Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിവിക് ചന്ദ്രന് എതിരായ മീടു ആരോപണത്തിൽ നടന്ന സംഭവങ്ങളെ പറ്റി കാര്യമായി ഒന്നുമില്ല; സിപിഎം വിമർശകരായ പുരുഷന്മാരുടെ വിശ്വാസ്യതയെ നശിപ്പിക്കാൻ നീക്കം; സിവിക്കിനെ പിന്തുണച്ച് ജെ.ദേവിക; ദേവിക വരേണ്യ സ്ത്രീവാദത്തിന്റെ ആളെന്ന് അശോകൻ ചെരുവിൽ

സിവിക് ചന്ദ്രന് എതിരായ മീടു ആരോപണത്തിൽ നടന്ന സംഭവങ്ങളെ പറ്റി കാര്യമായി ഒന്നുമില്ല; സിപിഎം വിമർശകരായ പുരുഷന്മാരുടെ വിശ്വാസ്യതയെ നശിപ്പിക്കാൻ നീക്കം; സിവിക്കിനെ പിന്തുണച്ച് ജെ.ദേവിക; ദേവിക വരേണ്യ സ്ത്രീവാദത്തിന്റെ ആളെന്ന് അശോകൻ ചെരുവിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മീ ടൂ ആരോപണം നേരിടുന്ന സിവിക് ചന്ദ്രനെ പിന്തുണച്ച് എഴുത്തുകാരിയും, ആക്ടിവിസ്റ്റുമായ ജെ.ദേവിക. 'സിവിക് ചന്ദ്രനെതിരെ മീടൂ ആരോപണം എന്നു പറഞ്ഞ് അവതരിപ്പിക്കപ്പെട്ട ആ വാട്ട്‌സ് ആപ്പ് കുറിപ്പിൽ മലയാളി ബുദ്ധിജീവിവൃത്തങ്ങളിലെ പിതൃമേധാവിത്വവൈകൃതങ്ങളെപ്പറ്റി ധാരാളമുണ്ടെങ്കിലും നടന്ന സംഭവങ്ങളെപ്പറ്റി കാര്യമായി ഒന്നുമില്ല'-ദേവിക ഫേസ്‌ബുക്കിൽ കുറിച്ചു. കേരളത്തിൽ സിപിഎം വിമർശകരായ പുരുഷന്മാർക്കെതിരെ അപവാദപ്രചരണം പിന്നണിയിലൂടെ നടക്കുന്നുണ്ടെന്നും അവരുടെ ക്രെഡിബിലിറ്റിയെ നശിപ്പിക്കാൻ കാര്യമായ ശ്രമമുണ്ടെന്നും അവർ കുറിച്ചു.

'കേരളത്തിലിന്ന് സിപിഎമ്മിനെ നേരിട്ടു വിമർശിക്കുന്നവരെ സാമൂഹ്യനീതി കേസുകളിൽ കുടുക്കി അവരുടെ ക്രെഡിബിലിറ്റിയെ നശിപ്പിക്കാൻ കാര്യമായ ശ്രമം നടക്കുന്നുണ്ടെന്ന് എനിക്കു ബോദ്ധ്യമുണ്ട്. ഇതൊന്നും സിപിഎം നേതൃത്വം അറിഞ്ഞുകൊണ്ടാകണമെന്നേയില്ല. സിപിഎം സൈബർപോരാളികളെപ്പോലെ ദുഷ്ടബുദ്ധികൾ വേറെയില്ല -- അവരുടെ ചെറുവൃത്തങ്ങൾ നടത്തുന്ന ഗൂഢാലോചനകളെപ്പറ്റി എനിക്ക് നേരിട്ടറിവുമുണ്ട്. ഈ കേസ് അങ്ങനെയുള്ളതല്ലെന്ന തെളിയട്ടെ, എന്നിട്ടു മാത്രമേ സിവിക് ചന്ദ്രനെ തള്ളിപ്പറയാൻ ഞാനുള്ളു'-ദേവിയുടെ കുറിപ്പ് അവസാനിക്കുന്നത് ഇങ്ങനെ. പൊലീസന്വേഷണവും കോടതിവിചാരണയും കഴിഞ്ഞല്ലാതെ സിവിക് ചന്ദ്രനെ തള്ളിക്കളയാൻ തയ്യാറല്ലെന്നും ദേവിക എഴുതി.\

അതേസമയം, ജെ.ദേവികയെ വിമർശിച്ച് എഴുത്തുകാരൻ അശോകൻ ചെരുവിൽ രംഗത്തെത്തി. ദേവിക ഉന്നയിക്കുന്നത് വരേണ്യ സ്ത്രീവാദമെന്നാണ് അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് കുറിപ്പ്.

ജെ.ദേവികയുടെ കുറിപ്പിന്റെ പൂർണരൂപം

സിവിക് ചന്ദ്രനെതിരെ ഉയർന്നിരിക്കുന്ന കേസിൽ അയാളെ ഉടൻ തള്ളിക്കളഞ്ഞുകൊണ്ടുള്ള അഭിപ്രായപ്രകടനം നടത്തിയില്ലെങ്കിൽ സാമൂഹ്യചിന്തകപ്പട്ടം അഴിഞ്ഞുപോകുമെന്ന് ചിലർ ഭീഷണിപ്പെടുത്തുന്നു.ആ പട്ടം ആവശ്യമില്ല, ആവശ്യപ്പെട്ടിട്ടുമില്ല. നിങ്ങൾക്ക് കോണകം തുന്നാൻ ഉപകരിക്കും, കൈയിൽ തന്നെ ഇരിക്കട്ടെ. ഉടൻ പ്രതികരിക്കാത്തത് വരേണ്യ ഫെമിനിസ്റ്റുകൾ തരാതരം പോലെ അഭിപ്രായം മാറ്റുന്നതുകൊണ്ടാണെന്ന് അനീഷ് പാറാമ്പുഴ പ്രഖ്യാപിച്ചതു മുതൽ വിചാരിച്ചതാണ്, അതിന്റെ ആവശ്യമില്ലെന്ന്.

ഇയാളുടെ അഭിപ്രായം കൊണ്ടുനടക്കുന്നവരോട് ഇതേ പറയാനുള്ളൂ -- അങ്ങനെയായിരുന്നെങ്കിൽ ഞാനിന്ന് നിങ്ങൾക്കൊന്നും കൊത്താനാവാത്ത ഉയരത്തിൽ എത്തിയേനെ എന്ന്. എന്തായാലും എന്നെപ്പോലുള്ളവരുടെ ശബ്ദങ്ങൾക്ക് യാതൊരു വിലയും കേരളത്തിലെ പ്രബുദ്ധ സിവിൽ സമൂഹമെന്ന് അവകാശപ്പെടുന്നവർക്കിടയിൽ ഇല്ലെന്ന് ഇതിനിടയിൽ വ്യക്തമായ സ്ഥിതിക്ക് എന്റെ അഭിപ്രായം ആരായുന്നതു തന്നെ ഒരു മാസ് അറ്റാക്കിനുള്ള വഴി തുറക്കാൻ വേണ്ടി മാത്രമാണെന്ന് വ്യക്തമാണ്.

ഈ പരാതിക്കാരിയുടെ പരസ്യ ആരോപണത്തെ പരാതിയായി കണക്കാക്കി പാഠഭേദം രൂപീകരിച്ച ഐസിസിയിൽ അംഗങ്ങളായിരുന്ന മൂന്നു സ്ത്രീശബ്ദങ്ങൾ ഇവിടെ നടന്ന പല പിതൃമേധാവിത്വവിരുദ്ധ സമരങ്ങളിലും വളരെ കാര്യമായ പങ്ക് വഹിച്ചിട്ടുള്ളവരാണ്. കഴിഞ്ഞ കുറച്ചു നാളത്തെ ഫേസ്‌ബുക്ക് ആക്ടിവിസത്തിന്റെ ബലത്തിൽ ആരെയും എന്തും പറയാമെന്നു കരുതുന്നവർക്ക് സ്വപ്നം പോലും കാണാനാവാത്ത റിസ്‌ക്കുകൾ എടുത്തവരാണ്. ഇടതു-വലതു വാലാട്ടി സംസ്‌ക്കാരങ്ങളുടെ വക്താക്കളായവരുടെ കാര്യം പറയുകയും വേണ്ട -- പലപ്പോഴും സാമൂഹ്യനീതി നടപ്പാക്കാതിരിക്കാൻ അഹോരാത്രം പണിപ്പെട്ടവരാണ് ഇപ്പോൾ നിദ്ര വിട്ടുണർന്നിരിക്കുന്നത്.

എന്നാൽ ഈ ഐസിസിയുടെ പ്രവർത്തനം സിവിക് ചന്ദ്രനെ രക്ഷിക്കാൻ വേണ്ടിയുള്ള പണിയാണെന്നും ഇതിൽ അംഗങ്ങളായവർ മുഴുവൻ അയാൾക്കു വിധേയരാണെന്നും പറയാൻ വലതുപക്ഷ- ജാതിവാദി- അഴിമതിക്കാരി മുതൽ ദലിത് വക്താക്കൾ വരെയുള്ളവർക്ക് മടിയില്ല. വലതുപക്ഷ അഴിമതിക്കാരിയോടൊപ്പം സംശയത്തിന്റെ ലവലേശം പോലുമില്ലാതെ ചാടിക്കയറാൻ കേരളത്തിലെ വോക്ക് ജനങ്ങളും അങ്ങനെയല്ലാത്ത പലർക്കും മടിയില്ല. പി ഇ ഉഷ അടക്കമുള്ളവരുടെ ജീവിതങ്ങളെപ്പറ്റി അതിഹീനമായ കള്ളക്കഥകൾ മെനഞ്ഞ് അവരെല്ലാം സിവിക്കിനെ രക്ഷിക്കാൻ മാത്രമേ പ്രവർത്തിക്കൂ എന്ന് മെസേജുകൾ വഴിയും അല്ലാതെയും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നവർ അത്ര നിഷ്‌ക്കളങ്കരാണെന്നു തോന്നുന്നില്ല.

ഞാനും ആ വിധത്തിൽ തന്നെ ആക്രമിക്കപ്പെടും എന്നാണ് ഞാൻ വളരെക്കാലം സുഹൃത്തായി കരുതിയിരുന്ന അനീഷിന്റെ ആക്രോശം സൂചിപ്പിക്കുന്നത്. അതു സാരമില്ല, നിങ്ങളുടെ സഹായമോ അംഗീകാരമോ ഇല്ലാതെ ജീവിതം തുടങ്ങിയ സ്ത്രീയാണ് ഞാൻ. ഒറ്റയായ ആ രീതിയിലേക്കു മടങ്ങാൻ എനിക്ക് ലവലേശം മടിയുമില്ല. പറയാനുള്ളത് പറയണം. ഞാൻ ഫേസ് ബുക്കിലെന്നല്ല, ഇത്തരം ആക്ടിവിസത്തിൽ നിന്നു തന്നെ പൂർണമായും പിന്മാറാൻ തീരുമാനിച്ച സ്ഥിതിക്ക് (പുതിയ ശബ്ദങ്ങൾ എന്നു കരുതിയ പലരും ഹൈഡ്രജൻ ബലൂണുകളാണെന്ന് മനസ്സിലായ സ്ഥിതിക്ക് ; തന്മാരാഷ്ട്രീയം ചീഞ്ഞളിഞ്ഞ് അധികാരികൾക്ക് മുതലെടുക്കാനാവും വിധമായെന്ന് ബോദ്ധ്യമായ സ്ഥിതിക്ക് ; കേരളത്തിലെ മുസ്ലിം തന്മാരാഷ്ട്രീയക്കാരുടെ വലതുപക്ഷ മുഖം പകപോലെ തെളിയുന്ന സ്ഥിതിക്ക് ; സിവിൽ സമൂഹരാഷ്ട്രീയം വ്യക്തികളുടെ വളർച്ചയ്ക്കുള്ള ഇടമായി ദുരുപയോഗിക്കപ്പെടുന്ന സ്ഥിതിക്ക്)ഇതിനു താഴെ പ്രത്യക്ഷപ്പെടാൻ സാദ്ധ്യതയുള്ള തെറികൾ എന്നെ ബാധിക്കുന്നതേയില്ല.അതുകൊണ്ട് തെറി പറയാൻ മാത്രമാണെങ്കിൽ ഇതു വായിക്കേണ്ടതില്ല -- മറ്റെവിടെയെങ്കിലും തുടങ്ങിക്കോളൂ. എനിക്കിതാണ് പറയാനുള്ളത് -- ഈ പോസ്റ്റ് പിൻവലിക്കാൻ എന്തായാലും പോകുന്നില്ല.

മീടൂ എന്ന പരാതിവഴിയെയോ ഐസിസി പ്രക്രിയെയോ സ്വന്തം താത്പര്യമനുസരിച്ച് സൗകര്യപൂർവം നിർവചിക്കുന്ന ഈ രീതി നിങ്ങളൊക്കെ ഇരിക്കുന്ന കൊമ്പിനെ വെട്ടുന്നതിനു സമാനമാണെന്ന് എനിക്കുറപ്പുണ്ട്.നിയമസംവിധാനങ്ങളും തൊഴിലിട ലൈംഗികപരാതി പരിഹാര സംവിധാനവും പരാജയപ്പെട്ട സാഹചര്യങ്ങളിലാണ് മീടൂ പ്രയോഗിക്കപ്പെട്ടു തുടങ്ങിയത്. ക്രമേണ അത് നിയമ സംവിധാനത്തിനു പോലും തള്ളിക്കളയാനാവാത്തവിധം ശക്തമായ മാർഗമായി മാറുകയും ചെയ്തു.അതെങ്ങനെ എന്നു ചോദിച്ചാൽ, പരാതിക്കാരികളുടെ മീടൂ പ്രസ്താവങ്ങൾ (പലപ്പോഴും സ്വന്തം പേരു വെളിപ്പെടുത്താതെ തന്നെ) നടന്ന കാര്യങ്ങളെപ്പറ്റി വിശദവും കൃത്യവുമായ വിവരണങ്ങൾ നൽകാൻ തുടങ്ങിയതോടെയാണ് മീടൂ പറച്ചിലുകളെ നിയമത്തിനു പോലും അവഗണിക്കാനാവാതെ വന്നത്. അതായത് മീടൂ വെളിപെടുത്തലുകൾ വെറും ആരോപണങ്ങളാണെന്ന് പൊലീസിനു പോലും പറയാനാവാതെ വന്നു.സിവിക് ചന്ദ്രനെതിരെ മീടൂ ആരോപണം എന്നു പറഞ്ഞ് അവതരിപ്പിക്കപ്പെട്ട ആ വാട്ട്‌സ് ആപ്പ് കുറിപ്പിൽ മലയാളി ബുദ്ധിജീവിവൃത്തങ്ങളിലെ പിതൃമേധാവിത്വവൈകൃതങ്ങളെപ്പറ്റി ധാരാളമുണ്ടെങ്കിലും നടന്ന സംഭവങ്ങളെപ്പറ്റി കാര്യമായി ഒന്നുമില്ല.

ഇരകൾ അങ്ങനെ പറയണമെന്ന് പ്രതീക്ഷിക്കാൻ പറ്റില്ല എന്നൊക്കെ ചിലർ പറയുന്നു. മീടൂ പറച്ചിൽ ഇരയുടെ അവസ്ഥയിൽ നിന്ന് വിട്ടുമാറാനുള്ള മാർഗമാണെന്ന് സമ്മതിക്കുകയും, ഒപ്പം അതു പറഞ്ഞാൽ പരാതിക്കാരി ഇരയായിപ്പോകുമെന്ന് വാദിക്കുകയും ചെയ്യുന്നത് എന്തായാലും എനിക്കന്ന് മനസ്സിലായില്ല. വിജയ്ബാബു കേസിലോ വി ആർ സുധീഷ് കേസിലോ ഗൗരീദാസൻനായർ കേസിലോ അതു പോലെ നടപടിയാവശ്യപ്പെട്ട മറ്റു കേസുകളിലോ ഒന്നും ഇങ്ങനെയായിരുന്നില്ല കാര്യങ്ങൾ - പരാതിക്കാരികൾ തന്നെയാണ് അവരുടെ ദുരനുഭവം വ്യക്തമായും കൃത്യമായും എവിടെ വച്ച് എന്തു നടന്നു പറഞ്ഞത്. ആ മൊഴി തന്നെയായിരുന്നു അവയുടെ ശക്തി.

ഈ കേസിൽ അവസാനം പൊലീസിൽ കൊടുത്ത പരാതിയിലാണ് കൃത്യമായ പരാതിയുയർന്നത്. അതുകൊണ്ടു തന്നെ ചാടിക്കയറി പ്രതികരിക്കുന്നത് ശരിയല്ലെന്നു തന്നെയാണ് എന്റെ അഭിപ്രായം. പരാതിക്കാരിയുടെ മൊഴിയാണ് അറിയേണ്ടത്, ശേഷം നടക്കുന്ന അന്വേഷണത്തിന്റെയും വിചാരണയുടെയും വിവരങ്ങളാണറിയേണ്ടത്.അല്ലാതെ അതിന്റെ പേരിൽ മറ്റുള്ളവരെ (മൃദുലാദേവിയെ) തേജോവധം ചെയ്യാൻ നടക്കുന്നവരുടെ വാക്കു കേട്ട് ചാടാൻ നിവൃത്തിയില്ല. ആരോപണം ഉന്നയിക്കുന്നത് തുടക്കം മാത്രമാണ്. അത് ഒന്നുകിൽ മീടൂ പ്രസ്താവമായി ഉയരാം, അല്ലെങ്കിൽ ഐസിസി പ്രക്രിയയ്ക്കു വിധേയമാകാം. പരാതിക്കാരിക്ക് ഇഷ്ടമുള്ള മാർഗം സ്വീകരിക്കാം. ഐസിസി പ്രക്രിയ നീതിപൂർവമല്ലെങ്കിൽ അതിനെ തുടക്കത്തിലേ തള്ളിക്കളയാം.

പാഠഭേദത്തെ സംബന്ധിച്ചിടത്തോളം ഐസിസി പ്രക്രിയ നടത്തിയേപറ്റൂ -- ആ പ്രസിദ്ധീകരണവുമായി സഹകരിക്കുന്ന, ആ കൂട്ടായ്മയുടെ ഭാഗമായ സ്ത്രീകളുടെയും താത്പര്യത്തിന്റെ പ്രശ്‌നമാണത്. എന്നാൽ തുടക്കം മുതലേ ആ പ്രക്രിയയെ അവിശ്വസിക്കുകയും പാഠഭേദവുമായും സിവിക് ചന്ദ്രനുമായും ഇടപെട്ടിട്ടുള്ളവർക്ക് നിഷ്പക്ഷത നഷ്ടമാകുമെന്ന് മുന്നേകൂട്ടി വിചാരിക്കുകയും ചെയ്ത രീതി ന്യായീകരിക്കത്തകതല്ല. അക്കണക്കിന് ഒരു ഐസിസി വിചാരണയും നീതിപൂർവമാകില്ല, കാരണം റെസ്‌പോണ്ടന്റുമായി എപ്പോഴെങ്കിലും ഇടപെട്ടിട്ടില്ലാത്ത ഐസിസി അംഗങ്ങൾ സ്ഥാപനങ്ങളിൽ വിരളമാകാനാണിട. ഐസിസി അംഗങ്ങളാകാൻ തയ്യാറായവരുടെ രാഷ്ട്രീയജീവിതങ്ങളെ മായ്ചുകളയാനുള്ള എളുപ്പവഴിയാണിത്.

പാഠഭേദം ഐസിസി പ്രക്രിയയ്ക്കു തുടക്കമിട്ടത് സിവിക് ചന്ദ്രനെ രക്ഷിക്കാൻ മാത്രമാണെന്ന പ്രചരണം തുടക്കം മുതൽ കുറച്ചു പേർ ഏറ്റുപിടിച്ചിട്ടുണ്ട്. മൃദുലാദേവി സിവിക് ചന്ദ്രനു വേണ്ടി പരാതിക്കാരിയോട് മാപ്പുപറഞ്ഞു എന്ന കള്ളക്കഥ ഈ സംഘത്തിലൊരാൾ പ്രചരിപ്പിച്ചത് എന്നോടു നേരിട്ടുതന്നെയായിരുന്നു. മൃദുലയെ അറിയാമെന്നും അവരതു ചെയ്യില്ലെന്നും പലവട്ടം പറഞ്ഞിട്ടും ഇതേ കള്ളം അവർ ആവർത്തിച്ചുകൊണ്ടിരുന്നു. ഉഷ സിവിക് ചന്ദ്രനെതിരെ ഒന്നു ചെയ്യില്ലെന്ന പറച്ചിൽ ഇവരിൽ പലരും പലയിടത്തും ആവർത്തിച്ചുകൊണ്ടേയിരുന്നു. ഉഷ എന്ന ആക്ടിവിസ്റ്റിനെ ഇന്നോ ഇന്നലെയോ അല്ല കണ്ടിട്ടുള്ളത്. തരാതരം പോലെ അഭിപ്രായം പറഞ്ഞവരെ തിരിച്ചറിയാനുള്ള കണ്ണ് അനീഷ് പാറാമ്പുഴയും കൂട്ടരും തത്ക്കാലം മാറ്റിവച്ചുവെന്നേ പറയാനാകുന്നുള്ളൂ.

ഐസിസി അന്വേഷണം രഹസ്യസ്വഭാവമുള്ളതാണ് -- അങ്ങനെയെങ്കിൽ അവിടെ പറഞ്ഞ കാര്യം നിങ്ങളറിഞ്ഞതെങ്ങനെ, എന്നോട് അതു വെളിപ്പെടുത്തുന്നതിന്റെ ഔചിത്യം എന്ത്, എന്നൊക്കെയുള്ള ചോദ്യങ്ങൾക്ക് ഫോണിൽ വിളിച്ച് മൃദുലയെപ്പറ്റി അസത്യം പറഞ്ഞ ആ സ്ത്രീയ്ക്ക് മറുപടിയുണ്ടായില്ല. ഐസിസി പ്രക്രിയയെപ്പറ്റിത്തന്നെ കാര്യമായ അറിവ് അവർക്കുള്ളതായി തോന്നിയില്ല (പാഠഭേദത്തിൽ ഐസിസി എങ്ങനെ ഉണ്ടാകും എന്നാണ് അവർ ചോദിച്ചത്). ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ അനേകവർഷം ഐസിസി ചെയർപേഴ്‌സണായി പ്രവർത്തിച്ചതിന്റെ പരിചയം എനിക്കുണ്ടെന്ന് അവരോടു പറയേണ്ടി വന്നു. ഉഷയോ ഡോ.ഖദീജയോ മൃദുലയോ നീതിപൂർവം പെരുമാറാനിടയില്ല എന്ന പ്രചരണം ഐസിസി പ്രക്രിയ ആരംഭിച്ചപ്പോൾ മുതൽ നടക്കുന്നുണ്ട്. പരാതിക്കാരിയോട് നേരിട്ട് ബന്ധമുണ്ടെന്ന് അവകാശപ്പെടുന്നവരാണ് ഇതു നടത്തിയതും.

ഈ പ്രക്രിയ റെസ്‌പോണ്ടന്റിന് അനുകൂലമാണെന്ന് ആദ്യമേ തീരുമാനിച്ചുകഴിഞ്ഞാൻ പിന്നെ അതു നടത്തുന്നത് ഐസിസി അംഗങ്ങളുടെ ക്രെഡിബിലിറ്റി നശിപ്പിക്കാൻ വേണ്ടി മാത്രമാണ്. പരാതിക്കാരിയോട് ചേർന്നുനിൽക്കുന്നുവെന്ന് പറഞ്ഞുകൊണ്ടു നടത്തിയ പ്രചരണം പരാതിക്കാരിയെ സ്വാധീനിക്കൽ തന്നെയാണ്. ഐസിസി പ്രക്രിയയെ അപ്പാടെ തള്ളിക്കളയുകയും മൃദുലയെപ്പറ്റി കള്ളം പറയുകയും ചെയ്യുന്നത് ഒരുവെടിക്ക് പല വേട്ടക്കാർക്കും പല പക്ഷികളെ കിട്ടുന്നതുപോലെയാണ്.. ഇന്ദുമേനോൻ -- ബിന്ദു അമ്മിണി -- സി എസ് ചന്ദ്രിക -സഖ്യം ഇക്കാര്യത്തിൽ രൂപപ്പെട്ടിരിക്കുന്നത് രസകരം തന്നെ. മാത്രമല്ല, മറ്റൊരു പ്രധാനപ്പെട്ട കാര്യവും ഇതിലുണ്ടെന്ന് വിചാരിക്കാതെ വയ്യ. കേരളത്തിൽ വ്യവസ്ഥാപിത കക്ഷികളിൽ നിന്ന് യാതൊന്നും കൈപ്പറ്റാതെ -- അല്ലെങ്കിൽ അവരിൽ നിന്നും അംഗീകാരം തേടി നടക്കാതെ -- കഴിയുന്ന കുറച്ചാളുകളെയുള്ളൂ.

കഴിഞ്ഞ കുറച്ചു മാസങ്ങൾക്കിടയിൽ സാമൂഹ്യനീതി കേസുകളിൽ ഞങ്ങളെ കുടുക്കാൻ സജീവമായ ശ്രമം നടക്കുന്നുണ്ട്.എനിക്കു നേരിട്ട് അനുഭവമുള്ളതുകൊണ്ട് ഇതു നല്ല ബോദ്ധ്യമുണ്ട്. സിപിഎം വിമർശകരായ പുരുഷന്മാർക്കെതിരെ കാര്യമായ അപവാദപ്രചരണം പിന്നണിയിലൂടെ നടക്കുന്നുണ്ട് -- കെറെയിലിനെയും വിഴിഞ്ഞം പദ്ധതിയെയും വിമർശിച്ചുകൊണ്ട് അയാൾ എഴുതുന്നുണ്ടെങ്കിലും അയാൾ ഭാര്യാപീഡകനായിരുന്നു, അതുകൊണ്ട് അതൊന്നും ഷെയർ ചെയ്യരുത് എന്ന ഉപദേശം ഒന്നിലധികം തവണ ഈയിടെ കിട്ടിയിട്ടുണ്ട്. അതുകൊണ്ട് പൊലീസന്വേഷണവും കോടതിവിചാരണയും കഴിഞ്ഞല്ലാതെ സിവിക് ചന്ദ്രനെ തള്ളിക്കളയാൻ ഞാനെന്തായാലും തയ്യാറല്ല.

ഈ വിഷയത്തിൽ ഇതുവരെ നടന്ന ചർചയിൽ നിന്ന് മനസ്സിലായ കാര്യങ്ങൾ, നിഗമനങ്ങൾ ഇതൊക്കെയാണ് --

1. ഈ കേസിന്റെ പേരിൽ നടക്കുന്ന അപവാദപ്രചരണത്തിന്റെ, അവ്യക്തതയുടെ യഥാർത്ഥലക്ഷ്യം ഒരുപക്ഷേ സിവിക് ചന്ദ്രനോ പാഠഭേദമോ മാത്രമല്ല, മൃദുലാദേവിയോ ഉഷയോ കൂടിയാണ്. അതോടൊപ്പം കോളാറ്ററൽ ഡാമേജാകുന്ന മറ്റു രാഷ്ട്രീയജീവിതങ്ങൾ ബോണസാണ്.

2. കേരളത്തിലെ പ്രബുദ്ധയുവത്വം എന്നവകാശപ്പെടുന്നവർക്കു പോലും തൊഴിലിട ലൈംഗികപീഡനത്തിനെതിരെ ഉള്ള സംവിധാനത്തെപ്പറ്റി കാര്യമായി അറിയില്ല. മീടൂവും ഐസിസിയും പൊലീസ് പരാതിയും തമ്മിലുള്ള വ്യത്യാസമെന്തെന്ന് അറിയില്ല. അവയുടെ പ്രയോഗങ്ങളെ, സാദ്ധ്യതകളെ, വേർതിരിച്ചു കാണാനും അറിയില്ല -- മുഖത്തു നോക്കി ഈ ചോദ്യം ചോദിച്ചപ്പോൾ തപ്പിയും തടഞ്ഞും ഇവർ തങ്ങളുടെ അറിവില്ലായ്മ വെളിപ്പെടുത്തിയ ദയനീയ കാഴ്ച സഹിക്കേണ്ടിവന്നു. എന്നിട്ടും ഒരാളുടെ അരനൂറ്റാണ്ടോളം പോന്ന രാഷ്ട്രീയ-സാംസ്‌കാരിക ജീവിതത്തെ ചവിട്ടിക്കൂട്ടാൻ ഇവർക്കു മടിയില്ല.ഇ

ഈതലമുറ ഫെമിനിസ്റ്റുകളിൽ പലരും വിക്കിപീഡിയ-ഗൂഗിൾ ഫെമിനിസ്റ്റുകളാണെന്ന സത്യം ഈ സംഭവം എന്നെ കൃത്യമായും പഠിപ്പിച്ചു. മൂർത്തമായ സാഹചര്യങ്ങളിൽ പരാജയപ്പെട്ടു പോകുന്ന ഇന്റർസെക്ഷണൽ ഫെമിനിസം (സിവിക് ചന്ദ്രൻ മേൽജാതിക്കാരനല്ല, അയാൾക്ക് കാര്യമായ സ്വത്തുക്കളോ അധികാരികളോടുള്ള സാമൂഹ്യബന്ധങ്ങളോ ഇല്ല, അധികാരികൾക്ക് അയാൾ അഭിമതനല്ല,അവരുടെ സഹായങ്ങളൊന്നും അയാൾ ആവശ്യപ്പെട്ടിട്ടില്ല, ആർക്കും ഒരു അവാർഡോ സമ്മാനമോ നൽകാനുള്ള സ്വാധീനം അയാൾക്കില്ല - പക്ഷേ ഇതൊന്നും ആർക്കും വസ്തുതകൾ പോലുമല്ല), സാമൂഹ്യവസ്തുതകളെ സൗകര്യപൂർവം തള്ളാനും കൊള്ളാനുമുള്ള പ്രവണത, സാമൂഹ്യമാധ്യമഭീരുത്വം (ഈ മനോഭാവത്തെപ്പറ്റി ആഴത്തിൽ പഠിക്കേണ്ടതുണ്ട്), ഏതാനും വർഷങ്ങളുടെ മിനിമം ബൗദ്ധിക-രാഷ്ട്രീയ പ്രവർത്തനമുണ്ടെങ്കിൽ പ്രശസ്തി കൈവരിക്കാമെന്ന അവസ്ഥ -- പ്രബുദ്ധ സിവിൽസമൂഹത്തിലെ യുവശബ്ദങ്ങളിൽ ഇതെല്ലാം ഞാൻ കണ്ടു.ഇവരോട് ഇനി ഒന്നും പറയാനോ പങ്കുവയ്ക്കാനോ ഇല്ല. ധാർമ്മിക ഉൾക്കാമ്പുണ്ടെങ്കിലേ കാര്യമുള്ളൂ. കാലം ഈ പാഠം എല്ലാവരേയും പഠിപ്പിക്കും.

3. കേരളത്തിലിന്ന് സിപിഎമ്മിനെ നേരിട്ടു വിമർശിക്കുന്നവരെ സാമൂഹ്യനീതി കേസുകളിൽ കുടുക്കി അവരുടെ ക്രെഡിബിലിറ്റിയെ നശിപ്പിക്കാൻ കാര്യമായ ശ്രമം നടക്കുന്നുണ്ടെന്ന് എനിക്കു ബോദ്ധ്യമുണ്ട്. ഇതൊന്നും സിപിഎം നേതൃത്വം അറിഞ്ഞുകൊണ്ടാകണമെന്നേയില്ല. സിപിഎം സൈബർപോരാളികളെപ്പോലെ ദുഷ്ടബുദ്ധികൾ വേറെയില്ല -- അവരുടെ ചെറുവൃത്തങ്ങൾ നടത്തുന്ന ഗൂഢാലോചനകളെപ്പറ്റി എനിക്ക് നേരിട്ടറിവുമുണ്ട്. ഈ കേസ് അങ്ങനെയുള്ളതല്ലെന്ന തെളിയട്ടെ, എന്നിട്ടു മാത്രമേ സിവിക് ചന്ദ്രനെ തള്ളിപ്പറയാൻ ഞാനുള്ളൂ

അശോകൻ ചെരുവിലിന്റെ കുറിപ്പ്:

ദളിത് സ്ത്രീ ലൈംഗിക പീഡനക്കേസിൽ സിവിക് ചന്ദ്രന് പിന്തുണയുമായി പ്രശസ്ത പണ്ഡിത ശ്രീമതി ജെ.ദേവിക രംഗത്തു വന്നിരിക്കുന്നു. അതിജീവിതക്ക് നടന്ന സംഭവങ്ങൾ മുഴുവൻ വിശദീകരിക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ് ജെ.ദേവിക പറയുന്നത്. അവർ എഴുതുന്നു:
''സിവിക് ചന്ദ്രനെതിരെ മീടൂ ആരോപണം എന്നു പറഞ്ഞ് അവതരിപ്പിക്കപ്പെട്ട ആ വാട്‌സാപ്പ് കുറിപ്പിൽ മലയാളി ബുദ്ധിജീവി വൃത്തങ്ങളിലെ പിതൃമേധാവിത്ത വൈകൃതങ്ങളെപ്പറ്റി ധാരാളമുണ്ടെങ്കിലും നടന്ന സംഭവങ്ങളെപ്പറ്റി കാര്യമായ ഒന്നുമില്ല.'
എന്തായാലും കുരുക്കിൽ പെട്ട എന്റെ പ്രിയ സ്‌നേഹിതന് ഇപ്പോൾ കിട്ടിയിരിക്കുന്ന പിന്തുണ നിസ്സാരമല്ല. വിക്കിപീഡിയ ശ്രീമതി ദേവികയെ വിശേഷിപ്പിക്കുന്നത് ശ്രദ്ധിക്കുക: 'Jayakumari Devika (Malayalam: ജെ. ദേവിക) is a Malayali historian, feminist, social critic and academician from Kerala.' ഈ വിശേഷണം എത്ര നിസ്സാരമാണെന്ന് അവരുടെ ആരാധകർ പറയും. കേരളത്തിൽ സ്ത്രീവാദത്തിന്റെ തുടക്കവും അവസാനവും അവരാണെന്ന് കരുതുന്നവർ ഉണ്ട്.

ശ്രീമതി ജെ.ദേവികയുടെ പാണ്ഡിത്യത്തിൽ എനിക്കു യാതൊരു സംശയവുമില്ല. പക്ഷേ ഒരു സംഗതി ഞാൻ ഉന്നയിക്കുന്നു: കേരളത്തിൽ വരേണ്യ പരിസ്ഥിതിവാദം, വരണ്യ ആധുനികത, വരേണ്യ യുക്തിവാദം, വരേണ്യ നക്‌സലിസം എന്തിന് വരേണ്യ ദളിത് വാദം പോലുമുണ്ട്. അക്കൂട്ടത്തിലൊന്നാണ് വരേണ്യ സ്ത്രീവാദം. അതിന്റെ വക്താവായിട്ടാണ് ഞാൻ ഈ പണ്ഡിതയെ കാണുന്നത്. പല ഘട്ടങ്ങളിലായി പരിമിതമായ രീതിയിലെങ്കിലും കേരളത്തിൽ സാമൂഹ്യപരിവർത്തനങ്ങളും പരിഷ്‌കാരങ്ങളും അതിന്റെ ഭാഗമായ നിയമനിർമ്മാണങ്ങളും ഉണ്ടായിട്ടുണ്ട്. അതിന്റെ ഫലമായി ഭൂമിയും സമ്പത്തും പ്രിവിലേജുകളും നഷ്ടപ്പെട്ട ഒരു ജനവിഭാഗമുണ്ട്. സാംസ്‌കാരിക രംഗത്തെ വരേണ്യതയെ പ്രതിനിധീകരിക്കുന്നത് ഇക്കൂട്ടരാണ്.

ഒരു വക ഗൃഹാതുരതയും പ്രതികാരവുമാണ് അവരെ നയിക്കുന്നത്. പക തലക്കുപിടിച്ചാൽ എന്താണ് ചെയ്യുക എന്നു പറയാനാവില്ലല്ലോ. അറു പിന്തിരിപ്പന്മാരായിട്ടെന്ന പോലെ അതിവിപ്ലവകാരികളായും അവർ രംഗത്തുവരും.
സിവിക്കിന് അഭിനന്ദനങ്ങൾ.
അശോകൻ ചരുവിൽ
21 07 2022

മീ ടു ആരോപണം ഇങ്ങനെ:

കഥാകൃത്ത് വിആർ സുധീഷിനും, കവി വി ടി ജയദേവനും, പിന്നാലെ നാടകകൃത്തും, പാത്രാധിപരും, മുൻ നക്‌സലെറ്റുമായ സിവികക് ചന്ദ്രനെതിരെയാണ്, മീ ടു ആരോപണം ഉയർന്നു വന്നിരിക്കുന്നത്. തുടർന്ന് പൊലീസ് കേസ് എടുത്തതിനാൽ സിവിക്ക് ഒളവിലാണ്. പക്ഷേ സിവിക്കിനെതിരെ പരാതിപ്പെട്ടതിന്റെ പേരിൽ താൻ മാനസികമായി പീഡിപ്പിക്കപ്പെടുകയാണെന്നാണ്, പരാതിക്കാരിയായ ദലിത് പെൺകുട്ടി പറയുന്നത്.

സിവിക് അധികാരം സ്ഥാപിച്ചുകൊണ്ട് ലൈംഗികാതിക്രമം നടത്തിയെന്ന് അതിജീവിത ഒരു ഓൺലൈൻ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ പറയുന്നത്. കേസ് കാരണം താൻ വ്യക്തിപരമായി ഒരുപാട് സംഘർഷങ്ങൾ അനുഭവിക്കുന്നുണ്ട്. സിവികിനെതിരെ പരാതി കൊടുത്തതിന് സാമൂഹിക വിചാരണ നേരിടേണ്ട സ്ഥിതിയാണുള്ളത്- അതിജീവിത വ്യക്തമാക്കുന്നു.

'ഉംനൈറ്റും ഉമ്മോണിങ്ങും'

സിവിക് ചന്ദ്രൻ എഡിറ്ററായ പാഠഭേദം മാസിക ആരോപണം അന്വേഷണ കമ്മീഷൻ രൂപീകരിച്ചിരുന്നു. എന്നാൽ സിവിക്കിനെ സംരക്ഷിക്കുന്ന തരത്തിലാണ് അന്വേഷണ കമ്മീഷൻ പ്രവർത്തിച്ചതെന്ന് അതിജീവിത വ്യക്തമാക്കുന്നു. മുമ്പ് നടന്ന സംഭവങ്ങളിലേതുപോലെ ഇതും ഒതുക്കാമെന്ന് അവർ കരുതി. താൻ പറഞ്ഞ കാര്യങ്ങളിൽ തെളിവില്ലാത്തതുകൊണ്ട് കൂടുതലൊന്നും ചെയ്യാൻ കഴിയില്ലെന്നും പാഠഭേദം ടീമിന് മുന്നിൽ വെച്ച് സിവിക് ചന്ദ്രൻ മാപ്പ് പറയുമെന്നുമായിരുന്നു കമ്മിറ്റി വ്യക്തമാക്കിയത്. എന്നാൽ ഒരു സ്ത്രീ ഇത്തരമൊരു സാഹചര്യത്തിൽ എന്ത് തെളിവാണ് നൽകേണ്ടതെന്ന് താനവരോട് ചോദിച്ചു.

ചെയ്തത് തെറ്റായിരുന്നുവെന്ന് ബോധ്യപ്പെട്ട് അന്നതിൽ ഖേദം പ്രകടിപ്പിച്ചിരുന്നെങ്കിൽ തനിക്ക് ക്ഷമിക്കാമായിരുന്നു. എന്നാൽ പ്രവൃത്തിയെ ന്യായീകരിക്കുകയും തെറ്റിദ്ധരിപ്പിച്ചത് താനാണെന്ന് വരുത്തിത്തീർക്കുകയുമാണ് അദ്ദേഹം ചെയ്തത്. പഠഭേദത്തിന്റെ അന്വേഷണ റിപ്പോർട്ട് രേഖാമൂലം കിട്ടിയിട്ടുണ്ടെന്നും അതിൽ അതൃപ്തിയുള്ളതുകൊണ്ടാണ് നിയമപരമായി മുന്നോട്ട് നീങ്ങിയതെന്നും അതിജീവിത പറഞ്ഞു. അന്വേഷണ കമ്മീഷനിലുണ്ടായിരുന്ന മൂന്നു പേരും സിവിക്കുമായും പാഠഭേദവുമായി വളരെയടുത്ത ബന്ധം പുലർത്തുന്നവരാണെന്നും അവർ വ്യക്തമാക്കി.

സാഹിത്യ ക്യാമ്പിൽ വച്ചാണ് സിവിക് ചന്ദ്രനെ പരിചയപ്പെടുന്നത്. തന്റെ കവിതാ പുസ്തകം കുറഞ്ഞ ചെലവിൽ പ്രസിദ്ധീകരിക്കാൻ സഹായിക്കാമെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് പുസ്തകം പ്രസിദ്ധീകരിക്കുകയും താൻ പാഠഭേദം മാസികയുടെ എഡിറ്റോറിയൽ അംഗമാവുകയും ചെയ്തു. ഇതിനിടയിലാണ് അദ്ദേഹം തന്നോട് പ്രണയാഭ്യർത്ഥന നടത്തുകയും അസഹ്യമായ സന്ദേശങ്ങൾ അയച്ചുകൊണ്ട് ചാറ്റ് ചെയ്യാൻ തുടങ്ങുകയും ചെയ്തത്. പിതാവിനേക്കാള് പ്രായമുള്ള വ്യക്തി പ്രണയമാണെന്ന് പറഞ്ഞപ്പോൾ വല്ലാത്ത പ്രയാസം തോന്നി. തനിക്കങ്ങനെ കാണാൻ കഴിയില്ലെന്ന് പറഞ്ഞപ്പോൾ വളരെ ചെറിയ പ്രായത്തിലുള്ള കാമുകിമാർ വരെ തനിക്കുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 23-24 വയസ്സിലുള്ള കാമുകിമാർ വരെ എനിക്കുണ്ട് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

അതിനോടൊപ്പം ഉംനൈറ്റ്, ഉമ്മോണിങ് തുടങ്ങിയ തരത്തിലുള്ള വാക്കുകൾ അയക്കുകയും ചെയ്തിരുന്നു.അസഹ്യമായ മെസേജുകൾ അയയ്ക്കരുതെന്ന് പറഞ്ഞെങ്കിലും അദ്ദേഹം പിൻവാങ്ങിയില്ല. തന്റെ ശരീരത്തിൽ കടന്നുകയറിയുള്ള അധികാരം സ്ഥാപിക്കലിനെയാണ് താൻ അതിശക്തമായി എതിർത്തത്. ഇദ്ദേഹത്തിനെതിരെ ശബ്ദമുയർത്താൻ മടിച്ച മുഴുവൻ സ്ത്രീകൾക്കും വേണ്ടിയാണ് താൻ ശബ്ദമുയർത്തിയത്. പ്രതികരിക്കാൻ പലർക്കും ധൈര്യമില്ലാത്തതാണ് ഇയാളെ പോലുള്ള ഒരാൾക്ക് വീണ്ടും വീണ്ടും ഇത്തരം അതിക്രമം നടത്താൻ പ്രചോദനം നൽകുന്നതെന്നും അവർ വ്യക്തമാക്കി.

പുസ്തകപ്രകാശനത്തിന് പകരം ശരീരം

''ദലിത് സമൂഹത്തിൽ നിന്നു വരുന്നവർ വൾനറബിളായ ചുറ്റുപാടിൽ നിന്നുമുള്ളവരാണെന്നും അവർ എളുപ്പത്തിൽ വഴങ്ങുമെന്നും സ്വയം സഹിക്കാൻ പഠിച്ചവരാണെന്നും ഇതൊരിക്കലും പുറത്തറിയിക്കാൻ ധൈര്യമില്ലാത്തവരാണെന്നും ഇയാൾ മുന്നനുഭവങ്ങളിൽനിന്ന് മനസ്സിലാക്കിയിട്ടുണ്ട്. ഒറ്റപ്പൈസാ ചെലവില്ലാതെ ഞാൻ നിന്റെ രണ്ട് പുസ്തകം പ്രകാശനം ചെയ്തുതന്നിട്ടുണ്ട്' എന്ന ഡയലോഗോടുകൂടിയാണ് സിവിക് എന്നോട് മോശമായി പെരുമാറിയത്. എന്റെ ശരീരത്തിൽ കയടന്നുകയറിയുള്ള അധികാരം സ്ഥാപിക്കലിനെ ഞാൻ അതിശക്തമായി എതിർത്തു. ലൈംഗികമായ ദുരുദ്ദേശ്യത്തോടെയുള്ള ഒരു പ്രതിഫലം ചോദിക്കലായിരുന്നു അത്. ഒരു സ്ത്രീയ്ക്ക് അവളുടെ ശരീരത്തിൽ തൊടുന്ന പുരുഷന്റെ ഉദ്ദേശ്യം എന്താണ് എന്ന് എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയും.

സ്പർശം ഏതു തരത്തിലുള്ളതാണെന്ന് തിരിച്ചറിഞ്ഞതു മുതൽ എനിക്ക് അപകർഷതയും മാനസികാഘാതവുമുണ്ടായി. രണ്ടു പുസ്തകം നയാപ്പൈസയില്ലാതെ പ്രകാശനം ചെയ്തുതന്നതിന്റെ പ്രത്യുപകാരമായി എന്റെ ശരീരം അയാൾക്ക് ഞാൻ അനുവദിച്ചുകൊടുക്കണമെന്നാണ് ആ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടത്. പബ്ലിക്കിനു മുമ്പിൽ ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും സാമൂഹികനീതിക്കും വേണ്ടി ഉച്ചൈസ്തരം ഘോഷിക്കുന്ന സിവിക് ചന്ദ്രൻ എന്ന വ്യക്തി എന്റെ സമ്മതമില്ലാതെ എന്റെ ശരീരത്തിനുമേൽ നടത്തിയ കൈയേറ്റവും ഭീഷണി കലർന്ന സ്വരത്തിലുള്ള ലൈംഗികത ആവശ്യപ്പെടലും എന്നെ കനത്ത മാനസികാഘാതത്തിലേക്കാണ് തള്ളിയിട്ടത്''- അതിജീവിത വ്യക്തമാക്കി.

യുവഎഴുത്തുകാരിയുടെ പരാതിയിൽ കൊയിലാണ്ടി പൊലീസാണ് സിവിക് ചന്ദ്രനെതിരെ കേസെടുത്തത്. ഏപ്രിൽ മാസം യുവതിയുടെ പുസ്തക പ്രകാശനത്തിന് കൊയിലാണ്ടിയിലെ ഒരു വീട്ടിൽ ഒത്തുകൂടിയിരുന്നു. പിറ്റേന്നു രാവിലെ ഉറങ്ങുകയായിരുന്ന യുവതിയെ സിവിക് ചന്ദൻ ബലമായി ചുംബിച്ചെന്നാണ് പരാതി. പുസ്തക പ്രകാശനത്തിനും പബ്ലിഷറെ കണ്ടെത്തുന്നതിനും യുവതി നേരത്തെ സിവിക് ചന്ദ്രനെ സമീപിച്ചിരുന്നു. അതിനു ശേഷം ഫോണിലേക്ക് വിളിച്ചും മെസേജകൾ അയച്ചും നിരന്തരം ശല്യം ചെയ്തതായും പരാതിയിൽ പറയുന്നു. ലൈംഗിക അതിക്രമണത്തിനും പട്ടികജാതിക്കെതിരെയുള്ള അതിക്രമത്തിനുമാണ് കേസ്. ഇതേ സമയം സംഭവത്തിന് ശേഷം ഒളിവിൽ പോയ സിവിക് ചന്ദ്രനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP