Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

സിപിഎമ്മിന്റേത് യുഡിഎഫിനെ അപേക്ഷിച്ച് അഴിമതി കുറഞ്ഞ ഭരണം; കോൺഗ്രസിൽ എല്ലാവരും ആക്രാന്തം പിടിച്ച് മോഷ്ടിക്കുന്ന സംവിധാനം; പിണറായി മുണ്ടുടുത്ത മുസ്സോളിനി; സിപിഎമ്മുകാർ പിണറായിയുടെ നാശം കാണാൻ ആഗ്രഹിക്കുന്നവർ; വിനുവിനെ സിപിഎം ബഹിഷ്‌ക്കരിച്ചിട്ടും ഏഷ്യാനെറ്റിനെ ബാധിച്ചിട്ടില്ല; അഡ്വ. ജയശങ്കറുമായുള്ള അഭിമുഖം

സിപിഎമ്മിന്റേത് യുഡിഎഫിനെ അപേക്ഷിച്ച് അഴിമതി കുറഞ്ഞ ഭരണം; കോൺഗ്രസിൽ എല്ലാവരും ആക്രാന്തം പിടിച്ച് മോഷ്ടിക്കുന്ന സംവിധാനം; പിണറായി മുണ്ടുടുത്ത മുസ്സോളിനി; സിപിഎമ്മുകാർ പിണറായിയുടെ നാശം കാണാൻ ആഗ്രഹിക്കുന്നവർ; വിനുവിനെ സിപിഎം ബഹിഷ്‌ക്കരിച്ചിട്ടും ഏഷ്യാനെറ്റിനെ ബാധിച്ചിട്ടില്ല; അഡ്വ. ജയശങ്കറുമായുള്ള അഭിമുഖം

മറുനാടൻ മലയാളി ബ്യൂറോ

കേരളത്തിലെ ചാനൽ ചർച്ചകളിലെ സജീവ സാന്നിധ്യമാണ് അഡ്വക്കേറ്റ് ജയശങ്കർ. ടി.വി ചാനലുകളുടെ അന്തി ചർച്ചകളുടെ തുടക്കം മുതൽ തന്നെ രാഷ്ട്രീയക്കാരുടെ മുഖംമൂടി വലിച്ചു കീറിയും സത്യം വിളിച്ചു പറഞ്ഞും വളരെ നിക്ഷ്പക്ഷനായി അദ്ദേഹം ഉണ്ട്. എന്നാൽ എങ്ങനെയാണ് ഒരു രാഷ്ട്രീയ നിരീക്ഷകനായി അദ്ദേഹം കേരളക്കരയുടെ മനം കവർന്നതെന്ന് പലർക്കും അറിയില്ല. സാധാരണ വക്കീൽ കുപ്പായത്തിൽ നിന്നും തിരക്കിട്ട ചാനൽ ചർച്ചകളിലേക്ക് എത്തിയതെങ്ങനെ എന്ന് മറുനാടൻ മലയാളിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വിവരിക്കുന്നു. മറുനാടന്റെ ഷൂട്ട് അറ്റ് സൈറ്റ് എന്ന പ്രോഗ്രാമിൽ ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയയുടെ അതിഥിയായാണ് അഡ്വ. ജയശങ്കർ എത്തിയത്.

സ്‌കൂൾകാലം മുതൽ ഐഎസ്‌ഐക്കാരനായിരുന്നത് മുതൽ പാർട്ടിയിൽ നിന്നും അകന്ന് ജനധിപത്യത്തിന്റെ കാവലാളായി മാറിയതെങ്ങനെ എന്ന് അദ്ദേഹം വിവരിക്കുന്നു. സിപിഎമ്മിനേയും കോൺഗ്രസിനെയും ബിജെപിയേയും അദ്ദേഹം ഒരേ പോലെ വിമർശിക്കുകയും ചെയ്യുന്നു. സിപിഎമ്മും ബിജെപിയും ഒരേ തൂവൽ പക്ഷികളാണെന്നാണ് അദ്ദേഹം പറയുന്നത്. സിപിഎമ്മും ബിജെപിയും തമ്മിൽ കൊടിയുടെ നിറത്തിൽ മാത്രമാണ് വ്യത്യാസം, ചെറിയ വിമർശനം പോലും സഹിക്കാത്ത മോദിയും പിണറായിയും വലിയ അസഹിഷ്ണുതയാണ് വെച്ചു പുലർത്തുന്നത്. സിപിഎമ്മിൽ പിണറായിക്കെതിരെയുള്ള വികാരം ശക്തമാണെന്നും പിണറായിയെ എല്ലാവർക്കും പേടിയാണെന്നും അദ്ദേഹം പറഞ്ഞു. ഭിമുഖത്തിന്റെ പ്രധാന ഭാഗങ്ങളിലേക്ക്.

രാഷ്ട്രീയ നിരീക്ഷകൻ അല്ലെങ്കിൽ സാമൂഹിക നിരീക്ഷകനായുള്ള സ്ഥാനപ്പേര് എങ്ങനെയാണ് ലഭിച്ചത്?

ഇന്ത്യാവിഷനിൽ ചർച്ച തുടങ്ങുന്ന സമയത്ത് അവരാണ് അങ്ങിനെ ഒരു സ്ഥാനപ്പേര് ചാർത്തി നൽകിയത്. രാഷ്ട്രീയ നേതാക്കളിൽ നിന്നും വേറിട്ട് ആദ്യത്തെ ഈ രീതിയിലുള്ള നിരീക്ഷകൻ ഞാനാണ്. ഇന്ത്യാവഷനിൽ പത്ര അവലോകനം നടത്തിയും വാരാന്ത്യം അവതരിപ്പിച്ചു. 2000 മുതൽ മാധ്യമത്തിൽ രാജേശ്വരി എന്ന പേരിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. എൽപി സ്‌കൂളിൽ പഠിക്കുന്ന കാലം മുതൽ രാഷ്ട്രീയത്തോട് താൽപര്യം ഉണ്ടായിരുന്നെന്നും അദ്ദേഹം പറയുന്നു.

എഴുത്തിലേക്ക് എത്തിയത് എങ്ങനെ?

രാഷ്ട്രീയത്തിൽ സ്‌കൂളിൽ പഠിക്കുന്ന സമയം മുതൽ താൽപര്യം ഉണ്ടായിരുന്നു. അതുകൊണ്ട് അതിനെ കുറിച്ചു വായിക്കുകയും പഠിക്കുകയും ചർച്ച ചെയ്യുകയും ചെയ്തു. ഈ സമയത്ത് 1996ൽ നായനാർ മന്ത്രിസഭയുടെ കാലത്ത് ഗവ.പ്ലീഡർ ആയിരിക്കവെ ഇപ്പോൾ് ഹൈക്കോടതി ജഡ്ജിയായിരിക്കുന്ന അലക്‌സാണ്ടർ തോമസാണ് എഴുതണമെന്ന് തന്നോട് ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറയുന്നു. അദ്ദേഹവുമായുള്ള രാഷ്ട്രീയ ചർച്ചകളും പല പത്രങ്ങൾ വായിക്കുമ്പോൾ ഉണ്ടാകുന്ന തോന്നലുകളുമാണ് പിന്നീട് എഴുത്തിലേക്ക് തിരിയാൻ കാരണം.

ചർച്ചയ്ക്ക് വിളിക്കാത്ത ചാനലുകൾ ഏതാണ്?

മനോരമയാണ് ചർച്ചയ്ക്ക് വിളിക്കാത്ത പ്രധാന ചാനലെന്ന് അദ്ദേഹം പറയുവ്വു. കാരണം എന്തെന്ന് ഇനിയും വ്യക്തമല്ല. മാത്തുക്കുട്ടിച്ചായൻ എന്നു വിളിച്ച് കളിയാക്കിയിരുന്നതുകൊണ്ടാവാം മനോരമ ഒഴിവാക്കിയതെന്ന് കരുതുന്നു. എന്നെ വിളിക്കാത്ത മൂന്ന് കൂട്ടരാണ് ഉള്ളത്. ഒന്നു മനോരമ, രണ്ട് എൻഎസ്എസ്, മൂന്ന് മാർക്‌സിസ്റ്റ് പാർട്ടി. എന്നെ ഒരു പരിപാടിയിലും പങ്കെടുപ്പിക്കരുതെന്ന് പെരുന്നയിൽ നിന്നും ഞങ്ങളുടെ പോപ്പ് ഫത്വ പുറപ്പെടുവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

ചാനൽ ചർച്ചകളിൽ പലരും വിളിക്കുമ്പോൾ എങ്ങനെയാണ് തെരഞ്ഞെടുക്കുന്നത്?
ആദ്യം വിളിക്കുന്ന മാധ്യമത്തിലാണ് പോവുക. എന്നിരുന്നാലും ഏഷ്യാനെറ്റിനാണ് മുൻഗണന കൊടുക്കുന്നത്. കാരണം വിദേശരാജ്യങ്ങളിലടക്കം ഏറ്റവും കൂടുതൽ പ്രേക്ഷകർ ഉള്ളത് ഏഷ്യാനെറ്റിനാണ്. അതിനാൽ തന്നെ ആ മാധ്യമത്തിനാണ് മുൻഗണന നൽകുന്നത്.

ചാനൽ ചർച്ചകൾ തീരുമാനിച്ച ശേഷം എന്തെങ്കിലും പ്രത്യേക സാാഹചര്യത്തിൽ അത് മാറ്റിവയ്ക്കാറുണ്ടോ?

ഇല്ല. അവരാണ് വിഷയം തീരുമാനിക്കുന്നത്. നമുക്ക് സ്വീകാര്യമായ വിഷയെമങ്കിൽ പോകും. സിപിഎമ്മിന്റെ നേതാക്കന്മാർക്ക് എന്നോട് എതിർപ്പുണ്ടെങ്കിലും ഏഷ്യാനെറ്റ് എന്നെ ഒഴിവാക്കാറില്ല. സിപിഎമ്മിന്റെ നേതാക്കന്മാർ അനിവാര്യമായ ചർച്ചയ്ക്ക് എന്നെ വിളിക്കാറില്ല. എന്നാൽ വിനു വി ജോണിനെയും അവർ ബഹിഷ്‌ക്കരിച്ചു. വിനുവിന്റെ ചർച്ചകളിൽ മാർക്‌സിസ്റ്റുകാർ പങ്കെടുക്കില്ല. വിനുവിനേയും എന്നെയും സിപിഎമ്മിന് വിരോധമാണ്. എന്നാൽ സിപിഎമ്മിന്റെ ബഹിഷ്‌ക്കരണം ഒന്നും ഏഷ്യാനെറ്റിനെ ബാധിച്ചിട്ടില്ല. വിനു കൂടുതൽ ഡെമോക്രാറ്റിക് ആയ മാധ്യമ പ്രവർത്തകനാണെന്നും അദ്ദേഹം പറയുന്നു.

വിനുവി ജോൺ പിആർഡിയിലെ ഉദ്യോഗസ്ഥനായിരുന്നു. അവിടെ നിന്നും ലീവ് എടുത്താണ് അദ്ദേഹം ഏഷ്യാനെറ്റിൽ ചർച്ച നടത്തിയത്. പിന്നീട് അദ്ദേഹം ആ ജോലി രാജിവെക്കുന്നതിന് നിർബന്ധിതനായി. ഇതിന് പിന്നിൽ കോൺഗ്രസ് ആയിരുന്നു. സോളാർ വിവാദമാണ് ഇതിന് കാരണം. വിനു സോളാർ വിവാദം ഏഷ്യാനെറ്റിലൂടെ കത്തിക്കുമ്പോൾ കോൺഗ്രസിന് രോഷമായി. ഈ സമയമാണ് ഏതോ കോൺഗ്രസുകാർ വിനു പിആർഡി ഉദ്യോഗസഥനാണെന്നനും ലീവ് എടുത്താണ് കോൺഗ്രസിനിട്ട് പണിയുന്നതെന്നും മന്ത്രി കെ.സി ജോസഫിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്.

ഉടൻ തന്നെ കെ.സി ജോസഫ് അ്ദദേഹത്തിന്റെ ലീവ് കാൻസൽ ചെയ്ത് തിരികെ ജോലിയിൽ പ്രവേശിപ്പിക്കണമെന്ന് കാണിച്ച് വിനുവിന് കത്തെഴുതി. ഇതോടെ വേറെ നിവർത്തിയില്ലാതെ വിനു ജോലി രാജിവെച്ചു. മാർക്‌സിസ്റ്റുകാർ ആേേക്ഷപിക്കുന്ന വിനുവിന്റെ ജോലി നഷ്ടപ്പെടുത്തിയത് കോൺഗ്രസുകാരാണെന്നും അദ്ദേഹം പറയുന്നു. കേരളത്തിലെ ബിജെപിക്കാർക്ക് ഏറ്റവും വിരോധമുള്ളത് ഏഷ്യാനെറ്റിനോട്. അതുപോലെ തന്നെ സിപിഎമ്മിനും ഏഷ്യാനെറ്റിനോട് വിരോധമാണ്.

കേരളത്തിൽ സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് സാധ്യതയില്ലെന്നാണോ പറയുന്നത്?
തുടർഭരണം ഉണ്ടാക്കുന്നത് വലിയ അപകടമാണ്. യുഡിഎഫ് സർക്കാരിനെ അപേക്ഷിച്ച് അഴിമതി കുറഞ്ഞ ഭരണമാണ് ഇപ്പോഴും എൽഡിഎഫിന്റേത്. കോൺഗ്രസിൽ എല്ലാവരും ആക്രാന്തം പിടിച്ച് മോഷ്ടിക്കുന്ന സംവധാനമാണ്. ബിജെപിയിലും സിപിഎമ്മിലും അങ്ങനെയല്ല. കോൺഗ്രസിലെ അഴിമതി വളരെ പ്രകടമാണ്. അതുകൊണ്ട് തന്നെ വ്യവസായികൾക്ക് പ്രിയം സിപിഎമ്മിനോടും ബിജെപിയോടുമാണ്. ഒറ്റ സ്ഥലത്ത് പെയ്‌മെന്റ് നടത്തിയാൽ കാര്യങ്ങൾ നടക്കും. കോൺഗ്രസിനേക്കാളും കൈക്കൂലിയും ഇവർക്ക് കുറവാണ്.

എന്നാൽ സിപിഎമ്മിന്റേയും ബിജെപിയുടേയും അസഹിഷ്ണുത ഭീകരമാണ്. രണ്ടും ഒരേ തൂവൽ പക്ഷികൾ. കൊടിയുടെ നിറത്തിൽ മാത്രമാണ് വ്യത്യാസം. ചെറിയ വിമർശനം പോലും ഇവർക്ക് സഹിക്കാനാവില്ല. മുണ്ടുടുത്ത മോദി എന്ന പിണറായിയെ കുറിച്ചുള്ള പരാമർശം ഒട്ടും അതിശയോക്തിയല്ല. മുണ്ടുടുത്ത മുസസോളിനി എന്നതാണ് പിണറായിക്ക് കൂടുതൽ ചേരുക. അദ്ദേഹത്തെ അനുകൂലിക്കാത്തവരെല്ലാം ശത്രുക്കളാണെന്ന ധാരണയിലാണ് പിണറായിയുടെ പ്രവൃത്തി. എന്നാൽ അദ്ദേഹത്തിനൊപ്പം നിൽക്കുന്ന ആർക്കും അദ്ദേഹത്തോട് ഒരു ആത്മാർത്ഥതയും കൂറും ഇല്ല. ഇവരെല്ലാം ഉള്ളുകൊണ്ട് അദ്ദേഹത്തോട് പക വെച്ചു പുലർത്തുന്നവരും ഇദ്ദേഹത്തിന്റെ നാശം കാണാൻ ആഗ്രഹിക്കുന്നവരുമാണ്.

അങ്ങനെ ആരെങ്കിലും പറഞ്ഞിട്ടുണ്ടോ?

തീർച്ചയായും നിരവധി പേർ. പാർട്ടിക്കുള്ളിൽ നല്ല ബന്ധമുള്ള ഒരുപാട് പേരുണ്ട്. എല്ലാ പാർട്ടിക്കാരുടേയും നേതാക്കന്മാരുമായി വ്യക്തിപരമായ ബന്ധമുണ്ട്. ഇക്കാര്യങ്ങളെല്ലാം അവർ എത്തിച്ചു തരാറുമുണ്ട്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹം ഫോൺ ചോർത്തുന്ന ഏർപ്പാടുണ്ടായിരുന്നു. അദ്ദേഹം എന്റെ ഫോണും ചോർത്തി. ഐഗ്രൂപ്പ് നേതാക്കൾ എന്തെങ്കിലും രഹസ്യം ചോർത്തി നൽകുന്നുണ്ടോ എന്നറിയാനായിരുന്നു അത്. എന്നാൽ അവർ എന്റെ ഫോണിലേക്ക് നേരിട്ടു വിളിച്ചില്ല. അദ്ദേം ഇളിഭ്യനായി.

സിപിഎമ്മിൽ പിണറായിക്കെതിരായ വികാരം ഉണ്ടോ?

പാർട്ടിക്കുള്ളിൽ അങ്ങനെ ഒരു വികാരം ഉണ്ട്. എന്നാൽ അത് തുറന്നു പറയാൻ ധൈര്യപ്പെടുന്നില്ല. ഉമ്മൻ ചാണ്ടിക്കെതിരെയാണെങ്കിൽ ആളുകൾ തുറന്നു പറയും. അത് തുറന്ന വ്യവസ്ഥിതയും ജനാധിപത്യ സംവധാനവുമാണ്. അതിന് ആർജവമുള്ള നേതാക്കന്മാരും ഉണ്ടായിരുന്നു. എന്നാൽ സിപിഎമ്മിന്റേത് അടഞ്ഞ സംവിധാനമാണ്. അതിനകത്ത് നിൽക്കുന്നർക്കാർക്കും അദ്ദേഹത്തെ എതിർത്തു പറയാൻ കഴിയില്ല. പിണറായിയുടെ രീതിയോട് പൊരുത്തപ്പെടാൻ കഴിയാത്ത ഒരുപാട് പേര് പാർട്ടിക്കുളിൽ ഉണ്ട്.

തൃക്കാക്കര തിരഞ്ഞെടുപ്പോടെ ജനങ്ങളുടെ സിപിഎം വികാരത്തിൽ മാറ്റംവന്നിട്ടുണ്ടോ?
പാർലമെന്റ് തിരഞ്ഞെടുപ്പിൽ വലിയ തിരച്ചടിയുണ്ടായി. സാധാരണ നിലയിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും അതിന്റെ തുടർച്ചയുണ്ടാകേണ്ടതാണ്. എന്നാൽ പഞ്ചായച്ചത് തിരഞ്ഞെടുപ്പിൽ യുഡെഎഫിനെ ഞെട്ടിച്ച് എൽഡിഎഫിന് മേൽക്കോയ്മയുണ്ടായി. ആ ഞെട്ടലിൽ നിന്നും കരകയറാൻ കോൺഗ്രസിനോ ലീഗിനോ സാധിച്ചിട്ടില്ല. എൽഡിഎഫിനെ വിജയിപ്പിച്ച രണ്ട് ഘടകങ്ങളിൽ ഒന്ന് ബിജെപിയാണ്. അതിനർത്ഥം ബിജെപിക്കാർ സിപിഎമ്മിന് വോട്ട് ചെയ്തു എന്നല്ല. ബിജെപിക്ക് കിട്ടേണ്ട ഹിന്ദു വോട്ടുകളിൽ ഭൂരിഭാഗം എൽഡിഎഫിലെത്തി. ബിജെപിയും സിപിഎമ്മും തമ്മിൽ പഴയ വിരോധമില്ലെന്നും അദ്ദേഹം പറഞ്ഞു.

(തുടരും)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP