Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാധ്യമം ദിനപത്രത്തെ പൂട്ടിക്കാൻ കെ ടി ജലീൽ ശ്രമം നടത്തി; കോവിഡിൽ പ്രവാസികൾ മരിച്ചത് ചിത്രങ്ങൾ സഹിതം വാർത്തയാക്കിയ ഗൾഫ് മാധ്യമത്തെ നിരോധിക്കാൻ യുഎഇ ഭരണാധികാരിക്ക് കത്തെഴുതി; ജനാധിപത്യത്തിന്റെ നാലാം തൂണിനെ തകർക്കാൻ വിദേശസഹായം തേടിയത് ചട്ടങ്ങളെല്ലാം ലംഘിച്ച്; ജലീലിന്റെ രാജ്യവിരുദ്ധ നിലപാട് ചൂണ്ടിക്കാട്ടി സത്യവാങ്മൂലവുമായി സ്വപ്ന

മാധ്യമം ദിനപത്രത്തെ പൂട്ടിക്കാൻ കെ ടി ജലീൽ ശ്രമം നടത്തി; കോവിഡിൽ പ്രവാസികൾ മരിച്ചത് ചിത്രങ്ങൾ സഹിതം വാർത്തയാക്കിയ ഗൾഫ് മാധ്യമത്തെ നിരോധിക്കാൻ യുഎഇ ഭരണാധികാരിക്ക് കത്തെഴുതി; ജനാധിപത്യത്തിന്റെ നാലാം തൂണിനെ തകർക്കാൻ വിദേശസഹായം തേടിയത് ചട്ടങ്ങളെല്ലാം ലംഘിച്ച്; ജലീലിന്റെ രാജ്യവിരുദ്ധ നിലപാട് ചൂണ്ടിക്കാട്ടി സത്യവാങ്മൂലവുമായി സ്വപ്ന

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മുൻ മന്ത്രി കെ ടി ജലീൽ രാജ്യവിരുദ്ധ നടപടി കൈക്കൊണ്ടുവെന്ന ആരോപണവുമായി സ്വപ്‌ന സുരേഷ്. യുഎഇ കോൺസുലേറ്റുമായി നിരന്തരം ബന്ധം പുലർത്തിയ കെ ടി ജലീൽ മാധ്യമം ദിനപത്രത്തെ പൂട്ടിക്കാനും ശ്രമം നടത്തിയെന്ന ആരോപണമാണ് സ്വപ്ന ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നത്. ഇത് വ്യക്തമാക്കുന്ന തെൡവുകളും അവർ കോടതിയിൽ നൽകി. കോവിഡ് കാലത്ത് പ്രവാസികൾ യുഎയിൽ മരിച്ച സംഭവത്തിൽ മാധ്യമം മുൻപേജിൽ ചിത്രങ്ങൾ സഹിതം വാർത്ത നൽകിയപ്പോഴായിരുന്നു കെ ടി ജലീൽ ഇടപെടൽ നടത്തിയത്. മാധ്യമത്തിലെ ഈ വാർത്തകൾ യുഎഇ ഭരണാധികാരികൾക്ക് അവമതിപ്പുണ്ടാക്കുന്നതെന്നായിരുന്നു കത്തിലെ ജലീലിന്റെ ആക്ഷേപം.

യുഎഇ കോൺസുലേറ്റുമായി നിരന്തരം ബന്ധപ്പെട്ട് ഗൾഫ് മാധ്യമത്തിന്റെ പ്രവർത്തനം അവതാളത്തിലാക്കാനാണ് ജലീൽ ശ്രമിച്ചത്. ഇത് കൂടാതെ യുഎഇ ഭരണാധികാരിക്ക് നേരിട്ട് കത്തയക്കുകയും ചെയ്തു. ഗൾഫ് മാധ്യമം നിരോധിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് ജലീൽ യുഎഇ ഭരണാധികാരിക്ക് കത്തെഴുതി. ഇതിനായി വിദേശരാജ്യങ്ങളുമായി ബന്ധപ്പെടുമ്പോഴുണ്ടാകുന്ന പ്രോട്ടോക്കോൾ എല്ലാം ജലീൽ കാറ്റിൽ പറത്തി കൊണ്ടാണ് യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ടത്. ഇന്ത്യൻ ജനാധിപത്യത്തിലെ നാലാം തൂണായ മാധ്യമങ്ങൾക്കെതിരെ ഇന്ത്യൻ മന്ത്രി വിദേശ സഹായം തേടിയെന്നത് ഗുരുതര വീഴ്‌ച്ചയാണെന്ന് സ്വപ്‌ന സുരേഷ് ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യൻ നിയമം അനുസരിച്ചു പ്രവർത്തിക്കുന്ന പത്രമാധ്യമത്തിന് എതിരെ പ്രവർത്തിക്കാൻ വിദേശ സഹായം തേടിയത് രാജ്യവിരുദ്ധപ്രവർത്തിയാണെന്നും സ്വപ്‌ന സുരേഷ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. ഇംഗ്ലീഷിൽ കത്തെഴുതിയത് കൂടാതെ അറബിയിൽ ട്രാൻസ്ലേറ്റ് ചെയ്തു കത്തു യുഎഇ ഭരണാധികാരിക്ക് നൽകി കൊണ്ടുമായിരുന്നു മാധ്യമത്തിനെതിരായ ജലീലിന്റെ ഇടപെടൽ.

രാജ്യത്തിന്റെ പൗരന്മാർക്കെതിരെ ഗൂഢാലോചന നടത്തുകയാണ് കെ ടി ജലീൽ ചെയ്തതെന്നാണ് സ്വപ്‌ന സത്യവാങ്മൂലത്തിൽ ആരോപിക്കുന്നത്. ഇത് ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണെന്നും അവർ ചൂണ്ടിക്കാട്ടി. യുഎഇക്കെതിരെ ഇന്ത്യയുടെ വിദേശ ബന്ധങ്ങളെ ബാധിക്കുന്ന വിധത്തിലായിരുന്നു ജലീലിന്റെ ഇടപെടൽ. യുഎഇ ഭരണാധികാരികളെയും രാഷ്ട്രീയ ലാഭത്തിന് വേണ്ടി തെറ്റിദ്ധരിപ്പിക്കാൻ ജലീൽ ശ്രമിച്ചെന്നും സ്വപ്ന ഹൈക്കോടതിയെ അറിയിച്ചു.

ജലീൽ എഴുതിയ ഇ മെയിൽ തെളിവായും സ്വപ്‌ന പുറത്തുവിട്ടിട്ടുണ്ട്. സ്വപ്‌ന സുരേഷിന്റെ വാട്‌സ് ആപ്പിലേക്കാണ് മാധ്യമത്തിന് എതിരായ പരാതി യുഎഇ കോൺസുലേറ്റ് ജനറൽ വഴി അയക്കാൻ സഹായം തേടിയതെന്ന് വ്യക്തമാക്കുന്നു. വാട്‌സ് ആപ്പ് ചാറ്റിന്റെ വിവരങ്ങളും സ്വപ്‌ന പുറത്തുവിട്ടു. യുഎഇ ഭരണാധികാരികളുമായി നേരിട്ടു ബന്ധം സ്ഥാപിക്കാൻ വേണ്ടിയായിരുന്നു ജലീലിന്റെ ശ്രമം. മാധ്യമം പത്രം നിരോധിച്ചാലും തനിക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കുക എന്ന നയമാണ് ജലീൽ സ്വീകരിച്ചത്. കോൺസുൽ ജനറലിന് കത്തു കൈമാറാൻ താൻ സഹായിച്ചെന്നും സ്വപ്‌ന വ്യക്തമാക്കുന്നുണ്ട്.

തിരുവനന്തപുരത്തെ യുഎഇ കോൺസൽ ജനറലുമായി അടച്ചിട്ട മുറിയിൽ വച്ച് കെ.ടി.ജലീൽ നിരവധി തവണ കൂടിക്കാഴ്ചകൾ നടത്തിയെന്നും കേന്ദ്ര സർക്കാർ അറിയാതെയായിരുന്നു ഇതെല്ലാമെന്നും സത്യവാങ്മൂലത്തിൽ സ്വപ്ന പറയുന്നു. തന്റെ ബന്ധങ്ങൾ ഉപയോഗിച്ച് നയതന്ത്ര ചാനൽ വഴി കൂടുതൽ ഇടപാടുകൾ നടത്താനായിരുന്നു ജലീലിന്റെ ശ്രമം. നയതന്ത്ര ചാനൽ വഴിയുള്ള ഇടപാടിന് സർക്കാരിനെ ഭരിക്കുന്ന പാർട്ടിയുടെ പിന്തുണയുണ്ടാകുമെന്ന് കോൺസൽ ജനറൽ തന്നോട് പറഞ്ഞിരുന്നതായി സ്വപ്നയുടെ സത്യവാങ്മൂലത്തിലുണ്ട്. തനിക്ക് മുഖ്യമന്ത്രിയുടേതടക്കം പിന്തുണ ഉണ്ടാകുമെന്ന് ജലീൽ കോൺസൽ ജനറലിനോട് പറഞ്ഞിരുന്നതായും സ്വപ്ന ആരോപിക്കുന്നു.

മാധ്യമം പത്രം ഗൾഫ മേഖലയിൽ നിരോധിച്ചാൽ സർക്കാരിലും സിപിഎമ്മിലും തനിക്ക് ഗുണമുണ്ടാകുമെന്ന് ജലീൽ പറഞ്ഞെന്നും സ്വപ്നയുടെ സത്യവാങൂമൂലത്തിൽ പറയുന്നുണ്ട്. കോൺസൽ ജനറലിന് കത്ത് കൈമാറാൻ താൻ ജലീലിനെ സഹായിച്ചെന്നും സ്വപ്ന വെളിപ്പെടുത്തുന്നു. എൻഐഎ പിടിച്ചെടുത്ത തന്റെ ഫോൺ ഇപ്പോൾ കസ്റ്റഡി രേഖകളിൽ ഇല്ലെന്നും സ്വപ്ന സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങളും സന്ദേളങ്ങളും ഈ ഫോണിൽ ഉണ്ടായിരുന്നു.

എൻഐഎ അന്വേഷണത്തെ ഭയപ്പെടേണ്ടെന്ന് ശിവശങ്കർ തന്നോട് നേരത്തെ തന്നെ പറഞ്ഞതാണെന്നും എൻഐഎ നിറയെ കേരളാ കേഡർ ഉദ്യോഗസ്ഥരാണെന്ന് ശിവശങ്കർ പറഞ്ഞിരുന്നുവെന്നും സ്വപ്ന സുരേഷിന്റെ സത്യവാങ്ങ്മൂലത്തിൽ പറയുന്നു. സ്വർണക്കടത്ത് കേസിലെ അന്വേഷണത്തെ അട്ടിമറിക്കാനും തന്നെ കുരുക്കാനുമാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും സ്വപ്ന സുരേഷ് സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു.

പ്രവാസികളെ നാട്ടിലെത്തിക്കാൻ ഇനിയുമെത്ര മരിക്കണം എന്ന തലക്കെട്ടോടെ 'മാധ്യമം' പത്രത്തിൽ പ്രസിദ്ധീകരിച്ച വാർത്തയ്ക്ക് മറുപടിയുമായി മന്ത്രിയായിരിക്കെ കെ ടി ജലീൽ ഫെയ്സ് ബുക്ക് കുറിപ്പിട്ടിരുന്നു. സ്വർണ്ണ കടത്ത് കേസിൽ സ്വപ്നാ സുരേഷും മറ്റും അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പായിരുന്നു ഈ കുറിപ്പ് എന്നതാണ് ശ്രദ്ധേയം. 2020 ജൂലൈ മാസത്തിലാണ് സ്വർണ്ണ കടത്ത് കേസ് ഉയരുന്നതും സ്വപ്ന ബംഗ്ളൂരുവിൽ അറസ്റ്റിലാകുന്നതും.

തനിക്കെതിരെ രജിസ്റ്റർ ചെയ്ത ഗൂഢാലോചനാക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിൽകിയ ഹർജിക്ക് പിന്നാലെയാണ് കെ.ടി ജലീലിനെതിരെ സ്വപ്ന ഹൈക്കോടതിയിൽ വെളിപ്പെടുത്തൽ നടത്തുന്നത്. മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരായ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് സംസ്ഥാന സർക്കാർ സ്വപ്നക്കെതിരെ ഗൂഢാലോചനാക്കേസ് എടുത്തത്. ഈ കേസ് റദ്ദാക്കണമെന്ന സ്വപ്ന സുരേഷിന്റെ ഹർജി തിങ്കളാഴ്‌ച്ച ഹൈക്കോടതി പരിഗണിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP