Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആരോഗ്യം വകവെക്കാതെ ചിന്തൻ ശിബിരത്തിൽ പങ്കെടുത്ത് താരമായി ഉമ്മൻ ചാണ്ടി ഞെട്ടിച്ചു; ബഹിഷ്‌കരിച്ച മുല്ലപ്പള്ളിക്ക് എതിരെ പടയൊരുക്കം; മുൻ കെ പി സി സി പ്രസിഡന്റ് പാർട്ടിയിൽ ഒറ്റപ്പെടും; ഗവർണ്ണറോടുള്ള ബഹുമാനം കാരണം മാറി നിന്ന തരൂരും; ചിന്തൻ ശിബിരത്തിൽ ഹൈക്കമാണ്ടും അസംതൃപ്തർ

ആരോഗ്യം വകവെക്കാതെ ചിന്തൻ ശിബിരത്തിൽ പങ്കെടുത്ത് താരമായി ഉമ്മൻ ചാണ്ടി ഞെട്ടിച്ചു; ബഹിഷ്‌കരിച്ച മുല്ലപ്പള്ളിക്ക് എതിരെ പടയൊരുക്കം; മുൻ കെ പി സി സി പ്രസിഡന്റ് പാർട്ടിയിൽ ഒറ്റപ്പെടും; ഗവർണ്ണറോടുള്ള ബഹുമാനം കാരണം മാറി നിന്ന തരൂരും; ചിന്തൻ ശിബിരത്തിൽ ഹൈക്കമാണ്ടും അസംതൃപ്തർ

എം എ എ റഹ്‌മാൻ

കോഴിക്കോട്: എല്ലാ കാലത്തും മാറിനിൽക്കലുകൾക്കും പരസ്പരം തൊട്ടുകൂടായ്മക്കും ബഹിഷ്‌ക്കരണാഹ്വാനങ്ങൾക്കുമെല്ലാം പേരുകേട്ട പാർട്ടിയാണ് കേരളത്തിലെ കോൺഗ്രസ് ഘടകം. ഒരുത്തൻ നന്നാവുന്നത് മറ്റൊരുത്തന് പിടിക്കില്ലെന്നു പറയുന്നതിന്റെ ഉദാഹരണങ്ങളായി കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെ പി സി സി)യിൽ ഒരുപാട് താരങ്ങൾ എന്നുമുണ്ടായിരുന്നു. കെ കരുണാകരൻ എ കെ ആന്റണി പോരായിരുന്നു ഒരുകാലത്ത് കേരളത്തിലെ ഏറ്റവും പ്രചാരമുള്ള മലയാള പത്രമായ മലയാള മനോരമയുടെ മുഖ്യ താളുകളിൽ അന്നെല്ലാം നിറഞ്ഞുനിന്നത്. എന്നാൽ കാലം മാറിയിട്ടും കഥകൾക്കൊന്നും കാര്യമായ മാറ്റങ്ങളുണ്ടാവുന്നില്ല.

പൈങ്കിളി കഥകളിലെല്ലാം കാണുന്നപോലെ കഥയും പശ്ചാത്തലവുമെല്ലാം ഒന്നുതന്നെ കഥാപാത്രങ്ങൾ മാത്രം മാറുന്നു. ഇടക്കാലത്ത് ഗ്രൂപ്പിനും കളികൾക്കുമെല്ലാം ചെറിയൊരു ശമനമുണ്ടായിരുന്നതായി ചിലർക്കെങ്കിലും തോന്നിയിരുന്നു. പക്ഷേ രണ്ടാം പിണറായി സർക്കാരിന്റെ വരവോടെ അതെല്ലാം വീണ്ടും കരുത്താർജിച്ചിരിക്കയാണ്. പല സ്ഥലത്തും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വിചാരിച്ച നേട്ടങ്ങളുണ്ടാക്കാൻ പാർട്ടിക്ക് സാധിക്കാതെ വന്നതിലും ഉൾപ്പാർട്ടി ജനാധിപത്യമെന്നും തങ്ങളുടേത് സി പി എം പോലുള്ള കേഡർ രീതിയല്ലെന്നുമെല്ലാം മേനിപറയാറുള്ള പാർട്ടിയിലെ മുതിർന്നവർ മുതൽ താഴെത്തട്ടിൽ വരേയുള്ള നേതാക്കളുടെ മത്സരബുദ്ധിയും തമ്മിൽ തല്ലുമെല്ലാം തന്നെയായിരുന്നുവെന്നതും ചരിത്രം.

വി എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനുമെല്ലാം കളംനിറഞ്ഞാടുന്നതാണ് വർത്തമാനകാലത്തെ കെട്ടുകാഴ്ചകൾ. വി എം സുധീരൻ, കെ സുധാകരൻ, വി ഡി സതീശൻ തുടങ്ങിയ നേതാക്കളും ഇവരെയെല്ലാം പിന്തുണക്കുന്നവരുമെല്ലാം ഒരു സാന്റ് വിച്ചിന്റെ അടരുകൾപ്പോലെ കിടക്കുന്ന സംവിധാനമാണ് കേരളത്തിലെ കോൺഗ്രസിന്റേത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇതുപക്ഷം 99 സീറ്റുമായി മികച്ച വിജയം നേടിയപ്പോൾ പ്രതിപക്ഷ സഖ്യമായ യു ഡി എഫിന് 41 സീറ്റിൽ ഒതുങ്ങി വീണ്ടും പ്രതിപക്ഷത്തിരിക്കാനായിരുന്നു കാലം വിധിച്ചത്.

പാർട്ടിക്കേറ്റ പരുക്കുകൾ ഭേദപ്പെടുത്തുകയും അണികളിലെ ചോർന്നുപോയ ആവേശം തിരിച്ചുപിടിക്കാനുമെല്ലാമായി സംഘടിപ്പിച്ച ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാതെ മാറി നിന്നാണ് മുല്ലപ്പള്ളി മാധ്യമ ശ്രദ്ധപിടിച്ചെടുക്കാൻ നോക്കിയത്. എന്നാൽ എല്ലാവരും ഗ്രൂപ്പുകൾക്കും അഭിപ്രായ വ്യത്യാസങ്ങൾക്കുമെല്ലാം അതീതമായി ശിബിരത്തോടു സഹകരിച്ചപ്പോൾ സ്വന്തം ജില്ലയിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാതെ മാറിനിന്ന മുതിർന്ന നേതാവും കെ പി സി സി മുൻ അധ്യക്ഷനും എ ഐ സി സി അംഗവുമായ മുല്ലപ്പള്ളിയുടെ നിലപാട് പാർട്ടി നേതാക്കളിലും അണികളിലും ശക്തമായ രോഷത്തിന് ഇടയിട്ടുണ്ട്. പരിപാടിയിൽനിന്നു മുല്ലപ്പള്ളി വിട്ടുനിന്നത് ഹൈക്കമാന്റിനെയും ചൊടിപ്പിച്ചിരിക്കയാണ്. ഉന്നതതല കമ്മിറ്റിയിലെ അംഗമായതിനാൽ സംസ്ഥാന കമ്മിറ്റിക്ക് മുല്ലപ്പള്ളിക്കെതിരേ നടപടിയെടുക്കാനാവില്ല.

കുറച്ചുകാലമായി കേരള ഘടകത്തിന് നേതൃത്വം നൽകുന്ന വി ഡി സതീശനും കെ സുധാകരനുമെല്ലാമായി അകന്നുനിൽക്കുന്ന മുല്ലപ്പള്ളിക്ക് തന്നെ ക്ഷണിച്ചത് ശരിയായ രീതിയിലല്ലെന്ന പരിഭവവും ഉണ്ടായിരുന്നു. എന്നാൽ കെ പ്രവീൺകുമാർ ഉൾപ്പെടെയുള്ളവർ ക്ഷണിച്ചിട്ടും മുല്ലപ്പള്ളി ചിന്തൻ ശിബിരത്തിന് എത്തിയില്ല. മുല്ലപ്പള്ളി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെല്ലാം പങ്കെടുത്ത ഉദൈപ്പൂരിൽ നടന്ന ചിന്തൻ ശിബിരത്തിലായിരുന്നു സംസ്ഥാന തലത്തിൽ ചിന്തൻ ശിബിരം നടത്താൻ തീരുമാനമെടുത്തത്. താൻ കൂടി പങ്കാളിയായ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തെയാണ് മുല്ലപ്പള്ളി രാമചന്ദ്രൻ ധിക്കരിച്ചിരിക്കുന്നതെന്നു ചുരുക്കം.

എ ഐ സി സി ജനറൽ സെക്രട്ടറി കേരളത്തിൽ സംഘടിപ്പിച്ച ചിന്തൻ ശിബിരത്തെക്കുറിച്ചു ഹൈക്കമാന്റിന് റിപ്പോർട്ട് നൽകുമ്പോൾ മുല്ലപ്പള്ളിയുടെ നിലപാടുകൂടി പരാമർശിക്കുമെന്നു തീർച്ചയായതിനാൽ ഈ വിഷയത്തിൽ ഹൈക്കമാന്റ് എന്തു തീരുമാനം കൈക്കൊള്ളുമെന്നാണ് പാർട്ടിയെ സ്നേഹിക്കുന്നവർ ഉറ്റുനോക്കുന്നത്. ശശി തരൂരും ചിന്തൻ ശിബിരത്തിന് എത്തിയിരുന്നില്ല. എന്നാൽ കെപിസിസി നേതൃത്വത്തിന്റെ സമ്മതത്തോടെയാണ് താൻ വിട്ടു നിന്നതെന്നാണ് തരൂർ പറയുന്നത്. അതുകൊണ്ട് തന്നെ കെപിസിസിക്കും തരൂരിനെ കുറിച്ച് പരിഭവമില്ല.

തനിക്കു പറയാനുള്ളത് സോണിയയെ അറിയിക്കും

ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാത്തതുമായി ബന്ധപ്പെട്ട വിഷയത്തിൽ തനിക്കു പറയാനുള്ളത് പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിയെ അറിയിക്കുമെന്ന് മുല്ലപ്പള്ളി. സ്വന്തം ജില്ലയിൽ പാർട്ടി ഇത്രയും വലിയൊരു പരിപാടി സംഘടിപ്പിച്ചിട്ട് തന്നെ ക്ഷണിക്കാനുള്ള സൗമനസ്യം കെ പി സി സി നേതൃത്വത്തിൽനിന്നുണ്ടായില്ല. സ്വന്തം നാട്ടിൽ നടക്കുന്ന പരിപാടിയിൽ ഒരു കാഴ്ചക്കാരനായി നിൽക്കാനുള്ള ആളല്ല താനെന്നും നേതാക്കളുടെ സമീപനം തന്നെ വേദനിപ്പിച്ചെന്നും മുൻ കെ പി സി സി പ്രസിഡന്റുകൂടിയായ മുല്ലപ്പള്ളി. കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീൺകുമാർ മാത്രമാണ് തന്നെ ക്ഷണിച്ചതെന്നും ഇതു ശരിയായ രീതിയല്ലെന്നും ഡിസിസി ജനറൽ സെക്രട്ടറി സി രവീന്ദ്രൻ അനുസ്മരണ യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട മുല്ലപ്പള്ളി വ്യക്തമാക്കിയിരുന്നു.

മുതിർന്ന നേതാക്കൾ പങ്കെടുക്കാതിരുന്നത് തെറ്റ്: കെ പ്രവീൺ കുമാർ

പാർട്ടിയെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കോഴിക്കോട്ടു നടത്തിയ ചിന്തൻ ശിബിരത്തിൽ മുതിർന്ന നേതാക്കൾ പങ്കെടുക്കാതിരുന്നത് തെറ്റുതന്നെയാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ കെ പ്രവീൺ കുമാർ. പാർട്ടിയെ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് നടത്തിയ പരിപാടിയിൽ എല്ലാവരും പങ്കെടുക്കേണ്ടതായിരുന്നുവെന്നും ഡിസിസി അധ്യക്ഷൻ. ഡിസിസി ജനറൽ സെക്രട്ടറിയായിരുന്ന സി രവീന്ദ്രൻ അനുസ്മരണ യോഗത്തിലായിരുന്നു പ്രവീൺകുമാറിന്റെ പ്രതികരണം.

ഇടതു മുന്നണി നേതൃത്വത്തിൽ പിണറായി വീണ്ടും അധികാരത്തിലേറിയതോടെ യു ഡി എഫിലെ പല ഘടകകക്ഷികളും മുന്നണിയിൽനിന്നു മാറുന്നതിനെക്കുറിച്ചു ചിന്തിക്കുന്നുണ്ടെന്നതും കടിപിടിയുമായി ഇനിയും മുന്നോട്ടുപോയാൽ പാർട്ടി സംവിധാനത്തിന് വലിയ കോട്ടങ്ങളൊന്നും ഇതുവരെ സംഭവിക്കാത്ത കേരളത്തിലും തകർച്ചയാവും നേരിടുകയെന്നുമുള്ള തിരിച്ചറിവിന്റെ വെളിച്ചത്തിലായിരുന്നു കോഴിക്കോട്ട് കൊട്ടിഘോഷിക്കപ്പെട്ട ചിന്തൻ ശിബിരം സംഘടിപ്പിച്ചത്.

തരൂർ എന്തു കൊണ്ട് വന്നില്ല?

തിരുവനന്തപുരത്ത് പൂഴനാട് എന്ന സ്ഥലത്ത് തരൂരിന് ഒരു പരിപാടിയിൽ പങ്കെടുക്കണമായിരുന്നു. വളരെ മുൻകൂട്ടി നിശ്ചയിച്ച ഈ പരിപാടിയുടെ സംഘാടകരുടെ റോളിൽ തരൂരും ഉണ്ടായിരുന്നു. ഈ പരിപാടിയിലേക്ക് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെ മുഖ്യാതിഥിയായി ക്ഷണിച്ചതും തരൂരായിരുന്നു. ഗവർണ്ണർ സമ്മതിക്കുകയും ചെയ്തു. തരൂരിന്റെ അഭ്യർത്ഥന മാനിച്ചായിരുന്നു ഇത്. ഗവർണ്ണറെ ക്ഷണിച്ച ശേഷം താൻ ആ പരിപാടിക്ക് പോകാതിരിക്കുന്നതിലെ ശരികേട് കെപിസിസിയെ തരൂർ അറിയിച്ചിരുന്നു. ഇത് പരിഗണിച്ച് ആ അഭ്യർത്ഥന കെപിസിസി അംഗീകരിക്കുകയും ചെയ്തു

ഇടതു അസംതൃപ്തർ എത്തുമോ?

യു ഡി എഫ് സംവിധാനം സർക്കാരിനെതിരേ സ്വീകരിച്ച നടപടിക്കൊന്നും വേണ്ടത്ര കരുത്തുണ്ടായിരുന്നില്ലെന്നതും ഒപ്പം മുന്നണിയിലെ രണ്ടാമത്തെ ഏറ്റവും വലിയ പാർട്ടിയായ മുസ് ലിം ലീഗ് പിണറായിയോട് മൃദുസമീപനം സ്വീകരിക്കുന്നുവെന്ന ഒരുവിഭാഗം മുതിർന്ന നേതാക്കളുടെ വിലയിരുത്തലുമെല്ലാം സ്വന്തം പാർട്ടിയെ ശക്തിപ്പെടുത്തി മുന്നണിയിലെ ഘടകകക്ഷികളെ ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യംകൂടി ചിന്തൻ ശിബിരത്തിന് ഉണ്ടായിരുന്നു. എൽ ഡി എഫിലെ അസംതൃപ്തരെയെല്ലാം മുന്നണിക്കു കീഴിലെത്തിക്കണമെന്ന വ്യാമോഹവും ഈ പരിപാടിക്കു പിന്നിലുണ്ട്. മുന്നണി വിട്ടവരെ തിരികെകൊണ്ടുവരുന്നതിനൊപ്പമാണ് എൽ ഡി എഫിലെ അസംതൃപ്തരെയും മുന്നണിയിലേക്കു എത്തിക്കാനുള്ള ആലോചന.

എൽ ഡി എഫിലെ അസംതൃപ്തരെ സ്വാഗതം ചെയ്യുമെന്നും മത സാമുദായിക നേതൃത്വങ്ങളുടെ പിന്തുണയും വിശ്വാസവും വീണ്ടെടുക്കുമെന്നുമെല്ലാമുള്ള ചിന്തൻ ശിബിരത്തിന്റെ പ്രഖ്യാപനം കഴിഞ്ഞ ദിവസം കെ പി സി സി പ്രസിഡന്റ് കെ സുധാകരനായിരുന്നു ശിബിരത്തിൽ പങ്കാളികളായവരെ വായിച്ചുകേൾപ്പിച്ചത്.
മുൻ കെ പി സി സി പ്രസിഡന്റുമാരായ മുല്ലപ്പള്ളി രാമചന്ദ്രനും വി എം സുധീരനും പരിപാടിയോട് സഹകരിക്കാതിരുന്നത് കോൺഗ്രസ് എക്കാലവും നേരിടുന്ന ഗ്രൂപ്പു സമവാക്യങ്ങളുടെയും നേതാക്കൾ തമ്മിലുള്ള അസ്വാരസ്യങ്ങളുടെയും തെളിവായിരിക്കേ യു ഡി എഫിന്റെ നിലവിലെ സംവിധാനംതന്നെ പ്രതിസന്ധി നേരിടുന്ന വർത്തമാനകാലത്ത് എങ്ങനെ അവർക്ക് മറ്റു പാർട്ടികളിലെ അസംതൃപ്തരെ കൂടെകൊണ്ടുവരാൻ സാധിക്കുമെന്നാണ് പ്രവർത്തകരിൽ ഒരു വിഭാഗം ചോദിക്കുന്നത്. ഈ ചോദ്യത്തിന് ഉത്തരം നൽകാൻ നേതൃത്വത്തിന് ഇതുവരെയും സാധ്യമായിട്ടില്ലെന്നതും ഓർക്കേണ്ടതുണ്ട്.

ചിന്തൻ ശിബിരത്തിൽ കണ്ടതെല്ലാം കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെയും പ്രതിപക്ഷ നേതാവ് വി ഡി സതീഷന്റെയുമെല്ലാം വാക്ക് വിലാസങ്ങളും വ്യാമോഹങ്ങളുമാണെന്നാണ് എൽ ഡി എഫ് നേതൃത്വത്തിനൊപ്പം കോൺഗ്രസ് പാർട്ടിയിലെ ഒരു വിഭാഗം അണികളും ചിന്തിക്കുന്നത്. രണ്ടു തവണ തുടർച്ചയായി ഭരണം നഷ്ടമായിട്ടും കോൺഗ്രസ് നേതൃത്വം ഒന്നും പഠിച്ചിട്ടില്ലെന്ന സന്ദേശമാണ് മുതിർന്ന നേതാക്കൾ ചിന്തൻ ശിബിരത്തോടു പുറംതിരിഞ്ഞുനിന്നതിലൂടെ സംഭവിച്ചിരിക്കുന്നത്. കൂട്ടായതും ചിട്ടയായതുമായ പ്രവർത്തനത്തിലൂടെ മാത്രമേ പാർട്ടിയെ ശക്തിപ്പെടുത്താനാവൂവെന്ന ബോധത്തിന്റെ ഭാഗമായി ദേശീയതലത്തിൽ നടത്തിയ നടത്തിയ ശിബിരത്തിന്റെ തുടർച്ചയായിരുന്നു സംസ്ഥാനത്തും നടന്ന ഈ പരിപാടി. ഇവിടെയും ഗ്രൂപ്പും കളികളും ആവർത്തിച്ചെന്നത് ഇതുകൊണ്ടൊന്നും കോൺഗ്രസും നേതൃത്വവും കാര്യമായൊന്നും പഠിക്കില്ലെന്ന സന്ദേശമാണ് ലഭിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP