Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാർ പലവിധ പിരിവുകളുമായി സർക്കാർ; 10 ലക്ഷത്തിലേറെ ചെലവുള്ള സ്വകാര്യ കെട്ടിടങ്ങളിൽ നിന്ന് ഒരു ശതമാനം സെസ് പിരിക്കും; പിരിക്കുക നിർമ്മാണ തൊഴിലാളി ക്ഷേമനിധി സെസ് എന്ന പേരിൽ; 1996ന് ശേഷം നിർമ്മിച്ച 100 ചതുരശ്ര മീറ്ററിന് മുകളിലുള്ള കെട്ടിടങ്ങൾക്ക് നോട്ടീസുകൾ അയച്ചു തുടങ്ങി തദ്ദേശ സ്ഥാപനങ്ങൾ

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാർ പലവിധ പിരിവുകളുമായി സർക്കാർ; 10 ലക്ഷത്തിലേറെ ചെലവുള്ള സ്വകാര്യ കെട്ടിടങ്ങളിൽ നിന്ന് ഒരു ശതമാനം സെസ് പിരിക്കും; പിരിക്കുക നിർമ്മാണ തൊഴിലാളി ക്ഷേമനിധി സെസ് എന്ന പേരിൽ; 1996ന് ശേഷം നിർമ്മിച്ച 100 ചതുരശ്ര മീറ്ററിന് മുകളിലുള്ള കെട്ടിടങ്ങൾക്ക് നോട്ടീസുകൾ അയച്ചു തുടങ്ങി തദ്ദേശ സ്ഥാപനങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് മുന്നോട്ടു പോകുന്നത്. ജിഎസ്ടി ഗ്രാന്റ് സംവിധാനം കേന്ദ്രം അവസാനിപ്പിച്ചതും കടമെടുക്കൽ പരിധി കുറച്ചതുമാണ് കേരളത്തിന്റെ പദ്ധതികളെ എല്ലാം അവതാളത്തിലായത്. ഇതിനെ മറികടക്കാൻ വേണ്ടിയുള്ള പരിശ്രമങ്ങൾ എന്തൊക്കെ വേണം എന്നതിലും കാര്യമായ വ്യക്തത സർക്കാറിനില്ലെന്നതാണ് വാസ്തവം. തദ്ദേശ സ്ഥാപനങ്ങൾ ആകട്ടെ പദ്ധതി വിഹിതം പോലും ലഭിക്കാത്ത വിധത്തിൽ പ്രതിസന്ധിയിലാണ് താനും. ഇതിനെല്ലാം ഇടയിലാണ് സർക്കാർ ഖജനാവലേക്ക് പണം എത്തിക്കാൻ ചില വിദ്യകളുമായി രംഗത്തെത്തിയിരിക്കുന്നത്.

കെട്ടിട നികുതി പിരിവ് അടക്കം കാര്യക്ഷമമാക്കാൻ ശ്രമിക്കുന്ന സർക്കാർ ഇറക്കിയ പുതിയ ഓർഡർ സ്വകാര്യ കെട്ടിട ഉടമകൾക്ക് തിരിച്ചടിയാകുകയാണ്. 10 ലക്ഷം രൂപയിലേറെ ചെലവഴിച്ചു സ്വകാര്യ കെട്ടിടങ്ങൾ നിർമ്മിച്ചാൽ ഉടൻ തന്നെ ഒരു ശതമാനം നിർമ്മാണ തൊഴിലാളി ക്ഷേമനിധി സെസ് അടക്കാനാണ് സർക്കാർ നിർദ്ദേശം. ഇതിനായി ഓൺലൈനായി തദ്ദേശസ്ഥാപനങ്ങൾ വഴി പിരിച്ചെടുക്കാൻ സംസ്ഥാന സർക്കാർ നടപടി ആരംഭിച്ചിട്ടുണ്ട്.

കെട്ടിടനിർമ്മാണ ഫീസ് അടയ്ക്കുന്ന തദ്ദേശസ്ഥാപനങ്ങളുടെ സോഫ്റ്റ്‌വെയർ ഇതിനായി ഇൻഫർമേഷൻ കേരള മിഷൻ (ഐകെഎം) രണ്ടു മാസത്തിനകം പരിഷ്‌കരിക്കും. കെട്ടിട്ം ട്ടിട നിർമ്മാണം പൂർത്തിയാകുന്ന മുറയ്ക്ക് തുക തദ്ദേശസ്ഥാപനങ്ങൾ വഴി പിരിച്ചെടുത്ത് തൊഴിലാളി ക്ഷേമനിധി ബോർഡിലേക്കു കൈമാറുകയും രസീത് കെട്ടിട ഉടമയ്ക്കു ഓൺലൈനായി ലഭിക്കുകയും ചെയ്യും. ഈ സെസ് അടച്ചാൽ മാത്രം തദ്ദേശസ്ഥാപനത്തിൽനിന്ന് കെട്ടിടനിർമ്മാണ പൂർത്തീകരണ സർട്ടിഫിക്കറ്റ് നൽകുന്ന തരം വ്യവസ്ഥകളും ഉൾക്കൊള്ളിക്കും.

കേന്ദ്രം കൊണ്ടുവന്ന നിർമ്മാണ തൊഴിലാളി ക്ഷേമനിധി സെസ് നിയമം പ്രകാരം 1995 മുതൽ തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഈ സെസ് പിരിവ് ഉണ്ടെങ്കിലും കാര്യക്ഷമമല്ല. സംസ്ഥാന നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പരിധിയിൽ വരുന്ന 20 ലക്ഷത്തോളം അംഗങ്ങളുടെ ക്ഷേമപദ്ധതികൾക്ക് ഉപയോഗിക്കാനാണു തുക. സെസ് പിരിവ് ഊർജിതമാക്കാൻ ഉന്നതതല ഉദ്യോഗസ്ഥ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

സാധാരണ ഗതിയിൽ കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് പണം നിർമ്മാണ തൊഴിലാളികളിൽ നിന്നും ഈടാക്കുകയാണ് വേണ്ടത്. എന്നാൽ, ഇതാണ് ഇപ്പോൾ കെട്ടിട ഉടമകളിൽ നിന്നും ഈടാക്കുന്നത്. അതേസമയം നിർമ്മാണ തൊഴിലാളി ക്ഷേമനിധി സെസ് നിയമത്തിലെ 2017ലെ പുതുക്കിയ മാനദണ്ഡങ്ങൾ പ്രകാരം 10 ലക്ഷത്തിൽ താഴെ നിർമ്മാണച്ചെലവുള്ളതും 100 ചതുരശ്ര മീറ്ററിൽ (1077 ചതുരശ്ര അടി) താഴെ വിസ്തീർണം ഉള്ളതുമായ ഗാർഹിക കെട്ടിടങ്ങൾക്ക് സെസ് ഇല്ല. 1995 നവംബർ 3നു മുൻപു നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടങ്ങളെയും ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.

നിലവിൽ സ്വകാര്യ കെട്ടിടം നിർമ്മിക്കുന്ന സമയത്ത് ലൈസൻസിനായി നിശ്ചിത ഫീസ് അടയ്ക്കണം. നിർമ്മാണം പൂർത്തിയായാൽ നിശ്ചിത നിരക്കിൽ ഒറ്റത്തവണ നികുതിയും 3000 ചതുരശ്ര അടിയിലേറെ കെട്ടിടം ആണെങ്കിൽ വർഷം തോറും ആഡംബര നികുതിയും റവന്യു വകുപ്പ് ഈടാക്കും. തദ്ദേശസ്ഥാപനങ്ങൾ വർഷം തോറും കെട്ടിട നികുതിയും (വസ്തുനികുതി) പിരിക്കുന്നു. ഇതിനു പുറമേയാണ് നിർമ്മാണ തൊഴിലാളി ക്ഷേമനിധി സെസ് പിരിവ്.

അതേസമയം 96ന് ശേഷം നിർമ്മിച്ച നിരവധി കെട്ടിട ഉടമകൾക്ക് അപ്രതീക്ഷിതമായി തിരിച്ചടിയാണ് ഈ സെസ് പിരിവ്. നിരവധി പേർക്ക് സെസ് അടക്കാൻ ആവശ്യപ്പെട്ടുള്ള നോട്ടീസ് നല്കി തുടങ്ങിയിട്ടുണ്ട്. സർക്കാറിന്റെ ഇപ്പോഴത്തെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മറികടക്കാനുള്ള ശ്രമമാണ് ഇതെന്ന വിമർശനം ഇതിനോടകം ഉയർന്നു കഴിഞ്ഞു. കോവിഡ് സാഹചര്യം അടക്കം പല കെട്ടിടങ്ങളും വാടകയ്ക്ക് പോലും വിട്ടു നൽകാത്ത അവസ്ഥയിലാണ് ഇപ്പോഴത്തെ അവസ്ഥ. ഇതിനിടെയാണ് അപതീക്ഷിതമായി അധിക ചെലവ് കെട്ടിടം ഉടമകൾക്ക് വരുന്നതും. സമാനമായ വിധത്തിൽ നിരവധി സെസു പിരിവുകൾ്ക്ക് സര്ക്കാർ പദ്ധതിയിടുന്നുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

അടിത്തിടെ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പദ്ധതിവിഹിതം അടക്കം നൽകാൻ സർക്കാർ തയ്യാറായില്ലെന്ന വിമർശനം ഉയർന്നിരുന്നു. തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകാനുള്ള പദ്ധതി വിഹിതം സർക്കാരിന്റെ കയ്യിലില്ലെന്ന് പ്രതിപക്ഷ നേതാവും ആരോപിച്ചിരുന്നു. നിബന്ധനകൾ വച്ച് തദ്ദേശ സ്ഥാപനങ്ങളുടെ അധികാരങ്ങൾ കവർന്നെടുക്കുകയാണ് സർക്കാർ ചെയ്യുന്നത്. സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ കൂടി തദ്ദേശ സ്ഥാപനങ്ങളുടെ തലയിൽ കെട്ടിവയ്ക്കുകയാണ്. ഗ്രാമസഭകൾക്കും വികസന സെമിനാറുകൽക്കും പ്രസക്തി ഇല്ലാതായിരിക്കുകയാണ്. തദ്ദേശ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. സംസ്ഥാനത്ത് നിലനിൽക്കുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുടെ ഏറ്റവും വലിയ അടയാളമാണ് പദ്ധതി വിഹിതം നൽകാതെ തദ്ദേശ സ്ഥാപനങ്ങളെ സർക്കാർ ശ്വാസം മുട്ടിക്കുന്നതെന്നും വി.ഡി.സതീശൻ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP