Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

46,000 കോടി തട്ടി 1,481 പേരുടെ ജീവനെടുത്ത ശാരദ ചിട്ടി; ബംഗാളിലെ സഞ്ജയ് ഗാന്ധി എന്ന് അറിയപ്പെടുന്ന ക്രൂരനായ മരുമകൻ; എന്തിനും 20 ശതമാനം തൃണമൂൽ നേതാക്കൾക്ക്; ഇപ്പോൾ മന്ത്രിസഭയിലെ രണ്ടാമൻ അറസ്റ്റിൽ; ചർച്ച നോട്ടുകെട്ടുകളിൽ കിടന്നുറങ്ങിയ സുന്ദരിയെപ്പറ്റി; അഴിമതി, അക്രമം, അരാജകത്വം; മമതാ ഭരണത്തിൽ ബംഗാൾ മുടിയുമ്പോൾ!

46,000 കോടി തട്ടി 1,481 പേരുടെ ജീവനെടുത്ത ശാരദ ചിട്ടി; ബംഗാളിലെ സഞ്ജയ് ഗാന്ധി എന്ന് അറിയപ്പെടുന്ന ക്രൂരനായ മരുമകൻ; എന്തിനും 20 ശതമാനം തൃണമൂൽ നേതാക്കൾക്ക്; ഇപ്പോൾ മന്ത്രിസഭയിലെ രണ്ടാമൻ അറസ്റ്റിൽ; ചർച്ച നോട്ടുകെട്ടുകളിൽ കിടന്നുറങ്ങിയ സുന്ദരിയെപ്പറ്റി; അഴിമതി, അക്രമം, അരാജകത്വം; മമതാ ഭരണത്തിൽ ബംഗാൾ മുടിയുമ്പോൾ!

എം റിജു

'എരിചട്ടിയിൽ നിന്ന് വറതീയിലേക്ക്' എന്ന് പറയുന്ന രീതിയിലാണ്, ഭാഗ്യം കെട്ടവരിൽ ഭാഗ്യം കെട്ടവർ ആയ ബംഗാളി ജനതയുടെ അനുഭവം. മൂന്നര പതിറ്റാണ്ടുനീളുന്ന സിപിഎം ഭരണക്കുത്തക അവസാനിപ്പിച്ച്, അവർ കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി അധികാരം മമതാ ബാനർജിക്ക് നൽകിയിരിക്കയാണ്. മൂന്നാം ടേമിലും വൻ ഭൂരിപക്ഷത്തോടെയാണ് തൃണമൂൽ കോൺഗ്രസ് അധികാരത്തിൽ ഏറിയത്. പക്ഷേ എന്നിട്ടും എന്താണ് പശ്ചിമ ബംഗാളിന്റെ അവസ്ഥ. മുമ്പ് ഭൂമിയിലെ നരകം എന്ന് അറിയപ്പെട്ടിരുന്നത് ബംഗ്ലാദേശ് ആയിരുന്നു. ഷേക് ഹസീനയെന്ന വനിതാ ഭരണാധികാരിയുടെ നേതൃത്വത്തിൽ ആ കൊച്ചു രാഷ്ട്രം, ഇന്ന് ലോകത്തിലെ വളരുന്ന സാമ്പത്തിക ശക്തിയായി. എന്നാൽ ദീദി എന്ന് ബംഗാളികൾ സ്നേഹത്തോടെ വിളിച്ചിരുന്ന മമതയുടെ നേതൃത്വത്തിൽ പശ്ചിമ ബംഗാൾ ഒരു പട്ടിണി സംസ്ഥാനവും!

അടിക്കടിയുണ്ടാവുന്ന രാഷ്ട്രീയ ഏറ്റുമുട്ടലുകൾ, ഭരണത്തിന്റെ എല്ലാ തലങ്ങളിലും വ്യാപകമായ അഴിമതിയും ഗുണ്ടായിസവും, വർധിക്കുന്ന ബാലവേശ്യകൾ, കാണാതാവുന്ന പെൺകുട്ടികൾ, വികസനം എത്തി നോക്കിയിട്ടില്ലാത്ത ഗ്രാമങ്ങളിൽ നിന്ന് ജോലി തേടി കേരളത്തിലേക്ക് അടക്കം പ്രവഹിക്കുന്ന യുവാക്കൾ... ഭൂമിയിലെ നരകം ഇന്ന് ബംഗ്ലാദേശല്ല, നമ്മുടെ പശ്ചിമ ബംഗാൾ ആണ്. ദസറയും രാമനവമിയും ഈദും അടക്കമുള്ള ഓരോ ആഘോഷങ്ങളും ബംഗാളിൽ അവസാനിക്കുന്നതുകൊലപാതകങ്ങളിലും കലാപങ്ങളിലുമാണ്. നഗരങ്ങളിൽ നിർമ്മാണത്തിലിരിക്കേ പാലങ്ങൾ പോലും തകർന്ന് വീഴുന്നു. കാരണം അഴിമതി തന്നെ. സിപിഎം തുടർച്ചയായി ഭരിച്ച 34വർഷങ്ങളേക്കാൾ മോശമാവുകയാണ് വംഗനാടിന്റെ അവസ്ഥ.

തൊഴിലുറപ്പ് പദ്ധതി തൊട്ട്, അങ്കണവാടികളിലെ പോഷകാഹാര വിതരണത്തിൽ വരെ കമ്മീഷൻ അടിക്കുന്ന 'കട്ട് മണി' സമ്പ്രദായം ആയിരുന്നു, കമ്യൂണിസ്റ്റ് ഭരണത്തിൽ പാവപ്പെട്ടവർക്ക് ഏറ്റവും വലിയ ഭീഷണി. എന്തിലും ഏതിലും പത്തുശതമാനം പാർട്ടിക്ക്. പക്ഷേ തൃണമൂൽ ഭരണം വന്നതോടെ കട്ട്മണി 20 ശതമാനമായി! ഏറെ പ്രതീക്ഷയോടെ മമതയെ അധികാരത്തിൽ ഏറ്റിയ ജനങ്ങൾക്ക് കൊടുത്ത പണി നോക്കുക. ഒടുവിൽ മമത തന്നെ കട്ട് മണി നിർത്തലാക്കുമെന്നൊക്കെ പറഞ്ഞെങ്കിലും പ്രായോഗികമായി ഒന്നും നടന്നിട്ടില്ല.

സിപിഎം നേതാക്കളെക്കാളും അഴിമതിക്കാരും അക്രമികളും ആയിരിക്കയാണ് തൃണമൂൽ നേതാക്കൾ എന്ന ടെലിഗ്രാഫും, ടൈസ് ഓഫ് ഇന്ത്യയുമൊക്കെ എഴുതുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പത്രിക സമർപ്പിക്കാൻപോലും പലയിടത്തും തൃണമൂൽ സമ്മതിച്ചില്ല. ഒടുവിൽ ഇലക്ഷൻ കമ്മീഷൻ ഇടപെട്ട് വാട്സാപ്പിൽ പത്രിക സമർപ്പിച്ച സംഭവംപോലും ഉണ്ടായിരുന്നു. ത്രിണമൂലിന്റെ ബൈക്ക് ബ്രിഗേഡിന്റെ അക്രമം സഹിക്കവയ്യാതെയാണ്, 24 പർഗാന എന്ന ചുവപ്പുകോട്ടയിലൊക്കെ സിപിഎം പ്രവർത്തകർ കൂട്ടത്തോടെ ബിജെപിയിൽ ചേർന്നത്. പാർട്ടി ലോക്കൽ കമ്മറ്റി ഓഫീസുകളൊക്കെ ചെങ്കൊടി മാറ്റി കാവിക്കൊടി ഉയർത്തുകയായിരുന്നു. ( ഇതുപോലെ ഒരു പാർട്ടിയും കൂട്ടുത്തോടെ ബിജെപിയിലേക്ക് ഒഴുകിയിട്ടില്ല. എന്നിട്ടും കേരളത്തിലെ സിപിഎമ്മുകാർ പറയുന്നത് ഞങ്ങളുടെ പാർട്ടിയാണ് ബിജെപിയിലേക്കുള്ള കാലുമാറ്റത്തെ പ്രതിരോധിക്കുന്നത് എന്നാണ് !) ഇപ്പോഴിതാ ശതകോടികളുടെ അഴിമതികളാണ് മമത മന്ത്രിസഭയെക്കുറിച്ച് വീണ്ടും ഉയരുന്നത്.

മന്ത്രിസഭയിലെ രണ്ടാമൻ അകത്ത്

സംസ്ഥാനം ഭരിക്കുന്ന ഒരു മന്ത്രി, അതും മുഖ്യമന്ത്രി മമതാ ബാനർജി കഴിഞ്ഞാൽ മന്ത്രി സഭയിലെ രണ്ടാമൻ ജയിലാവുക എന്ന് പറഞ്ഞാൽ എത്ര വലിയ നാണക്കേടാണ്. പക്ഷേ ആസനത്തിൽ ആൽ മുളച്ചവർക്ക് അതും ഒരു തണലാണ്. കഴിഞ്ഞ മമതാ മന്ത്രിസഭയുടെ കാലത്ത് നടന്ന സ്‌കുൾ അഴിമതിയിൽ, ഇപ്പോഴത്തെ വാണിജ്യ-വ്യവസായ മന്ത്രിയായ പാർത്ഥ ചാറ്റർജിയെ ഇഡി അറസ്റ്റ് ചെയ്തത്, രാഷ്ട്രീയ പ്രേരിതമായ നടപടിയാണെന്നാണ് മമത പറയുന്നത്. ഇദ്ദേഹം വിദ്യാഭ്യാസ മന്ത്രിയായിരിക്കേ മെറിറ്റ് ലിസ്റ്റിൽ ഇടം നേടിയവർക്കു പകരം, കുറഞ്ഞ മാർക്ക് ഉള്ള ഉദ്യോഗാർത്ഥികളിൽനിന്നും പണം വാങ്ങി ജോലി കൊടുത്തുവെന്നതാണ് ആരോപണം. ഇങ്ങനെ സംമ്പാദിച്ച കോടികൾ ചാറ്റർജിയുടെ കൂട്ടാളിയിൽ നിന്ന് ഇഡി കണ്ടെടുക്കുയും ചെയ്തു.

മമത ബാനർജിയും, അനന്തരവനും പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജിയും, കഴിഞ്ഞാൽ പാർട്ടിയിൽ ഏറ്റവും പ്രധാനപ്പെട്ട റോളാണ് പാർത്ഥ ചാറ്റർജിക്കുള്ളത്. കൊൽക്കത്തയിലെ പ്രമുഖ ടി എം സി മുഖങ്ങളിലൊരാളായ ചാറ്റർജി, ബെഹാല പശ്ചിം മണ്ഡലത്തിൽനിന്ന് അഞ്ച് തവണ എംഎൽഎയായിട്ടുണ്ട്. മമതയുടെ വിശ്വസ്താനായ നേതാവാണ്് അറുപത്തിയൊൻപതുകാരനായ പാർത്ഥ. പാർട്ടിയുടെ അച്ചടക്ക സമിതി അംഗവുമാണ്.

വർഷങ്ങൾക്കു മുമ്പ് രാഷ്ട്രീയത്തിലേക്കു കടക്കുന്നതിന് മുമ്പ് ചാറ്റർജി ഒരു എച്ച്ആർ പ്രൊഫഷണലായി ജോലി ചെയ്തിട്ടുണ്ട്. കോൺഗ്രസ് വിട്ട് മമത 1998 ൽ തൃണമൂൽ കോൺഗ്രസ് രൂപീകരിച്ചപ്പോൾ അദ്ദേഹം പാർട്ടിയിൽ ചേർന്നു. 2001 ൽ ടിഎംസി സ്ഥാനാർത്ഥിയായി ബെഹാല പശ്ചിം നിയോജകമണ്ഡലത്തിൽനിന്നും വിജയിച്ച് ആദ്യമായി എംഎൽഎ സ്ഥാനത്തെത്തി. അന്നുമുതൽ തുടർച്ചയായി ഈ സീറ്റിൽനിന്ന് വിജയിച്ചുവരികയാണ്. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള മുൻ ഇടതുമുന്നണി സർക്കാരിന്റെ കാലത്ത് 2006 മുതൽ 2011 വരെ ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു.

2011ൽ ബംഗാളിൽ 34 വർഷം പഴക്കമുള്ള ഇടതുപക്ഷ ഭരണത്തെ തൃണമൂൽ കോൺഗ്രസ് അധികാരത്തിൽ നിന്ന് പുറത്താക്കി സർക്കാർ രൂപീകരിച്ചപ്പോൾ, തിരഞ്ഞെടുപ്പിൽ 59,021 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച ചാറ്റർജിയെ മമത മന്ത്രിസഭയിൽ ഉൾപ്പെടുത്തി. വാണിജ്യം, വ്യവസായം, പൊതുമേഖലാ സ്ഥാപനങ്ങൾ, വിവരസാങ്കേതികവിദ്യ, ഇലക്ട്രോണിക്‌സ്, പാർലമെന്ററികാര്യങ്ങൾ എന്നീ വകുപ്പുകൾ നൽകി. തുടർന്ന് അദ്ദേഹത്തെ സഭാ ഉപനേതാവായും നാമനിർദ്ദേശം ചെയ്തു.

2014-ൽ, ഉന്നതവിദ്യാഭ്യാസത്തിന്റെയും സ്‌കൂൾ വിദ്യാഭ്യാസത്തിന്റെയും ചുമതലയുള്ള മന്ത്രിയായി ചാറ്റർജി നിയമിതനായി. ഈ സമയത്താണ് കേസിന് ആസ്പദമായ കോടികളുടെ അഴിമതി നടത്തിയത്. ഇതിന്റെ സൂചനകൾ കിട്ടിയതുകൊണ്ടുതന്നെ 2021 ൽ ചാറ്റർജിയെ മാറ്റി ബ്രത്യ ബസുവിനെ മന്ത്രിയായി നിയമിച്ചു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് വിജയിച്ച് അധികാരത്തിലെത്തുകയും, തുടർച്ചയായി മൂന്നാം തവണയും മുഖ്യമന്ത്രിയായി മമത സ്ഥാനമേൽക്കുകയും ചെയ്തപ്പോൾ, വാണിജ്യം, വ്യവസായം, ഇൻഫർമേഷൻ ടെക്‌നോളജി, ഇലക്ട്രോണിക്‌സ് എന്നീ വകുപ്പുകൾ ചാറ്റർജിക്ക് വീണ്ടും അനുവദിച്ചു.

പക്ഷേ വിദ്യാഭ്യാസ അഴിമതി വിവാദം അവസാനിച്ചില്ല. കൊൽക്കത്ത ഹൈക്കോടതി ഇതിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. അതോടൊപ്പം നടന്ന ഇഡി അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്. ഭാവി തലമുറയെ വാർത്തെടുക്കുന്ന ഒന്നാണ് വിദ്യാഭ്യാസം. അവിടെയാണ് മെറിറ്റില്ലാത്ത അദ്ധ്യാപകരെ തിരുകിക്കയറ്റാൻ, ലക്ഷങ്ങൾ കൈപ്പറ്റി ഇയാൾ ശ്രമിച്ചത്. ബംഗാൾ സ്‌കൂൾ സർവീസ് കമ്മിഷൻ നടത്തിയ പരീക്ഷയിലെ റാങ്ക് പട്ടിക മറികടന്ന് കോഴവാങ്ങി നിരവധി പേരെയാണ് അനധികൃതമായി നിയമിച്ചത്. ഇത്തരം വെടിവെച്ച് കൊല്ലേണ്ട സാമൂഹിക ദ്രോഹികളാണ് തൃണമൂൽ മന്ത്രിമാരിൽ ഏറെയും.

ബംഗാളിലെ സരിതാ-സ്വപ്നാ മോഡൽ

പാർത്ഥ ചാറ്റർജിയുടെ അറസ്റ്റിന് കാരണക്കാരിയായ അർപ്പിത മുഖർജി എന്ന നടിയെക്കുറിച്ച് നമ്മുടെ സരിത- സ്വപ്ന മോഡലിലുള്ള വിവാദങ്ങളാണ് ഉയർന്നു വരുന്നുത്. അർപ്പിതയുമായി മന്ത്രിക്ക് അടുത്ത ബന്ധമാണ് ഉണ്ടായിരുന്നുതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇവരുടെ വസതിയിൽ നിന്ന് 20 കോടിയുടെ കറൻസി നോട്ടുകൾ കണ്ടെടുത്തതോടെയാണ് ചാറ്റർജി കുരുക്കിലായത്. നിയമന കോഴയുടെ ഭാഗമാണ് 20 കോടി എന്നാണ് ഇഡിയുടെ നിഗമനം. ഇതോടെ നോട്ടുകെട്ടുകളിൽ കിടന്നുറങ്ങിയ സുന്ദരി എന്ന രീതിയിൽ നിറം പിടിപ്പിച്ച കഥകളാണ് അർപ്പിതയെക്കുറിച്ച് പ്രചരിക്കുന്നത്.

ബംഗാളി, ഒഡിയ, തമിഴ് സിനിമകളിൽ ചെറുകിട വേഷങ്ങൾ ചെത്ത നടിയാണ് ഇവർ. ഫേസ്‌ബുക്ക് ബയോ നോക്കിയാൽ, ടോളിവുഡിലെ( തെലുഗു സിനിമ) നിരവധി ചിത്രങ്ങളിൽ വേഷമിട്ട ബഹുമുഖ പ്രതിഭ എന്നാണ് കാണാൻ കഴിയുക. ബംഗാളി സുപ്പൂർ താരങ്ങളുടെ ഒപ്പം അർപ്പിത അഭിനയിച്ചിട്ടുണ്ട്. സൂപ്പർതാരങ്ങളായ പ്രസൻജിത്ത് ചാറ്റർജി ( മാമ ഭാഗ്നെ-2009), ജീത് ( പാർട്ണർ-2008) എന്നിവർക്കൊപ്പം വേഷമിട്ടു. 2019 ലും 2020 ലും നക്തല ഉദയൻ സംഗ എന്ന പാർത്ഥ ചാറ്റർജിയുടെ ദുർഗ്ഗ പൂജാ കമ്മിറ്റിയുടെ പ്രചാരണ പരിപാടികളുടെ മുഖമായിരുന്നു. കൊൽക്കത്തയിൽ, ഏറ്റവും വലിയ ദുർഗ്ഗ പൂജ കമ്മിറ്റികളിൽ ഒന്നാണ് പാർത്ഥ ചാറ്റർജിയുടേത്.

അർപ്പിത മുഖർജി വർഷങ്ങളായി നക്തല പൂജയിൽ പാർത്ഥ ചാറ്റർജിയുടെ വലംകൈയായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിലും പാർത്ഥയ്‌ക്കൊപ്പം പ്രത്യക്ഷപ്പെട്ടിരുന്നു. പാർത്ഥ ചാറ്റർജി അടിക്കടി അർപ്പിതയുടെ വസതി സന്ദർശിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ. അർപ്പിത മുഖർജി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് ഒപ്പമുള്ള ചിത്രങ്ങൾ ബിജെപി നേതാവ് സുവേന്ദു അധികാരി പങ്കുവച്ചിട്ടുണ്ട്.ദക്ഷിണ കൊൽക്കത്തയിലെ ആഡംബര ഫ്‌ളാറ്റിലാണ് താമസം. ഈ വസതിയിലെത്തി പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന കറൻസി ശേഖരം കണ്ടെടുത്തത്. കോടികൾ എണ്ണി തിട്ടപ്പെടുത്താൻ, നോട്ട് എണ്ണുന്ന യന്ത്രം മാത്രമല്ല ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായവും തേടേണ്ടി വന്നു. 2000 ത്തിന്റെയും 500 ന്റെയും നോട്ടുകളാണ് അർപ്പിതയുടെ വസതിയിൽ നിന്ന് കണ്ടെടുത്തത്. ഇരുപതിലേറെ മൊബൈൽ ഫോണുകളും കണ്ടെടുത്തു.

ചാറ്റർജിയുടെ വസതി കൂടാതെ വിദ്യാഭ്യാസ മന്ത്രി പരേഷ് സി അധികാരി, മാണിക് ഭട്ടാചാര്യ എംഎൽഎ എന്നിവരുടെ വസതികളിലും റെയ്ഡ് നടന്നു.
അനധികൃത രേഖകൾ, വ്യാജ കമ്പനികളുടെ വിവരങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, വിദേശ കറൻസികൾ, സ്വർണം എന്നിവ ഈ വീടുകളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. അർപ്പിത, പാത്ഥ ചാറ്റർജിയുടെ മാത്രമല്ല ഒരു പാട് തൃണമൂൽ നേതാക്കളുടെ ബിനാമിയാണെന്നാണ് ആക്ഷേപണം.

മരുമകൻ 'ബംഗാളിലെ സഞ്ജയ്ഗാന്ധി'

ഇന്ദിരാഗാന്ധിയെ നോക്കുകുത്തിയാക്കി അടിയന്തരാവസ്ഥക്കാലത്ത് സഞ്ജയ് ഗാന്ധി ഭരിച്ചതിനോടാണ്, ഒരു വ്യാഴവട്ടം പിന്നിട്ട ദീദി ഭരണത്തെ മാധ്യമങ്ങൾ നോക്കിക്കാണുന്നത്. മമതയെ നോക്കുകുത്തിയാക്കി, അഭിഷേക് ബാനർജി എന്ന
32കാരനായ മരുമകനാണ് ഇപ്പോൾ പാർട്ടി ഭരിക്കുന്നത്. മമതയുടെ സഹോദരൻ അമിത് ബാനർജിയുടെ മകനാണ് അഭിഷേക്. അവിവാഹിതയായ മമത സ്വന്തം മകനെപ്പോലെയാണ്, അഭിഷേകിനെ കരുതുന്നത്. മമത പ്രധാനമന്ത്രി പദം ലക്ഷ്യമിടുമ്പോൾ സംസ്ഥാന ഭരണത്തിലെ പിൻഗാമി ഇദ്ദേഹമാണെന്ന് പല തൃണമൂൽ നേതാക്കളും പരസ്യമായി പറഞ്ഞു കഴിഞ്ഞു.

ഇപ്പോൾ ഡയമണ്ട് ഹാർബർ മണ്ഡലത്തിൽനിന്നുള്ള എം പിയായ അഭിഷേക് ബാനർജിയുടെ നേതൃത്വത്തിലാണ്, ബംഗാളിലെ സകലവിധ അഴിമതിയും അക്രമവും അരങ്ങേറുന്നത് എന്നാണ് ബിജെപി ഉൾപ്പെടുയുള്ള പ്രതിപക്ഷ കക്ഷികൾ ആരോപിക്കുന്നത്. ത്രിണമൂലിന്റെ ക്വട്ടേഷൻ സംഘടനയായ ബൈക്ക് ബ്രിഗേഡിന്റെ നിയന്ത്രണവും ഇദ്ദേഹത്തിന് തന്നെ. സ്വന്തമായി കമ്പനിയുള്ള അഭിഷേക് ഒരു വ്യവസായി കൂടിയാണ്. എല്ലാറ്റിനും പറമെ അഭിഷേകിനും ഭാര്യക്കും കമ്മീഷൻ നൽകാതെ ബംഗാളിൽ ഒരു വ്യവസായവും തുടങ്ങാൻ കഴിയില്ല. ജയലളിതയുടെ ഭരണകാലത്തെ ശശികലയുടെ നേതൃത്വത്തിലുള്ള മന്നാർഗുഡി മാഫിയയെ ആണ് ഇത് ഓർമ്മിപ്പിക്കുന്നത്. ഭാര്യ റുജിറ ബാനർജിയുടെ കൈയിലെ കളിപ്പാട്ടമാണ് അഭിഷേക് എന്നും ആരോപണം ഉണ്ട്.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നേരത്തെ അഭിഷേക് ബാനർജിയെയും ഭാര്യയെയും ഇഡി ചോദ്യം ചെത്തിരുന്നു. ഈസ്റ്റേൺ കോൾഫീൽഡ് ലിമിറ്റഡിന്റെ കുനുസ്റ്റോറിയ, കജോറിയ കൽക്കരി പാടങ്ങളിൽ നിന്ന് അനധികൃത ഖനനവും കൽക്കരി മോഷണവും ആരോപിച്ചാണ് കേസ്. തൃണമൂൽ കോൺഗ്രസ് നേതാക്കൾക്ക് കൽക്കരി മാഫിയ സ്ഥിരമായി പണം നൽകിയിരുന്നതായി ആരോപണമുണ്ട്. പ്രാദേശിക കൽക്കരി വ്യവസായി അനൂപ് മാജി എന്ന ലാലയാണ് കേസിലെ പ്രധാന പ്രതി.

നേരത്തെ ഭൂമി കയ്യേറ്റ കേസിൽ അന്വേഷണം നേരിടുന്ന വ്യവസായി രാജ് കിഷോറിൽനിന്ന് അഭിഷേക് ബാനർജി 1.15 കോടി രൂപ സ്വീകരിച്ചതും വിവാദമായിരുന്നു. പ്രതിപക്ഷ നേതാവായിരിക്കെ മമതാ ബാനർജിയാണു രാജ് കിഷോറിനെതിരെ ഭൂമി കയ്യേറ്റ കേസിൽ നടപടി ആവശ്യപ്പെട്ടിരുന്നത്. അധികാരത്തിലെത്തിയ ശേഷം രാജ് കിഷോറിനെ സഹായിക്കുന്ന നിലപാടാണു മമത കൈക്കൊണ്ടത്. സിപിഎം സർക്കാർ നൽകിയ അനുമതി റദ്ദാക്കാൻ മമത തയാറായില്ല. അഭിഷേകിന്റെ എൽ ആൻഡ് ബി കമ്പനിക്കു രാജ് കിഷോറിന്റെ സ്ഥാപനം തുക നൽകിയതിന്റെ രേഖകളുണ്ട്. കമ്പനി ഡയറക്ടറായ അഭിഷേക് വിലാസമായി നൽകിയതു മുഖ്യമന്ത്രിയുടെ വിലാസമായിരുന്നു. (വീണ വിജയൻ എകെജി സെന്റിന്റെ വിലാസം നൽകിയതാണ് ഇവിടെ ഓർമ്മവരുന്നത്. തരികിടകളുടെ മോഡസ് ഓപ്പറൻഡി എപ്പോഴും ഒരുപോലെ ആയിരിക്കും! )

ശാരദയിൽ കുടുങ്ങിയ ലക്ഷങ്ങൾ

അഴിമതി രഹിതമായ ഭരണം കാഴ്ചവെക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് അധികാരത്തിൽ എറിയ മമതാ ബാനർജി അഴിമതിക്ക് കൂടുപിടിക്കുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമായിരുന്നു, 46,000 കോടി തട്ടി 1,481 പേരെ ആത്മഹത്യചെയ്യിപ്പിച്ച ശാരദ ചിട്ടി വിവാദം. മൂന്നുസംസ്ഥാനങ്ങിലെ 18000 കുടുംബങ്ങൾ ഈ ചിട്ടിതട്ടിപ്പിൽ പെട്ട് വഴിയാരമായി. പലരും നാടുവിട്ടു. ഈ തട്ടിപ്പ് തൃണമൂൽ നേതാക്കളുടെ ഒത്താശയോടെ ആയിരുന്നു.

ബംഗാളിലെയെന്നല്ല, സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പണാപഹരണ കേസാണ്, ശാരദാ ചിട്ട് ഫണ്ട് തട്ടിപ്പ് കേസ്. നക്സൽബാരി പ്രസ്ഥാനത്തിൽ ഒരു കാലത്ത് പ്രവർത്തിച്ച 'ശങ്കാരാദിത്യ സെൻ' ആയിരുന്നു ശാരദാ ചിട്ട് ഫണ്ടിന്റെ ഉടമ. 1990 കളിലെപ്പഴോ, നക്സൽ മുഖം മാറ്റി, സുമുഖനായി. ഒപ്പം, സുദീപ്തോ സെൻ എന്ന പേരും ഇയാൾ സ്വീകരിച്ചു. തുടർന്ന് പുതിയ വേഷത്തിൽ ജനങ്ങളുടെ ഇടയിലേക്ക്, വായ്പ, നിക്ഷേപം, ചിട്ടി തുടങ്ങിയ വിവിധ പദ്ധതികളുമായി ഇറങ്ങി ചെന്നു. ''ശാരദ ചിട്ടിയുടെ'' കീഴിൽ ഇരുനൂറിലധികം കമ്പനികൾ വഴി, ഉയർന്ന പലിശ വാഗ്ദാനം ചെയ്താണ് നിക്ഷേപ സമാഹരണം നടത്തിയത്. ഇതിൽ പല കമ്പിനികളും ഉദ്്ഘാടനം ചെയ്തത് മറ്റാരുമല്ല, മമതാ ദീദി തന്നെ!.

ബംഗാൾ, ത്രിപുര, അസ്സാം തുടങ്ങിയ സംസ്ഥാനങ്ങളിൽ ശാരദാ ചിട്ട് ഫണ്ട് വളർന്നു. ലക്ഷക്കണക്കിന് പാവപ്പെട്ടവരിൽ നിന്നുമായി നിക്ഷേപ സമാഹരണം മുപ്പതിനായിരം കോടി കടന്നു. ഇതോടൊപ്പം, റിയൽ എസ്റ്റേറ്റ് മേഖലയിലും, ഹോട്ടൽ വ്യവസായത്തിലും സെൻ നിക്ഷേപം നടത്തി. പഴയ നക്സൽ മാവോയിസ്റ്റ് ബന്ധങ്ങൾ ഉപയോഗിച്ച് വലിയൊരു ഗുണ്ടാ സംഘം തന്നെ ഇയാളുണ്ടാക്കി. ആവശ്യത്തിലേറെ പണം, ഗുണ്ടാ സാമ്രാജ്യം ഇവ സ്വാഭാവികമായി ഇയാളെ രാഷ്ട്രീയക്കാരുടെ അരുമയാക്കി. തൃണമൂൽ കോൺഗ്രസ് ആയിരുന്നു കൂടുതൽ അടുത്തത്.

സമൂഹത്തിലെ ഉന്നതർ, സിനിമാ താരങ്ങൾ തുടങ്ങിയവരെ വച്ച് വൻ പരസ്യം നൽകിയതിന് പുറമേ, മോഹൻ ബഗാൻ ഫുട്ബോൾ ടീമിന് വരെ സുദീപ്തോസെൻ സ്പോൺസർ ആയി. 'ചാനൽ 10' എന്ന വാർത്ത ചാനലും ഇവരാരംഭിച്ചു. തൃണമൂൽ കോൺഗ്രസ്സിന്റെ എംപി ആയിരുന്ന കുനാൽഘോഷ് ആയിരുന്നു സിഇഒ. ഇതിന്റെ പുറമേയാണ് കോടിക്കണക്കിനു രൂപ മുടക്കി ശാരദാ ചിട്ട് ഫണ്ട്സ് മമതാ ബാനർജിം വരയ്ക്കുന്ന ചിത്രങ്ങൾ വാങ്ങി കൂട്ടിയത്.

ഇതെല്ലാം പാവപ്പെട്ട ജനങ്ങളെ പറ്റിച്ച് ചിട്ടിയുടെ പേരിൽ സമാഹരിച്ച പണമുപയോഗിച്ചാണ് നേടിയത്. ഒരു കാലത്ത്, ശാരദാ ചിട്ട് ഫണ്ടിന്റെ ബ്രാൻഡ് അംബാസിഡറിനെ പോലെ തന്നെ ആയിരുന്നു മമതാ ബാനർജി. 2013 ൽ ശാരദ ചിട്ട് ഫണ്ട് പൊട്ടി. നിക്ഷേപകർ പരാതി പ്രളയവുമായി നെട്ടോട്ടമോടി. മുഖ്യമന്ത്രി മമത അനങ്ങിയില്ല. ഒടുവിൽ, നിക്ഷേപകർ കോടതിയിൽ പോയി. 2014 ജനുവരിയിൽ യുപിഐ സർക്കാരിന്റെ ശുപാർശയിൽ, ഈ തട്ടിപ്പ് അന്വേഷിക്കാൻ സുപ്രീം കോടതി സിബിഐയെ ചുമതലപ്പെടുത്തി.

സുദീപ്തോ സെൻ, കുനാൽഘോഷ്, മുകുൽറോയി തുടങ്ങിയവർ പ്രതികളായി. ഒളിവിൽ പോയ സുദീപ്തോയെ ജമ്മു കാശ്മീരിലെ റോഹിൻക്യൻ അഭയാർത്ഥി ക്യാമ്പിൽ വേഷപ്രച്ഛന്നനായി കഴിയവേ ഒരു സ്ത്രീയുടെ ഒപ്പം 2015 ജനുവരിയിൽ പിടികൂടി. തുടർന്ന്, തട്ടിച്ച പണത്തിലെ വലിയൊരു ഭാഗം സുദീപ്തോ, വിദേശത്തേക്ക് കടത്തിയതായി സി ബി ഐ കണ്ടെത്തി. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ബന്ധം തുടങ്ങി ഗുരുതരമായ കുറ്റ കൃത്യങ്ങൾ നടന്നതായി സി ബി ഐ സുപ്രീം കോടതിയെ ധരിപ്പിച്ചു.

ബംഗാളിൽ നടന്ന അന്വേഷണത്തിന്റെ എല്ലാ ഘട്ടത്തിലും മമത, പൊലീസ് അന്വേഷണം തടസ്സപ്പെടുത്തി. സിബിഐയുടെ പ്രവർത്തന സ്വാതന്ത്ര്യം വരെ സംസ്ഥാനം പിൻവലിച്ചു. തുടർന്ന് സുപ്രീം കോടതിയാണ് അത് പുനഃസ്ഥാപിച്ചത്. അന്വേഷണ വഴിയിൽ രണ്ടു തൃണമൂൽ നേതാക്കളെ കൂടി സി ബി ഐ അറസ്റ്റ് ചെയ്തു. ഇതോടെ മമതയിലേക്കുള്ള വഴി സിബിഐ തുറന്നു. അന്വേഷണം തന്നിലേക്ക് എത്തുമെന്ന ഭീതി അവരെ വേട്ടയാടിയതോടെ, മമത പരിഭ്രാന്തയായി. കേസിന്റെ തെളിവുകൾ നൽകുന്നതിൽ നിന്നും കൊൽക്കത്ത പൊലീസ് കമ്മീഷണർ രാജീവ് കുമാറിനെ അവർ വിലക്കി. ഇപ്പോഴും ഈ കേസ് ഇഴഞ്ഞു നീങ്ങുകയാണ്. നോക്കുക അഴിമതിയെക്കുറിച്ചുള്ള മമതയുടെ ഗീർവാണങ്ങൾ എല്ലാം വ്യാജമാണെന്ന് ഇതോടെ തെളിയുകയാണ്.

നാരദ പോയ വഴികൾ

ശാരദ്ക്ക് പിന്നാലെ തൃണമൂലിന്റെ സ്പോൺസർ ഷിപ്പിൽ റോസ് വാലി ചിട്ടിതട്ടിപ്പട്ടും സമാനമായി നടന്നു. ഒന്നിനുപിറകെ ഒന്നായാണ് അഴിമതിക്കേസുകൾ മമതാ മന്ത്രിസഭയെ പിടിച്ചുലച്ചത്. 2011ൽ ബംഗാളിൽ അധികാരത്തിൽവന്ന ഒന്നാം മമത മന്ത്രിസഭയിലെ മദൻ മിത്ര, മൊലയ് ഘട്ടക്ക് എന്നീ രണ്ട് മന്ത്രിമാർ അഴിമതിയുടെ പേരിൽ പുറത്തുപോയി. ഇവർ രണ്ടു പേരും പിന്നീട് അറസ്റ്റിലായി.

തൃണമൂൽ നേതാക്കളുടെ കാശിനോടുള്ള ആക്രാന്തം വ്യക്തമാക്കുന്നതായിരുന്നു, മലയാളിയായ മാധ്യമ പ്രവർത്തകൻ മാത്യു സാമുവലിന്റെ നേതൃത്വത്തിൽ നടന്ന നാരദാ സ്റ്റിങ്ങ് ഓപ്പറേഷൻ. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് നാരദ ഒളികാമറ ഓപ്പറേഷൻ വിവാദം കത്തുന്നത്. ഒരു വ്യാജ കമ്പനിക്ക് സഹായം ചോദിച്ച് എത്തിയപ്പോൾ തൃണമൂൽ നേതാക്കൾ ലക്ഷങ്ങൾ കൈക്കൂലി വാങ്ങുന്ന ടേപ്പ് പുറത്തായത് ജനത്തെ ഞെട്ടിച്ചു. ഇതിന് പിന്നാലെ കേസും ഉണ്ടായി.

പക്ഷേ ദേശീയ രാഷ്ട്രീയത്തിൽ തൃണമൂലിന്റെ വളർച്ച തടയാൻ വേണ്ടി ബിജെപി യാണ് ഈ ഒളികാമറ ഓപ്പറേഷൻ നടത്തിയതെന്ന് പറഞ്ഞ്, അഴിമതിക്ക് കുട പിടിക്കയാണ് നമ്മുടെ ദീദി ചെയ്തത്. പക്ഷേ കേസുമായി ബന്ധപ്പെട്ട് രണ്ട് മന്ത്രിമാരുൾപ്പെടെ പല തൃണമൂൽ നേതാക്കളെയും സിബിഐ അറസ്റ്റു ചെയ്തിരുന്നു. ഈ കേസും ഇപ്പോൾ തുടരുകയാണ്.

ഇതിനൊക്കെ പുറമെയാണ് ഒരോ പ്രാദേശിക തൃണമൂൽ നേതാക്കളും നടത്തുന്ന അഴിമതികൾ. പൊതുമരാമത്ത്, വ്യവസായ വകുപ്പുകളിലൊക്കെ കൈക്കൂലിയില്ലാതെ ഒരു കാര്യവും നടപ്പില്ല എന്ന അവസ്ഥയാണ്. കഴിഞ്ഞ വർഷം നിർമ്മാണത്തിലിരിക്കെ കൊൽക്കത്തയിൽ ഒരു പാലം തകർന്നതും മൂന്ന് പേർ മരിച്ചതും അഴിമതിയുടെ പരസ്യ ഉദാഹരണം ആയാണ് മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്.

അവസാനത്തെ ചിരി ബിജെപിയുടേത്

ലോകത്ത് എല്ലായിടത്തുമുള്ള ഫാസിസ്റ്റുകളെയുംപോലെ മമതയും തന്റെ രാഷ്ട്രീയ തേരോട്ടത്തിൽ ഉയർത്തിയത് വളരെ ജനപ്രിയ മുദ്രാവാക്യങ്ങളാണ്- 'അമ്മ, ഭൂമി, മനുഷ്യത്വം' എന്നിങ്ങനെ ഒക്കെപ്പറഞ്ഞ് 'പരിബർത്തൻ' അഥവാ മാറ്റം എന്ന മുദ്രാവാക്യം ഉയർത്തി. പക്ഷേ ഇപ്പോൾ അക്രമങ്ങളുടെ വാർത്തകൾ മാത്രമാണ് ബംഗാൾ ഗ്രാമങ്ങളിൽനിന്ന് പുറത്തുവരുന്നത്.

തൃണമൂൽ അക്രമം സഹിക്കവയ്യാതെയാണ് സിപിഎം പ്രവർത്തകർ കൂട്ടത്തോടെ ബിജെപിയിൽ എത്തിയത്. പണ്ട് സിപിഎം പയറ്റിയ ഏരിയാ ഡോമിനേഷൻ എന്ന തന്ത്രം ഇപ്പോൾ തൃണമൂൽ അതിഭീകരമായി പുറത്തെടുക്കയാണ്. ഒരു പ്രദേശത്ത് നിന്ന് തങ്ങൾക്ക് വോട്ട് ചെയ്യാത്തവരെ തെരഞ്ഞെടുപിടിച്ച് അടിച്ച് ഓടിക്കുക. ഇതിന് ബൈക്ക് ബ്രിഗേഡ് എന്ന തൃണമൂലിന്റെ ഗുണ്ടാ സംഘങ്ങളും ഉണ്ട്. മമതയുടെ ക്രൂരനായ മരുമകൻ അഭിഷേകാണ് ഈ അക്രമങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത് എന്നാണ് സിപിഎം അടക്കം ആരോപിക്കുന്നത്.

ഓരോ മതാഘോഷങ്ങളും വർഗ്ഗീയ കലാപങ്ങളിൽ അവസാനിക്കയാണ്.
ഓരോ തിരഞ്ഞെടുപ്പും അക്രമങ്ങളിൽ അവസാനിക്കുന്നു. തൃണമൂലേതര കക്ഷികൾക്ക് നാമനിർദ്ദേശ പ്രത്രികകൾ സമർപ്പിക്കാൻ കഴിയില്ല. മറ്റ് പാർട്ടികൾക്ക് പ്രവർത്തന സ്വാതന്ത്ര്യമില്ല. പശ്ചിമ ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 38 ശതമാനം തൃണമൂൽ സ്ഥാനാർത്ഥികളാണ് എതിരില്ലാതെ വിജയിച്ചത്. അക്രമം അത്രത്തോളം ഭീകരമായതിനാൽ പത്രിക കൊടുക്കാൻ പലർക്കും കഴിഞ്ഞില്ല. ഇത് വാർത്തയായതോടെ ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ട് വാട്സാപ്പ് വഴിയും ഇ മെയിൽ വഴിയും നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ അനുമതി നൽകിയിരുന്നു. നേരിട്ട് പോയാൽ തല കാണില്ല. എന്തൊരു ഭീകരമായ അവസ്ഥയാണെന്ന് നോക്കണം!

ഗ്രാമങ്ങളിനിന്ന് പ്രായപൂർത്തിയായ പെൺകുട്ടികൾ അപ്രത്യക്ഷരാവുന്നു. അവർ എത്തുന്നത് നേപ്പാളിലും തായ്ലണ്ടിലും സോനാഗുച്ചിയിലും ഗോവയിലും നോയിഡയിലുമൊക്കെയുള്ള വേശ്യാലയങ്ങളിലാണ്. യുവാക്കൾ നാടുവിട്ട് കേരളത്തിലേക്കും, ഡൽഹിയിലേക്കും ബാംഗ്ലൂരിലേക്കുമൊക്കെ വണ്ടി കയറുന്നു. ബംഗാൾ സർവകലാശാലകളിൽ തിരഞ്ഞെടുപ്പ് അന്യംനിന്ന് പോയിരിക്കുന്നു. ഇങ്ങനെ എല്ലാ അർതഥത്തിലും ദുരിതമാണ് മമതാ ഭരണം ഉണ്ടാക്കുന്നത്.

തകർന്ന് തരിപ്പിണമായി കോൺഗ്രസിനും പിന്നിൽ നാലം സ്ഥാനത്തേക്ക് എത്തിയ സിപിഎം ഇവിടെ ഒരു തിരിച്ചുവരവ് സ്വപ്നം കാണുന്നില്ല. പക്ഷേ, അടിക്ക് അടി പല്ലിന് പല്ല് എന്ന് പറഞ്ഞ് തൃണമൂലിനോട് കട്ടക്ക് പോരടിക്കുന്നത്, രണ്ടാം സ്ഥാനത്തുള്ള ബിജെപിയാണ്. പക്ഷേ ബിജെപിയെ ഉയർത്തിക്കാട്ടി ജനസംഖ്യയുടെ 27ലേറെ ശതമാനമുള്ള മുസ്ലീങ്ങളുടെ വോട്ട് ബാങ്ക് മൊത്തം നേടി ജയിച്ച് കയറുക എന്ന തന്ത്രമാണ് മമത പയറ്റുന്നത്. ഇപ്പോൾ അഴിമതിയിലും അക്രമത്തിലും മനം മടുത്ത് മുസ്ലിം വോട്ടർമാർ മമതയെ കൈവിടുമെന്നാണ്, പുതിയ ചില സർവേകളും പഠനങ്ങളും ചൂണ്ടിക്കാട്ടി ദ ടെലഗ്രാഫ് പോലുള്ള പത്രങ്ങൾ ചൂണ്ടിക്കാട്ടുന്നത്. അങ്ങനെ വന്നാൽ ബംഗാളിലെ അവസാനത്തെ ചിരി ബിജെപിയുടേത് തന്നെയാവും.

വാൽക്കഷ്ണം: കേരളത്തിലേക്ക് പൊറോട്ട അടിക്കാൻ വന്ന ബംഗാൾ ലോക്കൽ സെക്രട്ടറിയെക്കുറിച്ചൊക്കെ ഏറെ തമാശകൾ ഇറക്കിയവർ ആണ് നാം. ഇപ്പോഴും ബംഗാളിന്റെ പിന്നോക്കാവസ്ഥക്ക് നമ്മുടെ സോഷ്യൽ മീഡിയ ട്രോളുന്നത് സിപിഎമ്മിനെയാണ്. പക്ഷേ തുടർച്ചയായ 12 വർഷം അധികാരത്തിൽ ഇരുന്നിട്ടും മമതക്ക് എന്താണ് ചെയ്യാൻ കഴിഞ്ഞത്. തമിഴ്‌നാട്ടിൽ ജയലളിതയും സ്റ്റാലിനും എന്തെല്ലാം മാറ്റങ്ങൾ കൊണ്ടുവന്നു. ഇങ്ങനെപോയാൽ തൃണമൂൽ നേതാക്കളും കേരളത്തിൽ പൊറോട്ടയടിക്കാൻ എത്തുന്ന കാലം വിദൂരമല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP