Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റെസിഡൻഷ്യൽ സ്‌കൂളുകളിൽ നടന്നവിദ്യാർത്ഥികളുടെ കൂട്ട പീഡനത്തിൽ പരസ്യമായി മാപ്പു പറഞ്ഞ് ഫ്രാൻസിസ് മാർപ്പാപ്പ; പശ്ചാത്താപത്തിന്റെ തീർത്ഥാടനത്തിനെത്തിയ മാർപ്പാപ്പയെ വരവേറ്റ് കാനഡ

റെസിഡൻഷ്യൽ സ്‌കൂളുകളിൽ നടന്നവിദ്യാർത്ഥികളുടെ കൂട്ട പീഡനത്തിൽ പരസ്യമായി മാപ്പു പറഞ്ഞ് ഫ്രാൻസിസ് മാർപ്പാപ്പ; പശ്ചാത്താപത്തിന്റെ തീർത്ഥാടനത്തിനെത്തിയ മാർപ്പാപ്പയെ വരവേറ്റ് കാനഡ

സ്വന്തം ലേഖകൻ

എഡ്‌മോന്റൺ: കത്തോലിക്കാ സഭയുടെ റെസിഡൻഷ്യൽ സ്‌കൂളുകളിൽ നടന്ന ലക്ഷക്കണക്കിനു വിദ്യാർത്ഥികളുടെ കൂട്ട പീഡനത്തിൽ പരസ്യമായി മാപ്പുപറയാൻ ഫ്രാൻസിസ് മാർപാപ്പ കാനഡയിലെത്തി.ഈ പീഡനത്തിന് ഇരയായിട്ടും ജീവൻ നഷ്ടമാകാതെ രക്ഷപ്പെട്ട വ്യക്തിയുടെ കൈയിൽ ചുംബിച്ചുകൊണ്ടായിരുന്നു പോപ്പ് മാപ്പപേക്ഷിച്ചത്.

എഡ്മോണ്ടോണിലെ ആൽബെർട്ട വിമാനത്താവളത്തിലെത്തിയ പോപ്പിനെ സ്വീകരിക്കാൻ തദ്ദേശ വാസികളുടെ പ്രതിനിധികളും എത്തിയിരുന്നു.'പശ്ചാത്താപത്തിന്റെ തീർത്ഥാടനം' എന്നു പേരിട്ടിരിക്കുന്ന പര്യടനത്തിനെത്തിയ മാർപാപ്പയെ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ഗവർണർ ജനറൽ മേരി സൈമണും ചേർന്ന് എഡ്‌മോന്റൻ രാജ്യാന്തര വിമാനത്താവളത്തിലെത്തി സ്വീകരിച്ചു.

വീൽചെയറിൽ ഇരുന്നാണ് പാപ്പ വിമാനത്തിൽ നിന്ന് ഇറങ്ങിയത്.കത്തോലിക്കാ സഭ നടത്തിയിരുന്ന റസിഡൻഷ്യൽ സ്‌കൂളുകളിൽ തദ്ദേശവാസികളോടു വിവേചനം കാണിച്ചതിൽ മാപ്പു പറയുകയാണു സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. തദ്ദേശ സംസ്‌കാരം ഒഴിവാക്കുന്നതിനുള്ള സർക്കാർ പരിപാടിയുടെ ഭാഗമായി 1881-1996 കാലയളവിൽ ഒന്നര ലക്ഷത്തിലേറെ തദ്ദേശീയരായ കുട്ടികളെ അവരുടെ മാതാപിതാക്കളിൽ നിന്നകറ്റി റസിഡൻഷ്യൽ സ്‌കൂളുകളിൽ താമസിപ്പിച്ചതുമായി ബന്ധപ്പെട്ടു വലിയ വിവാദമുണ്ടായിരുന്നു.

കത്തോലിക്കാ സഭാ സ്‌കൂളുകളിൽ തദ്ദേശീയരോടു വിവേചനം കാണിച്ചതിൽ മാപ്പു പറയാൻ കാനഡ സന്ദർശിക്കുമെന്നു തദ്ദേശീയരുടെ പ്രതിനിധിസംഘത്തിന് ഈ വർഷാദ്യം നൽകിയ വാഗ്ദാനം പാലിക്കുന്നതിനാണു കടുത്ത ആരോഗ്യപ്രശ്നങ്ങൾക്കിടയിലും മാർപാപ്പ എത്തുന്നത്.കോംഗോ, സൗത്ത് സുഡാൻ എന്നീ രാജ്യങ്ങളിലെ സന്ദർശനം മുട്ടുവേദന മൂലം മാർപാപ്പ ഈ മാസാദ്യം റദ്ദാക്കിയിരുന്നു

1800നും 1990കൾക്കും ഇടയിലാണ് 1,50,000ത്തോളം കുട്ടികളെ ബന്ധുക്കളിൽനിന്നെല്ലാം വേർപ്പിരിച്ച് കത്തോലിക്കാ സഭയ്ക്കു കീഴിലുള്ള സ്‌കൂളുകളിൽ പാർപ്പിച്ചത്. ഇത്തരത്തിലുള്ള 139 റെസിഡൻഷ്യൽ സ്‌കൂളുകളിൽ ലൈംഗികമായും ശാരീരികമായുമുള്ള പീഡനമാണ് കുട്ടികൾ നേരിട്ടത്. കുട്ടികളെ തങ്ങളുടെ കുടുംബ, സാംസ്‌കാരിക, ഭാഷാ ബന്ധങ്ങളിൽനിന്നെല്ലാം മാറ്റിനിർത്തിയായിരുന്നു സ്‌കൂളിൽ കൊടിയ പീഡനം നടന്നത്.

അസുഖങ്ങളും പോഷകക്കുറവുമെല്ലാമായി പതിനായിരക്കണക്കിനു കുട്ടികളാണ് മരണമടഞ്ഞത്. ഇവരുടെ കൂട്ടക്കുഴിമാടങ്ങൾ അടുത്തിടെ പുറത്തെത്തിയതോടെയാണ് പതിറ്റാണ്ടുകളായി മൂടിവയ്ക്കപ്പെട്ട കൊടുംക്രൂരതയുടെ രഹസ്യങ്ങൾ പുറംലോകമറിയുന്നത്. കാനഡയിലെ ട്രൂത്ത് ആൻഡ് റീകൺസിലിയേഷൻ കമ്മിഷൻ ആണ് ഞെട്ടിക്കുന്ന ക്രൂരതയുടെ വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്. 'സാംസ്‌കാരിക വംശഹത്യ' എന്നാണ് കമ്മീഷൻ സംഭവത്തെ വിശേഷിപ്പിച്ചത്

സംഭവത്തിൽ പരസ്യമായി മാപ്പുപറഞ്ഞ് മാർപാപ്പ രംഗത്തെത്തിയിരുന്നു. പീഡനത്തിനിരയായ കുട്ടികളുടെ പിന്മുറക്കാർ വത്തിക്കാനിൽ നടത്തിയ സന്ദർശനത്തിലായിരുന്നു ഇവരോട് മാർപാപ്പ കത്തോലിക്കാ സഭയ്ക്കു വേണ്ടി മാപ്പുപറഞ്ഞത്. ഇപ്പോൾ കാനഡയിൽ നേരിട്ടെത്തി പരസ്യമാപ്പ് നടത്തുകയാണ് അദ്ദേഹം. എന്നാൽ, വെറും മാപ്പിൽ കാര്യങ്ങളൊതുങ്ങില്ലെന്നാണ് ഇരകളും കുടുംബങ്ങളും പറയുന്നത്.

സാമ്പത്തികമായ നഷ്ടപരിഹാരം, പീഡകന്മാർക്കെതിരെ നടപടി, സ്‌കൂൾ രേഖകൾ വിട്ടുനൽകൽ തുടങ്ങിയ ആവശ്യങ്ങളും ഇവർ ഉയർത്തുന്നുണ്ട്. ഇന്ന് മസ്‌ക്വാചിസിലെ റസിഡൻഷ്യൽ സ്‌കൂളിൽ ഉൾപ്പെടെ അഞ്ചിടത്ത്മാർപാപ്പ തദ്ദേശവാസികളുമായി സംവദിക്കും. ക്യൂബെക് സിറ്റി, വടക്കൻകാനഡയിലെ നൂനവട്ടിലെ ഇക്കാല്യൂട്ട് എന്നിവിടങ്ങൾ സന്ദർശിച്ചു
മാർപാപ്പ വെള്ളിയാഴ്ച മടങ്ങും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP