Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

'ഫോട്ടോഗ്രാഫർക്കും മലയാളം സാഹിത്യകാരന്മാർക്കും ആരോഗ്യരംഗത്തെക്കുറിച്ച് എന്തറിയാം; ഈ ചെയ്യുന്നത് ഭിക്ഷാടന മാഫിയയുടെ മറ്റൊരു രൂപമാണ്; കാസർകോട്ടെ പ്രശ്നത്തിന് പിന്നിൽ എൻഡോസൾഫാൻ അല്ല'; മാതൃഭൂമി ആഴ്ചപ്പതിപ്പിനെ വെല്ലുവിളിച്ച് കാർഷിക ശാസ്ത്രജ്ഞൻ

'ഫോട്ടോഗ്രാഫർക്കും മലയാളം സാഹിത്യകാരന്മാർക്കും ആരോഗ്യരംഗത്തെക്കുറിച്ച് എന്തറിയാം; ഈ ചെയ്യുന്നത് ഭിക്ഷാടന മാഫിയയുടെ മറ്റൊരു രൂപമാണ്; കാസർകോട്ടെ പ്രശ്നത്തിന് പിന്നിൽ എൻഡോസൾഫാൻ അല്ല'; മാതൃഭൂമി ആഴ്ചപ്പതിപ്പിനെ വെല്ലുവിളിച്ച് കാർഷിക ശാസ്ത്രജ്ഞൻ

എം റിജു

കോഴിക്കോട്: കേരളത്തിൽ എത്രയോ തവണ ചർച്ചചെയ്ത സംഭവം ആണെങ്കിലും ഇന്നും വിവാദമാണ് കാസർകോട്ടെ എൻഡോസൾഫാൻ രോഗികൾ. ഇടക്കിടെ ഇതു സംബന്ധിച്ച വാർത്ത മാധ്യമങ്ങളിൽ തലക്കെട്ടാവുകയും ചെയ്യാറുണ്ട്. ഇപ്പോൾ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ, ഫോട്ടോഗ്രാഫർ മധുരാജിന്റെ ചിത്രങ്ങളും വാർത്തയും വീണ്ടും വന്നതാണ് ഇക്കാര്യം വീണ്ടും വിവാദമായത്. പക്ഷേ സത്യത്തിൽ എൻഡോസൾഫാൻ ദുരന്തം എന്ന് ഒരു മിഥ്യയാണെന്നും, തളിച്ച പഞ്ചായത്തുകളും, തളിക്കാത്ത പഞ്ചായത്തകളും തമ്മിൽ രോഗികളുടെ എണ്ണത്തിൽ പറയത്തക്ക വ്യത്യാസവും ഇല്ലെന്നാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയ പടന്നക്കാട്, കാർഷിക കോളേജിലെ പ്രൊഫസർ ഡോ കെ എം ശ്രീകുമാർ ചൂണ്ടിക്കാട്ടുന്നത്. അദ്ദേഹത്തിന്റെ ഈ വിഷയത്തിലുള്ള പ്രബന്ധം ഇക്കണോമിക്ക് ആൻഡ് പൊൽറ്റിക്കൽ വീക്ക്ലി നേരത്തെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എൻഡോസൾഫാൻ കാസർകോട് തളിക്കുന്നതിന് മുമ്പ് ജനിച്ചവരും, തളി പൂർണ്ണമായും നിർത്തിയതിന് ശേഷം ജനിച്ചവരും കീടനാശിനിയുടെ ഇരകളായി ചിത്രീകരിക്കപ്പെടുന്നുണ്ടെന്ന് ഡോ ശ്രീകുമാർ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല കാൻസർ അടക്കം ഒരുരോഗവും കാസർകോട്ട് ദേശീയ ശരാശരിയേക്കാൾ കൂടുതൽ അല്ല. കേരളത്തിലെ ഏത് പഞ്ചായത്തുകളിൽ എടുത്താലും, വികലാംഗരായ ആളുകൾ ഉണ്ടെന്നും കണക്കുകൾ പരിശോധിക്കുമ്പോൾ, കാസർകോട്ടേത് കൂടുതൽ ആണെന്ന് പറയാൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ മാതൃഭൂമി വീണ്ടും വീണ്ടും എൻഡോസൾഫാൻ ഇരകളെക്കുറിച്ച് എഴുതുന്നത് ഭിക്ഷാടന മാഫിയക്ക് തുല്യമാണെന്നും ഡോ കെ എം ശ്രീകുമാർ മാതൃഭൂമി പത്രാധിപർക്ക് എഴുതിയ തുറന്ന കത്തിൽ വിമർശിക്കുന്നു.

അത് എൻഡോ സൾഫാൻ മൂലമാണോ?

ഡോ കെ എം ശ്രീകുമാറിന്റെ മറുപടി ഇങ്ങനെയാണ്. ''ബഹു: മാതൃഭൂമി ആഴ്ചപതിപ്പ് പത്രാധിപർക്ക്, 16-ാം ലക്കത്തിൽ ശ്രീ മധുരാജിന്റെ 'കൊല്ലപ്പെട്ടവർ ജീവിച്ചിരിക്കുന്ന ദേശം' എന്ന ലേഖനം വായിച്ചു. ഇതിനുമുമ്പും പലതവണ ഈ വിഷയത്തിൽ മധുരാജ് എഴുതിയിട്ടുണ്ടല്ലോ? മധുരാജ് മാത്രമല്ല, ഇ. ഉണ്ണികൃഷ്ണനും, അംബികാസുതനും എം.എ. റഹ്മാനും മറ്റും എഴുതിയിട്ടുണ്ട്. ജനങ്ങളുടെ ആരോഗ്യപ്രശ്നത്തെക്കുറിച്ചാകുമ്പോൾ ഒരു ആരോഗ്യവിദഗ്ധനല്ലേ എഴുതേണ്ടത്?. ഫോട്ടോഗ്രാഫർക്കും മലയാളം സാഹിത്യകാരന്മാർക്കും ആരോഗ്യരംഗത്തെക്കുറിച്ച് എന്തറിയാം? ഞങ്ങൾ, വായനക്കാർ മാതൃഭൂമിയിൽ നിന്നും പ്രതീക്ഷിക്കുന്നത് നല്ല സാഹിത്യകൃതികളാണ്. കഥകളും കവിതകളും മറ്റും. സാഹിത്യമൊഴിച്ചുള്ള വിഷയമാണെങ്കിൽ അത് അതതു രംഗത്തെ വിദഗ്ധരെകൊണ്ടെഴുതിക്കണം. സാഹിത്യകാരന്മാരെകൊണ്ടാകരുത്. ഫോട്ടോകളാവാം. ഫോട്ടോഗ്രാഫറെ കൊണ്ടെഴുതിക്കരുത്. നാലു കഥകളെഴുന്ന സാഹിത്യകാരൻ സർവ്വജ്ഞാനിയാണെന്നൊന്നും ഞങ്ങൾ കരുതുന്നില്ല. വൈകാരികമായ വയറ്റിളക്കമല്ല ഞങ്ങൾക്കു വേണ്ടത്, മറിച്ച് വൈചാരികമായ, തെളിവധിഷ്ഠിതമായ, വസ്തുതാപരമായി കൃത്യതയുള്ള ലേഖനങ്ങളാണ്.

കാസർഗോട്ടെ എൻഡോസൾഫാൻ വിഷയത്തിൽ മാതൃഭൂമി ചെയ്യുന്നത് നിരന്തരമായി വായനക്കാരെ തെറ്റിദ്ധരിപ്പിക്കലാണ്. പത്രാധിപർക്ക് ഇതിൽ പങ്കുണ്ടോ എന്നറിയില്ല. എൻ.വി. കൃഷ്ണവാര്യർ ഇരുന്ന കസേരയിലാണ് താനിരിക്കുന്നതെന്ന് പത്രാധിപർ ഇടയ്ക്കിടെ ഓർക്കുന്നതുനന്ന്.

ഇനി ഈ എൻഡോസൾഫാൻ എഴുത്തുകാരുടെ പരിപാടിയൊന്നു പരിശോധിക്കാം. കാസർഗോട്ടെ ഗ്രാമാന്തരങ്ങളിൽ നടക്കുക. അവിടെ ഡൗൺസിൻഡ്രോം, ഹൈഡ്രോകെഫാലസ്, പോളിയോ, എല്ലുപൊട്ടുന്ന രോഗം, സെറിബ്രൽ പാൽസി തുടങ്ങിയ ശാരിരിക-മാനസിക പരിമിതകളുള്ള രോഗികളെ കാണാം. അതൊക്കെ വർഷങ്ങൾക്ക് മുമ്പ് കീടനാശക മാത്രയിൽ തളിച്ച എൻഡോസൾഫാൻ വിഷബാധയേറ്റിട്ടാണ് എന്ന് ആൾക്കാരെ ബോധിപ്പിക്കാൻ ശ്രമിക്കുക. രോഗികൾ ജനിച്ചത് എൻഡോസൾഫാൻ തളിക്കും വർഷങ്ങൾക്ക് മുമ്പാവാം, തളി അവസാനിപ്പിച്ച് വർഷങ്ങൾ കഴിഞ്ഞാവാം. അതേ പോലെ കശുമാവിൻ തോട്ടങ്ങളുടെ അടുത്താവാം കിലോമീറ്ററുകൾ അകലെയാകാം. ഒന്നും പ്രശ്നമല്ല. ആരും ചോദിക്കാനൊന്നും വരില്ലല്ലോ?

മാതൃഭൂമിയുടെ മുഖചിത്രമായ കുട്ടികൾ കശുമാവിൻ തോട്ടത്തിൽ നിന്നും 10 കിലോമീറ്റർ അകലെയാണ്; പലരും തളി തുടങ്ങുന്നതിന് മുമ്പ് ജനിച്ചവർ ആണ്; ചിലർ അതിനുശേഷവും; ഉദാഹരണത്തിന് മുഖചിത്രമായ കാസർഗോഡ് അണങ്കൂരിലെ ഉദ്ദേശ് കുമാറും വിദ്യാനഗറിലെ ഹസ്സനും, ഷംനയും. അണങ്കൂറും വിദ്യാനഗറും കശുമാവിൻ തോട്ടത്തിൽ നിന്നും 10 കിലോമീറ്റർ അകലെയാണ്. ചെറുവത്തൂർ പൊന്മാലത്തെ അമൃത, പൊന്മാലം കശുമാവ് എസ്റ്റേറ്റിനും 3-4 കി.മി അകലെയാണ്. കല്ലൂരാവിയിലെ സാനിയ. കല്ലൂരാവി എസ്റ്റേറ്റിൽ നിന്നും 4-5 കി.മി അകലെയാണ്. 1980 ൽ തുടങ്ങി 2000 ത്തിൽ എൻഡോസൾഫാൻ വായുമാർഗ്ഗേണയുള്ള തളി അവസാനിപ്പിച്ചു. എൻഡോസൾഫാൻ ഉഷ്ണമേഖലാ പ്രദേശത്ത് പരമാവധി 12-15 ദിവസം കൊണ്ട് അനുവദനീയമായ അളവായ 2 പി.പി.എം-ലും താഴെയെത്തും. എന്നാൽ മധുരാജിന്റെ കണക്കിൽ 11 വയസ്സുള്ള സൗപർണ്ണികയും 17 വയസ്സുള്ള അഭിനവ് കൃഷ്ണനും ഒന്നരവയസ്സുള്ള ഹർഷിതയും 8 വയസ്സുള്ള ഹസ്സനും 20 വയസ്സുള്ള ഷംനയും മൂന്നര വയസ്സുള്ള അമ്മദും, 16 വയസ്സു വീതമുള്ള മിഥുൻരാജും സാനിയയുമൊക്കെ ദുരിത ബാധിതർ. എൻഡോസൾഫാൻ സിംബലായി മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച, വളർച്ച മുരടിപ്പുള്ള നാരായണ നായിക്കിന്റെ ചിത്രം ഓർക്കുമല്ലോ? നാരായണനായക്കിന്റെ താമസം കശുമാവിൻ തോട്ടത്തിൽ നിന്നും 4 കിലോമീറ്റർ അകലെയാണ്. അദ്ദേഹം ജനിച്ചത് 1978 ൽ. എൻഡോസൾഫാൻ തളി തുടങ്ങുന്നതിന് 2 വർഷം മുമ്പ്! ഇവർക്കൊക്കെ എൻഡോസൾഫാൻ വിഷബാധയേറ്റെന്നുള്ളതിന് എന്താണ് തെളിവെന്ന് മധുരാജും മാതൃഭൂമിയും പറയണം.

1950 ൽ രജിസ്റ്റർ ചെയ്ത് 50-60 കൊല്ലങ്ങളോളം യൂറോപ്പിലും അമേരിക്കയിലും ഓസ്ട്രേലിയയിലം വായുമാർഗ്ഗേണയും അല്ലാതെയും പഴങ്ങളിലും, പച്ചക്കറികളിലും പരുത്തിയിലും, തേയിലയിലും ടൺകണക്കിന് ഉപയോഗിച്ചിട്ടുള്ളതാണ് എ ൻഡോസൾഫാൻ. 180 ഓളം രാജ്യങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്. ഇത് സ്ഥാവര കാർബണിക വിഷമാണെന്ന് കണ്ടതിനാലാണ് സ്റ്റോക്ക് ഹോം ഉടമ്പടി ഒപ്പിട്ട എൺപതോളം അംഗരാജ്യങ്ങൾ ഇത് നിരോധിച്ചത്. അല്ലാതെ ജനങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തിയിട്ടല്ല. ചൈനയും ഇസ്രയേലും ഇപ്പോഴും ഉപയോഗിക്കുന്നു. ആഫ്രിക്കയിൽ ഉറക്കരോഗം പരത്തുന്ന ത്സെത്സെ ഈച്ചകളെ നിയന്ത്രിക്കാൻ ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തിൽ വർഷങ്ങളോളം വായുമാർഗ്ഗേണ ജലാശയങ്ങൾക്ക് സമീപത്തും മനുഷ്യവാസമുള്ള പ്രദേശങ്ങളിലും തളിച്ചിട്ടുണ്ട്. ഓസ്ട്രേലിയയിൽ 1985-2000 വരെ പരുത്തികൃഷിയിൽ വായുമാർഗ്ഗേണ വർഷത്തിൽ പലതവണ തളിച്ചിട്ടുണ്ട്.

ജനവാസ പ്രദേശങ്ങൾക്കടുത്തുള്ള തോട്ടങ്ങളിൽ വായുമാർഗ്ഗേണ വർഷത്തിൽ 6-7 തവണ തളിക്കുന്നത് ജനങ്ങളുടെ പ്രതിഷേധങ്ങൾക്കിടയാക്കുകയും ഒടുവിൽ സർക്കാൻ എപ്പിസെമിയോളജി പഠനം നടത്തി തോട്ടങ്ങൾക്കു സമീപം താമസിക്കുന്നവരിൽ അധികമായി ആരോഗ്യ പ്രശ്നങ്ങളില്ല എന്നു കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ തേയില, പരുത്തികൃഷികളിൽ ഒരു വർഷം പല തവണ ഉപയോഗിച്ചിട്ടുണ്ട്. ശീതമേഖലയിലുള്ള യൂറോപ്യൻ രാജ്യങ്ങളിലെ പോളിഹൗസുകളിൽ എത്രയോ തവണ ഉപയോഗിച്ചിട്ടുണ്ട്. ഇതിനൊക്കെ ശേഷം പഠനങ്ങൾ നടത്തി. ആകെപ്പാടെ രണ്ടേ രണ്ട് രോഗങ്ങൾ മാത്രമേ എൻഡോസൾഫാന്റെ രക്തത്തിലുള്ള അളവുമായി നേരിയ ബന്ധമെങ്കിലും (സംഖ്യാശാസ്ത്രപരമായി തെളിയിക്കപ്പെടാത്ത) കാണിക്കുന്നുള്ളു. അത് ക്രിപ്റ്റോർക്കിഡസവും ഹൈപ്പോസ്പാഡിയാസുമാണ്. അപ്പോൾ ഡൗൺസിൻഡ്രോം, ഹൈഡ്രോകെഫാലസ്, പോളിയോ, സെറിബ്രൽ പാൽസി, ഓസ്റ്റിയോജനസിസ് ഇംപെർഫെക്ട, കാൻസർ, തുടങ്ങിയ ലേഖനത്തിലെ ചിത്രങ്ങളിൽ കാണിച്ചിട്ടുള്ള രോഗങ്ങൾ എൻഡോസൾഫാൻ മൂലമാണ് സംഭവിച്ചെതെന്ന് മധുരാജും മാതൃഭൂമിയും എങ്ങനെ വിധിയെഴുതി എന്നു വിശദമാക്കണം.

എൻഡോസൾഫാൻ മെഡിക്കൽ ക്യാമ്പുകളിൽ പങ്കെടുത്തിട്ടുള്ള ഡോക്ടർമാരും ഇത് വിശദീകരിക്കണം. കാരണം അവരാണല്ലോ മുപ്പതിലധികം മെഡിക്കൽ ക്യാമ്പുകൾ വഴി മൂന്നൂറിൽപരം രോഗങ്ങളുള്ള 6728 പേരെ എൻഡോസൾഫാൻ രോഗികളാക്കിയത്. മുട്ടുവേദനയും ഉപ്പൂറ്റിവിണ്ടുകീറലും പ്രമേഹവും പ്രഷറും ത്വക്രോഗങ്ങളും എല്ലാം എൻഡോസൾഫാൻജന്യം! ഈ 6728 പേർക്കും അഞ്ചുലക്ഷം വീതം ധനസഹായം കൊടുക്കുവാൻ സുപ്രിംകോടതി വിധിച്ചത് തെളിവല്ലേ എന്നാണ് ചില സാഹിത്യകാരന്മാരുടെ ചോദ്യം. ശാസ്ത്രത്തിൽ ഒരു കോടതി വിധിയും തെളിവല്ല. മറിച്ച്, കോടതിയിൽ ശാസ്ത്രീയ തെളിവുകൾ പരിഗണക്കപ്പെടും. ഡിവൈഎഫ്ഐ. സംസ്ഥാന സർക്കാരിനെതിരെ ജനങ്ങൾക്ക് ധനസഹായത്തിനായി കൊടുത്ത കേസിൽ എങ്ങനെയാണ് ഒരു സർക്കാർ ജനങ്ങൾക്ക് പ്രതികൂല മായ നിലപാട് എന്ന് വളരെ എളുപ്പം വ്യാഖ്യാനിക്കപ്പെടുന്ന നിലപാടെടുക്കുക? അതുകൊണ്ട്തന്നെ എതിരായ തെളിവുകളൊന്നും തന്നെ സുപ്രീംകോടതിയിൽ സമർപ്പിച്ചിട്ടില്ല. അതിനാലാണ് സുപ്രീംകോടതി വിധി ഇങ്നെയായത് എന്ന് മനസ്സിലാക്കണം.

അജ്ഞാന രോഗങ്ങളുടെ വിളനിലമായ കാസർഗോഡ് എന്നൊക്കെ മാതൃഭൂമി ആഴ്ചപതിപ്പ്പോലുള്ള ഏറ്റവും ഉയർന്ന വിശ്വാസ്യതയുള്ള മാഗസിൻ എഴുതുമ്പോൾ അത് എത്ര ഭീകരമായ പ്രത്യാഘാതമാണ് സൃഷ്ടിക്കുക എന്ന് അൽപ്പമെങ്കിലും ആലോചിച്ചിട്ടുണ്ടോ? ഇപ്പറഞ്ഞതിന് വല്ല തെളിവുമുണ്ടോ?. ഇങ്ങനെയൊക്കെ ഒരു കാര്യത്തെക്കറുച്ച് ആരോഗ്യവകുപ്പ് എപ്പോഴെങ്കിലും പരാമർശിച്ചിട്ടുണ്ടോ? കാസർഗോഡ് മുൻ ജില്ലാ കലക്ടർ ഡോ: സജിത്ത്ബാബു കോവിഡ് കാലത്ത് അടച്ചിട്ട മുറിയിലിരുന്ന് ഉണ്ടാക്കിയ റിപ്പോർട്ട് എന്നൊക്കെ ആരോപിക്കുന്നതിനും തെളിവില്ല. വില്ലേജ് ഓഫീസർമാരും ആശാവർക്കർമാരും വഴി ഏറ്റവും താഴ്ന്ന തലത്തിൽ തന്നെ വിവരശേഖരണം നടത്തി കൃത്യമായ തെളിവുസഹിതമാണ് ആ റിപ്പോർട്ട് ഉണ്ടാക്കിയത്. സർക്കാരിന്റെ ഒരു രൂപാപോലും ദുരുപയോഗം ചെയ്യപ്പെടരുതെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ആ ഉദ്യോഗസ്ഥൻ ഉണ്ടാക്കിയ റിപ്പോർട്ട് കോടിക്കണക്കിന് രൂപയുടെ തിരിമറികളും ഒരെലിയെപ്പോഴും കൊല്ലാൻ തക്ക ഗാഢതയില്ലാത്ത എൻഡോസൾഫാൻ ലായനി ഏറ്റതുമൂലം മരണപ്പെട്ട ചിലർ തങ്ങളുടെ ബന്ധുക്കൾക്ക് അഞ്ചു ലക്ഷം രൂപ സർക്കാർ ധനസഹായം കിട്ടിയതിനു ശേഷം വീണ്ടും മെഡിക്കൽ ക്യാമ്പുകളിൽ ഹാജരായ അത്ഭുതങ്ങളും ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരും മംഗലാപുരത്തെ ചില സ്വകാര്യ ആശുപത്രികളും തമ്മിലുള്ള അവിശുദ്ധബന്ധത്തെക്കുറിച്ചുള്ള സൂചനകളും അടങ്ങുന്നതാണ്. ആ റിപ്പോർട്ടിന്മേൽ ഒരന്വേഷണവും സർക്കാർ നടത്തിയിട്ടില്ല എന്നാണ് എനിക്ക് കിട്ടിയ വിവരാവകാശ രേഖ കാണിക്കുന്നത്.

കേരളത്തിൽ കാസർഗോട്ട് മാത്രമേ മാനസിക-ശാരീരിക ഭിന്നശേഷികളുള്ള ആൾക്കാരുള്ളൂ എന്നാണോ മാതൃഭൂമിയും മധുരാജും കരുതുന്നത്? എങ്കിൽ ദയവായി അംഗപരിമിതസെൻസസ് 2015 എന്ന ആരോഗ്യ- സാമൂഹ്യ നീതിവകുപ്പ് രേഖ നെറ്റിൽ നന്നും ഡൗൺലോഡ് ചെയ്ത് വായിക്കുക. കേരളത്തിലെ വിടുവിടാന്തരം നടത്തിയ സർവ്വേയിൽ 22 തരത്തിലുള്ള മാനസിക-ശാരീരിക പരിമിതികളുള്ള 7,75,723 പേരെയാണ് കണ്ടെത്തിയിട്ടുള്ളത്. അതിൽ മധുരാജിന്റെ ഫോട്ടോകളിൽ കാണുന്ന അംഗപരിമിതരൊക്കെ വരും. ഓരോ ജില്ലയിലുമുള്ള അവരുടെ പ്രാബല്ല്യം പരിശോധിച്ചപ്പോൾ സംഖ്യാശാസ്ത്രപരമായി വ്യത്യാസമില്ല എന്നാണ് കണ്ടെത്തിയിട്ടുള്ളത്. അതിനർത്ഥം മധുരാജ് ക്യാമറയുമായി ഏതു ജില്ലയിൽ ഇറങ്ങിയാലും ഇതു പോലുള്ള നിർഭാഗ്യവാന്മാരെ കണ്ടെത്താനാകും. അവരുടെ വിലാസം കിട്ടണമെങ്കിൽ പഞ്ചായത്ത് ഓഫീസിലെ വികലാംഗപെൻഷൻ സെക്ഷനിൽ അന്വേഷിച്ചാൽ മതിയാകും. അത് ചെയ്യാൻ മധുരാജ് തയ്യാറാണോ? പ്രസിദ്ധീകരിക്കാൻ മാതൃഭൂമിയും?

ഈ അംഗപരിമിതരുടെ ഡാറ്റ ശേഖരിച്ച് പത്തു ഗ്രാമപഞ്ചായത്തുകളിലെ പി.സി .കെ.യുടെ കശുമാവ് എസ്റ്റേറ്റുകൾക്കു ചുറ്റുമുള്ള 48 വാർഡുകളും ദൂരെയുള്ള 115 വാർഡുകളും തമ്മിൽ സംഖ്യാശാസ്ത്രപരമായി 'ദ 'ടെസ്റ്റ് വച്ച് പരിശോധിച്ച് വ്യത്യാസമൊന്നുമില്ലെന്ന് കാണിക്കുന്ന എന്റെ പ്രബന്ധം എക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലി ഒക്ടോബർ 9, 2021 ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിന്റെ മലയാളം പരിഭാഷ പ്രസിദ്ധീകരിക്കുവാൻ മാതൃഭൂമി തയ്യാറാകുമോ? ജനങ്ങൾക്ക് ഒരു പ്രശ്നത്തിന്റെ മറുപുറം കൂടി എത്തിച്ചുകൊടുക്കുക. എന്നത് പത്രപ്രവർത്തനത്തിന്റെ അടിസ്ഥാനതത്വമല്ലേ?

കീടനാശിനി ഉപയോഗത്തിന്റെ അടിസ്ഥാന തത്വവും മനുഷ്യശരീരത്തിന്റെ പ്രതിരോധ സംവിധാനങ്ങളെകുറിച്ചുള്ള വിവരവും അറിയാത്തതുകൊണ്ടാണ് ഒരു കീടനാശിനി വായുമാർഗ്ഗേണയോ താഴെനിന്നോ തളിച്ചാൽ ജനിതക രോഗങ്ങളടക്കം വരുമെന്ന ചിന്ത ഉണ്ടായിട്ടുള്ളത്. ഈ വിഷയത്തെക്കുറിച്ച് പഠിച്ചു കഴിഞ്ഞാൽ തെറ്റിദ്ധാരണകൾ മാറ്റാൻ കഴിഞ്ഞേക്കും. തുമ്മിയാൽ തെറിക്കുന്ന മൂക്കല്ല ജീവൻ. അത് കോടിക്കണക്കിന് വർ ഷങ്ങളിലൂടെ നിരവധി പ്രതിബന്ധങ്ങളെ നേരിട്ട് ഉരുത്തിരിഞ്ഞു വന്നിട്ടുള്ളതാണ്. സസ്യങ്ങൾ സ്വയം പ്രതിരോധത്തിനായി ഉണ്ടാക്കുന്ന ലക്ഷക്കണക്കിന് തരം വിഷങ്ങളെ പ്രതിരോധിച്ചും വിഘടിപ്പിച്ചുമാണ് ഒരോ ജന്തുവും നിലനിന്നതും ജീവൻ പന്തലിച്ചതും. ഡി.ഡി.ടി, എൻഡോസൾഫാൻ പോലുള്ള ഓർഗാനോക്ലോറിൻ സംയുക്തങ്ങൾ 2500- ൽ പരം എണ്ണം പ്രകൃതിയിൽ തന്നെ ഉണ്ടാവുന്നുണ്ട്. ജീവന് ഇതൊന്നും പുതുമയേ അല്ലെന്നർത്ഥം. ഇവയെ വിഘടിപ്പിക്കാനുള്ള മിക്സഡ് ഫങ്ഷൻ ഓക്സിഡേസ് ഗ്രൂപ്പിൽപ്പെട്ട രാസാഗ്‌നികൾ ആയിരക്കണക്കിന് എണ്ണം നമ്മുടെ ഓരോ കോശത്തിലുമുണ്ട്. അതുകൊണ്ടാണ് ഏറ്റവും പുതിയ ആന്റി ബയോട്ടിക്കുപോലും സ്ഥിരമായി ഉപയോഗിച്ചാൽ ബാക്റ്റീരിയയ്കും കീടനാശിനിയായാൽ കീടങ്ങൾക്കും പ്രതിരോധം സാധിക്കുന്നത്.

ഈ ലോകത്തെ ലക്ഷക്കണക്കിന് ഹെക്ടർ കൃഷി സ്ഥലത്ത് ലക്ഷകണക്കിന് കൃഷിക്കാർ ലക്ഷക്കണക്കിന് ലിറ്റർ കീടനാശിനികൾ ഉപയോഗിച്ചിട്ടുണ്ട്. ഉപയോഗിക്കുന്നുമുണ്ട്. എവിടെ നിന്നും തന്നെ കാസർഗോഡ് സംഭവിച്ചതായി പറയപ്പെടുന്ന ആരോഗ്യ പ്രശ്നങ്ങളുടെ ആയിരത്തിലൊന്നുപോലും സംഭവിച്ചതായി റിപ്പോർട്ടുകളില്ല. താല്കാലിക വിഷബാധ ഉണ്ടാകും. അങ്ങനെ മരണം സംഭവിക്കാം. പക്ഷേ ജനിത രോഗങ്ങളും സെറി ബ്രൽ പൽസിയും ഹൈഡ്രോകെഫാലസവും മറ്റും എവിടെയും സംഭവിച്ചതായി ഒരു മെഡിക്കൽ ശാസ്ത്ര പ്രബന്ധം പോലുമില്ല. കീടങ്ങളെ കൊല്ലുന്ന മാത്രയിലുള്ള രാസവിഷം മനുഷ്യന് യാതൊരു പ്രത്യാഘാതവുമുണ്ടാക്കാനും പര്യാപ്തമല്ല എന്നതാണ് കീടനാശിനി ഉപയോഗത്തിന്റെ അടിസ്ഥാന തത്വം തന്നെ. കാരണം കീടത്തിന്റെ ശരാശരി ശരീരഭാരം 6 മില്ലീഗ്രാം ആയാൽ മനുഷ്യന്റെത് 60 കി.ഗ്രാം ആണ്. 10 ലക്ഷം മടങ്ങ് കൂടുതൽ. ഭ്രൂണത്തിന് പ്ലാസെന്റാബാരിയറും തലച്ചോറിന് ബ്ലഡ്-ബ്രെയിൻ ബാരിയറുമുണ്ട്. ഡി.ഡി.ടി. മലമ്പനി നിയന്ത്രണത്തിനായി വർഷങ്ങളോളം വീടിന് ചുറ്റം, കൂടാതെ വീടിനകത്തും ഇന്ത്യയടക്കം എത്രയോ രാജ്യങ്ങളിൽ തളിച്ചിട്ടില്ലേ?. എന്നിട്ടെന്തുണ്ടായി?. റേച്ചൽ കാർബൺ നിശബ്ദ വസന്തത്തിൽ പറഞ്ഞതുപോലെ കാൻസർ പൊട്ടിപുറപ്പെട്ടോ അതോ മധുരാജ് പറയുന്നത് പോലെ അംഗപരിമിതരുടെ എണ്ണം കൂടിയോ അതോ, ലക്ഷക്കണക്കിന് പേർ മലമ്പനിയിൽ നിന്നും രക്ഷപ്പെട്ടോ?. സർവ്വ വിജ്ഞാനികളെന്നു കരുതുന്നവർ അതുകൂടെ പഠിച്ചാൽ നന്ന്.

അതുകൊണ്ട് മധുരാജും മറ്റു മലയാളം സാഹിത്യകാരന്മാരും മാതൃഭൂമിയും പാവപ്പെട്ട കാസർഗോഡ്കാരെ തെളിവില്ലാതെ അപമാനിക്കുന്നതു ഇനിയെങ്കിലും നിർത്തുക. മാതൃഭൂമി ഈ ചെയ്യുന്നത് ഭിക്ഷാടന മാഫിയയുടെ മറ്റൊരു രൂപമാണ്. മാതൃഭൂമിയുടെയും മറ്റു മാധ്യമങ്ങളുടെയും നിരന്തര പ്രചരണം സത്യമാണെന്ന് വിശ്വസിച്ച് ദുരിതബാധിതരെ വിദേശരാജ്യങ്ങളിലെയും ഇന്ത്യയിലെ നഗരങ്ങളിലെയും എത്രയോ മനഷ്യസ്നേഹികൾ കോടിക്കണക്കിനു രൂപ കൈയയച്ചു സഹായിച്ചിട്ടുണ്ട്. അതൊന്നും കൂടാതെയാണ് ലക്ഷക്കണക്കിന് രൂപയുടെ ധനസഹായം ഇവർക്ക് ലഭിക്കുന്നത്. കാസർഗോട്ടെ ഈ പത്തു പഞ്ചായത്തുകളിൽ മാത്രമല്ല മാനസിക- ശാരീരിക പരിമിതിയുള്ളവർ എന്ന് മാതൃഭൂമി മനസ്സിലാക്കണം. കേരളത്തിലെ 7,75,723 പേർ സഹായത്തിന് അർഹരാണ്. ഇതിന്റെ ഒരു ശതമാനം കിടപ്പുരോഗികളാണെന്നു കണക്കാക്കിയാൽതന്നെ 77500 പേരുണ്ട്. ഞാൻ മരിച്ചാൽ എന്റെ മക്കളുടെ ഗതിയെന്താകും എന്ന് ചിന്തിക്കുന്ന ഈ 77500 അമ്മമാരുടെ അടുത്തേക്ക് മധുരാജിന്റെ ക്യാമറ കടന്നുചെല്ലട്ടെ. മാതൃഭൂമിയുടെ താളുകളിൽ അവരുടെ കഥ നിറയട്ടെ. കാസർഗോട്ടുകാരെ ഇനിയെങ്കിലും വെറുതേവിടുക.

ഇപ്പോൾ നവതി ആഘോഷിക്കുന്ന മാതൃഭൂമി ആഴ്ചപതിപ്പ് സാഹിത്യകേരളത്തിന് ഒരു കൂട്ടാണെന്ന കാര്യത്തിൽ സംശയമില്ല. മാതൃഭൂമിയിൽ കൂടി എത്രയോ സാഹിത്യകാരന്മാർ എഴുതി തെളിഞ്ഞു. ലക്ഷോപലക്ഷം വായനക്കാർ അതാസ്വദിച്ചു. പക്ഷേ എഴുത്തുകാർക്ക് അവർ അർഹിക്കു ന്നതിലുപരി പ്രശംസകൊടുത്തുകൊണ്ട് അവരെ സർവ്വജ്ഞാനികളെന്നു വാഴ്‌ത്തിയതും മാതൃഭൂമിതന്നെയായിരുന്നു. അങ്ങനെ അല്പം കഥയും കവിതയുമെഴുതുന്നവൻ സകലമേഖലയിലും കയറി അഭിപ്രായം പറയാൻ തുടങ്ങി. അതതു രംഗത്തെ വിദഗ്ദരുടെ ആഴത്തിലുള്ള ലേഖനങ്ങൾ മാതൃഭൂമിക്കു വേണ്ടാതായി.

അല്പജ്ഞാനികൾ ആധുനിക വൈദ്യത്തെയും ആധുനിക കൃഷിയേയും തള്ളിപ്പറഞ്ഞു. ജൈവസാങ്കേതിക വിദ്യ നാളെയുടെ വാഗ്ദാനമെന്നതിനു പകരം സർവ്വതും മുടിക്കുന്ന ഭീകരസത്വമായി (ഓർക്കുന്നുവോ ജീവൻ ജോബ് തോമസിന്റെ ലേഖനം?). വാക്സിൻ വിരുദ്ധത മാതൃഭൂമിയാണ് ഉണ്ടാക്കിതും കൊണ്ട്‌നടന്നതും. അതിവൈകാരികത ആവോളം വിളമ്പുന്ന ആക്ടിവിസ്റ്റുകളായി പ്രധാനഎഴുത്തുകാർ. യാഥാർത്ഥ്യബോധം അൽപ്പം പോലുമില്ലാത്ത പരിസ്ഥിതി പ്രേമമായി പ്രധാന മുഖമുദ്ര. കേവലം ഫാഷൻ ഷോ മാത്രമായ ജൈവ കൃഷിയായി പ്രധാന കൃഷി. അത്ഥപൂർണ്ണമായ സംവാദങ്ങൾക്ക് പകരം ഉപരിപ്ലവമായ വിവാദങ്ങൾ ഉണ്ടാക്കുന്നതിനായി ശ്രമങ്ങൾ. ചുരുക്കം പറഞ്ഞാൽ മാതൃഭൂമി ആഴ്ചപ്പതിപ്പ് വായിക്കാൻ കൊള്ളാതായി. പരിണിതപ്രജ്ഞനായ ആ പഴയകാല പത്രാധിപർ തന്റെ ശവക്കല്ലറക്കുള്ളിൽ കിടന്നു തിരിയാനും മറിയാനും തുടങ്ങി.

എന്നാൽ അടുത്തകാലത്ത് സ്ഥിതി ഒരൽപ്പം മെച്ചപ്പെട്ടു. ഇനിയും മെച്ചപ്പെടുമെന്നു പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് മധുരാജിന്റെ ലേഖനം വന്നത്. ഏകദേശം 47 കൊല്ലമായി മാതൃഭൂമിയുടെ വായനക്കാരനാണ്. അതുകൊണ്ട് പ്രതികരിച്ചുപോയതാണ്.''- ഇങ്ങനെയാണ് ഡോ കെ എം ശ്രീകുമാർ തന്റെ പ്രതികരണം അവസാനിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP