Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭാര്യയേയും മക്കളെയും കളത്തിലിറക്കി കുടുംബ മൂല്യങ്ങൾ ചൂണ്ടി വോട്ട് ചോദിച്ച് ഋഷി സുനാക്; ഫോട്ടോഷൂട്ടിൽ തിളങ്ങി അക്ഷിതയും കുട്ടികളും; ചൈനക്കാർക്കെതിരെ കൂടുതൽ കടുപ്പം ആർക്കെന്ന് ചോദ്യം വാശിയാകുന്നു; ഋഷി- ലിസ് മത്സരം മുറുകുന്നു

ഭാര്യയേയും മക്കളെയും കളത്തിലിറക്കി കുടുംബ മൂല്യങ്ങൾ ചൂണ്ടി വോട്ട് ചോദിച്ച് ഋഷി സുനാക്; ഫോട്ടോഷൂട്ടിൽ തിളങ്ങി അക്ഷിതയും കുട്ടികളും; ചൈനക്കാർക്കെതിരെ കൂടുതൽ കടുപ്പം ആർക്കെന്ന് ചോദ്യം വാശിയാകുന്നു; ഋഷി- ലിസ് മത്സരം മുറുകുന്നു

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: മൂലച്യുതി വർദ്ധിച്ചു വരുന്ന നാളൂകളിൽ, കുടുംബബന്ധത്തിന്റെ വില ഉയർത്തിക്കാണിച്ചു കൊണ്ടാണ് ഋഷിയുടെ പ്രചാരണം. മാർഗരറ്റ് താച്ചറുടെ ജന്മദേശമായ ഗ്രാന്ഥാമിൽ ശനിയാഴ്‌ച്ച ഒരു പ്രചാരണ സമ്മേളനത്തിൽ പങ്കെടുക്കാൻ ഋഷി എത്തിയത് പത്നി അക്ഷിതക്കും, മക്കളായ കൃഷ്ണയ്ക്കും അനൂഷ്‌ക്കക്കും ഒപ്പമായിരുന്നു. എതിരാളിയാൻ ലിസ് ട്രസ്സ് നടപ്പിലാക്കും എന്ന് പറയുന്ന നികുതി ഇളവും മരവിപ്പക്കലും തികച്ചും അധാർമ്മികമായ ഒന്നാണെന്ന് സമ്മേളനത്തിൽ ഋഷി സൂചിപ്പിച്ചു.

ശനിയാഴ്‌ച്ച സമ്മേളനത്തിനു ശേഷം ഇന്നലെ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കുടുംബ ചിത്രങ്ങളിലൂടെയും ഋഷി കുടുംബ മൂല്യം എടുത്തുകാട്ടി. കുടുംബമാണ് തനിക്ക് എല്ലാം എന്നു പറഞ്ഞ ഋഷി അവരുടെ പിന്തുണ ഒരു വൻ ഊർജ്ജമാണ് തനിക്ക് ഏകുന്നതെന്നും പറഞ്ഞു. തന്റെ കുടുംബത്തെ പിന്തുണച്ച ഗ്രന്ഥാം നിവാസികൾക്ക് നന്ദി പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.

പ്രഭാഷണത്തിൽ വിദേശ സെക്രട്ടറിയുടെ നികുതി നയങ്ങളെ അതി നിശിതമായിട്ടായിരുന്നു ഋഷി വിമർശിച്ചത്. നിലവിലെ പണപ്പെരുപ്പ കാലത്തെ നികുതി ഇളവ് വിഢിത്തമാണെന്നായിരുന്നു ഋഷി ചൂണ്ടിക്കാണിച്ചത്. എന്നാൽ, അത് ഋഷിയുടെ ഭയത്തിൽ നിന്നുദ്ഭവിച്ച ഒരു ആശയം മാത്രമാണെന്നായിരുന്നു ലിസ് ട്രസ്സിനെ പിന്താങ്ങുന്ന ട്രഷറി ചീഫ് സെക്രട്ടറി സൈമൺ ക്ലാർക്കിന്റെ വാദം. ബ്രെക്സിറ്റ് കാലത്ത് ജനങ്ങളിൽ അനാവശ്യ ഭയം ജനിപ്പിക്കാൻ ബ്രെക്സിറ്റ് വിരോധികൾ നടത്തിയ പ്രചാരണങ്ങളോടായിരുന്നു ക്ലാർക്ക് ഇതിനെ താരതമ്യപ്പെടുത്തിയത്.

നിലവിൽ ബ്രിട്ടൻ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി അതിന്റെ സമ്പദ്വ്യവസ്ഥയുടെ നിശ്ചലാവസ്ഥയാണെന്ന് പറഞ്ഞ ക്ലാർക്ക് പക്ഷെ അത് നേരിടാൻ ഉയർന്ന് നിരക്കിലുള്ള നികുതിക്ക് കഴിയില്ലെന്നും പറഞ്ഞു. എന്നാൽ, രാജ്യത്തിന്റെ കടബാദ്ധ്യതയെ കുറിച്ച് സത്യസന്ധമായ റിപ്പോർട്ട് നൽകുക എന്നതാണ് ഒരു ഭരണകർത്താവിന്റെ ബാദ്ധ്യത എന്നു പറഞ്ഞ ഋഷി, കോവിഡ് കാലത്തും മറ്റുമായി സമ്പാദിച്ചുകൂട്ടിയ കടങ്ങൾ അടുത്ത തലമുറയിലേക്ക് പകരുന്നത് ഒരു നല്ല നടപടിയല്ലെന്നും പറഞ്ഞു. ഇന്ന് ജനങ്ങളെ ദർദ്രരാക്കുന്നത് പണപ്പെരുപ്പമാണ്. നികുതി കുറക്കുന്നത് പണപ്പെരുപ്പം പെരുകാൻ സഹായിക്കും എന്നും ഋഷി പറഞ്ഞു.

ലിസ് ട്രസ്സ് വാഗ്ദാനം നൽകുന്ന നികുതി ഇളവ് നൽകിയാൽ സർക്കാർ ഖജനാവിന് നഷ്ടമാവുക 30 ബില്യൺ പൗണ്ടാണ്. എന്നാൽ അത് സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ ഒരു കാരണവശാലും ബാധിക്കില്ല എന്ന് ട്രസ്സ് പറയുന്നു. അതേസമയം, പ്രായോഗിക ബുദ്ധിയോടെയാണ് താൻ നിർദ്ദേശം മുന്നോട്ട് വയ്ക്കുന്നതെന്നും, പണപ്പെരുപ്പം തടയുന്നത് വരെ നികുതിയിളവ് നൽകാനാവില്ലെന്നും ഋഷി പറയുന്നു.

പ്രചാരണത്തിൽ മുഖ്യ വിഷയമായി ചൈന

അതേസമയം പ്രചാരണത്തിനിടയിലേക്ക് ചൈനയും ഒരു സുപ്രധാന വിഷയമായി കയറി വരികയാണ്. ഋഷി സുനാക് ചൈനയോട് സ്വീകരിക്കുന്നത് മൃദു സമീപനമാണെന്ന് ലിസ് ട്രസ്സ് ക്യാമ്പ് കുറ്റപ്പെടുത്തുന്നു. ചൈനയുമായി വളരെ അടുത്ത വ്യാപാരബന്ധം പുലർത്താനാണ് ഋഷിയുടെ ശ്രമമെന്നും അവർ ആരോപിക്കുന്നു. എന്നാൽ, ദീർഘകാലാടിസ്ഥാനത്തിൽ പരിശോധിച്ചാൽ, ചൈനയായിരിക്കും ബ്രിട്ടന് ഏറ്റവും വലിയ ഭീഷണിയാവിക എന്ന് ഋഷി ഉറപ്പിച്ചു പറഞ്ഞുകൊണ്ട് അവരുടെ വായ മൂടിക്കെട്ടുകയാണ്.

ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് ശബ്ദമുയർത്തിയതിന്റെ പേരിൽ ചൈനയിൽ നിന്നും പ്രവേശന വിലക്ക് നേരിടുന്ന അഞ്ച് ബ്രിട്ടീഷ് എം പിമാരിൽ ഒരാളായ മുൻ ടോറി നേതാവ് സർ ഇയാൻ ഡൺകൻ സ്മിത്ത് ഋഷിയുടെ കടുത്ത നിലപാടിൽ അദ്ഭുതം രേഖപ്പെടുത്തി. കഴിഞ്ഞ രണ്ടു വർഷക്കാലമായി ചൈനയുമായുള്ള വ്യാപാരബന്ധങ്ങൾ വിപുലപ്പെടുത്താനായിരുന്നു ഋഷി സമ്മർദ്ദം ചെലുത്തിയിരുന്നതെന്ന് ട്രസ്സിനെ പിന്താങ്ങുന്ന സ്മിത്ത് പറയുന്നു.

ചൈനീസ് സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഗ്ലോബൽ ടൈംസ് ഈ മാസം ആദ്യം പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ, തങ്ങൾക്ക് താത്പര്യം ഋഷിസുനാകിനോടാണെന്ന് എഴുതിയിരുന്നു. മറ്റുള്ളവരെല്ലാവരും തന്നെ ചൈനയ്ക്കെതിരെ കടുത്ത നിലപാടുകൾ സ്വീകരിക്കുമ്പോഴും ഋഷി മാത്രമാണ് യു കെ ചൈന ബന്ധം ശക്തിപ്പെടണം എന്നാഗ്രഹിക്കുന്നത് എന്നും ആ ലേഖനത്തിൽ പറഞ്ഞിരുന്നു.

എന്നാൽ, കൺഫ്യുഷ്യസ് ഇൻസ്റ്റിറ്റിയുട്ടുകൾ വഴി ചൈനയുടെ പ്രചാരണങ്ങൾ ബ്രിട്ടനിലെ യൂണിവേഴ്സിറ്റികളിൽ എത്തിക്കാൻ സഹായിക്കുന്നു എന്നാണ് ഋഷി തന്റെ എതിരാളികൾക്കെതിരെ ആരോപിക്കുന്നത്. താൻ പ്രധാനമന്ത്രിയായാൽ ആ ഇൻസ്റ്റിറ്റിയുട്ടുകൾ അടച്ചു പൂട്ടുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. വിദ്യാർത്ഥികളുടെ ആവിഷ്‌കാരത്തെ ഹനിക്കുകയും, വിദേശ വിദ്യാർത്ഥികൾക്കിടയിൽ ചാരപ്രവർത്തനം നടത്തുകയുമാണ് അത്തരം ഇൻസ്റ്റിറ്റിയുട്ടുകൾ എന്ന് ആരോപിച്ച ഋഷി, ലിസ് ട്രസ്സ് വിദ്യാഭ്യാസ മന്ത്രി ആയിരുന്ന രണ്ടു വർഷക്കാലത്ത് അത്തരത്തിലുള്ള ഒമ്പത് ഇൻസ്റ്റിറ്റിയുട്ടുകൾ തുറന്നു എന്നും ചൂണ്ടിക്കാണിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP