Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ കളക്ടർ; പ്രതിഷേധങ്ങൾക്കിടെ രേണു രാജിൽ നിന്നും ചുമതല ഏറ്റെടത്തു; ജില്ലയെ കുറിച്ച് പഠിച്ചു വരികയാണ്, പ്രതിഷേധങ്ങളോട് പ്രതികരിക്കാനില്ലെന്ന് ശ്രീറാം; കളക്ടറേറ്റിന് പുറത്ത് കരിങ്കൊടി കാണിച്ചു കോൺഗ്രസ് പ്രവർത്തകർ

ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ കളക്ടർ; പ്രതിഷേധങ്ങൾക്കിടെ രേണു രാജിൽ നിന്നും ചുമതല ഏറ്റെടത്തു; ജില്ലയെ കുറിച്ച് പഠിച്ചു വരികയാണ്, പ്രതിഷേധങ്ങളോട് പ്രതികരിക്കാനില്ലെന്ന് ശ്രീറാം; കളക്ടറേറ്റിന് പുറത്ത് കരിങ്കൊടി കാണിച്ചു കോൺഗ്രസ് പ്രവർത്തകർ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റു. വ്യാപക പ്രതിഷേധങ്ങൾക്കിടെയാണ് ചുമതലയേൽക്കൽ. നിലവിലെ കലക്ടറും ശ്രീറാമിന്റെ ഭാര്യയുമായ രേണു രാജ് ചുമതല കൈമാറി. ശ്രീറാമിനെതിരെ ആലപ്പുഴ കലക്ടറേറ്റ് വളപ്പിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം അരങ്ങേറി. പ്രതിഷേധങ്ങളെ കുറിച്ച് ഒന്നും പറയാനില്ലെന്ന് ശ്രീറാം പ്രതികരിച്ചു.

കഴിഞ്ഞ ദിവസം ഐ.എ.എസ് തലത്ത് നടന്ന അഴിച്ചുപണിയിലാണ് ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ചത്. ഇതിനെതിരെ വൻ വിമർശനമാണ് സമൂഹ മാധ്യമങ്ങളിലടക്കം ഉയർന്നത്. നിയമനത്തിനെതിരെ വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. 2019ലാണ് മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ മദ്യലഹരിയിൽ ശ്രീറാം വെങ്കിട്ടരാമൻ കാറിടിച്ച് കൊലപ്പെടുത്തിയത്.

ആലപ്പുഴയെ കുറിച്ച് പഠിച്ച് വരികയാണെന്ന് ശ്രീറാം വെങ്കിട്ടരാമൻ പ്രതികരിച്ചു. ആരോഗ്യ വകുപ്പിൽ ജോലി ചെയ്തിരുന്ന സമയത്ത് ജില്ലയിലെ ആരോഗ്യമേഖലയെ കുറിച്ചുള്ള വിവരങ്ങൾ മനസ്സിലാക്കിയിരുന്നു. എന്നാൽ ജില്ലാ കളക്ടർ എന്ന പദവിയിലേക്ക് നിയോഗിക്കപ്പെടുന്നത് ആദ്യമായാണ്. തനിക്കെതിരായ പ്രതിഷേധങ്ങളെ കുറിച്ച് പ്രതികരിക്കാനില്ലെന്നും ശ്രീറാം പറഞ്ഞു.

അതേസമയം മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാമിനെ കളക്ടറായി നിയമിച്ചതിനെതിരെ പ്രതിഷേധം വ്യാപകമാകുകയാണ്. നിയമനത്തിൽ പ്രതിഷേധിച്ച് ശനിയാഴ്ച സെക്രട്ടേറിയറ്റിന് മുന്നിലും ജില്ലാ കളക്ടറേറ്റുകൾക്ക് മുന്നിലും പ്രതിഷേധ സമരം നടത്തുമെന്ന് കേരള മുസ്ലിം ജമാ അത്ത് പ്രഖ്യാപിച്ചു. ശ്രീറാമിനെ നിയമനത്തിനെതിരെ കോൺഗ്രസും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കളക്ടറായുള്ള നിയമനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് ആലപ്പുഴ ഡിസിസി കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചിരുന്നു.

ആലപ്പുഴ ജില്ലാ കളക്ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ച സർക്കാർ തീരുമാനം അംഗീകരിക്കില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം എൽഡിഎഫിൽ നിന്നും ശ്രീറാമിന്റെ നിയമനത്തിനെതിരെ എതിർപ്പ് ഉയർന്നിരുന്നു. ബഷീറിന്റെ കുടുംബത്തോട് ഇതുവരെ പരസ്യമായി മാപ്പ് പറയാൻ പോലും അഹങ്കാരം അനുവദിക്കാത്ത ശ്രീറാമിനെ കളക്ടറാക്കിയതിൽ വേദനയുണ്ടെന്നായിരുന്നു ലോക് താന്ത്രിക് ജനതാദൾ നേതാവ് സലീം മടവൂരിന്റെ വിമർശനം.

കൈയേറ്റക്കാർക്കെതിരെ നടപടികളിലൂടെ ശ്രദ്ധ നേടിയ ശ്രീറാം വെങ്കിട്ടരാമൻ മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയതോടെയാണ് കരിയറിൽ നിറം മങ്ങിയത്. വാഹന അപകടക്കേസ് അട്ടിമറിക്കാൻ ശ്രമിച്ചതോടെ ശ്രീറാം സസ്‌പെൻഷനിലായി. ദീർഘനാളത്തെ സസ്‌പെൻഷന് ശേഷം സർവീസിൽ തിരികെയെത്തിയ ശ്രീറാം വെങ്കിട്ടരാമൻ ആരോഗ്യവകുപ്പിലാണ് പ്രവർത്തിച്ചിരുന്നത്. സെക്രട്ടേറിയേറ്റിന് അകത്ത് പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കാതെയുള്ള നിയമനമായിരുന്നു വെങ്കിട്ടരാമന്റേത്. എന്നാൽ ഇതാണ് ആലപ്പുഴ ജില്ലാ കളക്ടറായതോടെ മാറിയത്.

ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയും കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ എംഡിയുമായിരുന്നു ഡോ. ശ്രീറാം വെങ്കിട്ടരാമൻ. ആലപ്പുഴ ജില്ലാ കളക്ടറായിരുന്ന ഡോ. രേണു രാജുവുമായുള്ള ശ്രീറാം വെങ്കിട്ടരാമന്റെ വിവാഹം ഈ കഴിഞ്ഞ ഏപ്രിൽ 28നായിരുന്നു നടന്നത്. ചോറ്റാനിക്കരയിലെ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. എറണാകുളം സ്വദേശിയാണ് ശ്രീറാം വെങ്കിട്ടരാമൻ. എംബിബിഎസ്, എംഡി ബിരുദധാരിയാണ്. ചങ്ങനാശ്ശേരി സ്വദേശിയായ രേണുരാജ് എംബിബിഎസ് നേടി ഡോക്ടറായി പ്രവർത്തിക്കുമ്പോഴാണ് സിവിൽ സർവീസിലെത്തിയത്. പുതിയ സ്ഥലംമാറ്റത്തോടെ ഇരുവരും അടുത്തടുത്ത ജില്ലകളിലാവും പ്രവർത്തിക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP