Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിൽ പ്രത്യക്ഷ പ്രതിഷേധത്തിന് കോൺഗ്രസ്; നാളെ ഡിസിസി ആലപ്പുഴ കലക്ടറേറ്റ് വളയും; നിയമനം പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് കേരളാ പത്രപ്രവർത്തക യൂണിയനും; കോടതി വിധി വരുന്നതിന് മുമ്പ് തന്നെ കേസിലെ ഒന്നാം പ്രതിയെ കളക്ടർ പദവിയിൽ നിയമിച്ചത് അനുചിതമെന്ന് കെ.യു.ഡബ്ല്യു.ജെ

ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിൽ പ്രത്യക്ഷ പ്രതിഷേധത്തിന് കോൺഗ്രസ്; നാളെ ഡിസിസി ആലപ്പുഴ കലക്ടറേറ്റ് വളയും; നിയമനം പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് കേരളാ പത്രപ്രവർത്തക യൂണിയനും; കോടതി വിധി വരുന്നതിന് മുമ്പ് തന്നെ കേസിലെ ഒന്നാം പ്രതിയെ കളക്ടർ പദവിയിൽ നിയമിച്ചത് അനുചിതമെന്ന് കെ.യു.ഡബ്ല്യു.ജെ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ചതിൽ പ്രത്യക്ഷ പ്രതിഷേധത്തിന് ഒരുങ്ങി കോൺഗ്രസ്. സംഭവത്തിൽ പ്രതിഷേധിച്ച് നാളെ കലക്ടറേറ്റ് വളഞ്ഞ് പ്രതിഷേധിക്കുമെന്ന് ഡി.സി.സി ഭാരവാഹികൾ. ആലപ്പുഴ ഡി.സി.സിയുടെ നേതൃത്വത്തിൽ രാവിലെ 10 മണിക്ക് കലക്ട്രേറ്റ് ധർണ സംഘടിപ്പിക്കും.

കേസിലെ ഒന്നാം പ്രതിയാണ് വെങ്കിട്ടരാമൻ. നിലവിൽ കോടതിയിൽ വിചാരണ നേരിടുന്നയാളെ വിധി വരുന്നതിന് മുമ്പ് തന്നെ കലക്ടർ പദവിയിലേക്ക് നിയമിച്ചതിൽ പ്രതിഷേധം വ്യാപകമാണ്. കഴിഞ്ഞ ദിവസം ഐ.എ.എസ് തലപ്പത്ത് നടത്തിയ അഴിച്ചുപണിയിലാണ് ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ചത്. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല തുടങ്ങിയവർ നിയമനത്തിൽ പ്രതിഷേധമറിയിച്ചു.

മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം ട്രാൻസ്പോർട്ട് വാഹനങ്ങളെ നിയന്ത്രിക്കാൻ റീജിയണൽ ട്രാൻസ്പോർട്ട് അഥോറിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ജില്ലകളിൽ അതിന്റെ ചെയർമാൻ ജില്ലാ കലക്ടർ ആണ്. ഈ സ്ഥാനത്തേക്ക് വെങ്കിട്ടരാമൻ വരുന്നു എന്നതും പ്രതിഷേധത്തിന്റെ ആക്കം കൂട്ടുന്നുണ്ട്. കോവിഡ് കാലത്ത് സസ്‌പെൻഷൻ പിൻവലിച്ച് ആരോഗ്യ വകുപ്പ് ജോയിന്റ് ഡയറക്ടറായി വെങ്കിട്ടരാമനെ നിയമിച്ചിരുന്നു.

അതേസമയം കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ കോടതിയിൽ വിചാരണ നേരിടുന്ന ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ല കളക്ടറായി നിയമിച്ചതിനെതിരെ കേരള പത്രപ്രവർത്തക യൂണിയൻ രംഗത്തെത്തി. കേസിൽ വിധി വരുന്നതിന് മുൻപ് ഉന്നത പദവിയിൽ ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചത് അനുചിതമാണെന്നും നിയമനം പുനഃപരിശോധിക്കണമെന്നും യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ പി റെജിയും ജനറൽ സെക്രട്ടറി ഇ എസ് സുഭാഷും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

പത്രപ്രവർത്തക യൂണിയന്റെ കുറിപ്പ്

മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ കോടതിയിൽ വിചാരണ നേരിടുന്ന ശ്രീരാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ല കളക്ടറായി നിയമിച്ചതിൽ കേരള പത്രപ്രവർത്തക യൂണിയൻ ശക്തിയായി പ്രതിഷേധിച്ചു. കൊലപാതക കേസിൽ ഒന്നാം പ്രതിയായി സർക്കാർ തന്നെ കുറ്റപത്രം നൽകിയ വ്യക്തിയാണ് ശ്രീറാം വെങ്കിട്ടരാമൻ. അദ്ദേഹത്തിന്റെ സസ്‌പെൻഷൻ പിൻവലിച്ച അവസരത്തിലും ആരോഗ്യ വകുപ്പ് ജോയിന്റ് ഡയറക്ടറായി നിയമിച്ച അവസരത്തിലും യൂണിയൻ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.

ഇപ്പോൾ ജനങ്ങളുമായും മാധ്യമ പ്രവർത്തകരുമായും കൂടുതൽ ഇടപെടേണ്ട കളക്ടറായാണ് നിയമിച്ചിരിക്കുന്നത്. കെ എം ബഷീറിന്റെ ദാരുണമായ മരണം മാധ്യമ പ്രവർത്തകരെ സംബന്ധിച്ചിടത്തോളം ഏറ്റവും വൈകാരികവും ഇന്നും ഏറെ വേദനയോടെ മാത്രം ഓർക്കുന്ന സംഭവവുമാണ്. അത്തരം ഒരു കേസിൽ കോടതി വിധി വരുന്നതിന് മുമ്പ് തന്നെ കേസിലെ ഒന്നാം പ്രതിയെ കളക്ടർ എന്ന ഉന്നത പദവിയിൽ നിയമിച്ചത് തികച്ചും അനുചിതമാണ്. മാധ്യമ പ്രവർത്തകരുടെയും ജനങ്ങളുടെയും വികാരം കണക്കിലെടുത്ത് ശ്രീറാം വെങ്കിട്ടരാമനെ നിയമനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുന്നു.

ദമ്പതികളായ ശ്രീറാം വെങ്കട്ടരാമനും രേണു രാജിനും ആലപ്പുഴയിലും എറണാകുളത്തും കളക്ടർമാരായി നിയമനം സംസ്ഥാനത്ത് ജില്ലാ കളക്ടർമാർക്ക് മാറ്റം. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചു. ആലപ്പുഴ കളക്ടറായിരുന്ന രേണുരാജിനെ എറണാകുളം ജില്ലാ കളക്ടറായും നിയമിച്ചു. ജാഫർ മാലിക്കിനെ പുതിയ പി.ആർ.ഡി ഡയറക്ടറായി നിയമിച്ചു. ജെറോമിക് ജോർജാണ് പുതിയ തിരുവനന്തപുരം ജില്ലാ കളക്ടർ. എംജി രാജ്യമാണിക്യത്തെ റൂറർ ഡെവലപ്മെന്റ് കമ്മീഷണർ ആയി നിയമിച്ചു. തദ്ദേശസ്വയംഭരണ ഡിപ്പാർട്ട്‌മെന്റിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധിക ചുമതലയും അദ്ദേഹം വഹിക്കും.

ഹരികിഷോറിനെ കെഎസ്ഐഡിസി എംഡിയായും നിയമിച്ചു. നവ്‌ജ്യോത് സിങ് ഖോസയെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയിന്റ് സെക്രട്ടറിയായും നിയമിച്ചു. ദേവിദാസാണ് പുതിയ മലപ്പുറം ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് കമ്മീഷണർ. സംസ്ഥാന ഹൗസിങ് ബോർഡ് കമ്മീഷണറായി വിനയ് ഗോയലിനേയും നിയമിച്ചു. മാധ്യമപ്രവർത്തകൻ കെ എം ബഷീർ വാഹനമിടിച്ചു മരിച്ച കേസിലെ മുഖ്യപ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ, സസ്പെൻഷന് ശേഷം ആരോഗ്യവകുപ്പിലെ ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP