Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പേവിഷബാധ പ്രതിരോധം: പ്രഥമ ശുശ്രുഷയ്ക്കും വാക്സിനേഷനും അതീവ പ്രധാന്യം; പേവിഷബാധ മൂലമുള്ള മരണം ഒഴിവാക്കാൻ കർമ്മ പദ്ധതി തയ്യാറാക്കിയെന്ന് മന്ത്രി വീണാ ജോർജ്

പേവിഷബാധ പ്രതിരോധം: പ്രഥമ ശുശ്രുഷയ്ക്കും വാക്സിനേഷനും അതീവ പ്രധാന്യം; പേവിഷബാധ മൂലമുള്ള മരണം ഒഴിവാക്കാൻ കർമ്മ പദ്ധതി തയ്യാറാക്കിയെന്ന് മന്ത്രി വീണാ ജോർജ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പേവിഷബാധയ്ക്കെതിരായ പ്രതിരോധത്തിൽ പ്രഥമ ശുശ്രൂഷയ്ക്കും വാക്സിനേഷനും അതീവ പ്രധാന്യമാണുള്ളതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പല ജില്ലകളിലും നായകളുടെ കടി രണ്ടു മുതൽ മൂന്നിരട്ടി വരെ വർധിച്ച സാഹചര്യത്തിൽ പേവിഷബാധ മൂലമുള്ള മരണം ഒഴിവാക്കാൻ ആരോഗ്യ വകുപ്പ് കർമ്മ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതിന് പൊതുജനങ്ങളുടെ പങ്കാളിത്തവും അവബോധവും വളരെ പ്രധാനമാണ്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവർത്തനങ്ങളിലൂടെയും ശക്തമായ ബോധവത്ക്കരണത്തിലൂടെയും മൃഗങ്ങളുടെ കടി ഏൽക്കുന്നത് കുറച്ചു കൊണ്ടുവരാനും പേവിഷബാധ മൂലമുള്ള മരണം ഒഴിവാക്കാനും സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പേവിഷബാധ പ്രതിരോധത്തിൽ ഏറ്റവും നിർണായകം കൃത്യ സമയത്ത് സ്വീകരിക്കുന്ന വാക്സിനേഷൻ ആണെന്നതിന് ശക്തമായ ശാസ്ത്രീയ തെളിവുകളുണ്ട്. അതിനാൽ തന്നെ കുപ്രചാരണങ്ങൾ തള്ളിക്കളഞ്ഞ് എല്ലാവരും ശാസ്ത്രീയമായ നിയന്ത്രണ മാർഗങ്ങൾ സ്വീകരിക്കണം. നായയോ, പൂച്ചയോ മറ്റേതെങ്കിലും മൃഗങ്ങളോ കടിക്കുകയോ മാന്തുകയോ ചെയ്താൽ മുറിവ് സാരമുള്ളതല്ലെങ്കിൽ കൂടി അവഗണിക്കരുത്. പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനമാണ്. അതിനാൽ തന്നെ എല്ലാവരും ഇക്കാര്യം ശ്രദ്ധിക്കേണ്ടതാണ്.

പ്രഥമ ശുശ്രൂഷ

ആദ്യമായി കടിയേറ്റ ഭാഗം എത്രയും വേഗം സോപ്പും വെള്ളവുമുപയോഗിച്ച് 15 മിനിറ്റോളം നന്നായി കഴുകുക. മൃഗത്തിന്റെ ഉമിനീരിൽ നിന്നോ ശരീരത്തിൽ നിന്നോ മുറിവേറ്റ ഭാഗത്തേക്ക് എത്തിയിരിക്കുന്ന വൈറസിനെ നിർവീര്യമാക്കാൻ സോപ്പിന് കഴിയും. അതിന് ശേഷം അയഡിൻ കലർന്ന ആന്റിസെപ്റ്റിക് ലേപനങ്ങൾ പുരട്ടാവുന്നതാണ്. ഒരു കാരണവശാലും മുറിവിന് പുറത്ത് മറ്റ് വസ്തുക്കൾ ചൂടാക്കി വയ്ക്കുകയോ മറ്റ് ലേപനങ്ങൾ പുരട്ടുകയോ ചെയ്യരുത്. കടിയേറ്റയാളിനെ പറഞ്ഞ് പേടിപ്പിക്കരുത്. ആശ്വാസമേകി എത്രയും വേഗം ആശുപത്രിയിലെത്തിക്കുക.

ചികിത്സ

മൃഗങ്ങൾ കടിച്ചാൽ ചെറിയ പോറലാണെങ്കിൽ പോലും പ്രഥമ ശുശൂഷയ്ക്ക് ശേഷം എത്രയും വേഗം ആശുപത്രിയിലെത്തി ചികിത്സ തേടണം. മുറിവിന്റെ തീവ്രതയനുസരിച്ച് ആന്റി റാബിസ് വാക്സിൻ (ഐ.ഡി.ആർ.വി.), ഇമ്മ്യൂണോഗ്ലോബുലിൻ എന്നീ ചികിത്സകളാണ് നൽകുന്നത്. ഐ.ഡി.ആർ.വി. എല്ലാ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലും സൗജന്യമായി ലഭ്യമാണ്. ഇമ്മ്യൂണോഗ്ലോബുലിൻ എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലും തെരഞ്ഞെടുത്ത ജില്ലാ, ജനറൽ ആശുപത്രികളിലും ലഭ്യമാണ്. സംസ്ഥാനത്ത് 573 സർക്കാർ ആശുപത്രികളിൽ ഐ.ഡി.ആർ.വി.യും 43 സർക്കാർ ആശുപത്രികളിൽ ഇമ്മ്യൂണോഗ്ലോബുലിനും ലഭ്യമാണ്.

പ്രതിരോധം

നായകൾ മനുഷ്യരുമായി വളരെ ഇണങ്ങി ജീവിക്കുമെങ്കിലും, അവയെ ഭയപ്പെടുത്തുകയോ, ദേഷ്യപ്പെടുത്തുകയോ ചെയ്താൽ കടിക്കാൻ സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് മൃഗങ്ങൾ ഭക്ഷണം കഴിക്കുക, ഉറങ്ങുക, രോഗാവസ്ഥയിലാകുക, കുഞ്ഞുങ്ങളുടെ സംരക്ഷണത്തിൽ ഏർപ്പെട്ടിരിക്കുക എന്നീ സന്ദർഭങ്ങളിൽ ശല്യപ്പെടുത്തുന്നത് അക്രമണ സ്വഭാവം കൂട്ടാനിടയാകും. ഇത്തരം സന്ദർഭങ്ങളിൽ മൃഗങ്ങളിൽ നിന്നും അകലം പാലിക്കുക. തെരുവ് നായകളുടെ സമീപത്തുകൂടി നടക്കുന്നത് വളരെ ശ്രദ്ധിക്കണം. വളർത്തു മൃഗങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. തെരുവ് നായ്ക്കളുടെ പ്രതിരോധ കുത്തിവയ്പ്, പ്രജനന നിയന്ത്രണം, സംരക്ഷണം എന്നിവ തദ്ദേശ സ്വയംഭരണ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തിലൂടെ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP