിച്ചു. ബസിൽ സിസിടിവിയുണ്ടെന്നും അത് പരിശോധിച്ചാൽ സത്യം തെളിയുമെന്നും അറിയിച്ചു. എന്നാൽ ബസിൽ സിസിടിവി ഉണ്ടെങ്കിലും പ്രവർത്തന രഹിതമായിരുന്നു. ഇതിനിടെയാണ് രക്ഷകനായി ജോസഫ് മാത്യു എന്ന പൊലീസുകാരൻ എത്തുന്നത്.

പേരില്ലാ എഫ് ഐ ആർ ഇട്ടതും നീതി ബോധം

ഈ ബസിലെ കണ്ടക്ടർ ജോസഫ് മാത്യുവിനോട് നടത്തിയ വെളിപ്പെടുത്തലാണ് നിർണ്ണായകമായത്. ബസിലെ ഒരു യാത്രക്കാരൻ കയറും മുമ്പ് സിസിടിവി ഉണ്ടോ എന്ന് തിരക്കിയതായി കണ്ടക്ടർ അറിയിച്ചു. ഇയാൾ ഇടയ്ക്ക് ഇറങ്ങിയെന്നും പറഞ്ഞു. ഇത് ജോസഫ് മാത്യുവിന്റെ മനസ്സിൽ സംശയമായി. എങ്കിലും അജിലിനെ അവർ വിട്ടില്ല. പൊലീസിനൊപ്പമായി പിന്നീട് അജിലിന്റെ യാത്ര. നിസാറുമായുള്ള ചർച്ചയുടെ വിവരവും മറ്റും വിശദീകരിച്ചു. ഇവർ തമ്മിലെ ഫോൺ സംഭാഷണവും കേൾപ്പിച്ചു. ഇതോടെ അജിലിന്റെ വാക്കുകളിൽ സത്യമുണ്ടെന്ന് അവർ കരുതി. ഷിമോഗയിലേക്കാണ് കൊണ്ടു വന്നത്.

ഷിമോഗയിൽ എത്തിയാൽ നിസാറിനെ വിളിക്കണമെന്നും വണ്ടി വരുമെന്നും ദുർഗാ ഇന്റർനാഷണൽ എന്ന ഹോട്ടലിൽ പോയി വിശ്രമിക്കണമെന്നും ആയിരുന്നു അജിലിന് കിട്ടിയിരുന്ന നിർദ്ദേശം. ഇത് പാലിച്ച് ഷിമോഗയിൽ എത്തിയ പൊലീസ് അജിലിനെ കൊണ്ട് നിസാറിനെ വിളിപ്പിച്ചു. മറ്റൊരു ഇടനിലക്കാരനേയും ഫോൺ ചെയ്തു. രണ്ടും സ്വിച്ച് ഓഫ്. ഇതിനൊപ്പം പൊലീസിന് ബസിൽ കഞ്ചാവുമായി ഒരാൾ എത്തുന്നുണ്ടെന്നും അയാൾ മലയാളിയാണെന്നും സീറ്റ് നമ്പറും അടക്കം നൽകിയ ആളിന്റെ ഫോണിലേക്കും വിളിച്ചു. ഇതും സ്വിച്ച് ഓഫ്. അതോടെ തന്നെ പിന്നിൽ ചതിയുണ്ടെന്ന് പൊലീസിനും മനസ്സിലാക്കി. കഞ്ചാവ് പിടിച്ച കേസിൽ എഫ് ഐ ആർ ഇട്ടു. പക്ഷേ പ്രതിസ്ഥാനത്ത് ആരുടേയും പേരുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അജിൽ പ്രതിയുമായില്ല.

അപ്പോഴും കേസിൽ തുമ്പൊന്നും ആർക്കുമുണ്ടായിരുന്നില്ല. ഇതിനിടെ ഒരാൾ ജോസഫ് മാത്യുവിന്റെ ഫോണിലേക്ക് വിളിച്ചു. അജിലിനെ പിടിച്ചോ എന്നും അറസ്റ്റ് ചെയ്‌തോ എന്നും മാധ്യമങ്ങൾക്ക് മുമ്പിൽ ഹാജരാക്കിയോ എന്നും തിരക്കി. ഇത് അസ്വാഭാവികമായി ജോസഫ് മാത്യുവിന് തോന്നി. പിന്നീടും ഇയാൾ വിളിച്ചു. ഡിവൈഎസ് പി കൈക്കൂലി വാങ്ങുമോ എന്നതായി അന്വേഷണം. ഇതോടെ ഇയാളെ തന്ത്രത്തിൽ കാര്യങ്ങൾ പറഞ്ഞ് വീഴ്‌ത്തി നേരിട്ടെത്താൻ നിർദ്ദേശിച്ചു. അത് അക്ഷരം പ്രതി അയാൾ അനുസരിച്ചു. ഇതോടെ കള്ളക്കളിയും പൊളിഞ്ഞു. എത്തിയ ആളിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. ഇതോടെ സംഭവത്തിന് പിന്നിലെ ഗൂഢാലോചന മുഴുവൻ പുറത്തു വരികയും ചെയ്തു.

അങ്ങനെയാണ് ഷിമോഗാ സ്വദേശികളായ അലക്‌സാണ്ടർ, എഎസ് ഐ വിൽസൺ, അഫ് റോസ് എന്നിവർ പിടിയിലായത്. എ എസ് ഐയായിരുന്നു അജിലിന്റെ സീറ്റിന് മുകളിൽ കഞ്ചാവ് വച്ചതെന്നതാണ് ഞെട്ടിക്കുന്ന വസ്തുത.

മംഗലാപുരത്ത് നിന്ന് തുടങ്ങി പിന്തുടരൽ

തന്റെ യാത്രാ വഴിയെ കുറിച്ച് ഷിമോഗിയിലുള്ള നിസാറിനോട് അജിൽ വ്യക്തമായി പറഞ്ഞിരുന്നു. ഇത് മനസ്സിലാക്കിയാണ് കരുനീക്കം തുടങ്ങിയത്. എഎസ് ഐയായിരുന്ന വിൽസൺ ഇതേ ബസിൽ യാത്രക്കാരനായി. രാത്രിയിൽ എല്ലാവരും ഉറങ്ങുമ്പോൾ കൈയിലുള്ള കഞ്ചാവ് ബാഗ് അജിലിന്റെ സീറ്റിന് മുകളിൽ വച്ചു. അതിന് ശേഷം അടുത്ത സ്‌റ്റോപ്പിൽ ഇറങ്ങി. ഇതിന് വേണ്ടിയായിരുന്നു ബസിൽ സിസിടിവിയുണ്ടോ എന്ന് കയറുമ്പോൾ കണ്ടക്ടറോട് ഇയാൾ ചോദിച്ചത്. സിസിടിവി പ്രവർത്തന രഹിതമെന്ന് ഉറപ്പായതോടെ എല്ലാം എളുപ്പമായി.

ബസിൽ നിന്ന് ഇറങ്ങിയ ശേഷം ഇയാൾ തന്നെ പൊലീസിനെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു. തെറ്റായ വിവരങ്ങൾ കൈമാറി. അജിൽ കഞ്ചാവുമായി ബസിൽ വരുന്നുണ്ടെന്നും അറിയിച്ചു. ഇതോടെയായിരുന്നു പൊലീസ് റെയ്ഡ്. ചോദ്യം ചെയ്യലിൽ ഇടനിലക്കാരനായ വിൽസൺ എല്ലാം സമ്മതിച്ചു. പൊലീസുകാരനായ ഇയാളും മുരിയാട്ടെ എംപറർ ഇമ്മാനുവേൽ ഗ്രൂപ്പിലെ അംഗമായിരുന്നു എന്നാണ് സൂചന. അലക്‌സാണ്ടർ, അഫ് റോസ് എന്നിവരുടെ ഫോൺ പരിശോധനയിലാണ് നിർണ്ണായക തെളിവുകൾ കിട്ടയത്. ഇവരുടെ ഫോണിലായിരുന്നു മുരിയാട്ടെ എംപറർ ഇമ്മാനുവേൽ സെന്റർ വിട്ട മറ്റൊരു പ്രമുഖനെ കൊല്ലാനുള്ള ക്വട്ടേഷൻ പദ്ധതിയും ഉണ്ടായിരുന്നത്.

മംഗളൂരുവിൽ നിന്ന് ബല്ലാരി വഴി ഷിമോഗയിലേക്ക് പോകുന്ന ബസിലായിരുന്നു അജിലിന്റെ യാത്ര. വിൽസണും അലക്‌സാണ്ടറും ചേർന്നാണ് ഗൂഢാലോചന നടത്തിയെന്ന് കണ്ടെത്തിയതായി ഷിമോഗ എസ് പി ബിഎം ലക്ഷ്മി പ്രസാദും അറിയിച്ചു. വിൽസണിന്റെ അക്കൗണ്ടിലേക്ക് ഒരു ലക്ഷം രൂപയാണ് അലക്‌സാണ്ടർ ട്രാൻസഫർ ചെയ്തത്. ജൂലൈ 17നായിരുന്നു ബസിലെ റെയ്ഡ്. എല്ലാം വ്യക്തമാക്കി എസ് പി പത്രസമ്മേളനം നടത്തിയത് ജൂലൈ 25നും. കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്

സജു ഫ്രാൻസിസിനെ കൊല്ലാനുള്ള ഗൂഢാലോചനയാണ് കണ്ടെത്തിയതെന്നും എസ് പി അറിയിച്ചു. അഫ്രോസ് അഹമ്മദിനെയാണ് ക്വട്ടേഷൻ ഏൽപ്പിച്ചത്. ഇതിന് വേണ്ടി 80,000 രൂപ കൈമാറിയെന്നാണ് കണ്ടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP