Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റഷ്യ ഗ്യാസ് നൽകുന്നത് ഘട്ടം ഘട്ടമായി കുറച്ചതോടെ ജർമ്മനി വൻ നാശത്തിലേക്ക്; സ്ട്രീറ്റ് ലൈറ്റുകൾ ഓഫാക്കിയും ബിൽ മൂന്നിരട്ടിയാക്കിയും പിടിച്ചു നിൽക്കാൻ ശ്രമം; നിരവധി വ്യവസായങ്ങൾക്ക് പൂട്ടു വീണു; യൂറോപ്പിലെ മിക്ക രാജ്യങ്ങളേയും ഒരുപോലെ ശിക്ഷിച്ച് റഷ്യ

റഷ്യ ഗ്യാസ് നൽകുന്നത് ഘട്ടം ഘട്ടമായി കുറച്ചതോടെ ജർമ്മനി വൻ നാശത്തിലേക്ക്; സ്ട്രീറ്റ് ലൈറ്റുകൾ ഓഫാക്കിയും ബിൽ മൂന്നിരട്ടിയാക്കിയും പിടിച്ചു നിൽക്കാൻ ശ്രമം; നിരവധി വ്യവസായങ്ങൾക്ക് പൂട്ടു വീണു; യൂറോപ്പിലെ മിക്ക രാജ്യങ്ങളേയും ഒരുപോലെ ശിക്ഷിച്ച് റഷ്യ

മറുനാടൻ ഡെസ്‌ക്‌

മോസ്‌കോ: യൂറോപ്പിലെ ഉഷ്ണതരംഗം ഒന്നടങ്ങിയതേയുള്ളു, അപ്പോഴേക്കും പല രാജ്യങ്ങളും മറ്റൊരു ചൂടിൽ അകപ്പെട്ടിരിക്കുന്നു. യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ ജർമ്മനിയാണ് ഏറ്റവും വലിയ പരീക്ഷണം നേരിടുന്നത്. വരുന്ന ശൈത്യകാലത്ത് സാധാരണക്കാരനെ കാത്തിരിക്കുന്നതുകൊടും ദുരിതമായിരിക്കുമെന്ന മുന്നറിയിപ്പും ഇപ്പോഴത്തെ ആശങ്കയിലുണ്ട്. രാജ്യത്തിനുള്ള പ്രകൃതി വാതക വിതരണം റഷ്യ വെട്ടിക്കുറച്ചതോടെയാണ് ജർമ്മനിയിൽ പുതിയ പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്നത്.

ജർമ്മനിയിലേക്ക് വാതകം നൽകുന്ന നോർഡ് സ്ട്രീം 1 പൈപ്പ്ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതുമൂലമാണ് വിതരണം ചെയ്യുന്ന വാതകത്തിന്റെ അളവ് കുറച്ചതെന്നാണ് റഷ്യയുടെ ഔദ്യോഗിക ഭാഷ്യമെങ്കിലും, യുക്രെയിൻ യുദ്ധത്തിലെ ബെർലിന്റെ നിലപാടുകൾ തന്നെയാണ് യഥാർത്ഥ കാരണം എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. സാധാരണ നൽകുന്ന വാതകത്തിന്റെ 20 ശതമാനം മാത്രമാണ് ഇപ്പോൾ പൈപ്പ് ലൈനുകളിലൂടെ എത്തുന്നത്. അധികം വൈകാതെ അതും നിന്നേക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

വാതക വിതരണം കുറഞ്ഞതൊടെ വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും വൈദ്യൂതി വിതരണത്തിൽ റേഷൻ ഏർപ്പെടുത്തേണ്ട സാഹചര്യമാന് ജർമ്മനിയിൽ ഉടലെടുത്തിരിക്കുന്നത്. ഈ സാഹചര്യം തുടർന്ന് പോയാൽ ഒരുപക്ഷെ വ്യവസായ സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ട അവസ്ഥയും സംജാതമായേക്കാം. ഗാർഹിക ആവശ്യത്തിനുള്ള വൈദ്യൂതിയുടെ നിരക്ക് മൂന്നിരട്ടിയായേക്കും എന്ന മുന്നറിയിപ്പും നിലനിൽക്കുന്നു. ഇത് പണപ്പെരുപ്പം വീണ്ടും രണ്ടു ശതമാനം കൂടി വർദ്ധിക്കുന്നതിന് ഇടയാക്കും എന്ന് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നു.

അങ്ങനെ സംഭവിച്ചാൽ, സമ്പദ്വ്യവസ്ഥയിൽ നിന്നും 240 ബില്യൺ യൂറോ തീർത്തും അപ്രത്യക്ഷമാകും. ഇതിന്റെ അനന്തരഫലങ്ങൾ 2024 വരെ നീണ്ടു നിൽക്കുകയും ചെയ്യും എന്നും സാമ്പത്തിക വിദഗ്ദ്ധർ പറയുന്നു. പണപ്പെരുപ്പം അനുഭവിക്കുന്ന ജർമ്മനി സത്യത്തിൽ ഒരു സാമ്പത്തിക മാന്ദ്യത്തിന്റെ വക്കിലാണെന്ന് അവർ പറയുന്നു. അധികം താമസിയാതെ യൂറോപ്പ് മുഴുവൻ ഈ അവസ്ഥയിൽ എത്തിച്ചേരുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.

വലിയൊരു നാശം ഒഴിവാക്കുവാനായിപ്രകൃതി വാതകത്തിന്റെ ഉപഭോഗം 15 ശതമാനം കുറയ്ക്കാമെന്ന് ഇ യു നേതാക്കൾ ഇന്നലെ സമ്മതിച്ചിരുന്നു. എന്നാൽ, മറ്റേതൊരു രാജ്യത്തേക്കാൾ പ്രകൃതി വാതകത്തിനായി റഷ്യയെ ആശ്രയിക്കുന്ന ജർമ്മനിക്ക് അതിന്റെ ഇരട്ടിയെങ്കിലും ഉപഭോഗ്മ് കുറച്ചാൽ മാത്രമെ പിടിച്ചു നിൽക്കാൻ കഴിയുകയുള്ളു. അതുകൊണ്ടു തന്നെ തെരുവു വിളക്കുകൾ അണക്കുക, സ്വിമ്മിങ് പൂളുകൾ അടച്ചുപൂട്ടുക തുടങ്ങിയ ചില നടപടികളിലേക്ക് രാജ്യം നീങ്ങിക്കഴിഞ്ഞു.

ഊർജ്ജാവശ്യങ്ങൾക്കായി റഷ്യയുടെ മേലുള്ള അമിതമായ ആശ്രിതത്വം തിരിച്ചടിക്കുമെന്ന് കഴിഞ്ഞ 15 വർഷങ്ങളായി വിദഗ്ദ്ധർ നൽകിക്കൊണ്ടിരുന്ന മുന്നറിയിപ്പ് ചാൻസലർ ഏയ്ഞ്ചല മെർക്കെൽ അവഗണിച്ചതിന്റെ തിക്തഫലമാണ് ഇപ്പോൾ ജർമ്മനി അനുഭവിക്കുന്നതെന്ന് നിരീക്ഷകർ പറയുന്നു. വിദഗ്ദ്ധരുടെ മുന്നറിയിപ്പ് ഉണ്ടായിട്ടും മാറിവന്ന സർക്കാരുകൾ ഈ ആശ്രയത്വം വർദ്ധിപ്പിക്കുകയായിരുന്നു ചെയ്തത്. അത് മനസ്സിലാക്കി റഷ്യ ഇപ്പോൾ പ്രകൃതി വാതകത്തെ ഒരു ആയുധമാക്കി മാറ്റിയിരിക്കുകയാണ്.

ജർമ്മനി മാത്രമല്ല, പ്രകൃതി വാതകത്തിനായി റഷ്യയുടെ മേൽ ആശ്രയിക്കുന്നത്, മറിച്ച് യൂറോപ്യൻ യൂണിയൻ അംഗങ്ങളിൽ 40 ശതമാനവും ഇതിനായി റഷ്യയെ ആശ്രയിക്കുന്നവരാണ്. എന്നാൽ, കാലകാലങ്ങളിലുണ്ടായ ജർമ്മൻ സർക്കാരുകൾ റഷ്യയെ കൂടുതൽ ആശ്രയിക്കുന്ന നയങ്ങൾ രൂപീകരിച്ചതോടെയാണ് ഇന്ന് ജർമ്മനി ഇത്ര വലിയ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നത്. മാത്രമല്ല, ജർമ്മനിയിൽ പ്രകൃതി വാതക ഉദ്പാദനം ഇല്ല എന്നു തന്നെ പറയാം. ഉപഭോഗത്തിന്റെ 95 ശതമാനവും ഇറക്കു മതി ചെയ്യുകയാണ്.

യുദ്ധത്തിനു മുൻപ് അതിലെ 55 ശതമാനവും വന്നിരുന്നത് ജർമ്മനിയിൽ നിന്നു തന്നെയായിരുന്നു. നോർവേ, അൾജീരിയ, ഖത്തർ എന്നീ രാജ്യങ്ങളിൽ നിന്നായിരുന്നു ബാക്കി 45 ശതമാനം വന്നിരുന്നത്. അതിൽ തന്നെ വലിയൊരു ഭാഗം പ്രകൃതി വാതകം എത്തിയിരുന്നത് നോർഡ് സ്ട്രീം 1 പൈപ്പിലൂടെയായിരുന്നു. അതായത്, ഒരു പൈപ്പ് ലൈൻ മാത്രം അടച്ചിട്ടതുമൂലം റഷ്യക്ക് ജർമ്മനിക്ക് നൽകുന്ന വാതകത്തിന്റെ അളവ് പകുതിയായി കുറയ്ക്കാം പറ്റും എന്നാണ്.

ഏതായാലും, യുദ്ധം ആരംഭിച്ചതിനു ശേഷം ജർമ്മനിയുടെ ചിന്താഗതിയിൽ ഏറെ മാറ്റങ്ങൾ വന്നിട്ടുണ്ട്. ദ്രവീകൃത വാതകം ഇറക്കുമതി ചെയ്യുന്നതിനായി മാത്രം വടക്കൻ സമുദ്രത്തിൽ രണ്ട് തുറമുഖങ്ങളുടെ പണി ജർമ്മനി ആരംഭിച്ചിട്ടുണ്ട്. 2023 ആകുമ്പോഴേക്കും റഷ്യൻ ഇറക്കുമതിയിലുള്ള ആശ്രിതത്വം കുറക്കണം എന്നാണ് ഇപ്പോൾ ജർമ്മനി ഉദ്ദേശിക്കുന്നത്. എന്നാൽ അത് അത്ര എളുപ്പം സാധ്യമാകുന്ന കാര്യവുമല്ല. നിലവിലെ ഇന്ധനക്ഷാമം പരിഹരിക്കുക എന്നതു തന്നെയാണ് ഇപ്പോൾ ജർമ്മൻ ഭരണകൂടം നേരിടുന്ന കടുത്ത വെല്ലുവിളി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP