Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വഞ്ചി സ്‌ക്വയർ; ഫ്രാങ്കോ മുളയ്ക്കൻ കാലത്ത് നിർബന്ധമായും വായിക്കേണ്ട നോവൽ!

വഞ്ചി സ്‌ക്വയർ; ഫ്രാങ്കോ മുളയ്ക്കൻ കാലത്ത് നിർബന്ധമായും വായിക്കേണ്ട നോവൽ!

എം ബേബി

''യുദായായിലെ ബദ്ലഹേമിനോളം തണുപ്പില്ലെങ്കിലും, ഡിസംബറിൽ ഇടപ്പള്ളിയിലെ പാതകളിലുടെയുള്ള മോണിങ്ങ് വാക്കിൽ, ഫാദർ ലിജോ കപ്പിത്താൻ കടവന് ഭേദപ്പെട്ട കുളിർ തോന്നി.''- മാധ്യമ പ്രവർത്തകനും കഥാകൃത്തുമായ, രാജുപോളിന്റെ ആദ്യത്തെ നോവലായ വഞ്ചി സ്‌ക്വയർ തുടങ്ങുന്നത് ഇങ്ങനെയാണ്. ഇടക്കാലത്ത് വാർത്തകളിൽ നിറഞ്ഞു നിന്ന സ്ഥലമായിരുന്നു, വഞ്ചി സ്‌ക്വയർ. എറണാകുളം ഹൈക്കോടതി ജംഗ്ഷനിലെ സ്ഥലം കന്യാസ്ത്രീ സമരത്തിന്റെ വേദി എന്ന നിലയിൽ പ്രശസ്തമായിരുന്നു. സിസ്റ്റർ അനുപമയുടെ നേതൃത്വത്തിൽ 14 രാപ്പകലുകൾ കന്യാസ്ത്രീകൾ സമരംനടത്തിയ വേദിയും അവിടെ ആയിരുന്നു. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് പരസ്യമായ ഒരു കന്യാസ്ത്രീ സമരം നാം കണ്ടത്. അവിടെ കറുത്ത വസ്ത്രമുടുത്ത് സമരത്തിനിരുന്ന സ്ത്രീകളുടെ കണ്ണിൽ കണ്ട പകപ്പാണ് നോവലിനു നിമിത്തമായതെന്ന് നോവലിസ്റ്റ് ആമുഖത്തിൽ പറയുന്നുണ്ട്.

സമകാലിക കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന നോവലാണിത്. മൂന്നുതലമുറയുടെ കഥ പറയാൻ നോവലിസ്റ്റ് ഇടപ്പള്ളി എന്ന പ്രദേശത്തെ കഥാപാത്രമാക്കുന്നു. അടുത്തകാലത്ത് നാം ഏറെ ചർച്ചചെയ്ത ഫ്രാങ്കോമുളയ്ക്കൻ വിവാദവും, കന്യാസ്ത്രീ മഠങ്ങളുടെ ഉള്ളറകളിലേക്ക് വെളിച്ചം വിശുന്ന ഒരുപാട് സംഭവങ്ങളും ഈ 146 പേജുള്ള നോവലിൽ ഉണ്ട്. 'ജീവിക്കാൻ കൊതിയുള്ളതുകൊണ്ടു മാത്രം മരിച്ചു ജീവിക്കുന്നവരുടെ ലോകമാണ് മഠങ്ങൾ' എന്ന് വിവരിക്കുന്ന നോവലിൽ ആ ഇരുണ്ട ജീവിതം വെളിവാക്കപ്പെടുന്നു. ഫാദർ കപ്പിത്താൻ കടവനും, ബ്രദർ മാളിയേക്കലും സിസ്റ്റർ ആഗ്‌നസും, ഇടപ്പള്ളി പള്ളിയും, പുണ്യാളനും ഒക്കെ കഥാപാത്രങ്ങളാകുന്ന നോവലിന്റെ ഫോക്കസ് ആത്മീയതയുടെ മറവിൽ നടക്കുന്ന അനധികൃത കാര്യങ്ങൾ തന്നെയാണ്. കോഴിക്കോട് ഒലിവ് ബുക്സ് പുറത്തിറക്കിയ നോവൽ ഒറ്റയിരിപ്പിന് വായിച്ച് തീർക്കാൻ കഴിയുന്നതാണ്.

കന്യാസ്ത്രീകൾ എന്ന നേർച്ചക്കോഴികൾ

ഇടപ്പള്ളി പള്ളിയിൽ സഹവികാരിയായി എത്തുന്ന ഫാദർ ലിജോ കപ്പിത്താൻ അഭിമുഖീകരിക്കുന്ന ചോദ്യങ്ങളിലൂടെ നോവൽ ചലിക്കുന്നത്. കിരൺമയി,സിസ്റ്റർ ആഗ്‌നസ് എന്നിവരിലൂടെ മുന്നോട്ട് കുതിക്കുന്ന കഥയിൽ പ്രധാന ഭാഗം നടക്കുന്നത് ഒഡീഷയിലെ കാണ്ഡമാലിലാണ്. കന്യാസ്ത്രീകളുടെ ഇടയിൽ, മാർഷൽ എന്ന് വിളിപ്പേരുള്ള ബിഷപ്പും, ഇയാളുടെ പിടിയിൽനിന്ന് രക്ഷപ്പെട്ട്, ഇടപ്പള്ളിയിൽ എത്തുന്ന കന്യാസ്ത്രീയും, അനുബന്ധ കഥാപാത്രങ്ങളും ചേർന്ന്, നോവലിൽ ഇപ്പോൾ വാർത്ത പ്രധാന്യം നേടിയ ആ കഥാന്തരീക്ഷം സൃഷ്ടിക്കുന്നു. കന്യാസ്ത്രീകൾ എന്നത് പലപ്പോഴും പുരോഹിതരുടെ ലൈംഗിക കളിപ്പാട്ടങ്ങൾ ആവുകയാണ് എന്ന് സിസ്റ്റർ ലൂസി കളപ്പുരക്കൽ പറഞ്ഞത് ഈ നോവൽ വായിക്കുമ്പോൾ പലതവണ ഓർത്തുപോയി.

ഇടപ്പള്ളിയുടെ പശ്ചാത്തലത്തിലാണ് കഥ പുരോഗമിക്കുന്നത്. പള്ളിയിലെ നേർച്ചക്കോഴികൾ ഒരു പ്രതീകമായി നോവലിൽ കാണാം. ആരുടെയൊക്കെയോ കാര്യസാധ്യത്തിനായി പിടഞ്ഞു മരിക്കുന്ന കോഴികളെ പോലെയാണ് ഒരു വിഭാഗം കന്യാസ്ത്രീമാരുടെയും പുരോഹിതന്മാരുടെയും ജീവിതമെന്ന് നോവൽ വിളിച്ചോതുന്നു. ഇടപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും നടക്കുന്ന കഥയിൽ സ്വാഭാവികമായും, ഗീവർഗീസ് പുണ്യാളൻ കടന്നുവരും. വ്യാളിയെ നിഗ്രഹിച്ച് കന്യകയെ രക്ഷിക്കുന്ന പുണ്യാളന്റെ കഥ, മുഖ്യകഥയിൽ സന്നിവേശിപ്പിച്ചിരിക്കുന്നു. കർത്താവിന്റെ മണവാട്ടിമാർ കഥയിൽ മാർഷേലിന്റെ മണവാട്ടികൾ ആവുന്നു. വിൻസൻ പാദുവ എന്ന രഹസ്യക്കുഞ്ഞ് ആരാണെന്ന് അറിയാനുള്ള കപ്പിത്താനച്ചന്റെ ശ്രമങ്ങൾ ഒരു വല്ലാത്ത ഇടത്തിലേക്കാണ് നോവലിനെ കൊണ്ടുപോകുന്നത്.

കൊമ്മാരത്ത് തൊമ്മിയുടെ കഥ

നിഗൂഡതകളെ ചുരുളഴിക്കാനുള്ള അന്വേഷണത്തിന്റെ ഭാഗമായി നോവൽ ഒരു ഫ്ളാഷ് ബാക്കിലേക്ക് പോകുന്നുണ്ട്. അതിശയം എന്ന് പറയട്ടെ, അവിടെ നോവലിന്റെ സ്വഭാവം അത്ഭുദകരമായി മാറുകയാണ്. ഭാഷയും അതി സുന്ദരമാവുന്നു. ആ ഒരു നിലവാരം മൊത്തത്തിൽ പുലർത്താൻ കഴിഞ്ഞിരുന്നെങ്കിൽ വഞ്ചി സ്‌ക്വയർ എന്ന ഈ നോവൽ അവിസ്മരണീയമായ അനുഭൂതി ആവുമായിരുന്നു. 9ാം അധ്യായമായ അഞ്ചാംപാതിര, തുടർന്നുള്ള സൂത്രധാരൻ, തൊണ്ടിമുതലും ദൃക്സാക്ഷിയും, ലൂസിഫർ, എന്നീ അധ്യായങ്ങളിലെ ഭാഷയും ആഖ്യാന രീതിയും, മലയാളത്തിലെ ഏത് മികച്ച നോവലിനോടും ചേർന്ന് നിൽക്കുന്നതാണ്.

അഞ്ചാംപാതിര എന്ന അധ്യായത്തിന്റെ തുടക്കം ഇങ്ങനെ- ''കൊപ്രായാട്ടുകാരൻ കൊമ്മാരത്ത് തൊമ്മിക്ക് കൂട്ടും കുടിയും ഇഷ്ട വിനോദങ്ങൾ ആയിരുന്നു. അയാളുടെ കൈയിൽ നല്ല കാശുള്ള കാലം. എണ്ണക്കച്ചവടം പൊടിപൊടിക്കുന്ന കാലം. സ്വന്തമായി മില്ലുള്ള സ്ഥിരം കൂട്ടുകാർ അവർ മൂന്നാലാളുണ്ടായിരുന്നു. ആഴ്ചവട്ടമെത്തുമ്പോൾ അവർ ഒത്തുകൂടും. അങ്ങനെ ഒരു ദിവസം കുടിയെല്ലാം കഴിഞ്ഞ്, മുതുപാതിരക്ക്, പോണേക്കരയിൽ ചക്കാട്ടുന്ന കുളത്തിനടുത്ത്, ആയിടെ താൻ പണിത, പുത്തൻ വീട്ടിലേക്ക്, കൊമ്മാരത്ത് തൊമ്മി എന്ന തോമസ് ചാക്കോ, പതിവുപോലെ നട കൊണ്ടു. നടപ്പാണ് തൊമ്മിക്ക് ഇഷ്ടം. കുടിച്ചാൽ പ്രത്യേകിച്ചും.

ജാതിമാറി വന്ന ഈഴവത്തിപ്പെണ്ണ് ചോറ്റാനിക്കരക്കാരി, സാവിത്രിയായിരുന്നു ആ സമയം തൊമ്മിയുടെ ഭാര്യ. ആദ്യഭാര്യയുടെ മരണം പെട്ടെന്ന് ആയിരുന്നു. ആ അകാല മരണത്തോടെ യുവത്വം തിരിച്ചുകിട്ടിയ കൊമ്മാരത്ത് തൊമ്മി, തിടുക്കത്തിൽപെട്ട് കൊണ്ടുവന്ന പെണ്ണായിരുന്നു സാവിത്രി''- ഇങ്ങനെ അതിമനോഹരമായ വർണ്ണനകളിലൂടെയാണ് ഒരു കാലത്തേക്ക് നോവലിസ്റ്റ് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്.

ആണ്ടൻ എന്ന ദലിത് തൊഴിലാളിയുടെ തൂങ്ങിമരണവും, അന്ത്യോമറ്റത്തച്ചൻ എന്ന ദുരാത്മാക്കളെ ഒഴിപ്പിക്കയും, നിധി കണ്ടെടുത്തുകൊടുക്കയുമൊക്കെ ചെയ്യുന്ന വിചിത്ര കഥാപാത്രത്തിന്റെ ഇടപെടലുമൊക്കെയായി കഥ പിന്നീട് അങ്ങോട്ട് ചീറിപ്പായുകയാണ്. ഇഎംഎസിന്റെ ഭരണം, ചങ്ങമ്പുഴയുടെ മരണം, സി അച്യുതമേനോൻ സർക്കാർ, അടിയന്തരാവസ്ഥ തുടങ്ങിയ വിവിധ രാഷ്ട്രീയ സംഭവങ്ങൾ ഇടക്കിടെ രജിസ്റ്റർ ചെയ്താണ്, ഒരു സമയ-കാല ആഖ്യാനം എന്ന രീതിയിൽ കഥ മുന്നോട്ട് നീങ്ങുന്നത്.

പള്ളിയുടെ നീതിയെക്കുറിച്ച് നോവൽ ഇങ്ങനെ പറയുന്നു. 'എപ്പോഴും അങ്ങനെയാണ്. പള്ളിയുടെ നീതി വ്യത്യസ്തമാണ്. അത് ഒപ്പം നിൽക്കുന്നവർക്ക് വേണ്ടിയുള്ളതാണ്. അവർക്കുവേണ്ടി മാത്രം. ''. എന്നും എപ്പോഴും അർത്ഥവത്തായ വാക്കുകൾ.

വരവേൽപ്പ് മുതൽ അമേൻവരെ

മാധ്യമ രംഗത്തെ ദീർഘകാല പ്രവർത്തി പരിചയവും താൻ തെരഞ്ഞെടുത്ത ഭൂമിക ഉള്ളം കൈയിലെ രേഖകൾ പോലെ അടുത്തറിയാം എന്ന വസ്തുതയും കഥാകാരനായ രാജുപോളിന് നൽകുന്ന പിന്തുണ ചെറുതല്ല. ഒരു മാധ്യമ ഫീച്ചർ എഴുതുന്നതിന്റെ വിപിലീകൃതമായ രൂപം എന്ന രീതിയിലാണ് പലപ്പോഴും ഈ നോവലും മുന്നോട്ട് പോവുന്നത്. ലളിതവും സുന്ദരവുമാണ് ആഖ്യാനം. സങ്കീർണ്ണമായ പദ പ്രയോഗങ്ങളും, ഒറ്റവായനയിൽ പിടികിട്ടാത്ത ഉപമകളുമൊക്കെ നോവലിസ്റ്റ് ഉപേക്ഷിച്ചിട്ടുണ്ട്. കൃതഹസ്തനായ ഒരു മാധ്യമ പ്രവർത്തകന്റെ അളന്നുമുറിച്ച വാക്കുകളാണ് ഈ നോവലിൽ കാണാൻ കഴിയുന്നത്.

നോവലിലെ 21 ആധ്യയങ്ങൾക്കും 21 സിനിമകളുടെ പേരാണ് രാജുപോൾ ഇട്ടിരിക്കുന്നത്. വരവേൽപ്പിൽ തുടങ്ങി അമേനിൽ അവസാനിക്കുന്ന അധ്യായപ്പേരുകൾ. ഒപ്പം, മെമ്മറീസ്, ലൂസിഫർ, യാത്ര, കുറ്റപത്രം, അഞ്ചാംപാതിര എന്നിങ്ങനെ മുഴുവൻ അധ്യാത തലക്കെട്ടുകളും സിനിമാറ്റിക്കാണ്.

ഡിസംബറിൽ ഇടപ്പള്ളിയുടെ പാതകളിൽ കുളിർ നിറഞ്ഞുനിന്ന ഒരു പ്രഭാതത്തിൽ നിന്നാണ് വഞ്ചി സ്‌ക്വയർ എന്ന നോവൽ തുടങ്ങുന്നത്. 148ാം പേജിൽ തീരുന്നതാവട്ടെ മെയ്മാസ സൂര്യനാൽ ജ്വലിച്ച ഒറ്റ മേഘം, വെൺമേലങ്കി ധരിച്ച വിശുദ്ധനെപ്പോലെ നീലമാനത്ത് ആൾരൂപിയായി നീങ്ങുന്നിടത്ത്. അവിടെ മുകിലുകൾ കൂട്ടം കൂടിക്കൊണ്ടിരുന്നു. രഹസ്യങ്ങളുടെ അടരുകളിൽ ഇടപ്പള്ളി വീണ്ടും ഇരുണ്ട് വെളുക്കുന്നിടത്ത്. ഇത്തരത്തിൽ യാതൊരു ദുർമേദസുകളും ഇല്ലാത്ത ലളിതമായ ഭാഷയിലുടെയാണ് കഥ മുന്നോട്ട് പോവുന്നത്.'

വഞ്ചിസ്‌ക്വയറിലെ ജനശ്രദ്ധയാകർഷിച്ച സമരത്തിന്റെ പരിസമാപ്തിയിലേക്ക്, നോവലിസ്റ്റ് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നില്ല. പക്ഷേ അവസാന അധ്യായമായ ആമേനിൽ ഇതേക്കുറിച്ചുള്ള സൂചനകൾ ഉണ്ട്. ''മദർ നമ്മുടെ മാർഷലിന്റെ കാര്യം എന്തായി. അറിഞ്ഞിടത്തോളം നേരെ അകത്തേക്ക് പോകുന്ന ലക്ഷണം ആണെല്ലോ'' എന്ന അഗ്നസിന്റെ ചോദ്യത്തിന് ' അറിഞ്ഞൂകൂടാ കുട്ടി, ആരൊക്കെ എന്തൊക്കെ ചെയ്താലും മുകളിൽ ഒരാളുണ്ടല്ലോ, അങ്ങേര് വിചാരിക്കുന്നപോലെയല്ലേ നടക്കൂ'. എന്ന് മദർ നൽകുന്ന മറുപടിയിലാണ്, ഈ പ്രശ്നം അവസാനിക്കുന്നത്.

പീഡകരായ പുരോഹിതർ രക്ഷപ്പെടുകയും, പീഡിപ്പിക്കപ്പെട്ടവർക്ക് നീതി കിട്ടിതിരിക്കകയും ചെയ്യുന്ന ഇക്കാലത്ത്, നോവൽ രൂപത്തിലുള്ള ഒരു സാംസ്കാരിക ആക്റ്റീവിസം തന്നെയാണ് രാജുപോൾ നടത്തുന്നത്. അതുകൊണ്ടുതന്നെ ഈ നോവലിനെ അത്രപെട്ടെന്നൊന്നും എഴുതിത്ത്ത്തള്ളാനും കഴിയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP