Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിൽ കണ്ടെത്തിയത് ദുരൂഹമായ കുഴികൾ; കൃത്യമായ അകലത്തിൽ, ഒരേ നിരയിലുള്ള കുഴികൾ ശാസ്ത്രലോകത്തിന് അദ്ഭുതമാകുന്നു; ഫേസ്‌ബുക്ക് ഉപയോക്താക്കളോട് അഭിപ്രായം ആരാഞ്ഞ് ശാസ്ത്രലോകം; പ്രകൃതിയിലെ മറ്റൊരു ദുരൂഹതക്ക് ഉത്തരം തേടുമ്പോൾ

അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിൽ കണ്ടെത്തിയത് ദുരൂഹമായ കുഴികൾ; കൃത്യമായ അകലത്തിൽ, ഒരേ നിരയിലുള്ള കുഴികൾ ശാസ്ത്രലോകത്തിന് അദ്ഭുതമാകുന്നു; ഫേസ്‌ബുക്ക് ഉപയോക്താക്കളോട് അഭിപ്രായം ആരാഞ്ഞ് ശാസ്ത്രലോകം; പ്രകൃതിയിലെ മറ്റൊരു ദുരൂഹതക്ക് ഉത്തരം തേടുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ശാസ്ത്രലോകം ആകെ അമ്പരപ്പിലാണ്. അറ്റലാന്റിക് സമുദ്രനിരപ്പിൽ നിന്നും രണ്ടര കിലോമീറ്ററിലധികം ആഴത്തിൽ സമുദ്രത്തിന്റെ മടിത്തട്ടിൽ കണ്ടെത്തിയ ചില കുഴികളാണ് ഇന്ന് അവരുടെ ഉറക്കം കെടുത്തുന്നത്. ഇനിയും വിശദീകരിക്കാൻ കഴിയാത്ത വിധം ദുരൂഹതകൾ നിറഞ്ഞ ഈ കുഴികളെ കുറിച്ച് കൂടുതൽ വിശദീകരണം നൽകാൻ ഫേസ്‌ബുക്ക് ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഇത് കണ്ടെത്തിയ ശാസ്ത്രസംഘം. നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫിയറിക് അഡ്‌മിനിസ്ട്രേഷൻ (എൻ ഒ എ എ) യുടെ ഓഷ്യൻ എക്സ്പ്ലൊറേഷൻ ഫേസ്‌ബുക്ക് പേജിലൂടെയാണ് അവർ ഇത് ആവശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ ശനിയാഴ്‌ച്ചയാണ് സമുദ്രത്തിന്റെ അടിത്തട്ടിൽ നിരനിരയായി കുഴികൾ കണ്ടെത്തിയതെന്ന് അവർ വിശദീകരിക്കുന്നു. ഇത്തരത്തിലുള്ള കുഴികൾ നേരത്തേയും ഈ മേഖലയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അവയുടെ ഉദ്ഭവം ഇന്നും ദുരൂഹമായി തുടരുന്നു എന്നാണ് പോസ്റ്റിൽ പറയുന്നത്. മനുഷ്യ നിർമ്മിതം എന്ന് തോന്നിക്കുന്ന രീതിയിലുള്ളവയാണ് ആ കുഴികൾ. ആരോ കുഴിച്ചതെന്ന് തോന്നിപ്പിക്കത്തക്കവണ്ണം, കുഴികൾക്കടുത്തായി അതിൽ നിന്നെടുത്ത മണ്ണുകൊണ്ടെന്ന് അനുമാനിക്കുന്ന ചെറിയ മൺകൂനകളും ഉണ്ട്.

റിഡ്ജ് 2022 എന്ന പര്യവേഷണത്തിന്റെ ഭാഗമായിട്ടുള്ള പ്രവർത്തനങ്ങൾക്കിടയിലായിരുന്നു എൻ ഒ എ എ യിലെ ഗവേഷകർ ഈ കഴി കണ്ടെത്തിയത്. ആഴക്കടലിനെ കുറിച്ച് കൂടുതൽ അറിയുവാനും മാപ്പിങ് ചെയ്യുവാനും ഉദ്ദേശിച്ചുള്ളതാണ് ഈ പദ്ധതി. മിഡ് അറ്റ്ലാന്റിക് റിഡ്ജ്, അസോറസ് പീഠഭൂമി, ചാർലി-ജിബ്സ് ഫ്രാക്ച്ചർ സോൺ എന്നിവിടങ്ങളിലാണ് പര്യവേഷണം നടക്കുന്നത്. അതിൽ മിഡ് അറ്റ്ലാന്റിക് റിഡ്ജിനടുത്തായിട്ടാണ് ഈ കുഴികൾ കണ്ടെത്തിയത്. അതിനെ കുറിച്ച് ഫേസ്‌ബുക്ക് ഉപഭോക്താക്കളുടെ അനുമാനങ്ങളാണ് ഗവേഷണ സംഘം തേടിയിരിക്കുന്നത്.

ക്രമമായ അകലത്തിലും, ഏതാണ്ട് സമാനമായ വലിപ്പത്തിലും ഒരു നേർ രേഖയിലെന്ന പോലുള്ള ഈ കുഴികളുടെ ഉദ്ഭവത്തെ കുറിച്ച് നിരവധി കമന്റുകൾ ഈ പോസ്റ്റിനു കീഴിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മറ്റേതെങ്കിലും സംഘം സമുദ്രത്തിന്റെ അടിത്തട്ടിൽ നടത്തുന്ന ഗവേഷണങ്ങളുടെ ഭാഗമായി കുഴിച്ചതാകാം എന്നാണ് ഒരു ഉപയോക്താവ് പറഞ്ഞിരിക്കുന്നത്. നേർ രേഖയിലും, സമാനമായ വലിപ്പവും വിശദീകരിക്കാൻ മറ്റൊരു കാരണമില്ലെന്നും അയാൾ പറയുന്നു. ഈ കുഴികൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ കാര്യമായ തകരാറുകൾ ഒന്നും ഉണ്ടായിട്ടില്ല എന്നതും, ഒരു ആധുനിക ഉപകരണം ഉപയോഗിച്ച് കുഴിച്ചതാകാം എന്നതിനു തെളിവാണെന്നും അയാൾ എഴുതുന്നു.

അതേസമയം, അടിത്തട്ടിനു കീഴിലുള്ള പാറകളിൽ ശുദ്ധജല സ്രോതസ്സുകൾ ഉണ്ടാകാമെന്നും, കൂടിയ മർദ്ദത്തിൽ അവ പുറത്തേക്ക് ബഹിർഗമിക്കുക വഴി ഉണ്ടായതാവാംഈ കുഴികൾ എന്ന് പറയുന്നവരും ഉണ്ട്. ഞണ്ട് പോലുള്ള ഏതെങ്കിലും ജലജീവികളുടെ വിക്രിയ ആകാം ഇതെന്ന് കരുതുന്നവരും ഉണ്ട്. അതേസമയം, അന്യഗ്രഹ ജീവികളുടെ വേലയാണിതെന്ന് അനുമാനിക്കുന്നവരും കുറവല്ല.

അതിൽ ശ്രദ്ധേയമായ മറ്റൊരു അനുമാനം, അടിത്തട്ടിനു കീഴിലുള്ള ഒരു ഷെല്ലിലോ അല്ലെങ്കിൽ ഒരു ഗുഹയുടെ മേൽക്കൂരയിലോ വിള്ളൽ വന്നതിനാൽ, മണ്ണ് താഴേക്ക് ഇറങ്ങുകയോ, ജലം മുകളിലേക്ക് വരികയോ ചെയ്തത് മൂലം ഉണ്ടായതാകാം ഇതെന്നതാണ്. അതി പുരാതനമായ ഒരു ഗുഹയോ മറ്റൊ ആ ഭാഗത്ത് സമുദ്രത്തിന്റെ അടിത്തട്ടിൽ കാണാൻ ഇടയുണ്ടെന്നും അയാൾ പറയുന്നു. അറ്റ്ലാന്റിക് സമുദ്രത്തിനടിയിൽ തെക്ക് വടക്കായി 10,000 മൈൽ ദൂരത്തിൽ വ്യാപിച്ചു കിടക്കുന്ന മിഡ് അറ്റ്ലാന്റിക് റിബ്ബാണ് ലോകത്തിലെ തന്നെ ഏറ്റവും നീളംകൂടിയ പർവത നിര.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP