Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'അയാൾ അവളെ ബലമായി പിടിച്ചടുപ്പിച്ച് ഉമ്മ വെക്കാൻ ശ്രമിക്കയാണ്; ചെറിയ പ്രായമുള്ള പെൺകുട്ടികൾ തന്നെ പ്രേമിക്കുന്നു എന്ന പൊങ്ങച്ചമായിരുന്നു അയാൾക്ക്; കൂടെയിരുന്നു മദ്യപിച്ചാൽ അതിന്റെ അർത്ഥം കൂടെ കിടക്കാൻ തയ്യാറാണെന്നല്ല'; സിവിക്ക് ചന്ദ്രനെതിരെ വീണ്ടും മീ ടു

'അയാൾ അവളെ ബലമായി പിടിച്ചടുപ്പിച്ച് ഉമ്മ വെക്കാൻ ശ്രമിക്കയാണ്; ചെറിയ പ്രായമുള്ള പെൺകുട്ടികൾ തന്നെ പ്രേമിക്കുന്നു എന്ന പൊങ്ങച്ചമായിരുന്നു അയാൾക്ക്; കൂടെയിരുന്നു മദ്യപിച്ചാൽ അതിന്റെ അർത്ഥം കൂടെ കിടക്കാൻ തയ്യാറാണെന്നല്ല'; സിവിക്ക് ചന്ദ്രനെതിരെ വീണ്ടും മീ ടു

എം റിജു

കോഴിക്കോട്: എഴുത്തുകാരൻ സിവിക്ക് ചന്ദ്രന് എതിരെ വീണ്ടും മീ ടു ആരോപണം. കവിയും നാടകകൃത്തും പത്രാധിപരും മുൻ നക്സലേറ്റുമായ സിവിക്ക് ചന്ദ്രൻ, ദലിത് ആക്റ്റീവിസ്റ്റും കവിയുമായ യുവതി നൽകിയ പരാതിയുടെ പേരിൽ ഒളിവിലാണ്. സവിക്കിന് നേരെ ഉയർന്ന ലൈംഗിക ആരോപണത്തിന്റെ പേരിൽ സാഹിത്യലോകത്ത് കടുത്ത ഭിന്നത നിലനിൽക്കയാണ്. ഒരുവിഭാഗം എഴുത്തുകാർ സിവിക്കിനെ ന്യായീകരിക്കമ്പോൾ, അദ്ദേഹത്തിനെതിരെ വീണ്ടും മീ ടു ആരോപണം വന്നിരിക്കയാണ്്. കവിയും ആക്റ്റീവിസ്റ്റുമായ ചിത്തിര കുസുമമാണ് സിവിക്കിന്റെ ലൈംഗികാതിക്രമം താൻ നേരിട്ട് കണ്ടു എന്ന് പറഞ്ഞ് ഫേസ്‌ബുക്ക് പോസ്റ്റ് ഇടുന്നത്. ഇതിന്റെ ഭാഗമായി സോഷ്യൽ മീഡിയയിലും വലിയ ചർച്ചകൾ പുരോഗമിക്കയാണ്.

'ഈ മനുഷ്യനെ സൂക്ഷിക്കണം'

ചിത്തിര കുസുമത്തിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്-

'ഇത് ഞാൻ പറയേണ്ട കാര്യമല്ല എന്ന ധാരണയിലാണ് സിവിക് ചന്ദ്രനെ പേരെടുത്തു പറഞ്ഞ് ഇതുവരെ ഒരു പോസ്റ്റ് ഇടാതിരുന്നത്. അയാൾക്ക് സ്ത്രീകൾ തന്നെ വലിയ പിന്തുണ പ്രഖ്യാപിക്കുന്ന സാഹചര്യത്തിൽ ഇത് പറയുന്നതാണ് ശരി. ഞാൻ ആദ്യമായും അവസാനമായും സിവിക് ചന്ദ്രനെ കണ്ടത് ഒരു കൂട്ടായ്മയിലാണ്. അവിടെ ഉണ്ടായിരുന്ന ആരെയും പേരെടുത്തു പരാമർശിക്കാൻ ഉദ്ദേശിക്കുന്നില്ല.

സിവിക്കിനെ വലിയ രാഷ്ട്രീയജീവിതമുള്ള ഒരാളായിട്ട് മാത്രമായിരുന്നു എനിക്ക് കേട്ടു പരിചയം, അതുകൊണ്ടുതന്നെ ആ ബഹുമാനത്തിലാണ് കൂടിയിരുന്നു സംസാരിച്ചു തുടങ്ങിയത്. എന്നാൽ പ്രായത്തിൽ ഇളയ പെൺകുട്ടികൾ ഉണ്ടായിരുന്ന കൂട്ടായ്മയിൽ കൂടിയിരുന്നു സംസാരിച്ച സമയത്തിന്റെ പകുതിയും തന്നെ ചെറിയ പ്രായത്തിലെ പെൺകുട്ടികൾ ആരാധനയോടെ പ്രേമിക്കുന്നു എന്ന, പൊങ്ങച്ചമാണെന്ന് അയാൾക്കും വൃത്തികേടാണെന്ന് എനിക്കും തോന്നുന്ന വർത്തമാനമാണ് അയാൾ പറഞ്ഞതത്രയും. അതോടെ ഈ മനുഷ്യനെ സൂക്ഷിക്കണം എന്ന് തോന്നിയിരുന്നു, ഒന്നോ രണ്ടോ സംവാദങ്ങൾ നേരിൽ കഴിഞ്ഞപ്പോഴേക്ക് നമ്മളൊക്കെ മുതിർന്ന ആളുകളല്ലേ എന്നൊരു ലൈനായി പിന്നെ. എന്നോട് അധികസംസാരത്തിന് അയാൾ നിന്നില്ല.

ആകെ രണ്ടു ദിവസമാണ് ഒരുമിച്ചുണ്ടായത്, പിരിയുന്നതിന്റെ തലേ ദിവസം രാത്രി ആണും പെണ്ണും എല്ലാവരും കൂടെ മദ്യപിച്ചു. ഞാൻ മദ്യപിക്കാത്ത ആളായതുകൊണ്ട് അവരെ വിട്ടിട്ട് മാറിയിരിക്കുകയാണുണ്ടായത്. അതിനു ശേഷം രാത്രി പുറത്തിറങ്ങിയിരുന്നു സംസാരിക്കുമ്പോൾ കൂട്ടത്തിൽ ഒരു പെൺകുട്ടി അൽപ്പം തളർന്ന് പിറകിൽ തനിയെ മാറിയിരുന്നിരുന്നു. എന്റെ അമ്മച്ചി / ചേച്ചി സ്വഭാവം കൊണ്ട് അവൾ ഓക്കേ അല്ലേ എന്ന് ഇടക്കിടെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. ഒരുവട്ടം നോക്കുമ്പോൾ സിവിക് അവളുടെ അടുത്ത് വന്നിരിക്കുന്നുണ്ട്, ഞാൻ ആ കുട്ടിയോട് എന്റെയടുത്തേക്ക് പോരാൻ പറഞ്ഞെങ്കിലും അവൾക്ക് എഴുന്നേറ്റു ഞാനിരിക്കുന്ന ഇടം വരെ എത്താൻ പറ്റുമായിരുന്നില്ല. കൂടെയുള്ള ആൺകുട്ടികളോട് അവളെ നോക്കണേ എന്ന് പറഞ്ഞു, പിന്നീട് നോക്കുമ്പോൾ അയാൾ അവളെ ബലമായി പിടിച്ചടുപ്പിച്ച് ഉമ്മ വെക്കാൻ ശ്രമിക്കുകയാണ്. ഞാൻ എഴുന്നേറ്റ് അവിടെ എത്തുമ്പോഴേക്ക് അയാൾ എണീറ്റുപോയി. ആ കുട്ടി സങ്കടത്തിലും അപമാനത്തിലുമായിരുന്നു.

ഞാൻ ചോദിച്ചു അയാളോട് ഞാൻ സംസാരിക്കണോ, പിടിച്ച് ഒരെണ്ണം കൊടുക്കട്ടെ എന്നൊക്കെ. അച്ഛനെക്കാൾ പ്രായമുള്ള ഒരാളിൽ നിന്ന് ഉണ്ടായ ആ അപ്രതീക്ഷിതപെരുമാറ്റം കൊണ്ടാണോ അതോ ഇതിനും മുൻപ് നേരിട്ടിട്ടുണ്ടാകാവുന്ന എന്തോ ട്രോമ കൊണ്ടാണോ എന്നറിയില്ല, വേണ്ട ചേച്ചീ എന്നു പറഞ്ഞ് സുരക്ഷിതത്വം ഉറപ്പിക്കാൻ എന്നവണ്ണം എന്നോട് ചേർന്നിരിക്കുകയാണ് ആ കുട്ടി ചെയ്തത്. അയാളെ എന്നപോലെ അവളെയും ഞാൻ ആദ്യമായി കാണുകയായിരുന്നു അന്ന്. അതുകൊണ്ടുതന്നെ ഒരാൾ വേണ്ട എന്ന് പറയുന്നിടത്തുകയറി ഇടപെടുന്നത് ശരിയല്ല എന്ന ബോധ്യത്തിൽ അത് ചെയ്യാതിരിക്കുകയും അവിടെ നിന്ന് പോകുന്ന സമയം വരെ അവൾ സേഫ് ആണ് എന്ന് ഉറപ്പുവരുത്തുകയും ചെയ്തു.

അതിനുശേഷം അയാളോട് ഒരുവിധത്തിലുള്ള കൊണ്ടാക്റ്റും സൂക്ഷിച്ചിട്ടില്ല, പാഠഭേദത്തിൽ കവിത ചോദിച്ചിട്ട് കൊടുത്തതുമില്ല. പെൺകുട്ടികളും സ്ത്രീകളും കൂടെ സ്വാതന്ത്ര്യത്തോടെ നടക്കുന്നത് നിങ്ങളെ ആരെയും കണ്ടുമോഹിച്ചിട്ടല്ല. നിങ്ങൾ ഇല്ലെങ്കിലും അവർ അതേ നടപ്പ് നടക്കും. കൂടെയിരുന്നു മദ്യപിച്ചാൽ അതിന്റെ അർത്ഥം കൂടെ കിടക്കാൻ തയ്യാറാണെന്നല്ല, നിങ്ങളെ അവർ തുല്യരായി കാണുന്നു എന്നുമാത്രമാണ്. അത്ര പോലും മനസിലാക്കാത്ത പുരുഷന്മാരോടും, സിവിക്കിനെ പോലുള്ള ആളെ ഒരു പെൺകുട്ടിയുടെ ആരോപണം പോലും വകവെക്കാതെ താങ്ങുന്ന സ്ത്രീകളോടും കഷ്ടം എന്നേ പറയാനുള്ളൂ. നിങ്ങൾക്ക് എന്നെങ്കിലും നേരം വെളുക്കുമായിരിക്കും, എല്ലാ ആശംസകളും.''- ഇങ്ങനെയാണ് ചിത്തിര കുസുമം തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

സിവിക്കിനെതിരെ എച്ച്മുക്കുട്ടിയും

ഇതേതുടർന്ന് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയും തുടങ്ങിയിട്ടുണ്ട്. പോസ്റ്റിൽ കമന്റ് ഇട്ട എഴുത്തുകാരി എച്ച്മുക്കുട്ടിയും സിവിക്കിനെ വിമർശിക്കുന്നുണ്ട്. 'ചിത്തിര... വളരെ നന്നായി. എന്റെ ആത്മകഥയിൽ സിവിക്കിനെപ്പറ്റി ഞാൻ എഴുതീട്ടുണ്ട്. വലിയ ഫെമിനിസ്റ്റാണെന്ന് ഭാവിക്കുന്ന സിവിക് ഏറ്റവും വലിയ ഫെമിനിസ്റ്റ് ആയി ചൂണ്ടിക്കാട്ടിയത് കേരളവർമ്മയിലെ ആ അദ്ധ്യാപകനെയാണ്. എന്നേ മുച്ചൂടും ദ്രോഹിച്ച ആ മനുഷ്യനാണത്രേ ഏറ്റവും വലിയ ഫെമിനിസ്റ്റ്. ഞാൻ ആ മനുഷ്യന്റെ ഒപ്പം അടങ്ങി ഒതുങ്ങി ജീവിച്ചാൽ മതി എന്നുപദേശിച്ചു സിവിക്. ഞാൻ പിന്നെ സിവിക്കിന്റെ സഹായമൊന്നും തേടിയതേയില്ല. ഫെമിനിസ്റ്റ് നിറം എനിക്ക് മനസ്സിലായിക്കഴിഞ്ഞിരുന്നു. എന്റെ ഒരു സുഹൃത്തിന് ഉമ്മ കിട്ടിയതറിഞ്ഞ് ഞാൻ സിവിക്കിനോട് ഇത്തിരി അകലവും പാലിച്ചിരുന്നു.ഇതൊക്കെ 1985 നും 1990 നും ഇടയ്ക്ക് നടന്ന കാര്യങ്ങളാണ്.''- എച്ച്മുക്കുട്ടി എഴുതി.

ഇത്രയൊക്കെ എക്പോസ് ചെയ്യപ്പെട്ടിട്ടും ഒരു വിഭാഗം വനിതാ എഴുത്തുകാർ ഇപ്പോളും സിവിക്ക് ചന്ദ്രനോട് ഒപ്പമാണ്. എഴുത്തുകാരി ജെ ദേവിക ഇങ്ങനെ പറയുന്നു. ''കേരളത്തിലിന്ന് സിപിഎമ്മിനെ നേരിട്ടു വിമർശിക്കുന്നവരെ സാമൂഹ്യനീതി കേസുകളിൽ കുടുക്കി അവരുടെ ക്രെഡിബിലിറ്റിയെ നശിപ്പിക്കാൻ കാര്യമായ ശ്രമം നടക്കുന്നുണ്ടെന്ന് എനിക്കു ബോദ്ധ്യമുണ്ട്. ഇതൊന്നും സിപിഎം നേതൃത്വം അറിഞ്ഞുകൊണ്ടാകണമെന്നേയില്ല. സിപിഎം സൈബർപോരാളികളെപ്പോലെ ദുഷ്ടബുദ്ധികൾ വേറെയില്ല -- അവരുടെ ചെറുവൃത്തങ്ങൾ നടത്തുന്ന ഗൂഢാലോചനകളെപ്പറ്റി എനിക്ക് നേരിട്ടറിവുമുണ്ട്. ഈ കേസ് അങ്ങനെയുള്ളതല്ലെന്ന തെളിയട്ടെ, എന്നിട്ടു മാത്രമേ സിവിക് ചന്ദ്രനെ തള്ളിപ്പറയാൻ ഞാനുള്ളു'-ദേവിയുടെ കുറിപ്പ് അവസാനിക്കുന്നത് ഇങ്ങനെ. പൊലീസന്വേഷണവും കോടതിവിചാരണയും കഴിഞ്ഞല്ലാതെ സിവിക് ചന്ദ്രനെ തള്ളിക്കളയാൻ തയ്യാറല്ല'- ദേവിക എഴുതി.

അതേസമയം, ജെ.ദേവികയെ വിമർശിച്ച് എഴുത്തുകാരൻ അശോകൻ ചെരുവിൽ രംഗത്തെത്തി. ദേവിക ഉന്നയിക്കുന്നത് വരേണ്യ സ്ത്രീവാദമെന്നാണ് അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് കുറിപ്പ്. ''ദളിത് സ്ത്രീ ലൈംഗിക പീഡനക്കേസിൽ സിവിക് ചന്ദ്രന് പിന്തുണയുമായി പ്രശസ്ത പണ്ഡിത ശ്രീമതി ജെ.ദേവിക രംഗത്തു വന്നിരിക്കുന്നു. അതിജീവിതക്ക് നടന്ന സംഭവങ്ങൾ മുഴുവൻ വിശദീകരിക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ് ജെ.ദേവിക പറയുന്നത്.

ശ്രീമതി ജെ.ദേവികയുടെ പാണ്ഡിത്യത്തിൽ എനിക്കു യാതൊരു സംശയവുമില്ല. പക്ഷേ ഒരു സംഗതി ഞാൻ ഉന്നയിക്കുന്നു: കേരളത്തിൽ വരേണ്യ പരിസ്ഥിതിവാദം, വരണ്യ ആധുനികത, വരേണ്യ യുക്തിവാദം, വരേണ്യ നക്സലിസം എന്തിന് വരേണ്യ ദളിത് വാദം പോലുമുണ്ട്. അക്കൂട്ടത്തിലൊന്നാണ് വരേണ്യ സ്ത്രീവാദം. അതിന്റെ വക്താവായിട്ടാണ് ഞാൻ ഈ പണ്ഡിതയെ കാണുന്നത്. ''- ഇങ്ങനെയാണ് അശോകൻ ചെരുവിൽ വിമർശിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP