Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വിചാരണക്ക് ഇനി മന്ത്രിയെത്തും; സാക്ഷികളോ? ഒരുറപ്പുമില്ല കാത്തിരിക്കുന്നത് ഗുരുതര പ്രതിസന്ധിയെന്ന് അനിൽ ഇമാനുവൽ; പെരുമൺ ദുരന്തത്തിലെ അന്വേഷണ പെരുമ വിശദീകരിച്ച് വിഷ്ണു പോറ്റിയുടെ കഥയുമായി മനോരമയും 'ജട്ടിക്കേസിൽ' ഇടപെട്ടു; അതിവേഗ വിചാരണ ആന്റണി രാജുവിന് കുരുക്കാകുമോ?

വിചാരണക്ക് ഇനി മന്ത്രിയെത്തും; സാക്ഷികളോ? ഒരുറപ്പുമില്ല കാത്തിരിക്കുന്നത് ഗുരുതര പ്രതിസന്ധിയെന്ന് അനിൽ ഇമാനുവൽ; പെരുമൺ ദുരന്തത്തിലെ അന്വേഷണ പെരുമ വിശദീകരിച്ച് വിഷ്ണു പോറ്റിയുടെ കഥയുമായി മനോരമയും 'ജട്ടിക്കേസിൽ' ഇടപെട്ടു; അതിവേഗ വിചാരണ ആന്റണി രാജുവിന് കുരുക്കാകുമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഒടുവിൽ മനോരമയും ജട്ടിക്കേസിൽ തെളിവുമായി എത്തി. മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടി മുതൽ തിരിമറിക്കേസിൽ നിർണായകമായത് ഒരു ഫൊറൻസിക് റിപ്പോർട്ടാണ്. ലഹരിക്കേസിലെ പ്രതി ധരിച്ചിരുന്ന ഉൾവസ്ത്രത്തിൽ കൃത്രിമം കാട്ടിയതായി അന്നത്തെ ഫൊറൻസിക് ജോയിന്റ് ഡയറക്ടർ പി.വിഷ്ണുപോറ്റി ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ സ്ഥിരീകരിച്ചതോടെയാണ് ലഹരിക്കേസിലെ പ്രതിയും വിദേശ പൗരനുമായ ആൻഡ്രൂ സാൽവദോർ സാർവലിയുടെ അഭിഭാഷകനായിരുന്ന ആന്റണി രാജുവിനും കോടതിയിലെ ക്ലർക്ക് ജോസിനുമെതിരെ കേസെടുത്തതെന്ന് മനോരമയും പറയുന്നു. തുടക്കത്തിൽ ഈ വാർത്ത മനോരമ നൽകിയിരുന്നില്ല. മനോരമ ടിവിയിലെ റിപ്പോർട്ടറായ അനിൽ ഇമാനുവലാണ് ഫെയ്‌സ് ബുക്കിലൂടെ ഈ വാർത്ത ചർച്ചയായത്. ഈ കേസിൽ മൂന്ന് മാസം കൊണ്ട് വിചാരണ പൂർത്തിയാക്കാനാണ് നീക്കം. എന്നാൽ മന്ത്രി ആന്റണി രാജു കേസിൽ രക്ഷപ്പെടുമെന്ന ഉറപ്പ വിശ്വാസത്തിലാണ്.

വിചാരണക്ക് ഇനി മന്ത്രിയെത്തും; സാക്ഷികളോ? ഒരുറപ്പുമില്ല കാത്തിരിക്കുന്നത് ഗുരുതര പ്രതിസന്ധിയെന്ന റിപ്പോർട്ടുമായി അനിൽ ഇമാനുവൽ ഇന്നും സോഷ്യൽ മീഡിയയിൽ സജീവമാണ്. മന്ത്രി ആന്റണി രാജു പ്രതിയായ കേസിൽ മൂന്നുമാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാൻ കോടതി തീരുമാനിച്ചിരിക്കെ, കേസിനെ കാത്തിരിക്കുന്ന ഒരു ഗുരുതര പ്രതിസന്ധിയുണ്ട്. സാക്ഷികളുടെ പ്രായമാണത്. ആകെയുള്ള 29 സാക്ഷികളുടെ ശരാശരി പ്രായം 75നും 85നും ഇടയ്ക്കാണ്. വിചാരണക്ക് കൃത്യമായി ഹാജരാകാനുള്ള സാഹചര്യം ഇവരിൽ എത്രപേർക്കുണ്ട് എന്നതാണ് പ്രശ്‌നം. ലഹരിക്കടത്ത് പ്രതിയെ രക്ഷിക്കാൻ തൊണ്ടിവസ്തുവായ അടിവസ്ത്രത്തിൽ കൃത്രിമം നടത്തിയെന്ന് ആന്റണി രാജുവിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റകൃത്യത്തിൽ സാക്ഷികൾ രണ്ടോ മൂന്നോ പേരൊഴികെ എല്ലാവരും സർക്കാർ ജോലിചെയ്തിരുന്നവരാണ്. പകുതിയിലേറെ പേർ കോടതി ജീവനക്കാരും ബാക്കി പൊലീസ് ഉദ്യോഗസ്ഥരും. ഇവരെല്ലാവരും ജോലിയിൽ നിന്ന് വിരമിച്ചുകഴിഞ്ഞു.

കേസിന് 28 വർഷമാണ് പഴക്കമെങ്കിലും കുറ്റകൃത്യം നടന്ന് 32 വർഷം പിന്നിടുകയാണ്. അതുകൊണ്ട് തന്നെ ഇവരിൽ പലരും ഇപ്പോൾ എവിടെയുണ്ടെന്ന് പോലും നിശ്ചയമില്ല. കുറ്റപത്രത്തിൽ എല്ലാവരുടെയും വിലാസം ഉണ്ടെങ്കിലും മൂന്നു പതിറ്റാണ്ട് മുൻപ് ജീവിച്ചിരുന്ന അതേയിടങ്ങളിൽ തന്നെ ഇവരെല്ലാം ഉണ്ടാകാനുള്ള സാധ്യത വിരളമാണ്. (സാക്ഷിപ്പട്ടിക ചുവടെ) സാക്ഷികളുടെ ശരാശരി പ്രായം 80ന് അടുത്താണ്. അതനുസരിച്ചുള്ള ആരോഗ്യ പ്രശ്‌നങ്ങൾ പലർക്കും ഉണ്ടാകാനിടയുണ്ട്. വിചാരണാക്കോടതി നെടുമങ്ങാട് ആണ്. തിരുവനന്തപുരത്ത് നിന്ന് ഈ ഇരുപത് കിലോമീറ്ററോളം ബസിലോ മറ്റു വാഹനങ്ങളിലോ ഒക്കെ യാത്രചെയ്ത് വിചാരണക്ക് മുടങ്ങാതെ എത്താനുള്ള ആരോഗ്യം എത്രപേർക്ക് ഉണ്ടാകും എന്നത് വലിയ ചോദ്യമാണ്. സാക്ഷികളിൽ ചിലർ മരിച്ചുപോയതായും സൂചനകളുണ്ട്.

വിരമിച്ചുകഴിഞ്ഞാൽ കേസുകൾക്കായും മറ്റും കോടതികളിൽ ഹാജരാകുന്ന കാര്യത്തിൽ പലരും വിമുഖത കാട്ടാറുണ്ട്. വീഴ്ച വരുത്തിയാലും നിയമപരമായി നടപടിയെടുക്കുക സാധ്യമല്ല എന്നതാണ് വാസ്തവം. സാക്ഷി കൂറുമാറി എന്ന് പ്രഖ്യാപിക്കാം എന്നതിനപ്പുറം പ്രോസിക്യൂഷനും കൂടുതലൊന്നും ചെയ്യാനില്ല. രാഷ്ട്രിയമായും അല്ലാതെയുമുള്ള സമ്മർദങ്ങളും ഇവർക്കുമേൽ ഉണ്ടായാൽ കാര്യങ്ങൾ കൂടുതൽ കഷ്ടമാകും.
ഇതിനെല്ലാം പുറമെയാണ് സർക്കാരിലെ പ്രമുഖനായ, അതും തിരുവനന്തപുരത്തുകാരനായ മന്ത്രിക്കെതിരെ കേസ് നടത്തേണ്ടി വരുന്ന സർക്കാർ അഭിഭാഷകരുടെ അവസ്ഥ. എത്ര ആത്മാർത്ഥമായി കേസ് നടത്താനാകും എന്ന ചോദ്യത്തേക്കാളധികം, അങ്ങനെ നടത്താനറിയുന്നവരെ സ്‌പെഷൽ പ്രോസിക്യൂട്ടറായോ മറ്റോ നിയമിക്കാൻ സർക്കാർ തയ്യാറാകുമോ എന്നതാണ് ഏറ്റവും പ്രസക്തം.

പറ്റിപ്പോയ നോട്ടപ്പിശക് പരിഹരിക്കാനുള്ള ശ്രമങ്ങൾ ഹൈക്കോടതിയുടെയും ജില്ലാ കോടതിയുടെയും ഭാഗത്തുനിന്ന് ഉണ്ടാകുമ്പോൾ, അതനുസരിച്ചുള്ള ആത്മാർത്ഥത സർക്കാർ പക്ഷത്ത് നിന്നുണ്ടാകുമോ എന്നറിയാൻ അടുത്തമാസം നാലുവരെ കാത്താൽ മതിയാകും. കേസിന്റെ ഇരുപത്തിമൂന്നാമത് പോസ്റ്റിങ് ആണന്ന്. എട്ടുവർഷമായി കോടതി വിളിച്ചിട്ടും ഇതുവരെ വിചാരണ തുടങ്ങാൻ സഹകരിക്കാത്ത ആന്റണി രാജു അന്ന് ഹാജരാകുമോ? അദ്ദേഹത്തെ പറഞ്ഞുവിടാൻ മുഖ്യമന്ത്രി തയ്യാറാകുമോ? വിചാരണ നേരിട്ട് ശിക്ഷ വാങ്ങിയാൽ ആന്റണി രാജുവിന്റെ മന്ത്രിസ്ഥാനം പോകും. രാഷ്ട്രിയഭാവി തന്നെ ചോദ്യചിഹ്നമാകും. അതറിയാൻ ഇനി വെറും മൂന്നുമാസത്തിന്റെ കാത്തിരുപ്പ് മാത്രം. NB: വിചാരണ ഇനിയും നീണ്ടാലും തനിക്ക് കുഴപ്പമില്ല എന്നാണ് ബഹു. മന്ത്രി പറയുന്നത്. എന്നുവച്ച് കേസ് ഈ സ്ഥിതിയിലെത്തിക്കാൻ ബോധപൂർവം നീട്ടിയതാണെന്ന് ആരും പറയരുത്-ഇതാണ് അനിൽ ഇമ്മാനുവലിന്റെ പുതിയ കുറിപ്പ്.

ഇതിനൊപ്പമാണ് വിവാദം കത്തുമ്പോൾ മനോരമയും കേസിൽ ഇടപെടുന്നു എന്ന വസ്തുത. ഉൾവസ്ത്രത്തിലെ നൂലുകളും തുന്നൽപ്പാടുകളും ശാസ്ത്രീയമായി പരിശോധിച്ചാണ് റിപ്പോർട്ട് നൽകിയതെന്നു പി.വിഷ്ണുപോറ്റി മനോരമ ഓൺലൈനോടു പറഞ്ഞു. ഫൊറൻസിക് വിദഗ്ധന്റെ മുന്നിലെത്തുന്ന ഓരോ കേസും വ്യത്യസ്തമാണ്. എന്നാൽ, തന്റെ ഔദ്യോഗിക ജീവിതത്തിൽ ഇതുപോലെ മറ്റൊരു കേസ് കൈകാര്യം ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 1988 ജൂലൈ എട്ടിന് ബെംഗളൂരുവിൽ നിന്നു തിരുവനന്തപുരത്തേക്കു വന്ന ഐലൻഡ് എക്സ്‌പ്രസ് അഷ്ടമുടി കായലിലേക്കു മറിഞ്ഞ് നൂറിലേറെപ്പേർ മരിച്ച പെരുമൺ ദുരന്തത്തിന്റെ കാരണങ്ങൾ പുറത്തു കൊണ്ടുവന്നതും ഫൊറൻസിക് വിദഗ്ധനായ വിഷ്ണുപോറ്റിയാണ്.

പെരുമൺ ദുരന്തത്തിനു കാരണം ടൊർണാഡോ ചുഴലിക്കാറ്റ് ആണെന്നായിരുന്നു റെയിൽവേ നിയോഗിച്ച അന്വേഷണ കമ്മിഷന്റെ കണ്ടെത്തൽ. ഇതു വലിയ വിവാദമായി. പാളം തെറ്റിയ എൻജിൻ വീണ്ടും പാളത്തിൽ കയറി പെരുമൺ പാലം കടന്നെങ്കിലും പിന്നാലെ വന്ന ബോഗികൾ പാളം തെറ്റി മറിഞ്ഞെന്നായിരുന്നു വിഷ്ണുപോറ്റിയുടെ കണ്ടെത്തൽ. എന്നാൽ, റെയിൽവേയുടെ രേഖകളിൽ ഇപ്പോഴും അപകട കാരണം ടൊർണാഡോ ആണ്. ഫൊറൻസിക് ഡയറക്ടറായി വിരമിച്ച വിഷ്ണുപോറ്റി ഇപ്പോൾ വിശ്രമജീവിതം നയിക്കുകയാണെന്നും മനോരമ പറയുന്നു.

മയക്കുമരുന്നു കടത്തിയ വിദേശ പൗരന്റെ ഉൾവസ്ത്രത്തിന്റെ ഇടതു, വലത് അറ്റങ്ങളിലുള്ള തയ്യലുകൾക്കും, താഴെയുള്ള തയ്യലിനും മറ്റു ഭാഗത്തെ തയ്യലുകൾക്കുള്ളതുപോലെ കൃത്യതയില്ലെന്നു വിഷ്ണുപോറ്റിയുടെ ഫൊറൻസിക് റിപ്പോർട്ടിൽ പറയുന്നു. ഇതിനാൽ വസ്ത്രത്തിൽ കൃത്രിമം നടത്തിയതായി അനുമാനിക്കാം. ഉൾവസ്ത്രത്തിലെ ലേബൽ മാറ്റി വീണ്ടും തുന്നിച്ചേർത്തതായായും കാണുന്നുണ്ട്. അതും കൃത്രിമം നടന്നതിനു തെളിവാണ്. ചില ഭാഗങ്ങൾ തുന്നിയ രീതിയിലും ഉപയോഗിച്ച നൂലിലും വ്യത്യാസമുണ്ട്. ഉൾവസ്ത്രത്തിന്റെ ഉൾഭാഗങ്ങൾ പല നൂലുകളിലാണ് തയ്ച്ചിരുന്നത്. അതെല്ലാം പരിശോധനയ്ക്കു വിധേയമാക്കി.

ഇടതും വലതും അറ്റത്തുള്ള തയ്യലുകൾക്കും താഴെയുള്ള തയ്യലിനും ചേർന്നുള്ള ഭാഗത്തെ തുണിയുടെ നിറത്തിലും വ്യത്യാസമുണ്ടായിരുന്നു. ഇടതും വലതും അറ്റത്തുള്ള തയ്യലുകൾക്കും താഴെയുള്ള തയ്യലിനും ഉപയോഗിച്ച നൂൽ കുറച്ചു പഴകിയതും വലിഞ്ഞതുമായിരുന്നു. ഈ മാറ്റങ്ങൾ അടുത്തിടെ സംഭവിച്ചതാകാമെന്നും വിഷ്ണുപോറ്റി കണ്ടെത്തി. കോടതി നിർദ്ദേശത്തെ തുടർന്നാണ് ഉൾവസ്ത്രം ഫൊറൻസിക് വിഭാഗം പരിശോധിച്ചത്.

1990 ഏപ്രിൽ നാലിനാണ് ഉൾവസ്ത്രത്തിൽ ഒളിപ്പിച്ച 61 ഗ്രാം ഹാഷിഷുമായി ഓസ്‌ട്രേലിയക്കാരനായ ആൻഡ്രൂ സാൽവദോർ സർവലിയെ വിമാനത്താവളത്തിൽ അറസ്റ്റു ചെയ്തത്. ഈ സമയം ആന്റണി രാജു തിരുവനന്തപുരം ബാറിൽ ജൂനിയർ അഭിഭാഷകനായിരുന്നു. ആന്റണി രാജുവിന്റെ സീനിയറാണ് വക്കാലത്ത് എടുത്തത്. സെഷൻസ് കോടതിയിൽ തോറ്റെങ്കിലും കേസിലെ പ്രധാന തൊണ്ടിമുതലായ ഉൾവസ്ത്രം പ്രതിയുടേതല്ലെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതി ആൻഡ്രുവിനെ വെറുതേ വിട്ടു. ഉൾവസ്ത്രം ചെറുതായിരുന്നു. കേസിൽ കൃത്രിമം നടന്നെന്നു കാട്ടി അന്വേഷണ ഉദ്യോഗസ്ഥൻ പരാതി നൽകിയതിനെ തുടർന്ന് കോടതി അന്വേഷണത്തിനു നിർദ്ദേശം നൽകി.

2006ൽ കോടതിയിൽ കുറ്റപത്രം നൽകി. 2014ൽ കേസ് നെടുമങ്ങാട് കോടതിക്കു കൈമാറി. കോടതിയിൽനിന്ന് തൊണ്ടിമുതൽ വാങ്ങിയതും മടക്കി നൽകിയതും ആന്റണി രാജുവാണ്. കേസിൽ വിചാരണ തുടങ്ങിയിട്ടില്ല. തനിക്കെതിരെ ശേഖരിക്കാവുന്ന തെളിവുകളെല്ലാം യുഡിഎഫ് സർക്കാർ ശേഖരിച്ചിട്ടും കേസ് എടുക്കാൻ കഴിയില്ലെന്ന നിഗമനത്തിലാണ് കോടതി എത്തിയതെന്നാണ് ആന്റണി രാജു നിയമസഭയിൽ പറഞ്ഞത്. തിരഞ്ഞെടുപ്പിനു മുൻപ് യുഡിഎഫ് സർക്കാർ എടുത്ത കള്ളക്കേസാണിത്. കേസിന്റെ കാര്യം തിരഞ്ഞെടുപ്പ് കമ്മിഷനു നൽകിയ രേഖകളിൽ വ്യക്തമാക്കിയിരുന്നതായും ആന്റണി രാജു പറഞ്ഞു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP